This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസ്കനി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:24, 1 ഒക്ടോബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഗാസ്കനി

Gasckani

തെക്കുപടിഞ്ഞാറെ ഫ്രാന്‍സിലെ ചരിത്രപ്രധാനമായ ഒരു ഭൂഭാഗം. മധ്യകാലഘട്ടത്തിന്റെ തുടക്കത്തില്‍ ഈ ഭൂഭാഗത്തിന്റെ വിസ്തൃതി ഗെരോണ്ട ഉള്‍ക്കടല്‍ മുതല്‍ പിരണീസ് നിരകള്‍ വരെയും ബിസ്കേ ഉള്‍ക്കടല്‍ മുതല്‍ ഗരോണി താഴ്വര വരെയും വ്യാപിച്ചിരുന്നു. റോമാസാമ്രാജ്യകാലത്ത് അക്വിറ്റേനിയാ പ്രവിശ്യയുടെ ഭാഗമായിരുന്ന ഈ മേഖല, 3-ാം ശ.-ത്തില്‍ 9 വ്യത്യസ്ത ജനവര്‍ഗങ്ങളുടെ സ്വതന്ത്രമായ മേല്‍ക്കോയ്മയിന്‍കീഴില്‍ വിഭജിതമായി. എ.ഡി. 5-ാം ശ.-ത്തില്‍ വിസിഗോത്തുകള്‍ അധീനപ്പെടുത്തിയെങ്കിലും 507-ാമാണ്ടില്‍ ഫ്രാങ്കുകളുടെ നേതാവായിരുന്ന ക്ലോവിസ് അവരെ തുരത്തി മേല്‍ക്കോയ്മ വീണ്ടെടുത്തു. ആറാം ശ.-ത്തിന്റെ അന്ത്യത്തോടെ ഈ ഭൂഭാഗം സ്പെയിനിലെ ബാസ്ക് (വാസ്കണ്‍) വര്‍ഗക്കാരുടെ അധിവാസകേന്ദ്രമായി മാറി. ഇവരില്‍ നിന്നാണ് ഗാസ്കനി എന്ന പേരു ലഭിച്ചത്. 602-ല്‍ ഇവിടം ഫ്രാങ്ക് രാജാക്കന്മാരുടെ സാമന്തപദവിയുള്ള 'ഡച്ചി' (duchy) ആയിത്തീര്‍ന്നു. ശക്തന്മാരായ ഭരണാധികാരികള്‍ (dukes) കാലാകാലങ്ങളില്‍ ഗാസ്കനിയുടെ വിസ്തൃതി വര്‍ധിപ്പിക്കുവാനുള്ള ശ്രമം നടത്തിയിരുന്നു. 9-ാം ശ.-ത്തിന്റെ അവസാനഘട്ടത്തില്‍ കാരലിഞ്ചന്‍ രാജവംശത്തിന്റെ പതനത്തോടെയാണ് സ്വതന്ത്രഭരണാധികാരം പുനഃസ്ഥാപിക്കാന്‍ കഴിഞ്ഞത്. 10-ാം ശ.-ത്തില്‍ ഗാസ്കനിയുടെ വ്യാപ്തി പൂര്‍വാധികം വര്‍ധിച്ചു. തുടര്‍ന്ന് കുറേക്കാലത്തേക്ക് ഇവിടത്തെ ഭരണാധികാരികള്‍ ഫ്രഞ്ച് മേല്‍ക്കോയ്മ അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. 1052-ല്‍ ഫ്രഞ്ചു രാജാക്കന്മാര്‍ വീണ്ടും അധികാരം പിടിച്ചെടുത്തു. 1152-ല്‍ വിവാഹസമ്മാനമെന്ന നിലയില്‍ ഇംഗ്ലണ്ടിലെ രാജാവായിരുന്ന ഹെന്റി II-നു ലഭിച്ച ഗാസ്കനി 1259-ലെ പാരിസ് ഉടമ്പടിപ്രകാരം ഫ്രാന്‍സിലെ രാജാവ് ലൂയി IX-നു മടക്കിക്കിട്ടി. ഗാസ്കനിയുടെ മേലുള്ള അവകാശത്തര്‍ക്കമാണ് ഫ്രാന്‍സും ഇംഗ്ലണ്ടും തമ്മിലുള്ള ശതവത്സര യുദ്ധത്തിന് വഴിയൊരുക്കിയത്. യുദ്ധാന്ത്യത്തില്‍ (1453) ഗാസ്കനി ഫ്രാന്‍സിന്റെ ഭാഗമായി.

(എ. മിനി)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%97%E0%B4%BE%E0%B4%B8%E0%B5%8D%E0%B4%95%E0%B4%A8%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍