This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാസാ മുനമ്പ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:42, 25 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗാസാ മുനമ്പ്

Gaza strip

മെഡിറ്ററേനിയന്‍ തീരത്ത് സിനായ് ഉപദ്വീപിന്റെ വ.കിഴക്കരികിലായി സ്ഥിതി ചെയ്യുന്ന മേഖല. 6 മുതല്‍ 8 വരെ കി.മീ. വീതിയും 40 കി.മീ. നീളവുമുള്ള ഈ ഭൂഭാഗത്തിനുള്ളില്‍ ഇതേ പേരിലുള്ള ഒരു പട്ടണവുമുണ്ട്. വിസ്തീര്‍ണം: 363 ച.കി.മീ.; ജനസംഖ്യ: 1,657,155 (2010); പട്ടണമൊഴിച്ചുള്ള ഇടങ്ങള്‍ പൊതുവേ മണല്‍പ്പുറങ്ങളാണ്.

പലസ്തീനില്‍ നിന്ന് ഈജിപ്തിലേക്കുള്ള പുരാതനപാതയിലെ പ്രമുഖ താവളമായിരുന്നു ഗാസ. പ്രാചീന ഫിലിസ്റ്റീനിലെ അഞ്ച് പ്രസിദ്ധ നഗരങ്ങളില്‍ തെക്കേ അറ്റത്തേതായിരുന്നു ഇത്. ക്രിസ്തുവിനുമുന്‍പുള്ള കാലങ്ങളില്‍ ഈജിപ്തുകാര്‍, അസീറിയര്‍, ജൂതര്‍ എന്നിവര്‍ ഗാസായില്‍ ആധിപത്യം നേടാന്‍വേണ്ടി യുദ്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. റോമാസാമ്രാജ്യത്തിന്റെ കീഴില്‍ ഈ പട്ടണം മിനോവ എന്നാണ് അറിയപ്പെട്ടിരുന്നത്. എ.ഡി. 634-ല്‍ ഇത് അറബികളുടെ അധീനത്തിലായി. തുടര്‍ന്ന് വന്‍തോതില്‍ മതപരിവര്‍ത്തനം നടന്നു. പ്രവാചകന്റെ പ്രപിതാമഹനായ ഹഷീമിന്റെ കബര്‍ ഗാസായിലാണെന്ന കാരണത്താല്‍ ഇവിടം ഒരു മുസ്ലിം തീര്‍ഥാടന കേന്ദ്രമായി. 12-ാം ശ.-ത്തില്‍ കുരിശുയുദ്ധകാലത്ത് കുറച്ചുനാള്‍ ഇവിടം ക്രൈസ്തവരുടെ അധീനതയിലായെങ്കിലും മേല്‍ക്കോയ്മ പുനഃസ്ഥാപിക്കാന്‍ മുസ്ലിങ്ങള്‍ക്കു കഴിഞ്ഞു.

ഒരു കാരവന്‍ താവളമെന്ന നിലയിലാണ് ഗാസാ അഭിവൃദ്ധി പ്രാപിച്ചിരുന്നത്. മണ്‍പാത്രനിര്‍മാണത്തിലും ഇവിടം പ്രസിദ്ധി നേടിയിരുന്നു. ബാര്‍ലി ആയിരുന്നു മുഖ്യ വിപണനവസ്തു. 1917-ല്‍ ബ്രിട്ടീഷുകാരും തുര്‍ക്കികളും തമ്മിലുള്ള പോരാട്ടത്തിന് വേദിയായതോടെ ഗാസായ്ക്ക് വമ്പിച്ച നാശനഷ്ടങ്ങള്‍ നേരിടേണ്ടിവന്നു. യുദ്ധത്തിനുശേഷം ബ്രിട്ടീഷധീനതയിലുള്ള പലസ്തീനിന്റെ ഭാഗമായിത്തീര്‍ന്നു ഗാസാ. 1922 ആയപ്പോഴേയ്ക്കും ദക്ഷിണ പലസ്തീനിലെ നാലാമത്തെ നഗരമായി ഇതു വളര്‍ന്നു. 1947-ല്‍ ബ്രിട്ടീഷുകാര്‍ പാലസ്തീന്‍ വിട്ടൊഴിഞ്ഞതോടെ ഈ പ്രദേശം ഒരു കലാപമേഖലയായിത്തീര്‍ന്നു. പുതുതായി പ്രഖ്യാപിതമായ ഇസ്രയേല്‍ സംസ്ഥാനത്തെ എതിര്‍ത്തുകൊണ്ട് അറബിപ്പട്ടാളം രംഗത്തെത്തി. തുടര്‍ന്ന് 1949-ല്‍ ഒപ്പുവച്ച വെടിനിര്‍ത്തലുടമ്പടിപ്രകാരം ഗാസാ സ്റ്റ്രിപ്പ് ഈജിപ്ഷ്യന്‍ സൈന്യത്തിന്റെ അധീനത്തിലായി. 1956-ല്‍ സൂയസ് കനാലില്‍ പ്രവര്‍ത്തിച്ചിരുന്ന കമ്പനിയെ ഈജിപ്ഷ്യന്‍ ഗവണ്‍മെന്റ് ദേശസാത്കരിച്ചു. ഇതിന്റെ പ്രതികരണമെന്നോണം ഇസ്രയേല്‍ ഒക്ടോബര്‍ മാസത്തില്‍ ഈജിപ്തിനെ ആക്രമിക്കുകയും ഗാസാ സ്റ്റ്രിപ്പും സീനായ് ഉപദ്വീപും കൈയടക്കുകയും ചെയ്തു. യുണൈറ്റഡ് നേഷന്‍സും യു.എസ്സും തുടര്‍ച്ചയായി ചെലുത്തിയ സമ്മര്‍ദത്തിന്റെ ഫലമായി 1957-ല്‍ ഇസ്രയേലി സൈന്യങ്ങള്‍ ഇവിടെ നിന്നു പിന്‍വാങ്ങി. ഇതോടെ സീനായ് പ്രദേശം യു.എന്‍. എമര്‍ജന്‍സിഫോഴ്സിന്റെ നിയന്ത്രണത്തിലായി. 1967 മേയ് മാസത്തോടെ യു.എ.ആര്‍. (ഈജിപ്ത്) തങ്ങളുടെ മേഖലയില്‍ നിന്ന് യു.എന്‍. സൈന്യത്തെ പിന്‍വലിപ്പിക്കുന്നതില്‍ വിജയിച്ചു. തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ ഇസ്രയേലും അറബി രാജ്യങ്ങളുമായി വീണ്ടുമുള്ള യുദ്ധങ്ങള്‍ക്കു വഴിതെളിച്ചു. 'സിക്സ്-ഡേ വാര്‍' എന്നറിയപ്പെടുന്ന ഈ യുദ്ധത്തിന്റെ ഫലമായി ജറുസലേം, ജോര്‍ഡാന്റെ വെസ്റ്റ് ബാങ്ക് പ്രദേശം, ഈജിപ്തിലെ സീനായ് ഉപദ്വീപ്, സിറിയയിലെ ഗാസാ സ്റ്റ്രിപ്പ്-ഗോലാന്‍ കുന്നുകള്‍ എന്നിവ ഇസ്രയേലിന്റെ അധീനത്തിലായി. 1970 ആഗ.-ല്‍ ഈജിപ്തും ഇസ്രയേലുമായി ഒരു യുദ്ധവിരാമ ഉടമ്പടികൂടി ഒപ്പുവച്ചു.

ഇസ്രയേലിന്റെ സൈനികാക്രമണത്തിന് ഇരയാവര്‍

1978-ലെ ക്യാമ്പ് ഡേവിഡ് കരാര്‍ പ്രകാരം വെസ്റ്റ് ബാങ്കിനും ഗാസാ മുനമ്പിനും സ്വയംഭരണാധികാരം നല്കപ്പെട്ടു. ഇതിന്റെ ഫലമായി പലസ്തീനില്‍ നിന്ന് ഒഴിഞ്ഞുപോന്ന അറബിവംശജരുടെ താവളമായി ഇവിടം മാറി. 1994 വരേയും ഗാസാ മുനമ്പ് ഇസ്രയേല്‍ അധീനതയിലായിരുന്നു.

1994-ലെ ഓസ്ലോ ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ സൈനികത്താവളങ്ങള്‍ ഒഴികെയുള്ള മേഖലയുടെ ഭരണം പലസ്തീന്‍ ഭരണകൂടത്തിനു തിരികെ ലഭിച്ചു. യാസിര്‍ അരാഫത്തിന്റെ നേതൃത്വത്തിലുള്ള പലസ്തീന്‍ അതോറിറ്റി ഗാസയെ പലസ്തീനിന്റെ ആദ്യത്തെ പ്രാദേശിക തലസ്ഥാന നഗരമായി പ്രഖ്യാപിച്ചു. വെസ്റ്റ് ബാങ്ക് പ്രദേശങ്ങള്‍കൂടി പലസ്തീന്‍ അതോറിറ്റിയുടെ കീഴിലാക്കിക്കൊണ്ട് 1995 സെപ്തംബറില്‍ ഓസലോ ഉടമ്പടിയുടെ രണ്ടാം ഭാഗമായ കരാര്‍ ഒപ്പുവയ്ക്കുന്ന ചടങ്ങിന് വേദിയായത് (1996 മാ.) ഗാസയായിരുന്നു. ഇസ്രയേലിന്റെ സൈനിക നടപടിയും മനുഷ്യാവകാശ ലംഘനങ്ങളും തുടര്‍ന്നപ്പോള്‍ 2000-ത്തില്‍ പൊട്ടിപ്പുറപ്പെട്ട രണ്ടാം ഇന്‍ദിഫാദാ മുന്നേറ്റത്തില്‍ തെരുവു യുദ്ധത്തിനും രക്തച്ചൊരിച്ചിലിനും ഗാസാ വേദിയായി. അന്താരാഷ്ട്രസമ്മര്‍ദങ്ങളെത്തുടര്‍ന്ന് 2005 സെപ്തംബറില്‍ ഉണ്ടായ കൂടിയാലോചനകളുടെ ഭാഗമായി ഇസ്രയേല്‍സേന ഗാസ വിടുവാനും 9,000-ത്തോളം വരുന്ന ഇസ്രയേല്‍ കുടിയേറ്റക്കാര്‍ സ്വന്തം രാഷ്ട്രത്തിലേക്കു മടങ്ങിപ്പോകാനും തീരുമാനമുണ്ടായി. പശ്ചിമേഷ്യയുടെ സമാധാനാന്തരീക്ഷത്തെയും രാഷ്ട്രീയ സമവാക്യങ്ങളെയും അസ്ഥിരപ്പെടുത്തിക്കൊണ്ടുള്ള ഇസ്രയേല്‍-പലസ്തീന്‍ പോരാട്ടങ്ങള്‍ ഒടുവില്‍ 2004-ല്‍ ഇസ്രയേലിനും ഗാസായ്ക്കുമിടയില്‍ വലിയ കമ്പിവലകള്‍ കെട്ടി അതിര്‍ത്തിതിരിക്കുന്നതിലേക്കു വരെ എത്തിച്ചേര്‍ന്നു. ഐക്യരാഷ്ട്രസഭയുടെ പോലും നിര്‍ദേശങ്ങളെ കാറ്റില്‍ പറത്തിക്കൊണ്ട് ഗാസാ മുനമ്പിലും വെസ്റ്റ് ബാങ്കിലുമെല്ലാം വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം മുതല്‍ ശുദ്ധജലവും വൈദ്യുതിയുംവരെ ഇസ്രയേല്‍ തടസ്സപ്പെടുത്തുകയുണ്ടായി. ഒരു മുന്നറിയിപ്പുമില്ലാതെ അപ്പാച്ചെ ഹെലികോപ്റ്ററുകള്‍, പാറ്റണ്‍ ടാങ്കറുകള്‍ എന്നിവ ഉപയോഗിച്ചുകൊണ്ട് ഗാസാതെരുവീഥികളില്‍ ഇസ്രയേല്‍ സേന ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 1899-ലെയും 1907-ലെയും ഹേഗ് കണ്‍വെന്‍ഷനുകള്‍ നാലാമത് ജനീവാ കണ്‍വെന്‍ഷന്‍, സൈനിക നടപടികളെയും യുദ്ധങ്ങളെേയും സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍, ഐക്യരാഷ്ട്രസഭയുടെ ഹ്യൂമന്‍റൈറ്റ്സ് വാച്ച് ഒട്ടനവധി അന്താരാഷ്ട്ര സമിതികള്‍, ഗവണ്‍മെന്റേതര ഏജന്‍സികള്‍ എന്നിവ ഗാസയ്ക്കുമേലുള്ള ഇസ്രയേലിന്റെ സൈനിക നടപടികളെയും മനുഷ്യാവകാശലംഘനങ്ങളെയും കടുത്ത ഭാഷയില്‍ വിമര്‍ശിച്ചിട്ടുണ്ട്. അതേസമയം ഹമാസ്, ഫത്ത തുടങ്ങിയ പലസ്തീന്‍ രാഷ്ട്രീയ സംഘടനകള്‍ക്കിടയിലെ അഭിപ്രായഭിന്നതകളെത്തുടര്‍ന്നുണ്ടായ അക്രമങ്ങളുടെ പ്രഭവകേന്ദ്രം പലപ്പോഴും ഗാസയായിരുന്നു. യാസിര്‍ അരാഫത്തിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ തെരഞ്ഞെടുപ്പിലൂടെ അധികാരത്തില്‍ വന്ന ഹമാസാണ് 2007 മുതല്‍ക്ക് ഗാസായിലെ ഭരണം നിയന്ത്രിച്ചുപോരുന്നത്. നിലവില്‍ പലസ്തീന്‍ ഇസ്രയേല്‍ അതിര്‍ത്തികളെ വേര്‍തിരിച്ചുകൊണ്ടുള്ള വന്‍മതിലിന്റെ നിര്‍മാണ ജോലികള്‍ പുരോഗമിക്കുകയാണ്. 2008 ഡിസംബറില്‍ ഉണ്ടായ ആക്രമണത്തില്‍ 434 പേര്‍ കൊല്ലപ്പെടുകയും ഏതാണ്ട് 2,800 പേര്‍ക്ക് പരിക്കേല്പിക്കുകയും ചെയ്തു 2007 മുതല്‍ക്ക് ഗാസാ അതിര്‍ത്തിയില്‍ ഇസ്രയേല്‍ സേന നടത്തിവരുന്ന ഉപരോധം ഗാസാ നിവാസികളുടെ മരുന്നിനുള്ള അവകാശത്തേപ്പോലും നിഷേധിക്കുന്ന രൂപത്തിലാണ്.

(എ. മിനി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍