This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഗാല്‍വനൈസിങ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:32, 25 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഗാല്‍വനൈസിങ്

Galvanising

ക്ഷാരണം തടയുന്നതിനുവേണ്ടി ഇരുമ്പ്, ഉരുക്ക് എന്നിവയെ നാകം (സിങ്ക്) കൊണ്ട് പൂശുന്ന പ്രക്രിയ. നാകം കൊണ്ടുള്ള ആവരണം ഇരുമ്പിനും ഉരുക്കിനും രാസവൈദ്യുത സംരക്ഷണം (ഗാല്‍വനിക് സംരക്ഷണം) നല്കുന്നു. അതുകൊണ്ടാണ് ഈ പ്രക്രിയയ്ക്ക് ഗാല്‍വനൈസിങ് എന്ന പേരു കിട്ടിയത്. നാകത്തിന്റെ ആവരണം ആനോഡായും അതിനുള്ളിലിരിക്കുന്ന ഇരുമ്പ് കാഥോഡായും പ്രവര്‍ത്തിക്കുന്നതിനാല്‍ വൈദ്യുത രാസപ്രതിപ്രവര്‍ത്തനത്തിന് വിധേയമായി സിങ്കിന്റെ അണുക്കള്‍ കുറേശ്ശെ നഷ്ടപ്പെടുകയും ഇരുമ്പ് കേടുകൂടാതെ ഇരിക്കുകയും ചെയ്യും. ഉരുകിയ നാകത്തില്‍ ഇരുമ്പ് മുക്കി എടുക്കുകയാണ് ഗാല്‍വനൈസിങ്ങിനുള്ള ഏറ്റവും ലളിതമായ മാര്‍ഗം. ഇലക്ട്രോപ്ലേറ്റിങ്, ഷെറര്‍ ഡൈസിങ്, സ്പ്രെയിങ് തുടങ്ങിയ താരതമ്യേന ചെലവുകൂടിയ മാര്‍ഗങ്ങളും സവിശേഷ സാഹചര്യങ്ങളില്‍ ഉപയോഗിക്കാറുണ്ട്.

ഗാല്‍വനൈസിങ്

നാകം മുക്കേണ്ട ഇരുമ്പിന്റെ പ്രതലം നല്ല വൃത്തിയാക്കിയിരിക്കണം. പ്രതലത്തിലെ എണ്ണമയം കഴുകിക്കളയണം. അംമ്ലം നിറച്ച പാത്രത്തില്‍ മുക്കിവച്ച് ഓക്സൈഡ് മാലിന്യങ്ങള്‍ നീക്കം ചെയ്തശേഷം സിങ്ക് ക്ലോറൈഡും ഹൈഡ്രോക്ലോറിക് അംമ്ലവും കലര്‍ന്ന മിശ്രിതത്തില്‍ കഴുകി എടുത്താല്‍ ഇരുമ്പ് നാകം പൂശാന്‍ യോഗ്യമായി. 850oC താപനിലയിലിരിക്കുന്ന ഉരുകിയ നാകത്തില്‍ ഇതിനെ മുക്കിവയ്ക്കണം. ഇതിന്റെ താപനില ഉരുകിയ നാകത്തിന്റെ താപനിലയില്‍ എത്തുമ്പോള്‍ ഇതിന്റെ ഉപരിതലത്തില്‍ ഉറപ്പുള്ളൊരു സിങ്കാവരണം പറ്റിപ്പിടിക്കുന്നു. ഈ ആവരണത്തിന്റെ ഏറ്റവും ഉള്ളിലെ പാളി, നാകവും ഇരുമ്പും ചേര്‍ന്നൊരു സങ്കരലോഹമായിരിക്കും; പുറംപാളി ശുദ്ധനാകവും. മേല്പറഞ്ഞ നാകം പൂശല്‍ പ്രക്രിയ ഉയര്‍ന്ന താപനിലയില്‍ നടക്കുന്നതായതുകൊണ്ട് എല്ലാത്തരം ഇരുമ്പ് ഉപകരണങ്ങള്‍ക്കും അനുയോജ്യമല്ല.

ഉരുക്കു കമ്പികള്‍, പൈപ്പുകള്‍, ലോഹക്കഷണങ്ങള്‍ തുടങ്ങിയ ചെറിയ വസ്തുക്കളില്‍ നാകം പൂശാന്‍ ഇലക്ട്രോപ്ലേറ്റിങ് അനുയോജ്യമാണ്. ഈ പ്രക്രിയയില്‍ നാക ആവരണത്തിന്റെ കട്ടി സൂക്ഷ്മമായി നിയന്ത്രിക്കാനാകും എന്ന മെച്ചവുമുണ്ട്. ഇങ്ങനെ കിട്ടുന്ന നാക ആവരണത്തില്‍ സങ്കരലോഹമൊന്നുമില്ല; ശുദ്ധനാകമായിരിക്കും ഉണ്ടായിരിക്കുക. ഒരു വീപ്പയില്‍ അടച്ചുവയ്ക്കാന്‍ പാകത്തിലുള്ള വലുപ്പമുള്ള ഇരുമ്പു ഉപകരണങ്ങളില്‍ നാകം പൂശാന്‍ ഷെറര്‍ ഡൈസിങ് (സിങ്ക് സിമന്റേഷന്‍) എന്ന പ്രക്രിയയാണ് അനുയോജ്യം. നാകം പൂശേണ്ട വസ്തുക്കളും നാകപ്പൊടിയും ഒരു വീപ്പയില്‍ വായു കടക്കാതെ അടച്ചുവച്ച് 350o മുതല്‍ 375oC വരെ മൂന്നു നാലു മണിക്കൂര്‍ ചൂടാക്കണം. ഇതോടൊപ്പം ഉള്ളിലുള്ള വസ്തുക്കള്‍ തമ്മില്‍ നല്ലവണ്ണം കൂടിക്കലരാന്‍ വീപ്പ മൊത്തത്തില്‍ കറക്കിക്കൊടുക്കുകയും വേണം. ഇങ്ങനെ ഉണ്ടാകുന്ന നാകവും ഇരുമ്പും ചേര്‍ന്ന ലോഹസങ്കരത്തിന്റെ ആവരണം ഒരേ കനത്തിലുള്ളതും നല്ലവണ്ണം ഒട്ടിപ്പിടിച്ചിരിക്കുന്നതുമാണ്. അത്രവേഗം തേഞ്ഞുപോകാത്ത ഇത്തരം ആവരണം നട്ട്, ബോള്‍ട്ട് തുടങ്ങിയ പിരിയുള്ള വസ്തുക്കള്‍ക്ക് അനുയോജ്യമാണ്. നാകം ഉരുക്കി പെയിന്റുപോലെ ലോഹോപരിതലത്തില്‍ സ്പ്രേ ചെയ്യുന്ന പ്രിക്രിയ ചെലവു കൂടിയതാണ്.

(എന്‍. മുരുകന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍