This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസിഗിന്‍, അലക്സി നിക്കൊളായേവിച്ച്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:23, 31 മാര്‍ച്ച് 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോസിഗിന്‍, അലക്സി നിക്കൊളായേവിച്ച്

Kosygin, Aleksei Nikolaevich (1904 - 80)

അലക്സി നിക്കൊളായേവിച്ച് കോസിഗിന്‍

മുന്‍ സോവിയറ്റ് യൂണിയന്‍ പ്രധാനമന്ത്രി (1964-80). 1904 ഫെ. 20-ന് സെന്റ് പീറ്റേഴ്സ് ബര്‍ഗില്‍ (ഇന്നത്തെ ലെനിന്‍ഗ്രാഡ്) ജനിച്ചു. 15-ാമത്തെ വയസ്സില്‍ കോസിഗിന്‍ വിപ്ലവത്തില്‍ പങ്കെടുക്കാനായി ചെമ്പട(Red Army)യില്‍ ചേര്‍ന്നു. തുടര്‍ന്ന് ലെനിന്‍ഗ്രാഡിലെ കോ-ഓപ്പറേറ്റീവ് ടെക്നിക്കല്‍ സ്കൂള്‍ (1921-), ലെനിന്‍ഗ്രാഡ് കിറോവ് ടെക്സ്റ്റൈയില്‍ ഇന്‍സ്റ്റിറ്റ്യൂട്ട് (1929-35) എന്നിവയില്‍ വിദ്യാഭ്യാസം ചെയ്തു. സൈബീരിയയിലെ സഹകരണസംഘങ്ങളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

1927-ല്‍ സോവിയറ്റ് കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗമായി. 1935 മുതല്‍ 37 വരെ ഷെല്യാബോവ് ഫാക്ടറിയില്‍ ഷോപ്പ് സൂപ്രണ്ടായി സേവനമനുഷ്ഠിച്ചു. 1939-ല്‍ പാര്‍ട്ടി കേന്ദ്രകമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ദേശീയഗവണ്‍മെന്റില്‍ ടെക്സ്റ്റൈല്‍ വ്യവസായത്തിനുള്ള കമ്മിസ്സാര്‍ ആയി നിയമിക്കപ്പെടുകയും ചെയ്തു. 1940-ല്‍ പീപ്പിള്‍സ് കമ്മിസ്സാറുകളുടെ വൈസ് ചെയര്‍മാന്‍ ആയി നിയമിക്കപ്പെട്ടു. 1943 മുതല്‍ 46 വരെ സോവിയറ്റ് യൂണിയനിലെ ഏറ്റവും വലിയ റിപ്പബ്ലിക്കിന്റെ ഭരണാധികാരിയായിരുന്നു കോസിഗിന്‍. ധനകാര്യം, വ്യവസായം എന്നീ വകുപ്പുകളുടെ മന്ത്രിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

1946-ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട കോസിഗിന്‍ പാര്‍ട്ടിയില്‍ പല സുപ്രധാനസ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. 1964-ല്‍ ക്രൂഷ്ചേവ് പ്രധാനമന്ത്രി സ്ഥാനത്തുനിന്ന് മാറിയപ്പോള്‍ കോസിഗിന്‍ പ്രധാനമന്ത്രിയായി നിയമിതനായി. 'ഓര്‍ഡര്‍ ഒഫ് ലെനിന്‍' ബഹുമതി ആറു പ്രാവശ്യം കോസിഗിന് ലഭിച്ചു. 'ഓര്‍ഡര്‍ ഒഫ് ദി ഒക്ടോബര്‍ റവല്യൂഷന്‍' (1978) ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്.

1965-ലെ ഇന്ത്യാ-പാകിസ്താന്‍ യുദ്ധവിരാമത്തിനു കളമൊരുക്കിയതിലും താഷ്ക്കന്റില്‍ വച്ച് സമാധാനക്കരാര്‍ ഒപ്പിട്ടതിലും കോസിഗിന്‍ പ്രധാനപങ്ക് വഹിച്ചിട്ടുണ്ട്. 1971-ല്‍ ഇന്ത്യാ-സോവിയറ്റ് യൂണിയന്‍ സൗഹാര്‍ദ്ദക്കരാര്‍ ഉണ്ടാക്കുന്നതിലും ശ്രദ്ധേയമായ പങ്കുവഹിച്ചിട്ടുണ്ട്.

രോഗഗ്രസ്തനായതിനെത്തുടര്‍ന്ന് 1980 ഒ. 18-ന് പ്രധാനമന്ത്രിപദം ഒഴിഞ്ഞ ഇദ്ദേഹം ഇതേ വര്‍ഷം ഡി. 18-ന് അന്തരിച്ചു.

(ഡോ. പി.എം. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍