This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്ഷാരവ്യവസായം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:09, 24 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്ഷാരവ്യവസായം

ക്ഷാരങ്ങളുടെയും തത്സംബന്ധിയായ ഉത്പന്നങ്ങളുടെയും നിര്‍മാണവ്യവസായം. സോഡിയം, പൊട്ടാഷ്യം, ലിഥിയം, റൂബീഡിയം, സീസിയം, ഫ്രാന്‍ഷ്യം എന്നീ മൂലകങ്ങളുടെ ഹൈഡ്രോക്സൈഡുകളെയും കാര്‍ബണേറ്റുകളെയും പൊതുവേ 'ക്ഷാരങ്ങള്‍' എന്നു വിശേഷിപ്പിക്കുന്നു. ഈ മൂലകങ്ങളെ ക്ഷാരലോഹങ്ങള്‍ എന്നു പറയുന്നു. സാധാരണഗതിയില്‍ ക്ഷാരവ്യവസായമെന്നതുകൊണ്ട് അര്‍ഥമാക്കുന്നതു സോഡാക്കാരം (സോഡിയം കാര്‍ബണേറ്റ് അല്ലെങ്കില്‍ സോഡാ ആഷ്-Na2CO3), കാസ്റ്റിക് സോഡ (സോഡിയം ഹൈഡ്രോക്സൈഡ്-NaOH) എന്നിവ ഉത്പാദിപ്പിക്കുന്നതിനെയാണ്. വ്യാവസായിക പ്രാധാന്യമുള്ള ക്ഷാരങ്ങളില്‍ പൊട്ടാഷ്യം കാര്‍ബണേറ്റ് (K2CO3), ചുണ്ണാമ്പ് [Ca(OH)2], അമോണിയം ഹൈഡ്രോക്സൈഡ് (NH4OH) എന്നിവയും ഉള്‍പ്പെടുന്നു. ക്ഷാരവ്യവസായത്തില്‍ ക്ഷാരങ്ങളുടെയും ക്ഷാരസംബന്ധിയായ പല ഉത്പന്നങ്ങളുടെയും നിര്‍മാണപ്രക്രിയകളാണ് ഉള്‍പ്പെടുന്നത്. ചാമ്പലില്‍ നിന്നും വേര്‍തിരിച്ചെടുക്കാവുന്ന സോഡിയം, പൊട്ടാഷ്യം ലോഹങ്ങളുടെ ഓക്സൈഡുകളെ സൂചിപ്പിക്കാനായിരുന്നു ആദ്യകാലത്ത് 'ക്ഷാരങ്ങള്‍' എന്ന പദം പ്രയോഗിച്ചിരുന്നത്. പിന്നീടിത് ഇത്തരം ഓക്സൈഡുകള്‍ വെള്ളത്തില്‍ ലയിച്ചാല്‍ കിട്ടുന്ന ഹൈഡ്രോക്സൈഡുകളുടെ പൊതുനാമമായിത്തീര്‍ന്നു. ക്ഷാരലോഹങ്ങളുടെ കാര്‍ബണേറ്റുകളും ഈ വിഭാഗത്തില്‍ ഉള്‍പ്പെടുത്തപ്പെട്ടിരുന്നു.

സോഡിയം കാര്‍ബണേറ്റ് (സോഡാക്കാരം) പ്രകൃതിയില്‍ വന്‍തോതില്‍ കാണപ്പെടുന്നുണ്ടെങ്കിലും അത് പ്രകൃതിയില്‍ നിന്നു കിട്ടാത്ത സ്ഥലങ്ങളില്‍ സോള്‍വേ പ്രക്രിയയിലൂടെ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നു. 19-ാം ശതകത്തിന്റെ അവസാനത്തോടെയാണ് കാസ്റ്റിക് സോഡയുടെ ഉത്പാദനത്തില്‍ വൈദ്യുത വിശ്ലേഷണ പ്രക്രിയ പ്രത്യക്ഷപ്പെട്ടത്. 1940-കളുടെ മധ്യത്തില്‍ കാസ്റ്റിക് സോഡയുടെ ഉത്പാദനത്തില്‍ ഏതാണ്ട് 50 ശതമാനവും ഇത്തരം പ്രക്രിയ വഴിയാണ് നടത്തിയിരുന്നത്. കാസ്റ്റിക് സോഡ നിര്‍മിക്കുന്നത് ഉപ്പുവെള്ളത്തിന്റെ വൈദ്യുതവിശ്ളേഷണം വഴിയോ സോഡാക്കാരവും ചുണ്ണാമ്പും ഉപയോഗിച്ചോ ആണ്.

ചില രാസവസ്തുക്കള്‍, ഗ്ലാസ്, സോപ്പ്, തുകല്‍, തുണി, റയോണ്‍, സെല്ലാഫേന്‍, കടലാസും പള്‍പ്പും ശുദ്ധീകരണവസ്തുക്കള്‍, രാസവളങ്ങള്‍, പ്ലാസ്റ്റിക്കുകള്‍, അലുമിനിയം, റബ്ബര്‍, പെട്രോളിയം രാസവസ്തുക്കള്‍ തുടങ്ങി നിരവധി വ്യവസായങ്ങള്‍ക്കു ക്ഷാരങ്ങള്‍ ആവശ്യമാണ്. ലോകത്തില്‍ ഉത്പാദിപ്പിക്കുന്ന സോഡാക്കാരത്തിന്റെ 50 ശതമാനത്തോളം ഗ്ലാസ്സുണ്ടാക്കാനും 25 ശതമാനം രാസവസ്തുക്കളുണ്ടാക്കാനും ബാക്കി കടലാസ്, സോപ്പ് തുടങ്ങിയവ ഉണ്ടാക്കാനും ഉപയോഗിക്കുന്നു. സോപ്പുനിര്‍മാണത്തിന് ഉപയോഗിക്കുന്ന പ്രധാനക്ഷാരങ്ങള്‍ കാസ്റ്റിക് സോഡ, കാസ്റ്റിക് പൊട്ടാഷ്, സോഡിയം കാര്‍ബണേറ്റ്, പൊട്ടാഷ്യം കാര്‍ബണേറ്റ് എന്നിവയാണ്. വസ്ത്രശുചീകരണ സോപ്പ് ദേഹശുചീകരണസോപ്പ് എന്നിവയ്ക്കു കാസ്റ്റിക് സോഡയാണ് ഉപയോഗിക്കുന്നത്. എണ്ണയില്‍നിന്നും വേര്‍തിരിച്ചെടുക്കുന്ന കൊഴുപ്പമ്ലങ്ങളെ നേരിട്ട് ഉപയോഗിച്ച് സോപ്പുണ്ടാക്കുമ്പോള്‍ സോഡാക്കാരം ഉപയോഗിക്കുന്നു. 20-ാം ശതകത്തിന്റെ മധ്യത്തോടെ, മിക്ക ഉപഭോഗവസ്തുക്കളുടെയും ഉത്പാദനം ക്ഷാരോത്പന്നങ്ങളെ ആശ്രയിച്ചിരിക്കുന്നു. പെട്രോളിയം രാസവസ്തുക്കള്‍, രാസവളങ്ങള്‍, റബ്ബര്‍, പ്ലാസ്റ്റിക്, ഗ്ലാസ്, സോപ്പ്, തുകല്‍, തുണി, റയോണ്‍, കടലാസ്, ശുദ്ധീകരണവസ്തുക്കള്‍, അലുമിനിയം തുടങ്ങിയ വ്യവസായങ്ങളുടെ വികസനത്തോടെ ഇന്ത്യയില്‍ ക്ഷാരവ്യവസായം വന്‍തോതില്‍ പുരോഗമിച്ചിട്ടുണ്ട്. കാസ്റ്റിക് സോഡ, സോഡാ ആഷ് എന്നിവയുടെ ഉത്പാദനത്തില്‍ ഇന്ത്യ ഇന്നു സ്വയംപര്യാപ്തമാണ്. ചെറിയതോതില്‍ സോഡാക്കാരം കയറ്റുമതി ചെയ്യുന്നുമുണ്ട്. ക്ഷാരവ്യവസായത്തിന്റെ ഉന്നമനത്തിനു മിനിസ്റ്റ്രി ഒഫ് കെമിക്കല്‍സ് ആന്‍ഡ് ഫെര്‍ട്ടിലൈസേഴ്സ് വേണ്ട ഒത്താശകള്‍ നല്കുന്നുണ്ട്. നോ. സോഡിയം കാര്‍ബണേറ്റ്, സോഡിയം ഹൈഡ്രോക്സൈഡ്.

(എസ്. കൃഷ്ണയ്യര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍