This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഖനനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഉള്ളടക്കം |
ഖനനം
Mining
അമൂല്യമായ ലോഹങ്ങള്‍, അലോഹങ്ങള്‍, ധാതുലവണങ്ങള്‍, അയിരുകള്‍ എന്നിവ ഭൂവല്ക്കത്തില്‍ നിന്നും നിഷ്കര്‍ഷണം ചെയ്യുന്ന പ്രക്രിയ. പ്രധാനമായും പുനഃചക്രണം ചെയ്യാത്ത വിഭവങ്ങളുടെ (Non-renewable resources ഉദാ. പെട്രോള്‍, പ്രകൃതിവാതകം, ഇരുമ്പ്, ചെമ്പ്, കല്‍ക്കരി എന്നിവ) ഉത്പാദനത്തെയാണ് ഖനനം കൊണ്ട് വിവക്ഷിക്കുന്നത്.
ആമുഖം
മാനവ സമൂഹത്തിന്റെ ജീവിത നിലവാരം ഉയര്‍ത്തുന്നതിനുള്ള സുപ്രധാനമായൊരു വികസനപ്രവര്‍ത്തനമാണ് ഖനനം. ലോകത്തില്‍ കൃഷി കഴിഞ്ഞാല്‍ രണ്ടാമത്തെ തൊഴില്‍ ദാനമേഖല ഖനനമാണ്. 75 ശതമാനത്തിലധികം ലോഹങ്ങളും ഉത്പാദിപ്പിക്കപ്പെടുന്നത് ഖനനത്തിലൂടെയാണ്. ഖനനം പരിസ്ഥിതിയില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന ഒരു ഹ്രസ്വകാല പ്രവര്‍ത്തനമാണ്. ഖനനം മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതങ്ങള്‍ കുറയ്ക്കണമെങ്കില്‍, ഖനനം പരിസ്ഥിതിക്കിണങ്ങുന്നതും (eco-friendly) സുസ്ഥിരവും (sustainable)ആയിരിക്കണം.
ചരിത്രാതീതകാലം മുതല്‍തന്നെ ഖനനവും അനുബന്ധ പ്രവര്‍ത്തനങ്ങളും ഭൂമുഖത്ത് നിലനിന്നിരുന്നു. ഹാരപ്പാ മൊഹന്‍ജോ ദരോ നാഗരികതയുടെ കാലഘട്ടങ്ങളില്‍ (4000-2500 ബി.സി.) ശിലകളും, ലോഹങ്ങളും ഖനനം ചെയ്തിരുന്നതായി അക്കാലത്തെ ചരിത്ര രേഖകള്‍ സൂചിപ്പിക്കുന്നു. ഋഗ്വേദത്തിലും മറ്റുപുരാതന ഹൈന്ദവ ലിഖിതങ്ങളിലും മറ്റും ധാതുക്കളും, ലോഹങ്ങളും, അമൂല്യരത്നങ്ങളും ഉപയോഗിച്ചിരുന്നതിന്റെ തെളിവുകള്‍ കാണാം. ചാണക്യന്റെ അര്‍ഥശാസ്ത്രത്തില്‍ നിന്നും ആ കാലഘട്ടത്തില്‍ സ്വര്‍ണം, ചെമ്പ്, സിങ്ക് എന്നിവ ഉപയോഗിച്ചിരുന്നതായി മനസ്സിലാക്കാം. പുരാതന കാലഘട്ടങ്ങളില്‍ പലതും ലോഹങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത് എന്നതും പ്രത്യേകം ശ്രദ്ധേയമാണ്. ഉദാഹരണം ശിലായുഗത്തില്‍ത്തുടങ്ങി ഇരുമ്പുയുഗം (iron age), ചെമ്പ് യുഗം (copper age) ഉരുക്കു യുഗം (steel age) എന്നിങ്ങനെ വികസിക്കുന്നു ചരിത്ര വികാസഘട്ടങ്ങള്‍.
ആധുനികകാലഘട്ടത്തിലെ ഖനനപ്രക്രിയകളെ പൊതുവേ ആറ് ഘട്ടങ്ങളായി വിഭജിച്ചിരിക്കുന്നു. വിവിധ പര്യവേക്ഷണങ്ങളിലൂടെയും (Prospecting), ഗവേഷണങ്ങളിലൂടെയും ധാതുനിക്ഷേപത്തെ കണ്ടെത്തുക എന്ന വിഷമകരമായ ഘട്ടമാണ് ആദ്യത്തേത്. ഈ ഘട്ടത്തില്‍ വ്യത്യസ്തരീതിയിലുളള ശാസ്ത്രീയമാര്‍ഗങ്ങളും ഉപാധികളും വിപുലമായ സ്ഥലപഠനവും മറ്റും ഉള്‍പ്പെടുന്നു. വിലപിടിപ്പുള്ള ഒരു നിക്ഷേപം കണ്ടെത്തിയാല്‍ നൂതന സാങ്കേതിക-ഗണിത മാര്‍ഗങ്ങള്‍ ഉപയോഗിച്ച് ആ നിക്ഷേപത്തിന്റെ ഗുണനിലവാരവും (Grade), അളവും (Ore reserve) മനസ്സിലാക്കുന്നതാണ് രണ്ടാംഘട്ടം. മൂന്നാംഘട്ടത്തില്‍ ധാതുനിക്ഷേപം ലാഭകരമായി ഖനനം ചെയ്യാന്‍ സാധിക്കുമോ എന്ന സാധ്യതാപഠനം നടത്തുന്നു. ലാഭകരമാണ് എന്ന് ബോധ്യപ്പെട്ടാല്‍ നാലാം ഘട്ടത്തില്‍ ഖനനം നടത്താന്‍ ഉദ്ദേശിക്കുന്ന പ്രദേശത്ത് വിവിധ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നു. അഞ്ചാം ഘട്ടത്തില്‍ യഥാര്‍ഥത്തിലുള്ള ഖനനം ആരംഭിക്കുകയും അത് സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും ചെയ്യുന്നു. ഖനനം പൂര്‍ത്തിയായാല്‍ ഏറ്റവും അവസാന ഘട്ടത്തില്‍ ഖനനപ്രദേശത്തിന്റെ ആവാസവ്യവസ്ഥ (Eco-system) പൂര്‍ണമായും പൂര്‍വസ്ഥിതിയില്‍ പുനഃസ്ഥാപിക്കുന്നതിനുള്ള പരിസ്ഥിതി സൗഹൃദപ്രവര്‍ത്തനങ്ങള്‍ ദീര്‍ഘവീക്ഷണത്തോടെ ആവിഷ്കരിച്ചു നടപ്പിലാക്കുന്നു.
ഖനനസമ്പ്രദായങ്ങള്‍
വിവിധ തരത്തിലുള്ള ഖനനപ്രക്രിയകളെ ഉപരിതല ഖനനം (Surface mining) എന്നും ഭൂഗര്‍ഭഖനനം (Sub-surface mining) എന്നും പൊതുവേ രണ്ടായി വിഭജിച്ചിരിക്കുന്നു. ധാതുനിക്ഷേപങ്ങള്‍ ഭൂമിയുടെ ഉപരിതലത്തിനടുത്ത് കാണപ്പെടുകയും നിക്ഷേപങ്ങള്‍ക്ക് മുകളിലുള്ള മേല്‍മണ്ണിന്റെ കനം വളരെ കുറവായിരിക്കുകയും ചെയ്യുമ്പോഴാണ് ഉപരിതലഖനനം നടത്തുന്നത്. ഭൂഗര്‍ഭഖനനത്തെയപേക്ഷിച്ച് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഉപരിതല ഖനനം. ഉപരിതലഖനനത്തിന്റെ ആദ്യഘട്ടത്തില്‍ ഉപരിതലത്തിലുള്ള സസ്യജാലങ്ങളും വളക്കൂറുള്ള മേല്‍മണ്ണും നീക്കം ചെയ്യുന്നു. അതിനുശേഷം ധാതുനിക്ഷേപങ്ങള്‍ ഖനനം ചെയ്യുകയും വിവിധ മാര്‍ഗങ്ങളിലൂടെ അടുത്തോ അകലെയോ ഉളള സംസ്കരണശാലകളിലേക്ക് നീക്കം ചെയ്യുകയും ചെയ്യുന്നു.
വിവിധതരത്തിലുള്ള ഉപരിതലഖനനങ്ങള്‍ നിലവിലുണ്ട്. ക്വാറിയിങ്, സ്ട്രിപ് മൈനിങ്, മൌണ്ടന്‍ ടോപ് റിമൂവല്‍, ഡ്രെഡ്ജിങ് എന്നിവയാണ് ഇവയില്‍ പ്രധാനപ്പെട്ടവ. ഒരു സ്ഥലത്തിന്റെ ഭൂപ്രകൃതി, മേല്‍മണ്ണിന്റെ കനം, ധാതുനിക്ഷേപത്തിന്റെ അവസ്ഥ എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് ഏതു രീതിയിലുള്ള ഖനനമാണ് അനുയോജ്യമെന്ന് തീരുമാനിക്കുന്നത്. തുറസ്സായ സ്ഥലത്ത് ചെറുതും വലുതുമായ കുഴികള്‍ (Pits) എടുത്ത് അതില്‍ നിന്നും ധാതുക്കളും നിര്‍മാണശിലകളും (Building stones) മറ്റും ഖനനം ചെയ്യുന്നതാണ് ക്വാറിയിങ്. സ്ട്രിപ് മൈനിങ്ങില്‍ ഖനനപ്രദേശത്തെ മേല്‍മണ്ണും സസ്യങ്ങളും നീക്കം ചെയ്ത ശേഷമാണ് ഖനനം ആരംഭിക്കുന്നത്. ഇത്തരം ഖനനം ഖനനപ്രദേശത്തിന്റെ ഉപരിതലപ്രദേശത്തെ ചരിവനുസരിച്ച് രണ്ടുവിധത്തില്‍ നടത്താം. സമതലപ്രദേശമാണെങ്കില്‍ ഏരിയ സ്ട്രിപ് മൈനിങ് എന്ന മാര്‍ഗവും ചരിഞ്ഞ മലഞ്ചരിവുകളോടുകൂടിയ പ്രദേശമാണെങ്കില്‍ കോണ്ടുര്‍ സ്ട്രിപ് മൈനിങ് എന്ന മാര്‍ഗവും അവലംബിക്കുന്നു. മൌണ്ടന്‍ ടോപ് റിമൂവല്‍ വളരെ അപൂര്‍വമായി മാത്രം അവലംബിക്കുന്ന അത്യന്തം വിനാശകരമായ ഒരു ഖനനപ്രക്രിയയാണ്. കല്‍ക്കരിഖനനത്തിനാണ് ഈ രീതി പൊതുവേ ഉപയോഗിക്കുന്നത്. മലനിരകള്‍ നിറഞ്ഞപ്രദേശങ്ങളില്‍ ആഴത്തില്‍ കല്‍ക്കരി നിക്ഷേപം ഉണ്ടെങ്കില്‍ സ്ഫോടനം നടത്തി ആ മലയെയും അവിടത്തെ ആവാസവ്യവസ്ഥയെയും നശിപ്പിച്ചാണ് ഈ വിധം ഖനനം നടത്തുന്നത്. പരിസ്ഥിതിക്ക് വന്‍തോതില്‍ ആഘാതം സൃഷ്ടിക്കുന്ന ഈ രീതി, പക്ഷേ വിരളമായേ അവലംബിക്കാറുള്ളു. നദികള്‍, കായലുകള്‍, സമുദ്രങ്ങള്‍ തുടങ്ങിയ ജലാശയങ്ങളുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ധാതു ദ്രവ്യങ്ങളെ ഖനനം ചെയ്യുന്ന പ്രക്രിയയാണ് ഡ്രഡ്ജിങ്.
വളരെയധികം പാരിസ്ഥിതികപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്ന ഒന്നാണ് ഉപരിതലഖനനം. വനനശീകരണമാണ് ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഇന്ത്യയുടെ ധാതു നിക്ഷേപങ്ങളില്‍ ഏറിയ പങ്കും വനാന്തരങ്ങളിലും, ആദിവാസി സെറ്റില്‍മെന്റ് പ്രദേശങ്ങളിലും അതുപോലുള്ള പിന്നോക്കപ്രദേശങ്ങളിലുമാണ് ഉപസ്ഥിതമായിരിക്കുന്നത്. ഖനനഫലമായി സംരക്ഷിതവനപ്രദേശങ്ങളില്‍ നല്ലൊരു ശതമാനം നശിപ്പിക്കപ്പെടുകയും തത്ഫലമായി വളക്കൂറുള്ള മേല്‍മണ്ണ് നഷ്ടപ്പെടുകയും ചെയ്യുന്നു. ഭൗമോപരിതലത്തിന്റെ ആകൃതിയെയും സ്വഭാവത്തെയും ഉപരിതലഖനനം മാറ്റിമറിക്കുന്നു. ആ പ്രദേശത്തിന്റെ ഭൂരൂപഘടനയെ വ്യത്യാസപ്പെടുത്തുന്നതിനും ഖനനം കാരണമാവുന്നു. ഖനനാന്തരം രൂപംകൊള്ളുന്ന വിവിധതരത്തിലുള്ള ചെറുതും വലുതുമായ ഗര്‍ത്തങ്ങളില്‍ മഴവെള്ളം കെട്ടിനിന്ന് വെള്ളക്കെട്ടുകളുണ്ടാവുകയും ചിലപ്പോള്‍ അവ അപകടങ്ങള്‍ക്ക് വഴിതെളിക്കുകയും ചെയ്യുന്നു. ഇത്തരത്തില്‍ ഖനനം നടന്ന മേഖലയില്‍ ഉപയോഗശൂന്യമായ ഒരു ഭൂയിടം സൃഷ്ടിക്കപ്പെടുന്നു. കൂടാതെ, പൊടിപടലങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് അന്തരീക്ഷമലിനീകരണത്തിനും ജലമലിനീകരണത്തിനും ഖനനം കാരണമാവുകയും ചെയ്യുന്നു. ലോഹ സള്‍ഫൈഡ് ഖനികള്‍ സൃഷ്ടിക്കുന്ന അമ്ളജലഒഴുക്ക് (Acid Mine Drainage) ആണ് ഖനനം സൃഷ്ടിക്കുന്ന മറ്റൊരുവിപത്ത്.
ഖനനം സാമൂഹിക-സാമ്പത്തിക മേഖലകളിലും ആരോഗ്യമേഖലകളിലും നിരവധി പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. ഖനനമേഖലയില്‍ താമസിക്കുന്നവരുടെ ജീവിതനിലവാരം പൊതുവേ ഉയരുമെങ്കിലും ഖനനമേഖലയില്‍ നിന്നും കുടിയിറക്കപ്പെടുന്നവരുടെ പുനരധിവാസം മിക്കപ്പോഴും അപരിഹാര്യമായ ഒരു പ്രശ്നമായിത്തന്നെ അവശേഷിക്കും. അതുപോലെ ഖനിത്തൊഴിലാളികള്‍ക്കുണ്ടാകുന്ന തൊഴില്‍പരമായ അസുഖങ്ങളും നിരവധിയാണ്. പൊടിപടലങ്ങള്‍ ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന സിലിക്കോസിസ്, കല്‍ക്കരിഖനികളില്‍ നിന്നുണ്ടാകുന്ന ന്യൂമോകോണിയോസിസ്, ആസ്ബെസ്റ്റോസ് പൊടി ശ്വസിക്കുന്നതു മൂലമുണ്ടാകുന്ന ആസ്ബെസ്റ്റോസിസ്, ലെഡ്മൂലമുളള പ്ലംബിസം, കാഡ്മിയം മൂലമുണ്ടാകുന്ന ഇത്തായ് ഇത്തായ് എന്നിവ ഖനനവുമായി ബന്ധപ്പെട്ട തൊഴില്‍ പരമായ രോഗങ്ങളില്‍ പ്രധാനപ്പെട്ടവയാണ്.
ഭൂവല്ക്കത്തില്‍ നിന്നും വളരെ ആഴത്തില്‍ ധാതുനിക്ഷേപങ്ങള്‍ ഉപസ്ഥിതമായിരിക്കുമ്പോഴാണ് ഭൂഗര്‍ഭഖനനം വഴി അവയെ ഖനനം ചെയ്യുന്നത്. മേല്‍മണ്ണിന്റെ കനവും ഒരു ഘടകമാണ്. ഭൗമോപരിതലത്തിന് യാതൊരുകോട്ടവും സംഭവിക്കാതെ ഷാഫ്റ്റുകളും ടണലുകളും നിര്‍മിച്ച് അതിലൂടെ അയിരുകള്‍ നീക്കം ചെയ്യുന്ന ക്രമീകരണമാണിത്. ലോങ് വെല്‍ മൈനിങ് (Long well mining), ഷോര്‍ട്ട് വെല്‍ മൈനിങ് (Short well mining), റൂംപില്ലര്‍ മൈനിങ് (Room Pillar Mining), ബ്ളാസ്റ്റ് മൈനിങ് എന്നിവയാണ് പ്രധാനപ്പെട്ട ഭൂഗര്‍ഭ ഖനന മാര്‍ഗങ്ങള്‍. കല്‍ക്കരി, ഓയില്‍ ഷെയില്‍, സ്വര്‍ണം എന്നിവ ഈ മാര്‍ഗങ്ങള്‍ അവലംബിച്ചാണ് ഖനനം ചെയ്യുന്നത്.
ഭൂഗര്‍ഭഖനനവും ചിലപ്പോള്‍ പരിസ്ഥിതിക്ക് പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാറുണ്ട്. കെട്ടിടങ്ങള്‍ക്ക് കേടുപാടുകള്‍, തകര്‍ച്ച, ഭൗമോപരിതലം ഇടിഞ്ഞുതാഴല്‍, ഭൂഗര്‍ഭ അഗ്നിബാധ, പൊട്ടിത്തെറി, വെള്ളപ്പൊക്കം തുടങ്ങിയവ ഇതില്‍ പ്രധാനപ്പെട്ടവയാണ്. ചൈനയിലെ ഭൂഗര്‍ഭ കല്‍ക്കരിഖനികളില്‍ വിവിധ അപകടത്തില്‍പ്പെട്ട് വര്‍ഷന്തോറും നൂറുകണക്കിനാളുകള്‍ കൊല്ലപ്പെടുന്നുണ്ടെന്ന് ചൂണ്ടി കാണിക്കപ്പെടുന്നു.
ഖനനാനന്തരം പ്രധാനമായും ശ്രദ്ധിക്കേണ്ട ഒന്നാണ് ഖനനപ്രദേശത്തെ ഭൂപ്രകൃതിയെ പുനഃസൃഷ്ടിക്കുക എന്നത്. ഇതില്‍ ഏറ്റവും പ്രധാനം അവിടത്തെ മണ്ണിന്റെ ഘടന വീണ്ടെടുക്കുക എന്നതാണ്. ഇതിനുവേണ്ടി ഖനനത്തിന് മുന്‍പുതന്നെ അവിടത്തെ വളക്കൂറുള്ള മേല്‍മണ്ണ് നീക്കം ചെയ്ത് ഒരു നിശ്ചിത സ്ഥലത്ത് സൂക്ഷിക്കുന്നു. ഖനനത്തിനുശേഷം ഉണ്ടാകുന്ന കുഴികളില്‍ ഖനനാവശിഷ്ടങ്ങള്‍ നിക്ഷേപിച്ചു നിരപ്പാക്കിയതിനുശേഷം നേരത്തേ സൂക്ഷിച്ചു വച്ചിട്ടുള്ള വളക്കൂറുള്ള മണ്ണ് നിക്ഷേപിക്കുകയും തുടര്‍ന്ന് മണ്ണിന്റെ ജലാംശവും ഗുണമേന്മയും നിലനിര്‍ത്താന്‍ വിവിധ മണ്ണ് പരിപാലന മാര്‍ഗങ്ങള്‍ സ്വീകരിക്കുകയും ചെയ്യുന്നു. തുടര്‍ന്ന് ചെറുസസ്യങ്ങള്‍ വച്ചുപിടിപ്പിക്കുകയും ആ പ്രദേശം തനത് ആവാസവ്യവസ്ഥയിലേക്ക് എത്തുന്നതുവരെ തരിശ് ഇടുകയും ചെയ്യണം. ഉപേക്ഷിക്കപ്പെട്ട പല ഖനികളും ഇത്തരത്തില്‍ ഉപകാരപ്രദമായ പല ആവശ്യങ്ങള്‍ക്കും വേണ്ടി പുനരുപയോഗിക്കാവുന്നതാണ്.
ഖനിജവ്യവസായത്തിന്റെ പ്രത്യേകതകള്‍
വര്‍ധിപ്പിക്കാന്‍ കഴിയാത്ത പ്രകൃതിവിഭവമാണ് ഖനിജങ്ങള്‍. കാര്‍ഷികോത്പന്നങ്ങളെപ്പോലെ അവയെ കൃഷി ചെയ്തെടുക്കാന്‍ സാധിക്കുകയില്ല. ഒരിക്കല്‍ ഖനനം ചെയ്തെടുത്തു കഴിഞ്ഞാല്‍ അത് എന്നെന്നേക്കുമായി തീര്‍ന്നുപോകും. ഉദാ. 800 വര്‍ഷത്തിലേറെയായി വെളുത്തീയത്തിന്റെ പ്രധാന ഉറവിടമായിരുന്ന കോര്‍ണിഷ് ഖനി ഇന്ന് സജീവമല്ല. മിഷിഗണിലെ (യു.എസ്.) ചെമ്പുനിക്ഷേപങ്ങള്‍, പൊട്ടാസ്യത്തിലെ (മെക്സിക്കോ) വെള്ളിഖനികള്‍, നോര്‍ത്ത് സ്കെല്‍ട്ടന്‍ (ബ്രിട്ടന്‍) ഇരുമ്പയിര് നിക്ഷേപം ഇവയൊക്കെ ഏതാണ്ട് ശോഷിച്ച നിലയിലാണ്. 1916 ഫെബ്രുവരിയില്‍ മെക്സിക്കോയിലെ സിറോ അസൂള്‍ എണ്ണക്കിണറില്‍നിന്ന് 180 മീ. ഉയരത്തില്‍ എണ്ണ പ്രവഹിക്കുകയുണ്ടായി. 60 ദശലക്ഷം ബാരല്‍ അസംസ്കൃത എണ്ണ ലഭിച്ചശേഷം ഈ കിണറില്‍നിന്ന് ഉപ്പുവെള്ളമാണ് നിഷ്ക്രമിക്കാന്‍ തുടങ്ങിയത്.
തികച്ചും പ്രാദേശികവും പരിമിതവുമാണ് ഖനിജങ്ങളുടെ ഉപസ്ഥിതി. പ്രകൃതിയില്‍ ഖനിജനിക്ഷേപങ്ങളുടെ വിതരണം അസമമായ രീതിയിലാണ്. ജനനിബിഡമായ പട്ടണങ്ങളെയും വിശാലമായ കൃഷിഭൂമികളെയും അപേക്ഷിച്ച് ഖനനസ്ഥലങ്ങളുടെ വിസ്തീര്‍ണം വളരെ കുറവാണ്. ഇന്ത്യയില്‍ കല്‍ക്കരി അടങ്ങിയ ശിലാസമൂഹങ്ങളുടെ വിസ്തീര്‍ണം ആകെ ഭൂപ്രദേശത്തിന്റെ നാലുശതമാനത്തോളമാണ്. എന്നാല്‍ ഈ കല്‍ക്കരിപ്പാടങ്ങളുടെ ചെറിയൊരംശത്തില്‍ മാത്രമേ കല്‍ക്കരിയുള്ളൂ. ലോകസ്വര്‍ണോത്പാദനത്തിന്റെ പകുതിയോളം ലഭിക്കുന്ന ദക്ഷിണാഫ്രിക്കന്‍ റിപ്പബ്ലിക്കിലെ റാന്റ് നിക്ഷേപം 2,560 ച.കി.മീ. സ്ഥലത്താണു സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ കോളാര്‍ സ്വര്‍ണ നിക്ഷേപസ്ഥലത്തിന്റെ വിസ്തൃതി സുമാര്‍ 13 ച.കി.മീ. ആണ്. മൊന്‍ടാനയിലുള്ള (വ. അമേരിക്ക) ബ്യൂട്ടെ കുന്നുകളിലെ 10 ച.കി.മീ. പ്രദേശത്തുനിന്നാണ് ലോകചെമ്പുത്പാദനത്തിന്റെ 30 ശതമാനവും കിട്ടുന്നത്. അതുകൊണ്ട് 'ലോകത്തിലെ ഏറ്റവും സമ്പന്ന-കുന്നുകളായി' ബ്യൂട്ടെ കുന്നുകള്‍ അറിയപ്പെടുന്നു.
ആഴത്തിലെത്തുന്തോറും ഖനിജനിക്ഷേപങ്ങളുടെ ഗ്രേഡ്, ഗുണനിലവാരം എന്നിവയിലുണ്ടാകുന്ന അപ്രതീക്ഷിതവ്യതിയാനങ്ങള്‍ ഖനിജാധിഷ്ഠിത വ്യവസായങ്ങളുടെ മറ്റൊരു പ്രത്യേകതയാണ്. തീര്‍ത്തും ദുരൂഹമായ ഈ സവിശേഷത നിമിത്തം ചിലപ്പോള്‍ അപ്രതീക്ഷിതമാംവിധം ഖനനച്ചെലവ് വര്‍ധിക്കാനിടയാകുന്നു. ചിലപ്പോള്‍ ഇത് ആദായകരമായിത്തീരാറുണ്ട്. മൂന്നു കി.മീ. താഴ്ചവരെ എത്തിയിട്ടുള്ള കോളാര്‍ സ്വര്‍ണഖനിയില്‍ അടിത്തട്ടിലെ ഊഷ്മാവ് 66oC വരെയാകുന്ന അവസരങ്ങളുണ്ട്. ഈ സമയത്ത് യഥേഷ്ടം തണുത്തവായു കടത്തിവിട്ടില്ലെങ്കില്‍ അവിടമാകെ ചുട്ടുപഴുക്കും. മുകളിലുള്ള ഭാരംനിമിത്തമുണ്ടാകുന്ന ശിലാമര്‍ദത്താല്‍ ആഴഖനികളില്‍ പാറപൊട്ടല്‍ സാധാരണമാണ്. പാര്‍ശ്വഭിത്തികളുടെയും മേല്‍ക്കൂരയുടെയും പതനം, അഗ്നിബാധ, വെള്ളപ്പൊക്കം, ഊഷ്മ-മര്‍ദ വ്യതിയാനങ്ങള്‍ ഇവയൊക്കെ ഖനിജവ്യവസായത്തിന്റെ മാത്രം പ്രത്യേകതകളാകുന്നു.
ഖനിജവ്യവസായത്തിന്റെ സാമ്പത്തികസ്വഭാവം ആകസ്മികമായി വ്യത്യാസപ്പെടുന്നതാണ് മറ്റൊരു പ്രത്യേകത. അനുദിനം മാറ്റംവരുന്ന ആവശ്യം, ഓരോ ഖനിജത്തിന്റെയും വിലയിലുണ്ടാകുന്ന ഏറ്റക്കുറച്ചില്‍, അയിരുകളുടെ ഗ്രേഡ്, ലോഹസംസ്കരണരംഗത്തെ ഗവേഷണപുരോഗതി, അന്തര്‍ദേശീയവിപണിയിലുണ്ടാകുന്ന അട്ടിമറി തുടങ്ങിയ ഘടകങ്ങളെല്ലാം ഖനിജവ്യവസായത്തെ ബാധിക്കുന്നു.
രാഷ്ട്രത്തിന്റെ വ്യാവസായിക പുരോഗതിക്ക് ആവശ്യമായ എല്ലാ ഖനിജങ്ങളും സ്വന്തം അതിര്‍ത്തിക്കുള്ളില്‍ നിന്നുമാത്രം ലഭിക്കുകയില്ല. ഖനിജങ്ങളുടെ ലഭ്യത തടസ്സം കൂടാതെ കൈവരിക്കുന്നതിനായി രാജ്യങ്ങള്‍ പരസ്പരം ആശ്രയിക്കുന്നു. എന്നാല്‍ ചില പ്രത്യേക ഖനിജങ്ങളെ സംബന്ധിച്ചിടത്തോളം ചില രാജ്യങ്ങള്‍ കുത്തകക്കാരാണ്. ഈ പ്രത്യേകത ഭൂ-രാഷ്ട്രീയത്തിനും (geo-politics) പരസ്പര വൈരാഗ്യത്തിനും കാരണമായിട്ടുണ്ട്. ഇന്ന് ഖനിജവിപണനത്തിന് അന്തര്‍ദേശീയ പ്രാധാന്യമേറെയുണ്ട്.
പര്യവേക്ഷണം, വേധനം, വികസനപ്രവര്‍ത്തനങ്ങള്‍, യന്ത്രവത്കരണം, ഖനനം എന്നിവയ്ക്ക് വമ്പിച്ച മുതല്‍മുടക്ക് ആവശ്യമാണ്. ഖനിജനിക്ഷേപങ്ങളുടെ ശോഷണം, പ്രവചിക്കാനാവാത്ത ഖനിജീകരണസ്വഭാവം, തേയ്മാനം സംഭവിച്ച ഖനനയന്ത്രങ്ങളുടെ കുറഞ്ഞ പുനഃക്രയവില തുടങ്ങിയ ഘടകങ്ങള്‍ സംരംഭകര്‍ക്ക് ആപത്ശങ്കയും അനിശ്ചിതത്വവും ഉളവാക്കുന്നു.
ലോക ഖനിജസമ്പത്ത്
വജ്രം, മാങ്ഗനീസ്, അയിര്, സ്വര്‍ണം, കോബാള്‍ട്ട്, പ്ലാറ്റിനം, ക്രോമൈറ്റ്, ഫോസ്ഫേറ്റുകള്‍, വെര്‍മിക്യുലൈറ്റ്, വനേഡിയം അയിര്, ബെറില്‍, ചെമ്പ്, ആന്റിമണി, ആസ്ബെസ്റ്റസ്, യുറേനിയം, വെളുത്തീയം, നാകം, കറുത്തീയം, ബോക്സൈറ്റ്, ഇരുമ്പയിര്, കാഡ്മിയം, ഇല്‍മനൈറ്റ്, റൂട്ടൈല്‍, ഗ്രാഫൈറ്റ്, മൈക്ക മുതലായ ഖനിജങ്ങളുടെ വന്‍സ്രോതസ്സാണ്. വനേഡിയം, പ്ലാറ്റിനം, ആന്റിമണി, ജെര്‍മേനിയം, മൈക്ക, കല്‍ക്കരി, മാര്‍ക്, ജിപ്സം, മെര്‍ക്കുറി, പെട്രോളിയം, ഫോസ്ഫേറ്റുകള്‍, രത്നക്കല്ലുകള്‍, ചുണ്ണാമ്പുകല്ല്, ഉപ്പ്, സ്വര്‍ണം എന്നിവയുടെ വന്‍സ്രോതസ്സുള്ള ഭൂഖണ്ഡമാണ് ആഫ്രിക്ക. ലോകത്തില്‍ ഏറ്റവും കൂടുതല്‍ സ്വര്‍ണവും വജ്രവും ഇവിടെയാണുള്ളത്.
മാങ്ഗനീസ് അയിര്, അഭ്രം, ഇരുമ്പയിര്, ഇല്‍മനൈറ്റ്, ഗ്രാഫൈറ്റ്, കയനൈറ്റ്, സിലിമനൈറ്റ്, ജിപ്സം, പെട്രോളിയം, ടിന്‍-അയിര്, ടങ്സ്റ്റണ്‍-അയിര്, ക്രോമൈറ്റ്, ബോക്സൈറ്റ്, സോപ്സ്റ്റോണ്‍, മാഗ്നസൈറ്റ്, കല്‍ക്കരി എന്നിവയാണ് ഏഷ്യന്‍ ഭൂഖണ്ഡത്തില്‍നിന്നു വന്‍തോതില്‍ ലഭിക്കുന്ന ഖനിജങ്ങള്‍. നേപ്പാള്‍, ലെബനന്‍, ജോര്‍ദാന്‍, കംപൂച്ചിയ എന്നീ രാജ്യങ്ങള്‍ ഖനിജോത്പാദനത്തില്‍ പിന്നിലാണ്. പലതരം രത്നക്കല്ലുകളുടെ സങ്കേതങ്ങളാണ് മ്യാന്മറും ശ്രീലങ്കയും. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ക്രിസ്റ്റലീയ ഗ്രാഫൈറ്റ് ഉത്പാദിപ്പിക്കുന്ന രാജ്യം ശ്രീലങ്കയാണ്. മലേഷ്യ, തായ്ലന്‍ഡ്, ഇന്തോനേഷ്യ എന്നീ രാജ്യങ്ങള്‍ക്കാണ് ടിന്‍-അയിരിന്റെ കുത്തക. ബ്ളോക്ക് മൈക്ക, കയനൈററ്, സിലിമനൈറ്റ് എന്നീ ഖനിജങ്ങളുടെ ഉത്പാദനത്തില്‍ ഇന്ത്യ മുന്‍പന്തിയിലാണ്. സ്വന്തം ഖനിജനിക്ഷേപങ്ങള്‍ കുറവായിട്ടുപോലും വികസനം ഉച്ചകോടിയിലെത്തിച്ചിട്ടുള്ള രാഷ്ട്രമാണ് ജപ്പാന്‍. ഈ രാജ്യം പല അയിരുകളും ഖനിജങ്ങളും വന്‍തോതില്‍ ഇറക്കുമതി ചെയ്യുന്നു. പരിശ്രമശീലരായ ജപ്പാന്‍കാര്‍, തനതാവശ്യത്തിന്റെ 40 ശതമാനം ചെമ്പും 65 ശതമാനം നാകവും 90 ശതമാനം കല്‍ക്കരിയും സ്വന്തം നാട്ടില്‍ത്തന്നെ ഉത്പാദിപ്പിക്കുന്നു. സ്വര്‍ണം, വെള്ളി, ലെഡ്, ഗന്ധകം, മെര്‍ക്കുറി, ജിപ്സം, ബറൈറ്റീസ് തുടങ്ങിയവയും ജപ്പാനില്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. എന്നാല്‍ പെട്രോളിയത്തിന്റെ ഭൂരിഭാഗവും ഇറക്കുമതി ചെയ്യുന്നു.
ആസ്റ്റ്രലേഷ്യയില്‍ ആസ്റ്റ്രേലിയ, ന്യൂസിലന്‍ഡ്, പാപ്പുവാ-ന്യൂഗിനി എന്നീ രാജ്യങ്ങള്‍ക്കാണ് ഖനിജങ്ങളുടെ കാര്യത്തില്‍ പ്രാധാന്യമുള്ളത്. ഖനനവ്യവസായങ്ങള്‍ നടത്തുന്ന പ്രശസ്ത സ്ഥാപനങ്ങളാണ് 'കെമാന്‍കോ ഇന്‍ഡസ്ട്രീസ് പ്രൈവറ്റ് ലിമിറ്റഡ്', 'ആല്‍കോ ഒഫ് ആസ്റ്റ്രേലിയ പ്രൈവറ്റ് ലിമിറ്റഡ്', 'ബ്രോക്കണ്‍ഹില്‍ കമ്പനി ലിമിറ്റഡ്' തുടങ്ങിയവ.
വിവിധ ഖനിജങ്ങളുടെ ഉറവിടവും മുഖ്യ ഉപഭോക്താവുമാണ് യൂറോപ്പ് ഭൂഖണ്ഡം. മിക്ക ഖനികളും ഇവിടെ ക്ഷീണിതാവസ്ഥയിലാണ്. ഉത്പാദനശേഷി കുറഞ്ഞ അയിരുകളെ ആധുനിക സമ്പ്രദായങ്ങളുപയോഗിച്ച് 'ട്രീറ്റ്' ചെയ്ത് പരമാവധി ഉത്പന്നങ്ങളുണ്ടാക്കുകയാണ് ഇപ്പോള്‍ ചെയ്തുവരുന്നത്. പൈറൈറ്റില്‍ നിന്ന് ഗന്ധകം വേര്‍തിരിച്ചെടുക്കുന്ന നോര്‍വീജിയന്‍ 'ഓര്‍കാല' പ്രക്രിയയും ഫിന്നിഷ് 'ഔട്ടോകംപു' പ്രക്രിയയും പില്ക്കാലത്ത് പ്രസിദ്ധമായി. മിക്ക യൂറോപ്യന്‍ രാജ്യങ്ങളും പലതരം ഖനിജങ്ങള്‍ക്കു പേരുകേട്ടവയാണ്. ലോകത്തില്‍ ഏറ്റവുമധികം മെര്‍ക്കുറി ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. പോര്‍ച്ചുഗല്‍ ഏറ്റവും കൂടുതല്‍ ടങ്സ്റ്റന്‍ ഉത്പാദിപ്പിക്കുന്നു.
നെതര്‍ലന്‍ഡ്സിലെ ഡെല്‍ഫ് സിജി തുറമുഖത്തിനടുത്തു സ്ഥിതിചെയ്യുന്ന അലുമിനിയം ഫാക്ടറിക്ക് യൂറോപ്പില്‍ ഒന്നാംസ്ഥാനമാണുള്ളത്.
ടിന്‍, ടങ്സ്റ്റണ്‍, ആന്റിമണി, ബിസ്മത്ത്, മെര്‍ക്കുറി, മാങ്ഗനീസ്, മോളിബ്ഡനം, ഫ്ളൂറൈറ്റ് എന്നിവ ചൈനയില്‍ വന്‍തോതില്‍ ഉത്പാദിപ്പിക്കുന്നു. പെട്രോളിയത്തിനും പ്രകൃതിവാതകത്തിനും പൂര്‍ണമായും റഷ്യയെ ആശ്രയിച്ചിരുന്ന ചൈന, ഇന്ന് അതില്‍ ഏറെക്കുറെ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. കല്‍ക്കരിയുടെ ആകെ വാര്‍ഷികോത്പാദനം 81 കോടി ടണ്‍ ആണ്. ആഗോള ആന്റിമണിയുത്പാദനത്തിന്റെ നാലിലൊന്ന് (13,000 ടണ്‍) ചൈനയില്‍ നിന്നു ലഭിക്കുന്നു. സുമാര്‍ 17 ലക്ഷം ടണ്‍ മാങ്ഗനീസ് അയിര് ഖനനം ചെയ്യപ്പെടുന്നുണ്ടെങ്കിലും അവയോടു 'ബ്ളെന്‍ഡ്' ചെയ്യുന്നതിനായി ഉയര്‍ന്ന മെറ്റലര്‍ജീയ ഗ്രേഡിലുള്ള അയിര് ആസ്റ്റ്രേലിയ, ഗാബണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്യുകയാണ് പതിവ്. ലോകത്തിലെ മൊത്തം ടങ്സ്റ്റണ്‍ വാര്‍ഷികോത്പാദനമായ 45,000 ടണ്ണിന്റെ മൂന്നിലൊന്ന് ചൈനയില്‍ നിന്നാണ് കിട്ടുന്നത്. ടിന്‍ ഉത്പാദനത്തില്‍ ചൈനയ്ക്ക് 6-ാം സ്ഥാനമുണ്ട്; പ്രതിവര്‍ഷം സുമാര്‍ 16,000 ടണ്‍. ഫ്ളുറൈറ്റ് ഖനനത്തില്‍ മങ്ഗോളിയയും മെക്സിക്കോയും മാത്രമേ ചൈനയെ പിന്തള്ളുന്നുള്ളൂ. ഇതിന്റെ വാര്‍ഷികോത്പാദനം സുമാര്‍ 6.5 ലക്ഷം ടണ്‍ ആണ്. ക്രൂഡ് പെട്രോളിയത്തിന്റെ ആഗോള പ്രതിവര്‍ഷോത്പാദനമായ സുമാര്‍ 300 കോടി ടണ്ണില്‍ ചൈനയുടെ ഓഹരി 13 കോടി ടണ്ണോളം വരും.
യൂറോപ്പില്‍, ചൈനയിലെ ചില പ്രധാന ഖനനകേന്ദ്രങ്ങളാണ് യുറാനിലെ കു-ച്ചൂ, കേവാങ്സീയിലെ ഫൂ-ഹോ-ചുങ് (ടിന്‍); യാങ്സേ നദിയുടെ തെക്കന്‍ പ്രദേശം (മാങ്ഗനീസ്); തെക്ക് പടിഞ്ഞാറ് ചൈനയിലെ ടങ്ജന്‍, ക്വീചോ ഭാഗങ്ങള്‍ (മെര്‍ക്കുറി)' ദക്ഷിണകിയാങ്സി, ഹനാന്‍, ക്വാങ്തൂങ് (ടങ്സ്റ്റന്റെ അയിരായ വോള്‍ഫ്രമൈറ്റ്-ശുദ്ധീകരണവേളയില്‍ ഉപോത്പന്നമായി മോളിബ്ഡിനവും); തെക്കന്‍ മഞ്ചൂറിയയിലെ അന്‍ഷാന്‍, യാങ്സീ താഴ്വര (ഇരുമ്പയിര്); ഷിഹ്മീങ് (ആസ്ബെസ്റ്റസ്); ഹ്യൂപ്പെ, ക്യൂചൊപ്രവിശ്യകള്‍ (ഫോസ്ഫേറ്റ് ഖനിജങ്ങള്‍); ഷാങ്സീ, ഷെങ്സീ, കാങ്സൂ, ഹ്യൂപ്പെ പ്രവിശ്യകള്‍ (കല്‍ക്കരി); സിങ്കിയാങ്ങിലെ കരാമയ് എണ്ണപ്പാടം, സിച്ചുവാന്‍ പ്രവിശ്യ (പ്രകൃതിവാതകം); സിങ്കിയാങ് പ്രവിശ്യ (അറ്റോമിക് ഖനിജങ്ങള്‍); ജിയാങ്സി പ്രവിശ്യ (ചീനക്കളിമണ്ണ് അഥവാ കയോലിന്‍) തുടങ്ങിയവ.
പ്രകൃതിവിഭവങ്ങളാല്‍ സമ്പന്നമാണ് റഷ്യ. ഈ രാഷ്ട്രം മിക്ക ഖനിജങ്ങളുടെയും കാര്യത്തില്‍ സ്വയംപര്യാപ്തവുമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങള്‍ ഉത്പാദിപ്പിക്കുന്നത് ഇവിടെയാണ്. നോറില്‍സ്കാ, കോലാ പെനിന്‍സുല എന്നിവിടങ്ങളില്‍ പത്ത് ദശലക്ഷം ഔണ്‍സ് പ്ലാറ്റിനം ഗ്രൂപ്പ് ലോഹങ്ങള്‍ ഉള്ളതായി തിട്ടപ്പെടുത്തിയിട്ടുണ്ട്. മുന്‍ സോവിയറ്റ് യൂണിയനിലാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ കല്‍ക്കരി നിക്ഷേപം ഉള്ളതും ഖനനം ചെയ്യപ്പെടുന്നതും. 77,65,300 ദശലക്ഷം ടണ്ണാണ് തിട്ടപ്പെടുത്തിയ കരുതല്‍. ഇതില്‍ 37 ശതമാനം ലിഗ്നൈറ്റും 31 ശതമാനം കോക്കും കല്‍ക്കരിയും 32 ശതമാനം ആന്ത്രസൈറ്റും ആകുന്നു. കസ്ബാസും ഡന്‍ബാസുമാണ് മുഖ്യ കല്‍ക്കരിപ്പാടങ്ങള്‍. ലോകത്തിലെ ഏറ്റവും വലിയ ക്രോമൈറ്റ് നിക്ഷേപവും ഇവിടെയാണ്. കൂടാതെ എണ്ണ, ചെമ്പയിര്, നാകം, ക്രോമൈറ്റ്, ഈയം എന്നിവയും ഖനനം ചെയ്യുന്നു.
ബോറോണ്‍ ഖനിജങ്ങള്‍, ബിസ്മത്ത്, ഈയ-നാക അയിരുകള്‍, ചെമ്പ്, മാങ്ഗനീസ്, സ്വര്‍ണം, വെള്ളി, നാകം, കല്‍ക്കരി, പ്രകൃതിവാതകം, പ്ലാറ്റിനം, മെര്‍ക്കുറി, നിക്കല്‍ തുടങ്ങിയ ലോഹങ്ങളുടെ അയിരുകളും തെക്കേ അമേരിക്കയിലുണ്ട്.
ചിലി ലോകത്തില്‍ ഏറ്റവും കൂടുതല്‍ ചെമ്പ് ഉത്പാദിപ്പിക്കുന്ന രാജ്യമാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ ബിസ്മത്ത് ഉത്പാദിപ്പിക്കുന്നത് പെറുവിലാണ്. ലോകത്തില്‍ എറ്റവും ഉയരത്തില്‍ സ്ഥിതിചെയ്യുന്ന എണ്ണപ്പാടമാണ് ഇവിടെ ലേക് ടിറ്റിക്കാക്കാ പ്രദേശത്തിലുള്ളത് (ഉയരം 3812 മീ.). 1955 വരെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനേഡിയം ഉത്പാദിപ്പിച്ചിരുന്ന രാജ്യവും പെറുവായിരുന്നു; മിനാസാഗ്ര എന്ന ഒരേയൊരു വനേഡിയം ഖനിയില്‍നിന്നും.
ലോകവിപണിയിലേക്ക് ക്വാര്‍ട്ട്സ് ക്രിസ്റ്റല്‍, ബെറില്‍, ഷീറ്റ്മൈക്ക്, മാങ്ഗനീസ്-അയിര്, മോണസൈറ്റ്, കോളുംബൈറ്റ്-ടാന്റലൈറ്റ്, സിര്‍ക്കണ്‍, ലിഥിയം, ടങ്സ്റ്റണ്‍, നിക്കല്‍ അയിര് തുടങ്ങിയവയുടെ ഖനിജങ്ങള്‍ വിതരണം ചെയ്യുന്ന രാജ്യമാണ് ബ്രസീല്‍.
അലുമിനിയം കമ്പനി ഒഫ് അമേരിക്ക, അലുമിനിയം കമ്പനി ഒഫ് കാനഡ, ബില്ലിട്ടണ്‍ എന്ന ഡച്ച് കമ്പനി, സുരിനാം അലുമിനിയം കമ്പനി എന്നീ സ്ഥാപനങ്ങളാണ് പ്രധാനമായി ബോക്സൈറ്റ് ഖനനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.
മധ്യ-അമേരിക്കയില്‍ ഖനിജസമ്പന്നമായ രാജ്യമാണ് മെക്സിക്കോ. കല്‍ക്കരി, കോക്ക്, പെട്രോളിയം എന്നിവ ഉള്‍പ്പെടെ മിക്കവാറും എല്ലാ ഖനിജങ്ങളും ഇവിടെ ലഭ്യമാണ്. പ്രതിവര്‍ഷം 21 ലക്ഷം കിലോഗ്രാം വെള്ളി ഉത്പാദിപ്പിക്കുന്ന മെക്സിക്കോ ലോകത്തില്‍ പ്രഥമസ്ഥാനത്താണ്. 7.23 ലക്ഷം ടണ്‍ ഫ്ളൂറൈറ്റ് ഉത്പാദിപ്പിക്കുന്ന മെക്സിക്കോ, മങ്ഗോളിയയ്ക്കു തൊട്ടുപിന്നില്‍, രണ്ടാം സ്ഥാനത്തു നില്ക്കുന്നു. ബിസ്മത്ത്, സ്ട്രോണ്‍ഷ്യം, സള്‍ഫര്‍, ആഴ്സെനിക്ക് ട്രൈ ഓക്സൈഡ് എന്നിവയുടെ ഉത്പാദനത്തിലും മെക്സിക്കോ മുന്‍പന്തിയില്‍ത്തന്നെ. പ്രതിവര്‍ഷം 15 കോടി ടണ്‍ പെട്രോളിയം ഉത്പാദിപ്പിക്കുന്ന ഇവിടത്തെ പോസാ റീകാ എണ്ണപ്പാടം പ്രസിദ്ധമാണ്. പ്രകൃതിവാതകവും ഗന്ധകവും യഥേഷ്ടം ലഭ്യമാകയാല്‍ ഇവിടെ പെട്രോ-കെമിക്കല്‍ വ്യവസായം വളരെ അഭിവൃദ്ധിപ്പെട്ടിരിക്കുന്നു. ഇവിടെ കിട്ടുന്ന പല അയിരുകളും ഖനിജങ്ങളും വടക്കേ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.
ഖനിജങ്ങള്‍, ഫോസില്‍-ഇന്ധനങ്ങള്‍ (കല്‍ക്കരി, എണ്ണ, വാതകം തുടങ്ങിയവ), അയിരുകള്‍, ലോഹങ്ങള്‍ എന്നിവയുടെ ഉത്പാദനത്തിലും ഉപഭോഗത്തിലും മുന്‍പന്തിയില്‍ നില്ക്കുന്നതിനാല്‍ ഗാര്‍ഹികാവശ്യങ്ങള്‍ പൂര്‍ത്തിയാക്കുന്നതിന് അന്തര്‍ദേശീയ കമ്പോളത്തില്‍ നിന്ന് ഖനിജങ്ങളും അയിരുകളും മൊത്തമായി വാങ്ങുകയും ചെയ്യുന്നു. ഗാലിയം, ജര്‍മേനിയം, കാഡ്മിയം, ഥാലിയം, ബിസ്മത്ത്, ഇറിഡിയം, ഡെലീനിയം, ടെലൂറിയം, കോബാള്‍ട്ട്, മോളിബ്ഡനം, സ്വര്‍ണം, വെള്ളി തുടങ്ങിയ മൂലകങ്ങള്‍ വിവിധ സമ്മിശ്ര അയിരുകളില്‍നിന്ന് വേര്‍തിരിച്ചെടുക്കുക, താഴ്ന്നതരം അയിരുകളെ മേല്‍ത്തരമാക്കുക, ടാക്കൊണൈറ്റ് നിക്ഷേപങ്ങളില്‍നിന്ന് ഇരുമ്പ് വേര്‍തിരിച്ച് പൈലറ്റുകള്‍ ഉണ്ടാക്കുക, വെറും രണ്ടു ശതമാനം ഇല്‍മനൈറ്റ് അടങ്ങിയ ഫ്ളോറിഡായിലെ മണല്‍ക്കൂമ്പാരങ്ങളില്‍നിന്ന് ഇല്‍മനൈറ്റ് വേര്‍തിരിച്ചെടുക്കുക, നിരുപയോഗമായി ഉപേക്ഷിച്ച ലോഹാവശിഷ്ടങ്ങളും അയിരുകളും വീണ്ടും പ്രയോജനപ്പെടുത്തുക തുടങ്ങിയ എല്ലാ സംരംഭങ്ങളും ഇവിടെ നടന്നുകൊണ്ടിരിക്കുന്നു.
ഇന്ത്യാസമുദ്രത്തിലെ ദ്വീപായ ക്രിസ്മസ് ദ്വീപില്‍ നിന്നും ആണ്ടുതോറും വന്‍തോതില്‍ ഫോസ്ഫേറ്റ് ഖനനം ചെയ്തെടുക്കുന്നുണ്ട്. ഭാവിയില്‍ വലിയ ഖനനസാധ്യതകളുള്ള ഒരു ഭൂഖണ്ഡമാണ് അന്റാര്‍ട്ടിക്ക.
ഖനനം ഇന്ത്യയില്‍
ധാതുനിക്ഷേപങ്ങളാല്‍ സമ്പന്നമാണ് ഇന്ത്യ. ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളിലും വിവിധങ്ങളായ ധാതുനിക്ഷേപങ്ങളുണ്ട്. ഏറ്റവും കൂടുതല്‍ ധാതുനിക്ഷേപങ്ങള്‍ കാണപ്പെടുന്നത് ബിഹാര്‍, പശ്ചിമബംഗാള്‍, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ്. ഇന്ത്യയില്‍ ഇന്ന് ഒരു ലക്ഷത്തിലധികം ഹെക്ടര്‍ സ്ഥലത്ത് ഖനനം നടക്കുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും കേന്ദ്രീകരിച്ചിരിക്കുന്നത് പിന്നോക്ക പ്രദേശങ്ങളിലാണ്. 1947-ല്‍ 22 ഇനം ധാതുക്കളാണ് ഖനനം ചെയ്തിരുന്നതെങ്കില്‍, 2000-ല്‍ ഖനനം ചെയ്യുന്ന ധാതു വിഭവങ്ങള്‍ 90 ആയി വര്‍ധിച്ചു. കല്‍ക്കരി, സ്വര്‍ണം, ഇരുമ്പ്, ചെമ്പ്, സിങ്ക്, മാങ്ഗനീസ്, ലെഡ്, വജ്രം എന്നിവയാണ് ഖനനം ചെയ്യപ്പെടുന്ന പ്രധാന ധാതുവിഭവങ്ങള്‍. കളിമണ്ണ്, കരിമണല്‍, സിലിക്കാമണല്‍ എന്നിവയാണ് കേരളത്തിലെ മുഖ്യ ഖനിജങ്ങള്‍. ഇന്ത്യയില്‍ ഏറ്റവും പഴക്കമേറിയ ഖനനം കല്‍ക്കരിയുടേതാണ് (1774 മുതല്‍). പശ്ചിമബംഗാള്‍, ഒഡിഷ, ബിഹാര്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ കല്‍ക്കരി ഖനനം ചെയ്യുന്നത്. ഇന്ത്യയില്‍ 1880 മുതല്‍ കര്‍ണാടകയിലെ കോളാര്‍ സ്വര്‍ണഖനികളില്‍ നിന്ന് സ്വര്‍ണം ഖനനംചെയ്തു വന്നു. ഇപ്പോള്‍ ഇവിടെ ഉത്പാദനം നടക്കുന്നില്ല.
പെട്രോളിയ-പ്രകൃതിവാതകക്കിണറുകള്‍; 1962-ലെ അറ്റോമിക് എനര്‍ജി ആക്റ്റില്‍ പ്രതിപാദിക്കുന്ന ഖനിജങ്ങള്‍ക്കുവേണ്ടിയുള്ള ഖനികള്‍; കരിങ്കല്ല്, ചെങ്കല്ല് മുതലായ 'മൈനര്‍ മിനറലു'കളുടെ ക്വാറികള്‍ എന്നിവയെ ഒഴിച്ചുനിര്‍ത്തിയാല്‍, 1986-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 4,221 ഖനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇവയില്‍ 501 എണ്ണം കല്‍ക്കരിക്കും ലിഗ്നൈറ്റിനും വേണ്ടിയാണ്. ലോഹഖനിജങ്ങള്‍ക്കായി 720-ഉം ലോഹേതര ഖനിജങ്ങള്‍ക്കായി 3,000-ഉം ഖനനകേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു.
ഇന്ധനേതര ഖനിജങ്ങള്‍ക്കായി ഇന്ത്യയില്‍ 300-ഓളം ഭൂഗര്‍ഭഖനികളുണ്ട്. ഇവയില്‍ 36 എണ്ണം ലോഹങ്ങള്‍ക്കുവേണ്ടിയുള്ളവയാണ് (ചെമ്പ്-12, മാങ്ഗനീസ് അയിര്-10, ഈയ-നാക നിക്ഷേപങ്ങള്‍-7, സ്വര്‍ണം-5, ക്രോമൈറ്റ്-1, ടങ്സ്റ്റന്‍-1). ലോഹേതര-ഖനിജങ്ങള്‍ക്കാകട്ടെ, 257 ഭൂഗര്‍ഭഖനികളാണ് പ്രവര്‍ത്തിക്കുന്നത് ധമൈക്ക-157, ഓക്കര്‍ (കാവി)-72പ, ആസ്ബെസ്റ്റസ്-13, ബെറൈറ്റീസ്-4, അപറ്റൈറ്റ്-1, കാല്‍സൈറ്റ്-1, ഡോളമൈറ്റ്-1, ഗാര്‍നറ്റ്-1, റോക്ക്സാള്‍ട്ട്-1, റോക്ക് ഫോസ്ഫേറ്റ്-2, പൈറ്റൈറ്റ്-2, സോപ്സ്റ്റോണ്‍-2). 1985-ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ തുറക്കുഴി-ഖനികള്‍ ആകെ 162 ആയിരുന്നു (ബോക്സൈറ്റ്-8, ചെമ്പ്-2, ഡോളമൈറ്റ്-5, ജിപ്സം-5, ഫെറോ-മാങ്ഗനീസ് അയിര്-4, മാഗ്നസൈറ്റ്-4, സ്റ്റിയറൈറ്റ്/സോപ്സ്റ്റോണ്‍-4, ഇരുമ്പയിര്-53, ചുണ്ണാമ്പുകല്ല്-67, റോക്ക് ഫോസ്ഫേറ്റ്-3, കാത്സ്യമയ മണല്‍-3, കളിമണ്ണ്-1, ഡോളമൈറ്റ്-1, ഫ്ളൂര്‍സ്പാര്‍-1, മാങ്ഗനീസ് അയിര്-1). ഖനിജോത്പാദന രംഗത്ത് പൊതുമേഖലയ്ക്കാണ് നമ്മുടെ നാട്ടില്‍ അധീശത്വം. ഈ മേഖലയില്‍ 40 വിവിധ ഖനിജങ്ങള്‍ക്കായി 1985-ല്‍ 851 ഖനികള്‍ പ്രവര്‍ത്തിച്ചിരുന്നു. ലിഗ്നൈറ്റ്, പെട്രോളിയം, പ്രകൃതിവാതകം എന്നീ ഖനിജ-ഇന്ധനങ്ങളുടെ ഉത്പാദനം ഇന്നും പൂര്‍ണമായും പൊതുമേഖലയില്‍ തന്നെയാണ്. നാലാമത്തെ ഖനിജ-ഇന്ധനമായ കല്‍ക്കരിയെ സംബന്ധിച്ചിടത്തോളം പൊതുമേഖലയ്ക്ക് പൂര്‍ണാവകാശമില്ല; എന്നാല്‍ത്തന്നെ ചെറിയൊരംശം മാത്രമേ സ്വകാര്യമേഖലയില്‍ ഉത്പാദിപ്പിക്കുന്നുള്ളൂ.
ചെമ്പ്, സ്വര്‍ണം, വെള്ളി, ഈയം, നാകം, ഇല്‍മനൈറ്റ്, വൂട്ടൈല്‍, ടങ്സ്റ്റണ്‍ എന്നീ ലോഹങ്ങള്‍ നേടിയെടുക്കുന്നതിനുവേണ്ടിയുള്ള ഖനനം മുഴുവനും പൊതുമേഖലയില്‍ത്തന്നെ നടക്കുന്നു. ലോഹേതര-ഖനിജങ്ങളുടെ കാര്യത്തില്‍ ഡയമണ്ട്, ഫ്ളൂര്‍സ്പാര്‍, ഫോസ്ഫറൈറ്റ്, പൈറൈറ്റ്, ഗന്ധകം എന്നിവയ്ക്കും പൊതുമേഖലാമേധാവിത്വം തുടരുകയാണ്. ആസ്ബെസ്റ്റസ്, ബാള്‍ക്ളേ, ബറൈറ്റീസ്, കയോലിന്‍, ഗാര്‍നറ്റ് (രത്നക്കല്ലിനവും അബ്രേസീവ് ഇനവും), ജിപ്സം, ചുണ്ണാമ്പുകല്ല്, മാഗ്നസൈറ്റ്, സിലിക്കാഖനിജങ്ങള്‍, സ്റ്റിയറൈറ്റ്, വെര്‍മിക്യുലൈറ്റ് എന്നീ ലോഹേതര ഖനിജങ്ങളുടെ ഉത്പാദനത്തിന് മികച്ച സംഭാവന പൊതുമേഖലയില്‍ നിന്നു കിട്ടിവരുന്നു.
ഒരു ഖനിജാധിഷ്ഠിത വ്യവസായ സ്ഥാപനം അതിന്റെ ആവശ്യത്തിനുമാത്രം ഉതകത്തക്കവിധം നടത്തുന്ന ഖനിയെ 'കാപ്റ്റിവ് മൈന' എന്നു പറയുന്നു (ഉദാ. പാലക്കാട്ടെ മലബാര്‍ സിമന്റ്സ് ലിമിറ്റഡ് എന്ന കമ്പനി വാളയാറില്‍ നടത്തുന്ന ചുണ്ണാമ്പുകല്‍-ഖനി).
മൈക്കബ്ളോക്കുകളുടെയും പിളര്‍പ്പുകളുടെയും മാത്രം കണക്കെടുത്താല്‍ ആഗോള-അഭ്രോത്പാദനത്തില്‍ ഇന്ത്യ ഒന്നാംസ്ഥാനത്താണ്. എന്നാല്‍ പാളികളുടെയും തുണ്ടുകളുടെയും കാര്യം കൂടി പരിഗണിച്ചാല്‍ ഈ സ്ഥാനം അഞ്ച് ആയി കുറയും. കയനൈറ്റ്, സിലിമനൈറ്റ് എന്നീ അലുമിനിയം സിലിക്കേറ്റുകളെ സംബന്ധിച്ച് ഇന്ത്യയ്ക്ക് രണ്ടാം സ്ഥാനമാണ്.
2010-ല്‍ കല്‍ക്കരി, ലിഗ്നൈറ്റ്, പെട്രോളിയം, പ്രകൃതിവാതകം എന്നീ ഖനിജ-ഇന്ധനങ്ങളുടെയും; ബോക്സൈറ്റ്, ക്രോമൈറ്റ്, ചെമ്പയിര്, ഇരുമ്പയിര്, സ്വര്‍ണം, വെള്ളി, സിങ്ക് തുടങ്ങിയ ലോഹ ഖനിജങ്ങളുടെയും; ബാള്‍ ക്ളേ, ഡയമണ്ട്, ഗാര്‍നറ്റ്, ജിപ്സം, ചുണ്ണാമ്പുകല്ല്, ടാല്‍ക് ഇത്യാദി ലോഹേതര-ഖനിജങ്ങളുടെയും ഉത്പാദനനിലവാരം അടിക്കടി വര്‍ധിച്ചുവരുന്നതായാണ് സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത്.
2009-10 സാമ്പത്തികവര്‍ഷത്തില്‍ ഇന്ത്യയിലെ ഖനന മേഖലയില്‍ നിന്നുള്ള വരവ് 16694.93 കോടി രൂപയാണ്.
ഇന്ത്യയില്‍ ധാതുനിക്ഷേപ പര്യവേക്ഷണം ലക്ഷ്യമാക്കി നിരവധി സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ, മിനറല്‍ എക്സ്പ്ളൊറേഷന്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്, അറ്റോമിക് മിനറല്‍ ഡിവിഷന്‍, ഓയില്‍ ആന്‍ഡ് നാച്വറല്‍ ഗ്യാസ് കമ്മിഷന്‍, വിവിധ സംസ്ഥാന മൈന്‍സ് & ജിയോളജി ഡിപ്പാര്‍ട്ടുമെന്റുകള്‍ എന്നിവ ഇതില്‍ മുഖ്യപങ്കു വഹിക്കുന്നുണ്ട്. ധാതു ഖനനത്തിനായി ധാരാളം ഏജന്‍സികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഉദാ. കോള്‍ ഇന്ത്യാ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ കോപ്പര്‍ ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ സിങ്ക് ലിമിറ്റഡ്, ഭാരത് ഗോള്‍ഡ് മൈന്‍സ്, സ്റ്റീല്‍ അതോറിറ്റി ഒഫ് ഇന്ത്യ, ഭാരത് അലുമിനിയം കമ്പനി ലിമിറ്റഡ് എന്നിവ.
സമുദ്രഖനനം
കരയോടൊപ്പം ഖനിജസമ്പന്നമാണ് കടല്‍. സമീപഭാവിയില്‍ കടല്‍ കരയെ കവച്ചുവയ്ക്കുന്ന ഖനിജസ്രോതസ്സാകുമെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്. സമുദ്രഖനിജസ്രോതസ്സുകള്‍ മൂന്നു തരത്തില്‍പ്പെടുന്നു: വെള്ളത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ളവ; കടല്‍ത്തട്ടില്‍ കാണപ്പെടുന്നവ; കടല്‍ത്തട്ടിനടിയിലെ പാറകളില്‍ സ്ഥിതിചെയ്യുന്നവ.
1. സമുദ്രജലഖനനം. പല മൂലകങ്ങളും വിവിധയളവില്‍ കടല്‍വെള്ളത്തില്‍ ലയിച്ചുചേര്‍ന്നിരിക്കുന്നു. വെള്ളം വെയില്‍ കൊണ്ട് ആവിയാകുന്നതിലൂടെയും മറ്റു രാസപ്രക്രിയകളിലൂടെയും ഇവയില്‍ പലതും വേര്‍തിരിഞ്ഞുകിട്ടുന്നുണ്ട്. ഈ പ്രക്രിയകളെ സാങ്കേതികമായി ഖനനം എന്നുതന്നെ പറയുന്നു.
മഗ്നീഷ്യത്തിന്റെ ആഗോളോത്പാദനത്തില്‍ സിംഹഭാഗവും കടല്‍വെള്ളത്തില്‍നിന്നുതന്നെ. 'റിഫ്രാക്റ്ററി ബ്രിക്കി'ലെ മഗ്നീഷ്യം ഓക്സൈഡിന്റെ കാര്യവും വ്യത്യസ്തമല്ല. കടല്‍വെള്ളത്തെ പമ്പുചെയ്ത് കരയിലുള്ള പ്ലാന്റുകളിലെത്തിച്ച് വിവിധ രാസപ്രക്രിയകള്‍ക്കു വിധേയമാക്കി മഗ്നീഷ്യം ലോഹരൂപത്തിലോ മഗ്നീഷ്യ(MgO)മായോ ഉത്പാദിപ്പിക്കുന്നു.
കടല്‍വെള്ളത്തിന്റെ ബാഷ്പീകരണം വഴിയാണ് കറിയുപ്പ് (NaCl) ലഭിക്കുന്നത്. മഗ്നീഷ്യത്തിന്റെയും കറിയുപ്പിന്റെയും നിര്‍മാണപ്രക്രിയയിലൂടെ ലഭിക്കുന്ന ഉപോത്പന്നമാണ് ബ്രോമിന്‍ എന്ന മൂലകം. ഒരു ഉപോത്പന്നമെന്ന നിലയിലല്ലാതെ ബ്രോമിന്‍ പ്രത്യേകമായും സംസ്കരിച്ചെടുക്കാറുണ്ട്.
2. കടല്‍ത്തറ-ഖനനം. 1950-കളിലാണ് കടല്‍ത്തറകളില്‍ കാണപ്പെടുന്ന മാങ്ഗനീസ് നോഡ്യൂളുകളെക്കുറിച്ചു വിവരം ലഭിച്ചത്. ഹാവായിക്കു തെക്കു കിഴക്കായി 3,660-4,880 മീ. ആഴത്തില്‍ സ്ഥിതിചെയ്യുന്ന, സുമാര്‍ 8,32,050 ച.കി.മീ. വിസ്തീര്‍ണമുള്ള 'പസിഫിക് നോഡ്യൂള്‍ ബെല്‍റ്റി'ല്‍ ചതുരശ്രമീറ്ററിന് 10 കിലോഗ്രാം എന്ന തോതില്‍ ഖനനവിധേയമാക്കാവുന്ന നോഡ്യൂളുകള്‍ ഉണ്ടെന്നു കണക്കാക്കിയിട്ടുണ്ട്. രാസ-മെറ്റലര്‍ജീയ സംസ്കരണരീതികള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെങ്കിലും വാണിജ്യാടിസ്ഥാനത്തില്‍ മാങ്ഗനീസ്-നോഡ്യൂളുകളുടെ ഖനനം ഇതുവരെ ആരംഭിച്ചിട്ടില്ല. എന്നാല്‍ വളരെ തീവ്രമായ പദ്ധതികള്‍ ഇതിനുവേണ്ടി നടപ്പാക്കിത്തുടങ്ങിയിട്ടുണ്ട്.
മറ്റൊരു ഖനിജമൂലകമാണ് ഫോസ്ഫറൈറ്റ് നോഡ്യൂളുകള്‍. 20 മുതല്‍ 30 ശതമാനം വരെ ഫോസ്ഫറസ് പെന്റോക്സൈഡ് (P2O5) അടങ്ങിയിട്ടുള്ള ഈ നോഡ്യൂളുകള്‍ കാലിഫോര്‍ണിയയുടെയും തെക്കേ ആഫ്രിക്കയുടെയും തീരക്കടലുകളില്‍ സുമാര്‍ 365 മീ. ആഴത്തിലായി കാണപ്പെടുന്നു. ആഴം കുറവായതിനാല്‍ മാങ്ഗനീസ് നോഡ്യൂളുകളെക്കാള്‍ വേഗത്തില്‍ ഇവ ശേഖരിക്കാന്‍ കഴിയും. കരയിലുള്ള ഫോസ്ഫേറ്റ് നിക്ഷേപങ്ങളുടെ ഖനനം ചെലവുകുറഞ്ഞതായതിനാല്‍ ഈ നോഡ്യൂളുകള്‍ ഭാവിയിലേക്കുള്ള കരുതല്‍ശേഖരമായി സൂക്ഷിക്കാനാവും.
3. കടല്‍ത്തട്ടിനടിയിലെ ഖനനം. ഭൂഖണ്ഡങ്ങളെ ചുറ്റിയുള്ള 'കോണ്‍ടിനെന്റല്‍ ഷെല്‍ഫു'കള്‍ക്കാധാരമായിരിക്കുന്നത് സമുദ്രത്തിന്റെ അടിത്തട്ടിലുള്ള പാറകളുടെ അടുക്കുകളാണ്. ഈ പാറയടുക്കുകളില്‍ പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ സമ്പന്നനിക്ഷേപങ്ങളുണ്ട്. പാറ തുരന്ന് ഈ നിക്ഷേപങ്ങളിലേക്കു കുഴികളുണ്ടാക്കി എണ്ണയും പ്രകൃതിവാതകങ്ങളും ഖനനം ചെയ്തെടുക്കുകയാണ് പതിവ്. കടല്‍ത്തട്ടില്‍ 185 മീ. വരെ ആഴത്തില്‍ തുരന്നെടുക്കാനുള്ള സംവിധാനമുണ്ട്. എണ്ണ-പ്രകൃതിവാതകങ്ങളുടെ സാന്നിധ്യം മനസ്സിലായിക്കഴിഞ്ഞാല്‍, തീരത്തിനകലെ സ്ഥിരം പ്ലാറ്റ്ഫോമുകള്‍ സ്ഥാപിച്ച് കൂടുതല്‍ വേധനദ്വാരങ്ങള്‍ നിര്‍മിക്കുന്നു. ഇന്ത്യയിലെ ബോംബെ തീരം ഇതിന് ഉത്തമോദാഹരണമാണ്.
കോണ്‍ടിനെന്റല്‍ ഷെല്‍ഫുകളുടെ അടിയിലായി സ്ഥിതിചെയ്യുന്ന കല്ലുപ്പുനിക്ഷേപങ്ങള്‍ക്ക് (salt domes) തൊപ്പിയെന്നോണം പലപ്പോഴും സള്‍ഫര്‍ നിക്ഷേപങ്ങള്‍ കാണാം. കരയില്‍ നിന്നകലെയായുള്ള പ്ലാറ്റ്ഫോമുകളില്‍ നിന്ന് കടല്‍ത്തട്ടിനടിയിലേക്ക് ദ്വാരങ്ങള്‍ തുരന്നുണ്ടാക്കിയാണ് ഇതിന്റെയും ഖനനം നിര്‍വഹിക്കുന്നത്. സള്‍ഫര്‍ നിഷ്കര്‍ഷണത്തിനുപയോഗിക്കുന്ന സമ്പ്രദായം 'ഫ്രാഷ്' രീതി എന്നറിയപ്പെടുന്നു. 160oC വരെ തിളപ്പിച്ച വെള്ളം അവമര്‍ദിതവായുവിനോടൊപ്പം ദ്വാരത്തിലേക്കു പമ്പുചെയ്ത്, സള്‍ഫറിനെ വെള്ളത്തില്‍ ലയിപ്പിച്ച്, ശേഖരിക്കുകയാണ് പതിവ്. ഈ പ്രക്രിയയാണ് ഫ്രാഷ് സമ്പ്രദായം.
ഖനി-അപകടങ്ങളും സുരക്ഷിതത്വവും
വളരെയേറെ അപകടമുള്ള ഒരു തൊഴിലാണ് ഖനനം. ഖനനത്തില്‍ പതിയിരിക്കുന്ന അപകടങ്ങള്‍മൂലം പണ്ടുകാലത്ത് ശിക്ഷിക്കപ്പെട്ട കുറ്റവാളികളും യുദ്ധത്തടവുകാരുമാണ് ഖനനജോലികള്‍ക്കു നിയുക്തമായിരുന്നത്. ഈയടുത്ത കാലംവരെ പല രാജ്യങ്ങളിലും നിര്‍ബന്ധിത-ജോലിവ്യവസ്ഥകളും ഖനിജത്തൊഴിലാളികള്‍ക്കിടയില്‍ നിലനിന്നിരുന്നു. മുകള്‍ഭാഗത്തിന്റെ പെട്ടെന്നുള്ള പതനം, ഓര്‍ക്കാപ്പുറത്തുള്ള തറയുടെ താഴോട്ടമരല്‍, മണ്ണിടിച്ചില്‍, അഗ്നിബാധ, വെള്ളപ്പൊക്കം, വിഷവാതകങ്ങള്‍, സ്ഫോടനം തുടങ്ങിയ കാരണങ്ങള്‍കൊണ്ടാണ് പലപ്പോഴും ഖനികളില്‍ അപകടങ്ങളുണ്ടാകുന്നത്. കല്‍ക്കരിപോലുള്ള ഖനിജങ്ങള്‍ ലഭിക്കുന്ന ഖനികളാണ് അപകടസാധ്യതയില്‍ മുന്നില്‍. ഖനിയപകടങ്ങള്‍ ഏറ്റവും കൂടുതല്‍ സംഭവിക്കുന്ന രാജ്യങ്ങളാണ് ചൈനയും ചിലിയും. അപര്യാപ്തമായ സുരക്ഷാസംവിധാനമാണിതിനു കാരണം.
ഖനികളിലെ അപകടസാധ്യതയ്ക്കെതിരെ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ കഴിയുന്ന വിധത്തില്‍ ശാസ്ത്രീയ മുന്നേറ്റങ്ങള്‍ നടന്നത് 20-ാം ശതകത്തിലാണ്. സുരക്ഷാപരീക്ഷണങ്ങള്‍ നടത്തിക്കഴിഞ്ഞ മെഷിനറികള്‍, താങ്ങുകള്‍, സ്ഫോടകവസ്തുക്കള്‍, വെന്റിലേഷനും ഡ്രെയിനേജിനും ആവശ്യമായ സംവിധാനങ്ങള്‍, ശ്വസനസഹായികള്‍, സുരക്ഷാവിളക്കുകള്‍, ഹെല്‍മെറ്റുകള്‍, സുരക്ഷിതമായ യന്ത്രങ്ങള്‍, ആവശ്യാനുസരണമുള്ള വായു-നീര്‍സഞ്ചാരം, തൊഴിലാളികളുടെ കൃത്യമായ വൈദ്യപരിശോധന, അരക്ഷിതഖനി ഖനനനിരോധനം എന്നിവ പ്രയോഗത്തില്‍ ഒരു പരിധിവരെ ഖനിയപകടങ്ങളെ നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്.
2010 ആഗസ്റ്റില്‍, ചിലിയിലെ കോപിയാപോയ്ക്കടുത്ത് സാന്‍ജോസ് ചെമ്പ്-സ്വര്‍ണഖനിയിലുണ്ടായ അപകടവും രക്ഷാപ്രവര്‍ത്തനങ്ങളും ഏറെ ശ്രദ്ധേയമാണ്. ഖനിക്കടിയില്‍ ഏതാണ്ട് 700 മീ. ആഴത്തില്‍ അകപ്പെട്ട 33 തൊഴിലാളികളെയും 69 ദിവസത്തിനുശേഷം; ആധുനിക ശാസ്ത്ര-സാങ്കേതിക മുന്നേറ്റങ്ങളിലൂടെ പരിക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്താനായത് ചിലിയന്‍ ഭരണാധികാരികളുടെ ആത്മാര്‍ഥപൂര്‍ണമായ പ്രവര്‍ത്തനത്തിലൂടെയാണ്. മറ്റു ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ക്കൊപ്പം യു.എസ്., കാനഡ, ദക്ഷിണാഫ്രിക്ക, ആസ്റ്റ്രേലിയ, ചൈന തുടങ്ങിയ രാജ്യങ്ങളും ഈ രക്ഷാപ്രവര്‍ത്തനത്തില്‍ സഹകരിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ നൂതന സങ്കേതങ്ങളായ വീഡിയോ കോണ്‍ഫറന്‍സിങ്, ക്യാമറകള്‍, നൂതനഡ്രില്ലിങ് സാങ്കേതികവിദ്യയിലൂടെയുള്ള തുരങ്കനിര്‍മാണം, രക്ഷാപേടകം (ഫീനിക്സ്), തൊഴിലാളികള്‍ക്ക് മരുന്നും മറ്റ് അവശ്യവസ്തുക്കളും എത്തിക്കാനായി രൂപകല്പന ചെയ്ത പ്ലാസ്റ്റിക് ക്യാപ്സൂളുകള്‍ എന്നിവയിലൂടെയാണ് ഈ രക്ഷാപ്രവര്‍ത്തനം സാധ്യമായത്. എന്നാല്‍, 2010-ല്‍ത്തന്നെ ചൈന, യു.എസ്., റഷ്യ, തുര്‍ക്കി, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങളിലും ചിലിയിലെ മറ്റു ഖനികളിലും ഉണ്ടായ അപകടങ്ങളിലൊന്നും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് പൂര്‍ണമായ വിജയം നേടാനായിട്ടില്ല.
ഇന്ത്യയില്‍ ഖനനരംഗത്ത് പണിയെടുത്തിരുന്ന തൊഴിലാളികളുടെ എണ്ണം 1976-ല്‍ 8.51 ലക്ഷവും 1986-ല്‍ 10.77 ലക്ഷവുമായിരുന്നത് 2001-ല്‍ 16.57 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
കൊല്‍ക്കത്ത ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ജിയോളജിക്കല്‍ സര്‍വേ ഒഫ് ഇന്ത്യ'യാണ് കിഴക്കേ ഇന്ത്യയില്‍ കല്‍ക്കരിഖനനത്തിന്റെ സാധ്യതകള്‍ അന്വേഷിക്കുന്നതിനു ചുമതലപ്പെട്ട സ്ഥാപനം.
തൊഴിലാളിക്ഷേമം. ഇംഗ്ലണ്ടിലെ കല്‍ക്കരി ഖനികളില്‍ പണിയെടുത്തിരുന്ന സ്ത്രീതൊഴിലാളികളുടെയും കുട്ടികളുടെയും പരിതാപകരമായ അവസ്ഥ ഷാഫ്റ്റ്സ് ബറി പ്രഭുവിന്റെ ഖനിനിയമത്തിന് വഴിതെളിച്ചു (1842). ഈ നിയമപ്രകാരം ഖനിപ്രദേശങ്ങളില്‍ സ്ത്രീതൊഴിലാളികളും കുട്ടികളും ഭൂമിക്കടിയില്‍ പണിയെടുക്കുന്നത് നിരോധിതമാണ്. 1850-ലെ മറ്റൊരു നിയമപ്രകാരം ഒരു മൈന്‍സ് ഇന്‍സ്പക്റ്ററേറ്റ് സ്ഥാപിക്കുകയും ഖനിത്തൊഴിലാളികളുടെ സുരക്ഷിതത്വം സ്റ്റേറ്റിന്റെ അധീനതയില്‍ കൊണ്ടുവരികയും ചെയ്തു. 20-ാം ശതകത്തിന്റെ തുടക്കത്തില്‍പ്പോലും ഇന്ത്യയിലെ കല്‍ക്കരിഖനികളില്‍ വലിയ നിയന്ത്രണങ്ങളൊന്നുംതന്നെ ഉണ്ടായിരുന്നില്ല. 1923-ലെ ഖനിനിയമം 13 വയസ്സിനു താഴെയുള്ള കുട്ടികളില്‍ ഖനികളില്‍ തൊഴില്‍ ചെയ്യുന്നതു നിരോധിച്ചു. ഭൂമിക്കടിയില്‍ പണിയെടുക്കുന്ന പ്രായപൂര്‍ത്തിയായ തൊഴിലാളി ആഴ്ചയില്‍ 54 മണിക്കൂറും മറ്റു തൊഴിലാളികള്‍ 60 മണിക്കൂറും പണിയെടുത്താല്‍ മതിയെന്ന് നിയമം അനുശാസിക്കുന്നു. 1924 ജൂലായില്‍ ഈ ആക്റ്റ് പ്രാബല്യത്തില്‍ വന്നെങ്കിലും 1925-ലെ ചീഫ് ഇന്‍സ്പെക്ടര്‍ ഒഫ് മൈന്‍സിന്റെ റിപ്പോര്‍ട്ടില്‍ കുട്ടികളെ പണിയെടുപ്പിക്കുന്ന സമ്പ്രദായം തുടരുന്നുവെന്ന് ചൂണ്ടിക്കാണിച്ചിരുന്നു. 1923-നുശേഷവും കല്‍ക്കരിഖനികളിലും ഉപ്പുഖനികളിലും സ്ത്രീതൊഴിലാളികള്‍ പണിയെടുത്തിരുന്നെങ്കിലും 1938 ആയപ്പോഴേക്കും ഭൂമിക്കടിയില്‍ സ്ത്രീകള്‍ പണിയെടുക്കുന്നത് പൂര്‍ണമായി വിലക്കപ്പെട്ടു. 1952-ലെ ഖനിനിയമപ്രകാരം ഖനിത്തൊഴിലാളികളുടെ ജോലിസമയം ഒരാഴ്ചയില്‍ 48 മണിക്കൂറായി ക്ളിപ്തപ്പെടുത്തി. 1952-ലെ കല്‍ക്കരിഖനി നിയമം ഖനികളില്‍ സുരക്ഷിതത്വ നടപടികള്‍ ഏര്‍പ്പെടുത്താനും അവ സംരക്ഷിക്കാനുംവേണ്ടി ഒരു കല്‍ക്കരിബോര്‍ഡ് രൂപീകരിക്കുവാന്‍ ശിപാര്‍ശ ചെയ്തു. ഖനിമേഖലയില്‍ ക്ഷേമപരിപാടികള്‍ നടപ്പാക്കാനായി 'മൈക്കാ മൈന്‍സ് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ആക്റ്റ്-1946'. 'കോള്‍ മൈന്‍സ് ലേബര്‍ വെല്‍ഫെയര്‍ ഫണ്ട് ആക്റ്റ്-1947', കോള്‍ മൈന്‍സ് പ്രോവിഡന്റ് ഫണ്ട് ആന്‍ഡ് ബോണസ് സ്കീം ആക്റ്റ്-1948' എന്നീ നിയമങ്ങളും പാസാക്കി.
കേരളത്തില്‍. കേരളത്തിലെ ധാതുസമ്പത്ത് സംസ്ഥാനത്തിന്റെ സമ്പദ്ഘടനയുടെ ദുര്‍ബലമായ ഒരു കണ്ണിയാണ്. ഇത് ഇന്ത്യയുടെ ലോഹധാതുസമ്പത്തില്‍ രണ്ടു ശതമാനത്തിനു താഴെ മാത്രമേ വരൂ. ലോഹമണലുകളായ ഇല്‍മനൈറ്റ്, മോണസൈറ്റ്, റൂട്ടൈല്‍, സിലിക്കണ്‍, സിലിമനൈറ്റ് എന്നിവ വ്യവസായ പ്രധാനങ്ങളാണ്. ജിയോളജിക്കല്‍ ഒഫ് ഇന്ത്യ, സംസ്ഥാന മൈനിങ് ആന്‍ഡ് ജിയോളജി ഡിപ്പാര്‍ട്ട്മെന്റ്, അണുശക്തി വകുപ്പ് എന്നീ സ്ഥാപനങ്ങളാണ് കേരളത്തിലെ ഖനനപ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. കൂടാതെ, യുണൈറ്റഡ് നേഷന്‍സ് ഡെവലപ്മെന്റ് പ്രോഗ്രാമിന്റെ (U N D P) സാമ്പത്തിക സഹായത്തോടുകൂടി സംസ്ഥാനത്തെ ചില പ്രദേശങ്ങളില്‍ സ്വര്‍ണം, ഗ്രാഫൈറ്റ്, രത്നക്കല്ല് എന്നിവയുടെ ഖനനപ്രവര്‍ത്തനങ്ങളും നടത്തിവരുന്നു. ഇത് കേരളാ മിനറല്‍ എക്സ്പ്ളൊറേഷന്‍ ആന്‍ഡ് ഡെവലപ്മെന്റ് പ്രോജക്ട്' എന്നറിയപ്പെടുന്നു. കൊല്ലം ജില്ലയിലെ കാഞ്ഞിരംകോഡ്, കണ്ണൂര്‍ ജില്ലയിലെ കണ്ണാപുരം, പഴയങ്ങാടി, പെരിങ്ങോം, തളിപ്പറമ്പ്, കാസര്‍കോഡ് ജില്ലയിലെ കൊമ്മാംഗല്‍ പടവ്, ഇരിക്കുളം, നീലേശ്വരം, കോത്തോട്ടുപാറ തുടങ്ങിയ സ്ഥലങ്ങളിലാണ് ചൈനക്ളേ, ബോക്സൈറ്റ് എന്നിവയുടെ ഖനനം നടന്നുവരുന്നത്.
ചരിത്രം
മാനവസംസ്കാരചരിത്രവുമായി അഭേദ്യമായ ബന്ധമാണുള്ളത്. പ്രാകൃത ശിലായുഗ മനുഷ്യന്‍ ഉപയോഗിച്ചിരുന്ന മരം, ശില, കൊമ്പ്, എല്ല് തുടങ്ങിയവ കൊണ്ടുള്ള ആയുധങ്ങള്‍ താരതമ്യേന കട്ടികുറഞ്ഞ ചോക്കും ചുണ്ണാമ്പുകല്ലും തുരക്കുന്നതിനു പറ്റിയതായിരുന്നു. ലോഹയുഗത്തിന്റെ (Bronze Age) തുടക്കം പടിഞ്ഞാറനേഷ്യയിലും ഈജിപ്തിലും 4000 ബി.സി.യോടെ ആരംഭിച്ചു; കുറേ വര്‍ഷങ്ങള്‍ക്കുശേഷം യൂറോപ്പിലും അത് അരങ്ങേറി. ദക്ഷിണ ഇസ്രയേലിലെ ടിമ്നാ താഴ്വരയിലുള്ള മണല്‍ക്കല്ലുകളില്‍ നിന്ന്, 4000 ബി.സി.യില്‍ത്തന്നെ ചെമ്പയിരുകള്‍ ഖനനം ചെയ്തെടുത്തിരുന്നു. പിടി ഉറപ്പിക്കുന്നതിനായി നടുക്ക് ദ്വാരമുണ്ടാക്കിയിട്ടുള്ളതും മൂര്‍ച്ചയുള്ളതുമായ കല്‍-ചുറ്റികത്തലകള്‍, അടകല്ലുകള്‍, അരകല്ലുകള്‍, ഉരകല്ലുകള്‍ തുടങ്ങിയവയൊക്കെ അന്നത്തെ ജീവിതരീതിക്കു സാക്ഷ്യം വഹിക്കാന്‍ നമുക്കു കിട്ടിയിട്ടുണ്ട്. നൈസര്‍ഗികമായ കാറ്റില്‍ ആളിക്കത്തിയിരുന്ന ചൂളകള്‍ ഈ ലക്ഷ്യത്തോടെതന്നെ, കുന്നിന്‍മുകളിലാണ് സ്ഥാപിതമായത്.
ബി.സി. 3500-ലെ ഈജിപ്ഷ്യന്‍ ഗ്രന്ഥങ്ങള്‍ ഇരുമ്പിനെക്കുറിച്ച് പ്രസ്താവിക്കുന്നുണ്ട്. ബി.സി. 1200-ഓടെയാണ് അയോ യുഗത്തിന്റെ (Iron Age) ആരംഭമെന്നു പറയാം. ഇസ്രയേലില്‍ നിന്ന് ബി.സി. 11-ാം ശതകത്തിലേതെന്നു കരുതപ്പെടുന്ന ഒരു 'പാര' കണ്ടെടുത്തിട്ടുണ്ട്. ഉരുക്കില്‍ നിര്‍മിച്ചിരുന്ന ഈ പാര ആധുനികയുഗത്തിലേതുപോലെ തന്നെയായിരുന്നു. സുഗന്ധ-വര്‍ണക വസ്തുക്കളുടെ ഉറവിടമായ ഹേമറ്റൈറ്റ് ആകണം ആദ്യമായി ഖനനം ചെയ്യപ്പെട്ട വസ്തുക്കളിലൊന്ന് എന്നാണ് വിശ്വാസം. ഫ്ളിന്റ് ആയിരുന്നു അടുത്തത്. ചരലു കഴുകി സ്വര്‍ണക്കഷണങ്ങളും, ചെമ്പ്, ടിന്‍, ലെഡ്, വെള്ളി എന്നീ അപൂര്‍വ ലോഹങ്ങളും ശേഖരിക്കുന്നതും പ്രാകൃത മനുഷ്യനു പതിവായിരുന്നു. ഈ ലോഹങ്ങള്‍ ആഭരണങ്ങളില്‍ ഉപയോഗിക്കുകയായിരുന്നു പതിവ്.
അയിരുകള്‍ ചൂടാക്കി ലോഹനിഷ്കര്‍ഷണം നടത്താമെന്നു മനസ്സിലാക്കിയതോടെ (smelting) സാമ്പത്തികമായ പ്രാധാന്യം ഖനനത്തിനു കൈവന്നു. ഉദ്ദേശം 6,000 വര്‍ഷം മുമ്പായിരുന്നു ഇത്. ഇന്നും ഉപയോഗത്തിലിരിക്കുന്ന ഖനനവിദ്യകള്‍ ലോഹയുഗങ്ങളില്‍ (Bronze Age & Iron Age) രൂപമെടുത്തവയാണ്. പൗരാണിക ഖനനോദ്യമങ്ങളെല്ലാം തന്നെ വിസ്തൃതങ്ങളായിരുന്നു. ഉദാഹരണത്തിന്, ഈജിപ്തിലെ പ്ലേസര്‍ നിക്ഷേപങ്ങള്‍ 260 ച.കി.മീ. സ്ഥലത്താണ് വ്യാപിച്ചിരുന്നത്; ആസ്ട്രിയയിലെ ഭൂഗര്‍ഭ-ചെമ്പു ഖനികളുടെ തടിത്താങ്ങുകളോടു കൂടിയ ഗാലറികള്‍ക്ക് 100 മീ. നീളവും, ഗ്രീസിലെ വെള്ളി-ഖനികള്‍ക്ക് 135 മീ. ആഴവുമുണ്ടായിരുന്നു.
കുതിരകളെ പൂട്ടിയ പമ്പുകളുപയോഗിച്ച് ഖനികള്‍ വറ്റിക്കുന്ന പദ്ധതിക്കു തുടക്കമിട്ടത് റോമാക്കാരായിരുന്നു. റോമിന്റെ അധഃപതനത്തോടെ യൂറോപ്പിലെ ഖനനവും ഏതാണ്ടസ്തമിച്ചു. 1750-കളോടെ ആരംഭിച്ച വ്യാവസായികവിപ്ലവം ലോഹഖനനത്തെ പുനര്‍ജീവിപ്പിച്ചതോടൊപ്പം കല്‍ക്കരിയുടെ ആവശ്യകതയും വര്‍ധിപ്പിച്ചു. ഖനികളിലെ പമ്പുകളും മറ്റു ഭാരോദ്വഹനയന്ത്രങ്ങളും പ്രവര്‍ത്തിപ്പിക്കുന്നതിനായിട്ടായിരുന്നു ആവിയന്ത്രം കണ്ടുപിടിച്ചത്. 19-ാം ശതകത്തിന്റെ അവസാനത്തോടെ യു.എസ്., ആസ്റ്റ്രേലിയ, തെക്കേ ആഫ്രിക്ക എന്നിവിടങ്ങളിലേക്കുള്ള കുടിയേറ്റം വര്‍ധിക്കാനുള്ള കാരണം അവിടത്തെ സ്വര്‍ണഖനനമായിരുന്നു.
ഖനികള്‍ സ്വയംപ്രവര്‍ത്തനസജ്ജമാക്കിയതാണ് 20-ാം ശതകത്തിലെ ഖനനപുരോഗതിയിലുണ്ടായ ഏറ്റവും പ്രധാനസംഗതി. അണുയുഗ വസ്തുക്കളായ യുറേനിയം, ഹാഫ്നിയം എന്നിവയുടെ വര്‍ധിച്ച തോതിലുള്ള ഖനനം ശ്രദ്ധേയമായ മറ്റൊരു കാല്‍വയ്പാണ്. നോ. ധാതു, ധാതുപര്യവേക്ഷണം, ധാതുവിജ്ഞാനീയം
(ഡോ. സാബു ജോസഫ്, സ.പ.)