This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:24, 2 ഓഗസ്റ്റ്‌ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

ഉള്ളടക്കം

കോട്ടകള്‍

Forts ശത്രുക്കളുടെ ആക്രമണത്തില്‍നിന്നു രക്ഷപ്പെടുന്നതിനുവേണ്ടി നിര്‍മിക്കുന്ന വലിയ മതില്‍ക്കെട്ടുകളോടുകൂടിയ സംരചനകള്‍. ഒരു രാജ്യത്തെയോ നഗരത്തെയോ രാജധാനിയെയോ ശത്രുക്കളില്‍നിന്നു രക്ഷിക്കുന്നതിനും ഒരു പ്രത്യേക പ്രദേശത്തെയോ സൈനികകേന്ദ്രത്തെയോ സംരക്ഷിക്കുന്നതിനും കോട്ടകള്‍ നിര്‍മിക്കാറുണ്ട്‌.

നിര്‍മാണം

ബി.സി. മൂന്നാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട ചൈനീസ്‌ വന്‍മതില്‍

മണ്ണ്‌, കല്ല്‌, കോണ്‍ക്രീറ്റ്‌, തടി എന്നിങ്ങനെയുള്ള നിര്‍മാണപദാര്‍ഥങ്ങളാണ്‌ കോട്ടകള്‍ പണിയുന്നതിന്‌ ഉപയോഗിച്ചിരുന്നത്‌. പ്രത്യേക പ്രദേശത്തെ സ്ഥിരമായി സംരക്ഷിക്കുന്നതിന്‌ സ്ഥിരം കോട്ടകളും യുദ്ധവേളയില്‍ സൈനികകേന്ദ്രങ്ങളില്‍ ശത്രുക്കളുടെ അവിചാരിത ആക്രമണങ്ങള്‍ തടയുന്നതിനായി താത്‌കാലിക കോട്ടകളും നിര്‍മിച്ചിരുന്നു. എത്ര ബലമുള്ള കോട്ടയും നിമിഷങ്ങള്‍ക്കകം തകര്‍ക്കാന്‍ കഴിവുള്ള ശക്തിയേറിയ സ്‌ഫോടകപദാര്‍ഥങ്ങള്‍ യുദ്ധരംഗത്ത്‌ ധാരാളമായി ഉപയോഗിക്കാന്‍ തുടങ്ങിയതോടെ സ്ഥിരം കോട്ടകളുടെ നിര്‍മാണം പ്രയോജനരഹിതമായി.

കോട്ടകള്‍ നിര്‍മിച്ചിരുന്നത്‌ പ്രധാനമായും കൈവശമുള്ള സൈനികബലത്തിന്റെയും ആയുധങ്ങളുടെയും കഴിവ്‌ പൂര്‍ണമായി ഉപയോഗപ്പെടുത്താനും ശത്രുക്കളുടെ ആക്രമണം തടയുന്നതിനും വേണ്ടിയായിരുന്നു. ഇവ നിറവേറ്റുന്നതിനുള്ള പ്രാപ്‌തി കുറഞ്ഞതോടെയാണ്‌ കോട്ടനിര്‍മാണം പ്രചാരലുപ്‌തമായത്‌. എന്നാല്‍ യുദ്ധവേളയില്‍ സൈനികര്‍ താത്‌കാലിക പ്രതിരോധത്തിനുവേണ്ടി മണ്ണും കല്ലും കൂട്ടിയിട്ടും മരങ്ങള്‍ വെട്ടിയിട്ടും മുള്ളുകമ്പികള്‍കൊണ്ടുകെട്ടിയും താത്‌കാലിക ഉപരോധങ്ങള്‍ നിര്‍മിക്കുന്ന രീതി പ്രചാരത്തിലുണ്ട്‌.

ഉപയോഗം

കച്ചവടകേന്ദ്രങ്ങളുടെയും പട്ടണങ്ങളുടെയും ചുറ്റും ഉയര്‍ന്ന കോട്ടമതിലുകള്‍ പണിയുന്ന രീതി നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ നിലവിലുണ്ടായിരുന്നു. സമ്പത്തിന്റെ സംരക്ഷണമായിരുന്നു മുഖ്യലക്ഷ്യം. സംരക്ഷിക്കേണ്ട സ്ഥലത്തിനു ചുറ്റും കോട്ടകെട്ടുന്നതിനു പകരം ശത്രുക്കളുടെ ആഗമനം തടയാന്‍ നയതന്ത്ര പ്രാധാന്യമുള്ള സ്ഥലങ്ങളില്‍ മാത്രം കോട്ടകള്‍ പണിയുകയും അന്നു പതിവായിരുന്നു.

ഗ്രീസ്‌, റോം, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളില്‍ ചുറ്റും മതിലുകള്‍ കെട്ടിയ പ്രദേശങ്ങള്‍ക്കുള്ളില്‍ ജനങ്ങള്‍ നഗര സമൂഹങ്ങളായി അധിവസിച്ചിരുന്ന സമ്പ്രദായം ഉണ്ടായിരുന്നു. ഇവര്‍ കോട്ടമതിലുകള്‍ക്കു പുറത്തു കിടങ്ങുകള്‍ കുഴിച്ച്‌ ആക്രമണങ്ങള്‍ കഴിയുന്നത്ര ചെറുത്തിരുന്നു. കോട്ടമതിലിനു ചുറ്റും വളരെ വീതിയുള്ള കിടങ്ങുകള്‍ നിര്‍മിച്ച്‌ അവയില്‍ വെള്ളം നിറയ്‌ക്കുകയും അതിനുള്ളില്‍ കൂര്‍ത്തുമൂര്‍ച്ചയുള്ള കുറ്റികള്‍ നാട്ടുകയും ചെയ്‌തിരുന്നു. കിടങ്ങിനുള്ളില്‍ മുതല തുടങ്ങിയ ഹിംസ്ര ജലജന്തുക്കളെ വളര്‍ത്തുന്ന രീതിയും നിലവിലുണ്ടായിരുന്നു. കിടങ്ങ്‌ നീന്തിക്കടക്കാതിരിക്കുന്നതിനാണ്‌ ഇങ്ങനെ ചെയ്‌തിരുന്നത്‌. ഇത്രയും സുരക്ഷിതമായി നിര്‍മിച്ച കോട്ടയ്‌ക്കുള്ളില്‍ ആയുധമേന്തിയ ഭടന്മാര്‍ രാപ്പകല്‍ കാവലും നിന്നിരുന്നു. കാരണം, കിടങ്ങുകളെ മണ്ണുകൊണ്ടോ ചപ്പുചവറുകള്‍ കൊണ്ടോ നികത്തുകയും കോട്ടമതിലുകളെ ബാറ്റിറിങ്‌ റാം, യന്ത്രക്കവണി (catapult) തേുടങ്ങിയ സജ്ജീകരണങ്ങള്‍ ഉപയോഗിച്ച്‌ ഇടിച്ചു പൊളിക്കുകയും ചെയ്യാന്‍ ശത്രുക്കള്‍ക്കു കഴിയുമായിരുന്നു.

ആക്രമണകാരികളെ മാസങ്ങളോ വര്‍ഷങ്ങളോ തടഞ്ഞുനിര്‍ത്തുന്നതിന്‌ കോട്ടമതിലുകള്‍ക്കു കഴിഞ്ഞിട്ടുണ്ട്‌. മധ്യകാലഘട്ടത്തിലെ കോട്ടമതിലുകള്‍ പലതും അപ്രതിരോധ്യമായി ദീര്‍ഘകാലം നിലനിന്നിരുന്നു.

ഘടന

കോട്ടമതില്‍, അതിനുമുകളിലെ അരമതില്‍, കോട്ടയുടെ കിടങ്ങുവശത്തുള്ള പുറംചരിവ്‌, കിടങ്ങിന്റെ മറുകരയിലുള്ള മതില്‍, അതിന്റെ ഉപരിഭാഗത്തുള്ള ആവരണപാത, പാതയ്‌ക്കപ്പുറമുള്ള സമീപന ചരിവ്‌ എന്നിവയാണ്‌ കോട്ടയുടെ പ്രധാന ഭാഗങ്ങള്‍. കാലഘട്ടങ്ങള്‍ക്കനുസരിച്ച്‌ കോട്ടയുടെ അഭികല്‌പനയില്‍ വ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നിലും എല്ലാ കാലഘട്ടങ്ങളിലെയും കോട്ടകളില്‍ പൊതുവേ ഈ ഭാഗങ്ങള്‍ ഉണ്ടായിരുന്നതായി കാണാം.

നോര്‍മന്‍ രീതിയിലുള്ള പഴയ ചുമരുകള്‍ മാറി ഇടയ്‌ക്കിടെ ഗോപുരങ്ങളോടെയുള്ള പുതിയ ശൈലി കാലക്രമത്തില്‍ ഉണ്ടായ ഒരു മാറ്റമാണ്‌. അഞ്ചോ ആറോ ഗോപുരങ്ങളോടെ ഇത്തരത്തില്‍ നിര്‍മിക്കുന്ന കോട്ടയ്‌ക്ക്‌ നക്ഷത്രക്കോട്ട എന്നാണ്‌ പേര്‌. പ്രതിരോധശേഷി വര്‍ധിപ്പിക്കുന്നതിനായി കോട്ടയുടെ നിര്‍മാണശൈലിയില്‍ പില്‍ക്കാലത്ത്‌ പല മാറ്റങ്ങളും വന്നു. നക്ഷത്രക്കോട്ടകള്‍ക്കു പകരം ടെനൈല്‍ട്രസും ബാസ്റ്റ്യന്‍ട്രസും പ്രചാരത്തിലായി. കോട്ടയുടെ മുകളില്‍ നിന്നു ഉതിര്‍ക്കുന്ന വെടികള്‍ ഏല്‍ക്കാത്ത ചില ഭാഗങ്ങള്‍ കിടങ്ങുകളില്‍ ഉണ്ടായിരുന്നു എന്നതാണ്‌ ടെനൈല്‍ ട്രസിന്റെ പോരായ്‌മ. ഈ അപാകത ഒഴിവാക്കിക്കൊണ്ടാണ്‌ ബാസ്റ്റ്യന്‍ ട്രസ്‌ ആവിഷ്‌കരിച്ചത്‌. പില്‌ക്കാലത്ത്‌ കോട്ടനിര്‍മാണം പല ജ്യാമിതീയ രൂപങ്ങളിലായി പുരോഗമിച്ചു. കോട്ടയുടെ ഓരോ ഭാഗവും സ്വയംപര്യാപ്‌തവും പ്രതിരോധക്ഷമവും ആകത്തക്കവണ്ണമുള്ള സജ്ജീകരണങ്ങള്‍ ഉണ്ടായി. ഒരു വശം തകര്‍ന്നാല്‍ ആ വശം പ്രതിരോധിക്കുന്നതിന്‌ ഓരോ ഭാഗത്തിനും പ്രത്യേക സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തുടങ്ങി.

ആക്രമണതന്ത്രം

ഇത്തരത്തില്‍ എല്ലാ സജ്ജീകരണങ്ങളും ഉള്ള കോട്ടകള്‍ ഉണ്ടായെന്നിലും അവ തകര്‍ക്കുന്നതിനുള്ള ആക്രമണതന്ത്രങ്ങളും പുരോഗമിച്ചു. 17-ാം ശതകത്തിന്റെ അവസാനപകുതിയില്‍ ലൂയി XIV-ന്റെ മിലിട്ടറി എന്‍ജിനീയറായ മാര്‍ഷല്‍ സെബാസ്റ്റ്യന്‍ ഡിവാബന്‍ ഏതു കോട്ടയെയും ആക്രമിച്ചു കീഴടക്കുന്നതിനു ക്രമബദ്ധമായ ഒരു രീതി ആവിഷ്‌കരിച്ചു നടപ്പിലാക്കി. ശക്തിയേറിയ പീരന്നികൊണ്ടു കോട്ടമതില്‍ വെടിവച്ചു തകര്‍ക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പദ്ധതി. പീരന്നികൊണ്ടു കോട്ട തകര്‍ക്കണമെങ്കില്‍ കിടങ്ങിനു തൊട്ടുപുറത്തുള്ള ആഗമനചരിവില്‍ ഒരിടത്തു പീരന്നി സ്ഥാപിക്കണം. ഇതിന്‌ കോട്ടയ്‌ക്കകത്തുള്ള ഭടന്മാര്‍ അനുവദിക്കുകയില്ല. വാബന്‍ സ്വീകരിച്ച മാര്‍ഗം ഇതാണ്‌-കോട്ടയ്‌ക്കുള്ളില്‍ പ്രവര്‍ത്തിക്കുന്ന തോക്കുകളുടെ പരിധി(റേഞ്ച്‌)ക്കു പുറത്ത്‌ ഒരിടത്ത്‌ ആക്രമണ പീരന്നികള്‍ സ്ഥാപിച്ച്‌ വെടിയാരംഭിക്കുന്നു. അതു ചെറുക്കാന്‍ കോട്ടയ്‌ക്കുള്ളില്‍നിന്നു പീരന്നിവെടി വരും. കുറേ സമയം കഴിയുമ്പോള്‍ കോട്ടയ്‌ക്കകത്തു നിന്നുള്ള പ്രതിരോധവെടികള്‍ കുറയും. ഉടനെ കോട്ടയ്‌ക്കു വെളിയില്‍ ഒരു നിര ട്രഞ്ച്‌ കുഴിക്കുന്നു. ട്രഞ്ച്‌ കുഴിച്ച മണ്ണ്‌ കോട്ട സ്ഥിതിചെയ്യുന്ന വശത്തു നിരയായി കൂട്ടിയിടുന്നതിനാല്‍ ട്രഞ്ചിനുള്ളിലെ പട്ടാളക്കാര്‍ക്കു വെടിയേല്‍ക്കുകയില്ല. ഇതിനുള്ളിലെ പട്ടാളക്കാര്‍ കോട്ടയ്‌ക്കുള്ളില്‍ നിന്നു പീരന്നി തകര്‍ക്കാനായി ഓടിയെത്തുന്ന പട്ടാളക്കാരെ വെടിവച്ചു വീഴ്‌ത്തണം. അതിനെത്തുടര്‍ന്ന്‌ കോട്ടയെ സമീപിക്കുന്നതിനുള്ള വളഞ്ഞുപുളഞ്ഞ നാഗഗതിട്രഞ്ചുകള്‍ കുഴിക്കുന്നു. കോട്ടയ്‌ക്കുള്ളില്‍നിന്നു വയ്‌ക്കുന്ന വെടി സമീപട്രഞ്ചില്‍ ഉടനീളം പതിക്കാതിരിക്കുന്നതിനാണ്‌ ട്രഞ്ച്‌ വളഞ്ഞുപുളഞ്ഞ രീതിയില്‍ കുഴിക്കുന്നത്‌. ഇത്തരത്തിലുള്ള സമീപട്രഞ്ചുകളെ കൂട്ടിയിണക്കി നാലഞ്ചു മീ. വീതിയും ഒരു മീ. താഴ്‌ചയുമുള്ള രണ്ടാമത്തെ വലയാകാരട്രഞ്ച്‌ കുഴിക്കുന്നു. ഇതിന്റെ മണ്ണും കോട്ടവശത്തു കൂട്ടിയിട്ട്‌ ഉയര്‍ത്തി ഭടന്മാര്‍ക്കു മറയാക്കാം. കോട്ടയ്‌ക്കുള്ളിലെ തോക്കിന്റെ റേഞ്ചിലേക്കു കടന്നു കഴിഞ്ഞാല്‍ ട്രഞ്ചുകള്‍ കുഴിക്കുന്നത്‌ സാപ്പറുകള്‍ എന്നറിയപ്പെടുന്ന പ്രത്യേക പരിശീലനം സിദ്ധിച്ച ആളുകളാണ്‌. ഗാബിയോണ്‍ എന്നറിയപ്പെടുന്ന ചക്രങ്ങളില്‍ ഘടിപ്പിച്ച ലോഹമറകള്‍ക്കുള്ളിലിരുന്നാണ്‌ സാപ്പര്‍മാര്‍ ട്രഞ്ചുകള്‍ കുഴിക്കുന്നത്‌. കുഴിച്ചു കഴിയുന്നതോടെ മറകള്‍ മുന്നോട്ടു തള്ളി നീക്കുന്നു. പിന്നിലുള്ള ഭടന്മാര്‍ അവരെ സംരക്ഷിക്കുന്നു. കൂടാതെ അവര്‍ ലോഹകവചവും അണിഞ്ഞിരിക്കും. ഇങ്ങനെ ക്രമേണ മുന്നേറുന്ന സാപ്പര്‍മാര്‍ കോട്ടയ്‌ക്ക്‌ വളരെ അടുത്തായി മൂന്നാമത്തെ വലയം ട്രഞ്ചുകുഴിക്കുന്നതോടെ സൈനികര്‍ക്ക്‌ കോട്ടയുടെ അടുത്തു സുരക്ഷിതമായി എത്താമെന്ന നിലവരും. തുടര്‍ന്ന്‌ അകലെ നിലയുറപ്പിച്ച പീരന്നികള്‍ ആഗമന ചരിവില്‍ യുക്തമായ സ്ഥാനത്തേക്കു നീങ്ങുന്നു. അവിടെനിന്നു പീരന്നി ഉപയോഗിച്ചു കോട്ട തകര്‍ക്കുക എളുപ്പവുമാണ്‌. കോട്ടകള്‍ പിടിക്കുന്നതിനായി വാബന്‍ ആവിഷ്‌കരിച്ച ഈ പദ്ധതി ആദ്യമായി അരങ്ങേറിയത്‌ മാസ്‌ട്രിച്ച്‌റ്റിലാണ്‌ (1673). ട്രഞ്ചുകള്‍ കുഴിക്കാന്‍ ആരംഭിച്ചതിന്റെ മൂന്നാം ദിവസം വാബന്‍ ആക്രമണം പൂര്‍ത്തിയാക്കി. പിന്നീട്‌ ഒന്നര ശതകത്തോളം കാലം ഈ ആക്രമണരീതി ഫലപ്രദമായി പ്രയോഗത്തിലിരുന്നു.

റൈഫിളുകളിലും പീരന്നികളിലും ഉണ്ടായ പരിഷ്‌കാരങ്ങള്‍ പില്‍ക്കാലത്ത്‌ കോട്ട തകര്‍ക്കല്‍ വളരെ എളുപ്പമാക്കിത്തീര്‍ത്തു. 1.5 കി.മീ. അകലെ നിന്നുള്ള ഷെല്‍ പ്രയോഗങ്ങള്‍കൊണ്ട്‌ കോട്ടകള്‍ തകര്‍ക്കാന്‍ ഫ്രാന്നോ-ജര്‍മന്‍ യുദ്ധത്തില്‍ ജര്‍മന്‍കാര്‍ക്കുകഴിഞ്ഞു. 6 കി.മീ. അകലെ സ്ഥാപിച്ച പീരന്നികളാണ്‌ പാരിസില്‍ ഷെല്ലുകള്‍ ചൊരിഞ്ഞത്‌. പീരന്നിപ്പടയുടെ റേഞ്ചില്‍വന്ന ഈ വ്യത്യാസം കോട്ടകളുടെ ഉപയോഗം തീരെ ഇല്ലാതാക്കി. കോട്ടകളുടെ നിര്‍മാണം വളരെ ചെലവേറിയതാണ്‌. എന്നിട്ടും ഉദ്ദേശിക്കുന്നത്ര സുരക്ഷിതത്വം ലഭിക്കുന്നില്ല എന്നു കണ്ടപ്പോള്‍ കോട്ട നിര്‍മാണം ക്രമേണ പ്രചാരലുപ്‌തമായി. അവശേഷിച്ച കോട്ടകള്‍ ചരിത്രസ്‌മാരകങ്ങളായി നിലനില്‍ക്കുന്നു.

ചരിത്രം

കോട്ടമാളികയുടെ അവശിഷ്ടം - മോഹന്‍ജൊദരൊ

യുദ്ധവേളയില്‍ താത്‌കാലിക കോട്ടകള്‍ നിര്‍മിക്കുന്ന രീതി പ്രാചീനകാലത്തും സൈന്യങ്ങള്‍ അനുവര്‍ത്തിച്ചിരുന്നു. കുന്നിന്‍ചരിവുകള്‍ എന്നപോലെ പ്രകൃതിദത്തമായ പ്രതിരോധ സൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങളാണ്‌ പ്രാചീന സൈനികര്‍ താവളമടിക്കുന്നതിനായി ഉപയോഗിച്ചത്‌. റോമന്‍ സൈനിക സമൂഹങ്ങള്‍ താവളസ്ഥലത്തിനു ചുറ്റും താത്‌കാലിക കോട്ടകള്‍ നിര്‍മിക്കുക പതിവായിരുന്നു. കോട്ടകള്‍ നിര്‍മിക്കുന്നതിനും കിടങ്ങു കുഴിക്കുന്നതിനും പ്രത്യേകപരിശീലനം നേടിയ സൈനിക വിഭാഗങ്ങള്‍ അവര്‍ക്കുണ്ടായിരുന്നു. മരപ്പലകകള്‍ കൊണ്ടുള്ള കോട്ടകളായിരുന്നു അവര്‍ നിര്‍മിച്ചിരുന്നത്‌. കോട്ടനിര്‍മാണത്തിനാവശ്യമായ പലകകളും ചുമന്നുകൊണ്ടാണു സൈന്യം നീങ്ങിയിരുന്നത്‌. അവിചാരിതമായി ശത്രുക്കളെ നേരിടേണ്ടിവന്നാല്‍ സൈന്യത്തിന്റെ ഒരു വിഭാഗം ശത്രുക്കളോട്‌ ഏറ്റുമുട്ടുകയും മറ്റുള്ളവര്‍ അവിടെ താത്‌കാലിക കോട്ട കെട്ടുകയും ചെയ്യും. യുദ്ധം നീണ്ടനില്‍ക്കുമെന്നു കണ്ടാല്‍ കൂടുതല്‍ സൗകര്യങ്ങളുള്ള ഒരിടം കണ്ടെത്തി അവിടെ സ്ഥിരം കോട്ടനിര്‍മിക്കും. ഗാള്‍വംശജരുമായി ദീര്‍ഘകാലം യുദ്ധം ചെയ്യേണ്ടിവന്നപ്പോള്‍ 22 കി.മീ. വരെ നീളമുള്ള കോട്ടകള്‍ ജൂലിയസ്‌ സീസര്‍ പണികഴിച്ചിരുന്നുവത്ര. 60,000 പേരടങ്ങുന്ന ഒരു ഗാള്‍ അധിവാസ കേന്ദ്രത്തിനുചുറ്റും ഒരു കോട്ട പണിത്‌ സീസര്‍ അവരെ ബന്ധനത്തിലാക്കുകയുണ്ടായി. റോമാസാമ്രാജ്യം വികസിച്ചതോടെ റൈന്‍, ഡാന്യൂബ്‌ നദികള്‍ക്കരികില്‍ സ്ഥിരമായ കോട്ടകള്‍ പണിതു. പിന്നീട്‌ ബൈസാന്തിയന്‍ സൈനികരും ഈ രീതി അനുകരിച്ചു. ചൈനയില്‍ ബി.സി. മൂന്നാം ശതകത്തില്‍ നിര്‍മിക്കപ്പെട്ട വന്‍മതില്‍, കോട്ടനിര്‍മാണത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായി നിലനില്‍ക്കുന്ന ഒന്നാണ്‌. 2400 കി.മീ. നീളത്തില്‍ നിരവധി ഗോപുരങ്ങളോടെ നിര്‍മിക്കപ്പെട്ട വന്‍കോട്ട കുതിരപ്പടയാളികളെ ചെറുത്തുനിര്‍ത്തുന്നതിനുവേണ്ടിയാണ്‌ ഉണ്ടാക്കിയത്‌. ശരാശരി 7 മീ. പൊക്കം വരുന്ന ഇതിന്‌ 5.5 മീറ്ററോളം വീതിയുണ്ട്‌. വന്‍തോതിലുള്ള ആക്രമണങ്ങളെ ചെറുക്കുന്നതിനുള്ള കഴിവ്‌ ഈ കോട്ടയ്‌ക്ക്‌ ഉണ്ടായിരുന്നില്ല.

മധ്യകാലഘട്ടത്തില്‍ മംഗോളിയരാണ്‌ കോട്ടനിര്‍മാണത്തില്‍ വൈദഗ്‌ധ്യം നേടിയത്‌. സ്വന്തം സൈനികത്താവളങ്ങള്‍ക്കു ചുറ്റും കിടങ്ങുകള്‍ കുഴിച്ച്‌ അവയെ സുരക്ഷിതമാക്കുന്ന വിദ്യ ടൈമൂര്‍ സ്വീകരിച്ചിരുന്നു. 16-ാം ശതകത്തിന്റെ അന്ത്യഘട്ടത്തിലാണ്‌ കോട്ടകള്‍ നിര്‍മിക്കുകയും കിടങ്ങുകള്‍ കുഴിക്കുകയും ചെയ്യുന്ന പ്രതിരോധരീതി വീണ്ടും യൂറോപ്പില്‍ പ്രത്യക്ഷപ്പെട്ടത്‌. ഹെന്‌റി കഢനെതിരെയുള്ള യുദ്ധത്തില്‍ പാര്‍മയിലെ പ്രഭു ഒറ്റ രാത്രികൊണ്ടുതന്നെ പലയിടത്തും കോട്ടകള്‍ നിര്‍മിച്ചു.

ആധുനിക രീതിയിലുള്ള സൈനിക സംവിധാനങ്ങളുടെ പിതാവ്‌ എന്നു വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഗസ്റ്റാവസ അഡോള്‍ഫസ്‌ കോട്ട നിര്‍മാണത്തില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‌കിയിട്ടുണ്ട്‌. ഡച്ച്‌ എന്‍ജിനീയറിങ്‌ രീതിയിലൂടെ ക്യാമ്പിനു ചുറ്റും ഒരു കോട്ടമതിലും അതിനു ചുറ്റും കിടങ്ങും എന്നതായിരുന്നു അദ്ദേഹം സ്വീകരിച്ച നിര്‍മാണശൈലി. രണ്ടു നിര കോട്ടകളും അദ്ദേഹം നിര്‍മിച്ചിരുന്നു.

വിപ്ലവകാലത്താണ്‌ അമേരിക്കയില്‍ കോട്ടനിര്‍മാണം ഏറ്റവുമധികം ആവശ്യമായി വന്നത്‌. വിപ്ലവത്തോടനുബന്ധമായി നടന്ന എല്ലാ യുദ്ധങ്ങളിലും മണ്ണ്‌ കൂട്ടിയിട്ട്‌ താത്‌കാലികക്കോട്ടകള്‍ ധാരാളമായി നിര്‍മിച്ചിരുന്നു. തോക്കുകളില്‍ തിര നിറയ്‌ക്കുമ്പോള്‍ പടയാളികള്‍ക്കു സംരക്ഷണം നല്‌കുകയായിരുന്നു ഇവയുടെ ലക്ഷ്യം.

നെപ്പോളിയന്റെ കാലത്ത്‌ ടോറസ്‌ വെന്‍ഡ്രാസ്‌ ലൈനില്‍ നിര്‍മിച്ച കോട്ടയാണ്‌ കോട്ടനിര്‍മാണത്തില്‍ ആ കാലഘട്ടത്തെ സൂചിപ്പിക്കുന്ന പ്രധാന സ്‌മാരകം. സ്‌പാനിഷ്‌ പെനിന്‍സുലയിലെ യുദ്ധത്തില്‍ വെല്ലിങ്‌ടണ്‍ പ്രഭുവിന്റെ നേതൃത്വത്തിലുള്ള 60,000-ത്തില്‍ അധികം സൈനികര്‍ അതിന്റെ ഇരട്ടിയോളം വരുന്ന ഫ്രഞ്ച്‌ സൈന്യത്തെ നേരിട്ടത്‌ കോട്ടകളുടെ സഹായത്താലാണ്‌. 1810-ലെ ശൈത്യകാലത്ത്‌ ലിസ്‌ബണിനു വടക്കായി പരസ്‌പരം ബന്ധമുള്ള 27 ചെറിയ കോട്ടകള്‍ അവര്‍ നിര്‍മിച്ചു. ഓരോന്നിലും 300-ഓളം തോക്കുധാരികള്‍ കാവല്‍ നിന്നു. ടാഗസ്‌നദി മുതല്‍ കടല്‍ വരെ ലിസ്‌ബണെ രക്ഷിച്ചിരുന്നത്‌ ഈ കോട്ടകള്‍ ആയിരുന്നു.

ഇന്ത്യയില്‍

ഭാരതത്തിന്റെ വടക്കു പടിഞ്ഞാറ്‌ ഭാഗത്ത്‌ സിന്ധുനദീതടസംസ്‌കാരം ഉടലെടുത്ത കാലം മുതല്‌ക്കോ ഒരു പക്ഷേ അതിനു മുമ്പുതന്നെയോ കോട്ട നിര്‍മാണം ഇന്ത്യക്കാര്‍ക്കു സുപരിചിതമായിരുന്നു. സിന്ധുനദീതടത്തില്‍ നടത്തിയ ഉത്‌ഖനനങ്ങളില്‍നിന്ന്‌ ആക്രമണത്തിനും പ്രതിരോധത്തിനുമുള്ള നിരവധി സജ്ജീകരണങ്ങള്‍ അവര്‍ക്ക്‌ ഉണ്ടായിരുന്നതായി തെളിഞ്ഞിട്ടുണ്ട്‌. 16 മീ. ഉയരമുള്ളതും ചുറ്റും ചുട്ട ഇഷ്‌ടികച്ചുമരുകളാല്‍ സംരക്ഷിതവുമായിരുന്ന ഒരു കോട്ടമാളികയുടെ അവശിഷ്‌ടങ്ങള്‍ മോഹന്‍ജൊദാരൊയില്‍ ഉണ്ട്‌. കോട്ടകളോടൊപ്പം ഗോപുരങ്ങളും അവിടെ ഉണ്ടായിരുന്നു. പുരോഹിതന്റെയോ ഉയര്‍ന്ന ഉദ്യോഗസ്ഥന്റെയോ വാസസ്ഥാനം ആയിരുന്നിരിക്കണം അത്‌. 13 മീ. വീതിയില്‍ മണ്‍കട്ടകള്‍കൊണ്ടു നിര്‍മിച്ച കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഹാരപ്പയിലും കണ്ടെത്തിയിട്ടുണ്ട്‌. ഉയരുന്തോറും കോട്ടയുടെ വീതി കുറഞ്ഞുവരുന്ന തരത്തിലായിരുന്നു അതിന്റെ നിര്‍മാണം. ഹാരപ്പയില്‍ നിന്നു 16 കി.മീ. തെക്കു കിഴക്കായി കാളിബംഗനിലും രണ്ടുകോട്ടകളുടെ അവശിഷ്‌ടങ്ങള്‍ ഉണ്ട്‌. ഇവയും ഈ കാലഘട്ടത്തില്‍ നിര്‍മിച്ചതാണെന്നു കരുതപ്പെടുന്നു. വറ്റിപ്പോയ സരസ്വതീനദീതീരത്തിലാണ്‌ ഇവ കാണപ്പെടുന്നത്‌. മോഹന്‍ജൊദാരൊയുടെ വടക്കുകിഴക്കായി 700 കി.മീ. അകലെയുള്ള ലോഥലിലും തെക്കുവശത്ത്‌ 160 കി.മീ. അകലെയുള്ള അമ്രിയിലും മണ്‍കോട്ടകളുടെ അവശിഷ്‌ടങ്ങള്‍ കാണാം. മോഹന്‍ജൊദാരൊവില്‍ നിന്നു 40 കി.മീ. അകലെയുള്ള കോട്ട്‌ഡിജിയില്‍ കോട്ടകള്‍ കെട്ടി സുരക്ഷിതമാക്കപ്പെട്ടിരുന്ന പ്രാചീന ഗ്രാമങ്ങളുടെ അവശിഷ്‌ടങ്ങള്‍ ഉണ്ട്‌. കറാച്ചിക്ക്‌ 70 കി.മീ. വടക്കു പടിഞ്ഞാറുമാറി ബലാക്കോട്ടില്‍ ശത്രുക്കളുടെ ആക്രമണത്തെ ചെറുക്കുന്നതിനും വെള്ളപ്പൊക്ക നിയന്ത്രണത്തിനുമായി പണികഴിച്ച കോട്ടകള്‍ കാണാം.

ആര്യന്മാരുടെ ആഗമനകാലത്ത്‌ അവര്‍ കോട്ടകളൊന്നും തന്നെ നിര്‍മിച്ചിരുന്നില്ല. തദ്ദേശവാസികള്‍ നിര്‍മിച്ചിരുന്ന കോട്ടകള്‍ യുദ്ധങ്ങളിലൂടെ പിടിച്ചടക്കുകയാണ്‌ അവര്‍ ചെയ്‌തത്‌. പില്‌ക്കാലത്ത്‌ അവരുടെ ആധിപത്യം ഉറച്ചതിനുശേഷമാണ്‌ അവര്‍ കോട്ടനിര്‍മാണത്തില്‍ ഏര്‍പ്പെട്ടത്‌. കല്ല്‌, സൂര്യപ്രകാശത്തില്‍ ഉണക്കിയ കട്ട, ചുട്ട ഇഷ്‌ടിക എന്നിവ ആര്യന്മാര്‍ കോട്ട നിര്‍മാണത്തിനുപയോഗിച്ചു. ഋഗ്വേദത്തില്‍ നൂറു ചുമരുകളുള്ള കോട്ടകളെപ്പറ്റിയും കോട്ടകള്‍ തകര്‍ക്കുന്നതിനുപയോഗിക്കുന്ന ഒരുതരം രഥങ്ങളെക്കുറിച്ചും പറയുന്നുണ്ട്‌. ബി.സി. 1000-മാണ്ടിനിടയ്‌ക്ക്‌ പണികഴിപ്പിച്ചതാണ്‌ യമുനാനദിക്കരയില്‍ കൗശാംബിയിലെ 6 കി.മീ. നീളവും 10 മീ. വീതിയുമുള്ള കോട്ട. ഇതില്‍ ഇടയ്‌ക്കിടെ പടയാളികള്‍ക്കുള്ള കാവല്‍ഗോപുരങ്ങളും ഉണ്ടായിരുന്നു.

ബി.സി. ആറാം ശതകത്തില്‍ ബിംബിസാരന്‍ രാജഗൃഹം എന്നറിയപ്പെട്ടിരുന്ന ഒരു പുതുനഗരം പണിയിച്ചു. ഏതാനും കൊട്ടാരങ്ങളും അവയെ ചുറ്റിയ ഒരു കോട്ടയും അടങ്ങിയതായിരുന്നു രാജഗൃഹം. കല്ലുകൊണ്ടാണ്‌ ഇതുനിര്‍മിച്ചത്‌. ഇടയ്‌ക്കിടെ ചതുരാകൃതിയിലുള്ള ഗോപുരങ്ങളും ഉണ്ടായിരുന്നു. വ്രജികളെ ചെറുക്കുന്നതിന്‌ അജാതശത്രു ചക്രവര്‍ത്തി ഗംഗയുടെ തീരത്ത്‌ പാറ്റ്‌നയുടെ സ്ഥാനത്ത്‌ ഒരു കോട്ട പണിയിച്ചിരുന്നു. ചന്ദ്രഗുപ്‌തമൗര്യന്റെ കാലത്ത്‌ ഇതു പുതുക്കിപ്പണിതു. 15 കി.മീ. നീളവും 1.6 കി.മീ. വീതിയുമുള്ള പ്രദേശത്തെ ചുറ്റിയായിരുന്നു ഈ കോട്ട.

മഗധരാജാക്കന്മാര്‍ കോട്ടകള്‍കൊണ്ടു ബലപ്പെടുത്തിയ പുര(കോട്ടയുള്ള നഗരം)ങ്ങളിലാണ്‌ വസിച്ചിരുന്നത്‌. നിരീക്ഷണ ഗോപുരങ്ങള്‍, പാര്‍ക്കുകള്‍, തെരുവുകള്‍, നൃത്തശാലകള്‍, കളിസ്ഥലങ്ങള്‍, നീതിപീഠങ്ങള്‍ എന്നിങ്ങനെയുള്ള നിരവധി സൗകര്യങ്ങള്‍ ഈ പുരത്തിനുള്ളില്‍ ഉണ്ടായിരുന്നു. സാധാരണക്കാര്‍ ഗ്രാമങ്ങളിലാണ്‌ വസിച്ചിരുന്നത്‌. എന്നിലും അവരില്‍ പലരും കോട്ടകള്‍ക്കുള്ളില്‍ പണിയെടുത്തിരുന്നു. ഇത്തരത്തിലുള്ള ഏതാനും പുരങ്ങളെക്കുറിച്ച്‌ ബുദ്ധമത ഗ്രന്ഥങ്ങളില്‍ പ്രതിപാദിച്ചിട്ടുണ്ട്‌. രാജഗൃഹം, ശ്രാവസ്‌തി, സാകേതം, കൗശാംബി, വൈശാലി, വാരണാസി എന്നിവയാണ്‌ അവ. പഴയ ഗാന്ധാരരാജധാനിയിലും ദീര്‍ഘമേറിയ കോട്ടകള്‍ പണിയിച്ചിരുന്നുവത്ര. 21 മീ. വരെ ഉയരമുള്ള ശക്തമായ കോട്ടകള്‍ അവിടെ ഉണ്ടായിരുന്നു. കിടങ്ങുകളും അവയ്‌ക്കു പുറത്തുള്ള മണ്‍ചുമരുകളും കോട്ടയ്‌ക്ക്‌ കൂടുതല്‍ ബലമേകിയിരുന്നു. ബി.സി. 327-ല്‍ അലക്‌സാണ്ടറുടെ സൈന്യം ഈ കോട്ട ആക്രമിച്ചു. 30 ദിവസത്തെ യുദ്ധത്തിനു ശേഷമാണ്‌ അവര്‍ക്കു കോട്ടപിടിക്കാന്‍ കഴിഞ്ഞത്‌.

സാമ്രാജ്യത്വത്തിന്റെ ഏഴു ഘടകങ്ങളില്‍ ഒന്നായാണ്‌ കോട്ടകളെപ്പറ്റി അര്‍ഥശാസ്‌ത്രത്തില്‍ പ്രതിപാദിക്കുന്നത്‌. ഓരോ കോട്ടയ്‌ക്കും പ്രത്യേക സൈനിക കാവല്‍ ഉണ്ടായിരിക്കണം. പര്‍വതങ്ങളിലും ജലാശയങ്ങള്‍ക്കരികിലും മരുഭൂമിയിലും വനത്തിലും നിര്‍മിക്കുന്ന കോട്ടകളുടെ പ്രത്യേകതകളെക്കുറിച്ച്‌ കൗടല്യന്‌ വ്യക്തമായ ധാരണ ഉണ്ടായിരുന്നു.

പ്രധാന കോട്ടകള്‍. ഇന്ത്യയിലെ പ്രധാനപ്പെട്ട കോട്ടകളാണ്‌ ആഗ്രകോട്ട, അംബര്‍ കോട്ട, ചിറ്റോര്‍ഗഢ്‌ കോട്ട, ചെന്നോട്ട, ഗ്വാളിയോര്‍ കോട്ട, ജയ്‌ഗാര്‍ഹ്‌ കോട്ട, ജയ്‌സാല്‍മെര്‍ കോട്ട, ജുനാഗാര്‍ഗ്‌ കോട്ട, ലോഹാഗഢ്‌ കോട്ട, പുരാനാകിലാ, തുഗ്ലക്ക്‌ബാദ്‌ കോട്ട, ഗോല്‍ക്കണ്ട കോട്ട, ശ്രീരംഗപട്ടണം കോട്ട, മഹാദേവ പട്ടണം കോട്ട എന്നിവ.

ചെങ്കോട്ട. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന കോട്ടകളില്‍ പ്രധാനപ്പെട്ടതാണ്‌ ഡല്‍ഹിയിലെ ചെന്നോട്ട. ആഗ്ര കോട്ട ആസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന ഷാജഹാന്‍ അവിടത്തെ സൗകര്യങ്ങളും കാലാവസ്ഥയും തൃപ്‌തികരമല്ല എന്നു തോന്നിയതു കൊണ്ടാണ്‌ ഡല്‍ഹിയില്‍ ചെങ്കോട്ട പണികഴിപ്പിച്ചത്‌. 1648-ല്‍ ഇതു പൂര്‍ത്തിയായി. 2.5 കിലോമീറ്ററോളം ചുറ്റളവുള്ള ഈ കോട്ട ചുവന്ന മണല്‍ക്കല്ല്‌ കൊണ്ടാണ്‌ നിര്‍മിച്ചിരുന്നത്‌. അതിനാലാണ്‌ ചെങ്കോട്ട എന്ന പേരു ലഭിച്ചത്‌. 35 മീ. വരെ ഉയരമുള്ള ഭാഗങ്ങള്‍ ഇതിലുണ്ട്‌. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ പ്രതീകമായാണ്‌ ഇന്നു ചെങ്കോട്ടയെ കണക്കാക്കിവരുന്നത്‌.

ഡല്‍ഹിയില്‍നിന്ന്‌ 300-ല്‍പ്പരം കി.മീ. തെക്കുമാറി സ്ഥിതി ചെയ്യുന്ന മറ്റൊരു പുരാതന കോട്ടയാണ്‌ ഗ്വാളിയര്‍ കോട്ട. മണല്‍ക്കല്ല്‌ ഉറച്ചു രൂപംകൊണ്ട ഒരു കുന്നിന്‍ മുകളിലാണ്‌ ഈ കോട്ട. നീളം രണ്ടര കിലോമീറ്ററിലധികമുണ്ട്‌. വീതികൂടിയ ഭാഗത്തിന്‌ 900 മീ. നീളംവരും. 10 മീ. ഉയരമുള്ള ചുമരുകളാണ്‌ ഇതിനുള്ളത്‌. രജപുത്ര പ്രഭുവായിരുന്ന സൂരജ്‌സെന്‍ ആണ്‌ ഗ്വാളിയര്‍ കോട്ട നിര്‍മിച്ചതെന്നു കരുതപ്പെടുന്നു. ഗസ്‌നി, ഇല്‍ത്തുമിഷ്‌, അക്‌ബര്‍ തുടങ്ങിയവരുടെ ശക്തമായ ആക്രമങ്ങളെ നേരിട്ടിട്ടുള്ള കോട്ടയാണിത്‌. കോട്ടയ്‌ക്കുള്ളില്‍ എല്ലാ സൗകര്യങ്ങളുമുള്ള ആറ്‌ കൊട്ടാരങ്ങള്‍ ഉണ്ട്‌. രാഷ്‌ട്രീയത്തടവുകാരെ പാര്‍പ്പിക്കുന്നതിനുള്ള സ്ഥലമായാണ്‌ ഇത്‌ ഉപയോഗിച്ചിരുന്നത്‌.

ചിറ്റൂര്‍ കോട്ട. ഉദയപ്പൂരില്‍നിന്നു 110 കി.മീ. അകലെയുള്ള ചരിത്രപ്രധാനമായ കോട്ടയാണ്‌ ചിറ്റൂര്‍കോട്ട. ഇതു രജപുത്രസംസ്‌കാരത്തിന്റെ ഈറ്റില്ലമായിരുന്നു. രണ്ടു ച.കി.മീ.-ഓളം സ്ഥലം ഈ കോട്ടയ്‌ക്കുള്ളിലുണ്ട്‌. ഇത്‌ പാണ്ഡവരാജകുമാരനായ ഭീമന്‍ നിര്‍മിച്ചു എന്നാണ്‌ ഐതിഹ്യം. ചിത്രാംഗന്‍ എന്നു പേരുള്ള രജപുത്രപ്രഭുവാണ്‌ ഇതു നിര്‍മിച്ചത്‌ എന്നും പറയുന്നുണ്ട്‌. 1302-ല്‍ രത്തന്‍സിങ്ങിന്റെ അധീനത്തിലായിരുന്ന ചിറ്റൂര്‍കോട്ട അലാവുദ്ദീന്‍ ഖില്‍ജിയുടെ സൈന്യങ്ങള്‍ ആക്രമിച്ചു. രത്തന്‍സിങ്ങിന്റെ അതിസുന്ദരിയായ ഭാര്യ റാണി പദ്‌മിനിയെ മോഹിച്ചായിരുന്നു ആക്രമണം. 30,000-ത്തിലധികം രജപുത്രര്‍ അന്നു കൊല്ലപ്പെട്ടു. യുദ്ധത്തിന്റെ അവസാനത്തില്‍ റാണി പദ്‌മിനിയും കൂട്ടരും ഇതിനുള്ളില്‍ ജീവത്യാഗം ചെയ്‌തു.

വിജയനഗരം കോട്ട. 1335-ല്‍ ഹരിഹരന്‍, ബുക്കന്‍ എന്നീ രണ്ടു രാജകുമാരന്മാര്‍ ചേര്‍ന്ന്‌ തുംഗഭദ്രയുടെ കരയില്‍ വിജയനഗരം എന്ന പട്ടണം സ്ഥാപിച്ചു. അവരുടെ ഭരണകാലത്ത്‌തന്നെ വിജയനഗരം ഒരു സാമ്രാജ്യമായി വികസിച്ചു. വിജയനഗരംകോട്ടയുടെ അവശിഷ്‌ടങ്ങള്‍ ഇന്ന്‌ കര്‍ണാടകത്തിലെ ബെല്ലാരി ജില്ലയില്‍ നാശോന്മുഖമായി നില്‍ക്കുന്നു. 1399 മുതല്‍ രാജ്യം ഭരിച്ചിരുന്ന ഹരിഹരന്‍ IIആണ്‌ വിജയനഗരംകോട്ട കെട്ടിയതെന്നു കരുതുന്നു. കുന്നിന്റെ ഒരു വശത്ത്‌ വൃത്താകൃതിയിലാണ്‌ കോട്ട. ശത്രുക്കള്‍ക്കു പ്രവേശിക്കാവുന്ന ഇടങ്ങളിലെല്ലാം കിടങ്ങുകള്‍ കുഴിച്ചു കോട്ടയ്‌ക്കു സംരക്ഷണം നല്‌കിയിരുന്നു. ആക്രമണത്തിനും പ്രതിരോധത്തിനും ഉതകുന്ന ധാരാളം ആയുധങ്ങള്‍ കൃഷ്‌ണദേവരായന്റെ കാലത്ത്‌ അവിടെ ഉണ്ടായിരുന്നു. കല്ലുകള്‍, ഗദകള്‍, കോടാലികള്‍ എന്നിവ ശത്രുക്കളുടെ നേരെ ശക്തമായി വലിച്ചെറിയുന്നതിനുള്ള യന്ത്രസംവിധാനങ്ങളും അവിടെ ഉണ്ടായിരുന്നു.

ഗോല്‍ക്കണ്ട കോട്ട. ഹൈദരാബാദിനു പടിഞ്ഞാറുമാറിയാണ്‌ പ്രസിദ്ധമായ ഗോല്‍ക്കണ്ടകോട്ട സ്ഥിതിചെയ്യുന്നത്‌. കോട്ടയുടെ അവശിഷ്‌ടങ്ങള്‍ ചരിത്രസ്‌മാരകമായി നിലനില്‍ക്കുന്നു. 800 കൊല്ലങ്ങള്‍ക്കു മുമ്പു വാറംഗല്‍ രാജാക്കന്മാരാണ്‌ ഈ കോട്ട നിര്‍മിച്ചത്‌. 150 വര്‍ഷക്കാലം ഈ കോട്ട ബാഹ്മനി സുല്‍ത്താന്മാരുടെ അധീനത്തിലായിരുന്നു. 1687-ല്‍ മുഗളര്‍ ഈ കോട്ട കൈവശപ്പെടുത്തി. കരിങ്കല്‍ക്കെട്ടുകള്‍ നിറഞ്ഞ കുന്നിന്‍ മുകളിലാണ്‌ ഗോല്‍ക്കണ്ടകോട്ട. ഇതിന്‌ 6 കി.മീ. ചുറ്റളവുണ്ട്‌. 20 മീറ്ററോളം ഉയരമുള്ള ധാരാളം ഗോപുരങ്ങളും ഇതിലുണ്ട്‌. 7 മീ. നീളമുള്ള വലിയ പീരന്നികള്‍ കോട്ടയില്‍ സ്ഥാപിച്ചിരുന്നു. കോട്ടയ്‌ക്കുള്ളിലേക്കു കടക്കുന്ന ശത്രുക്കളുടെ നേരെ തിളച്ച എണ്ണ ചീറ്റുന്നതിനുള്ള സംവിധാനങ്ങളും ഉണ്ടായിരുന്നു.

ആഗ്ര കോട്ട. ആഗ്രയില്‍ ഉണ്ടായിരുന്ന ബാദല്‍ ഗര്‍ഹ്‌ കോട്ടയുടെ സ്ഥാനത്ത്‌ അക്‌ബര്‍ എട്ട്‌ വര്‍ഷം കൊണ്ട്‌ പണികഴിപ്പിച്ച കോട്ടയാണ്‌ ആഗ്രകോട്ട. അക്‌ബര്‍മഹല്‍, ബംഗാളിമഹല്‍ എന്നിങ്ങനെ രണ്ടു കൊട്ടാരങ്ങള്‍ മാത്രമാണ്‌ അക്‌ബറുടെ ഭരണകാലത്ത്‌ ആഗ്രകോട്ടയ്‌ക്കുള്ളില്‍ പണികഴിപ്പിച്ചത്‌. ബാക്കിയുള്ളവയില്‍ പലതും ഷാജഹാന്റെ കാലത്താണ്‌ നിര്‍മിക്കപ്പെട്ടത്‌. പ്രതിരോധത്തിനുള്ള സജ്ജീകരണങ്ങള്‍ പലതും ഉണ്ടായിരുന്നുവെന്നിലും ആകര്‍ഷകമായ ഒരു വാസ്‌തുശില്‌പം എന്ന നിലയിലാണ്‌ ഇതു പണികഴിപ്പിച്ചത്‌.

കേരളത്തില്‍

കേരളത്തിലെ ഏറ്റവും വലിയ കോട്ടയായ ബേക്കല്‍കോട്ട

കേരളത്തിലെ വടക്കന്‍ പാട്ടുകളിലും മറ്റും കോട്ടകളെക്കുറിച്ചുള്ള വിവരണങ്ങള്‍ ധാരാളമായി കാണാം. ചുറ്റിനും ഏഴു കിടങ്ങും കിടങ്ങിനുള്ളിലായി മതിലും മതിലിനു മുകളില്‍ പതിച്ച കുപ്പിച്ചില്ലുകളും ആ പഴയ കോട്ടകള്‍ക്കു ബലമേകിയിരുന്നു. ഇരുമ്പഴി, ചെമ്പഴി, വെള്ളിഅഴി ഇവകൊണ്ടു ബലപ്പെടുത്തിയ കോട്ടവാതിലുകളും അവയ്‌ക്കുണ്ടായിരുന്നു. കോട്ടയ്‌ക്കുമുകളില്‍ ഏഴുനിലകളുള്ള ഗോപുരങ്ങളും അവയുടെ മുകളില്‍ ചീനക്കുഴല്‍ ഉപയോഗിച്ച്‌ ശത്രുക്കളെ തിരയുന്ന കുഴല്‍ നോട്ടക്കാരും ശത്രുക്കളുടെ നേരെ അമ്പുചുട്ട്‌ എയ്യുന്ന അമ്പാടികളും വടക്കന്‍ പാട്ടുകളില്‍ ഉണ്ട്‌.

വടക്കേകോട്ട, പദ്‌മനാഭപുരംകോട്ട, ഉദയഗിരിക്കോട്ട, തിരുവനന്തപുരംകോട്ട, അഞ്ചുതെങ്ങുകോട്ട, തങ്കശ്ശേരിക്കോട്ട, കൃഷ്‌ണപുരംകോട്ട, മാവേലിക്കരക്കോട്ട, ആയ്‌ക്കോട്ട, പള്ളിപ്പുറംകോട്ട, നെടുങ്കോട്ട, തളിയില്‍കോട്ട, വെന്നിമലക്കോട്ട, പാലക്കാട്ടുകോട്ട, കോട്ടപ്പുറം കോട്ട, ചേന്ദമംഗലം കോട്ട, കുഞ്ചന്‍ സ്‌മാരകം കോട്ട, തലശ്ശേരിക്കോട്ട, സെന്റ്‌ ആഞ്‌ജലോക്കോട്ട, ബേക്കല്‍ക്കോട്ട, കല്‍നാട്ടുകോട്ട, ഹോസ്‌ദുര്‍ഗ്‌-കുമ്പളക്കോട്ട, കൊടുങ്ങല്ലൂര്‍കോട്ട എന്നിങ്ങനെ ധാരാളം പഴയകാല കോട്ടകള്‍ ഭാഗികമായോ പൂര്‍ണമായോ ഇന്നും കേരളത്തില്‍ നിലവിലുണ്ട്‌. ഷഡ്‌കോണാകൃതിയിലുള്ള ആയ്‌ക്കോട്ടയാണ്‌ യൂറോപ്യന്മാര്‍ ഇന്ത്യയില്‍ നിര്‍മിച്ച ആദ്യത്തെ കോട്ടയെന്നു കരുതപ്പെടുന്നു. 1503-ല്‍ പോര്‍ച്ചുഗീസുകാര്‍ നിര്‍മിച്ച ഈ കോട്ടയ്‌ക്ക്‌ അഴിക്കോട്ട എന്നും പേരുണ്ട്‌. കണ്ണൂരിലുള്ള സെന്റ്‌ ആഞ്‌ജലാക്കോട്ടയും പോര്‍ച്ചുഗീസുകാരാണ്‌ പണിയിച്ചത്‌. 17-ാം ശതകത്തില്‍ ബദന്നൂരിലെ ശിവപ്പനായിക്കന്‍ പണിയിച്ച ബേക്കല്‍ക്കോട്ടയാണ്‌ കേരളത്തിലെ ഏറ്റവും വലിയ കോട്ട. കോട്ടപ്പുറംകോട്ട 1523-ല്‍ പോര്‍ച്ചുഗീസുകാര്‍ പണിയിച്ചു. ഹൈദരാലി പാലക്കാട്ടുകോട്ട പണിയിച്ചത്‌ 1766-ല്‍ ആണ്‌. ചെങ്കല്‍കൊണ്ടു നിര്‍മിച്ചതാണ്‌ തലശ്ശേരിക്കോട്ട. ഇംഗ്ലീഷുകാരാണ്‌ ഇതു പണികഴിച്ചത്‌. അഞ്ചുതെങ്ങു കോട്ടയും പണികഴിച്ചത്‌ ഇംഗ്ലീഷുകാരാണ്‌. ഹോസ്‌ദുര്‍ഗ്‌, ചന്ദ്രഗിരിക്കോട്ട എന്നിവ ബദന്നൂര്‍ നായിക്കന്മാരുടെ വകയായിരുന്നു. ടിപ്പുവിന്റെ ആക്രമണം തടയാനായി ധര്‍മരാജാവുനിര്‍മിച്ച കോട്ടയാണ്‌ നെടുന്നോട്ട. ഇവയ്‌ക്ക്‌ പുറമേ പല കോട്ടകളുടെയും അവശിഷ്‌ടങ്ങള്‍ കേരളത്തില്‍ ഉണ്ട്‌.

തിരുവനന്തപുരത്തെ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിനുചുറ്റുമുള്ള കോട്ടമതില്‍ - കിഴക്കേക്കോട്ട

ലോകത്തിലെ ഒന്നാമത്തെ സമ്പന്നക്ഷേത്രവും തിരുവനന്തപുരത്തെ പ്രധാനക്ഷേത്രവുമായ ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം കോട്ടമതിലുകളാല്‍ ആവരണം ചെയ്യപ്പെട്ടതിനാല്‍ ആ പ്രദേശം "കോട്ടയ്‌ക്കകം' എന്നാണറിയപ്പെടുന്നത്‌. മാര്‍ത്തണ്ഡവര്‍മ മഹാരാജാവ്‌ നിര്‍മിച്ച (1749) ഈ കോട്ടയുടെ മുന്‍ഭാഗം ഇഷ്‌ടികകൊണ്ടും ചില ഭാഗങ്ങള്‍ കരിങ്കല്ലുകൊണ്ടും വടക്കുഭാഗം മണ്ണുകൊണ്ടുമാണ്‌ പണികഴിപ്പിച്ചിട്ടുള്ളത്‌.

(കെ. രാമചന്ദ്രന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍