This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കെയ്റോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കെയ്റോ
Cairo
ഈജിപ്തിലെ ഏറ്റവും വലിയ പട്ടണവും തലസ്ഥാനവും. വിജേതാവ് എന്നര്‍ഥമുള്ള എല്‍ ക്വൊഹിറ (El Qahira) എന്നാണ് ഇതിന്റെ അറബി ഭാഷയിലെ നാമം. നൈല്‍നദിയുടെ ഡെല്‍റ്റാപ്രദേശത്തിന്റെ മുകളറ്റത്താണ് ഈ പട്ടണം സ്ഥിതിചെയ്യുന്നത്. ഇവിടെവച്ചു നൈല്‍നദി വടക്കോട്ടൊഴുകുന്ന നിരവധി ശാഖകള്‍ക്കു രൂപം കൊടുക്കുന്നു. നൈലിന്റെ കിഴക്കന്‍ തീരത്തായി 8 കി.മീ. തെക്കായും സൂയസ് കടലിടുക്കിന്റെ 130 കി.മീ. പടിഞ്ഞാറായും ആണ് ഇതു സ്ഥിതി ചെയ്യുന്നത്. വിസ്തീര്‍ണം: 453 ച.കി.മീ.; ജനസംഖ്യ: 6.76 ദശലക്ഷം (2010).
കെയ്റോയെ പുതിയ കെയ്റോ എന്നും പഴയ കെയ്റോ എന്നും രണ്ടായി തിരിച്ചിരിക്കുന്നു. പഴയ കെയ്റോ പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന പ്രദേശമാണ്. ഇവിടെ നാനൂറിലേറെ പള്ളികള്‍ ഉണ്ട്. മൊക്കാട്ടം കുന്നുകളില്‍ 1177-ല്‍ സുല്‍ത്താനായ സലാഡിന്‍ പണികഴിപ്പിച്ച അല്‍കാലാ എന്ന സിറ്റാഡല്‍ പ്രത്യേക ശ്രദ്ധയാകര്‍ഷിക്കുന്നു. ഈ സിറ്റാഡലില്‍ ഒരു കൊട്ടാരവും അഞ്ച് മോസ്കുകളും ഉറച്ച പാറയില്‍ 82 മീറ്ററോളം ആഴത്തില്‍ കുഴിച്ച ഒരു കിണറും ഉണ്ട്.
ആധുനിക കെയ്റോ പഴയതിന്റെ പടിഞ്ഞാറു ഭാഗമാണ്. സുന്ദരമായ ഉദ്യാനങ്ങളും കല്ലില്‍ പണിതീര്‍ത്ത കൂറ്റന്‍ മാളികകളും ധാരാളമായുള്ള ഈ ഭാഗത്താണു പ്രസിദ്ധമായ നാഷണല്‍ മ്യൂസിയം സ്ഥിതി ചെയ്യുന്നത്. പ്രധാന തിയെറ്ററുകളും ഹോട്ടലുകളും നിശാശാലകളും സ്ഥിതിചെയ്യുന്നതും ഇവിടെത്തന്നെ.
അറബ് ലോകത്തെ ഉന്നതവിദ്യാഭ്യാസ കേന്ദ്രം എന്ന സ്ഥാനവും കെയ്റോ പട്ടണത്തിനുണ്ട്. 1908-ല്‍ സ്ഥാപിച്ച കെയ്റോ സര്‍വകലാശാല, 1950-ല്‍ സ്ഥാപിച്ച ഇന്‍ഷാംസ് സര്‍വകലാശാല എന്നിവ എടുത്തുപറയേണ്ടവയാണ്. 1970-ല്‍ സ്ഥാപിക്കപ്പെട്ട പുരാതനമായ ഇസ്ലാമിക് അറബ് സര്‍വകലാശാലയില്‍ പതിനേഴായിരത്തോളം വിദ്യാര്‍ഥികളുണ്ട്. ഇവയെക്കൂടാതെ കെയ്റോയില്‍ത്തന്നെ അമേരിക്കന്‍ സര്‍വകലാശാല, അമേരിക്കന്‍ കോളജ് ഫോര്‍ ഗേള്‍സ്, നിരവധി സ്വകാര്യ പഠനകേന്ദ്രങ്ങള്‍ എന്നിവയും പ്രവര്‍ത്തിക്കുന്നു.
കെയ്റോ പട്ടണം വ്യാവസായിക കേന്ദ്രം എന്ന നിലയിലും ശ്രദ്ധേയമാണ്. ഇവിടത്തെ പ്രധാന വ്യവസായങ്ങള്‍ സിഗററ്റ്, തുണി, ഔഷധം, അലുമിനിയ-ഉപകരണങ്ങള്‍, പ്ലാസ്റ്റിക്, ഗ്ലാസ് എന്നിവയുടെ നിര്‍മാണവുമായി ബന്ധപ്പെട്ടു കിടക്കുന്നു.
ശൈത്യകാല വിനോദസഞ്ചാരകേന്ദ്രം എന്ന നിലയിലും കെയ്റോ പ്രസിദ്ധമാണ്.
ആധുനിക കെയ്റോ പട്ടണത്തിനോടൊപ്പം പുരാതന കെയ്റോ (അല്‍ഫുസ്താത്) ചേര്‍ന്നു കിടക്കുന്നു. ചരിത്രപ്രധാനമായ നിരവധി സ്ഥാപനങ്ങള്‍ ഇവിടെയുണ്ട്. അല്‍ അസ്ഹര്‍പള്ളിയും അതിനോടു ചേര്‍ന്ന സര്‍വകലാശാലയും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നു. ഇസ്ലാമിക ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ഥികള്‍ ഇവിടെ വന്നു പഠിക്കുന്നു. അല്‍ അസ്ഹറുള്‍പ്പെടെ 19 സര്‍വകലാശാലകളാണ് ഈ നഗരത്തിലുള്ളത്. അനേകം പണ്ഡിത സംഘടനകള്‍, ലൈബ്രറികള്‍, മ്യൂസിയങ്ങള്‍, ഗവേഷണ കേന്ദ്രങ്ങള്‍ എന്നിവയെല്ലാം ഇവിടെ കാണാം. പലസ്തീന്‍ നേതാവ് യാസിര്‍ അരാഫത്ത്, ഐക്യരാഷ്ട്രസഭയുടെ സെക്രട്ടറി ജനറല്‍ ബുട്രോസ് ബുട്രോസ് ഗാലി, അന്താരാഷ്ട്ര ആണവോര്‍ജ ഏജന്‍സി തലവന്‍ മുഹമ്മദ് ഏല്‍ബരാദി, സാഹിത്യകാരനായ നഗ്യൂബ് മഹ്ഫോസ് തുടങ്ങിയ പ്രമുഖരുടെ ജന്മദേശം കെയ്റോ ആണ്.
ഈജിപ്ഷ്യന്‍ അസോസിയേഷന്‍ ഒഫ് ഫിലിം റൈറ്റേഴ്സ് ആന്‍ഡ് ക്രിട്ടിക്സ് എന്ന സംഘടനയുടെ ആഭിമുഖ്യത്തില്‍ 1983-ല്‍ തുടക്കം കുറിച്ച കെയ്റോ അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഇന്ന് ലോകസിനിമാഭൂപടത്തില്‍ ശ്രദ്ധേയമായ ഇടം നേടിയിട്ടുണ്ട്.
കെയ്റോ ഒരു വ്യാപാരകേന്ദ്രമാണ്. പശ, ദന്തം, തോല്‍, തുകല്‍, പരുത്തി, പഞ്ചസാര, ധാന്യം, പുകയില എന്നിവയാണ് പ്രധാന വാണിജ്യവിഭവങ്ങള്‍. തുണി, കടലാസ്, തുകല്‍ സാമാനങ്ങള്‍, സിഗററ്റ് എന്നിവ നിര്‍മിക്കുന്ന ഫാക്റ്ററികളും ധാരാളമുണ്ട്. ഇരുമ്പ്-ഉരുക്ക് വ്യവസായവും ഇവിടെ അഭിവൃദ്ധി പ്രാപിച്ചിട്ടുണ്ട്.
ചരിത്രം. ടുണീഷ്യാ ഭരണാധിപനും ഫാത്തിമിയ്യാ വംശജനുമായ 'അല്‍മു ഇസ്സുലി ദീനി-ല്ലാഹി'ന്റെ സൈന്യാധിപനായിരുന്ന ജൗഹര്‍ അല്‍-സിഖിലീ 969-ല്‍ ഈജിപ്ത് പിടിച്ചടക്കിയതോടുകൂടി അവിടെ ഫാത്തിമിയ്യാ ഖലീഫാ ഭരണമാരംഭിച്ചു. പഴയ തലസ്ഥാനമായ 'ഫുസ്താതി' ന്റെ ഉപനഗരമായി സംവിധാനം ചെയ്തു നിര്‍മിച്ച മനോഹരമായ നഗരമാണ് 'അല്‍ക്വൊഹിറാ' (ജേതാവിന്റെ നഗരം) അഥവാ കെയ്റോ പട്ടണം. 973 മുതല്‍ ഇത് ഈജിപ്തിന്റെ തലസ്ഥാനമായി. അല്‍ അസ്ഹര്‍ എന്ന പേരില്‍ 972-ല്‍ 'ജൗഹര്‍' സ്ഥാപിച്ച മനോഹരമായ പള്ളി, ഖലീഫാ അല്‍-അസീസിന്റെ കാലത്ത് (975-996) ആദ്യം ഒരു സാധാരണ വിദ്യാഭ്യാസ കേന്ദ്രമായും പിന്നീട് അല്‍ അസ്ഹര്‍ സര്‍വകലാശാലയായും വളര്‍ന്നു. കെയ്റോ ക്രമേണ രാജമന്ദിരങ്ങളും പള്ളികളും തോടുകളും കൊണ്ട് അലംകൃതമായ ഒരു മഹാനഗരമായിവളര്‍ന്നു. പശ്ചിമഭാഗത്ത് നൈല്‍നദിയും പൂര്‍വഭാഗത്തു മനോഹര മന്ദിരങ്ങളും സ്ഥിതിചെയ്യുന്നു. 10-ാം ശതകത്തില്‍ സ്ഥാപിതമായ ഈ നഗരം 15-ഉം 16-ഉം ശതകങ്ങളില്‍ പാശ്ചാത്യ സന്ദര്‍ശകന്മാരുടെ അഭിനന്ദനത്തിനു പാത്രീഭവിച്ചിട്ടുണ്ട്. കോളജുകളും ആശുപത്രികളും വിശ്രമകേന്ദ്രങ്ങളും സ്നാന കേന്ദ്രങ്ങളും സര്‍വത്ര ദൃശ്യമായിരുന്നു. വനിതകള്‍ക്കു പ്രത്യേകം സ്നാന കേന്ദ്രങ്ങള്‍ സംവിധാനം ചെയ്തിരുന്നു.
ലോകത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും എത്തുന്ന സാധനങ്ങള്‍ വിറ്റഴിച്ചിരുന്ന 20,000 വ്യാപാരസ്ഥാപനങ്ങള്‍ ഇവിടെയുണ്ടായിരുന്നു. കോളജുകളും പൊതുഗ്രന്ഥാലയങ്ങളും ശാസ്ത്രപഠന കേന്ദ്രങ്ങളും മധ്യകാലങ്ങളില്‍ത്തന്നെ കെയ്റോയെ ഒരു വിശ്വവിജ്ഞാന കേന്ദ്രമാക്കിത്തീര്‍ത്തു. ഗ്രന്ഥാലയങ്ങളില്‍ സൗജന്യപഠനങ്ങള്‍ അനുവദിച്ചിരുന്നുവെന്നു മാത്രമല്ല ലേഖന സാമഗ്രികള്‍ സൗജന്യമായി നല്‍കപ്പെടുകയും ചെയ്തിരുന്നു. ഖലീഫമാര്‍ ഇടയ്ക്കിടെ വിളിച്ചുകൂട്ടിയിരുന്ന വിദ്വത്സമ്മേളനങ്ങളില്‍ പണ്ഡിതന്മാര്‍ വിവിധ വിഷയങ്ങളെക്കുറിച്ചു പ്രഭാഷണങ്ങളും ചര്‍ച്ചകളും നടത്തിയിരുന്നു. ഇവിടത്തെ പ്രൊഫസര്‍മാ ഗൗണുകള്‍ ധരിച്ചുകൊണ്ടുള്ള പ്രത്യേക വേഷത്തിലാണ് പ്രത്യക്ഷപ്പെട്ടിരുന്നത്. വിജ്ഞാനത്തിന്റെ എല്ലാ ശാഖകളിലും ഇവിടെ പഠനം നടത്തിയിരുന്നു. വാനനിരീക്ഷണ കേന്ദ്രങ്ങളും ഇവിടെയുണ്ടായിരുന്നു.
ഭരണാധികാരികള്‍ പൊതുവേ പണ്ഡിതന്മാരും പാണ്ഡിത്യത്തെ പ്രോത്സാഹിപ്പിക്കുന്നവരുമായിരുന്നു. അവിടെ സൂക്ഷിച്ചിരുന്ന കൈയെഴുത്തു ഗ്രന്ഥങ്ങള്‍ വിജ്ഞാന കുതുകികളുടെയിടയില്‍ പ്രസിദ്ധി നേടിയിരുന്നു.
ഫാത്തിമിയ്യാ ഭരണശേഷം പ്രധാനികളായ മംലൂക്കുകള്‍ (1215-1517) കെയ്റോയുടെ പ്രശസ്തി നിലനിര്‍ത്തി. അവര്‍ തപാല്‍ സൗകര്യങ്ങളേര്‍പ്പെടുത്തി. അന്നത്തെ സാംസ്കാരികവും കലാപരവുമായ നേട്ടങ്ങള്‍ കെയ്റോവിലെ അറബ് മ്യൂസിയത്തിലും നാഷണല്‍ ലൈബ്രറിയിലും ഇന്നും കാണാം. 1258-ല്‍ ബാഗ്ദാദിലെ ഖലീഫാ കെയ്റോയില്‍ അഭയം തേടി. ഇസ്ലാം ലോകത്തിന്റെ മതനേതാവെന്ന നിലയില്‍ 1517 വരെ ഖലീഫയുടെ ആസ്ഥാനമായിരുന്നു കെയ്റോ. 1517-ല്‍ തുര്‍ക്കികള്‍ ഈജിപ്ത് പിടിച്ചടക്കി. അതോടുകൂടി കെയ്റോയുടെ പ്രതാപം മങ്ങി. 1798-ല്‍ ഫ്രഞ്ചുകാരുടെ പ്രവേശനത്തോടുകൂടി ആധുനികീകരണമാരംഭിച്ചു. ബ്രിട്ടീഷ്-ടര്‍ക്കിഷ് സേനകള്‍ കെയ്റോ തുര്‍ക്കിക്കധീനമാക്കി. തുര്‍ക്കി വൈസ്രോയി ആയിരുന്ന മുഹമ്മദ് അലി പിന്നീട് ഈജിപ്തിന്റെ അധിപനായി; കെയ്റോ തന്റെ തലസ്ഥാനമാക്കി. 1882-ല്‍ കെയ്റോ ബ്രിട്ടീഷ് ആധിപത്യത്തിലായി. ഇതോടെ നഗരത്തിലെ സാമ്പത്തികകേന്ദ്രം യൂറോപ്പിലെ നൈലിലേക്കു മാറി. ധാരാളം യൂറോപ്യന്മാരും ഇക്കാലത്ത് ഇവിടേക്ക് കുടിയേറി താമസമാക്കി. 1919-ല്‍ ദേശീയവികാരം ശക്തിപ്രാപിക്കുകയും ജനങ്ങള്‍ സംഘടിക്കുകയും ചെയ്തു. 1922-ല്‍ ബ്രിട്ടീഷ് ആധിപത്യത്തില്‍ നിന്നും ഈജിപ്ത് സ്വതന്ത്രമായി. എന്നിരുന്നാലും 1956-ഓടെ മാത്രമാണ് ബ്രിട്ടീഷ് സൈന്യം ഇവിടെ നിന്നും പൂര്‍ണമായും പിന്‍വാങ്ങിയത്. രണ്ടാം ലോകയുദ്ധകാലത്ത് (1939-45) കെയ്റോ സഖ്യശക്തികളുടെ മധ്യപൂര്‍വദേശങ്ങളിലെ സമരനയതന്ത്ര കേന്ദ്രമായിരുന്നു.
സ്വതന്ത്ര ഈജിപ്ത് അതിവേഗം വികാസം പ്രാപിച്ചു. ഇത് ഏറ്റവുമധികം പ്രകടമായത് കെയ്റോ നഗരത്തിലായിരുന്നു. എന്നാല്‍ 1952-ല്‍ ഉണ്ടായ വന്‍ തീപിടുത്തം വമ്പിച്ച നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. 'കറുത്ത ശനിയാഴ്ച' (Black Saturday) എന്നാണ് ഈ ദുരന്തം അറിയപ്പെടുന്നത്. തുടര്‍ന്ന് പ്രസിഡന്റ് ഗമാല്‍ അബ്ദുല്‍ നാസറിന്റെ നേതൃത്വത്തില്‍ നഗരത്തെ ആധുനിക രീതിയിലേക്ക് പുനര്‍നിര്‍മിച്ചു. ഗതാഗതസൗകര്യങ്ങള്‍ വര്‍ധിപ്പിച്ച് നഗരത്തെ അയല്‍പ്രദേശങ്ങളുമായി കൂടുതല്‍ ബന്ധിപ്പിച്ചു. 1960-കളോടെ കെയ്റോയിലെ ജനസംഖ്യ എഴ് ദശലക്ഷം കവിഞ്ഞു. അറബ് ലോകത്തിന്റെയും ഉത്തരാഫ്രിക്കയുടെയും സാമ്പത്തികകേന്ദ്രമായി കെയ്റോ മാറി. 1992-ലുണ്ടായ വന്‍ ഭൂചലനത്തില്‍ 545 പേര്‍ കൊല്ലപ്പെടുകയും ഏകദേശം 50,000 പേര്‍ക്ക് വീട് നഷ്ടപ്പെടുകയും ചെയ്തു.
മുല്ലപ്പൂ വിപ്ലവത്തെത്തുടര്‍ന്ന് അറബ് നാടുകളിലുണ്ടായ വിപ്ലവം 2011-ല്‍ ഈജിപ്തിലും ചലനങ്ങളുണ്ടാക്കി. പ്രസിഡന്റ് ഹൊസ്നി മുബാറക്കിനെതിരായ പ്രക്ഷോഭങ്ങളില്‍ രണ്ടു കോടിയില്‍പ്പരം ജനങ്ങളാണ് അണിനിരന്നത്.
2011 ജനുവരി 25-ന് പ്രക്ഷോഭകര്‍ കെയ്റോയിലെ തഹ്റിര്‍ സ്ക്വയര്‍ പിടിച്ചടക്കി. പ്രക്ഷോഭകരും പട്ടാളവും തമ്മിലുണ്ടായ ഏറ്റുമുട്ടലുകളില്‍ 846 പേര്‍ കൊല്ലപ്പെടുകയും 6,000-ത്തില്‍പ്പരം പേര്‍ക്ക് പരിക്കേല്ക്കുകയും ചെയ്തു. തുടര്‍ന്നുണ്ടായ സമ്മര്‍ദങ്ങള്‍ക്കുമുന്നില്‍ പിടിച്ചുനില്ക്കാനാവാതെ ഹൊസ്നി മുബാറക്കും അധികാരം വിട്ടൊഴിഞ്ഞു. നോ. ഈജിപ്ത്
ഐക്യനാടുകളിലെ ഇല്ലിനോയ് സ്റ്റേറ്റിന്റെ തെക്കേ അറ്റത്തുള്ള ഒരു നഗരത്തിനും തെക്കുപടിഞ്ഞാറ് ജോര്‍ജിയായിലെ ഒരു നഗരത്തിനും ഇറ്റലിയില്‍ ലിഗൂറിയന്‍ തീരത്ത് ജനോവയില്‍ സവോനയ്ക്കടുത്തുള്ള ഒരു പട്ടണത്തിനും കെയ്റോ എന്നു പേരുണ്ട്.
(പ്രൊഫ. എസ്.എം. ഷാ; സ.പ.)