This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൊറീയറ്റ്, തോമസ് (1577? - 1617)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൊറീയറ്റ്, തോമസ് (1577? - 1617)
Coryat, Thomas
ഒരു ബ്രിട്ടീഷ് സഞ്ചാരി. സോമര്‍സെറ്റ്ഷയറില്‍ 1577-ല്‍ ജനിച്ചതായി കരുതപ്പെടുന്നു. ഇദ്ദേഹം മരിച്ചത് 1617 ഡിസംബറില്‍ സൂറത്തില്‍ വച്ചായിരുന്നു എന്നതിന് തെളിവുകളുണ്ട്. ഇംഗ്ലണ്ടിലെ ജെയിംസ് I-ന്റെ കൊട്ടാരത്തില്‍ ഒരു വിദൂഷകനായി ജീവിതം ആരംഭിച്ച തോമസ് കൊറീയറ്റ് രാജാവിന്റെ മൂത്തപുത്രനായ ഹെന്റി രാജകുമാരന്റെ കുടുംബത്തില്‍ ഒരംഗത്തെപ്പോലെ കഴിഞ്ഞു. കൊറീയറ്റ് 1608-ല്‍ അഞ്ചുമാസം കൊണ്ട് കാല്‍നടയായി പശ്ചിമയൂറോപ്പിലാകമാനം സഞ്ചരിക്കുകയും സഞ്ചാരവേളയില്‍ നേടിയ അറിവ് കൊറീയറ്റ്സ് ക്രുഡിറ്റീസ് (Coryate's crudites) എന്ന ശീര്‍ഷകത്തില്‍ ഒരു ഗ്രന്ഥമായി സമാഹരിക്കുകയും ചെയ്തു (1611). എന്നാല്‍ ഹെന്റി രാജകുമാരന്റെ നിര്‍ദേശമനുസരിച്ച് ഈ ഗ്രന്ഥത്തിന്റെ പല ഭാഗങ്ങളും ബെന്‍ ജോണ്‍സണ്‍, ജോണ്‍ഡോണ്‍ എന്നീ സമകാലിക സാഹിത്യകാരന്മാര്‍ അവരുടെ കൃതികളില്‍ അനുബന്ധങ്ങളായി ചേര്‍ത്തു പ്രസിദ്ധീകരിച്ചു. പിന്നീട് കൊറീയറ്റ് 1616-ല്‍ തന്റെ രണ്ടാം രാജ്യസഞ്ചാരത്തിന് പുറപ്പെട്ടു. കോണ്‍സ്റ്റാന്റിനോപ്പിളില്‍ താമസിച്ച് പലസ്തീന്‍, മെസൊപ്പോട്ടേമിയ എന്നീ സ്ഥലങ്ങളും പിന്നീട് ഇന്ത്യയിലെത്തി പല പ്രദേശങ്ങളും സന്ദര്‍ശിച്ചു. ഇദ്ദേഹം ഇന്ത്യയില്‍നിന്നു സ്നേഹിതന്മാര്‍ക്ക് അയച്ച കത്തുകള്‍ 1618-ല്‍ ഗ്രന്ഥരൂപത്തില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
(പ്രൊഫ. എ.ജി. മേനോന്‍)