This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊറ്റി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:47, 26 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊറ്റി

Heron/Egrets

അര്‍ഡെയ്ഡേ കുടുംബത്തിലെ പക്ഷികളുടെ പൊതുനാമം. നാട്ടിന്‍പുറങ്ങളില്‍ കൊക്ക് എന്ന പേരിലറിയപ്പെടുന്ന വെള്ളരിപ്പക്ഷികളും (Egrets) ഈ കുടുംബത്തില്‍പ്പെടുന്നവയാണ്. 60-ലധികം സ്പീഷീസില്‍പ്പെട്ട കൊറ്റികളുണ്ട്. ഇവയെ ലോകത്ത് എല്ലായിടത്തും കാണാം. നീളമേറിയ കഴുത്തും കാലുകളുമാണ് ഈ ജലപക്ഷികളുടെ പ്രത്യേകത. 'ട' ആകൃതിയിലുള്ള കഴുത്ത് അകത്തേക്ക് ചുരുക്കിവയ്ക്കാനും പുറത്തേക്ക് നീട്ടിപ്പിടിക്കാനുമുള്ള കഴിവ് കൊറ്റികളുടെ പ്രത്യേകതയാണ്. സാരസങ്ങളില്‍ (Crane) നിന്നു വ്യത്യസ്തമായി ഇവ പറക്കുമ്പോള്‍, സാധാരണയായി കഴുത്തു പുറകോട്ട് വലിച്ച് ചുരുക്കിപ്പിടിക്കാറുണ്ട്. വീതിയും നീളവും ധാരാളമുള്ള ചിറകുകളും കുറിയ വാലുമാണ് എല്ലായിനം കൊറ്റികള്‍ക്കും. തൂവിലുകളില്ലാത്ത കാലില്‍ നീളമേറിയ നാലു വിരലുകള്‍ കാണാം. നീളമേറിയതും കൂര്‍ത്തതുമായ കൊളുത്തിന്റെ ആകൃതിയുള്ള ചുണ്ടുകളാണ് ഇവയുടെ മറ്റൊരു പ്രത്യേകത.

കൊറ്റി

ജലസ്രോതസ്സുകളുമായി ബന്ധപ്പെട്ടാണ് കൊറ്റികള്‍ ഇരതേടുന്നതെങ്കിലും ഇവ നീന്താറില്ല. ഷഡ്പദങ്ങള്‍, ചെറുമത്സ്യങ്ങള്‍, കക്കകള്‍ തുടങ്ങി ചെറുജലജന്തുക്കളെയെല്ലാം ഇവ ആഹാരമാക്കാറുണ്ട്. ജലാശയത്തിലിറങ്ങി, അനങ്ങാതെനിന്ന്, ഇര അടുത്തെത്തുമ്പോള്‍ ചാടിപ്പിടിക്കുന്ന രീതിയാണ് പൊതുവേ കൊറ്റികള്‍ അവലംബിക്കുന്നത്. കൊറ്റികളുടെ ഈ 'തപസ്സ്' പ്രത്യേകം ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. മിക്കയിനം കൊറ്റികളും കോളനികളായാണ് ജീവിക്കുന്നത്. പ്രജനനകാലത്ത്, ശരീരത്തിലുണ്ടാകുന്ന നിറംമാറ്റം ഇവയുടെ സവിശേഷതയാണ്. ജലാശയങ്ങള്‍ക്കു സമീപമുള്ള പൊന്തകളിലോ ചെറുവൃക്ഷങ്ങളിലോ ആണ് കൊറ്റികള്‍ കൂട് കൂട്ടാറുള്ളത്. ഇനവ്യത്യാസമനുസരിച്ച് മുട്ടകളുടെ എണ്ണത്തിലും വ്യത്യാസമുണ്ടാകാറുണ്ട്.

കേരളത്തിലെ കൊറ്റികളുടെ രാജാവ് എന്നു വിശേഷിപ്പിക്കാവുന്ന പക്ഷിയാണ് ചാരമുണ്ടി (Grey heron-Ardea cinerea). ചാരമുണ്ടിയോട് രൂപസാദൃശ്യമുള്ള മറ്റൊരു കൊറ്റിയിനമാണ് ചായമുണ്ടി (purple heron- Ardea purpurea). വെള്ളരിക്കൊക്കുകളില്‍ പെരുമുണ്ടി (large egret- Ardea alba), ചെറുമുണ്ടി (smaller egret Egretta intermedia), ചിന്നമുണ്ടി (little egret-Egretta garzetta) എന്നിവയ്ക്ക് ദേഹമാകെ എല്ലാക്കാലത്തും തൂവെള്ള നിറമായിരിക്കും. ഇവ തമ്മില്‍ ആകൃതി, ആഹാരം, ഗമനരീതി, പ്രജനനം എന്നിവയില്‍ പറയത്തക്ക വ്യത്യാസമില്ല. കേരളത്തില്‍ സാധാരണയായി കണ്ടുവരുന്ന മറ്റ് കൊറ്റിയിനങ്ങളാണ് കാലിമുണ്ടി (Bubulcus ibis), തിരമുണ്ടി (Egretta gularis), പാതിരാക്കൊക്ക് (Nycticorax nycticorax) എന്നിവ. നോ. ചിന്നമുണ്ടി; തിരമുണ്ടി

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8A%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍