This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരള യുക്തിവാദി സംഘം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:03, 17 നവംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരള യുക്തിവാദി സംഘം

അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന സാംസ്കാരികസംഘടന. ജാതിവ്യവസ്ഥ സൃഷ്ടിച്ച അനാചാരങ്ങള്‍ക്കെതിരെ രൂപംകൊണ്ട നവോത്ഥാനപ്രസ്ഥാനങ്ങളുടെ പിന്തുടര്‍ച്ചയായാണ് കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനം രൂപംകൊള്ളുന്നത്. ജാതി-മത മേഖലകളില്‍ കേരളത്തില്‍ നിലനിന്നിരുന്ന അംഗീകൃതരീതികളെ ചോദ്യം ചെയ്യാനുള്ള ആര്‍ജവം കേരളീയര്‍ക്കു പകര്‍ന്നുകൊടുത്തത് ശ്രീനാരായണഗുരുവാണ്. അദ്ദേഹത്തിന്റെ അനുയായിയായ കെ. അയ്യപ്പന്റെ സഹോദരപ്രസ്ഥാനമാണ് യുക്തിവാദപ്രസ്ഥാനത്തിനു തുടക്കം കുറിച്ചത് എന്നുപറയാം. 'ജാതിവേണ്ട, മതംവേണ്ട, ദൈവംവേണ്ട മനുഷ്യന്' എന്ന സഹോദരനയ്യപ്പന്റെ മുദ്രാവാക്യം യുക്തിവാദത്തിന്റെ ആദ്യത്തെ മുദ്രാവാക്യമായി കരുതപ്പെടുന്നു. സഹോദരന്‍ മാസികയില്‍ എം.പി. വര്‍ക്കി എഴുതിയ 'യഥാര്‍ഥ ക്രിസ്തു' ആണ് യുക്തിവാദപരമായി എഴുതപ്പെട്ട ആദ്യലേഖനം എന്നുപറയാം. ലോകപ്രശസ്തനായ അമേരിക്കന്‍ യുക്തിവാദി ഇംഗര്‍സോളിന്റെ ജീവചരിത്രവും അദ്ദേഹമെഴുതിയ 'മോസസ്സിന്റെ തെറ്റുകള്‍', 'നരകം', 'ദൈവങ്ങള്‍' എന്നിങ്ങനെയുള്ള യുക്തിവാദപരമായ ലേഖനങ്ങളും സഹോദരന്‍മാസിക പ്രസിദ്ധീകരിച്ചിരുന്നു. സഹോദരന്‍ അയ്യപ്പന്റെ ലേഖനങ്ങള്‍ക്കും കവിതകള്‍ക്കും ഒപ്പം ജോ. പി.പി. ആന്റണി 'കുസുമം' എന്ന പേരിലെഴുതിയ ലേഖനങ്ങളും യുക്തിവാദത്തെ പ്രോത്സാഹിപ്പിച്ചു. തുടര്‍ന്ന് സി.വി. കുഞ്ഞുരാമന്‍, കെ. രാമവര്‍മത്തമ്പാന്‍, സി. കൃഷ്ണന്‍, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി. ജോസഫ് തുടങ്ങിയവര്‍ യുക്തിവാദചിന്തയ്ക്ക് കരുത്തുപകര്‍ന്നു. സി. കൃഷ്ണന്റെ പത്രാധിപത്യത്തില്‍ നടന്നിരുന്ന മിതവാദി, സി.വി. കുഞ്ഞുരാമന്‍ പത്രാധിപരായുള്ള നവജീവന്‍, കേരള കൗമുദി എന്നീ പത്രങ്ങളിലാണ് ഇവരുടെ ലേഖനങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

1926-ല്‍ മിതവാദി പത്രാധിപര്‍ സി. കൃഷ്ണന്റെ നേതൃത്വത്തില്‍ കോഴിക്കോട്ടുള്ള അദ്ദേഹത്തിന്റെ വീട്ടില്‍വച്ചു യുക്തിവാദികളുടെ ആദ്യസമ്മേളനം നടന്നു. യുക്തിവാദി എന്ന പേരില്‍ ഒരു മാസിക 1927 ജനുവരിയില്‍ തുടങ്ങാന്‍ ഈ സമ്മേളനം തീരുമാനിച്ചെങ്കിലും 1929 സെപ്തംബറിലെ യുക്തിവാദിയുടെ പ്രസിദ്ധീകരണം ആരംഭിച്ചുള്ളൂ. സി. കൃഷ്ണനായിരുന്നു ആദ്യത്തെ പത്രാധിപര്‍. 1930 മുതല്‍ എം.സി. ജോസഫ് ആ സ്ഥാനം വഹിച്ചു. യുക്തിവാദി മാസിക പ്രസിദ്ധീകരിക്കപ്പെട്ടത് എം.സി. ജോസഫിന്റെ പത്രാധിപത്യത്തിലാണ്.

1935 ന. 11-നു കൊച്ചി സംസ്ഥാനത്ത് യുക്തിവാദിസംഘം എന്ന പേരില്‍ ഒരു സംഘടന രജിസ്റ്റര്‍ ചെയ്യപ്പെട്ടു. രാമവര്‍മത്തമ്പുരാനായിരുന്നു പ്രസിഡന്റ്. എം.സി. ജോസഫ് സെക്രട്ടറിയും; പനമ്പിള്ളി ഗോവിന്ദമേനോന്‍ ഖജാന്‍ജിയും. ഈ സംഘടന പക്ഷേ ക്രമബദ്ധമായി പ്രവര്‍ത്തിച്ചില്ല. എങ്കിലും യുക്തിവാദികളുടെ സംഗമങ്ങള്‍ പലേടങ്ങളിലായി നടന്നുവന്നു. ചില സ്ഥലത്ത് ചില യുക്തിവാദി ഗ്രൂപ്പുകള്‍ പ്രവര്‍ത്തിച്ചു. അവയുടെ ആഭിമുഖ്യത്തില്‍ ചില ചര്‍ച്ചകളും നടന്നു. തിരുവനന്തപുരത്ത് റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയായിരുന്ന എച്ച്. രാമകൃഷ്ണന്‍ പ്രസിഡന്റായും സി. കേശവന്‍, കെ. ദാമോദരന്‍ (മയ്യനാട്), ചൊവ്വര പരമേശ്വരന്‍ മുതലായവര്‍ അംഗങ്ങളായും എം. പ്രഭ സെക്രട്ടറിയായും ഉള്ള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ 1949-ല്‍ നടന്ന സമ്മേളനം ഇതിനുദാഹരണമാണ്. ഇതേ കാലഘട്ടത്തില്‍ത്തന്നെ തൊടുപുഴയിലും 1953-ല്‍ ആലുവാ അദ്വൈതാശ്രമം സ്കൂളിലും യുക്തിവാദി സമ്മേളനങ്ങള്‍ നടന്നു. തിരു-കൊച്ചിയുടെ പല ഭാഗത്തുനിന്നുമുള്ള യുക്തിവാദികള്‍ ആലുവാ സമ്മേളനത്തില്‍ പങ്കെടുത്തു. 1966-ല്‍ തിരുവനന്തപുരത്തും കോട്ടയത്തും യുക്തിവാദി സംഘടനകള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയെങ്കിലും കുറേക്കാലത്തിനുശേഷം നിശ്ചലമായി. 1962 മുതല്‍ തൃശൂര്‍ വച്ച് എ.വി. ജോസ് വര്‍ഷംതോറും നടത്തിവന്നിരുന്ന സുഹൃത്സമ്മേളനങ്ങളിലാണ് വിവിധ ഭാഗങ്ങളിലെ യുക്തിവാദികള്‍ സ്ഥിരമായി ഒത്തുചേര്‍ന്നിരുന്നത്.

1967ഡി. 24-നു തൃശൂര്‍ റീജിയണല്‍ തിയെറ്ററില്‍ വച്ച്നടന്ന യുക്തിവാദികളുടെ സമ്മേളനത്തിലാണ് 'കേരള യുക്തിവാദിസംഘം' എന്ന സംഘടന രൂപംകൊണ്ടത്. എം.സി. ജോസഫ് പ്രസിഡന്റായും കെ.എ. സുബ്രഹ്മണ്യം ജനറല്‍ സെക്രട്ടറിയായും രൂപവത്കൃതമായ സംഘടനയില്‍ വി.ടി. ഭട്ടതിരിപ്പാട്, കുറ്റിപ്പുഴ കൃഷ്ണപിള്ള, എ.വി. ജോസ്, പി.എസ്. രാമന്‍കുട്ടി, ജോസഫ് കുന്നത്ത് എന്നിവരും പ്രധാന ചുമതലക്കാരായിരുന്നു. ചാത്തനേറ് എന്ന സങ്കല്പം അന്ധവിശ്വാസമാണെന്ന് തെളിയിക്കുകയായിരുന്നു എം.സി. ജോസഫിനെപ്പോലെയുള്ള ആദ്യകാല യുക്തിവാദികളുടെ പ്രവര്‍ത്തനം. പിന്നീട് 1969-ല്‍ സംഘടിപ്പിക്കപ്പെട്ട ഒന്നാം വാര്‍ഷികത്തോടെ എം. പ്രഭ, ഇടമറുക് എന്നിവരുടെ നേതൃത്വത്തില്‍ സംഘടന ഏറെ സജീവമായി. എം.ബി.കെ., എം.എ. ജോണ്‍, വി.കെ. പവിത്രന്‍, ഡോ. പി.വി. വേലായുധന്‍ പിള്ള, യു. കലാനാഥന്‍ തുടങ്ങിയവരും പില്‍ക്കാലത്ത് സംഘടനയുടെ നേതൃത്വത്തിലെത്തിയിരുന്നു. 1978-ല്‍ പവനന്‍ കേരള യുക്തിവാദിസംഘത്തിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

സോളി ഇടമറുക് പത്രാധിപത്യം വഹിച്ചിരുന്ന തേരാളി, പി.കെ. മാധവന്‍ പത്രാധിപരായുള്ള യുക്തി എന്നീ മാസികകള്‍ യുക്തിവാദി മാസികയ്ക്കുപുറമേ ഇത്തരം അന്ധവിശ്വാസങ്ങള്‍ ഇല്ലാതാക്കാന്‍ പ്രധാനപങ്കുവഹിച്ചു. ഭരണഘടനയുടെ മതനിരപേക്ഷതാസ്വഭാവം നിലനിര്‍ത്തുന്നതിനുവേണ്ടിയും മതം രാഷ്ട്രീയത്തിലിടപെടുന്നതിനെതിരായും വിദ്യാഭ്യാസം മതനിരപേക്ഷമാക്കുന്നതിനുവേണ്ടിയും യുക്തിവാദിസംഘം പ്രക്ഷോഭങ്ങളും പ്രകടനങ്ങളും സംഘടിപ്പിച്ചു. യുക്തിവാദി പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരു സംഭവമാണ് ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശ്രീകോവില്‍ സ്വര്‍ണംപൂശുന്ന നടപടിക്കെതിരായും ദേവാലയാവശ്യങ്ങള്‍ കഴിച്ച് ബാക്കിയുള്ള ധനം സാമൂഹിക സേവനപരമായ കാര്യങ്ങള്‍ക്കുവേണ്ടി ചെലവഴിക്കണം എന്ന ആവശ്യം ഉന്നയിച്ചും പവനന്റെ നേതൃത്വത്തില്‍ ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡിന്റെ ആഫീസിനുമുന്നില്‍ നടത്തിയ സത്യഗ്രഹവും, ഡോ. എ.ടി. കോവൂരിന്റെ 'ദിവ്യാദ്ഭുതങ്ങളുടെ അനാവരണവും' ജനശ്രദ്ധയാകര്‍ഷിച്ച പരിപാടികളായിരുന്നു. 1979 ഏ. 25 മുതല്‍ മേയ് 15 വരെ നടന്ന സംസ്ഥാനതല പ്രചാരണജാഥയും ശബരിമല തീര്‍ഥാടകര്‍ ഭക്തിപൂര്‍വം ദര്‍ശിക്കുന്ന മകരജ്യോതിസ്സ് സ്വയംഭൂ അല്ല എന്ന് സ്ഥാപിക്കാനായി നടത്തിയ ശ്രമങ്ങളും യുക്തിവാദി സംഘത്തിന് പ്രസിദ്ധി നേടിക്കൊടുത്ത പ്രവര്‍ത്തനങ്ങളാണ്. കൂടാതെ, ബാബ്റി മസ്ജിദ് തകര്‍ക്കപ്പെട്ടതിനെതിരെയും കൊടുങ്ങല്ലൂര്‍ ക്ഷേത്രത്തിലെ തെറിപ്പാട്ട്, കാവുതീണ്ടല്‍, കോഴിബലി, പെരിങ്ങോമിലെ നിര്‍ദിഷ്ട ആണവനിലയം, പുത്രകാമേഷ്ടി യാഗം തുടങ്ങിയ സാമൂഹിക അനാചാര പ്രശ്നങ്ങള്‍ക്കെതിരെയും സംഘടനയുടെ ശക്തമായ പ്രതികരണങ്ങള്‍ ഉണ്ടായി. ഉണ്ണി കാക്കനാടിന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന യുക്തിവാദി, എ.വി. ജോസ് പ്രസാധകനായുള്ള യുക്തിവിചാരം, വി.കെ. പവിത്രന്‍ പത്രാധിപരായുള്ള പ്രഖ്യാപനം, ശ്രീനി പട്ടത്താനം പ്രസിദ്ധീകരിക്കുന്ന രണരേഖ, തൃശൂരില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെടുന്ന യുക്തിവിചാരം, നാസ്തികര്‍ എന്നിവയും ദേശീയ-അന്തര്‍ദേശീയതലത്തില്‍ യുക്തിവാദി-മതനിരപേക്ഷ-മാനവികവാദ പ്രവര്‍ത്തകരെ ഐക്യപ്പെടുത്താനും ഒരേ സാംസ്കാരിക മുന്നണിയില്‍ അണിനിരത്താനും ലക്ഷ്യമിട്ടുകൊണ്ട് 2001 മുതല്‍ പ്രസിദ്ധീകരിച്ചുവരുന്ന സെക്യുലാര്‍ ഹ്യുമനിസ്റ്റ് എന്ന ഇംഗ്ലീഷ് ത്രൈമാസിക തുടങ്ങിയവ യുക്തിവാദപ്രചാരണത്തില്‍ ഏര്‍പ്പെട്ടിട്ടുള്ള ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ ചിലതാണ്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍