This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കൈലാസം, ടി.പി. (1885 -1948)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കൈലാസം, ടി.പി. (1885 -1948)
ആധുനിക കന്നഡ നാടകരചയിതാക്കളില്‍ പ്രമുഖന്‍. കന്നഡനാടകസാഹിത്യത്തില്‍ പുതിയ കാല്‍വെപ്പുകളോടെയാണ് ടി.പി.കൈലാസം രംഗപ്രവേശം ചെയ്തത്. ത്യാഗരാജപരമശിവ കൈലാസമെന്നാണ് പൂര്‍ണമായ നാമം. ചെന്നൈയിലെ പ്രസിഡന്‍സികോളജില്‍ പഠിച്ച് ഭൂവിജ്ഞാനീയ ശാസ്ത്രത്തില്‍ ബിരുദം നേടിയ ഇദ്ദേഹം ലണ്ടനിലെ കോളജ് ഒഫ് സയന്‍സില്‍ ആറു വര്‍ഷക്കാലം ഉപരിപഠനം നടത്തി. നാട്ടില്‍ മടങ്ങിയെത്തിയ കൈലാസം സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിച്ചുവെങ്കിലും ഏറെത്താമസിയാതെ ഉദ്യോഗം ഉപേക്ഷിച്ച് ഒരു അമച്വര്‍ നാടകസംഘത്തില്‍ അംഗമായിച്ചേര്‍ന്നു. സംസ്കൃതനാടകങ്ങളുടെ മാതൃകയില്‍ ഇദ്ദേഹം എഴുതിയ ശിക്ഷണസംഭ്രമ, സ്ത്രീധര്‍മരഹസ്യ,പതിതോദ്ധാര തുടങ്ങിയ നാടകങ്ങള്‍ വടക്കന്‍ കര്‍ണാടകത്തില്‍ പ്രസിദ്ധിയാര്‍ജിച്ചു.
യൂറോപ്യന്‍ യാത്രയില്‍ പാശ്ചാത്യരംഗസംവിധാനവുമായി പരിചയം നേടിയിരുന്ന കൈലാസം പാശ്ചാത്യനാടകങ്ങളുടെ നല്ല വശങ്ങളെയെല്ലാം കന്നഡനാടകങ്ങളിലും സ്വീകരിച്ചു. ഇബ്സന്‍,ഷാ, ഗാല്‍സ്വര്‍ത്തി തുടങ്ങിയവരുടെ സ്വാധീനത കൈലാസത്തിന്റെ നാടകങ്ങളില്‍ കാണാമെങ്കിലും സംസ്കൃതനാടകമാണ് ഇദ്ദേഹത്തിന്റെ മാര്‍ഗദര്‍ശി. കൈലാസത്തിന്റെ നാടകങ്ങള്‍ കന്നഡയില്‍ പുതിയ ചലനങ്ങളുണ്ടാക്കി. പ്രൊഫഷണല്‍ നാടകവേദിയില്‍ നിന്ന് കന്നഡനാടകത്തെ അടര്‍ത്തിയെടുക്കാന്‍ ഇദ്ദേഹം പ്രയോഗിച്ച ഒരായുധമാണ് ഹാസ്യം. സാമൂഹിക രോഗങ്ങള്‍ക്കുള്ള ഔഷധമായിട്ടാണ് ഇദ്ദേഹം ഹാസ്യത്തെ സ്വീകരിച്ചത്.
തിപ്പോറിള്ളിയ, ബോറ, കോളികെരംഗ, ടൊളുഗട്ടി, അമ്മാ വേഗണ്ട, നംബ്രാമ്മഅര്‍കെ, ബണ്‍ഡ്വാളബില്ലദബഡായി, സൂളേ തുടങ്ങിയ നാടകങ്ങള്‍ കോമഡികളാണ്. ഇവയുടെ പ്രസിദ്ധിയോടെ കൈലാസം ഹ്യൂമറിന്റെ പര്യായമായി മാറി. ഹാസ്യത്തിനും ദുഃഖത്തിനും തമ്മിലുള്ള അന്തരം വളരെ നിസ്സാരമാണെന്ന് കൈലാസം സ്വന്തം നാടകങ്ങളിലൂടെ വ്യക്തമാക്കുന്നു. ഭാരതീയ പാശ്ചാത്യഗാനങ്ങളെ ഇടകലര്‍ത്തി വിചിത്രരീതിയില്‍ പാടിയിരുന്ന ഇദ്ദേഹം 1945 -ലെ കന്നഡസാഹിത്യസമ്മേളനത്തിന്റെ അദ്ധ്യക്ഷനായിരുന്നു. 1948 -ല്‍ കൈലാസം നിര്യാതനായി.
(റ്റി.വെങ്കിടലക്ഷ്മി; സ.പ.)