This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോവിലന്‍ (അയ്യപ്പന്‍, വി.വി. 1923-2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

14:38, 3 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോവിലന്‍ (അയ്യപ്പന്‍, വി.വി. 1923-2010)

കോവിലന്‍

മലയാള നോവലിസ്റ്റ്‌. വട്ടമ്പറമ്പില്‍ വേലപ്പന്‍ അയ്യപ്പന്‍ എന്നാണ്‌ പൂര്‍ണ നാമധേയം. 1923 ജൂല. 9-ന്‌ തൃശൂരില്‍ കണ്ടാണിശ്ശേരിയില്‍ വട്ടമ്പറമ്പില്‍ ശന്നുവേലപ്പന്റെയും കൊടയ്‌ക്കാട്ടില്‍ കുഞ്ഞാണ്ടി കാളിയുടെയും മകനായി ജനിച്ചു. കണ്ടാണിശ്ശേരി എക്‌സല്‍സിയര്‍ പ്രമറി സ്‌കൂള്‍, ബ്രഹ്മക്കുളം ഹയര്‍ എലിമെന്ററി സ്‌കൂള്‍. പാവറട്ടിയിലെ സാഹിത്യദീപിക സംസ്‌കൃതസ്‌കൂള്‍ എന്നിവിടങ്ങളിലായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ക്വിറ്റ്‌ ഇന്ത്യാ സമരക്കാലത്ത്‌ പഠനം ഉപേക്ഷിച്ച ഇദ്ദേഹം 1946-ല്‍ റോയല്‍ ഇന്ത്യന്‍ നാവികസേനയില്‍ ചേര്‍ന്നു. 1948 മുതല്‍ ഇരുപതു കൊല്ലക്കാലം പട്ടാളത്തില്‍ സിഗ്നല്‍ കോറില്‍ റേഡിയോ മെക്കാനിക്കായി ജോലി ചെയ്‌തു. സൈനിക സേവനത്തിലായതിനാലാണ്‌ കോവിലന്‍ എന്ന തൂലികാനാമം സ്വീകരിച്ചത്‌. ഔദ്യോഗിക ജീവിതത്തിനുശേഷമാണ്‌ കോവിലന്‍ മുഴുവന്‍ സമയ സാഹിത്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടത്‌.

1942-ല്‍ എഴുതിയ തകര്‍ന്ന ഹൃദയങ്ങള്‍ ആണ്‌ ആദ്യത്തെ കൃതി. മംഗളോദയം പ്രസിദ്ധീകരണശാലയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിട്ടുള്ള ഇദ്ദേഹം തന്റെ പട്ടാളജീവിതത്തിന്റെ പശ്ചാത്തലത്തില്‍ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ എഴുതിയ കഥയും നോവലും ആണ്‌ കോവിലനെ ശ്രദ്ധേയനാക്കിയത്‌. ഗ്രാമത്തില്‍ നിന്നും പിഴുതുമാറ്റപ്പെട്ട മനുഷ്യന്റെ ദുഃഖമാണ്‌ അവയിലെ സാരാംശം. മനുഷ്യന്റെ ക്രൂരതയെ ധ്വനിപ്പിക്കുമ്പോള്‍ പലപ്പോഴും മനുഷ്യജീവിത ദുരന്തത്തിന്റെ പല മാനങ്ങളും കോവിലന്‍ സൃഷ്‌ടിക്കുന്നു. എ മൈനസ്‌ ബി, ബോര്‍ഡൗട്ട്‌, ഹിമാലയം, താഴ്‌വരകള്‍, ഏഴാമെടങ്ങള്‍, ഭരതന്‍, തോറ്റങ്ങള്‍, ശകുനം, ഒരു കഷ്‌ണം അസ്ഥി, ഈ ജീവിതം അനാഥമാണ്‌, ഒരിക്കല്‍ മനുഷ്യനായിരുന്നു, പിത്തം, തകര്‍ന്നഹൃദയങ്ങള്‍, കോവിലന്റെ കഥകള്‍, കോവിലന്റെ ലേഖനങ്ങള്‍, ആത്മഭാവങ്ങള്‍, തട്ടകം, നാമൊരു ക്രിമിനല്‍സമൂഹം തുടങ്ങിയവയാണ്‌ പ്രധാന കൃതികള്‍. തോറ്റങ്ങള്‍ക്കു 1972-ല്‍ കേരള സാഹിത്യഅക്കാദമി അവാര്‍ഡ്‌ ലഭിച്ചു. സങ്കീര്‍ണമായ ജീവിതസമസ്യകളെ അപഗ്രഥിക്കുന്ന ഈ കൃതി മലയാളത്തിലെ നോവല്‍ സങ്കല്‌പത്തെത്തന്നെ സ്വാധീനിക്കുകയുണ്ടായി.

കേരളസാഹിത്യ അക്കാദമി പുരസ്‌കാരം (1972), മുട്ടത്തുവര്‍ക്കി പുരസ്‌കാരം (1998), ബഷീര്‍ പുരസ്‌കാരം (1995),

എ.പി. കളക്കാട്‌ പുരസ്‌കാരം (1997), കേരള സാഹിത്യ അക്കാദമി ഫെലോഷിപ്പ്‌ (1997), കേരള സാഹിത്യ പരിഷത്ത്‌ അവാര്‍ഡ്‌ (1998), സാഹിത്യ അക്കാദമി പുരസ്‌കാരം (1998), എന്‍.വി. പുരസ്‌കാരം (1999), വയലാര്‍ അവാര്‍ഡ്‌ (1999), എഴുത്തച്ഛന്‍ പുരസ്‌കാരം (1999), ഖത്തര്‍ പ്രവാസികളുടെ ബഷീര്‍ പുരസ്‌കാരം, മാതൃഭൂമി സാഹിത്യ പുരസ്‌കാരം (2009) തുടങ്ങിയവയാണ്‌ ഇദ്ദേഹത്തിനുലഭിച്ച ഇതര ബഹുമതികള്‍.

2010 ജൂണ്‍ 2-ന്‌ കോവിലന്‍ അന്തരിച്ചു.

(എസ്‌.കെ. വസന്തന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍