This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കോമണ്‍ ലോ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കോമണ്‍ ലോ
Common Law
ബ്രിട്ടനില്‍ വികാസം പ്രാപിച്ച് ബ്രിട്ടന്റെ അധീശാധികാരമുള്ള പ്രദേശങ്ങളില്‍ പ്രാബല്യത്തിലിരുന്ന നിയമസമുച്ചയം. ബ്രിട്ടീഷ് അധീശാധികാരത്തില്‍ നിന്നു സ്വാതന്ത്ര്യം നേടിയ പല രാഷ്‌ട്രങ്ങളിലും ഇന്നു കോമണ്‍ ലോ പ്രചാരത്തിലുണ്ട്. യു.എസ്., കോമണ്‍ വെല്‍ത്തിലുള്‍പ്പെട്ട കാനഡ, ആസ്റ്റ്രേലിയ, ഇന്ത്യ എന്നിവിടങ്ങളില്‍ ബ്രിട്ടീഷ് കോമണ്‍ ലോയില്‍ അധിഷ്‌ഠിതമായ ഒരു നീതിന്യായ വ്യവസ്ഥയാണു നിലവിലുള്ളത്.
കോമണ്‍ ലോയില്‍നിന്നു വ്യത്യസ്‌തമായ ഒന്നാണ് സിവില്‍ ലോ. യൂറോപ്പില്‍ വികാസം പ്രാപിച്ച് പിന്നീട് ലാറ്റിന്‍ അമേരിക്കയിലും യൂറോപ്പിലെ പ്രബലരാഷ്‌ട്രങ്ങളുടെ അധീശാധികാരത്തിലായിരുന്ന ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങളില്‍ പലതിലും പ്രചാരത്തിലിരുന്നത് റോമന്‍ നിയമത്തില്‍ അധിഷ്‌ഠിതമായ സിവില്‍ ലോ ആയിരുന്നു. കോമണ്‍ ലോയും സിവില്‍ ലോയും തമ്മിലുള്ള പ്രധാനവ്യത്യാസം, നിയമനിര്‍മാണസഭകളുടെ പ്രവര്‍ത്തനം വഴിയാണ് സിവില്‍ ലോ ഉരുത്തിരിഞ്ഞതെന്നും കോടതിവിധികളില്‍ അധിഷ്‌ഠിതമായതാണ് കോമണ്‍ ലോ എന്നതുമാണ്.
ബ്രിട്ടനെ ഒട്ടാകെ ബാധിക്കുന്ന പ്രാദേശിക സ്വഭാവം ഒട്ടുമില്ലാത്ത നിയമക്രമം എന്നതാണ് കോമണ്‍ ലോ എന്ന സംജ്ഞകൊണ്ട് അര്‍ഥമാക്കിയിരുന്നത്. നിയമപ്രാബല്യമുള്ള കീഴ്‌വഴക്കങ്ങളും കോടതിവിധികളിലൂടെ ഉരുത്തിരിഞ്ഞ നിയമങ്ങളും ആണ് ഇന്നു കോമണ്‍ ലോ കൊണ്ട് ഉദ്ദേശിക്കുന്നത്. യു.എസ്സിനു പൊതുവായ ഒരു കോമണ്‍ ലോ ഇല്ല. ഓരോ സ്റ്റേറ്റിലും അതതിന്റേതായ കോമണ്‍ ലോ ഉണ്ട്. കോമണ്‍ ലോ എന്ന സംജ്ഞയ്‌ക്കുണ്ടായ അര്‍ഥവ്യാപ്‌തിയെ ഇത് സൂചിപ്പിക്കുന്നു.
ബ്രിട്ടന്‍. രാജശക്തിയുടെ വളര്‍ച്ചയോടെയാണ് ബ്രിട്ടനില്‍, കോമണ്‍ ലോ വികാസം പ്രാപിച്ചത്. മധ്യകാലഘട്ടത്തില്‍ അധികാരവും ധനവും ഭൂമിയെ ആശ്രയിച്ചായിരുന്നു. സൈനികശക്തിക്കു നിദാനവും ഭൂമിയുടെ മേലുള്ള അവകാശമായിരുന്നു. അന്ന് സൈനികം, നിയമനിര്‍മാണം, ഭരണനിര്‍വഹണം, നീതിന്യായനിര്‍വഹണം എന്നിങ്ങനെ അധികാര നിര്‍വഹണത്തിനു വരമ്പുകളുണ്ടായിരുന്നില്ല. എല്ലാ അധികാരങ്ങളും ഫ്യൂഡല്‍ ഭരണാധികാരികളിലാണ് നിക്ഷിപ്‌തമായിരുന്നത്. എല്ലാ ഭൂസ്വത്തിന്റെയും അന്തിമമായ ഉടമാവകാശം രാജാവില്‍ നിക്ഷിപ്‌തമായിരുന്നതുകൊണ്ട് കുടിയാന്മാര്‍ രാജാവിന്റെ ഇംഗിതത്തിനൊത്ത് ഭൂസ്വത്ത് അനുഭവിച്ചുവന്നു. എന്നാല്‍ അന്ന് രാജാധികാരം ഫലപ്രദമായി ബോധ്യമാക്കുന്നതിനുള്ള സംവിധാനം ഉണ്ടായിരുന്നില്ല.
നോര്‍മന്‍ വാഴ്‌ചയോടെയാണ് (11-ാം ശ.) കോമണ്‍ ലോ ആവിര്‍ഭവിച്ചത്. വില്യം ദ കോണ്‍ക്വററുടെ വാഴ്‌ചക്കാലത്തു രാജാവിന്റെ കോടതി (Curia Regis) ആരംഭിച്ചു. ആധുനിക രീതിയിലുള്ള കോടതിയായിരുന്നില്ല അത്. രാജാവ് എല്‌പിക്കുന്ന കാരങ്ങള്‍ ചെയ്യുന്നതിനും രാജാവിനെ സഹായിക്കുന്നതിനുംവേണ്ടി രാജാവുതന്നെ നിയമിക്കുന്ന ഒരുകൂട്ടം ആളുകളായിരുന്നു കോടതിയായി പ്രവര്‍ത്തിച്ചിരുന്നത്. കാലക്രമേണ നിയമനിര്‍മാണ പ്രവര്‍ത്തനങ്ങളും നീതിന്യായസംവിധാനങ്ങളും ഭരണ നിര്‍വഹണ പ്രവര്‍ത്തനങ്ങളില്‍നിന്നു വേര്‍പെടുകയും നൂറ്റാണ്ടുകള്‍ക്കുശേഷം ഇന്നത്തെ രീതിയിലുള്ള പാര്‍ലമെന്റും കോടതികളും രൂപംകൊള്ളുകയും ചെയ്‌തു.
ഹെന്‌റി II-ന്റെ ഭരണകാലത്ത് (1154-89) രാജകീയ നീതിന്യായാധികാരകങ്ങള്‍ വ്യാപകമാക്കുകയുണ്ടായി. രാജ്യത്തൊട്ടാകെയുള്ള ഭൂമിയുടെ ഉടമാവകാശം രാജാവില്‍ നിക്ഷിപ്‌തമായിരിക്കുന്ന സ്ഥിതിക്ക് ഭൂമി സംബന്ധിച്ച തര്‍ക്കങ്ങള്‍ തീര്‍ക്കുന്നതിനുള്ള അധികാരവും രാജാവിനു തന്നെയാണെന്ന് ഉറപ്പിച്ചു. ഏതെങ്കിലും തര്‍ക്കം ഉണ്ടാകുന്ന പക്ഷം വാദം കേള്‍ക്കല്‍ എവിടെയായിരിക്കുമെന്ന രാജകീയ ഉത്തരവ് (Writ) പേുറപ്പെടുവിക്കുന്നത് രാജാവിന്റെ ചാന്‍സിലര്‍ ആയിരിക്കും. വാദം കേള്‍ക്കുന്നത് രാജാവിന്റെ കോടതിയെക്കാള്‍ കുറഞ്ഞ ഒരു സമിതിയാണെങ്കില്‍കൂടി രാജാവിന്റെ പരമാധികാരം പരമോന്നതമാണെന്നു വ്യാഖ്യാനിക്കപ്പെട്ടു. ചില വീഥികളും സ്ഥലങ്ങളും ചില ദിവസങ്ങള്‍ പോലും രാജാവിന്റെതാണന്നു വ്യവസ്ഥ ചെയ്‌തു. ഈ വീഥികളിലോ ഈ സ്ഥലങ്ങളിലോ ഈ ദിവസങ്ങളിലോ ഏതെങ്കിലും ശല്യങ്ങളുണ്ടായാല്‍ രാജസമാധാനത്തിനു ലംഘനമുണ്ടായതായി കണക്കാക്കുകയും അതിനു കാരണക്കാരെ രാജാവിന്റെ കോടതി വിസ്‌തരിച്ചു ശിക്ഷ ചുമത്തുകയും ചെയ്‌തിരുന്നു. കുറ്റകൃത്യങ്ങളുടെ മേല്‍ രാജാധികാരം പ്രയോഗിച്ചു തുടങ്ങിയത് ഇങ്ങനെയായിരുന്നു. തുടര്‍ന്ന് ഈ രാജാധികാരം എല്ലാ സ്ഥലങ്ങളിലേക്കും എല്ലാ സമയത്തേക്കും വ്യാപിച്ചതോടെ രാജാവിന്റെ ക്രിമിനല്‍ അധികാരപരിധി വിപുലമായി. 1066 മുതല്‍ 16-ാം ശ. വരെയുള്ള കാലംകൊണ്ടു രാജകീയനീതി നിര്‍വഹണം സാര്‍വത്രികമായി. "ടോര്‍ട്ട്' എന്ന ആധുനിക നിയമശാഖയില്‍പ്പെടുന്ന എല്ലാ കാര്യങ്ങളും രാജാവിന്റെ കോടതിയുടെ പരിധിയില്‍ വരികയും ചെയ്‌തു.
ഇതിനിടയില്‍ രാജാവിന്റെ കോടതിയില്‍ ഒരുതരം വിശേഷവത്‌കരണം പ്രാവര്‍ത്തികമായി. നീതിന്യായനിര്‍വഹണത്തില്‍ വിദഗ്‌ധരായവര്‍ നീതിന്യായ നിര്‍വഹണത്തിലും നിയമനിര്‍മാണത്തിലും ഭരണനിര്‍വഹണത്തിലും പ്രാഗല്‌ഭ്യം നേടിയവര്‍ ആ രംഗങ്ങളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. അങ്ങനെയാണ് അഭിഭാഷകവൃത്തി ആരംഭിച്ചത്. മൂന്നു തരം കോടതികളും രൂപം കൊണ്ടു: "കോര്‍ട്ട് ഒഫ് കോമണ്‍ പ്‌ളീസ്', "കോര്‍ട്ട് ഒഫ് കിങ്‌സ് ബെഞ്ച്', "കോര്‍ട്ട് ഒഫ് ദ എക്‌സ്‌ചെക്കര്‍'. രാജാവിന്റെ സാന്നിധ്യത്തിലല്ലാതെ കോടതി സമ്മേളിക്കുന്ന രീതിയും ഇക്കാലത്തുണ്ടായി. വെസ്റ്റ് മിനിസ്റ്ററില്‍ രാജാവിന്റെ സാന്നിധ്യത്തില്‍ കോടതി കൂടുന്നതിനു പുറമേ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സര്‍ക്യൂട്ട് കോടതികള്‍ സമ്മേളിച്ചു തുടങ്ങിയതോടെ രാജകീയ നീതി നിര്‍വഹണം ജനങ്ങളുടെ അടുക്കലേക്ക് എത്തി. കുറ്റം തെളിയിക്കുന്നതിന് പ്രകൃത്യാതീതശക്തിയുടെ ഇടപെടല്‍ ആവശ്യമാണെന്ന് ഇക്കാലത്ത് ഒരു വിശ്വാസമുണ്ടായിരുന്നു. ആദ്യകാലങ്ങളില്‍ സത്യം തെളിയിക്കുന്നതിനു സ്വീകരിച്ചിരുന്ന നടപടികള്‍ വളരെ അപരിഷ്‌കൃതങ്ങളായിരുന്നു. ഇന്നത്തെപ്പോലെ വിചാരണ ചെയ്യുന്ന പതിവുണ്ടായിരുന്നില്ല. തെറ്റു ചെയ്‌തയാള്‍ തന്റെ കൈ തിളച്ച വെള്ളത്തില്‍ മുക്കുകയോ, ചുട്ടുപഴുത്ത കല്‍ക്കരി കൈകൊണ്ടു വാരുകയോ, അതുപോലെയുള്ള മറ്റു കൃത്യങ്ങള്‍ ചെയ്യുകയോ വേണമായിരുന്നു. നിശ്ചിത ദിവസത്തിനുള്ളില്‍ മുറിവുണങ്ങിയാല്‍ അയാള്‍ കുറ്റക്കാരനല്ലെന്നും ഉണങ്ങിയില്ലെങ്കില്‍ കുറ്റക്കാരനാണെന്നും വ്യാഖ്യാനിക്കപ്പെട്ടു. മുഷ്‌ടിയുദ്ധത്തില്‍ വിജയിയാകുന്ന ആളാണ് കേസില്‍ വിജയിയാകുക എന്നതാണ് മറ്റൊരു രീതി. കുറ്റം തെളിയിക്കാനുള്ള ഇത്തരം നടപടികളുടെ സ്ഥാനത്ത് പിന്നീട് "ജൂറി'മുഖേനയുള്ള വിചാരണ ഏര്‍പ്പെടുത്തി. 14-ാം ശതകത്തിന്റെ മധ്യത്തില്‍ രണ്ടു തരം ജൂറികളുണ്ടായിരുന്നു: ഒരു ഗ്രാന്‍ഡ് ജൂറിയും (ഇതിന്റെ അംഗസംഖ്യ പലതായിരിക്കും) പന്ത്രണ്ട് ആളുകളടങ്ങുന്ന ഒരു "പെറ്റി ജൂറി'യും. രഹസ്യമായി തെളിവുകള്‍ ശേഖരിച്ചു കേസ് ചാര്‍ജ് ചെയ്യുകയാണ് ഗ്രാന്‍ഡ് ജൂറിയുടെ ചുമതല. പരസ്യവിചാരണ നടത്തി കുറ്റക്കാരെ ശിക്ഷിക്കുകയോ വെറുതെ വിടുകയോ ചെയ്യുകയാണു പെറ്റി ജൂറിയുടെ കര്‍ത്തവ്യം. സിവില്‍ കേസുകള്‍ തീരുമാനിക്കുന്നതും പെറ്റി ജൂറിയായിരുന്നു. എഡ്വേഡ് III-ന്റെ ഭരണകാലത്ത് (1327-77) ജൂറി സമ്പ്രദായം സാര്‍വത്രികമായി.
ഇക്കാലത്ത് രാജകീയ കോടതികളുടെ തീരുമാനങ്ങള്‍ കീഴ് വഴക്കങ്ങളായി അംഗീകരിച്ചു. മിക്കപ്പോഴും കേസിന് തീര്‍പ്പു കല്‌പിക്കാനാവശ്യമായ നിയമവ്യവസ്ഥകള്‍ ഉണ്ടായി എന്നു വരില്ല. ഈ അവസരങ്ങളില്‍ ജഡ്‌ജിമാര്‍ തങ്ങളുടെ നീതിബോധവും യുക്തിയും ഉപയോഗിച്ചു വിധി കല്‌പിക്കുന്നു. ഈ വിധിന്യായങ്ങള്‍ നിയമവിദഗ്‌ധരായ റിപ്പോര്‍ട്ടര്‍മാര്‍ എഴുതിയെടുത്തു സൂക്ഷിക്കുമായിരുന്നു. ഭാവിയിലുണ്ടാകുന്ന കേസുകള്‍ക്കു വിധി കല്‌പിക്കുന്നതിന് ഈ തീരുമാനങ്ങള്‍ വഴികാട്ടികളായി. നേരത്തേ വിധി പ്രസ്‌താവിച്ച കേസിനു സമാനമായ മറ്റു കേസുകള്‍ ഉണ്ടാവുമ്പോള്‍ നേരത്തേയുള്ള വിധിക്കനുസൃതമായി പുതിയ കേസുകളും വിധിക്കണം എന്നാണു കീഴ്‌വഴക്കതത്ത്വം (Precedent-Stare decisis) അനുശാസിക്കുന്നത്.
"ക്യൂറിയാ റെജിസി'ല്‍ നിന്നുള്ള തീരുമാനങ്ങള്‍ നിയമങ്ങളായിത്തീര്‍ന്നതോടൊപ്പം നിയമനിര്‍മാണസഭകളില്‍ പാസാക്കപ്പെട്ട നിയമങ്ങളും പ്രാബല്യത്തില്‍ വന്നു. കോടതി നിയമങ്ങളെ മറികടന്നുകൊണ്ടുള്ള നിയമങ്ങളും പാര്‍ലമെന്റ് പാസാക്കിയിട്ടുണ്ട്. കോടതി തെറ്റായി വിധിച്ചിട്ടുള്ള നിയമങ്ങള്‍ തിരുത്തുന്നതിനും പാര്‍ലമെന്റില്‍ നിയമങ്ങള്‍ ഉണ്ടാക്കാറുണ്ട്. നിയമനിര്‍മാണരംഗത്ത് പരമാധികാരം പാര്‍ലമെന്റിനാണെങ്കിലും അപ്പലേറ്റ് അധികാരം പ്രഭുസഭ(House of lords)യ്‍ക്കാണ്.
ഇംഗ്ലീഷ് നിയമത്തിന്റെ ഒരു പ്രഭവമെന്ന നിലയില്‍ രാജാവു വളരെനാള്‍ തുടര്‍ന്നു. നീതിന്യായക്കോടതികള്‍ വ്യവസ്ഥാപിതമായതിനു ശേഷവും നീതിക്കുവേണ്ടി രാജാവിന് അപേക്ഷ സമര്‍പ്പിക്കുന്ന പതിവ് നിലനിന്നിരുന്നു. നീതിനിര്‍വഹണത്തില്‍ കോടതി പരാജയപ്പെട്ടതായി ബോധ്യമായാല്‍ ജനങ്ങള്‍ നീതിക്കുവേണ്ടി രാജാവിന്റെ വിശേഷാധികാരത്തെ അഭയം പ്രാപിക്കുമായിരുന്നു. ഇത്തരം പരാതികള്‍ക്കു തീര്‍പ്പു കല്‌പിക്കുന്നതിന് രാജാവ് ലോര്‍ഡ് ചാന്‍സലറെ അധികാരപ്പെടുത്തുകയാണു ചെയ്യുന്നത്. പുരോഹിതന്മാരെയായിരുന്നു ചാന്‍സലര്‍മാരായി നിയമിച്ചിരുന്നത്. ചാന്‍സലറുടെ നീതിനിര്‍വഹണച്ചുമതല വര്‍ധിച്ചതോടെ ചാന്‍സലറുടെ കോടതി വ്യവസ്ഥാപിതമാക്കി. ലോര്‍ഡ് ചാന്‍സലറുടെ കീഴുദ്യോഗസ്ഥന്മാരടങ്ങുന്ന കോര്‍ട്ട് ഒഫ് ചാന്‍സറി ഇങ്ങനെയാണ് നിലവില്‍ വന്നത്. നിയമവ്യവസ്ഥയ്‌ക്കല്ല, ധാര്‍മികമൂല്യങ്ങള്‍ക്കാണ് ചാന്‍സറി കോടതികള്‍ പ്രാമുഖ്യം നല്‍കിയത്. ചാന്‍സറി കോടതികള്‍ കോമണ്‍ ലോ കോടതികളുടെ എതിരായിട്ടാണ് വര്‍ത്തിച്ചത്. ഇവയുടെ തീര്‍പ്പുകള്‍ വ്യവസ്ഥാപിതമായി എഴുതിസൂക്ഷിച്ചിരുന്നില്ല; കീഴ്‌വഴക്കങ്ങള്‍ക്കു പ്രാധാന്യം നല്‌കിയിരുന്നുമില്ല. 17-ാം ശ. മുതല്‍ പുരോഹിതന്മാര്‍ക്കു പകരം നിയമജ്ഞന്മാരെ ചാന്‍സറി കോടതികളില്‍ നിയമിച്ചു വന്നു. മാത്രമല്ല. ചാന്‍സറി കോടതികളുടെ കല്‌പനകള്‍ എഴുതി സൂക്ഷിക്കാന്‍ തുടങ്ങിയതോടെ കീഴ്‌വഴക്കതത്ത്വവും പ്രാബല്യത്തിലായി. കോമണ്‍ ലോ കോടതികളെപ്പോലെ ചാന്‍സറി കോടതികളും കീഴ്‌വഴക്കതത്ത്വങ്ങള്‍ ആധാരമാക്കി. കോമണ്‍ ലോ കോടതികളും ചാന്‍സറി കോടതികളും തമ്മിലുള്ള പ്രാധാന വ്യത്യാസം ചാന്‍സറി കോടതികളില്‍ ജൂറികളില്ലെന്നതാണ്.
തുടക്കത്തില്‍ ചാന്‍സലറുടെ വിധിനിശ്ചയാധികാരത്തിന് യാതൊരു പരിധിയുമുണ്ടായിരുന്നില്ല. കോമണ്‍ ലോ കോടതികളുടെ പ്രവര്‍ത്തനമേഖലകളിലൊക്കെത്തന്നെ ചാന്‍സലറും തന്റെ അധികാരം വിനിയോഗിച്ചുവന്നു. തീര്‍പ്പുകളും ഏതാണ്ടു സമാനമായിരുന്നു. 14-ാം ശതകത്തില്‍ ഈ ആവര്‍ത്തനത്തിനു വിരാമമുണ്ടായി. കോമണ്‍ ലോ കോടതികളില്‍ മതിയായ പരിഹാരം ലഭിക്കുന്ന വിഷയങ്ങളില്‍ ചാന്‍സലര്‍ ഇടപെടേണ്ട എന്നു വ്യവസ്ഥ ചെയ്‌തു. ഇതോടെ ചാന്‍സലര്‍ കോടതിയുടെ വിധിതീര്‍പ്പിനാധാരമായ ധാര്‍മികനീതിക്കു പ്രസക്തിയില്ലാതായി. എങ്കിലും ചാന്‍സലര്‍ തന്റെ അധികാരങ്ങള്‍ കാത്തുസൂക്ഷിക്കാന്‍ വ്യഗ്രത കാണിച്ചു. കോമണ്‍ ലോ ജഡ്‌ജിമാരുടെ വക്താവ് കോര്‍ട്ട് ഒഫ് കിങ്‌സ് ബെഞ്ചിലെ ചീഫ് ജസ്റ്റിസായിരുന്ന എഡ്വേഡ് കോക്ക് ആയിരുന്നു. ഇദ്ദേഹത്തിന്റെ എതിരാളി ചാന്‍സലര്‍ എല്ലെസ് മേറും. കോമണ്‍ ലോ കോടതിയുടെ ഉത്തരവിനെ ധിക്കരിച്ചുകൊണ്ട് ചാന്‍സലര്‍ ഒരാളെ തടവിലാക്കുകയാണെങ്കില്‍ "ഹേബിയസ് കോര്‍പ്പസ്' റിട്ടുപയോഗിച്ച് അയാളെ വിടുവിക്കുമെന്നു കോക്ക് വാദിച്ചു. കോമണ്‍ ലോ കോടതിയും ചാന്‍സലറും തമ്മില്‍ അധികാരവടംവലി മൂര്‍ധന്യാവസ്ഥയിലെത്തിയതിനെ തുടര്‍ന്ന് തര്‍ക്കപരിഹാരാര്‍ഥം ജയിംസ് I, ഫ്രാന്‍സിസ് ബേക്കന്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി ഒരു സമിതിയെ നിയമിച്ചു. ഇവരുടെ നിര്‍ദേശത്തെത്തുടര്‍ന്ന് 1616-ല്‍ ജയിംസ് എടുത്ത തീരുമാനം ചാന്‍സലര്‍ക്കനുകൂലമായിരുന്നു. എക്വിറ്റി ചട്ടവും കോമണ്‍ ലോ ചട്ടവും തമ്മില്‍ സംഘര്‍ഷമുണ്ടായാല്‍ എക്വിറ്റി ആയിരിക്കും വിജയിക്കുക എന്നാണു ജയിംസ് തീരുമാനിച്ചത്. ഈ തീരുമാനം പൊതുവെ തൃപ്‌തികരമോ ശാശ്വതമോ ആയിരുന്നില്ല. 1873-ലെ ജൂഡിക്കേറ്റര്‍ ആക്‌റ്റ് അനുസരിച്ച് എക്വിറ്റി കോടതിയും കോമണ്‍ ലോ കോടതിയും സംയോജിപ്പിച്ച് സുപ്രീം കോര്‍ട്ട് ഒഫ് ജൂഡിക്കേറ്റര്‍ സ്ഥാപിച്ചതോടെ സംഘര്‍ഷത്തിന് അറുതിയുണ്ടായി.
യു.എസ്. രാഷ്‌ട്രത്തിലൊട്ടാകെ പ്രചാരത്തിലുള്ള നിയമം എന്നര്‍ത്ഥത്തിലുള്ള കോമണ്‍ ലോ യു.എസ്സിലില്ല. എന്നാല്‍ യു.എസ്സില്‍ 51 നിയമവ്യവസ്ഥകളുണ്ട്. ഫെഡറല്‍ ഗവണ്‍മെന്റിന് ഒന്നും 50 ഘടക സ്റ്റേറ്റുകള്‍ക്ക് ഓരോന്നും. കോമണ്‍ ലോയുടെ സാരാംശം യു.എസ്സിലുണ്ട്. യു.എസ്സില്‍ ആദ്യം കുടിയേറിയ ഇംഗ്ലീഷുകാര്‍ തങ്ങളോടൊപ്പം കോമണ്‍ ലോയുടെ തത്ത്വങ്ങളും യു.എസ്സിലെത്തിച്ചു. ചില സ്റ്റേറ്റുകള്‍ അത് അപ്പാടെ സ്വീകരിച്ചു. ഇംഗ്ലീഷ് കോമണ്‍ ലോ തത്ത്വങ്ങള്‍ മൊത്തത്തില്‍ സ്വീകരിച്ച ഒരു സ്റ്റേറ്റാണ് വെര്‍ജീനിയ. ഇംഗ്ലണ്ടില്‍ കോമണ്‍ ലോ തത്ത്വങ്ങള്‍ മൊത്തത്തില്‍ അപ്പാടെ സ്വീകരിച്ചുകൊണ്ടാണ് 1776-ലെ വെര്‍ജീനിയാ നിയമം. ഇംഗ്ലണ്ടില്‍ കോമണ്‍ ലോ വളര്‍ന്നുവികാസം പ്രാപിച്ചതുപോലെതന്നെ യു.എസ് സ്റ്റേറ്റുകളിലും കോമണ്‍ ലോ വികസിച്ചു. ഒരു സ്റ്റേറ്റിലെ കോടതിയിലെ ജഡ്‌ജിമാര്‍ മറ്റു സ്റ്റേറ്റുകളിലെ കോടതികളിലെ വിധികല്‌പനകളെ മാനിക്കാറുണ്ട്. കീഴ്‌വഴക്കങ്ങളെന്ന നിലയില്‍ അപ്പാടെ സ്വീകരിക്കാന്‍ ബാധ്യസ്ഥമല്ലെങ്കിലും സമാനസ്വഭാവമുള്ള കേസുകളില്‍ തീരുമാനമെടുക്കുന്നതിന് ഇതു സഹായകമാകുമെന്നതാണ് ഇതിനാധാരം. ഇംഗ്ലണ്ടിലെയും യു.എസ്സിലെയും ഭരണവ്യവസ്ഥയിലുള്ള അന്തരം കോമണ്‍ ലോയുടെ സ്വാംശീകരണത്തിലും അന്തരമുണ്ടാക്കുന്നു. ഇംഗ്ലണ്ടിലെ യൂണിറ്ററി ഭരണവ്യവസ്ഥയല്ല യു.എസ്സിലുള്ളത്; ഫെഡറല്‍ ഭരണവ്യവസ്ഥയാണ്. ലിഖിത ഭരണഘടന നിലവിലില്ലാത്ത ഇംഗ്ലണ്ടില്‍ പാര്‍ലമെന്റിനാണ് പരമാധികാരം. ഇംഗ്ലണ്ടിലെ കോടതികള്‍ക്കു നിയമവ്യാഖ്യാനം നടത്താം. എന്നാല്‍ പാര്‍ലമെന്റ് പാസാക്കുന്ന ഒരു നിയമത്തെയും അസ്ഥിരപ്പെടുത്താനാവില്ല. എന്നാല്‍ യു.എസ്സില്‍ കോണ്‍ഗ്രസിനല്ല പരമാധികാരം. ഭരണഘടനയ്‌ക്കു വിരുദ്ധമായി കോണ്‍ഗ്രസ് പാസാക്കുന്ന നിയമങ്ങളെ അസ്ഥിരപ്പെടുത്താന്‍ യു.എസ്സിലെ സുപ്രീംകോടതിക്കു കഴിയും. സ്റ്റേറ്റിന്റെ ഭരണഘടനാവ്യവസ്ഥകള്‍ക്കോ യു.എസ്. ഭരണഘടനാവ്യവസ്ഥകള്‍ക്കോ എതിരായി പാസാക്കുന്ന ഏതൊരു സ്റ്റേറ്റ് നിയമത്തെയും അസ്ഥിരപ്പെടുത്താന്‍ കോടതിക്കു കഴിയും. മാര്‍ബറി ഢ മാഡിസണ്‍ എന്ന കേസില്‍ ചീഫ് ജസ്റ്റിസ് മാര്‍ഷലിന്റെ വിധികല്‌പനയും തുടര്‍ന്നുള്ള സുപ്രീം കോടതി തീരുമാനങ്ങളും ഈ തത്ത്വം അരക്കിട്ടുറപ്പിക്കുന്നുണ്ട്.
കീഴ്‍വഴക്കങ്ങളുടെ ആധികാരികതയെ സംബന്ധിച്ചും ഇംഗ്ലണ്ടിലെയും യു.എസ്സിലെയും സ്ഥിതി വ്യത്യസ്‌തമാണ്. യു. എസ്. ഭരണഘടനയില്‍ ഭേദഗതി വരുത്തുക അത്ര എളുപ്പമല്ലെന്നതുകൊണ്ട് യു.എസ്. കോടതികള്‍ക്കു കീഴവഴക്കങ്ങളെ മുറുകിപ്പിടിക്കാനാവില്ല. യു.എസ്. സുപ്രീം കോടതിക്ക് പലപ്പോഴും തങ്ങളുടെ മുന്‍ കല്‌പനകള്‍ മാറ്റി എഴുതേണ്ടതായി വരാറുണ്ട്. ജൂറികളുടെ വിചാരണ സംബന്ധിച്ച കാര്യങ്ങളിലും യു.എസ്സും ഇംഗ്ലണ്ടും തമ്മില്‍ വ്യത്യാസങ്ങളുണ്ട്. ഇംഗ്ലണ്ടില്‍ ജൂറിയുടെ ഉപയോഗം വളരെ കുറഞ്ഞിട്ടുണ്ട്. ഗ്രാന്‍ഡ് ജൂറി ഇപ്പോള്‍ നിലവിലില്ല. ഇപ്പോള്‍ ആ ജോലി മജിസ്‌ട്രേറ്റുമാര്‍ ചെയ്യുന്നു. പെറ്റി ജൂറികളുടെ അധികാരപരിധിയിലുള്ള 95 ശതമാനം കേസുകളും ജൂറികളുടെ സഹായമില്ലാതെയാണ് ജസ്റ്റിസസ് ഒഫ് പീസ് നിര്‍വഹിക്കുന്നത്. യു.എസ്സില്‍ സ്ഥിതി നേരെ മറിച്ചാണ്. ജൂറി മുഖേനയുള്ള വിചാരണ ഭരണഘടന ഉറപ്പു വരുത്തിയിട്ടുണ്ട്. ഫെഡറല്‍ ഭരണഘടനയിലും സ്റ്റേറ്റുകളുടെ ഭരണഘടനയിലും ഇതു സംബന്ധിച്ചു ചില വ്യത്യാസങ്ങളുണ്ടെങ്കിലും അവയുടെ സാരാംശം ഒന്നു തന്നെയാണ്.
കോമണ്‍ ലോ പുനഃസ്ഥാപിക്കാനുള്ള (റീസ്റ്റേറ്റു ചെയ്യാനുള്ള) ഒരു തീവ്രശ്രമം 20-ാം ശതകത്തിന്റെ ആദ്യദശകങ്ങളില്‍ യു.എസ്സില്‍ ആരംഭിച്ചു. ഓരോ സ്റ്റേറ്റിലെയും കോടതി തീരുമാനങ്ങളില്‍ നിന്ന് രാഷ്‌ട്രത്തിനു മൊത്തത്തില്‍ ബാധകമാകുന്ന പൊതു തത്ത്വങ്ങള്‍ ചികഞ്ഞെടുക്കാന്‍ അമേരിക്കന്‍ ലോ ഇന്‍സ്റ്റിറ്റ്യൂട്ട് 1923-ല്‍ നടപടികള്‍ തുടങ്ങി. വാണിജ്യനിയമം പോലെ രാഷ്‌ട്രത്തിനു മൊത്തത്തില്‍ ബാധകമാകുന്ന നിയമനിര്‍മാണം നടത്തുന്നതിനുള്ള ശ്രമത്തിലാണ് സ്റ്റേറ്റുകളിലെ പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന "കമ്മീഷണേഴ്‌സ് ഓണ്‍ യൂണിഫോം ലോസ്' വ്യാപൃതമായിട്ടുള്ളത്. യു.എസ്സിലെയും ഇംഗ്ലണ്ടിലെയും നിയമങ്ങളുടെ താരതമ്യപഠനങ്ങള്‍ കോമണ്‍ ലോയുടെ പുനരുദ്ധാരണത്തിനു വഴിതെളിക്കുമെന്നു കരുതപ്പെടുന്നു.
ഇന്ത്യ. ഇംഗ്ലീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ രൂപവത്‌കരണത്തോടെയാണ് ഇന്ത്യയില്‍ കോമണ്‍ ലോ നിലവില്‍ വന്നത്. കമ്പനി ഉദ്യോഗസ്ഥന്മാര്‍ വസിച്ചിരുന്ന പ്രദേശങ്ങളില്‍ കോമണ്‍ ലോ ആദ്യം ബാധകമായി. കമ്പനി പ്രവര്‍ത്തനങ്ങള്‍ വ്യാപിച്ചതോടെ ഇന്ത്യ മുഴുവന്‍ കോമണ്‍ ലോ പ്രാബല്യത്തില്‍ വന്നു. 19-ാം ശതകത്തിന്റെ മധ്യത്തോടെ സ്റ്റാറ്റ്യൂട്ട് നിയമങ്ങള്‍ ക്രോഡീകരിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കോമണ്‍ ലോയുടെ തത്ത്വങ്ങള്‍ സമാഹരിച്ചുകൊണ്ടാണ് സ്റ്റാറ്റ്യൂട്ട് നിയമങ്ങള്‍ ഉണ്ടാക്കിയത്. മെക്കാളെയുടെ നേതൃത്വത്തില്‍ നിയമിതമായ ഒന്നാം ലോ കമ്മിഷന്‍ ഇന്ത്യന്‍ ശിക്ഷാനിയമം തയ്യാറാക്കി. തുടര്‍ന്ന് നിയമിതമായ ലോ കമ്മിഷനുകള്‍, ഇന്ത്യയ്‌ക്കു ബാധകമായ ഒട്ടനവധി നിയമങ്ങള്‍ തയ്യാറാക്കിയത് ഇംഗ്ലീഷ് കോമണ്‍ ലോയുടെ തത്ത്വങ്ങള്‍ ആധാരമാക്കിയാണ്; ഇംഗ്ലീഷ് കോമണ്‍ ലോയുടെ ചുവടു പിടിച്ചുകൊണ്ടാണ് ഇന്ത്യയിലെ "ടോര്‍ട്ടു' (സിവില്‍ തെറ്റുകള്‍) നിയമങ്ങള്‍ക്കു രൂപം നല്‍കിയത്.
ഇംഗ്ലീഷ് കോമണ്‍ ലോയുടെ അടിസ്ഥാനപ്രമാണമായ നിയമവാഴ്‌ച(Rule of law)യ്‌ക്ക് ഇന്ത്യയില്‍ മഹത്തായ സ്ഥാനമാണുള്ളത്. വ്യക്തിസ്വാതന്ത്ര്യം ഉറപ്പുവരുത്തുന്നതിനുള്ള ഭരണഘടനാവ്യവസ്ഥകള്‍ ഹേബിയസ് കോര്‍പ്പസ് റിട്ട്, മൗലികാവകാശങ്ങളുടെ സംരക്ഷണം, സ്വതന്ത്രമായ ജുഡീഷ്യറി എന്നിവയുടെ കാര്യത്തില്‍ ഇന്ത്യ കോമണ്‍ ലോയുടെ ഉറവിടമായ ഇംഗ്ലണ്ടി നെക്കാള്‍ മുന്നിലാണ്. നോ. നിയമവാഴ്‌ച