This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടയത്തു തമ്പുരാന്‍ (17-ാം ശ.)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:33, 29 ഡിസംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോട്ടയത്തു തമ്പുരാന്‍ (17-ാം ശ.)

ആട്ടക്കഥാകൃത്തും കഥകളി പരിഷ്‌കര്‍ത്താവും. വെട്ടം കോവിലകത്തുനിന്ന്‌ പുറവഴിനാട്ടിലേക്കു (കോട്ടയം) ദത്തെടുക്കപ്പെട്ട ഒരു രാജ്ഞിയുടെ മകനായി 1645-നോടടുത്തു ജനിച്ചു. രവിവര്‍മ (വീര രവിവര്‍മ) എന്നാണ്‌ യഥാര്‍ഥ നാമധേയം. "കേരള വര്‍മന്‍' എന്നായിരുന്നു കോട്ടയം തമ്പുരാക്കന്മാരുടെ പൊതുനാമം. മായവരം ഗോവിന്ദദീക്ഷിതരാണ്‌ കാവ്യനാടകാദികളില്‍ ഇദ്ദേഹത്തിന്റെ ഗുരു.

കഥകളി എന്ന കലാരൂപത്തെ സാഹിത്യ പ്രധാനമായ നാട്യകലയായി ഉയര്‍ത്തിയത്‌ കോട്ടയത്തു തമ്പുരാനാണ്‌. കഥകളിയുടെ രംഗാവതരണത്തിനുപയോഗിക്കുന്ന നാട്യപ്രബന്ധമായ ആട്ടക്കഥകളെ ഇദ്ദേഹം ശബ്‌ദാര്‍ഥസൗന്ദര്യം, രസഭാവപുഷ്‌ടി, ഓജസ്സുള്ള ഭാഷാശൈലി എന്നിവയാല്‍ സമ്പുഷ്‌ടമാക്കി. പ്രൗഢമായ ശ്ലോകങ്ങളും സംഗീതമാധുര്യമുള്ള പദങ്ങളും രംഗാവതരണ യോഗ്യതകളും വിവിധ രസാഭിനയാവസരങ്ങളും തികഞ്ഞവയാണ്‌ കോട്ടയത്തു തമ്പുരാന്റെ ആട്ടക്കഥകള്‍. ബകവധം, കല്യാണസൗഗന്ധികം, കിര്‍മീരവധം, കാലകേയവധം എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ ആട്ടക്കഥകള്‍. 1675-നും 81-നും ഇടയ്‌ക്കായിരുന്നു ഇവയ്‌ക്കു രൂപം നല്‍കിയതെന്നു കരുതപ്പെടുന്നു. വ്യവസ്ഥാപിതമായ കാലപ്രമാണം നല്‌കി, നൃത്തനൃത്യ-അഭിനയ സന്നേതങ്ങളെക്കൂടി സമ്മേളിപ്പിക്കുന്നതിനായി അഭിനയത്തിന്‌ കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്ന ഇവ സാഹിത്യഗുണത്തിലും മികച്ചു നില്‌ക്കുന്നു. ഇതിനായി നിലനിന്നിരുന്ന രാമനാട്ടത്തെയും വെട്ടത്തു സമ്പ്രദായത്തെയും പരിഷ്‌കരിക്കുകയും സംഗീത സാഹിത്യ അഭിനയങ്ങള്‍ക്ക്‌ ശാസ്‌ത്രീയ ചട്ടക്കൂടുനല്‌കുകയും സാങ്കേതിക പരിസ്‌ഫുര്‍ത്തി വരുത്തുകയും ചെയ്‌തതോടെ കഥകള്‍ ഒന്നിനൊന്ന്‌ മികവുറ്റതായി. ആട്ടക്കഥാരംഗത്ത്‌ കോട്ടയത്തുതമ്പുരാന്‍ പകര്‍ന്നു നല്‍കിയ ഭാവപരിണാമങ്ങള്‍ പില്‌ക്കാല ആട്ടക്കഥകള്‍ക്ക്‌ മാതൃകയായി. മഹാഭാരതത്തില്‍ നിന്ന്‌ സ്വീകരിച്ചവയാണ്‌ ആട്ടക്കഥകളിലെ ഇതിവൃത്തങ്ങള്‍. ബകവധം, കല്യാണസൗഗന്ധികം എന്നിവയില്‍ ഭീമസേനനും, കിര്‍മീരവധത്തില്‍ യുധിഷ്‌ഠിരനും കാലകേയ വധത്തില്‍ അര്‍ജുനനുമാണ്‌ നായകന്മാര്‍. ഈ നാല്‌ ആട്ടക്കഥകളില്‍ വച്ച്‌ ഏറ്റവും പ്രചാരമുള്ളത്‌ കാലകേയവധമാണ്‌.

1705-ഓടെ ഇദ്ദേഹം അന്തരിച്ചു എന്നാണ്‌ കരുതുന്നത്‌. നോ. കഥകളി, ആട്ടക്കഥ, കോട്ടയം രാജവംശം

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍