This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എപ്പിഗ്രഫി (പുരാലിഖിതവിജ്ഞാനീയം)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:21, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

എപ്പിഗ്രഫി (പുരാലിഖിതവിജ്ഞാനീയം)

Epigraphy

ശിലകള്‍, ലോഹങ്ങള്‍, കളിമണ്‍ഫലകങ്ങള്‍, സ്‌തൂപങ്ങള്‍, കലശങ്ങള്‍, മണ്‍കട്ടകള്‍, പുറന്തോടുകള്‍, ആനക്കൊമ്പ്‌, നാണയങ്ങള്‍ തുടങ്ങിയ പ്രാചീന ലിഖിതമാധ്യമങ്ങളിലൂടെ പ്രകാശിതമായിരിക്കുന്ന രേഖകളെ സംബന്ധിച്ച പഠനം. പുരാവസ്‌തു ഗവേഷണത്തിന്റെ പ്രധാനവിഭാഗമാണിത്‌. പല ലിപികളിലും ഭാഷകളിലുമുള്ള പരിചയം എപ്പിഗ്രഫി പഠനത്തിന്‌ ആവശ്യമാണ്‌. ലിഖിതം എന്നര്‍ഥംവരുന്ന എപ്പിഗ്രഫി (epigraphe), എപ്പിഗ്രഫീന്‍ (epigraphein)എന്നീ ഗ്രീക്കുപദങ്ങളില്‍ നിന്നാണ്‌ എപ്പിഗ്രഫി എന്ന സംജ്ഞ നിഷ്‌പന്നമായത്‌.

ഗ്രീക്ക്‌-ലാറ്റിന്‍ ലിഖിതങ്ങള്‍

ഗ്രീക്ക്‌-ലാറ്റിന്‍ ലിഖിതങ്ങള്‍. പ്രാചീന ലിഖിതങ്ങള്‍ പൊതുവെ പില്‌ക്കാല തലമുറയുടെ ജിജ്ഞാസ ഉണര്‍ത്തുവാന്‍ പര്യാപ്‌തമാണ്‌. തൂസിഡൈഡിസ്‌, പൊളീബിയസ്‌ തുടങ്ങിയ ഗ്രീക്ക്‌ ചരിത്രകാരന്മാര്‍ ഇവയെ വൈദഗ്‌ധ്യത്തോടെ ഉപയോഗപ്പെടുത്തിയിട്ടുണ്ട്‌. 14-ാം ശതകത്തില്‍ കോളോഡി റിന്‍സൊ(Colode Rienzo)) ഇവയുടെ ഒരു ശേഖരം സജ്ജമാക്കി. 15-ാം ശതകത്തില്‍ ഗ്രീക്ക്‌, അനത്തോളിയ, ഈജിപ്‌ത്‌ എന്നിവിടങ്ങളിലൂടെ കടന്നുപോയ സിറിയക്കസ്‌ എന്ന വ്യാപാരി, താന്‍ കാണാനിടയായ ലിഖിതങ്ങളെപ്പറ്റി രേഖപ്പെടുന്നതില്‍ പ്രസിദ്ധനായിരുന്നു. 16-ാം ശതകത്തില്‍ ലീഡനിലെ മാര്‍ട്ടിന്‍ സ്‌മെഷ്യസ്‌ ശാസ്‌ത്രീയാടിസ്ഥാനത്തില്‍ പ്രാദേശിക രേഖാസമാഹാരങ്ങള്‍ പ്രസിദ്ധീകരിക്കുന്ന ഒരു പദ്ധതി ആരംഭിച്ചു. ഇതിനെത്തുടര്‍ന്ന്‌ ജനുസ്‌ഗ്രുട്ടര്‍, ജസ്റ്റസ്‌ സ്‌കലിഗര്‍ എന്നിവര്‍ ചേര്‍ന്ന്‌ മറ്റൊരു രേഖാസമുച്ചയത്തിന്‌ പ്രകാശനം നല്‌കി. 1828-59 കാലത്ത്‌ ബര്‍ലിന്‍ അക്കാദമിയുടെ മേല്‍നോട്ടത്തില്‍ കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ഗ്രീക്കാരം (Corpus Inscriptionum graecarum)നാലു വാല്യങ്ങളായി പൂര്‍ത്തിയാക്കി. 1868-ല്‍ ആറ്റിക്‌ ലിഖിതങ്ങള്‍ എന്ന പേരില്‍ കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ആറ്റിക്കാരം (Corpus Inscriptionum Atticarum)മൂന്ന്‌ വാല്യങ്ങളിലായി നിര്‍മാണം പൂര്‍ത്തിയാക്കി. അനത്തോളിയന്‍ ലിഖിതങ്ങള്‍ വിയന്ന അക്കാദമി തിതുലി ഏഷ്യെ മിനോറിസി(Tituli Asiae Minoris)ലൂടെ പ്രസിദ്ധീകരിച്ചു. അവശേഷിച്ച ഗ്രീക്ക്‌-അനത്തോളിയന്‍ ലിഖിതങ്ങള്‍ കണ്ടെടുത്ത്‌ മോണുമെന്റ ഏഷ്യെ മിനോറിസ്‌ ആന്റിക്‌ (Monumenta Asiae Minoris Antique) എന്ന പേരില്‍ പല വാല്യങ്ങളിലായി പ്രസിദ്ധം ചെയ്‌തു (1928-നുശേഷം).

കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ഇന്‍ഡിക്കാരം

1862-ല്‍ ത്‌ മംമ്‌സെന്‍ (Th Mommsen) ബെര്‍ലിനില്‍ സ്ഥാപിച്ച കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ലാറ്റിനാരം (Corpus Inscriptionum Latinarum) എന്ന കൃതിയില്‍ ക്ലാസ്സിക്കല്‍ കാലത്തെ റോമന്‍ സാമ്രാജ്യലിഖിതങ്ങള്‍ സമാഹരിച്ചിരിക്കുന്നു. എട്രൂസ്‌കന്‍ ലിഖിതങ്ങള്‍ കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം എട്രുസ്‌കാര(Corpus Inscriptionum Etruscarum) ത്തിലൂടെ പ്രകാശിതമായിട്ടുണ്ട്‌. എം. പാലോട്ടിനൊയുടെ ടെസ്റ്റിമോണിയ ലിംഗ്വേ എട്രുസ്‌കെ (Testimonia Longuae Etruscae), എം. ഫൗളറും ആര്‍.ജി. വുള്‍ഫും ചേര്‍ന്ന്‌ തയ്യാറാക്കിയ മെറ്റീരിയല്‍സ്‌ ഫോര്‍ ദി സ്റ്റഡി ഒഫ്‌ ദി എട്രുസ്‌കന്‍ ലാങ്‌ഗ്വേജ്‌ (Materials for the study of the Etruscan Language) എന്നിവ പില്‌ക്കാലത്തു കണ്ടെടുത്ത ലിഖിതങ്ങളുടെ സമാഹാരങ്ങളാണ്‌. 19-ാം ശതകത്തിന്റെ എഴുപതുകളില്‍ കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ഇന്‍ഡിക്കാരം (Corpus Inscriptionum Indicarum)നാലു വാല്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. ഇത്‌ അശോകന്‍, ഇന്തോ-സിതിയന്‍, ഗുപ്‌ത, കാലചൂരി-ചേദി കാലഘട്ടങ്ങളിലെ ലിഖിതങ്ങള്‍ മനസ്സിലാക്കുവാന്‍ സഹായകമാണ്‌. ഇതിന്‌ അനുബന്ധമെന്നോണം എപ്പിഗ്രഫിയാ ഇന്‍ഡിക്കാ, സൗത്ത്‌ ഇന്ത്യന്‍ ഇന്‍സ്‌ക്രിപ്‌ഷന്‍സ്‌ എന്നിവയും പ്രസിദ്ധീകൃതമായി. ഇന്ത്യയിലെ എപ്പിഗ്രഫി പഠനത്തില്‍ അമൂല്യ സംഭാവനകള്‍ നല്‌കിയ പുരാരേഖാ പണ്ഡിതനാണ്‌ ഐരാവതം മഹാദേവന്‍ (ജ. 1930). തമിഴ്‌നാട്ടുകാരനായ ഇദ്ദേഹത്തിന്റ ഇന്‍ഡസ്‌ കണ്‍കോര്‍ഡന്‍സ്‌ (Indus Concordance) എന്ന ഗ്രന്ഥം സൈന്ധവമുദ്രകളെക്കുറിച്ചുള്ള ഏറ്റവും വിലപ്പെട്ട പഠനമാണ്‌. ദക്ഷിണേന്ത്യയിലെ എപ്പിഗ്രഫിയെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ നിഗമനങ്ങളും നിസ്‌തുലമാണ്‌. വിശേഷിച്ചും തമിഴ്‌ബ്രാഹ്മിലിപികളെക്കുറിച്ചുള്ള പഠനങ്ങള്‍. സൈന്ധവ മുദ്രകളെക്കുറിച്ചുള്ള ചര്‍ച്ചയില്‍ എന്നെന്നും ഓര്‍മിക്കേണ്ട ഒരു ഇന്‍ഡോളജിസ്റ്റാണ്‌ അസ്‌കോ പര്‍പ്പോള (ജ. 1941). ഹെല്‍സിങ്കി സര്‍വകലാശാലയിലെ ഇന്‍ഡോളജി വിഭാഗത്തില്‍ എമരിറ്റസ്‌ പ്രാഫസറും ഫിന്‍ലന്‍ഡുകാരനുമായ അസ്‌കോ പര്‍പ്പോള ഇന്‍ഡസ്‌ മുദ്രകളുടെ വ്യാഖ്യാനത്തില്‍ വിദഗ്‌ധനാണ്‌.

കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ലാറ്റിനാരം
കോര്‍പസ്‌ ഇന്‍സ്‌ക്രിപ്‌ഷാനം ആറ്റിക്കാരം

ലിഖിതങ്ങള്‍ക്ക്‌ ഉപയോഗിക്കുന്ന വസ്‌തുക്കളുടെ സ്വഭാവവും സാങ്കേതികത്വവും അവയുടെ പ്രത്യക്ഷ ലക്ഷ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഭിന്നരൂപത്തില്‍ ദൃശ്യമാകുന്ന ഇത്തരം ലിഖിതങ്ങളെ പൊതുവേ മൂന്നായി തിരിക്കാം: സ്‌മാരക രൂപത്തിലുള്ളവ(monumental), ചരിത്രരേഖാപ്രധാനങ്ങളായവ (archival), യാദൃച്ഛികമായവ(incidental). സ്‌മാരകരൂപത്തിലുള്ളവ കാഴ്‌ചപ്രധാനങ്ങളാകയാല്‍ കല്ല്‌, ലോഹങ്ങള്‍ മുതലായ ഈടു നില്‍ക്കുന്ന വസ്‌തുക്കളാണ്‌ ഇതിനായി ഉപയോഗിച്ചിരുന്നത്‌. രേഖകള്‍ സൂക്ഷിക്കുന്നതില്‍ തത്‌പരരായിരുന്ന ആദികാല ജനങ്ങളുടേതായിരുന്നു ചരിത്രരേഖാ പ്രധാനമായ ലിഖിതങ്ങള്‍. ഇതിനായി ഉപയോഗിച്ച മാധ്യമങ്ങള്‍ നെടുനാളത്തെ നിലനില്‌പിനെ കരുതി മനഃപൂര്‍വം തെരഞ്ഞെടുത്തവയോ അഥവാ യാദൃച്ഛികമോ എന്നു നിശ്ചയമില്ല. മിനോവന്‍-മൈസീനിയന്‍ കാലത്ത്‌ കളിമണ്ണില്‍ എഴുതിയ ലിഖിതങ്ങള്‍ യാദൃച്ഛികമായുണ്ടായ തീപിടുത്തംമൂലം ദൃഢതരമായി പില്‌ക്കാലത്തു കേടറ്റ രൂപത്തില്‍ ലഭിക്കുകയുണ്ടായിട്ടുണ്ട്‌. ഈജിപ്‌തില്‍ നിന്നും ലഭ്യമായിട്ടുള്ള പപ്പിറസ്‌ രേഖകളും ഹിറ്റൈറ്റ്‌ സാമ്രാജ്യത്തിലെ കളിമണ്‍ കുറിപ്പടികളും ചരിത്രപ്രധാനങ്ങളായ ലിഖിതങ്ങളില്‍പ്പെടുന്നു. സംരക്ഷണോദ്ദേശ്യമില്ലാതെ ആനുഷംഗികമായി ഉണ്ടാക്കപ്പെട്ടവയാണ്‌ മൂന്നാമത്തെ വിഭാഗത്തില്‍ ഉള്‍ക്കൊള്ളുന്നത്‌. ചുവരിന്മേലുള്ള കുത്തിക്കുറിപ്പ്‌, പപ്പിറസ്‌ തുണ്ടുകളിലുള്ള എഴുത്തുകള്‍ ഇവ ഇതില്‍വരുന്നു.

പ്രാചീന മെസൊപ്പൊട്ടേമിയ

യൂഫ്രട്ടീസ്‌, ടൈഗ്രീസ്‌ നദികള്‍ക്കിടയ്‌ക്കുള്ള മെസൊപ്പൊട്ടേമിയയിലെ കുടിയേറ്റക്കാരായ സുമേറിയക്കാര്‍ക്ക്‌ 5000 വര്‍ഷത്തെ എഴുത്തുപാരമ്പര്യമുണ്ട്‌. സുമേറിയന്‍ എഴുത്ത്‌ ക്യൂനിഫോം എന്നറിയപ്പെടുന്നു. മണ്ണു കുഴച്ച്‌ ഫലകങ്ങളുണ്ടാക്കി അവയില്‍ കൂര്‍പ്പിച്ച മുളങ്കമ്പുകൊണ്ട്‌ ചിത്രങ്ങള്‍ വരച്ച്‌ ആശയങ്ങള്‍ ആലേഖനം ചെയ്യുന്ന വിദ്യയാണ്‌ ക്യൂനിഫോം എഴുത്ത്‌.

ക്യൂനിഫോം എഴുത്ത്‌

ബി.സി. മൂന്നാം സഹസ്രാബ്‌ദത്തിലേതും രണ്ടാം സഹസ്രാബ്‌ദത്തിന്റെ ആദികാലത്തേതുമായ ഇവിടെ നിന്നു കണ്ടെടുത്തിട്ടുള്ള ലിഖിതങ്ങളില്‍ ചിലതു ചരിത്രപ്രധാനവും മറ്റു ചിലത്‌ അര്‍ധചരിത്രപരവുമാണ്‌. സുമേറിയന്‍ രാജാക്കന്മാരുടെ പട്ടികയില്‍ അവരുടെ പേരുകള്‍ക്കു പുറമേ സ്ഥലങ്ങള്‍, കാലം, വീരപരാക്രമങ്ങള്‍ എന്നിവയും രേഖപ്പെടുത്തിയിരിക്കുന്നു. സര്‍ഗോണ്‍ ക്രാണിക്കിള്‍ എന്ന സാഹിത്യേതിഹാസത്തില്‍ കഴിഞ്ഞ കാലത്തെ പ്രശസ്‌തവ്യക്തികളെയും അവരുടെ നേട്ടങ്ങളെയും പറ്റിയുള്ള വിവരങ്ങള്‍ നല്‌കുന്നുണ്ട്‌. എന്നാല്‍ അക്കാലത്തെ രാജകീയ ലിഖിതങ്ങള്‍ (ഉദാ. അക്കാദിലെ സര്‍ഗോണ്‍ കന്റെയും ലഗാഷിലെ ഗുഡേയയുടെയും) യഥാര്‍ഥ ചരിത്രരേഖകള്‍ തന്നെയാണ്‌. ഹാമുറാബി (ബി.സി. 1792-1750)യുടെ കാലംമുതല്‍ ബി.സി. ആറാം ശ. വരെയുള്ള കാലത്തേതായി മേല്‌പറഞ്ഞ രണ്ടു വിഭാഗത്തില്‍പ്പെട്ട ലിഖിതങ്ങളും സൂക്ഷിക്കപ്പെട്ടിരിക്കുന്നു. ഇവ കൂടാതെ ശിലാഫലകങ്ങള്‍, ഓട്ടുവാതിലുകള്‍, പ്രതിമകള്‍, സ്‌തൂപികാഗ്രങ്ങള്‍ എന്നിവയിലായി അസീറിയന്‍ രാജാക്കന്മാരെപ്പറ്റി ചരിത്രപ്രാധാന്യമുള്ള ധാരാളം ലിഖിതങ്ങള്‍ ലഭ്യമാണ്‌. അനേകം നിയമസംഹിതകളും പ്രാചീന മെസൊപ്പൊട്ടേമിയയിലെ എപ്പിഗ്രഫിക്‌ ശേഖരത്തില്‍പ്പെടുന്നുണ്ട്‌.

പ്രാചീന ഈജിപ്‌ത്‌

പുരാതന ഈജിപ്‌തുകാര്‍ വികസിപ്പിച്ചെടുത്ത ലേഖനസമ്പ്രദായമാണ്‌ ഹയറോഗ്ലിഫിക്‌സ്‌. ഇതിന്‌ മൂന്ന്‌ വ്യത്യസ്‌ത രൂപങ്ങളുണ്ടായിരുന്നു. ഇവയില്‍ ആദ്യത്തേതായ ഹയറോഗ്ലിഫിക്‌സ്‌ ക്ഷേത്രങ്ങളിലും പിരമിഡുകളിലും സ്‌തൂപങ്ങളിലുമാണ്‌ ആലേഖനം ചെയ്‌തിരുന്നത്‌. ഹയറാറ്റിക്കെന്ന മറ്റൊരു രൂപം ഹയറോഗ്ലിഫിക്‌സിനെക്കാള്‍ ലളിതവും പുരോഹിതന്മാര്‍ ഉപയോഗിച്ചിരുന്നതുമാണ്‌. ക്രിസ്‌തുവിന്‌ മുമ്പ്‌ ഏഴാം ശതകത്തോടെ ദി മോട്ടിക്‌ എന്ന മൂന്നാമത്തെ രീതി രൂപപ്പെട്ടു. മറ്റു രണ്ടു രീതികളെ അപേക്ഷിച്ച്‌ കൂടുതല്‍ ജനകീയമായിത്തീര്‍ന്നത്‌ ദി മോട്ടിക്കാണ്‌. ഈജിപ്‌തുകാരുടെ ഒരു സവിശേഷ രചനാസമ്പ്രദായമാണ്‌ റോസ്സറ്റാശില. കറുത്ത കല്ലില്‍ ചിത്രപ്പണികളോടെ കൊത്തിവച്ച ത്രിഭാഷാ ശാസനമാണിത്‌. ടോളമി മെംഫിസ്‌ ക്ഷേത്രത്തിനു നല്‌കിയ ദാനത്തിന്റെ പേരില്‍ പുരോഹിതന്മാര്‍ രാജാവിനു നന്ദി പ്രകാശിപ്പിക്കുന്ന ഈ ലിഖിതം ഗ്രീക്ക്‌, ഹയറോഗ്ലിഫിക്‌, ദി മോട്ടിക്‌ ലിപികളില്‍ കൊത്തിവച്ചിരിക്കുന്നു. പ്രസിദ്ധ ചരിത്രകാരനായ ഹെറോഡോട്ടസ്‌ (ബി.സി. 5-ാം ശ.) ഈജിപ്‌തിലെ രസകരമായ കഥകളും സ്ഥലസംബന്ധമായ നിരീക്ഷിണങ്ങളും തന്റെ ഒരു ഗ്രന്ഥത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മനേതോ (ബി.സി. 3-ാം ശ.)യുടെ നഷ്‌ടപ്പെട്ടുപോയ ഈജിപ്‌ത്യാക (Aigyptiaka)യില്‍ 30 രാജവംശങ്ങളുടെ ഒരു പട്ടിക ഉള്‍ക്കൊണ്ടിരുന്നു; പ്രാചീന ഈജിപ്‌ഷ്യന്‍ ചരിത്രത്തിന്റെ കാലഗണന ഇപ്പോഴും ഇതിനെ ആധാരമാക്കിയാണ്‌. ഈജിപ്‌ഷ്യന്‍ ലിഖിതങ്ങളുടെ വായന സാധ്യമായതോടെ ഈജിപ്‌ഷ്യന്‍ എപ്പിഗ്രഫിക്കു പ്രചോദനം ലഭിച്ചു. ഈ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വര്‍ണശബളമായ കാലഘട്ടം കളിമണ്‍ ടാബ്‌ലറ്റുകളില്‍ ക്യൂനിഫോം അക്കേദിയനില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത്‌ ഈജിപ്‌ഷ്യന്‍ എപ്പിഗ്രഫിയുടെ അവിഭാജ്യഘടകമാണ്‌.

പ്രാചീന ഈജിപ്‌തിലെ നാലാം രാജവംശ (ബി.സി. 2613?-2494) കാലത്ത്‌ ലിഖിത രേഖകളുടെ എണ്ണത്തില്‍ വര്‍ധനവുണ്ടായി. ആറാം രാജവംശത്തിലെ മൂന്നാമത്തെ രാജാവിന്റെ (ബി.സി.2345?-2181) കാലത്തും 12-ാം രാജവംശ(ബി.സി. 1991?-1785) കാലത്തും ചരിത്രരേഖകള്‍ പ്രതിബന്ധങ്ങളെ അതിജീവിച്ച്‌ നിലനിന്നുപോന്നു. തുത്‌മോസ്‌ കകക, ആമെന്‍ഹോടെപ്‌ കക, ആമെന്‍ഹോടെപ്പ്‌ കകക എന്നീ 18-ാം രാജവംശ രാജാക്കന്മാരുടെ കാല(ബി.സി. 15-ാം ശ.)മാണ്‌ ഈജിപ്‌ഷ്യന്‍ എപ്പിഗ്രഫിയുടെ സുവര്‍ണകാലം. കാര്‍ണാക്‌ ക്ഷേത്രമതിലുകളില്‍ തുത്‌മോസ്‌ ഏഷ്യയില്‍ താന്‍ നടത്തിയിട്ടുള്ള നിരന്തര യുദ്ധങ്ങളെക്കുറിച്ചുള്ള വിവരണങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു. ആമെന്‍ഹോടെപ്പ്‌ കക, കകക എന്നിവരുടെ കാലത്തുള്ള ഇത്തരം രേഖകളും കണ്ടെത്തിയിട്ടുണ്ട്‌. അഖ്‌നാതന്റെ പുതിയ തലസ്ഥാനത്തുനിന്നും എപ്പിഗ്രഫിക്‌ രേഖകള്‍ കിട്ടിയിട്ടുണ്ട്‌. സിറിയക്കാര്‍, ഹിറ്റൈറ്റുകള്‍, ലിബിയക്കാര്‍ എന്നിവരുമായി 19-ാം രാജവംശത്തിലെ (ബി.സി. 1320-1200) സേതി ക യുദ്ധത്തിനുപോയ കഥയും കാര്‍ണാക്‌ മതിലുകളില്‍ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ റമിസിസ്‌ കക തന്റെ പരാക്രമങ്ങളെപ്പറ്റി (അവ യഥാര്‍ഥമോ അതിശയോക്തിപരമോ എന്നു നിശ്ചയമില്ല) ഈ മതിലുകളില്‍ എഴുതി വയ്‌ക്കുക മാത്രമല്ല മറ്റുള്ളവരുടേതു തട്ടിയെടുക്കുകകൂടി ചെയ്‌തിരിക്കുന്നു. പ്രത്യേകം ആനുകൂല്യങ്ങളും അവകാശങ്ങളും അനുവദിച്ചുകൊണ്ടുള്ള രാജകല്‌പനകളും കണ്ടെടുത്തിട്ടുണ്ട്‌.

മധ്യ ഏഷ്യാമൈനറിലെ ബോഗസ്‌കോയിലെ റോയല്‍ ആര്‍ക്കൈവ്‌സില്‍ സൂക്ഷിച്ചിരിക്കുന്ന ഹിറ്റൈറ്റുകളുടെ എപ്പിഗ്രഫിക്‌ രേഖകള്‍ മെസൊപ്പൊട്ടേമിയ, ഈജിപ്‌ത്‌ എന്നീ രാജ്യങ്ങളിലേതിനെക്കാള്‍ പല കാര്യങ്ങളിലും മികച്ചവയാണ്‌. രാഷ്‌ട്രീയകാര്യങ്ങള്‍ വ്യക്തമാക്കുന്ന ക്യൂനിഫോം രേഖകള്‍ അവരുടേതായി കിട്ടിയിട്ടുണ്ട്‌. അനിത്താസ്‌ എന്ന അവരുടെ ഏറ്റവും പ്രാചീന ഭരണാധികാരിയുടെ രേഖ തുടങ്ങി ഭൂതകാല രാജവംശീയ കലഹങ്ങളെക്കുറിച്ചും മറ്റും ഇതില്‍ പരാമര്‍ശിച്ചിരിക്കുന്നു. ചരിത്രപുരുഷനായ ഹത്തുസിലിസ്‌ ക-ന്റെ കാലക്രമമനുസരിച്ചുള്ള ആത്മകഥ ഹിറ്റൈറ്റിലും അക്കേദിയനിലും കണ്ടെടുത്തിരിക്കുന്നു. ഇദ്ദേഹത്തിന്റെ പുത്രനായ മര്‍സിലിസ്‌ ക-ന്റെ ബാബിലോണ്‍ ആക്രമണം (ബി.സി. 1590?), രാജഹത്യയില്‍ കലാശിച്ച കലാപങ്ങള്‍ എന്നീ പില്‌ക്കാല സംഭവങ്ങള്‍ ടെലിപ്പിനസ്‌ രാജാവിന്റെ ശാസനങ്ങളില്‍ നിന്നു ലഭ്യമാകുന്നു.

ഹിറ്റൈറ്റ്‌ സാമ്രാജ്യം അധഃപതിച്ച (ബി.സി. 1190?)തിനുശേഷം ഏഷ്യാ മൈനറില്‍ നിന്നുള്ള ചരിത്രരേഖകള്‍ കുറഞ്ഞു. അതേസമയം അസീറിയന്‍ ആധിപത്യത്തിന്‍കീഴിലമര്‍ന്നിരുന്ന സിറിയ-പലസ്‌തീന്‍ പ്രദേശങ്ങളില്‍ നിന്ന്‌ ചില പ്രാദേശിക ചരിത്രരേഖകള്‍ ലഭിക്കുകയും ചെയ്‌തിട്ടുണ്ട്‌. പഴയ ക്യൂനിഫോം സമ്പ്രദായത്തില്‍ നിന്നും ഹിറ്റൈറ്റ്‌ ഹൈറോഗ്ലിഫിക്‌സിലേക്കുള്ള ഇവരുടെ മാറ്റം ഇക്കാലത്തെ സവിശേഷതയായിരുന്നു.

പേര്‍ഷ്യ

ബി.സി. ആറാം ശതകത്തില്‍ അക്കമീനിയന്‍ വംശം അധികാരത്തില്‍ വന്നതോടെ പേര്‍ഷ്യ ലിഖിതചരിത്രകാലത്തിലേക്കു പ്രവേശിച്ചു. സൈറസ്‌ കക-ന്റെ മീഡിയ, ലിഡിയ, ബാബിലോണിയ എന്നീ രാജ്യങ്ങളുടെ നേര്‍ക്കുള്ള ആക്രമണം, കാംബീസസ്സിന്റെ ഈജിപ്‌താക്രമണം ദാരിയൂസ്‌ ക തുടങ്ങിയവരുടെ ഗ്രീസിലേക്കുള്ള മുന്നേറ്റം എന്നിവ രണ്ടു ശതാബ്‌ദത്തോളം ഒരു അന്താരാഷ്‌ട്ര ശക്തിയാക്കി പേര്‍ഷ്യയെ ഉയര്‍ത്തി. ഈ പ്രത്യേകത അവിടത്തെ ത്രിഭാഷ (അക്കേദിയന്‍, എലാമൈറ്റ്‌, പഴയ പേര്‍ഷ്യന്‍) രാജകീയ ലിഖിതങ്ങളില്‍ നിന്നു വ്യക്തമാകുന്നു. പാറയുടെ ഉപരിതലങ്ങള്‍, കെട്ടിടമതിലുകള്‍, സ്‌തംഭങ്ങള്‍, വാതില്‍പ്പടികള്‍, പ്രതിമകള്‍, ഇഷ്‌ടിക തുടങ്ങിയ മാധ്യമങ്ങളിലാണ്‌ രേഖകള്‍ എഴുതിവച്ചിരുന്നത്‌. ദാരിയൂസിന്റെയും സെര്‍ക്‌സിസിന്റെയും രേഖകള്‍ക്കു സാമാന്യം ദൈര്‍ഘ്യമുണ്ടായിരുന്നു. പെഴ്‌സി പെലിസില്‍ നിന്നും 1967-ല്‍ സെര്‍ക്‌സിന്റെ ഒരു ലിഖിതം കണ്ടെടുക്കുകയുണ്ടായി. ദാരിയൂസിന്റെ ബീസിതൂണ്‍ ശിലാരേഖ പഴയ പേര്‍ഷ്യനില്‍ ആയിരക്കണക്കിന്‌ വരികള്‍ (അക്കേദിയന്‍, എലാമൈറ്റ്‌ കൂടാതെ) നിറഞ്ഞതായിരുന്നു. ഇതുകൂടാതെ വേറെയും ഏതാനും ചെറുലിഖിതങ്ങള്‍ അക്കമീനിയരുടേതായി കണ്ടുകിട്ടിയിട്ടുണ്ട്‌. ഈ ശിലാലിഖിതങ്ങളുടെ സത്യാവസ്ഥ ഹെറോഡോട്ടസ്‌, ക്‌ടേസിയസ്‌ തുടങ്ങിയവരുടെ കൃതികളിലെ പരാമര്‍ശങ്ങളില്‍ നിന്നു വ്യക്തമാകുന്നു. ആര്‍സാസിദ്‌, സസാനിദ്‌ വംശക്കാരുടെ ഭരണം മനസ്സിലാക്കാനുതകുന്ന രാജകീയ ലിഖിതങ്ങളും വെളിച്ചം കണ്ടിട്ടുണ്ട്‌. എ.ഡി. എട്ടാം ശതകത്തിലെ ഇസ്‌ലാമിക ആക്രമണം വരെയുള്ള കാലത്തു ഭരണം നടത്തിയിരുന്ന ഈ വംശങ്ങളുടെ ലിഖിതരേഖകള്‍ പ്രസ്‌തുതകാലത്തെ സംഭവങ്ങള്‍ അനാവരണം ചെയ്യുന്നു.

പ്രാചീന ചൈന

മുളയില്‍ രേഖപ്പെടുത്തിയ ലിഖിതങ്ങള്‍

കെട്ടുകഥകളില്‍ നിന്നും ചരിത്രത്തെ വേര്‍തിരിച്ചെടുക്കുവാന്‍ ചൈനയിലും എപ്പിഗ്രഫിക്‌ രേഖകളെയാണ്‌ ആശ്രയിക്കുന്നത്‌. നാലായിരത്തില്‍പ്പരം വര്‍ഷത്തെ ചരിത്രമുണ്ട്‌ ചൈനാക്കാരുടെ രേഖകള്‍ക്ക്‌. ഹയറോഗ്ലിഫിക്കും ക്യൂനിഫോമുംപോലെ ചൈനാക്കാരുടെ ലേഖനവിദ്യയും ചിത്രങ്ങളിലൂടെയാണ്‌ വികസിച്ചത്‌. ചിത്രലിപികളില്‍ത്തുടങ്ങിയ ആലേഖനസമ്പ്രദായം പിന്നീട്‌ ശബ്‌ദചിത്രങ്ങള്‍ക്കു വഴിമാറി. തങ്ങളുടെ പുരാതന ലിപിസമ്പ്രദായം കാര്യമായ മാറ്റംകൂടാതെ ചൈനാക്കാര്‍ ഇന്നും കാത്തുസൂക്ഷിക്കുന്നു. അതിപ്രാചീനകാലത്ത്‌ വെങ്കലത്തിലും എല്ലുകളിലും കല്‍ച്ചെണ്ടകളിലുമാണ്‌ അവര്‍ എഴുതിയിരുന്നത്‌. എപ്പിഗ്രഫിക്‌ അല്ലാത്ത, ചില രേഖകള്‍ (മരത്തിലും മുളയിലുമുള്ളവ) ബി.സി. 2000 മുതല്‍ ചൈനയില്‍ നിലനിന്നിരുന്നു. ബി.സി. 213-ല്‍ ചിന്‍ ചക്രവര്‍ത്തിയായ ഷിഹ്വാങ്‌ടി ഒരു ഗ്രന്ഥദാഹകനായി ചരിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്‌ ഇത്തരം രേഖകളെ ആധാരമാക്കിയാണ്‌. സാന്‍തായ്‌ക്കാലം (ഹ്‌സിയ ബി.സി. 2205?-1766; ഷാങ്‌- ബി.സി. 1766?-1122; ചിന്‍ ബി.സി. 1122? 206) വളരെ കെട്ടുപിണഞ്ഞതായി പാശ്ചാത്യചരിത്രകാരന്മാര്‍ കണക്കാക്കിയിരുന്നു. എന്നാല്‍ പില്‌ക്കാല ഷാങ്ങുകളുടേതായ ലിഖിത രേഖകളുടെ ചരിത്ര യാഥാര്‍ഥ്യം ഇപ്പോള്‍ വ്യക്തമാക്കിയിട്ടുണ്ട്‌. വടക്ക്‌ ഹൊനാന്‍ പ്രവിശ്യയില്‍ നിന്നു ലഭിച്ച ലിഖിത പുരാവസ്‌തുക്കള്‍ ഇതിന്‌ ഉപോദ്‌ബലകമാണ്‌. ചൗ രാജവംശക്കാലം മുതല്‍ വെള്ളോടിലുള്ള രേഖകളും നിലവിലിരുന്നതായി കാണാം.

പ്രാചീന ഗ്രീസ്‌

ഗോര്‍ട്ടിന്‍ നിയമങ്ങള്‍

ക്ലാസ്സിക്കല്‍ ഗ്രീസിലെ ചരിത്രപ്രാധാന്യമുള്ള എപ്പിഗ്രഫിക്‌ രേഖകള്‍ മുകളില്‍ സൂചിപ്പിച്ചവയില്‍ നിന്നും പലതുകൊണ്ടും വ്യത്യസ്‌തമാണ്‌. ചരിത്രസാഹിത്യത്തില്‍ ഗ്രീസ്‌ സമ്പന്നമായിരുന്നു. എന്നാല്‍ ബി.സി. 2000-ത്തിന്‌ തൊട്ടു മുമ്പുള്ള മൈസീനിയന്‍ കാലത്തൊഴികെ ഗ്രീസിന്‌ ഒരു എപ്പിഗ്രഫിക്‌ പാരമ്പര്യം ഉണ്ടായിരുന്നില്ല. ഹെലനിസ്റ്റിക്‌-റോമന്‍ കാലഘട്ടത്തിനു മുമ്പ്‌ ഒരു പ്രമുഖശക്തികേന്ദ്രമോ ഭരണാധിപനോ ഇവിടെ ഉണ്ടായിരുന്നില്ല. അതിനാല്‍ ഭൂമിശാസ്‌ത്രപരമായും ചരിത്രപരമായുമുള്ള രേഖകള്‍ ചിന്നിച്ചിതറിക്കിടക്കാനിടയായി. ലോഹത്തിലും ശിലയിലുമായി വിവിധ നഗരരാഷ്‌ട്രങ്ങള്‍ തമ്മിലുണ്ടാക്കിയിട്ടുള്ള കരാറുകള്‍, സൗഹാര്‍ദസന്ധികള്‍ തുടങ്ങിയവ ലേഖനം ചെയ്‌തത്‌ ഡല്‍ഹി, ഒളിമ്പിയ എന്നിവിടങ്ങളിലെ വിശുദ്ധ സ്ഥലങ്ങളില്‍ കാണാം. കൂട്ടുപൗരത്വക്കരാറുകള്‍, നാടുകടത്തിയവരെ തിരികെ സ്വീകരിക്കാനുള്ള ഉത്തരവുകള്‍, സാമ്പത്തികക്കരാറുകള്‍, ബഹുമതിപ്പട്ടിക എന്നിവയൊക്കെ ഇതില്‍ പരാമര്‍ശിച്ചിരുന്നു. മധ്യ-ക്രീറ്റില്‍ നിന്നും ലഭ്യമായിട്ടുള്ള "ഗോര്‍ട്ടിന്‍ നിയമങ്ങള്‍' മാത്രമാണ്‌ ഗ്രീക്ക്‌ എപ്പിഗ്രഫിക്കു ലഭ്യമായിട്ടുള്ള ഏകനിയമസംഹിത. വൃത്താകൃതിയിലുള്ള ഒരു മതിലിന്റെ പാളികളിലാണ്‌ ഇത്‌ ആലേഖനം ചെയ്യപ്പെട്ടിരിക്കുന്നത്‌. 600 വരികളുള്ള ഈ ആലേഖനം ഗ്രീക്ക്‌ എപ്പിഗ്രഫിക്ക്‌ രേഖകളില്‍വച്ച്‌ ഏറ്റവുംകൂടുതല്‍ ദൈര്‍ഘ്യമുള്ളതാണ്‌. ബി.സി. അഞ്ചാം ശതകത്തിന്റെ പൂര്‍വാര്‍ധമായിരിക്കണം ഈ രേഖകളുടെ കാലമെന്നു കണക്കാക്കപ്പെടുന്നു.

പ്രാചീന റോം

റോമന്‍ ലിഖിതങ്ങള്‍ തരത്തിലും ശൈലിയിലും ഉന്നതനിലവാരം പുലര്‍ത്തുന്നു. എന്നാല്‍ ആദ്യാക്ഷരങ്ങളും ചുരുക്ക അക്ഷരങ്ങളും ധാരാളം ഉപയോഗിച്ചിരുന്നതിനാല്‍ മനസ്സിലാക്കാന്‍ ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്നു. ശിലയും വെള്ളോടും ആലേഖനം ചെയ്യുവാന്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍ ഇഷ്‌ടിക, ഓട്‌ എന്നിവയാണ്‌ ധാരാളമായി ഉപയോഗത്തിലിരുന്നത്‌.

റെസ്‌ജെസ്റ്റെ ദിവി അഗസ്റ്റി

റിപ്പബ്ലിക്കന്‍ റോമിലെ സാഹിത്യ ലിഖിതരേഖകള്‍ ദുര്‍ലഭവും ശിഥിലവുമാണ്‌. റോമാനഗരത്തിലെ മാത്രം ലത്തീന്‍ഭാഷ ഒതുങ്ങിനിന്നിരുന്നു; അതേസമയം ഇറ്റലിയിലെ ഭൂരിഭാഗം പ്രദേശങ്ങളിലും ഓസ്‌കന്‍, എട്രൂസ്‌കന്‍, കൊളോനിയല്‍ ഗ്രീക്ക്‌ എന്നീ ഭാഷകളിലാണു സംസാരിക്കുകയും എഴുതുകയും ചെയ്‌തിരുന്നത്‌. ബി.സി. രണ്ടാം ശതകത്തിനു മുമ്പുള്ള ലത്തീന്‍ എപ്പിഗ്രഫിക്‌ രേഖകള്‍ ലഭ്യമായിട്ടില്ല. അഗസ്റ്റസ്സിന്റെ ഭരണത്തെ സൂചിപ്പിക്കുന്ന റെസ്‌ജെസ്റ്റെ ദിവി അഗസ്റ്റി(Resgestae Divi Augusti)മാത്രമാണ്‌ ഇക്കാലത്തെ ചരിത്രപ്രാധാന്യമുള്ള എപ്പിഗ്രഫിക്‌ രേഖ.

തുർക്കി

തുർക്കിഭാഷയിലെ ഏറ്റവും പഴക്കമവകാശപ്പെടാവുന്ന ശിലാരേഖകള്‍ എ.ഡി. എട്ടാം ശതകത്തിലേതാണ്‌. 19-ാം ശതകത്തിന്റെ അന്ത്യത്തോടെ തെക്ക്‌ സൈബീരിയയിൽ നിന്നും വടക്ക്‌ മംഗോളിയയിൽ നിന്നുമാണ്‌ ഇവ കണ്ടെടുത്തത്‌. എഴാം ശതകത്തിലെ മധ്യേഷ്യന്‍ ചരിത്രത്തിലേക്കു വെളിച്ചംവീശുന്ന രേഖകളാണിവ. തുർക്കിവംശം നിയന്ത്രിച്ചിരുന്ന ഗോത്ര സാമ്രാജ്യത്തിന്റെ നൊമാഡിക്‌ സംസ്‌കാരത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ഇവ നല്‌കുന്നു. 745-ൽ തുർക്കിവംശത്തിന്റെ അധഃപതനത്തിനുശേഷം അധികാരത്തിൽ വന്ന ഐഗുർമാർ (Uighurs) അരാമിക്‌ (Aramaic) അക്ഷരമാലയുടെ ഒരു വകഭേദമാണ്‌ ലിഖിതങ്ങള്‍ക്ക്‌ ഉപയോഗിച്ചിരുന്നത്‌. ക്രമേണ പുതിയ ലിപികള്‍ നിലവിൽ വരികയും ശിലാലിഖിതങ്ങള്‍ക്കു പകരം കൈയെഴുത്തു രേഖകള്‍ (manuscripts) പ്രചാരത്തിലാവുകയും ചെയ്‌തു. പിന്നീടുവന്ന അനത്തോളിയന്‍ സെൽ ജൂക്കുകളും ഒട്ടൊമനുകളും ലിഖിതങ്ങള്‍ക്കുപകരം ഗ്രന്ഥപാരമ്പര്യമാണ്‌ പുലർത്തിപ്പോന്നത്‌.

വടക്കന്‍ യൂറോപ്പ്‌

ആൽപ്‌സിനു വടക്ക്‌ ലേഖവിദ്യയുടെ ആഗമനം മന്ദഗതിയിലായിരുന്നു. ഗ്രീക്കുകാരുടെ തീരകോളനി പ്രദേശങ്ങളിൽ നിന്നോ റോമാസാമ്രാജ്യത്തിൽനിന്നോ ആയിരിക്കണം ഇത്‌ വടക്കന്‍ യൂറോപ്പിലേക്കു കടന്നത്‌. ഗോള്‍, അയർലണ്ട്‌ എന്നിവിടങ്ങളിൽ നിന്ന്‌ കെൽട്ടിക്‌ രേഖകളും സ്‌പെയിനിൽനിന്നും കെൽട്ട്‌-ഐബീരിയന്‍ രേഖകളും ദുർലഭമായേ ലഭിച്ചിട്ടുള്ളു. ലഭ്യമായവയിൽനിന്നുതന്നെ ചരിത്രപ്രാധാന്യമുള്ള രേഖകള്‍ കണ്ടുകിട്ടിയിട്ടില്ല. ജർമന്‍ അക്ഷരമാലയിൽപ്പെട്ട റൂണിക്‌ അക്ഷരമാലയ്‌ക്ക്‌ 24 അക്ഷരങ്ങളാണുള്ളത്‌. ഫൂതാർക്ക്‌ (Futhark) എന്നുകൂടി പേരുള്ള ഈ അക്ഷരമാലയുടെ ശിഖരങ്ങളാണ്‌ സ്‌കാന്‍ഡിനേവിയന്‍, ആംഗ്ലോ-സാക്‌സന്‍ തുടങ്ങിയവ. നോർത്തംബ്രിയ, മേർഷിയ, കെന്റ്‌ എന്നിവിടങ്ങളിൽ 10-ാം ശതകത്തോടെ റൂണിക്‌ എപ്പിഗ്രഫി പ്രചാരലുപ്‌തമായി. എന്നാൽ സ്‌കാന്‍ഡിനേവിയന്‍ രീതി ഏതാനും ശതകങ്ങള്‍ കൂടി നിലനിന്നു. സ്വീഡനിൽ 3000-ത്തോളം റൂണിക്‌ സ്‌മാരകങ്ങളുണ്ട്‌; എന്നാൽ നോർവെ, ഡെന്മാർക്ക്‌ എന്നിവിടങ്ങളിൽ ഏകദേശം 400 വീതവും ഐസ്‌ലാന്‍ഡിൽ വളരെക്കുറച്ചും മാത്രമേ കാണാനുള്ളൂ. റൂണിക്‌ ലിഖിതങ്ങള്‍ മിക്കവാറും അനുസ്‌മരണ-സമർപ്പണ സ്വഭാവത്തോടുകൂടിയവയാണ്‌.

ഇന്ത്യ

ലോകചരിത്രത്തിലെ അതിപ്രാചീന സംസ്‌കാരങ്ങളിലൊന്നാണ്‌ സിന്ധുനദീതടത്തിൽ നിലനിന്നിരുന്നതെങ്കിലും നൈൽ നദീതടസംസ്‌കാരത്തെയോ മെസൊപ്പൊട്ടേമിയന്‍ സംസ്‌കാരത്തെയോപോലെ പുറംലോകത്തിനോ നമുക്കോ അവയെക്കുറിച്ച്‌ അറിവുണ്ടായിരുന്നില്ല. ഹാരപ്പയിൽ കണ്ടെടുത്ത കളിമണ്‍ മുദ്രകളിൽനിന്നാണ്‌ ഭാരതത്തിന്റെ ലിഖിതപാരമ്പര്യത്തെക്കുറിച്ച്‌ സൂചനകള്‍ ലഭിക്കുന്നത്‌. ഇവിടെനിന്നു ലഭിച്ച ആയിരക്കണക്കിനു മുദ്രകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും അവയിലെ ലിഖിതങ്ങള്‍ ഇന്നുമൊരു സമസ്യയാണ്‌. സുമേറിയന്‍ ക്യൂനിഫോമുമായി ഹാരപ്പന്‍ മുദ്രകള്‍ക്കുള്ള സാമ്യമാണ്‌ ഭാരതസംസ്‌കാരത്തിന്റെ പഴമയെക്കുറിച്ച്‌ അറിവുതരുന്നത്‌. ഹാരപ്പയിൽ കണ്ടെടുത്ത അതേ മുദ്രകള്‍ സുമേറിയയിൽ കണ്ടെത്തിയിരുന്നു. അതിനാൽ ക്യൂനിഫോമിൽനിന്നാണ്‌ സൈന്ധവമുദ്രകള്‍ ഉരുത്തിരിഞ്ഞതെന്ന്‌ അനുമാനിക്കപ്പെടുന്നു. ഇന്ത്യയിൽ നിന്നു പത്തുലക്ഷത്തോളം ലിഖിതങ്ങള്‍ ഇതേവരെയായി കണ്ടെടുത്തിട്ടുണ്ട്‌. അവയിൽ അധികവും തെക്കേ ഇന്ത്യയിൽനിന്നാണ്‌ കിട്ടിയിട്ടുള്ളത്‌. പാറകളിലും സ്‌തംഭങ്ങളിലും ക്ഷേത്രഭിത്തികളിലും ഗോപുരങ്ങളിലും വിഗ്രഹപീഠങ്ങളിലും ചെമ്പുതകിടിലും വെങ്കലത്തിനും ഇഷ്‌ടികയിലും മറ്റും ഈ ലിഖിതങ്ങള്‍ കാണാം. ഇവ വിഭിന്ന ഭാഷകളിലും വിഭിന്ന ലിപികളിലുമായി കാണപ്പെടുന്നു. ഇവിടത്തെ ആദിമരേഖകള്‍ പ്രാകൃതഭാഷയിൽ ആണ്‌ വിരചിക്കപ്പെട്ടിട്ടുള്ളത്‌; പില്‌ക്കാലത്ത്‌ സംസ്‌കൃതത്തിലും. എന്നാൽ കുറേക്കൂടി കഴിഞ്ഞപ്പോള്‍ പ്രാദേശിക ഭാഷകളും ലിഖിതങ്ങള്‍ക്കുവേണ്ടി ഉപയോഗിച്ചുതുടങ്ങി. ഇന്ത്യയിൽ കണ്ടെത്തിയ പൗരാണികാലേഖ്യങ്ങളിൽ വലിയൊരു പങ്കും ക്ഷേത്രഭിത്തികളിലോ ശിലകളിലോ ആണ്‌. ഒരു തീർഥാടനസ്ഥലം സന്ദർശിച്ച വ്യക്തി അതിന്റെ സ്‌മരണയ്‌ക്കായി തന്റെ പേര്‌ അവിടെ കൊത്തിവച്ചതാകാം. നീളമേറിയ ആലേഖനങ്ങളാകട്ടെ ക്ഷേത്രപ്രതിഷ്‌ഠ സംഭാവന നല്‌കിയതിന്റെയോ യുദ്ധത്തിൽ ഒരു വീരനെ കീഴടക്കിയതിന്റെയോ സാമൂഹികാചാരമെന്ന നിലയിൽ ഒരു വിധവ ആത്മാഹുതിചെയ്‌തതിന്റെയോ വിവരണങ്ങളാകാം. ഒരു മഹാകാവ്യത്തിന്റെ സർഗങ്ങളും നാടകത്തിലെ അങ്കങ്ങളും ആലേഖനം ചെയ്‌തതും കണ്ടെത്തിയിട്ടുണ്ട്‌. ഉദയപ്പൂരിലെ രാജസമുദ്രത്തിലുള്ള ലിഖിതം ഒരു രാജപ്രശസ്‌തികാവ്യമാണ്‌. നാടകത്തിന്റെ ശിലാലിഖിതരൂപങ്ങള്‍ക്കുദാഹരണമാണ്‌ ആജ്‌മീറിലെ ലളിതവിഗ്രഹരാജ, ഹരകേളി നാടകം എന്നിവ. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലുള്ള കുടുമിയ മലയിൽ ഏഴാം ശതകത്തിലേതെന്നു കരുതുന്ന സംഗീത ചിഹ്നങ്ങള്‍ ആലേഖനം ചെയ്‌തിരിക്കുന്നതുകാണാം.

കർണ്ണാടകയിൽനിന്ന്‌ കണ്ടെടുത്ത അശോകശിലാശാസനം

ഒരു ഭരണാധികാരിയോ അദ്ദേഹത്തിന്റെ ആജ്ഞപ്രകാരമോ ആലേഖനം ചെയ്യപ്പെട്ട ലിഖിതങ്ങളും വ്യക്തികളും സ്ഥാപനങ്ങളും ആലേഖനം ചെയ്‌ത ലിഖിതങ്ങളുമുണ്ട്‌. ഒന്നാം വിഭാഗത്തിൽപ്പെടുന്നത്‌ രാജകീയ വിളംബരമാകുന്നു. ഇവ ശിലകളിലോ സ്‌തൂപങ്ങളിലോ ആയിരിക്കും. രാജാവിന്റെ യുദ്ധവിജയം പ്രകീർത്തിക്കുന്ന ലിഖിതങ്ങളും ഇവയിൽപ്പെടുന്നു. രാജാവ്‌ ഭൂമിദാനം ചെയ്‌തുകൊണ്ടുള്ള ശാസനങ്ങള്‍ സാധാരണയായി ചെമ്പുതകിടുകളിലാണുള്ളത്‌. ഉടമസ്ഥാവകാശം കൈമാറ്റം ചെയ്യാനുള്ള സൗകര്യത്തിനുവേണ്ടിയാണിത്‌.

ഇന്ത്യയിൽ ലഭിച്ചിട്ടുള്ള ശിലാരേഖകളിൽ പഴക്കം ചെന്നവ മൗര്യകാലത്തേതാണെന്നു കരുതുന്നു. അവയെക്കാള്‍ പഴക്കമേറിയ രേഖകള്‍ കുറവാണ്‌. മൗര്യകാലത്തെ രേഖകള്‍ എന്നു സൂചിപ്പിച്ചത്‌ അശോകശാസനങ്ങളെക്കുറിച്ചാണ്‌. അശോകശാസനങ്ങളുടെ ആശയം ഗ്രഹിക്കുന്നതിനായി നടത്തപ്പെട്ട ഗവേഷണങ്ങള്‍ ഭാരതത്തിലെ പുരാവസ്‌തുപഠനത്തിന്റെ പ്രാരംഭാധ്യായങ്ങള്‍ കുറിക്കുന്നു. അവയിൽ കാണപ്പെടുന്ന ലിപികള്‍ നമ്മുടെ നാട്ടിൽ ഇന്നുള്ള സകല ലിപികളുടെയും ഉത്‌പത്തിയെ ദ്യോതിപ്പിക്കുന്നു. ഇവയിലെ ഭാഷ ബി.സി. മൂന്നാം ശതകത്തിൽ ഇന്ത്യയുടെ ഉത്തരഭാഗങ്ങളിൽ വ്യവഹരിക്കപ്പെട്ടിരുന്നതാണ്‌. സാഹിത്യപരമായും ഇവയ്‌ക്കു പ്രാധാന്യമുണ്ട്‌ നോ. അശോകശിലാശാസനങ്ങള്‍. ആന്ധ്രദേശത്ത്‌ മൂന്നാം ശതകത്തിൽ ഇക്ഷ്വാകു രാജാക്കന്മാർ ഭരിച്ചിരുന്നുവെന്ന്‌ കൃഷ്‌ണാതീരത്തുനിന്നു കിട്ടിയ അവരുടെ രേഖകള്‍ പ്രസ്‌താവിക്കുന്നു. ശക്തന്മാരായ അവർ ശാതവാഹനന്മാരെ കീഴടക്കുകയും ഉജ്ജയിനിയിലെ പശ്ചിമക്ഷത്രപന്മാർ, വനവാസിരാജാവ്‌ എന്നിവരുമായി വിവാഹബന്ധം പുലർത്തുകയും ചെയ്‌തു. മതകാര്യങ്ങളിൽ അവർ തികഞ്ഞ സാർവലൗകികത പരിപാലിച്ചു. വൈദികവിധിയനുസരിച്ചു യാഗങ്ങള്‍ നടത്തി. അവരുടെ സഹധർമിണിമാർ ബൗദ്ധധർമത്തെ ശരിക്കും പിന്തുടർന്നിരുന്നവരാണ്‌. ഇക്ഷ്വാകുക്കളുടെ പിന്‍ഗാമികള്‍ പല്ലവന്മാരും സാലങ്കായനന്മാരുമായിരുന്നു. പ്രാകൃതത്തിലെഴുതപ്പെട്ട അവരുടെ ശാസനങ്ങളിൽ നിന്ന്‌ ഇത്രയും ചരിത്രവസ്‌തുക്കള്‍ വ്യക്തമാകുന്നുണ്ട്‌. അടുത്തകാലത്തു മാഘന്മാരുടെയും നളന്മാരുടെയും മേകലന്മാരുടെയും സൂരവംശികളുടെയും രേഖകള്‍ കണ്ടുകിട്ടിയിട്ടുണ്ട്‌. മുമ്പ്‌ ഇവരെപ്പറ്റിയുള്ള അറിവു പുരാണങ്ങള്‍ മുഖേന മാത്രമായിരുന്നു. മൂന്നും നാലും ശതകങ്ങളിലെ മാഘന്മാരുടെ രേഖകള്‍ ബന്തോഗർ (രേവാ), കോശം (അലഹബാദ്‌) മുതലായ സ്ഥലങ്ങളിൽനിന്നാണു കിട്ടിയത്‌. ഇവയിൽ തീയതി കുറിച്ചിട്ടുണ്ടെന്നുള്ളത്‌ പ്രത്യേകം പ്രസ്‌താവ്യമാണ്‌. അക്കൂട്ടരിൽ വൈശ്രവണന്‍ എന്ന മഹാരാജാവിന്റെ നാമധേയവും കാണാം. ഇവയെല്ലാം സംസ്‌കൃതത്തിലാണ്‌. ചില രേഖകള്‍ യൂപസ്‌തംഭങ്ങളിലും കാണപ്പെടുന്നു. അവ വൈദികബലി നടത്തിയതിന്റെ സ്‌മാരകങ്ങളാണ്‌. ജയസോമന്റെ പുത്രനായ നന്ദിസോമന്‍ ഏകഷഷ്‌ഠിരാത്രയാഗം നടത്തിയെന്ന്‌ നാന്ദസായൂപ രേഖകള്‍ വ്യക്തമാക്കുന്നു.

ഗുപ്‌തകാലത്തു (300-600) സംസ്‌കൃതത്തിനു നവോത്ഥാനമുണ്ടായതിനെത്തുടർന്ന്‌ ഔദ്യോഗിക രേഖകളിൽ നിന്നു പ്രാകൃതം അന്തർധാനം ചെയ്‌തതുമൂലം അന്നത്തെ രേഖകളെല്ലാം സംസ്‌കൃതത്തിലായി. ചില രേഖകള്‍ ഒന്നാംതരം കവിതാരൂപത്തിലാണ്‌. ചിലതിൽ കർത്തൃനാമവും കുറിച്ചിട്ടുണ്ട്‌. സമുദ്രഗുപ്‌തന്റെ അലഹബാദ്‌ ലിഖിതം ഹരിഷേണനും പുലികേശി കക-ന്റെ ഐഹോള്‍ രേഖ രവികീർത്തിയുമാണ്‌ രചിച്ചിട്ടുള്ളത്‌.

ഗുപ്‌തകാലരേഖകള്‍ ധാരാളം ലഭിച്ചിട്ടുണ്ട്‌. സൂപിയയിൽനിന്നു കിട്ടിയ സ്‌കന്ദഗുപ്‌തരേഖയിൽ ഘടോത്‌കചവംശത്തെപ്പറ്റി പരാമർശം കാണുന്നു. ഗുപ്‌തചക്രവർത്തി വിഷ്‌ണുഗുപ്‌തന്റെ രേഖയോടുകൂടിയ ഒരു മുദ്രയിൽ ഗുപ്‌തചക്രവർത്തിമാരുടെ വംശപരമ്പര കാണാം. അസമിൽ നിന്നു കിട്ടിയ ഭൂതിവർമന്റെ (ആറാംശ.) സംസ്‌കൃതരേഖ ആ ഭാഗത്തു നിന്നു ലഭിച്ച ഏറ്റവും പഴയ ലിഖിതങ്ങളാണ്‌. മധ്യപ്രദേശത്തെ നളവംശത്തെക്കുറിച്ച്‌ അർഥപതി ഭട്ടാരകന്റെ കേസരി ബെഡാ പട്ടയങ്ങള്‍ പല പുതിയ അറിവുകളും നല്‌കുന്നു. തലക്കാട്ടെ പശ്ചിമഗംഗവംശജനായ മാധവന്‍ ക-ന്റെ ശാസനകോടാപട്ടയങ്ങള്‍ ആ വംശത്തെപ്പറ്റിയുള്ള പഴമയേറിയ രേഖകളാണ്‌. ചാലൂക്യവല്ലഭേശ്വരന്റെ (പുലികേശി I) ബദാമിരേഖ ശകവർഷം (ശകം 465 എ.ഡി. 543) രേഖപ്പെടുത്തിയ ആദിമരേഖകളിലൊന്നാണ്‌.

ചാലൂക്യവംശത്തിലെ പൂർവശാഖയുടെ സംസ്‌കൃതലിഖിതങ്ങള്‍ ആ വംശത്തിലെ ഓരോ രാജാവിന്റെയും ഭരണകാലം വ്യക്തമാക്കുന്നുണ്ട്‌. വേങ്ങിഭരണാധിപന്‍ ഗുണകവി ജയാദിത്യന്‍ കകക (9-ാം ശ.) ആണ്‌ ഈ രീതിക്കു തുടക്കംകുറിച്ചത്‌. ചോഴരാജാവായ വീരരാജേന്ദ്രദേവന്റെ (11-ാം ശ.) ചേപ്പേടിൽ അവരുടെ വംശാവലിയോടൊപ്പം പരാക്രമങ്ങളെയും രേഖപ്പെടുത്തിയിട്ടുണ്ട്‌.

കലച്ചൂരി പൃഥ്വീദേവന്റെ കോനിലിഖിതം (12-ാം ശ.) ആ വംശത്തിലെ രാജാക്കന്മാരുടെ വിജയങ്ങളെ വിവരിക്കുന്നു. 14-ാം ശതകത്തിൽ ജീവിച്ചിരുന്ന പ്രളയനായകന്റെ ചെപ്പേട്‌, കാകതീയ രാജാവായ പ്രതാപരുദ്രനെ മുസ്‌ലിങ്ങള്‍ തടവുകാരനാക്കി ഡൽഹിയിലേക്കു കൊണ്ടുപോകുമ്പോള്‍ മാനഭംഗം നിമിത്തം അദ്ദേഹം മാർഗമധ്യേ നർമദയിൽ ചാടി ആത്മഹത്യ ചെയ്‌തുവെന്ന്‌ കാണിക്കുന്നു.

രാഷ്‌ട്രീയചരിത്രത്തിനു പുറമേ നമ്മുടെ ശിലാ-താമ്രശാസനങ്ങള്‍-പ്രാകൃതവും സംസ്‌കൃതവും-മതം, സമുദായം, സാമ്പത്തികം മുതലായ കാര്യങ്ങളിൽ ഒട്ടേറെ വെളിച്ചം നല്‌കുന്നുണ്ട്‌. ഘോസുണ്ടിയിലെയും നഗരി(ഉദയപ്പൂർ)യിലെയും സംസ്‌കൃതരേഖകള്‍ ബി.സി. 150-ൽ സങ്കർഷണന്റെയും വാസുദേവന്റെയും (ബലരാമനും കൃഷ്‌ണനും) ആരാധന നടപ്പുണ്ടായിരുന്നുവെന്നു കാണിക്കുന്നു. വൃഷ്‌ണി വംശത്തിലെ മറ്റുചില അംഗങ്ങളും ദേവതകളായി ആരാധിക്കപ്പെട്ടിരുന്നുവെന്ന്‌ ബി.സി. ഒന്നാം ശതകത്തിലെ ഒരു മധുരാലിഖിതം അറിയിക്കുന്നു. ഇവിടത്തെ മതങ്ങളുടെ ഔന്നത്യവും ചൈതന്യവും വിദേശികളെ ആകർഷിച്ചിരുന്നു. ഇന്തോ-ഗ്രീക്ക്‌ രാജാവായ മെനാന്‍ഡരുടെ കാര്യം മുമ്പ്‌ പറഞ്ഞിട്ടുണ്ട്‌. ഹെലിയോ ഡോറസ്‌ വൈഷ്‌ണവമതം കൈക്കൊണ്ട വിവരം വിദിശ(ബെസ്‌നഗർ-ഗ്വാളിയർ)യിൽ സ്ഥാപിച്ചിട്ടുള്ള ഗരുഡസ്‌തംഭരേഖ തെളിയിക്കുന്നു.

നാഗാർജുനകൊണ്ട രേഖകളിൽ ഇവിടത്തെ ബൗദ്ധകേന്ദ്രങ്ങള്‍ വിദൂരദേശങ്ങളിലെ പണ്ഡിതന്മാരെയും ഭക്തന്മാരെയും ആകർഷിച്ചിരുന്നുവെന്നു പറയുന്നു. സുവർണദ്വീപി(സുമാട്ര)ലെ ഒരു രാജാവിന്റെ അപേക്ഷ പ്രകാരം വംഗദേശത്തെ ദേവപാലരാജാവ്‌ (9-ാം ശ.) നാളന്ദയിൽ ഒരു ബൗദ്ധ സംഘാരാമം സ്ഥാപിച്ചുവെന്നു കാണുന്നു. ശ്രീവിജയത്തിലെ ശൈലേന്ദ്രരാജാവായ മാരവിജയോത്തുംഗവർമന്‍ നാഗപട്ടണത്ത്‌ ഒരു ബൗദ്ധവിഹാരം സ്ഥാപിച്ചുവെന്ന്‌ രാജരാജചോഴന്‍ ക-ന്റെ (11-ാം ശ.) ലെയ്‌ഡന്‍ പട്ടയം പ്രസ്‌താവിക്കുന്നു. വൈഷ്‌ണവ സിദ്ധനായ കുലശേഖരാഴ്‌വാരുടെ മുകുന്ദമാലയിലെ ഒരു പദ്യം 13-ാം ശതകത്തിലെ ലിപിയിൽ ബർമയിലെ പാഗന്‍ വിഷ്‌ണുക്ഷേത്രത്തിൽ കാണുന്നുണ്ട്‌. മതത്തിന്റെ വിവിധശാഖകളെപ്പറ്റി അറിയാനും ശിലാലിഖിതങ്ങള്‍ സഹായകമാണ്‌. ശൈവമതത്തിൽ പാശുപതശാഖയുടെ സ്ഥാപകനായ ലകുലീശന്റെ കാലനിർണയനത്തിന്‌ ചന്ദ്രഗുപ്‌തന്‍ 1-ന്റെ മഥുരാസ്‌തംഭലിഖിതമാണ്‌ അവലംബം. അതിൽ ലകുലീശന്റെ ശിഷ്യനായ കുശികനിൽ നിന്നു പത്താമനായ ഉദിതാചാര്യനെക്കുറിച്ചു പ്രസ്‌താവിക്കുന്നു. ഗുപ്‌ത സംവത്സരം 61-ൽ (എ.ഡി. 380) ഉദിതാചാര്യന്‍ അദ്ദേഹത്തിന്റെ ഗുരുനാഥന്മാർക്കുവേണ്ടി രണ്ട്‌ സ്‌മാരകങ്ങളുണ്ടാക്കിയെന്ന്‌ അതിൽ പറഞ്ഞിട്ടുണ്ട്‌.

സംസ്ഥാനത്തിന്റെ സാമ്പത്തികസ്ഥിതി ഭരണകാര്യങ്ങള്‍ എന്നിവ അറിയാനും ശിലാശാസനങ്ങള്‍ പ്രയോജനപ്പെടുന്നു. ബംഗാളിൽ മഹാസ്ഥാനിൽനിന്നു കിട്ടിയ ഒരു മൗര്യരേഖ ക്ഷാമകാലങ്ങളിൽ ജനങ്ങള്‍ക്കു ധാന്യം വിതരണം ചെയ്‌തിരുന്നതിനെയും കടംകൊടുത്തു സഹായിച്ചിരുന്നതിനെയും സ്‌പഷ്‌ടമാക്കുന്നുണ്ട്‌. മുന്‍പറഞ്ഞ ദേവപാലന്റെ നാളന്ദാലിഖിതം രോഗികള്‍ക്കുവേണ്ടി ഔഷധങ്ങള്‍ നല്‌കിവന്നതും കിടക്കകള്‍ കൊടുത്തതും മറ്റും വിവരിക്കുന്നു. തീരദേശങ്ങളിൽ താമസിച്ചിരുന്നവർക്ക്‌ നാവികസൗകര്യങ്ങള്‍ ഉണ്ടാക്കിക്കൊടുത്ത വിവരം ചില രേഖകളിൽ കാണുന്നുണ്ട്‌. കൃഷ്‌ണാജില്ലയിലെ ഘണ്ടശാലയിൽ നിന്നു കണ്ടുകിട്ടിയ ഒരു പ്രാകൃതരേഖയിൽ മഹാനാവികനായ ശിവകനെക്കുറിച്ചു പ്രസ്‌താവിച്ചിരിക്കുന്നു.

കന്നട ലിഖിതങ്ങള്‍ - ബദാമി ഗുഹാക്ഷേത്രം

കൗടല്യന്റെ അർഥശാസ്‌തത്തിലും ശുകനീതിയിലും പറഞ്ഞിട്ടുള്ള അനേകം ഉദ്യോഗങ്ങളുടെ പേരുകള്‍ ശിലാലിഖിതങ്ങളിലുണ്ട്‌. സൂരവംശിരാജാവായ ഹരിരാജന്റെ ബനാറിസ്‌ ചെപ്പേട്‌ (അഞ്ചാം ശ.) അനേകം മന്ത്രിമാരടങ്ങിയ മഹാമാത്യഗണത്തെപ്പറ്റി പല വിവരങ്ങളും നല്‌കുന്നു. അവരുടെ ആജ്ഞപ്രകാരം പുറപ്പെടുവിച്ചതാണ്‌ ആ രേഖ. ഹരിരാജനും പത്‌നി അനന്തമഹാദേവിയും അതിന്‌ അംഗീകാരം കൊടുത്തിട്ടുമുണ്ട്‌. ചില സംസ്ഥാനങ്ങളിൽ പ്രഗല്‌ഭകളായ സ്‌ത്രീകള്‍ ഭരണാധികാരം വഹിച്ചിരുന്ന വസ്‌തുതയും ലിഖിതങ്ങള്‍ വ്യക്തമാക്കുന്നു. കാശ്‌മീരിലെ റാണി ദിദ്ദാ, ആന്ധ്രാപ്രദേശത്തെ കാകതീയറാണി രുദ്രാംബ എന്നിവരുടെ നാമധേയങ്ങള്‍ അനശ്വരമാക്കിയിട്ടുള്ളത്‌ ശിലാശാസനങ്ങളാണ്‌. ചില സാമുദായിക നടപടികള്‍ക്കു ശാസനങ്ങള്‍ സാക്ഷ്യം നല്‌കുന്നു. ബ്രാഹ്മി ലിഖിതമുള്ള ഒരു സ്‌തംഭം കടപ്പാ ജില്ലയിൽനിന്നു കണ്ടുകിട്ടി. 3-ാം ശതകത്തിലെ പ്രാകൃതമാണ്‌ അതിലെ ഭാഷ. "ഗോഗ്രഹണത്തി'ൽ മരിച്ച ശിവദാസന്റെ സ്‌മാരകമാണിത്‌. "സതി' അനുഷ്‌ഠിച്ച ചില മഹിളാമണികളുടെ സ്‌മാരകമായി സ്ഥാപിക്കപ്പെട്ട സ്‌തംഭങ്ങളിൽ ആ വിവരം രേഖപ്പെടുത്തിയിരിക്കുന്നു. കൊൽഹാപ്പൂരിൽ സാങ്‌സിയിൽ നിന്നു കണ്ടെടുത്ത ഒരു സ്‌മാരകശിലയിലുള്ള സംസ്‌കൃതപദ്യം അവിടത്തെ രാജാവ്‌ തന്റെ പരേതയായ സഹധർമിണിയുടെ ഓർമയ്‌ക്കായി സ്ഥാപിച്ചതാണെന്ന്‌ ആ സ്‌തംഭമെന്നു കാണിക്കുന്നു. ഭാസന്റെ പ്രതിമാനാടകത്തിൽ ഇത്തരം സ്‌മാരകങ്ങളെപ്പറ്റിയുള്ള പരാമർശമുണ്ട്‌. ശ്രീബുദ്ധന്റെ ജന്മസ്ഥലമായ ലുംബിനി കണ്ടുപിടിക്കാന്‍ സഹായിച്ചത്‌ അശോകന്‍ അവിടെ സ്ഥാപിച്ച ശിലാരേഖയാണ്‌. എ.ഡി. 1896-ൽ ഡോ. ഫ്യൂറെർ ആണ്‌ അതു കണ്ടുപിടിച്ചത്‌. കുമാരവരദത്തന്റെ ഒന്നാം ശതകത്തിലെ പ്രാകൃതരേഖ മധ്യപ്രദേശത്ത്‌ ഗുഞ്‌ജിയിൽ ഋഷഭതീർഥത്തിൽവച്ച്‌ "ഗോസഹസ്രദാനം' നടത്തിയെന്നു പറയുന്നു. ഈ തീർഥം കോസലത്തിൽ സ്ഥിതിചെയ്‌തിരുന്നുവെന്നാണ്‌ മഹാഭാരതത്തിൽ കാണുന്നത്‌. പ്രതിമകളുടെയും ശില്‌പങ്ങളുടെയും കാലനിർണയത്തിനും രേഖകളെ ആശ്രയിക്കാനേ തരമുള്ളു. ഗ്വാളിയറിലെ ഉദയഗിരിഗുഹയിലുള്ള ചന്ദ്രഗുപ്‌തന്‍ കക-ന്റെ രേഖ അദ്ദേഹത്തിന്റെ സചിവനായ വീരസേനനാണ്‌ ആ ഗുഹയുടെ നിർമാതാവെന്നു കാണിക്കുന്നു. അതുപോലെ അലഹബാദിലെ മങ്കുമാരിൽ കാണപ്പെടുന്ന ബൗദ്ധവിഗ്രഹം കുമാരഗുപ്‌തന്റെ (എ.ഡി. 448) കാലത്ത്‌ ഭിക്ഷുബുദ്ധമിത്രന്‍ ഉണ്ടാക്കിയതാണെന്ന്‌ അവിടത്തെ രേഖ വ്യക്തമാക്കുന്നു. ബദാപിയിലെ ശില്‌പഭംഗി തികഞ്ഞ വൈഷ്‌ണവഗുഹ, ചാലൂക്യ രാജാവായ മംഗലേശ്വരന്‍ (എ.ഡി. 578) ഉണ്ടാക്കിയതാണെന്നുള്ളതിന്‌ രേഖയുണ്ട്‌. മഹേന്ദ്ര വർമപല്ലവന്‍, തെ. ആർക്കാട്ടിലെ മണ്ടകപ്പാട്ടു ഗുഹാക്ഷേത്രം നിർമിച്ച വിവരം ആ രാജാവിന്റെ രേഖ തെളിയിക്കുന്നു.

ശാസനങ്ങളിൽ ശകാബ്‌ദം, വിക്രമാബ്‌ദം, ചോദ്യബ്‌ദം, ഹർഷാബ്‌ദം, നേവാരാബ്‌ദം, ലക്ഷ്‌മണസേനാബ്‌ദം, കലച്ചൂരി അബ്‌ദം, കൊല്ലവർഷം, പുതുവയ്‌പ്‌, കല്യബ്‌ദം, ഹിജറ മുതലായവ കുറിക്കാറുണ്ട്‌. ഇവയ്‌ക്ക്‌ സമാനമായ ഇംഗ്ലീഷ്‌ വർഷം കണക്കാക്കുന്നതിന്‌ എൽ.ഡി. സ്വാമിക്കണ്ണുപിള്ളയുടെ ഇന്ത്യ എഫിമേരിസ്‌ ഏഴു വാല്യങ്ങള്‍ അത്യന്തം പ്രയോജനകരമാണ്‌. ശിലാതാമ്രശാസനങ്ങള്‍ കണ്ടുപിടിക്കുന്നതിനും അവയെ വ്യാഖ്യാനിക്കുന്നതിനും ശ്രമിച്ച അസംഖ്യം പണ്ഡിതന്മാരുണ്ട്‌. ജയിംസ്‌ പ്രിന്‍സെപ്പ്‌, ഇഹുൽഷ്‌, ജോണ്‍ മാർഷൽ, ചാള്‍സ്‌ മാസന്‍, എ.സി. ബർണൽ, ഫ്രാന്‍സിസ്‌ കീൽഹാണ്‍, ഹെന്‌റിച്ച്‌ ലൂഡേഴ്‌സ്‌ എന്നിവർ ഈ രംഗത്ത്‌ സ്‌തുത്യർഹമായ സേവനം നല്‌കിയവരാണ്‌. രാജേന്ദ്രലാൽ മിശ്ര, കാശിനാഥതിലാങ്‌, വിന്‍സന്റ്‌ സ്‌മിത്ത്‌, പി. സുന്ദരംപിള്ള, ടി.എ. ഗോപിനാഥറാവു, കെ.പി. സുബ്രഹ്മണ്യ അയ്യർ, എച്ച്‌. കൃഷ്‌ണശാസ്‌ത്രി, വി. വെങ്കയ്യാ, ഡി.ഡി. സർക്കാർ, ബി.സി. എച്ച്‌. ഛാബ്രാ, എന്‍. ലക്ഷ്‌മിനാരായണ റാവു എന്നിവർ ഈ രംഗത്തു പ്രവർത്തിച്ച്‌ മഹത്തായ സംഭാവനകള്‍ നല്‌കിയ പണ്ഡിതന്മാരാണ്‌.

കേരളം

പ്രാചീനകേരളചരിത്രപഠനത്തിന്‌ ഒഴിച്ചുകൂടാന്‍ പറ്റാത്ത പ്രമാണരേഖകളാണ്‌ കേരളത്തിലെ ശിലാ-താമ്രശാസനങ്ങള്‍. അവ വട്ടെഴുത്ത്‌, കോലെഴുത്ത്‌, ഗ്രന്ഥം, തമിഴ്‌ എന്നീ ലിപികളിലാണ്‌ കാണപ്പെടുന്നത്‌. ഭാഷ മിക്കവാറും തമിഴാണ്‌. സംസ്‌കൃതത്തിലും ചില രേഖകള്‍ കണ്ടെത്തിയിട്ടുണ്ട്‌. മലയാളലിപിയിലുള്ളവ ആധുനികകാലത്തെ രേഖകളാണ്‌. അറബിയിലും നാഗരിയിലും അപൂർവം ചില രേഖകള്‍ കാണാം.

വട്ടെഴുത്ത്‌

പ്രാചീനകേരളശാസനങ്ങളിൽക്കൂടിയാണ്‌ രണ്ടാം ചേരസാമ്രാജ്യ(800-1102) ചരിത്രം സവിസ്‌തരം മനസ്സിലാക്കാന്‍ കഴിഞ്ഞത്‌ രാജശേഖരവർമന്റെ (820-44) വാഴപ്പള്ളി ശാസനമാണ്‌ ചേരരാജാക്കന്മാരെ സംബന്ധിച്ച്‌ കേരളത്തിൽനിന്നും കണ്ടെടുത്തിട്ടുള്ള ഏറ്റവും പഴക്കമേറിയ എപ്പിഗ്രഫിക്‌ രേഖ സ്ഥാണുരവി (844-85)യുടെ 11-ാം ഭരണവർഷത്തിലേതെന്നു കരുതപ്പെടുന്ന ഒരു ശാസനത്തിൽ (ഇരിങ്ങാലക്കുട കൂടൽമാണിക്യക്ഷേത്രത്തിൽ നിന്നും ലഭിച്ചത്‌) ക്ഷേത്രകാര്യങ്ങളെ സംബന്ധിച്ച ഒരു കരാർ രേഖപ്പെടുത്തിയിട്ടുണ്ട്‌. അവിട്ടത്തൂർ, തൃപ്പൂണിത്തുറ, ഉദയംപേരൂർ, ചൊക്കൂർ തുടങ്ങിയ സ്ഥലങ്ങളിൽനിന്നും കണ്ടെടുത്തിട്ടുള്ള ശാസനങ്ങളാണ്‌ ഗോദരവിവർമ (917-47)യുടെ ഭരണകാലത്തെക്കുറിച്ചും സാമ്രാജ്യവിസ്‌തൃതിയെക്കുറിച്ചും തെളിവുകള്‍ നല്‌കുന്നത്‌. കേരളത്തിലെ ദേവദാസിമാരെക്കുറിച്ച്‌ ആദ്യം സൂചനനല്‌കുന്നത്‌ ചൊക്കൂർ ശാസന(923)ത്തിലാണ്‌. കച്ചങ്ങളെക്കുറിച്ച്‌ വിവരം നല്‌കുന്ന ഒന്നാണ്‌ അവിട്ടത്തൂർശാസനം (നോ. കച്ചങ്ങള്‍). ഭാസ്‌കരരവിവർമന്‍ ക(962-1019) എ.ഡി. 1000-ത്തിൽ യഹൂദനേതാവായ ജോസഫ്‌ റബ്ബാനു നല്‌കിയ ചെപ്പേട്‌ ചരിത്രപ്രാധാന്യമേറിയ ഒരു രേഖയാണ്‌. ചേര ചക്രവർത്തി രാജസിംഹന്റെ (1028-43) താഴേക്കാട്ട്‌ ശാസനത്തിലാണ്‌, "മണിഗ്രാമത്തിലെ രണ്ടു ക്രിസ്‌ത്യാനികള്‍'ക്കു നല്‌കിയ അവകാശങ്ങളെക്കുറിച്ചുള്ള വിവരങ്ങളുള്ളത്‌. രാമേശ്വരത്തു കോയിൽ ശാസനം (1102) വഴിയാണ്‌ രാമർ തിരുവടി എന്നൊരാള്‍ പനങ്കാവിൽ കൊട്ടാരത്തിൽ വസിച്ചിരുന്ന വിവരം അറിയുന്നത്‌. ഈ രാമർ തിരുവടി കുലശേഖരസാമ്രാജ്യത്തിലെ അവസാന രാജാവായ രാമവർമകുലശേഖരന്‍ (1090-1102) ആണെന്ന്‌ തെളിഞ്ഞതോടെ കുലശേഖരസാമ്രാജ്യത്തിന്റെ അന്ത്യകാലത്തെക്കുറിച്ച്‌ മനസ്സിലാക്കാന്‍ രാമേശ്വരത്തു കോയിൽ ശാസനം സഹായകമായി. ഇതിൽനിന്നുതന്നെയാണ്‌ ചേര രാജധാനി മഹോദയപുരത്തുനിന്നും പഴയ വേണാട്ടുതലസ്ഥാനമായ കൊല്ലത്തേക്കു മാറ്റപ്പെട്ട വസ്‌തുതയും വെളിച്ചത്തുവന്നത്‌.

തരിസാപ്പിള്ളി ശാസനം

ദക്ഷിണകേരളത്തിലെ ആയ്‌ രാജാക്കന്മാർ മഹോദയപുരത്തിലെ കുലശേഖരാജാക്കന്മാരുടെ (800-1012) സമകാലീനരായിരുന്നുവെങ്കിലും വളരെക്കുറച്ചു ശാസനങ്ങളെ അവരുടേതായുള്ളു. ഈ വംശത്തിലെ കരുനന്ദടക്കന്റെ (857-85) ഹുസൂർ ആഫീസ്‌ ചെപ്പേട്‌ (plate) പഴയ "ശാല'കളെ (വേദവിദ്യാലയങ്ങള്‍)ക്കുറിച്ചുള്ള പഠനത്തിനു വെളിച്ചംതരുന്നു. വിക്രമാദിത്യവരഗുണ(885-925)ന്റെ പാലിയം ചെപ്പേട്‌ പ്രസിദ്ധ ബുദ്ധക്ഷേത്രമായ ശ്രീമൂലവാസ(തിരുമൂലപാദം)ത്തിന്‌ അനുവദിച്ചുകൊടുത്ത ഭൂസ്വത്തുക്കളെക്കുറിച്ചുള്ള രേഖയാണ്‌; പരാന്തക ചോളന്റെ കേരള-ആക്രമണവും അതിൽ സൂചിതമാകുന്നുണ്ട്‌.

വേണാട്ടു രാജാക്കന്മാരുടെ ശാസനങ്ങള്‍ക്ക്‌ വലിയ ചരിത്രപ്രാധാന്യമുണ്ട്‌. ഇതിൽ ഏറ്റവും പ്രധാനം അയ്യന്‍ അടികള്‍ തിരുവടിക(അന്യത്ര)ളുടെ തരിസാപ്പള്ളി ചേപ്പാടാണ്‌. വേണാട്ടിന്റെ സ്ഥിതിയും കൊല്ലത്തിന്റെ വാണിജ്യപ്രാധാന്യവും ഇതിൽനിന്നു മനസ്സിലാക്കാം. അറുന്നൂറ്റവ(അന്യത്ര)രെക്കുറിച്ചുള്ള പരാമർശം ഇതിലാണുള്ളത്‌. വേണാട്ടുരാജാവായ ശ്രീവല്ലഭന്‍ കോതയുടെ മാമ്പള്ളി ചേപ്പേടിലാണ്‌ കൊല്ലവർഷത്തെ(149)ക്കുറിച്ചുള്ള ആദ്യത്തെ ലിഖിതരേഖ പ്രത്യക്ഷപ്പെടുന്നത്‌. മഹോദയപുരത്തെ ഇന്ദുകോത(944-62), ഭാസ്‌കരരവി ക(962-1019) തുടങ്ങിയവരുടെ കാലത്തെക്കുറിച്ചും മനസ്സിലാക്കാന്‍ കഴിയുന്നത്‌ ഈ ചേപ്പേടിൽനിന്നാണ്‌. കോതകേരളവർമ(1125-55)യുടെ ചോളപുരം. ശുചീന്ദ്രം ശാസനങ്ങള്‍. ആദിത്യവർമ(1160-75)യുടെ കിളിമാനൂർ രേഖകള്‍, വീരരവിവർമയുടെ (1195-1205) വെള്ളായണിശാസനം, രവി കേരളവർമ(1215-40)യുടെ മണലിക്കരശാസനം തുടങ്ങിയവ വേണാട്ടുചരിത്രം മനസ്സിലാക്കാനുതകുന്ന മറ്റു ചരിത്രരേഖകളാണ്‌. രവികേരളവർമ(1215-40)യെയും അദ്ദേഹത്തിന്റെ പത്‌നി ഉണ്ണിയച്ചിയെയും ഈ രാജാവിന്റെ ആജ്ഞയാൽ കണ്ടിയൂർക്ഷേത്രം പുതുക്കിപ്പണിത ഓടനാട്‌ രാജാവ്‌ കോതവർമയെയും കുറിച്ചുമൊക്കെ, വിവരങ്ങള്‍ നല്‌കുന്നതാണ്‌ (1218-ലെ) കണ്ടിയൂർ ശാസനം ആദിത്യവർമ സർവാംഗനാഥ (1376-83)ന്റെ ഒരു പ്രധാനശാസനം ശ്രീപദ്‌മനാഭസ്വാമിക്ഷേത്രത്തിൽ നിന്നും കണ്ടുകിട്ടിയിട്ടുണ്ട്‌. ആദിത്യവർമ(1469-84)യുടെ തൃക്കണാംകുടി മണി (Bell)ശാസനം ഒരു പ്രധാനരേഖയാണ്‌. കന്യാകുമാരി-തിരുനെൽവേലി ജില്ലകളിൽനിന്നും വീര ഉദയ മാർത്താണ്ഡവർമ (1516-35)യുടെ ശാസനങ്ങളും കണ്ടെത്തിയിരിക്കുന്നു. 18-ാം നൂറ്റാണ്ടിന്റെ ആദ്യ അർധത്തിൽ മാർത്താണ്ഡവർമ (1729-58) ശ്രീപദ്‌മനാഭസ്വാമിക്ഷേത്രം പുതുക്കി നിർമിച്ച വസ്‌തുത ഇതേ ക്ഷേത്രത്തിൽനിന്നും കണ്ടെടുത്തിട്ടുള്ള ശാസനങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്‌.

പെരുമ്പടപ്പു രാജാക്കന്മാരുടേതായുള്ള അപൂർവം എപ്പിഗ്രഫിക്‌ രേഖകളെ കണ്ടുകിട്ടിയിട്ടുള്ളുവെങ്കിലും കേരളത്തിലെ എപ്പിഗ്രഫിയുടെ അതിപ്രധാന രേഖകളിൽ ഒന്നാണ്‌ പെരുമ്പടപ്പു ഭരണാധികാരി വീരരാഘവ ചക്രവർത്തി ക്രിസ്‌ത്യാനികള്‍ക്ക്‌ അനുവദിച്ചുകൊടുത്ത സിറിയന്‍ ക്രിസ്‌ത്യന്‍ ചെപ്പേട്‌ (1225): ചേന്ദമംഗലം പാലിയത്തുവീട്ടിൽനിന്നും കിട്ടിയ ഈ എപ്പിഗ്രഫിരേഖ (322 മീനം 14)യിൽ കൊച്ചിരാജാവും ഡച്ച്‌ ഈസ്റ്റിന്ത്യാ കമ്പനിയും തമ്മിലുണ്ടാക്കിയ ഒരു കരാറിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ട്‌. തിരുവഞ്ചിക്കുളം ശിവക്ഷേത്രത്തിൽനിന്നു കിട്ടിയ മലയാളത്തിലുള്ള ശാസനത്തിൽ ശക്തന്‍തമ്പുരാന്‍ (1790-1805) ആ ക്ഷേത്രം പുതുക്കിപ്പണിത സംഭവം പ്രതിപാദിക്കുന്നു.

ക്ഷേത്രങ്ങളിൽനിന്നും കേരള എപ്പിഗ്രഫിയെ പോഷിപ്പിക്കാനുതകുന്ന ചില രേഖകള്‍ ലഭിച്ചിട്ടുണ്ട്‌. അവയിൽ തിരുവല്ല ചെപ്പേട്‌, വടക്കുംനാഥന്‍ ക്ഷേത്രരേഖകള്‍, പട്ടാഴി ചെമ്പു ചുരുണകള്‍ തുടങ്ങിയവ പ്രാധാന്യം അർഹിക്കുന്നു. കേരളത്തിലെ ക്രിസ്‌ത്യന്‍-മുസ്‌ലിം-യഹൂദ ദേവാലയങ്ങളിൽ നിന്നും ചരിത്രപ്രാധാന്യമുള്ള നിരവധി എപ്പിഗ്രഫിക്‌ രേഖകളും കിട്ടിയിട്ടുണ്ട്‌. കടമറ്റത്തെ ഓർത്തഡോക്‌സ്‌ ക്രിസ്‌ത്യന്‍ പള്ളിയിൽനിന്നും കണ്ടെടുത്ത പഹ്‌ലവി കുരിശുശാസനം അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്‌. 1124-ൽ സ്ഥാപിതമായ മാടായി (പഴയങ്ങാടി) മുസ്‌ലിം പള്ളിയിലെ അറബിശാസനവും ചരിത്രപ്രാധാന്യമുള്ളതാണ്‌. കേരള ഭരണാധികാരിമാരുടേതല്ലാത്ത പല എപ്പിഗ്രഫിക്കു രേഖകളും പ്രാചീന കേരളചരിത്ര പഠനത്തിനുതകുന്നവയായുണ്ട്‌. അത്തരത്തിൽ ഏറ്റവും പഴമ അവകാശപ്പെടാവുന്ന അശോക (ബി.സി. 274-234) ശാസനങ്ങളിൽ (രണ്ടും പതിമൂന്നും) "കേരളപുത്ര' എന്ന്‌ കേരളഭരണാധികാരിയെ പ്രതിപാദിക്കുന്നുണ്ട്‌. ആറും ഏഴും എട്ടും നൂറ്റാണ്ടുകളിലെ ചാലൂക്യ രാജാക്കന്മാരുടെ ശാസനങ്ങളിൽ അവർ പരാജയപ്പെടുത്തിയ കേരള രാജാക്കന്മാരെക്കുറിച്ച്‌ സൂചനയുണ്ട്‌. കാസർകോട്‌ താലൂക്കിലെ അഡൂരിൽനിന്നും കണ്ടെടുത്ത കന്നട ലിപിയിലുള്ള ഒരു സംസ്‌കൃതശാസന ധഇത്‌ പശ്ചിമചാലൂക്യ രാജാവ്‌ കീർത്തിവർമ(745-55)ന്റേതാണെന്നു കരുതപ്പെടുന്നുപ ത്തിൽനിന്ന്‌ ഈ ഭൂവിഭാഗം ഒരുകാലത്ത്‌ ചാലൂക്യരുടെ കീഴിലമർന്നിരുന്നുവെന്ന്‌ മനസ്സിലാക്കാന്‍ കഴിയും. പാണ്ഡ്യ-ചോഴരാജാക്കന്മാരുടെ പല ശാസനങ്ങളും കേരളത്തിൽനിന്നും കണ്ടെടുത്തിട്ടുണ്ട്‌.

പാർഥിവശേഖരപുരംശാല, ശ്രീവല്ലഭപെരുംശാല മുതലായ വിദ്യാപീഠങ്ങള്‍, രാജവംശങ്ങളുടെ ഉദയാസ്‌തമയങ്ങള്‍, പണ്ടത്തെ ഗ്രാമസഭകള്‍, ക്ഷേത്രസമിതികള്‍, വണിക്‌ സംഘടനകള്‍, മതസ്ഥാപനങ്ങള്‍, സാമൂഹികജീവിതരീതികള്‍, ആചാരവിശേഷങ്ങള്‍, കലകള്‍, ഭാഷാശാസ്‌ത്രം, സ്ഥലനാമങ്ങള്‍, സാഹിത്യപുരോഗതി എന്നിവയെ സംബന്ധിക്കുന്ന വിവരങ്ങള്‍ മനസ്സിലാക്കാന്‍ ഈ ശാസനങ്ങള്‍ ഉപകരിക്കുന്നു.

(വി.ആർ. പരമേശ്വരന്‍പിള്ള; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍