This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അജ്ഞേയ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:24, 2 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അജ്ഞേയ് (1911 - 87)

ഹിന്ദി നോവലിസ്റ്റും കവിയും. 1978-ല്‍ ജ്ഞാനപീഠം നേടി. 'അജ്ഞേയ്' എന്ന തൂലികാനാമത്താല്‍ അറിയപ്പെടുന്ന ഇദ്ദേഹത്തിന്റെ യഥാര്‍ഥനാമം സച്ചിദാനന്ദ ഹീരാനന്ദ വാത്സ്യായന്‍ എന്നാണ്. കവി, നാടകകൃത്ത്, നോവലിസ്റ്റ്, കാഥികന്‍, സഞ്ചാരസാഹിത്യകാരന്‍, വിമര്‍ശകന്‍ എന്നീ നിലകളിലെല്ലാം ഇദ്ദേഹം പ്രസിദ്ധി നേടിയിട്ടുണ്ട്. അജ്ഞേയുടെ യഥാര്‍ഥവ്യക്തിത്വവും പ്രതിഭയും പ്രകടമായിക്കാണുന്നത് ഇദ്ദേഹത്തിന്റെ നോവലുകളിലും കവിതകളിലുമാണ്.

1911 മാ.-ല്‍ ഇദ്ദേഹം ഉത്തര്‍പ്രദേശിലെ കസിയാ എന്ന സ്ഥലത്തു ജനിച്ചു. വിദ്യാഭ്യാസം ചെന്നൈയിലും ലാഹോറിലും നടത്തി. ബാല്യകാലത്ത് ലക്നൗ, കാശ്മീര്‍, ബിഹാര്‍, ചെന്നൈ എന്നീ സ്ഥലങ്ങളില്‍ താമസിക്കുവാനും വൈവിധ്യം നിറഞ്ഞ ജീവിതാനുഭവങ്ങള്‍ നേടുവാനും ഇദ്ദേഹത്തിനു സാധിച്ചു. വിദ്യാര്‍ഥിയായിരിക്കുമ്പോള്‍ ഭാരതീയ സ്വാതന്ത്യസമരത്തില്‍ പങ്കുകൊള്ളുകയും നാലുവര്‍ഷം ജയില്‍വാസം അനുഭവിക്കുകയും ചെയ്തു. സ്വാതന്ത്യലബ്ധിക്കുശേഷം കുറേക്കാലം കര്‍ഷകതൊഴിലാളി പ്രസ്ഥാനങ്ങളുമായി ഇടപെട്ടുകൊണ്ടിരുന്നു. പിന്നീടു പത്രപ്രവര്‍ത്തനത്തിലേര്‍പ്പെട്ടു. സൈനിക്, വിശാലഭാരത്, ബിജ്ലീ, പ്രതീക് എന്നീ ഹിന്ദി പത്രങ്ങളുടെയും വാക് (Vak) എന്ന ഇംഗ്ലീഷ് മാസികയുടെയും പത്രാധിപരായി സേവനം അനുഷ്ഠിച്ചു. മൂന്നു വര്‍ഷത്തോളം ആകാശവാണിയില്‍ പ്രൊഡ്യൂസറായി പ്രവര്‍ത്തിച്ചു. യൂറോപ്യന്‍ രാജ്യങ്ങളിലും പൂര്‍വേഷ്യന്‍ രാജ്യങ്ങളിലും അമേരിക്കയിലും പര്യടനം നടത്തിയിട്ടുണ്ട്.

അജ്ഞേയ്

അജ്ഞേയ് അന്തര്‍മുഖനായ ഒരു കലാകാരനാണ്. ഇദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തിന്റെ നിദര്‍ശനമാണ് ശേഖര്‍ ഏക് ജീവനീ (ശേഖര്‍-ഒരു ജീവചരിത്രം) എന്ന ഉത്കൃഷ്ടനോവല്‍.

1948-ല്‍ ഹരീ ഘാസ്പര്‍ ക്ഷണ് ഭര്‍ (ഹരിത തൃണത്തില്‍ ക്ഷണനേരം) എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിച്ചു. ആധുനിക ഹിന്ദി കവിതയുടെ വഴിത്തിരിവിനെക്കുറിക്കുന്നതാണ് ഈ കൃതി. ചിന്താ, ഇത്യലം, ബാവ് രാഅഹേറീ, അരീ ഓ കരുണാ പ്രഭാമയ്, ഇന്ദ്ര ധനുഷ് രൌന്ദേ ഹുയേ ഥേ, ആംഗന്‍ കേ പാര്‍ദ്വാന്‍, കിത്നീ നാവോം മെം കിത്നീ ബാര്‍, ക്യോം കി മേം ഉസേ ജാന്‍താ ഹും, സാഗര്‍മുദ്ര, പഹലേ മേം സന്നാട്ടാ ബനാത്താ ഹും, മഹാവൃക്ഷ് കേ നീച്ചേ, നദീ കേ ബാംക് പര്‍ച്ഛായ, സദാനീര എന്നീ കവിതാസമാഹാരങ്ങളും ഇദ്ദേഹത്തിന്റെ കാവ്യകലയുടെ ഉത്കൃഷ്ടമാതൃകകളാണ്. ഭാഷാശൈലി, പ്രതീകനിര്‍മിതി, ശബ്ദരചന, ബിംബപ്രയോഗം, വിചാരരീതി എന്നീ അംശങ്ങളിലെല്ലാം തികച്ചും നൂതനത്വം വരുത്താന്‍ ഈ കൃതികളിലൂടെ അജ്ഞേയ്ക്കു സാധിച്ചിട്ടുണ്ട്.

അജ്ഞേയ് ഹിന്ദിയിലെ പരീക്ഷണകവിതാപ്രസ്ഥാനത്തിന്റെ ഉദ്ഘാടകനായി അറിയപ്പെടുന്നു. ഇദ്ദേഹം സമ്പാദനം ചെയ്ത താരസപ്തക് എന്ന കവിതാസമാഹാരം ഈ പ്രസ്ഥാനത്തിന്റെ ഉദയത്തെ കുറിക്കുന്നു.

ഹിന്ദിനോവല്‍ രംഗത്ത് അജ്ഞേയ്ക്കു സമുന്നതമായ സ്ഥാനമാണുള്ളത്. പ്രേംചന്ദിന്റെ ആദര്‍ശാത്മക നോവലുകളില്‍നിന്നും ഭിന്നമായ ഒരു നൂതനസരണി അജ്ഞേയ് സ്വീകരിച്ചു. ആത്മകഥാകഥനരൂപത്തിലുള്ള നോവലുകള്‍ രചിച്ച് പുതിയ ഭാവരൂപങ്ങള്‍ ഇദ്ദേഹം അവതരിപ്പിച്ചു. ബോധധാരാസമ്പ്രദായവും ഹിന്ദി നോവലുകളില്‍ ഇദ്ദേഹം പ്രയോഗിച്ച് പ്രചരിപ്പിച്ചു. ശേഖര്‍ ഏക് ജീവനീ, നദീ കേ ദ്വീപ് എന്നീ നോവലുകള്‍ ഈ പ്രസ്ഥാനത്തിലുള്‍പ്പെടുന്നു. ത്രിശങ്കു, ആത്മനേപദ് എന്നീ നിരൂപണഗ്രന്ഥങ്ങളും ഇദ്ദേഹത്തിന്റെ പ്രശസ്തി വര്‍ധിപ്പിക്കുന്നു. 1987 ഏ. 4-ന് അജ്ഞേയ് അന്തരിച്ചു.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%85%E0%B4%9C%E0%B5%8D%E0%B4%9E%E0%B5%87%E0%B4%AF%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍