This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഒറോബന്‍കേസീ
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഒറോബന്‍കേസീ
Orobanchaceae
പരജീവികളായ സപുഷ്പികള്‍ ഉള്‍ക്കൊള്ളുന്ന ഒരു സസ്യകുടുംബം. 90 ജീനസുകളും ഏകദേശം 2000 സ്പീഷീസുകളും ഇതിലടങ്ങിയിരിക്കുന്നു. 100 സ്പീഷീസുകളുള്ള ഓറോബങ്കീ എന്ന ജീനസാണ് ഏറ്റവും വലുത്. ഉഷ്ണമേഖലയിലും മിതോഷ്ണമേഖലയിലും കാണപ്പെടുന്നു. യൂറോപ്പിലാണ് ഈ കുടുംബത്തില്‍പ്പെട്ട ഏറ്റവും കൂടുതല്‍ ചെടികള്‍ വളരുന്നത്.
ചെടികള്‍ക്ക് പച്ചനിറമില്ല; സാധാരണയായി മഞ്ഞ, തവിട്ട്, വെള്ള എന്നീ നിറങ്ങളിലേതെങ്കിലും ഒന്നാണുണ്ടായിരിക്കുക. ഹരിതകം (chlorophill) ഇല്ലാത്തതിനാല്‍ സ്വന്തമായി അന്നജം ഉത്പാദിപ്പിക്കാന്‍ ഇവയ്ക്ക് കഴിയില്ല. അതിനാല്‍ മറ്റു ചെടിയുടെ വേരുകളില്‍ പറ്റിപ്പിടിച്ചുവളരുന്ന ഇവയുടെ ചൂഷണമൂലങ്ങള് (haustoria)ആതിഥേയസസ്യത്തിന്റെ വേരില്‍ ആഴ്ന്നിറങ്ങി ആഹാരം വലിച്ചെടുക്കുന്നു. ചില സസ്യങ്ങള്‍ ഒരു പ്രത്യേക ചെടിയുടെ വേരില്‍ മാത്രമേ വളരുകയുള്ളൂ. ഉദാഹരണമായി എപ്പിഫാഗസ് വെര്‍ജീനിയാന എന്ന ചെടി ബീച്ച് മരത്തെ മാത്രമേ ആതിഥേയസസ്യമായി തിരഞ്ഞെടുക്കുന്നുള്ളൂ. ഈ കുടുംബത്തിലെ ചെടികള്‍ക്ക് ഇലകളില്ല; പകരം ശല്കപത്രങ്ങളാണുള്ളത്. സാധാരണയായി തടിച്ച് മാംസളമായ കാണ്ഡത്തിന്റെ അഗ്രത്തിലായി പൂങ്കുല കാണപ്പെടുന്നു. ചിലപ്പോള്‍ പൂക്കള്‍ ഒറ്റയായും നില്‍ക്കാറുണ്ട്. പൂവിന് ഒന്നിച്ചു ചേര്‍ന്ന അഞ്ചു ബാഹ്യദളങ്ങളും നാലു കേസരങ്ങളും ഉണ്ട്. രണ്ടു ബീജാണ്ഡപര്ണ(carpels)ങ്ങളോടു കൂടിയ ഊര്‍ധ്വവര്‍ത്തി (superior) അണ്ഡാശയമാണ് ഇവയുടേത്. വിത്തുകള്‍ വളരെച്ചെറുതാണ്; ഉള്ളില്‍ മൃദുവും എണ്ണമയമുള്ളതുമായ ബീജാന്നം കാണാം. ഈ കുലത്തില്‍പ്പെട്ട ചില സസ്യങ്ങള്‍ സാമ്പത്തികപ്രാധാന്യമുള്ള ചണം, പുകയിലച്ചെടി, തക്കാളി, പരുത്തി എന്നിവയുടെ വേരുകളില്‍ പറ്റിപ്പിടിച്ചു വളര്‍ന്ന് അവയെ നശിപ്പിക്കുന്നു. ഏജിനീഷ്യാ ഇന്‍ഡിക്ക എന്ന സസ്യം ഫിലിപ്പീന്‍സിലെ കരിമ്പു ചെടികളെ ബാധിക്കുന്ന ഒന്നാണ്.