This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒക്‌ടോബർ വിപ്ലവം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:52, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒക്‌ടോബര്‍ വിപ്ലവം

അലക്‌സാണ്ടര്‍ കെറന്‍സ്‌കി

1917 നവംബറില്‍ അലക്‌സാണ്ടര്‍ കെറന്‍സ്‌കിയുടെ നേതൃത്വത്തിലുണ്ടായിരുന്ന താത്‌കാലിക ഗവണ്‍മെന്റില്‍നിന്ന്‌ അധികാരം പിടിച്ചെടുക്കാനായി ബോള്‍ഷെവിക്കുകള്‍ റഷ്യയില്‍ സംഘടിപ്പിച്ച വിപ്ലവം. പഴയ റഷ്യന്‍ കലണ്ടര്‍ പ്രകാരം ഒക്‌ടോബര്‍ 25-ന്‌ നടന്നതിനാല്‍ ഇത്‌ ഒക്‌ടോബര്‍ വിപ്ലവം എന്നപേരില്‍ അറിയപ്പെടുന്നു. (പുതിയ കലണ്ടര്‍പ്രകാരം ഇത്‌ നവംബര്‍ 7-ന്‌ ആണ്‌). ബോള്‍ഷെവിക്‌ വിപ്ലവം എന്നും ഇതിനെ വ്യവഹരിക്കാറുണ്ട്‌.

റഷ്യന്‍ ചക്രവര്‍ത്തിയായിരുന്ന നിക്കൊളാസ്‌ II-നെ 1917 മാര്‍ച്ചില്‍ സ്ഥാനഭ്രഷ്‌ടനാക്കിയശേഷം അധികാരത്തില്‍ വന്ന താത്‌കാലിക ഗവണ്‍മെന്റിന്റെ ആഭ്യന്തര വിദേശനയങ്ങളില്‍ ജനങ്ങള്‍ പൊതുവേ അസന്തുഷ്‌ടരായി. ഒന്നാം ലോകയുദ്ധത്തില്‍ പങ്കെടുത്തുകൊണ്ടിരുന്ന റഷ്യന്‍ പട്ടാളക്കാരില്‍ യുദ്ധവിരുദ്ധ മനോഭാവം വളര്‍ന്നുവന്നിരുന്നു, പലരും യുദ്ധരംഗത്തുനിന്നു പലായനം ചെയ്‌തു. യുദ്ധംമൂലമുണ്ടായ വിലവര്‍ധനവ്‌ തൊഴിലാളികളുടെയും സാധാരണക്കാരുടെയും ജീവിതം ദുസ്സഹമാക്കി. ഭൂപരിഷ്‌കരണമേഖലയിലെ അപര്യാപ്‌തത കര്‍ഷകരെയും അസന്തുഷ്‌ടരാക്കിയിരുന്നു. പ്രാരംഭത്തില്‍ത്തന്നെ യുദ്ധത്തിനെതിരായ ഒരു നിലപാടാണ്‌ ബോള്‍ഷെവിക്കുകള്‍ സ്വീകരിച്ചിരുന്നത്‌. അതിനാല്‍ സൈനികര്‍ പൊതുവേ ബോള്‍ഷെവിക്‌ ചായ്‌വുള്ളവരായിരുന്നു. സര്‍വസൈന്യാധിപനായിരുന്ന കോര്‍ണിലോഫ്‌ (1870-1918) കെറന്‍സ്‌കിയുടെ താത്‌കാലികഭരണത്തിനെതിരെ ഒരു സൈനികകലാപം നടത്തിയെങ്കിലും വിജയിച്ചില്ല; പക്ഷേ അത്‌ കെറന്‍സ്‌കി ഗവണ്‍മെന്റിന്റെ ഭരണപരവും രാഷ്‌ട്രീയവുമായ ബലഹീനതകളെ വെളിച്ചത്തുകൊണ്ടുവന്നു.

1917 ന. 5-ന്‌ പെട്രാഗ്രാഡിലെ പീറ്റര്‍ ആന്‍ഡ്‌ പോള്‍ ഗുര്‍ഗം കാത്തുസൂക്ഷിച്ചിരുന്ന പടയാളികളെ അഭിസംബോധനചെയ്‌ത ബോള്‍ഷെവിക്‌ നേതാവ്‌ ട്രാട്‌സ്‌കി അവരെ സ്വാധീനിച്ചു സ്വന്തം പക്ഷത്താക്കി. സാറിന്റെ സ്ഥാനത്യാഗ(1917 മാ. 2)ത്തിനുശേഷം നിലവില്‍വന്ന ഭരണകൂടത്തിലെ നീതിന്യായ വകുപ്പുമന്ത്രിയായ കെറന്‍സ്‌കി, കലാപത്തിന്‌ ആഹ്വാനം നല്‌കിയതിന്റെ പേരില്‍ വര്‍ക്കേഴ്‌സ്‌ റോഡ്‌, സോള്‍ജിയര്‍ എന്നീ ബോള്‍ഷെവിക്‌ പത്രങ്ങളുടെ പ്രസിദ്ധീകരണം തടയുവാന്‍ തീരുമാനിച്ചു. 1917 ജൂലായിലെ കലാപത്തില്‍ പങ്കെടുത്ത്‌ അറസ്റ്റുചെയ്‌ത്‌ വിട്ടയച്ചവരെ മുഴുവന്‍ വീണ്ടും തടവിലാക്കി. ബോള്‍ഷെവിക്‌ നിയന്ത്രണത്തിലായിരുന്ന മിലിട്ടറി റവല്യൂഷണറി കമ്മിറ്റി അംഗങ്ങളുടെ മേല്‍ ക്രിമിനല്‍ നടപടികളും ആരംഭിച്ചു. നവംബര്‍ 6-ന്‌ പത്രങ്ങളുടെ പ്രസിദ്ധീകരണം ഗവണ്‍മെന്റു തടഞ്ഞു. എങ്കിലും 7-നുതന്നെ തുടര്‍ന്നു പ്രസിദ്ധീകരിക്കുന്നതില്‍ മിലിട്ടറി റവല്യൂഷണറി കമ്മിറ്റി വിജയിച്ചു. സ്ഥിതിഗതികളെ നേരിടാന്‍ കെറന്‍സ്‌കി, കൗണ്‍സില്‍ ഒഫ്‌ ദ്‌ റിപ്പബ്ലിക്കിന്റെ സഹായംതേടി. ഇടതുപക്ഷ മെന്‍ഷെവിക്ക്‌ ആയിരുന്ന മാര്‍ട്ടോവ്‌, ആസന്നമായ സായുധകലാപത്തെ അപലപിച്ചുകൊണ്ടും ഭൂവിതരണത്തെ ത്വരിതപ്പെടുത്താന്‍ ആഹ്വാനം ചെയ്‌തുകൊണ്ടുമുള്ള പ്രമേയങ്ങള്‍ അവതരിപ്പിച്ചു. കൗണ്‍സില്‍ ഇവ പാസ്സാക്കി.

നവംബര്‍ 6-നുചേര്‍ന്ന ബോള്‍ഷെവിക്‌ പാര്‍ട്ടിയുടെ കേന്ദ്രസമിതി വിപ്ലവപരിപാടിക്ക്‌ അന്തിമരൂപം നല്‌കി. വിപ്ലവകാലത്ത്‌ സമിതിയംഗങ്ങള്‍ക്ക്‌ പ്രത്യേക ചുമതലകള്‍ നിര്‍ദേശിക്കപ്പെട്ടു; സൈനിക നേതൃത്വം അന്തോനോവ്‌, പൊഡ്‌വോയ്‌സ്‌കി, ചഡ്‌നോവ്‌സ്‌കി എന്നിവരിലാണ്‌ നിക്ഷിപ്‌തമായിരിക്കുന്നത്‌.

നവംബര്‍ 6-നു രാത്രിയും 7-നു പ്രഭാതത്തിനുമിടയ്‌ക്ക്‌ കലാപകാരികള്‍ ഗണ്യമായ നേട്ടങ്ങളുണ്ടാക്കി. രണ്ടു റെയില്‍റോഡു സ്റ്റേഷനുകളും സ്റ്റേറ്റ്‌ബാങ്കും കേന്ദ്ര ടെലഫോണ്‍സ്റ്റേഷനും അവര്‍ കൈവശപ്പെടുത്തി. കെറന്‍സ്‌കി ഗവണ്‍മെന്റിന്റെ ആസ്ഥാനമായിരുന്ന വിന്റര്‍ പാലസിലേക്കുള്ള ടെലഫോണ്‍ ബന്ധം അവര്‍ വിച്ഛേദിച്ചു. നവ.7-ന്‌ വിപ്ലവഗവണ്‍മെന്റിന്റെ ഒരു ഉത്തരവില്‍ കോണ്‍സ്റ്റിറ്റ്യൂവന്റ്‌ അസംബ്ലിയുടെ തീരുമാനത്തിനു കാത്തിരിക്കാതെ ജന്മിമാരുടെ ഭൂമി മുഴുവന്‍ പിടിച്ചെടുക്കാന്‍ ആഹ്വാനം ചെയ്‌തു. വ്യവസായശാലകളുടെ ഭരണം നടത്തുവാന്‍ അവയിലെ തൊഴിലാളികളെത്തന്നെ ചുമതലപ്പെടുത്തി.

അതിനിടയില്‍ താത്‌കാലിക ഗവണ്‍മെന്റിനോട്‌ കൂറുള്ള പട്ടാളക്കാരെ യുദ്ധമുന്നണിയില്‍നിന്നു തലസ്ഥാനത്തേക്കു കൊണ്ടുവരുവാനായി കെറന്‍സ്‌കി വിന്റര്‍ പാലസില്‍ നിന്നു തിരിച്ചു. ഇക്കാലത്ത്‌ കൊനോവാലോഫ്‌ ആക്‌ടിങ്‌ പ്രധാനമന്ത്രിയായി. ഒരു കേഡറ്റ്‌ ആയിരുന്ന കിഷ്‌കിനെ പെട്രാഗ്രാഡില്‍ സമാധാനം പുനഃസ്ഥാപിക്കുവാന്‍ കമ്മിസാര്‍ ആയി നിയമിച്ചു. എന്നാല്‍ ഈ ലക്ഷ്യം ഫലപ്രാപ്‌തിയിലെത്തിയില്ല; കാരണം കൂറുള്ള പട്ടാളക്കാരുടെ സംഖ്യ 1000-നും 2000-നും മധ്യേ മാത്രമായിരുന്നു. നവംബര്‍ 8-ന്‌ ബോള്‍ഷെവിക്‌ നേതാവ്‌ ലെനിന്‍ ഒളിവില്‍ നിന്നു പുറത്തുവന്ന്‌ പെട്രാഗ്രാഡ്‌ സോവിയറ്റിനെ അഭിസംബോധന ചെയ്യുകയുണ്ടായി. അന്നുതന്നെ കൗണ്‍സില്‍ ഒഫ്‌ ദ്‌ റിപ്പബ്ലിക്‌ സമ്മേളിച്ചിരുന്ന മരിന്‍സ്‌കി പാലസ്‌ വിപ്ലവകാരികള്‍ വളഞ്ഞു. കേവലമായ പ്രതിഷേധപ്രകടനത്തിനുശേഷം കൗണ്‍സില്‍ അംഗങ്ങള്‍ പിരിഞ്ഞുപോയി.

തുടര്‍ന്ന്‌ വിന്റര്‍ പാലസ്‌ കൈയടക്കാന്‍ വിപ്ലവകാരികള്‍ ശ്രമിച്ചു. കീഴടങ്ങാന്‍ 20 മിനിട്ട്‌ സമയം ഗവണ്‍മെന്റിനു നല്‍കി. ആശ നശിച്ച സൈനികനേതൃത്വം കീഴടങ്ങാന്‍ സന്നദ്ധമായിരുന്നു. എന്നാല്‍ കിഷ്‌കിനും മന്ത്രിമാരും ചെറുത്തുനില്‌ക്കാന്‍ തീരുമാനിച്ചു. വിപ്ലവകാരികള്‍ പാലസിനുചുറ്റും ഉപരോധമേര്‍പ്പെടുത്തി. മന്ത്രിമാര്‍ അറസ്റ്റു ചെയ്യപ്പെട്ടു; വിന്റര്‍പാലസ്‌ വിപ്ലവകാരികള്‍ക്കധീനമായി.

സംഘര്‍ഷം നിറഞ്ഞ ഈ അന്തരീക്ഷത്തില്‍, തൊഴിലാളികളുടെയും പട്ടാളക്കാരുടെയും ഡെപ്യൂട്ടികളുടെയും സോവിയറ്റിന്റെ രണ്ടാം കോണ്‍ഗ്രസ്‌ സ്‌മോള്‍നിയില്‍ ചേര്‍ന്നു. ഇതില്‍ ബോള്‍ഷെവിക്കുകള്‍ക്ക്‌ നിര്‍ണായക ഭൂരിപക്ഷമുണ്ടായിരുന്നു. ന്യൂനപക്ഷമായിരുന്ന മെന്‍ഷെവിക്കുകളും സോഷ്യലിസ്റ്റ്‌ റവല്യൂഷണറികളും ബോള്‍ഷെവിക്കുകളെ നിശിതമായി വിമര്‍ശിച്ചുകൊണ്ട്‌ കോണ്‍ഗ്രസ്‌ ബഹിഷ്‌കരിച്ചു. ഇവര്‍ പഴയ ഡൂമാ ഡെപ്യൂട്ടികളുമായി ചേര്‍ന്ന്‌ സാല്‍വേഷന്‍ കമ്മിറ്റി (Committee for the Salvation of the Country) രൂപവത്‌കരിച്ചു. ബോള്‍ഷെവിക്കുകളെ എതിര്‍ക്കുക, രണ്ടാം കോണ്‍ഗ്രസ്സിന്റെ തീരുമാനങ്ങള്‍ അസാധുവായി പ്രഖ്യാപിക്കുക ഇവയായിരുന്നു കമ്മിറ്റിയുടെ ലക്ഷ്യം. അവരുടെ പ്രഖ്യാപനത്തില്‍ ഒരു കോണ്‍സ്റ്റിറ്റ്യൂവന്റ്‌ അസംബ്ലി വാഗ്‌ദാനം ചെയ്‌തതിനുപുറമേ അക്രമത്തിലൂടെ അധികാരത്തില്‍ വന്ന ബോള്‍ഷെവിക്‌ ഗവണ്‍മെന്റിനെ നിരാകരിക്കുവാനും ജനങ്ങളോടാവശ്യപ്പെട്ടിരുന്നു.

എന്നാല്‍ ഇത്തരം എതിര്‍പ്പുകളെ അവഗണിച്ചുകൊണ്ട്‌ സോവിയറ്റുകളുടെ കോണ്‍ഗ്രസ്‌ മുന്‍ഗവണ്‍മെന്റുകളുടെ രഹസ്യനയതന്ത്രത്തിന്‌ അറുതിവരുത്തുവാനും രഹസ്യക്കരാറുകള്‍ പ്രസിദ്ധീകരിക്കുവാനും തീരുമാനിച്ചു. ജര്‍മനിയുമായി മൂന്നുമാസത്തെ യുദ്ധവിരാമം നിര്‍ദേശിച്ചതിനുപുറമേ സമാധാനത്തിനുവേണ്ടിയുള്ള തങ്ങളുടെ ശ്രമത്തിന്‌ ബ്രിട്ടന്‍, ഫ്രാന്‍സ്‌, ജര്‍മനി എന്നീ രാജ്യങ്ങളിലെ തൊഴിലാളികളുടെ സഹായം അഭ്യര്‍ഥിക്കുകയും ചെയ്‌തു. ഭൂവിതരണത്തിന്റെ മേഖലയിലും സുപ്രധാനമായ ചില തീരുമാനങ്ങള്‍ കോണ്‍ഗ്രസ്‌ കൈക്കൊണ്ടു. ഭരണത്തിനായി ഒന്നാമത്തെ കൗണ്‍സില്‍ ഒഫ്‌ പീപ്പിള്‍സ്‌ കമ്മിസാര്‍സ്‌ രൂപവത്‌കരിച്ചതായിരുന്നു കോണ്‍ഗ്രസ്സിന്റെ മറ്റൊരു നേട്ടം. ലെനിന്‍ ഇതിന്റെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വിദേശകാര്യത്തിന്റെ ചുമതല ട്രാട്‌സ്‌കിക്കായിരുന്നു.

പുതിയ ഭരണകൂടത്തെ ഡോണ്‍, കുബാന്‍, കീവ്‌ എന്നിവിടങ്ങളിലെ കൊസ്സാക്കുകള്‍ എതിര്‍ത്തു. വിപ്ലവത്തിനെതിരായി പോള്‍ക്കോനിക്കോഫിന്റെ നേതൃത്വത്തില്‍ ഇവര്‍ ആക്രമണമാരംഭിച്ചു. എന്നാല്‍ ഈ എതിര്‍പ്പുകള്‍ അമര്‍ച്ചചെയ്യപ്പെട്ടു. അന്നത്തെ റഷ്യയിലെ രണ്ടാമത്തെ വലിയനഗരമായ മോസ്‌കോയും വിപ്ലവകാരികള്‍ക്കധീനമായി.

ഇതിനിടയില്‍ അധികാരം പിടിച്ചെടുക്കാന്‍ കെറന്‍സ്‌കി ഒരു വിഫലശ്രമം നടത്തി. ചെറിയ ഒരു സൈന്യത്തിന്റെ പിന്തുണയോടെയാണ്‌ കെറന്‍സ്‌കി ഇതിനുദ്യമിച്ചത്‌. പരാജിതനായ ഇദ്ദേഹം മൂന്നാം കുതിരപ്പടയുടെ കമാന്‍ഡറായിരുന്ന പി.എന്‍. ക്രാസ്റ്റോഫിന്റെ സഹായത്തോടെ അധികാരത്തിലെത്തുവാന്‍ ഒരന്തിമശ്രമത്തിലേര്‍പ്പെട്ടു. കേവലം 700 കൊസ്സാക്കുകളുമായി പെട്രാഗ്രാഡിനെ ലക്ഷ്യമാക്കി നീങ്ങിയ ക്രാസ്റ്റോഫിന്‌ ചില പ്രാഥമിക വിജയങ്ങള്‍ കിട്ടിയെങ്കിലും അവസാനം പിന്തിരിയേണ്ടിവന്നു.

വിപ്ലവത്തെ പരാജയപ്പെടുത്തുവാനും അധികാരം പിടിച്ചെടുക്കുവാനുമുള്ള കെറന്‍സ്‌കിയുടെ ശ്രമത്തിന്‌ ഇതോടെ തിരശ്ശീല വീണു. ഒരു നാവികന്റെ വേഷത്തില്‍ ഇദ്ദേഹം റഷ്യയില്‍ നിന്നു പലായനം ചെയ്‌തു. ബോള്‍ഷെവിക്കുകള്‍ക്ക്‌ റഷ്യയുടെ മേലുള്ള പിടി ഇതോടെ സുസ്ഥിരമായി. നോ. യു.എസ്‌.

എസ്‌.ആര്‍. ലെനിന്‍

(ഡോ. ടി.കെ. രവീന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍