This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ആന്റിജന്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ആന്റിജന്‍
Antigen
ജന്തുശരീരത്തില്‍ ആന്റിബോഡികളുടെ നിര്‍മാണത്തിന് ഉത്തേജനകാരിയായും മധ്യവര്‍ത്തിയായും പ്രവര്‍ത്തിക്കുന്ന വസ്‌തു. ആന്റിജന്‍-ആന്റിബോഡി പ്രവര്‍ത്തനങ്ങള്‍ ശരീരത്തെ ആക്രമിക്കുന്ന അണുജീവികള്‍ക്കും മറ്റു ബാഹ്യവസ്‌തുക്കള്‍ക്കും എതിരായ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു സഹായകരമായി വര്‍ത്തിക്കുന്നു. അതുപോലെതന്നെ ഈ പ്രതിപ്രവര്‍ത്തനങ്ങള്‍ രക്തത്തില്‍ ആന്റിബോഡിയുടെയോ ആന്റിജന്റെയോ സാന്നിധ്യം മനസ്സിലാക്കാന്‍ വേണ്ടിയുള്ള പരീക്ഷണങ്ങള്‍ക്കും ഉപയോഗപ്രദമാണ്.
ആന്റിജനുകളുടെ തന്മാത്രാഭാരം (molecular weight) വളരെ കുറഞ്ഞിരിക്കേണ്ടതുണ്ട്. തന്മാത്രാഭാരം കൂടിയാല്‍ അവ വേഗം വിസര്‍ജിക്കപ്പെട്ടുപോകും; അതുകൊണ്ട് ആന്റിബോഡി നിര്‍മാണം നടക്കാതെയും വരും. ആന്റിജനുകളെ ശരീരത്തിലേക്ക് അന്തര്‍ഗ്രഹണ(ingestion)ത്തിലൂടെയോ, നിശ്വസന(inhalation)ത്തിലൂടെയോ, കുത്തിവയ്‌പിലൂടെയോ കടത്തിവിടാം. ചിലപ്പോള്‍ തൊലിപ്പുറത്തെ സ്‌പര്‍ശനം മൂലവും ഇവ ശരീരത്തിനുള്ളില്‍ കടക്കാറുണ്ട്.
മിക്ക ആന്റിജനുകളും പ്രോട്ടീനുകളോ പ്രോട്ടീന്‍ പ്രധാനഘടകമായ മറ്റു വസ്‌തുക്കളോ ആണ്. ആമാശയത്തിലെത്തുന്ന പ്രോട്ടീനുകള്‍ ദഹനരസങ്ങളുടെ പ്രവര്‍ത്തനഫലമായി വിഘടിച്ച് അമിനോ അമ്ലങ്ങളായി മാറുകയും, തദ്വാരാ തങ്ങളുടെ പ്രത്യേകസ്വഭാവം വെടിയുകയും ചെയ്യുന്നു. തന്മൂലം ഉള്ളില്‍ കഴിക്കുന്ന ആന്റിജനുകള്‍ ഫലപ്രദമായി പ്രവര്‍ത്തിക്കാറില്ല.
ബാക്‌ടീരിയ, വൈറസുകള്‍, പ്രോട്ടോസോവ, മറ്റു സൂക്ഷ്‌മജീവികള്‍ എന്നിവ ആന്റിജന്റെ പ്രധാന സ്രോതസുകള്‍ ആണ്. കോശങ്ങള്‍ സ്രവിക്കുന്നവയോ കോശങ്ങള്‍ നശിക്കുമ്പോള്‍ സ്വതന്ത്രമാകുന്നവയോ ആയ ആന്റിജനുകളും ഉണ്ട്. ഇവയില്‍ ചില എന്‍സൈമുകളും ടോക്‌സിനുകളും ഉള്‍പ്പെടുന്നു. ഡിഫ്‌ത്തീരിയ, ടെറ്റനസ്, ബോട്ടുലൈനസ് എന്നിവയുടെ ടോക്‌സിനുകള്‍ ഉദാഹരണങ്ങളാണ്. ഇവയില്‍ ഏതെങ്കിലും ഒരു ആന്റിജന്റെ ആന്റിബോഡികള്‍ മനുഷ്യരുടെയോ മറ്റു ജീവിയുടെയോ സീറത്തില്‍ കാണപ്പെട്ടാല്‍ ഈ പ്രത്യേക അണുജീവികള്‍ ശരീരത്തില്‍ കടന്നുകൂടിയിരുന്നുവെന്ന് മനസ്സിലാക്കാം. രോഗനിര്‍ണയത്തില്‍ ഈ അറിവ് വളരെ പ്രയോജനമുള്ളതാണ്.
സംരക്ഷണസ്വഭാവമുള്ള ആന്റിബോഡികളെ ശരീരത്തില്‍ ഉത്‌പാദിപ്പിക്കുന്നതിനായി രൂപപ്പെടുത്തുന്ന മൈക്രോബിയല്‍ ആന്റിജനുകളെ വാക്‌സിനുകള്‍ (Vaccines or Biologicals) എന്നുപറയുന്നു. ക്ഷീണിപ്പിക്കപ്പെട്ട കോശങ്ങളോ മൃതകോശങ്ങളോ ഇവയുടെ നിഷ്‌കര്‍ഷണത്തിലൂടെ ലഭ്യമാക്കിയ രസമോ ആണ് വാക്‌സിനുകളുടെ പ്രധാനഘടകം. ഒരു സൂക്ഷ്‌മജീവി (micro organism) നിരവധി വ്യത്യസ്‌ത ആന്റിജനുകള്‍ ഉള്‍ക്കൊള്ളുന്നതാകയാല്‍, ഒരു വാക്‌സിനില്‍തന്നെ പത്തോ അതിലധികമോ വ്യത്യസ്‌ത ആന്റിജനുകള്‍ ഉണ്ടാവാം. ഇവയില്‍ ഒന്നോ രണ്ടോ മാത്രമേ സംരക്ഷണസ്വഭാവമുള്ള ആന്റിബോഡികളെ ഉത്‌പാദിപ്പിക്കുകയുള്ളൂ. വസൂരി വാക്‌സിന്‍ ഇതിനൊരു ഉദാഹരണമാണ്. വിവിധ സ്വതന്ത്രവാക്‌സിനുകളെ കൂട്ടിച്ചേര്‍ത്ത് മിശ്ര-വാക്‌സിനുകളും ഉണ്ടാക്കാറുണ്ട്; ഇത് കുത്തിവയ്‌പിന്റെ ആവൃത്തി കുറയ്‌ക്കാന്‍ സഹായകരമാണ്.
ഹാപ്‌റ്റെന്‍സ് (Haptens) എന്നപേരില്‍ അറിയപ്പെടുന്ന ചില ഭാഗിക ആന്റിജനുകളുണ്ട്. ഇവയ്‌ക്ക് ആന്റിബോഡികളെ സ്വയം നിര്‍മിച്ചെടുക്കാന്‍ കഴിവില്ല. ഇവ പൂര്‍ണ ആന്റിജന്റെ തകര്‍ന്ന കണികകളാണെന്നു കരുതപ്പെടുന്നു. ജീവികളില്‍ അലര്‍ജിയുടെ ലക്ഷണങ്ങള്‍ ഉണ്ടാക്കുന്ന അലര്‍ജനുകളും(Allergens) ആന്റിജനുകള്‍ തന്നെയാണ്. നോ: അലര്‍ജി; ആന്റിബോഡി; ഇമ്മ്യൂണോളജി