This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഓർത്തൊക്ലേസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:26, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഓര്‍ത്തൊക്ലേസ്‌

Orthoclase

ഒരു സുപ്രധാന പൊട്ടാസ്യം സിലിക്കേറ്റ്‌ ധാതു; ഏറ്റവും പ്രാമുഖ്യമുള്ള ശിലാകാരസിലിക്കേറ്റ്‌ ധാതുക്കള്‍ ഉള്‍ക്കൊള്ളുന്ന ഫെല്‍സ്‌പാര്‍ സമൂഹത്തില്‍പ്പെടുന്നു. ഏകനതാക്ഷ പൊട്ടാഷ്‌ഫെല്‍സ്‌പാറിന്റെ പൊതുനാമമാണ്‌ ഓര്‍ത്തോക്ലേസ്‌, പൊതു-ഫോര്‍മുല K Al Si3O8. ഗ്രാനൈറ്റ്‌, സയനൈറ്റ്‌, ഗ്രാനോഡയറ്റൈറ്റ്‌, റയോലൈറ്റ്‌, ട്രക്കൈറ്റ്‌ എന്നീ അധിസിലിക ആഗ്നേയ(acid igneous) ശിലകളിലെ ഒരു അവശ്യഘടകമാണിത്‌. ഓര്‍ത്തോക്ലേസ്‌, ആല്‍ബെയ്‌റ്റ്‌, മൈക്രാക്ലൈന്‍, സാനിഡിന്‍, അഡുലേരിയ, അനോര്‍ത്തോക്ലേസ്‌ എന്നിവ ക്ഷാരീയ ഫെല്‍സ്‌പാര്‍ ശ്രണിയിലെ അംഗങ്ങളാണ്‌ നോ. ഫെല്‍സ്‌പാര്‍.

മൗലികമായി ഒരു ത്രിമാന ടെക്‌ടോ സിലിക്കേറ്റാണ്‌ ഓര്‍ത്തോക്ലേസ്‌. പൊട്ടാഷ്‌ ഫെല്‍സ്‌പാര്‍ പരല്‍രൂപം പ്രാപിക്കുമ്പോഴുള്ള താപനിലയ്‌ക്കനുസൃതമായി സാനിഡിന്‍, ഓര്‍ത്തോക്ലേസ്‌, മൈക്രാക്ലൈന്‍ എന്നീ ധാതുക്കള്‍ രൂപംകൊള്ളുന്നു. ഒരു Si O4 ചതുഷ്‌ഫലകത്തിലുള്ള നാല്‌ ഓക്‌സിജന്‍ അണുക്കള്‍ മറ്റൊന്നിലുള്ള നാലെണ്ണത്തോട്‌ ഇലക്‌ട്രാണ്‍ പങ്കുവച്ചുണ്ടായിട്ടുള്ളതാണ്‌ ഫെല്‍സ്‌പാറുകളുടെയെല്ലാം പൊതുഘടന. ഇത്തരം നാലു ചതുഷ്‌ഫലകങ്ങളില്‍ ഒന്നില്‍നിന്ന്‌ ഒരു സിലിക്കണ്‍ അയോണ്‍ ഒരു അലൂമിനിയം അയോണ്‍ മൂലം പ്രതിസ്ഥാപിക്കപ്പെടുമ്പോള്‍ ശേഷിക്കുന്ന ഒരു ധന ചാര്‍ജില്‍ ഒരു പൊട്ടാസ്യം അയോണ്‍ കടന്നു സൃഷ്‌ടിക്കുന്ന ധാതുക്കളാണ്‌ പൊട്ടാഷ്‌ ഫെല്‍സ്‌പാറുകള്‍. സിലിക്കാ ചതുഷ്‌ഫലകങ്ങള്‍ ചേര്‍ന്നു സൃഷ്‌ടിക്കുന്ന ശൃംഖലകള്‍ പരസ്‌പരം ബന്ധിക്കപ്പെടുമ്പോള്‍ അവയ്‌ക്കിടയിലുണ്ടാകുന്ന ഒഴിഞ്ഞ കുഴല്‍പോലുള്ള ഭാഗത്താണ്‌ അലൂമിനിയം, പൊട്ടാസ്യം അയോണുകള്‍ അവസ്ഥിതമാകുന്നത്‌. മേല്‌പറഞ്ഞ ഘടന പരസ്‌പരലംബമായ രണ്ടു വിദളനങ്ങളും തന്മൂലമുള്ള വിഭഞ്‌ജനം ഫലകസംപുഷ്‌ടമായ പരല്‍ശകലങ്ങളും സൃഷ്‌ടിക്കുന്നു. ഈ സ്വാഭാവവിശേഷമാണ്‌ ധാതുവിന്‌, ഋജു ഭഞ്‌ജനം (orthoklasis) എന്നര്‍ഥമുള്ള ഓര്‍ത്തോക്ലേസ്‌ എന്ന പേര്‍ സിദ്ധിക്കാന്‍ കാരണം.

രാസഫോര്‍മുല KAl Si3O8 ആണെങ്കിലും പൊട്ടാസ്യം അയോണിനു സമാനമായ സോഡിയം ജാലികാഘടനയില്‍ കടന്നുകൂടുന്നു. ഉന്നത താപനിലകളില്‍ പരല്‍ രൂപംകൊള്ളുമ്പോള്‍ സോഡിയം, പൊട്ടാസ്യം അയോണുകള്‍ ജാലികഘടനയില്‍ അനിയമിതമായി വിതരണം ചെയ്യപ്പെട്ടു കാണുന്നു (K Na) Al Si3O8 കൂടാതെ സാനിഡിന്‍, ഓര്‍ത്തോക്ലേസ്‌ എന്നീ ധാതുക്കള്‍ ടൈറ്റാനിയം, ഇരുമ്പ്‌, കാല്‍സ്യം, മഗ്നീഷ്യം, ബേരിയം തുടങ്ങിയ മൂലകങ്ങളും ഉള്‍ക്കൊണ്ടുകാണുന്നു. കുറഞ്ഞ താപനില അയോണുകളുടെ ക്രമീകരണത്തിനും സോഡിയം ഫെല്‍സ്‌പാര്‍ പരലുകളുടെ ഒറ്റയ്‌ക്കുള്ള രൂപീകരണത്തിനും അനുകൂലമാണ്‌. ഈ വിധം ഓര്‍ത്തോക്ലേസ്‌ പരലിനുള്ളില്‍ ആല്‍ബെയ്‌റ്റിന്റെ സൂക്ഷ്‌മപരലുകള്‍ അവസ്ഥിതമായി കാണപ്പെടുന്ന അന്തര്‍വര്‍ധിത(intergrown) ഘടനാവിശേഷമാണ്‌ പെര്‍തൈറ്റ്‌ (നോ. പെര്‍തൈറ്റ്‌). പെര്‍തൈറ്റ്‌ വര്‍ണദീപ്‌തി (play of colour or iridescene)ക്കു കാരണമാകാം. അത്തരം അമൂല്യവകഭേദത്തെ ചന്ദ്രകാന്തം (Moonstone) എന്നു വിശേഷിപ്പിക്കുന്നു. വര്‍ണദീപ്‌തി വര്‍ണവിസരണം (diffusion of light) കൊണ്ടാണെന്നും അഭിപ്രായമുണ്ട്‌. ഉന്നത മര്‍ദത്തില്‍ മന്ദമായി തണുത്തുറയുന്ന ഗ്രാനൈറ്റ്‌, സയനൈറ്റ്‌ ശിലകളില്‍ ഓര്‍ത്തോക്ലേസിനു പകരം ത്രിനതാക്ഷ (triclinic) പരലുകളായി മൈക്രാക്ലൈന്‍ (KAl Si3O8) രൂപംകൊള്ളുന്നു. തദവസരത്തില്‍ സോഡിയം പൂര്‍ണമായും ജാലികഘടനയില്‍ നിന്നു പുറത്താക്കപ്പെടുകയും ആല്‍ബെയ്‌റ്റ്‌ പരലുകള്‍ സ്വതന്ത്രമായി ഘനീഭവിക്കുകയും ചെയ്യുന്നു. അലൂമിനിയം സിലിക്കണ്‍ അയോണുകള്‍ സാനിഡിന്‍ ഘടനയില്‍ അനിയമിതമായും മൈക്രാക്ലൈന്‍ ഘടനയില്‍ ക്രമമായും കാണപ്പെടുന്നു. ഘടനാപരമായി ഓര്‍ത്തോക്ലേസ്‌ ഒരു മധ്യവര്‍ത്തിയാണെന്നു പറയാം. താപനിലയ്‌ക്കനുസൃതമായുണ്ടാകുന്ന ഘടനാപരമായ ക്രമീകരണം പ്രാകാശിക ഗുണധര്‍മങ്ങളെയും ബാധിച്ചു കാണുന്നു. ഒരു മിതസ്ഥായി (metastable) അവക്ഷേപമെന്നു കരുതപ്പെടുന്ന അപൂര്‍വധാതുവായ അഡുലേരിയ രാസപരമായി വളരെ ശുദ്ധമാണ്‌ (Or90Ab9An1). ധാതുവിന്റെ പരല്‍ ചില ഭാഗങ്ങളില്‍ ഏകതാക്ഷവും ചില ഭാഗങ്ങളില്‍ ത്രിനതാക്ഷവുമായ ഗുണധര്‍മങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നു. വര്‍ണരഹിതമായും വെളുപ്പ്‌, മഞ്ഞ, ചുവപ്പ്‌ എന്നീ നിറങ്ങളിലും കാണപ്പെടുന്നു. അപൂര്‍വമായി പച്ചനിറത്തിലും കാണാറുണ്ട്‌. സമചതുര പരിക്ഷേത്രത്തോടുകൂടി ദീര്‍ഘിച്ചതാണ്‌ പരലുകള്‍. കാഠിന്യം 6; ആപേക്ഷിക സാന്ദ്രത 2.56-2.58. കാചാഭദ്യുതിയുണ്ട്‌; മുത്തുപോലെ തിളങ്ങുന്നവയുമുണ്ടാകാം. കാള്‍സ്‌ബാഡ്‌ നിയമമനുസരിച്ചുള്ള യമളനങ്ങള്‍ സാധാരണമാണ്‌; മറ്റു തരങ്ങളും അപൂര്‍വമായുണ്ട്‌. എളുപ്പം അപക്ഷയത്തിനു വിധേയമാവുന്നു; തദ്വാരാ കളിമണ്ണിനു രൂപം നല്‌കുന്നു.

പൊട്ടാസ്യം ഫെല്‍സ്‌പാര്‍ ധാതുക്കളില്‍ 40K റേഡിയോ ആക്‌റ്റിവതയിലൂടെ ക്ഷയിച്ച്‌ 40Ar ആകുന്ന പ്രക്രിയയെ ആസ്‌പദമാക്കി ധാതുവിന്റെയും, അവയുള്‍ക്കൊള്ളുന്ന ശിലയുടെയും പ്രായം നിര്‍ണയിക്കാവുന്നതാണ്‌ (radio metric age determination).

ആല്‍ക്കലി-ആഗ്നേയ ശിലകളിലെന്നപോലെ കായാന്തരിത ശിലകളിലും ആര്‍ക്കോസിക അവസാദത്തിലും ഓര്‍ത്തോക്ലേസ്‌ സാധാരണമാണ്‌. പെഗ്മട്ടൈറ്റ്‌, സിരകളില്‍ ബൃഹത്‌പിണ്ഡങ്ങളായും ഓര്‍ത്തോക്ലേസ്‌ ആവസ്ഥിതമാകുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍