This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുത്തുബ്‌ മീനാർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:44, 24 നവംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുത്തുബ്‌ മീനാര്‍

കുത്തുബ്‌ മീനാര്‍

ഡല്‍ഹിയിലെ സുപ്രസിദ്ധമായ ഗോപുരം. ഡല്‍ഹി സുല്‍ത്താന്മാരുടെ ചരിത്രസ്‌മരണകളായി സ്ഥിതിചെയ്യുന്ന ശില്‌പകലാവശിഷ്‌ടങ്ങളില്‍ ഏറ്റവും പ്രധാനമായ സ്‌തൂപമാണിത്‌. ഒന്നാമത്തെ ഡല്‍ഹിസുല്‍ത്താനായ കുത്തുബ്‌-ഉദ്‌-ദീന്‍ ആണ്‌ തന്റെ സ്‌മരണയ്‌ക്കായി മനോഹരമായ ഈ സ്‌തൂപം നിര്‍മിച്ചത്‌.

കുത്തുബ്‌ മീനാറിന്‌ അഞ്ചു നിലകളുണ്ട്‌. അതിന്റെ ഒന്നാമത്തെ നില 29 മീ. ഉയരമുള്ളതാണ്‌. ഇതിന്റെ നിര്‍മാണം 1212-ല്‍ കുത്തുബ്‌ ഉദ്‌-ദീന്‍തന്നെ ആരംഭിച്ചു പൂര്‍ത്തിയാക്കി എന്നാണ്‌ ചിലരുടെ അഭിപ്രായം. രണ്ടാമത്തെ സുല്‍ത്താനായ ഇല്‍ത്തുത്ത്‌മിഷ്‌ ആണ്‌ ഇതിന്റെ പണി തുടങ്ങിയതെന്നും മറ്റൊരു അഭിപ്രായമുണ്ട്‌. ഡല്‍ഹി ഭരിച്ചിരുന്ന പൃഥ്വിരാജ്‌ (റായ്‌പിഥൗറാ) തന്റെ വാസസ്ഥാനത്തുള്ള ദേവാലയവും കോട്ടയും പണിയിച്ചതോടൊപ്പം 1143-ല്‍ ഈ ഗോപുരവും നിര്‍മിച്ചിരുന്നു എന്നും 1192-ലെ തറൈന്‍ യുദ്ധത്തില്‍ മുഹമ്മദ്‌ ഗോറി പൃഥ്വിരാജിനെ പരാജയപ്പെടുത്തി വധിച്ചശേഷം ദേവാലയവും കോട്ടയും തകര്‍ത്തുവെങ്കിലും ഗോപുരം മാത്രം നിലനിര്‍ത്തിയിരുന്നു എന്നും അതില്‍ ചില പരിഷ്‌കാരങ്ങള്‍ വരുത്തുക മാത്രമേ പില്‌ക്കാലത്ത്‌ കുത്തുബ്‌-ഉദ്‌-ദീന്‍ ചെയ്‌തിട്ടുള്ളുവെന്നും ചില ചരിത്രകാരന്മാര്‍ അഭിപ്രായപ്പെടുന്നു. നീതിയുടെയും പരമാധികാരത്തിന്റെയും വിശ്വാസത്തിന്റെയും പ്രതീകം ആയിട്ടാണ്‌ കുത്തുബ്‌ മീനാര്‍ സങ്കല്‌പിക്കപ്പെട്ടിട്ടുള്ളത്‌. ഈ വസ്‌തുത ഇതില്‍ കൊത്തിവച്ചിരിക്കുന്ന സന്ദേശത്തില്‍ തെളിഞ്ഞുകാണാം. ഏതാണ്ട്‌ ഇതേ നൂറ്റാണ്ടില്‍ത്തന്നെയാണ്‌ സ്‌പെയിനിലെ സെവീല്‍ എന്ന പട്ടണത്തിലെ മുസ്‌ലിം ഭരണാധികാരിയായ യൂസുഫ്‌-ക ഇതുപോലൊരു സ്‌തംഭം നിര്‍മിച്ചത്‌. ഗെറാള്‍ഡ എന്ന പേരിലറിയപ്പെടുന്ന ഈ സ്‌തംഭത്തിന്‌ കുത്തുബ്‌ മീനാറിനെക്കാളും ഉയരമുണ്ട്‌. ഗെറാള്‍ഡയും കുത്തുബ്‌ മീനാറും ഇസ്‌ലാമിന്റെ വ്യാപ്‌തിയെക്കുറിക്കുന്ന പൗരസ്‌ത്യപാശ്ചാത്യ സീമകളാണെന്നു വിശ്വസിക്കപ്പെടുന്നു. കുത്തുബ്‌-ഉദ്‌-ദീന്റെ പിന്‍ഗാമിയായ ഇല്‍ത്തുത്ത്‌മിഷ്‌ കുത്തുബ്‌ മീനാറിന്റെ 16 മീ. ഉയരമുള്ള രണ്ടാംനിലയും പിന്നീട്‌ യഥാക്രമം 13-ഉം 8-ഉം മീ. ഉയരമുള്ള 3-ഉം 4-ഉം നിലകളും പണി ചെയ്യിച്ചു. ഫിറോസ്‌ഷാ തുഗ്ലക്കിന്റെ കാലത്ത്‌ ഒരിടിമിന്നല്‍മൂലം തകര്‍ന്ന 4-ാം നില ചെറിയ രണ്ടുനിലകളായി പുതുക്കിപ്പണിതു. ഇതു കൂടാതെ 7.62 മീ. ഉയരമുള്ള അഞ്ചാമത്തെ ഒരു നിലയും കുത്തുബ്‌ മീനാറിലുണ്ട്‌. അങ്ങനെ അതിന്റെ മൊത്തം ഉയരം 73.5 മീ. ആണ്‌. ആദ്യത്തെ മൂന്നു നിലകള്‍ ചെങ്കല്ലുകൊണ്ടു നിര്‍മിച്ചവയാണ്‌. ഒന്നാം നിലയില്‍ സുല്‍ത്താന്‍ കുത്തുബ്‌-ഉദ്‌-ദീന്റെ ശിലാലിഖിതങ്ങളും രണ്ടും മൂന്നും നിലകളില്‍ ഇല്‍ത്തുത്ത്‌മിഷിന്റെ ലിഖിതങ്ങളുമുണ്ട്‌. ഫിറോസ്‌ഷാ തുഗ്ലക്ക്‌ അവസാനത്തെ നില പുനര്‍നിര്‍മിച്ചതായും കരുതപ്പെടുന്നു. മൂന്നാംനിലയ്‌ക്കു മുകളിലുള്ള ഭാഗം മാര്‍ബിള്‍ പൊതിഞ്ഞ ചെങ്കല്ലുകൊണ്ടാണ്‌ നിര്‍മിച്ചിട്ടുള്ളത്‌. 1503-ല്‍ സിക്കന്ദര്‍ ലോദി ഈ ഗോപുരം പുതുക്കിപ്പണിതു. അവസാനമായി കേടുപാടുകള്‍ തീര്‍ത്തത്‌ 1829-ല്‍ ബ്രിട്ടീഷ്‌ ഭരണകാലത്താണ്‌.

ഈ ഗോപുരത്തിന്റെ താഴെനിന്നു മുകളിലേക്ക്‌ 375 പടികളുണ്ട്‌. ഓരോ നിലയ്‌ക്കു ചുറ്റും ബാല്‍ക്കണി നിര്‍മിച്ചിരിക്കുന്നു. വൃത്താകാരമായ മീനാറിന്റെ അടിയിലെ വ്യാസം 15 മീ. ആണ്‌. മേല്‌പോട്ട്‌ അത്‌ ക്രമേണ കുറഞ്ഞുവന്ന്‌ ശൃംഗത്തിലെത്തുമ്പോള്‍ 4 മീ. ആയി ചുരുങ്ങുന്നു. അഞ്ചുനിലകളുള്ള ഇതിന്റെ ഓരോ നിലയിലും നിര്‍മാണരീതി വ്യത്യസ്‌തമാണ്‌. ഓരോന്നും ശില്‌പവിദ്യകള്‍ കൊണ്ടലംകൃതമായ ഓരോ ബാല്‍ക്കണിയാല്‍ വിഭജിക്കപ്പെട്ടിരിക്കുന്നു.

കുത്തുബ്‌മീനാറിന്റെ സുന്ദരമായ കല്‍പ്പണിയും അതിന്മേലുള്ള അറബിലിഖിതങ്ങളും മറ്റും സാരസനികശില്‌പകലയുടെ സൗന്ദര്യം വിളിച്ചോതുന്നു. കുത്തുബ്‌ മീനാറിനു ചുറ്റും വേറെയും സ്‌മാരകങ്ങളുണ്ട്‌. അതിലൊന്നാണ്‌ അലാവുദ്ദീന്‍ കില്‍ജി അസ്‌തിവാരമിട്ട ദൗലെമീനാര്‍. കുത്തുബ്‌ മീനാറിനെക്കാളും വലിയ ഒരു സ്‌മാരകഗോപുരം നിര്‍മിക്കുവാന്‍ അലാവുദീന്‍ കില്‍ജി ശ്രമിച്ചുവെങ്കിലും അത്‌ സഫലമായില്ല.

(പ്രൊഫ. സയ്യദ്‌ മൊഹിയുദ്ദീന്‍ ഷാ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍