This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാല്‌പനികപ്രസ്ഥാനം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാല്‌പനികപ്രസ്ഥാനം
Romanticism
സാഹിത്യാദികലകളിലെ ഒരു പ്രസ്ഥാനം. ഇംഗ്ലീഷിലെ റൊമാന്റിസിസം (Romanticism)എന്ന പദത്തിനു സമാനമായി മലയാളത്തില്‍ പരക്കെ പ്രയോഗിക്കപ്പെടുന്ന പദമാണ് കാല്‌പനികത്വം. കാല്‌പനികത്വത്തോടു ബന്ധപ്പെട്ട പ്രസ്ഥാനം കാല്‌പനിക പ്രസ്ഥാനം (റൊമാന്റിക് മൂവ്‌മെന്റ്). കാല്‌പനികത്വം കവിതയില്‍ ഏറെക്കുറെ സാര്‍വകാലികമാണ്. കാല്‌പനിക പ്രസ്ഥാനമാകട്ടെ, ചില കാലഘട്ടങ്ങളുടെ സീമയില്‍ ഒതുങ്ങിനില്‌ക്കുന്നു.
റൊമാന്റിസിസത്തിന്റെ വിവിധ ഭാവങ്ങളില്‍ കല്‌പന എന്ന ഘടകം സുപ്രധാനമായതുകൊണ്ട് നമുക്ക് ഈ പേരിനെ ന്യായീകരിക്കാം. കല്‌പന എന്ന പദം "ഇമാജിനേഷന്‍' എന്ന ഇംഗ്ലീഷ് വാക്കിനു പകരമായി ഉപയോഗിക്കുന്നതാണ്.
സാഹിത്യത്തില്‍. കാല്‌പനികസാഹിത്യത്തില്‍, വിശേഷിച്ച് കവിതയില്‍ ഭാവനയ്‌ക്കാണ് സര്‍വാധിപത്യം എന്ന് ഇംഗ്ലീഷ് റൊമാന്റിക്കുകളിലെ പ്രധാനികളിലൊരാളായ വില്യം ബ്ലെയ്‌ക് (1757-1827) ഉറപ്പിച്ചു പറഞ്ഞിട്ടുണ്ട്. "ഒരു മണല്‍ത്തരിയില്‍ മഹാവിശ്വത്തെയും ഒരു വനപുഷ്‌പത്തില്‍ സ്വര്‍ഗത്തെയും കാണുക. സ്വന്തം കൈത്തലത്തില്‍ അനന്തതയെയും ഒരു നാഴികവട്ടത്തില്‍ നിത്യതയെയും കാണുക' എന്ന ബ്ലെയ്‌ക്കിന്റെ സുപ്രസിദ്ധ കവിതാശകലം ഈ സിദ്ധാന്തത്തെയാണ് ഉദ്‌ഘോഷിക്കുന്നത്.
യൂറോപ്യന്‍ സാഹിത്യത്തിലെ കാല്‌പനിക പ്രസ്ഥാനത്തിന്റെ ചരിത്രം വൈവിധ്യം നിറഞ്ഞതാണ്. റൊമാന്റിസിസം എന്ന പദം ഏകവചനത്തിലല്ല, "റൊമാന്റിസിസങ്ങള്‍' എന്നു ബഹുവചനത്തിലാണ് പ്രയോഗിക്കേണ്ടതെന്ന്, എ. ഒ. ലവ്‌ജോയ് എന്ന വിമര്‍ശകന്‍ "ഓണ്‍ ദ് ഡിസ്‌ക്രിമിനേഷന്‍ ഒഫ് റൊമാന്റിസിസംസ്' എന്ന പ്രബന്ധത്തില്‍ പറഞ്ഞിട്ടുണ്ട്. ചിലര്‍ കാല്‌പനികത്വം നിര്‍വചനാതീതമാണെന്നും അഭിപ്രായപ്പെടുന്നു. കാല്‌പനികത്വത്തിന്റെ സാമാന്യസ്വഭാവം മാത്രമേ ഇവിടെ പ്രതിപാദിക്കുന്നുള്ളൂ.
ക്ലാസ്സിസിസ(വരേണ്യതാവാദം)ത്തിന്റെ അപഭ്രംശമായ നവ വരേണ്യതാവാദ(നിയോക്ലാസ്സിസിസം)ത്തോടുള്ള പ്രതിഷേധമായിട്ടാണ് കാല്‌പനികപ്രസ്ഥാനം യൂറോപ്പില്‍ ആരംഭിച്ചത്. വ്യവസായവിപ്ലവം സൃഷ്‌ടിച്ച സാമൂഹ്യവിക്ഷോഭം, ഈ പ്രതിഷേധത്തിനു സമുചിതമായ പശ്ചാത്തലമൊരുക്കുകയും ചെയ്‌തു. പ്രശസ്‌ത ജര്‍മന്‍ ചിന്തകന്മാരായ ജെ.ജി.ഹേര്‍ഡര്‍ (ഫ്രാഗ്മെന്റെത്സൂര്‍ ഡോയിറ്റ്‌ഷ്‌ചന്‍ ലറ്റ്‌റേ റ്റ്യൂര്‍1767), എ.ഡബ്ല്യൂ. ഷ്‌ലെഗല്‍ ("നാടകകലയെപ്പറ്റിയും നാടകസാഹിത്യത്തെപ്പറ്റിയുമുള്ള പ്രഭാഷണങ്ങള്‍'1808), ഫ്രഞ്ച് ദാര്‍ശനികനായ റൂസ്സോ (171278) എന്നിവരുടെ ആശയങ്ങളിലെ നവത്വവും തീഷ്‌ണതയും കാല്‌പനികവിപ്ലവത്തെ പ്രചോദിപ്പിച്ച ചില ഘടകങ്ങളാണ്. 18-ാം ശതകത്തിന്റെ ഉത്തരപാദത്തില്‍ അങ്ങിങ്ങു ചില നീരുറവകളായി പ്രത്യക്ഷപ്പെട്ട കാല്‌പനിക പ്രവണതകള്‍ 19-ാം ശതകത്തിന്റെ പ്രഥമപാദമായപ്പോഴേക്കും ഒരു മഹാപ്രവാഹമായി മാറി. ഗൊയ്‌ഥെ നിര്‍ദേശിക്കുന്ന "കോണ്‍വെര്‍സേഷന്‍സ്' (മാ. 21, 1830) ആത്മനിഷ്‌ഠത കാല്‌പനികതയുടെ മൂലക്കല്ലുതന്നെയാണ്. അതുകൊണ്ടാണ് "കാല്‌പനികതയുടെ പരമമായ വൈയക്തികപ്രകാശനം ഭാവഗീതം തന്നെ' എന്ന് റീഡേഴ്‌സ് കമ്പാന്യന്‍ റ്റു വേള്‍ഡ് ലിറ്ററേച്ചര്‍ സ്ഥാപിക്കുന്നത്. സാഹിത്യലോകത്തില്‍ പ്രചാരം നേടിയ ഏതാനും വൈചിത്യ്രപൂര്‍ണമായ കാല്‌പനികതാ നിര്‍വചനങ്ങള്‍ താഴെക്കൊടുക്കുന്നു:
i. റൊമാന്റിസിസം രോഗമാണ്; ക്ലാസ്സിസിസം ആരോഗ്യമത്ര ഗൊയ്‌ഥെ
ii. റൊമാന്റിസിസം ഭാവനയുടെ അസ്വാസ്ഥ്യമാണ്; ശരികേടിന്റെ അതിഭ്രമം; സാഹിത്യപരമായ വികത്ഥനത്തിന്റെ ഒരു അന്ധതരംഗം.ബ്രൂണെതിയേര്‍.
iii. പ്രകൃതിയിലേക്കുള്ള തിരിച്ചുവരവ് റൂസ്സോ
iv. ക്ലാസ്സിസത്തിന്റെയല്ല, റിയലിസത്തിന്റെ വിപരീതകോടിയാണ് റൊമാന്റിസിസം; ബാഹ്യമായ അനുഭൂതികളില്‍നിന്ന് മനസ്സിനെ പ്രത്യാഹരിച്ച് ആന്തരാനുഭൂതികളില്‍ ഏകാഗ്രമാക്കല്‍.ആബെര്‍ക്രാംബി.
v. യാഥാര്‍ഥ്യത്തില്‍നിന്ന് ഒളിച്ചോടാനുള്ള ഒരു യത്‌നം വാട്ടര്‍ഹൗസ്.
vi.. യുക്തിയെക്കാള്‍ വികാരം; ശിരസ്സിനെതിരായി ഹൃദയം. ഷോര്‍സ്‌സാന്ദ്.
vii. ഇംഗ്ലീഷ് റൊമാന്റിക് കവികളെ 18-ാം ശതകത്തിലെ കവികളില്‍നിന്ന് വ്യാവര്‍ത്തിപ്പിക്കുന്ന ഒരൊറ്റ ധര്‍മത്തെ എടുത്തു കാട്ടണമെങ്കില്‍ അത് ഇതാണ്: അവര്‍ ഭാവനയ്‌ക്കു നല്‌കിയ പരമപ്രാധാന്യം; ആ ഭാവനയുടെ നേര്‍ക്ക് അവര്‍ വച്ചുപുലര്‍ത്തിയ സവിശേഷമായ മനോഭാവംസി.എം.ബൗറ.
viii. നിയോക്ലാസ്സിസിസത്തോടുള്ള എതിര്‍പ്പ്, ഭാവനയിലും വികാരത്തിലുമുള്ള ഊന്നല്‍, ആത്മാംശത്തെ കൂടുതല്‍ ഉപയോഗപ്പെടുത്തല്‍, പ്രകൃതഭാവങ്ങളെയും സാധാരണ മനുഷ്യരെയും മഹത്‌കരിക്കല്‍, പ്രകൃതിപ്രമം, വിദൂരഭൂമികളിലുള്ള താത്‌പര്യം, വിഷാദപ്രവണത, പഴയ കാവ്യരൂപങ്ങളുടെ പുനഃസൃഷ്‌ടി എന്നീ ലക്ഷണങ്ങളാല്‍ സവിശേഷതയാര്‍ന്ന സാഹിത്യപ്രസ്ഥാനം സെവന്‍ത് ന്യൂ കൊളിജീയറ്റ് നിഘണ്ടു (1961 വെബ്‌സ്റ്റര്‍).
ഇവയില്‍ ചിലത് പ്രതിപക്ഷത്തുനിന്നാണ് ചിലത് നിഷ്‌പക്ഷം; ചിലത് ഏകദേശീയം; നിഘണ്ടുവിലെ നിര്‍വചനം സമഗ്രവും. ചില നിര്‍വചനങ്ങള്‍ താരതമ്യം ചെയ്‌താല്‍ വൈരുധ്യംതന്നെ കണ്ടെന്നുവരും. ഉദാ. കാല്‌പനികത്വം പലായനം (escapism) ആൊണെന്നു പറയാറുണ്ട്. അതേസമയം അത് സാധാരണ മനുഷ്യനെ മഹത്‌കരിക്കുന്നു. ഇവയിലെ വൈരുധ്യം സ്‌പഷ്‌ടമാണ്. ഒരേ കവിയില്‍ത്തന്നെ ഇവ രണ്ടും കണ്ടെന്നുവരും. മലയാളത്തില്‍ കുമാരനാശാന്‍ തന്നെ രണ്ടിനും ഉദാഹരണം. എ.ബാലകൃഷ്‌ണപിള്ളയുടെ അഭിപ്രായത്തില്‍ കാല്‌പനികത്വം ഒരേസമയം "മനം നോക്കി'യും "മാനം നോക്കി'യും ആണ്.
കാല്‌പനികസാഹിത്യത്തിന് (കവിതയും കഥയും നോവലും എല്ലാം ഉള്‍പ്പെടുന്ന) തത്‌പൂര്‍വവൃത്തിയില്‍ നിന്നുള്ള വിജാതീയതകള്‍ ഇവയാണ്:
ഇതു മുഴുവന്‍ ഓര്‍മിച്ചുകൊണ്ടാണ് കാല്‌പനിക കവികള്‍ കവിതയെഴുതിയതെന്ന് അര്‍ഥമാക്കുന്നില്ല. ജര്‍മന്‍ മനീഷികളും ഫ്രഞ്ച് ദാര്‍ശനികരും കാല്‌പനികത്വത്തിന്റെ നാനാഭാവവിശേഷങ്ങളെപ്പറ്റി വാദിച്ചുകൊണ്ടിരുന്നപ്പോള്‍, ഇംഗ്ലണ്ടിലെ പ്രശസ്‌ത കവികളായ വേഡ്‌സ്‌വര്‍ത്തും കോള്‍റിഡ്‌ജും ബൈറണും ഷെല്ലിയും കീറ്റ്‌സും ഭാവതീവ്രങ്ങളായ കാല്‌പനിക കവിതകള്‍ രചിച്ചത് പുതുമയില്‍ ഭ്രമിച്ചായിരുന്നില്ല; അന്തശ്ചോദിതരായിട്ടാണ്. ഇംഗ്ലീഷ് കാല്‌പനികത്വം സാഹിത്യത്തിലെ ഒരു സ്വാഭാവിക പരിണതിയായിരുന്നു. ഫ്രഞ്ച്‌വിപ്ലവത്തിന്റെ പ്രതിധ്വനികള്‍ വേഡ്‌സ്‌വര്‍ത്തിന്റെ ചെവിയിലെത്തിയിരുന്നെങ്കിലും (1791-92 കാലത്ത് അദ്ദേഹം ഫ്രാന്‍സിലായിരുന്നു) തന്റെ കൗമാരത്തിലെ പ്രകൃതിസല്ലാപങ്ങളും ആത്മീയ സ്വപ്‌നങ്ങളും പില്‌ക്കാലത്തെ യോഗാനുഭൂതികളും സമാധിയില്‍ സമാഹിതമായപ്പോഴാണ് ഇംഗ്ലീഷ് കാല്‌പനികത ജനിച്ചത്. 1798ല്‍ വേഡ്‌സ്‌വര്‍ത്തും കോളറിഡ്‌ജും കൂടി പ്രസിദ്ധീകരിച്ച ലിറിക്കല്‍ ബാലഡ്‌സ് ആ പ്രസ്ഥാനത്തിന്റെ നാന്ദികുറിച്ചു; അതിന് വേഡ്‌സ്‌വര്‍ത്ത് എഴുതിച്ചേര്‍ത്ത മുഖവുരക്കുറിപ്പ് (അഡ്‌വേട്ടിസ്‌മെന്റ്) ഒരു പ്രകടനപത്രികയുമായിത്തീര്‍ന്നു. 1800ല്‍ ഇറങ്ങിയ പതിപ്പില്‍ വേഡ്‌സ്‌വര്‍ത്ത് എഴുതിയ ആമുഖം (പ്രിഫെസ്) കാല്‌പനികവിപ്ലവത്തിന്റെ പ്രകടനപത്രികയായി കണക്കാക്കപ്പെടുന്നു (1802ലും ലിറിക്കല്‍ ബാലഡ്‌സിന്റെ ഒരു പ്രതി ഇറങ്ങിയിട്ടുണ്ട്). നവീകൃതമായ ആ വിളംബരം ""ഏറിയേറിപ്പോകുന്ന ആത്മരക്ഷാ പ്രരിതമായ അവ്യക്തതയുടെയും യുക്തിവികലതയുടെയും ചരിത്രം ആണെന്ന് ജോര്‍ജ് വാട്‌സണ്‍ (ദ് ലിറ്റററി ക്രിട്ടിക്‌സ്1962) പറയുന്നതില്‍ സത്യമുണ്ടെങ്കിലും അതിലെ ഉജ്ജ്വലവാദങ്ങളും വാക്യങ്ങളും കവിതാരസികന്മാരെ ഉന്മാദം കൊള്ളിച്ചു.
വേഡ്‌സ്‌വര്‍ത്തിന്റെ കാന്തവലയത്തില്‍പ്പെട്ട ബൈറണ്‍ഷെല്ലി പ്രഭൃതികളും കവിതയെ സുശക്തവികാരങ്ങളുടെ സ്വച്ഛന്ദവിനിര്‍ഗളനമാക്കിത്തീര്‍ത്തു. ബൈറന്റെ "ചൈല്‍ഡ് ഹാരോള്‍ഡും' കീറ്റ്‌സിന്റെ "ഓഡ്‌റ്റു എ നൈറ്റിങ്‌ഗേലും' ഷെല്ലിയുടെ "ഓഡ് റ്റു ദ് വെസ്റ്റ് വിന്‍ഡും' യവനേതിഹാസങ്ങളുടെ വികാരവിശിഷ്‌ടമായ പുനഃസൃഷ്‌ടി "പ്രാമിഥിയൂസും' എല്ലാം കൂടി ജനിപ്പിച്ച കാല്‌പനികതയുടെ ഉന്മാദം കവിതയുടെ ചരിത്രത്തെത്തന്നെ തിരുത്തിക്കുറിച്ചു.
മലയാളത്തില്‍. ഇംഗ്ലീഷ് സാഹിത്യത്തില്‍ കാല്‌പനിക പ്രസ്ഥാനത്തിന്റെ വീര്യം മിക്കവാറും കെട്ടടങ്ങിയപ്പോഴാണ് മലയാളത്തില്‍ കാല്‌പനിക പ്രസ്ഥാനം ആരംഭിക്കുന്നത്. ഇംഗ്ലീഷ് വിദ്യാഭ്യാസം സാമാന്യമായി പരക്കുകയും സ്വാതന്ത്ര-്യത്തെപ്പറ്റി പുതിയ ബോധനാളങ്ങള്‍ തെളിയുകയും ചെയ്‌തപ്പോള്‍ മാത്രമേ നമ്മുടെ കവിത കാല്‌പനികത്വത്തിനു പാകമായുള്ളൂ.
ഈ നൂറ്റാണ്ടിന്റെ ആരംഭത്തിലെ സാഹിത്യ കാലഘട്ടത്തിന് കാല്‌പനിക പൂര്‍വാവസ്ഥ (Pre-Romantic Period) എന്നു പേരിടാം. ഏ.ആര്‍. രാജരാജവര്‍മയുടെ മലയവിലാസം (1895ലെ വിദ്യാവിനോദിനിയില്‍), കെ.സി. കേശവപിള്ളയുടെ ആസന്നമരണചിന്താശതകം (1895), എം. രാജരാജവര്‍മയുടെ മേഘോപലംഭം (1902ലെ ഭാഷാപോഷിണി), സി.എസ്. സുബ്രഹ്മണ്യന്‍ പോറ്റിയുടെ ഒരു വിലാപം (1903ലെ രസികരഞ്‌ജിനി), വി.സി. ബാലകൃഷ്‌ണപ്പണിക്കരുടെ ഒരു വിലാപം (1908ലെ കവനകൗമുദി) എന്നിവ ആ ഘട്ടത്തിലെ മികച്ച ചില രചനകളാണ്. നവവരേണ്യ പാരമ്പര്യത്തില്‍ വളര്‍ന്ന കവികള്‍ എന്തോ ചില അന്തഃപ്രരണകളുടെ ഫലമായി ഭാവനയെ ഒന്നു വികൃതമാക്കിവിടാന്‍ അനുവദിച്ചതിന്റെ സത്‌ഫലമാണിവ. ഭാവസന്നിവേശത്തില്‍ കൂടുതല്‍ ശ്രദ്ധ ഇവയില്‍ പ്രകടമാണ്. പോറ്റിയുടെ കവിതയ്‌ക്ക് അപ്പന്‍തമ്പുരാന്‍ എഴുതിയ അവതാരികയില്‍ ഇങ്ങനെ പറയുന്നു: ""കവിയുടെ സ്വാനുഭവം ഒന്നാണ് ഈ കൃതിക്കുള്ള തന്മയത്വത്തിന്റെ ബീജമെന്നാണ് ഞാന്‍ പൂര്‍ണമായും വിശ്വസിക്കുന്നത്. ഇതു തന്നെയാണ് ഉത്‌കൃഷ്‌ടകാവ-്യത്തിന്റെ നാരായവേരും (ഒരു വിലാപം, ബി.വി. ബുക്ക് ഡിപ്പോ, തിരുവനന്തപുരം1915). അന്നത്തെ ഒരു പ്രശസ്‌തനിരൂപകനായിരുന്ന ജി. രാമന്‍ മേനോന്‍, പോറ്റിയെ വേഡ്‌സ്‌വര്‍ത്തിനോട് ഉപമിക്കുകയും ചെയ്‌തു (ഭാഷാപോഷിണി1077 മേടം).
ആശാനും കൂട്ടരും. കെ.സി., വി.സി., സി.എസ്. പോറ്റി തുടങ്ങിയ കവികള്‍ക്ക് വിവിധ കാരണങ്ങളാല്‍ കാല്‌പനികത്വത്തിന്റെ രാജപാതയിലൂടെ മുന്നോട്ടു പോകാന്‍ കഴിഞ്ഞില്ല. കെ.സി. മഹാകാവ്യത്തിലേക്കു തിരിഞ്ഞു. വി.സി. അല്‌പായുസ്സായി. സി.എസ്. പോറ്റി ഗദ്യമാതൃകകളില്‍ മുഴുകി. കാല്‌പനികത്വത്തിന്റെ വിചിത്ര ശോഭയെ ശരിക്കും പ്രസരിപ്പിച്ചത് കുമാരനാശാനാണ്‌വീണപൂവിലൂടെ (1907 ഡിസംബറിലെ മിതവാദി). തുടര്‍ന്ന് ഉള്ളൂരും വള്ളത്തോളും നാലപ്പാട്ടും ഈ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ ഇവരാരും സംസ്‌കൃതസാഹിത്യ പാരമ്പര്യത്തെ പാടേ ഉപേക്ഷിച്ചവരല്ല.
1900-ാമാണ്ട് കല്‍ക്കത്താവാസം കഴിഞ്ഞ് മടങ്ങിയെത്തിയ കുമാരനാശാനെ വിവേകാനന്ദന്‍, ടാഗൂര്‍ തുടങ്ങിയവരുടെ ഉജ്ജ്വലവാങ്‌മയം പ്രഭാവിതനാക്കി. 1907 മുതല്‍ 18 വര്‍ഷമാണ് ആശാന്റെ കാവ്യസപര്യയുടെ കാലം. പ്രകൃതിയിലുള്ള നിര്‍ലീനസുഖം, ഹൃദയാന്തര്‍ഭാവങ്ങളുടെ പരോക്ഷമായ ആവിഷ്‌കാരം, പ്രമത്തിന്റെ ഉദാത്തവിസ്‌താരം, ചിദാനന്ദാനുഭൂതി എന്നിവയിലെല്ലാം ആശാന്റെ കാല്‌പനികത സ്‌പഷ്‌ടമാകുന്നു. ഈ ലക്ഷണങ്ങളെല്ലാം വിശ്വസാഹിത്യത്തിലെ ആദ്യകാല കാല്‌പനികതയോടു ചേര്‍ന്നു നില്‌ക്കുന്നവയാണ്.
വള്ളത്തോളിലെത്തുമ്പോള്‍ കാല്‌പനികത്വത്തിന്റെ മറ്റു ചില മുഖങ്ങള്‍ കാണാം. തണുത്തുപോയ സ്വരാജ്യ സ്‌നേഹത്തെ ഉജ്ജ്വലിപ്പിക്കുന്ന വീരഗാഥകള്‍, ആരാധനാവ്യഗ്രമായ മഹത്‌സ്‌മരണകള്‍ (ഗാന്ധി, ദാദാഭായ് നവറോജി, ലെനിന്‍, വിവേകാനന്ദന്‍, സ്റ്റാലിന്‍); പൗരാണികാന്തരീക്ഷത്തിന്റെ പുനഃസൃഷ്‌ടി (അനിരുദ്ധന്‍, പരശുരാമന്‍, ശകുന്തള) ഇവ വള്ളത്തോളിന്റെ "സങ്കല്‌പവായുവിമാന' സഞ്ചാരത്തിന്റെ ഫലഭാഗങ്ങളാണ്.
ഉള്ളൂര്‍ക്കവിതകളില്‍ കാല്‌പനികത്വം ഏതാണ്ട് അവരോഹണത്തിലെത്തുന്നു. വിരല്‍ത്തുമ്പുവരെ വരേണ്യതയുടെ കവിയായിരുന്ന ഉള്ളൂര്‍, കാലപ്രചോദനം കൊണ്ട് കാല്‌പനികതയിലേക്കു വഴുതിവീണിട്ടുണ്ടെങ്കിലും അനുദ്വിഗ്നവും പ്രശാന്തവും ആയ ആ മനസ്സ് പ്രഹതമാര്‍ഗത്തില്‍ നിന്നു വളരെയൊന്നും വ്യതിചലിച്ചിട്ടില്ല.
ജി. ശങ്കരക്കുറുപ്പ്, വെണ്ണിക്കുളം, കുഞ്ഞിരാമന്‍നായര്‍, വൈലോപ്പിള്ളി മുതലായ വിശ്രുതകവികള്‍ കാല്‌പനികത്വത്തിന്റെ വിഭിന്ന മേഖലകളില്‍ അയത്‌നമായി വിഹരിച്ചിട്ടുള്ളവരാണ്. കവിത്രയത്തെ അതിശയിക്കുന്ന തരത്തില്‍ അജ്ഞേയതയുടെ തേജോമണ്‌ഡലത്തില്‍ ഇവര്‍വിശേഷിച്ചും ജി. ശങ്കരക്കുറുപ്പും കുഞ്ഞിരാമന്‍നായരുംവിജയപൂര്‍വം സഞ്ചരിച്ചു. ഫ്രഞ്ച് റൊമാന്റിസിസത്തിന്റെ ഒരപഭ്രംശമായിരുന്നു അവിടെ വികസിച്ച സ്വപ്‌നാനുഭൂതിനിര്‍ഭരമായ "സിംബലിസം'. മറ്റൊരുതരം പ്രതീകവത്‌കരണത്തിലൂടെ "ജി'യും ഇവിടെ ചില സ്വപ്‌നസഞ്ചാരങ്ങള്‍ നടത്തി. അങ്ങനെ അദ്ദേഹം കാല്‌പനികത്വത്തിന് ഒരു പുതിയ മാനം നല്‌കി. ഇമേജറി (ബിംബവിധാനം), സിംബലിസം, മിത്ത് ഇവ മൂന്നുമാണ് എല്ലാ കാല്‌പനിക കവിതയുടെയും സമാനധര്‍മമെന്നു റെനെ വെല്ലക്ക് പറഞ്ഞത് ഇവിടെ സ്‌മരണീയമാണ്. ഇവരുടെ സമകാലികരായിരുന്നു ചങ്ങമ്പുഴ കൃഷ്‌ണപിള്ളയും ഇടപ്പള്ളി രാഘവന്‍പിള്ളയും മറ്റും. ജീവിതദുഃഖത്തിന്റെ ഉദ്‌ഗാതാക്കളായ ഇവര്‍ ഉദ്‌ഘാടനം ചെയ്‌ത ഇടപ്പള്ളി പ്രസ്ഥാനം നമ്മുടെ കാല്‌പനികത്വത്തിന്റെ സായന്തന ശോഭയായിരുന്നു. പൂര്‍വികരില്‍ക്കണ്ട വരേണ്യസാഹിത്യത്തിന്റെ അംശങ്ങള്‍ ഇവരില്‍ ഒട്ടം തന്നെയില്ലായിരുന്നു. "അതിഭാവങ്ങളെ അതിവര്‍ണനം ചെയ്യുക' എന്നൊരു കാല്‌പനികത്വ നിര്‍വചനമുണ്ട്. ഈ നിര്‍വചനം ഏറ്റവും കൂടുതല്‍ യോജിക്കുന്നത് ചങ്ങമ്പുഴയ്‌ക്കും ഇടപ്പള്ളിക്കും ആണ്. ഇംഗ്ലീഷ് റൊമാന്റിസിസത്തിലുണ്ടായിരുന്ന "സ്‌ത്രണം' (എഫിമിനസി) എന്നു വിളിക്കാവുന്ന ഒരുതരം ഭാവദൗര്‍ബല്യം നമ്മുടെ കവിത്രയത്തെ അലട്ടിയിരുന്നില്ല. എന്നാല്‍ ഇടപ്പള്ളിക്കവികളെ ആ ഭാവം നന്നായി ബാധിച്ചിരുന്നു. തുടര്‍ന്നു മലയാളത്തിലെ കാല്‌പനികത്വം റിയലിസത്തിലേക്കു വഴുതിവീണു. മലയാളത്തിലെ കാല്‌പനികത്വത്തിന്റെ സുവര്‍ണകാലം അതോടെ അസ്‌തമിക്കുകയും ചെയ്‌തു. പക്ഷേ കാല്‌പനികത്വം എന്ന കാവ്യധര്‍മം കവിതയില്‍ ഒരിക്കലും മരിക്കാത്ത സത്യമാണ്. നോ. സാഹിത്യപ്രസ്ഥാനങ്ങള്‍
കാല്‌പനികത്വം മറ്റു കലകളില്‍. ചിത്രകല, സ്ഥാപത്യകല, പ്രതിമാശില്‌പം, സംഗീതം എന്നീ സുന്ദരകലകളിലെല്ലാം കാല്‌പനികത്വത്തിന്റെ സവിശേഷശൈലി ഒരു നൂറ്റാണ്ടിലേറെക്കാലം (1750-1870) യൂറോപ്പില്‍ ആധിപത്യം പുലര്‍ത്തുകയുണ്ടായി.
യുക്തി, വ്യവസ്ഥ എന്നിവയുടെ സ്ഥാനത്ത്, സംവേദനം, ഭാവന, സ്വപ്‌നവിഹാരം (ഫാന്റസി) എന്നിവയ്‌ക്കു സ്ഥാനം നല്‌കിയതാണ് കാല്‌പനികപ്രസ്ഥാനത്തിന്റെ യവനറോമനീയ പാരമ്പര്യത്തില്‍ നിന്നു വേര്‍തിരിച്ചു നിര്‍ത്തിയത്. യവനറോമനീയ പാരമ്പര്യത്തില്‍ വികാരത്തിന്റെ മൂര്‍ധന്യാവസ്ഥ അതിവിരളമായിരുന്നു. എന്നാല്‍ കാല്‌പനികതയിലാകട്ടെ, ഉദ്ദീപ്‌തമായ മനഃസാക്ഷിയുടെ ഭാവസന്ധിയിലാണ് മനസ്സിന്റെ നിലപാട്. ഈ ഭാവസന്ധി ചിത്രകലയില്‍ രണ്ടു പ്രവണതകളെ സൃഷ്‌ടിച്ചു: (i)പ്രകൃതിയുടെ യോഗരഹസ്യത്തെ അനേ്വഷിക്കുക; (ii) അപ്രാപ്യമായ ഏതോ ആദര്‍ശത്തിനുവേണ്ടി വേദനപ്പെടുക; (iii) ഇവ രണ്ടും യൂറോപ്യന്‍ സംസ്‌കാരത്തെ പരിവര്‍ത്തനം ചെയ്‌ത ജ്ഞാനോദയ തരംഗത്തിന്റെ (എന്‍ലൈറ്റെന്‍മെന്റ്) ഫലമായിരുന്നു. വിവിധ രാജ്യങ്ങളിലെ കാല്‌പനികശൈലിയുടെ അനന്തവൈവിധ്യങ്ങളിലൂടെ കാണാന്‍ കഴിയുന്ന ഏകതയുടെ സൂത്രം ഈ ജ്ഞാനോദയം തന്നെ.
സാമൂഹികപരിവര്‍ത്തനങ്ങളുടെ ആവശ്യകതയെപ്പറ്റിയുള്ള ബോധവും സോഷ്യലിസത്തെപ്പറ്റിയുള്ള നവോന്മേഷവും കാല്‌പനികകലാകാരന്മാരുടെ പ്രചോദനത്തിന്റെ പിന്നിലുണ്ടായിരുന്നു. ഗോയ, ദ്‌ലാക്രായ് (Delacroix), കോണ്‍സ്റ്റബിള്‍, ടേണര്‍, കൊറോ (Corot), ഷെറികോള്‍ (Gericault), ദോമിയേ (Daumier) എന്നീ വിശ്രുതകലാകാരന്മാര്‍ കാല്‌പനികപ്രസ്ഥാനത്തിന്റെ വിഭിന്നരൂപങ്ങളെ കാട്ടിത്തരുന്നു. ഷുബേര്‍ (Schubert), ബ്രാംസ് (Brahms), ഗ്രഗ് മുതലായ സംഗീതജ്ഞന്മാരില്‍ നിന്ന് കാല്‌പനികത്വം ശബ്‌ദവീചികളായി പ്രവഹിച്ചു.
ശില്‌പകലയില്‍ കാല്‌പനികപ്രസ്ഥാനം ഗോഥിക്‌ശൈലിയുടെ പുനരുജ്ജീവനമായിട്ടാണ് ഇംഗ്ലണ്ടില്‍ പ്രത്യക്ഷപ്പെട്ടത്. ഇംഗ്ലണ്ടിലെ പള്ളികള്‍ മാത്രമല്ല, അരമനകളും സൗധങ്ങളും കോട്ടകളും മറ്റും അന്നു ഗോഥിക് ശൈലിയില്‍ നിര്‍മിക്കപ്പെട്ടു. പ്രാചീനശില്‌പത്തെപ്പറ്റി പഠിക്കാന്‍ പുരാതത്ത്വവിജ്ഞാനികളുടെ സംഘങ്ങള്‍ (ആന്റിക്വേറിയന്‍ സൊസൈറ്റികള്‍) സ്ഥാപിക്കപ്പെട്ടു. ഹോറസ് വാള്‍പോള്‍ എന്ന കലാരസികന്‍, താന്‍ വാങ്ങിയ സ്‌ട്രാബെറി ഹില്‍ എന്ന ഭവനം ഗോഥിക് ശൈലിയില്‍ പുനര്‍നിര്‍മിച്ചു സജ്ജീകരിച്ചത് അനേകം ശില്‌പികളെ ആവേശം കൊള്ളിച്ചു. ഇംഗ്ലണ്ടിലെ പാര്‍ലമെന്റ് മന്ദിരവും (1840ല്‍ നിമാണമാരംഭിച്ചു) പല ഗില്‍ഡ് ഹാളുകളും ഈ ശൈലിയുടെ വിശിഷ്‌ട മാതൃകകളായി ഇന്നും നില്‌ക്കുന്നു. ചാള്‍സ് ബാരിയും എ. ഡബ്ല്യു.എന്‍. പ്യൂഗിനും (Pugin) കൂടിയാണ് പാര്‍ലമെന്റുമന്ദിരത്തിന് രൂപകല്‌പന ചെയ്‌തത്. നോ. ശില്‌പകല
ചിത്രകലയില്‍. ഇംഗ്ലീഷ് കാല്‌പനികകവിതയിലെ പ്രമുഖരില്‍ ഒരാളായ വില്യം ബ്ലെയ്‌ക് ഒരൊന്നാംതരം ചിത്രകാരനും ശില്‌പിയുമായിരുന്നു. ബ്ലെയ്‌ക് 1772 ആഗസ്റ്റില്‍ ക്വീന്‍സ് സ്‌ട്രീറ്റിലെ ജെയിംസ് ബസയര്‍ എന്ന കൊത്തുപണിക്കാരനോടൊപ്പം അന്തേവാസിയായിച്ചേര്‍ന്ന് ഏഴുവര്‍ഷം കൊത്തുപണി അഭ-്യസിച്ചു. ഇംഗ്ലീഷ് ചിത്രകലയിലെ കാല്‌പനികശൈലിയുടെ ബീജാവാപമാണ് അന്ന് നടന്നത്.
1787മുതല്‍ ബ്ലെയ്‌ക് സാഹിത്യകൃതികള്‍ ചിത്രണം ചെയ്യുന്ന ഒരു കലാകാരനായി പേരെടുത്തു. ബ്ലെയ്‌ക്കിന്റെ കിടയറ്റ ചിത്രങ്ങള്‍ അദ്‌ഭുതപ്പെടുത്തുന്ന ഭാവപുഷ്‌ടിയോടെ ഇന്നും ഗവേഷകന്മാരെ മാടിവിളിക്കുന്നു. ബൈബിള്‍, ഡിവൈന്‍ കോമഡി മുതലായ അനശ്വരകൃതികള്‍ക്കു സമുചിതമായ ചിത്രങ്ങള്‍ ഇദ്ദേഹം രൂപകല്‌പനം ചെയ്‌തു.
ബ്ലെയ്‌ക്, ഹെന്‌റി ഫുസേലി (ഒലിൃ്യ എൗലെഹശ, 1741-1825) മുതലായവരുടെ ചിത്രങ്ങളിലെ നിറങ്ങളുടെ പേലവത്വം ബ്രിട്ടീഷ് ചിത്രകലയെ ജലച്ചായചിത്രങ്ങളുടെ പൊലിമയിലേക്കു നയിച്ചു. വില്യം ടേണര്‍ (1775-1851), ജോണ്‍ ക്രാം (1768-1821), ജോണ്‍ കോണ്‍സ്റ്റബിള്‍ (1776-1837) എന്നിവരുടെ പ്രകൃതിദൃശ്യങ്ങള്‍.വിശേഷിച്ച് കോണ്‍സ്റ്റബിളിന്റെ "നിഴലും വെളിച്ചവും', "ചാഞ്ചാടിമിന്നുന്ന ദൃശ്യങ്ങള്‍'പ്രകൃതിചിത്രണത്തില്‍ യൂറോപ്പിന്റെ ആവേശമായി പരിണമിച്ചു. നിറങ്ങള്‍കൊണ്ട് ഇദ്ദേഹം ഭാവഗാനങ്ങള്‍ നിര്‍മിക്കുകയായിരുന്നു. ടേണറാകട്ടെ നാടകത്തിന്റെ ചടുലതയോടെ ആകാശവും സൂര്യാസ്‌തമയവും വരച്ചു.
കാല്‌പനികകലയുടെ ചരിത്രത്തില്‍ മുഴങ്ങിക്കേള്‍ക്കുന്ന പേരാണ് സ്‌പെയിന്‍കാരായ ഫ്രാന്‍സിസ്‌കോ ലൂസിയെന്റീസ് ഗോയ (1746-1828) എന്ന ചിത്രകാരന്റെത്. "പഴയ വമ്പന്മാരില്‍ ഒടുവിലത്തെ ആളും ആധുനികന്മാരില്‍ ആദ്യനും' എന്ന് ഇദ്ദേഹത്തെ വിശേഷിപ്പിക്കാറുണ്ട്. 43-ാമത്തെ വയസ്സില്‍ പ്രശസ്‌തിയുടെ പാരമ്യത്തില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് ഗോയ സ്വകീയശൈലി മാറ്റിയത്. ഫ്രഞ്ച് വിപ്ലവം പൊട്ടിത്തെറിച്ചപ്പോള്‍ ഗോയയുടെ കലയിലും ഒരു പൊട്ടിത്തെറി ഉണ്ടായി. ബ്രിട്ടീഷ്‌ഫ്രഞ്ച് കലാകാരന്മാരുടെയും ചിന്തകന്മാരുടെയും സ്വാധീനത ഗോയയെ പുതിയ ആശയങ്ങളിലെത്തിച്ചു. റൂസ്സോയും മെസ്‌മരും സ്വീഡന്‍ബോര്‍ഗും സ്‌പെയിനിന്റെ പാരമ്പര്യനിഷ്‌ഠതയെ ഇളക്കിക്കൊണ്ടിരുന്ന സമയമാണത്. സ്‌പെയിനിലെ രാജകീയ ചിത്രകാരനായിരുന്നുകൊണ്ടുതന്നെ ഗോയ നവീനചിന്തയുടെ ബീജങ്ങള്‍ വിതച്ചു. ഇദ്ദേഹം വരച്ച രാജാക്കന്മാരുടെ ഛായാചിത്രങ്ങള്‍ സൂക്ഷിച്ചുനോക്കിയാല്‍ ആ രാജാക്കന്മാരുടെ (ചാള്‍സ് IV, ഫെര്‍ഡിനാന്‍ഡ് VII) മുഖത്ത് സ്‌ഫുരിക്കുന്ന സംസ്‌കാരശൂന്യതയും കാടത്തവും കാണാം. "യുദ്ധത്തിന്റെ നാശങ്ങള്‍' (1810-13) എന്ന മുദ്രാങ്കന പരമ്പര (എന്‍ഗ്രവിങ്‌സ്) പടയാളികളുടെ ക്രൗര്യത്തെ വ്യംഗ്യമായി പരിഹസിക്കുന്നു. മാഡ്രിഡിലെ അന്തോണിയേ കപ്പോളയിലെ ചുവര്‍ചിത്രങ്ങളുടെ സാങ്കേതികമേന്മ കലാലോകത്തിലെ അദ്‌ഭുതങ്ങളില്‍പ്പെട്ടതാണ്. കാല്‌പനിക പ്രസ്ഥാനത്തില്‍ ഗോയ അതുല്യനാണ്.
ബ്ലെയ്‌ക് ഇംഗ്ലണ്ടിലും ഫ്രഡറിക് ജര്‍മനിയിലും ഗോയ സ്‌പെയിനിലും തങ്ങളുടെ സര്‍വോത്തമസൃഷ്‌ടികളില്‍ ഏര്‍പ്പെട്ടിരിക്കെ ഫ്രാന്‍സ് ആഭ്യന്തരക്കോളിളക്കങ്ങളുടെ പ്രതിധ്വനികള്‍കൊണ്ടു മുഖരിതമായ ചില പരീക്ഷണങ്ങളിലൂടെ കടന്നുപോകുകയായിരുന്നു. റൂസ്സോയുടെയും ദിദറോയുടെയും ആശയങ്ങള്‍ ചിത്രകാരന്മാരുടെ രചനകളില്‍ സര്‍ഗാത്മകമായി പ്രതിഫലിച്ചു. ഹ്യൂബേറൊബെ (ഔയലൃ ഞേീയലൃ, 1733-1808) എന്ന ചിത്രകാരന്‍ വിപ്ലവത്തിലെ ചില നശീകരണ ഭാവങ്ങളെ ശക്തമായി ചിത്രീകരിച്ചു. "ബസ്‌തീലിന്റെ പതന'(1789)വും രാജകീയ സ്‌മാരകമന്ദിരങ്ങളുടെ നശിപ്പിക്ക(1793)ലും മനുഷ്യനിര്‍മിതമായ സുന്ദരവസ്‌തുക്കളുടെ നശ്വരതയെ ചൂണ്ടിക്കാട്ടുന്നു. നെപ്പോളിയന്‍ ബോണപ്പാര്‍ട്ടിന്റെ ഭരണസംവിധാനത്തിലെ ആന്തരവൈരുധ്യങ്ങള്‍ സമൂഹത്തെ സന്ദേഹകലുഷമാക്കിക്കൊണ്ടിരുന്ന കാലമാണ്. പിയര്‍ പോള്‍ പ്രുധോം (1758-1823) അക്കാലത്ത് നെപ്പോളിയന്റെ സ്‌നേഹത്തിനു പാത്രീഭവിച്ച ചിത്രകാരനായിരുന്നു. പ്രുധോം വരച്ച ഛായാചിത്രങ്ങളിലെ കാല്‌പനികപരിവേഷം തുടിച്ചുനില്‌ക്കുന്ന സ്‌ത്രീരൂപങ്ങള്‍ നെപ്പോളിയന്റെ ഭാര്യമാരുടേതാണ്. പ്രുധോമിനെ ലോകം ഓര്‍മിക്കുന്നത് "സൈക്കിയുടെ അപഹരണം' (1808), "കുറ്റവും ദൈവികപ്രതികാരവും' (1808) എന്നീ വിശിഷ്‌ടചിത്രങ്ങളിലൂടെയാണ്. 19-ാം ശതകത്തിലെ ഫ്രഞ്ച് മാസ്റ്റര്‍പീസുകളില്‍ ഇവ ഉള്‍പ്പെടും.
ഫ്രഞ്ചുസമൂഹത്തിലെ ധാര്‍മികഭീതികളെ ആഴത്തില്‍ ചിത്രീകരിച്ച കലാകാരന്‍ ബാരണ്‍ ഗ്രാസ് (1771-1835) ആണ്. നെപ്പോളിയന്റെ നിര്‍ദേശപ്രകാരം ചിത്രങ്ങള്‍ വരച്ചുവെങ്കിലും യുദ്ധത്തിന്റെ ദാരുണതയെപ്പറ്റി ചക്രവര്‍ത്തി ബോധവാനായിരുന്നുവെന്നു കാണിക്കുന്ന ചില ചിത്രങ്ങളിലൂടെ ഇദ്ദേഹം അനശ്വരത നേടി. "പെസ്‌തൗസ് അറ്റ് ജഫാ', "നെപ്പോളിയന്‍ ഐലോവിലെ യുദ്ധക്കളത്തില്‍' (1808) എന്നീ ചിത്രങ്ങള്‍ യുദ്ധത്തിന്റെ ഭയാനകതയും ദൈന്യവും ഭാവദീപ്‌തിയോടെ ആവിഷ്‌കരിക്കുന്നു.
ഫ്രഞ്ചുകാല്‌പനികപ്രവാഹങ്ങളുടെ സംഗമസ്ഥാനമെന്നു പറയാവുന്ന ശ്രഷ്‌ഠകലാകാരനാണ് ദ്‌ലാക്രായ് (1798-1863). ഇംഗ്ലീഷ് കലാകാരന്മാരുടെ വര്‍ണപേലവത്വവും കോണ്‍സ്റ്റബിളിന്റെ ജ്വലത്‌പ്രകാശവും മധ്യകാലീന സാഹസികകൃത്യങ്ങളുടെ സ്‌മരണയും എല്ലാംകൂടി ചേര്‍ന്ന ഒരു ഭാവശബളതയാണ് ദ്‌ലാക്രായ്‌യുടെ കലയെ വിശിഷ്‌ടമാക്കുന്നത്. "സ്വാതന്ത്ര്യം ജനങ്ങളെ നയിക്കുന്നു' എന്ന ചിത്രം 1830ലെ ജൂലായ് വിപ്ലവത്തിന്റെ ഉജ്ജ്വല പ്രഘോഷണമാണ്. പിന്നീട് ദ്‌ലാക്രായ്‌യുടെ വിപ്ലവച്ചൂട് കുറേശ്ശെ തണുത്തു തുടങ്ങി; ഇദ്ദേഹവും സാമ്രാജ്യത്വത്തിന്റെ പട്ടുമെത്തയിലേക്കു വഴുതിവീണു. 1832ല്‍ വടക്കേ ആഫ്രിക്ക സന്ദര്‍ശിച്ചതിന്റെ ഫലമായി അറബിയഹൂദ ജീവിതങ്ങളുടെ അസംഖ്യം ചിത്രങ്ങള്‍ ഇദ്ദേഹം വരച്ചു. 1830നുശേഷം ഔദ്യേഗിക പ്രാത്സാഹനങ്ങളുടെ തണലില്‍ പാരിസിലെ വിശാലശാലകളെ മോടിപിടിപ്പിക്കാന്‍ ഇദ്ദേഹം നിയുക്തനായി. അവ ആലേഖ്യകലയുടെ വൈചിത്ര്യങ്ങളായി നിലനില്‌ക്കുന്നു. ഒണോറെ ദോമിയേ, ഗബ്രിയേല്‍ ദ് കാങ്‌ഷെരിക്കോള്‍ എന്നിവരിലൂടെ കാല്‌പനികത്വം മെല്ലെ പുതിയ പാതകളിലേക്ക് നീങ്ങിത്തുടങ്ങി.
ഉന്മാദകരമായ പ്രകൃതിദൃശ്യങ്ങളും ഭാവനാബന്ധുരങ്ങളായ ചുമരലങ്കാരങ്ങളും ചരിത്രസംഭവങ്ങളുടെ ഉജ്ജ്വലചിത്രീകരണങ്ങളും കാല്‌പനികത്വത്തിന്റെ നിത്യവിസ്‌മയങ്ങളായി യൂറോപ്പ് കൊണ്ടാടുന്നു. നോ. ചിത്രകല
സാഹിത്യം മുതല്‍ സ്ഥാപത്യം വരെ വ്യാപിച്ച ഈ മഹാപ്രസ്ഥാനം മൂന്നു തലമുറകളുടെ കലാവാസനയെ പാലൂട്ടി വളര്‍ത്തി.
(പ്രാഫ. എസ്. ഗുപ്‌തന്‍നായര്‍)