This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കസാഖ്‌സ്‌താന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:23, 4 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഉള്ളടക്കം

കസാഖ്‌സ്‌താന്‍

Kazakhstan

കോമണ്‍ വെല്‍ത്ത്‌ ഒഫ്‌ ഇന്‍ഡിപെന്‍ഡന്റ്‌ സ്റ്റേറ്റ്‌സി(CIS)ലെ ഒരു അംഗ റിപ്പബ്ലിക്‌. 1991 ഡിസംബര്‍ വരെ സോവിയറ്റ്‌ യൂണിയനിലംഗമായിരുന്ന ഈ രാഷ്‌ട്രം, അന്ന്‌ കസാഖ്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്‌. രാജ്യവിസ്‌തീര്‍ണം: 27,24,900 ച.കി.മീ.; ജനസംഖ്യ: 1,49,53,000 (1999); ജനസാന്ദ്രത: 5.5/ച.കി.മീ.; അതിരുകള്‍: വ. റഷ്യ, കി.ചൈന, തെ. ഉസ്‌ബെക്കിസ്‌താന്‍, കിര്‍ഗിസ്‌താന്‍, തുര്‍ക്ക്‌മെനിസ്‌താന്‍ എന്നീ രാജ്യങ്ങള്‍, പ. കാസ്‌പിയന്‍ കടലും റഷ്യയും; തലസ്ഥാനം: അസ്‌താന (Astana); ഔദ്യോഗിക ഭാഷ: കസാഖ്‌.

ഭൗതിക ഭൂമിശാസ്‌ത്രം

ഭൂപ്രകൃതി

കസാഖ്‌സ്‌താന്‍

റിപ്പബ്ലിക്കിന്റെ ഏറിയ പങ്കും വരണ്ടതും ലവണതടങ്ങളുളളതുമായ പീഠപ്രദേശമാണ്‌. നിമ്‌ന്നോന്നതമായ ഈ വിസ്‌തൃതമേഖല പടിഞ്ഞാറ്‌ വോള്‍ഗാ നദി മുതല്‍ കിഴക്ക്‌ ആള്‍ട്ടായ്‌ നിരകള്‍ വരെയും വടക്ക്‌ പശ്ചിമസൈബീരിയാതടം മുതല്‍ തെക്ക്‌ തിയെന്‍ഷാന്‍ (Tienshan) നിരകള്‍ വരെയും വ്യാപിച്ചു കിടക്കുന്നു. കസാഖ്‌സ്‌താന്റെ തെക്കുകിഴക്കു ഭാഗത്ത്‌ ഹിമാനികള്‍ നിറഞ്ഞ ഉയരമേറിയ പര്‍വതങ്ങള്‍ സ്ഥിതി ചെയ്യുമ്പോള്‍ വടക്കുപടിഞ്ഞാറുള്ള കാസ്‌പിയന്‍ കടലിന്റെ ഉത്തര തീരം സമുദ്രനിരപ്പിലും താഴെയാണ്‌. ചാവുകടല്‍ത്തീരം കഴിഞ്ഞാല്‍ ഇത്‌ ലോകത്തിലെ തന്നെ ഏറ്റവും താണവിതാനത്തിലുള്ള കരഭാഗമാണ്‌. കാസ്‌പിയന്‍ കടലിലെ ജലനിരപ്പിന്‌ 104 മീ. താഴെയുള്ള വിതാനത്തില്‍ സ്ഥിതി ചെയ്യുന്ന കാരാഗൈയ്‌ (Karagiye) ലവണതടം സമുദ്രനിരപ്പിന്‌ 132 മീ. കീഴിലാണ്‌. ഈ നിമ്‌നമേഖലയ്‌ക്ക്‌ (കാസ്‌പിയന്‍ നിമ്‌നം) കാസ്‌പിയന്‍ കടല്‍പ്പരപ്പു (28 മീ.) മുതല്‍ സമുദ്രനിരപ്പിനുമേല്‍ 50 മീ. വരെയാണ്‌ ഉയരം. തെ.കിഴക്കു ഭാഗത്തുള്ള ഖാന്‍തേങ്‌ഗ്രി (Khan -Tengri) കൊടുമുടിയാണ്‌ റിപ്പബ്ലി ക്കിലെ ഏറ്റവും ഉയരമേറിയ ഭാഗം (6,995 മീ.).

കാസ്‌പിയന്‍ നിമ്‌ന മേഖലയ്‌ക്കു തെക്കുകിഴക്കായി യൂസ്‌ത്യുര്‍ത്‌ (Ustyurt) മരുഭൂമിയും വടക്ക്‌ യൂറാളിലെ ബഹിര്‍ നിരകളും തെക്ക്‌ കാരാകൂം മണലാരണ്യവുമാണുള്ളത്‌. യൂസ്‌ത്യുര്‍തിനു പൂര്‍വഭാഗത്താണ്‌ ഭൂമുഖത്തെ ഏറ്റവും ബൃഹത്തായ ആന്തരികഅപവാഹതടത്തിന്റെ കേന്ദ്രമായ ആറാള്‍ക്കടല്‍ സ്ഥിതി ചെയ്യുന്നത്‌. ഇവിടെ ക്ഷണികങ്ങളായ ധാരാളം ചെറുനദികളുണ്ട്‌. ആന്തരികഅപവാഹം മൂലം സഞ്ചിതമായ കനത്ത മണല്‍ ശേഖരം ഈ മേഖലയാകെ ഒരു മണലാരണ്യമാക്കിത്തീര്‍ത്തിരിക്കുന്നു. കിസില്‍കൂം മണലാരണ്യം ആറാള്‍ക്കടലിനു തെക്കാണ്‌.

റിപ്പബ്ലിക്കിന്റെ മധ്യഭാഗത്ത്‌ പ്രാക്കാലപര്‍വതനിരകളില്‍ അപരദനം അവശേഷിപ്പിച്ചിട്ടുള്ള ഉയരം കുറഞ്ഞ അവക്ഷേപഗിരിനിരകളാണുള്ളത്‌. 1,500 മീ.ലധികം ഉയരമില്ലാത്ത മലനിരകള്‍ക്കിടയ്‌ക്കായി ലവണതടങ്ങള്‍ ധാരാളമുണ്ട്‌. കസാഖ്‌സ്‌താന്റെ കിഴക്കും തെക്കുകിഴക്കും ഭാഗങ്ങളില്‍, റിപ്പബ്ലിക്കിന്റെ മൊത്തം വിസ്‌തൃതിയുടെ അഞ്ചിലൊന്നു പ്രദേശത്ത്‌ വ്യാപിച്ചിരിക്കുന്ന ഉയരമേറിയ പീഠപ്രദേശമാണ്‌ കസാഖ്‌ ഉന്നതമേഖല (Kazak upland). ബാള്‍ഖാഷ്‌ തടാകവും അതിനെ ചൂഴ്‌ന്നുള്ള നിമ്‌നപ്രദേശവും ഈ ഉന്നതമേഖലയെ മധ്യമേഖലയില്‍ നിന്നു വ്യതിരിക്തമാക്കുന്നു. ആള്‍ട്ടായ്‌ നിരകളില്‍പ്പെടുന്നതാണ്‌ ഈ ഭാഗത്തെ തേങ്‌ഗ്രി ഗിരിശൃംഗം.

ഭൂവിജ്ഞാനം

കാസ്‌പിയന്‍ അവതലനമേഖലയുടെ ഏറിയ പങ്കും ഉള്‍ക്കൊള്ളുന്ന കസാഖ്‌സ്‌താനില്‍ 18,000 മീ. കനത്തിലുള്ള അവസാദശിലാശേഖരമുണ്ട്‌. വന്‍തോതില്‍ പെട്രാളിയം നിക്ഷേപങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ശിലാക്രമങ്ങളില്‍ 350ല്‍പ്പരം സാള്‍ട്ട്‌ഡോമുകള്‍ കണ്ടെത്തിയിട്ടുണ്ട്‌. (നോ: ഊര്‍ധ്വവേധനം) മധ്യമേഖലയിലെ അവക്ഷേപഗിരിനിരകള്‍ പാലിയോസോയിക്‌ മഹാകല്‌പത്തിലും അതിനുമുമ്പുമായി വിവര്‍ത്തനവിധേയമായിട്ടുള്ളവയാണ്‌. അന്തര്‍വേധനം സൃഷ്ടിച്ചിട്ടുള്ള പൈറൈറ്റ്‌ തുടങ്ങിയ ധാതുക്കളുടെ നിക്ഷേപങ്ങളും ഇവിടെയുണ്ട്‌. പെര്‍മിയന്‍ട്രയാസിക്‌ കല്‌പങ്ങളില്‍ രൂപം കൊണ്ട 10,000 മീ. കനത്തിലുള്ള അവസാദ എണ്ണപ്രകൃതിവാതകങ്ങളുടെയും തവിട്ടുനിറത്തിലുള്ള കല്‍ക്കരിയുടെയും വന്‍തോതിലുള്ള നിര്‍മാണസഞ്ചയങ്ങള്‍ക്കു കളമൊരുക്കിയിരിക്കുന്നു. ആള്‍ട്ടായ്‌ നിരകളില്‍ വിവര്‍ത്തന പ്രക്രിയകള്‍ പാലിയോസോയിക്‌ മഹാകല്‌പത്തില്‍ ഉച്ചതമമായിരുന്നു.

അപവാഹം

റിപ്പബ്ലിക്കിലെ നീര്‍ച്ചാലുകളില്‍ 90 ശ.മാ. ഉം അല്‌പകാലം മാത്രം നീരൊഴുക്കുള്ളവയും ഒഴുക്കിനിടയില്‍ മണല്‍പ്പാടങ്ങളില്‍ വച്ച്‌ വറ്റിപ്പോകുന്നവയുമാണ്‌. ഓബ്‌നദിയുടെ പോഷകഘടകങ്ങളായ ഇര്‍തിഷ്‌, ഐഷിം, ടോബോള്‍ എന്നീ വന്‍ നദികള്‍ ആര്‍ട്ടിക്‌ സമുദ്രത്തിലേക്കാണ്‌ ഒഴുകുന്നത്‌. മറ്റുള്ളവയൊക്കെത്തന്നെ കാസ്‌പിയന്‍ കടലിലും ആറാള്‍ക്കടലിലും ബാള്‍ഖാഷ്‌, റ്റെല്‍ഗിഷ്‌, ഷാല്‍ക്കാര്‍, കാരസോര്‍ എന്നീ തടാകങ്ങളിലുമായി ഒഴുകിയവസാനിക്കുന്നു. യൂറാള്‍ നിരകളിലുദ്‌ഭവിച്ച്‌ തെക്കോട്ടൊഴുകി കാസ്‌പിയന്‍ കടലില്‍ പതിക്കുന്ന യൂറാള്‍ നദിയുടെ 1,125 കി. മീറ്ററോളവും തിയെന്‍ഷാന്‍ നിരകളിലുദ്‌ഭവിച്ച്‌ പശ്ചിമോത്തര ദിശയിലൊഴുകി ആറാള്‍ക്കടലില്‍ പതിക്കുന്ന സിര്‍ദാരിയാ നദിയുടെ 960 കി. മീറ്ററോളവും ദൈര്‍ഘ്യമുള്ള നദീമാര്‍ഗങ്ങള്‍ ഈ റിപ്പബ്ലിക്കിനുള്ളിലാണ്‌.

ബള്‍ഖാഷ്‌ തടാകം
വറ്റിപ്പോയ ആറാള്‍ക്കടലും അവിടെ ഉപേക്ഷിക്കപ്പെട്ട കപ്പലും

കസാഖ്‌സ്‌താനിലെ തടാകങ്ങളുടെ മൊത്തം വിസ്‌തൃതി സു. 45,000 ച.കി.മീ. യാണ്‌. ബാള്‍ഖാഷ്‌, സായ്‌സാന്‍ തുടങ്ങി 100 ച.കി.മീ.ല്‍ ഏറെ വ്യാപ്‌തിയുള്ള 21 തടാകങ്ങളുണ്ട്‌. ഭൂമുഖത്തെ ഏറ്റവും വലിയ കരബദ്ധകടല്‍ (inland sea) ആണ്‌ കാസ്‌പിയന്‍; 4,00,000 ച.കി.മീ. വ്യാപ്‌തിയുള്ള ഈ കടലിന്റെ അധികപങ്കും ഈ റിപ്പബ്ലിക്കിനുള്ളിലാണ്‌. ഉസ്‌ബെക്കിസ്‌താന്‍, കസാഖ്‌സ്‌താന്‍ എന്നിവിടങ്ങളിലായി പരന്നുകിടക്കുന്ന ആറാള്‍ക്കടലിന്‌ 62,000 ച.കി.മീ. വിസ്‌തൃതിയുണ്ട്‌. കടുത്ത വേനല്‍ അനുഭവപ്പെടുന്ന ആണ്ടുകളില്‍ വേനല്‍ക്കാലത്ത്‌ വറ്റിവരണ്ട്‌ ലവണനിക്ഷേപങ്ങള്‍ മാത്രമവശേഷിപ്പിക്കുന്ന ജലാശയങ്ങളില്‍ നിന്ന്‌ പലയിനം ലവണങ്ങളും ശേഖരിക്കപ്പെടുന്നു. ചിലതിലുള്ള ചെളിമണ്ണ്‌ ഔഷധമൂല്യമുള്ളതാണ്‌.

കസാഖ്‌ ഉന്നതമേഖലകളിലെ 2,000 ച.കി.മീ. പ്രദേശത്ത്‌ നിരവധി ഹിമാനികളുണ്ട്‌. താഴ്‌വര ഹിമാനികള്‍ (valley glaciers)എണ്ണത്തില്‍ 20 ശ.മാ. മാത്രമേയുള്ളുവെങ്കിലും മൊത്തം ഹിമാവൃതമേഖലയുടെ പകുതിയോളമേ ഇതര പര്‍വത ഹിമാനികള്‍ (mountain glaciers) വ്യാപിച്ചിട്ടുള്ളു.

കാലാവസ്ഥ

സമുദ്രത്തില്‍ നിന്നുള്ള അകലം, അതിവ്യാപ്‌തി, നിമ്‌നോന്നതത്വം എന്നിവ മൂലം ഈ മേഖലയില്‍ പൊതുവേയുള്ള വന്‍കരകാലാവസ്ഥയില്‍ തികഞ്ഞ മേഖലാവത്‌കരണം സംഭവിച്ചിരിക്കുന്നു. തെളിഞ്ഞ അന്തരീക്ഷം പൂര്‍ണമായ സൗരപ്രസരണത്തിനു സഹായകമാണ്‌. ഉത്തരഭാഗത്ത്‌ കഠിനമായ ഉഷ്‌ണകാലവും തീക്ഷ്‌ണതയേറിയ ശൈത്യകാലവും അനുഭവപ്പെടുമ്പോള്‍, ദക്ഷിണമേഖലയില്‍ ഉഷ്‌ണശൈത്യങ്ങളുടെ പ്രഭാവം ക്രമത്തില്‍ കുറഞ്ഞു കാണുന്നു. ശീതകാലത്ത്‌ (ജനു.) ശരാശരി താപനില വടക്ക്‌18ºCഉം തെക്ക്‌3ºCഉം ആയിരിക്കുമ്പോള്‍ വേനല്‍ക്കാലത്ത്‌ (ജൂല.) വടക്ക്‌ 29ºCഉം തെക്ക്‌ 20ºCഉം ആണ്‌. ദക്ഷിണദിശയില്‍ ചരിക്കുന്ന ആര്‍ട്ടിക്‌ വായുപിണ്ഡത്തിന്റെ പ്രഭാവത്തില്‍പ്പെടുമ്പോള്‍ താപനില വടക്ക്‌45ºCഉം തെക്ക്‌35ºCഉം ആകുന്നുണ്ട്‌. തീക്ഷ്‌ണമായ ഉഷ്‌ണകാലങ്ങളില്‍ മണല്‍പ്പരപ്പിന്റെ താപനില 70ºC വരെ ഉയരും. ശരാശരി വാര്‍ഷിക വര്‍ഷപാതം റിപ്പബ്ലിക്കിന്റെ ഉത്തരമേഖലകളില്‍ 2030 സെ.മീ.ഉം ദക്ഷിണ ഭാഗങ്ങളില്‍ 4050 സെ.മീ.ഉം മാത്രമാണ്‌. മണല്‍ക്കാടുകളിലും ബാള്‍ഖാഷ്‌ തടാകത്തിന്റെ പ്രാന്തങ്ങളിലും ഇത്‌ 10 സെ.മീ.ല്‍ കുറവായിരിക്കുമ്പോള്‍ കസാഖ്‌ ഉന്നതമേഖലയില്‍ 160 സെ.മീ.ല്‍ കവിഞ്ഞ വര്‍ഷപാതം ലഭ്യമാണ്‌. ഉഷ്‌ണകാലത്ത്‌ തെക്കന്‍ പ്രദേശങ്ങളില്‍ ഉഷ്‌ണ മണല്‍ക്കാറ്റുകളും ശീതകാലത്ത്‌ ഉത്തരമേഖലകളില്‍ വിറങ്ങലിപ്പിക്കുന്ന ശീതക്കാറ്റുകളും സാധാരണമാണ്‌.

സസ്യജാലവും ജന്തുവര്‍ഗങ്ങളും

റിപ്പബ്ലിക്കിലെ വൈവിധ്യമാര്‍ന്ന സസ്യജാലത്തെ ആധാരമാക്കി കസാഖ്‌സ്‌താന്‍ സ്‌റ്റെപി, അര്‍ധമരുഭൂമി, മരുഭൂമി എന്നിങ്ങനെ മൂന്നു മേഖലകളായി വിഭജിതമാണ്‌. ഉത്തരാര്‍ധത്തില്‍ കസാഖ്‌സ്‌താന്റെ ഏറിയ പങ്കും വ്യാപിച്ചിട്ടുള്ള സ്‌റ്റെപി മേഖലയില്‍ പലയിനം പുല്‍വര്‍ഗങ്ങള്‍ സമൃദ്ധമായി വളരുന്നു. അര്‍ധമരുഭൂപ്രദേശത്ത്‌ കാഞ്ഞിരം തുടങ്ങിയ വൃക്ഷങ്ങള്‍ക്കാണ്‌ പ്രാമുഖ്യം. റിപ്പബ്ലിക്കിന്റെ പകുതിയിലധികം പ്രദേശവും മരുഭൂമിയാണ്‌.

സ്റ്റെപീ മേഖലയിലെ ട്യൂലിപ് പുഷ്പങ്ങള്‍

കരണ്ടുതീനികളാണ്‌ ഇവിടത്തെ ഏറ്റവും പ്രമുഖ സസ്‌തനികള്‍. നിരവധിയിനം പക്ഷികള്‍, സസ്‌തനികള്‍, മത്സ്യങ്ങള്‍, ഉരഗങ്ങള്‍, ഉഭയജീവികള്‍ എന്നിവ റിപ്പബ്ലിക്കില്‍ ഉണ്ട്‌. കാസ്‌പിയന്‍കടല്‍, ആറാള്‍ക്കടല്‍, ബാള്‍ഖാഷ്‌ തുടങ്ങിയ തടാകങ്ങള്‍ എന്നിവിടങ്ങളിലായി സമൃദ്ധമായൊരു മത്സ്യശേഖരവുമുണ്ട്‌.

മണ്ണും ധാതുക്കളും

വടക്കന്‍ പ്രദേശങ്ങളില്‍ ഉര്‍വരതയേറിയ "ചെര്‍നോസെം' എന്ന കറുത്തയിനം മണ്ണിനാണ്‌ പ്രാമുഖ്യം. റിപ്പബ്ലിക്കിന്റെ ഭൂവിസ്‌തൃതിയില്‍ 7 ശതമാനത്തോളം ഈയിനം മണ്ണ്‌ വ്യാപിച്ചിരിക്കുന്നു. മധ്യഭാഗത്തെ 26 ശ.മാ. പ്രദേശത്ത്‌ ചെസ്‌നട്ട്‌ മണ്ണും തെക്ക്‌ 26 ശ.മാ. പ്രദേശത്ത്‌ മണല്‍മണ്ണും ആണുള്ളത്‌. എന്നാല്‍ ഏറിയ പങ്ക്‌ പ്രദേശങ്ങളിലും കൃഷിക്കനുയോജ്യമല്ലാത്ത ലവണരസമുള്ള വരണ്ട മണ്ണാണുള്ളത്‌. ഭൂഗര്‍ഭജലമുപയോഗിച്ച്‌ ഇതിനെ കൃഷിക്കനുയുക്തമാക്കിവരുന്നു.

ധാതുസമ്പത്തിന്റെ കാര്യത്തില്‍ കസാഖ്‌സ്‌താന്‍ മുന്‍പന്തിയിലാണ്‌. ആധുനിക മനുഷ്യന്‌ അനിവാര്യമായിത്തീര്‍ന്നിട്ടുള്ള തൊണ്ണൂറോളം ധാതുക്കള്‍ സോവിയറ്റ്‌ കാലഘട്ടത്തില്‍ ഇവിടെ കണ്ടെത്തിയിട്ടുണ്ട്‌. ക്രാമിയം, ചെമ്പ്‌, കാരീയം, നാകം, വെള്ളി, ടങ്‌സ്റ്റന്‍, മോളിബ്‌ഡിനം, കാഡ്‌മിയം, ബിസ്‌മത്ത്‌, ഫോസ്‌ഫറസ്‌, ആസ്‌ബസ്‌റ്റോസ്‌, ബേറൈറ്റ്‌, പൈറോഫിലൈറ്റ്‌ എന്നിവയുടെ ഉത്‌പാദനരംഗത്ത്‌ കസാഖ്‌സ്‌താന്‍ മുന്നില്‍ നില്‌ക്കുന്നു. ടിന്‍, നിക്കല്‍, കോബാള്‍ട്ട്‌, ടൈറ്റാനിയം, മാങ്‌ഗനീസ്‌, ആന്‍റിമണി, സ്വര്‍ണം എന്നിവയും ഇവിടെ ഖനനം ചെയ്യുന്നുണ്ട്‌. ഇരുമ്പയിര്‌, കല്‍ക്കരി എന്നിവയും കസാഖ്‌സ്‌താനില്‍ കണ്ടെത്തിയിട്ടുണ്ട്‌.







ജനങ്ങള്‍

ജനവിതരണം

പരമ്പരാഗത വേഷങ്ങളണിഞ്ഞ നര്‍ത്തകര്‍

കസാഖ്‌സ്‌താനില്‍ ജനവിതരണം തികച്ചും അസന്തുലിതമാണ്‌. ജനങ്ങളില്‍ ഒട്ടുമുക്കാലും വടക്കും തെ. കിഴക്കും ഭാഗങ്ങളിലുള്ള കാര്‍ഷികവ്യാവസായിക കേന്ദ്രങ്ങളില്‍ നിവസിക്കുന്നു. പട്ടണങ്ങളിലും മരുപ്പച്ചകളിലും വര്‍ധിച്ച ജനസാന്ദ്രതയുള്ളപ്പോള്‍ പടിഞ്ഞാറും തെക്കും മധ്യത്തും ഇത്‌ വളരെ കുറവാണ്‌. മറ്റു യൂണിയന്‍ റിപ്പബ്ലിക്കുകളിലെന്നപോലെ കസാഖ്‌സ്‌താനിലും ജനസംഖ്യാവര്‍ധനയുടെ നിരക്ക്‌ കൂടുതലാണ്‌. ഒക്‌ടോബര്‍ വിപ്ലവത്തിനുമുമ്പ്‌ കസാഖ്‌സ്‌താനില്‍, 50,000ലധികം ജനങ്ങള്‍ വസിച്ചിരുന്ന നഗരങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. 1972ല്‍ 16 നഗരങ്ങളില്‍ ജനസംഖ്യ ഒരു ലക്ഷം കവിഞ്ഞിരുന്നു. ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ഉള്ളത്‌ അല്‍മാട്ടി നഗരത്തിലാണ്‌:

11,29,000 (2000). തലസ്ഥാന നഗരമായ അസ്‌താനയില്‍ (Astana) 3,13,000 ആണ്‌ ജനസംഖ്യ (2000). ആല്‍മ ആത്ത, പെട്രാപാവ്‌ലോസ്‌ക്‌, യൂറാള്‍സ്‌ക്‌ തുടങ്ങിയ നഗരങ്ങള്‍ പ്രാക്കാലം മുതല്‌ക്കേ അധിവാസകേന്ദ്രങ്ങളായിരുന്നു. കാരാഗണ്ട, റൂഡ്‌നി തുടങ്ങിയവ ആസൂത്രിത നഗരങ്ങളാണ്‌.

ജനവര്‍ഗങ്ങള്‍

റിപ്പബ്ലിക്കിലെ തദ്ദേശീയരായ കസാഖ്‌ ജനവര്‍ഗക്കാരുടെ സംഖ്യ രാജ്യത്തിലെ മൊത്തം ജനസംഖ്യയായ 1,49,53,000ന്റെ (1999) 53 ശ.മാ. ആണ്‌. പ്രബലമായ മറ്റു ജനവര്‍ഗങ്ങള്‍ റഷ്യന്‍ (30 ശ.മാ.) ഉക്രനിയന്‍ എന്നിവയാണ്‌. ടാട്ടാര്‍, ബൈലോറഷ്യന്‍, ഉയ്‌ഗുര്‍ തുടങ്ങിയ ജനവര്‍ഗങ്ങളും ഇവിടെയുണ്ട്‌.

കസാഖുകള്‍. പണ്ടു മുതലേ കസാഖ്‌സ്‌താനില്‍ വസിച്ചുപോരുന്ന ജനവര്‍ഗമാണിത്‌. ഇവരില്‍ ഭൂരിപക്ഷവും തുര്‍ക്കി ഭാഷയായ കസാഖ്‌ സംസാരിക്കുന്ന സുന്നി മുസ്‌ലിങ്ങളാണ്‌. തുര്‍ക്കികളുടെയും മംഗോളിയരുടെയും സ്വഭാവവിശേഷങ്ങള്‍ ഭാഗികമായുള്‍ക്കൊള്ളുന്ന ഇക്കൂട്ടര്‍ നാടോടികളായിരുന്നു; മുഖ്യതൊഴില്‍ കാലിമേക്കലും. 15-ാം ശതകത്തിന്റെ അന്ത്യത്തോടെ ഒരു വ്യതിരിക്ത ജനവിഭാഗമാണെന്ന ബോധം ഉള്‍ക്കൊണ്ട കസാഖ്‌ ജനത കാസിംഖാന്റെ നേതൃത്വത്തില്‍ ഒരു പ്രത്യേക ഭരണപ്രദേശത്തിന്‌ രൂപം നല്‌കി. 19-ാം ശതകത്തിന്റെ മധ്യത്തോടെ സോവിയറ്റ്‌ നിയന്ത്രണത്തിലായ കസാഖിസ്‌താനില്‍ നിന്ന്‌ സമ്പന്നരായ കസാഖുകള്‍ കാലികളോടൊപ്പം സിങ്കിയാങ്ങി(ചൈന)ലേക്ക്‌ പലായനം ചെയ്‌തു. സിങ്കിയാങ്ങില്‍ ഇവര്‍ക്കായി സംവരണം ചെയ്യപ്പെട്ടിട്ടുള്ള ജില്ലകളും മറ്റുമുണ്ട്‌. കസാഖ്‌സ്‌താനു പുറമേ ചൈന, അഫ്‌ഗാനിസ്‌താന്‍, റഷ്യന്‍ ഫെഡറേഷന്‍ എന്നീ രാജ്യങ്ങളിലും കസാഖ്‌ജനത വസിക്കുന്നുണ്ട്‌.

ഭാഷയും സാഹിത്യവും

ഈ റിപ്പബ്ലിക്കിലെ ഔദ്യോഗിക ഭാഷ കസാഖ്‌ ആണ്‌. ആള്‍ട്ടായിക്‌ ഭാഷകളുടെ ഉപകുലത്തിലെ ടര്‍ക്കിഷ്‌ ഭാഷാഗോത്രത്തില്‍പ്പെടുന്ന കസാഖ്‌ഭാഷ സംസാരിക്കുന്ന ജനങ്ങള്‍ കസാഖ്‌സ്‌താനിലും സമീപപ്രദേശങ്ങളിലുമായി വസിക്കുന്നു. കിര്‍ഗിസ്‌, കാരാകാല്‌പക്‌ തുടങ്ങിയ ടര്‍ക്കിഷ്‌ഭാഷകള്‍ സംസാരിക്കുന്നവര്‍ ഈ റിപ്പബ്ലിക്കിലുണ്ട്‌. ഉസ്‌ബക്‌, ടാട്ടാര്‍ എന്നിവ കഴിഞ്ഞാല്‍ ഭാഷാവിഭാഗങ്ങളുടെ കൂട്ടത്തില്‍ കസാഖ്‌ഭാഷയ്‌ക്കാണ്‌ പ്രാമുഖ്യം.

കസാഖ്‌ഭാഷയുടെ അടിസ്ഥാനഘടകം തുര്‍ക്കി പദങ്ങളാണ്‌. പേര്‍ഷ്യന്‍അറബിപദങ്ങള്‍ കസാഖ്‌ഭാഷ ധാരാളമായി ഉള്‍ക്കൊണ്ടിട്ടുണ്ട്‌. 1922നുശേഷം കസാഖ്‌ ജനത മതചടങ്ങുകളില്‍ അറബി അക്ഷരങ്ങളും തുടര്‍ന്ന്‌ ലത്തീന്‍ ലിപിയും സ്വീകരിച്ചു. 1940ല്‍ കസാഖ്‌ഭാഷ (കസഹ്‌ഭാഷ) റഷ്യന്‍ ലിപി സ്വീകരിച്ചു.

19-ാം ശ.ത്തിന്റെ ഉത്തരാര്‍ധത്തിലാണ്‌ കസാഖ്‌ ഒരു സാഹിത്യഭാഷയായി ഉരുത്തിരിഞ്ഞത്‌. കസാഖ്‌ ജനതയുടെ സാംസ്‌കാരിക നായകനും കവിയും ചിന്തകനുമായ അബായ്‌കുനന്‍ബായേയ്‌ (Abaiknanbaey) ആണ്‌ കസാഖ്‌ സാഹിത്യഭാഷയുടെ പിതാവെന്ന നിലയില്‍ ആദരിക്കപ്പെടുന്നത്‌. ഇദ്ദേഹത്തിന്റെ രചനകള്‍ തുര്‍ക്കിസ്‌താന്‍ പ്രസിദ്ധീകരണങ്ങളിലാണ്‌ ആദ്യം പ്രസിദ്ധീകരിച്ചത്‌. കസാഖ്‌ ഭാഷയിലെ ആദ്യമാസിക "ഐകാപ്പ്‌' ആണ്‌ (1911-15). 1913 ലാണ്‌ കസാഖ്‌സ്‌താനില്‍ ദിനപത്രങ്ങള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയത്‌. തുടര്‍ന്ന്‌ 1917 ആയപ്പോഴേക്കും അനവധി ആനുകാലികങ്ങളും പ്രചാരത്തില്‍ വന്നു. ധാരാളമായി വിദേശീയഭാഷകളിലെ പദങ്ങളുള്‍ക്കൊണ്ടിട്ടുണ്ടെങ്കിലും സാഹിത്യഭാഷ മൗലികമായ പദസമ്പത്തിനെ ആശ്രയിച്ചുപോരുന്നു. കസാഖ്‌ഭാഷയിലുള്ള നാടോടിപ്പാട്ടുകള്‍, നാടോടിക്കഥകള്‍, ഐതിഹ്യങ്ങള്‍ മുതലായവയെ പുഷ്‌കിന്‍, ഗോര്‍ക്കി തുടങ്ങിയവര്‍ പ്രശംസിച്ചിട്ടുണ്ട്‌. ഈ നാടന്‍ കലാസാഹിത്യരൂപങ്ങളെ ക്രാഡീകരിച്ചവരില്‍ പ്രധാനിയാണ്‌ കുര്‍മാന്‍ഗസ്‌.

സമ്പദ്‌വ്യവസ്ഥ

ഒക്‌ടോബര്‍ വിപ്ലവത്തിനു മുമ്പ്‌, കൊളോണിയല്‍ സ്വഭാവമുള്ള ഭരണാധിപത്യത്തിന്‍ കീഴിലായിരുന്ന കസാഖ്‌സ്‌താനിലെ സമ്പദ്‌ഘടന, തികച്ചും ശോചനീയമായിരുന്നു. പ്രകൃതിസമ്പത്തുകളാല്‍ അനുഗൃഹീതമായ ഈ വിസ്‌തൃതമേഖല സോവിയറ്റ്‌ കാലഘട്ടത്തില്‍ സോവിയറ്റ്‌ യൂണിയനിലെ പ്രമുഖ കാര്‍ഷിക വ്യാവസായിക റിപ്പബ്ലിക്കായി വികസിച്ചു. 1971ല്‍ സോവിയറ്റ്‌ യൂണിയനില്‍ ഉത്‌പാദിപ്പിച്ചിരുന്ന ഗോതമ്പിന്റെ മൂന്നിലൊന്നോളം വിളയിപ്പിച്ചിരുന്ന ഇതേ റിപ്പബ്ലിക്കിലെ വ്യാവസായികോത്‌പാദനം 1913നെ അപേക്ഷിച്ച്‌ 158 മടങ്ങായി വര്‍ധിച്ചിരുന്നു. ഉത്‌പാദനവര്‍ധന സാധ്യമായത്‌ വന്‍തോതിലുണ്ടായ കുടിയേറ്റത്തിന്റെയും കൂടി ഫലമായതിനാല്‍ ഇക്കാലത്തിനിടെ നഗരവത്‌കരണവും ക്രമാതീതമായിരുന്നു. പുരോഗതിയുടെ ഉച്ചകോടിയിലും സാംസ്‌കാരിക പൈതൃകം കൈമോശം വരാതിരിക്കാനുള്ള സംവിധാനങ്ങളും ഇവിടെയുണ്ട്‌. 1998ലെ കണക്കനുസരിച്ച്‌ മൊത്തം ആഭ്യന്തരോത്‌പാദനത്തിന്റെ 9.2 ശ.മാ. കൃഷി, 31.2 ശ.മാ. വ്യവസായം, 59.6 ശ.മാ. സേവനം എന്നീ മേഖലകളുടെ സംഭാവനയാണ്‌.

മുന്‍ സോവിയറ്റ്‌ യൂണിയനിലെ ഒരു പ്രധാന കാര്‍ഷികോത്‌പാദന രാജ്യമായിരുന്നു കസാഖ്‌സ്‌താന്‍. ഗോതമ്പ്‌, ചോളം എന്നിവയായിരുന്നു ഇവിടത്തെ മുഖ്യവിളകള്‍. മാംസം, പാല്‍ തുടങ്ങിയവയുടെ ഉത്‌പാദനത്തിലും രാജ്യം മുന്‍പന്തിയിലായിരുന്നു. 1997ല്‍ മൊത്തം ആഭ്യന്തരോത്‌പാദനത്തിന്റെ സു. 12 ശ.മാ. കാര്‍ഷികമേഖലയുടെ സംഭാവനയായിരുന്നു. ധാന്യങ്ങള്‍, പരുത്തി, മറ്റു വിളകള്‍ എന്നിവയ്‌ക്കുപുറമേ പുകയില, റബ്ബര്‍, കടുക്‌ തുടങ്ങിയവയും ഇവിടെനിന്നും ഉത്‌പാദിപ്പിക്കപ്പെടുന്നുണ്ട്‌. പഴത്തോട്ടങ്ങള്‍ മുന്തിരിത്തോട്ടങ്ങള്‍ എന്നിവയും കസാഖ്‌സ്‌താനില്‍ സമൃദ്ധമായി കാണപ്പെടുന്നു. നല്ലയിനം കമ്പിളി ലഭിക്കുന്ന ഇനം ആടുകള്‍ക്കും കസാഖ്‌സ്‌താന്‍ പ്രസിദ്ധമാണ്‌. രാജ്യത്തിന്റെ മൊത്തം ധാന്യ ഉത്‌പാദനത്തിന്റെ പകുതിയോളം കയറ്റുമതി ചെയ്യപ്പെടുന്നുണ്ട്‌. റഷ്യ, ഉക്രയ്‌ന്‍, തുര്‍ക്‌മെനിസ്‌താന്‍ തുടങ്ങിയ രാജ്യങ്ങളാണ്‌ മുഖ്യ വാണിജ്യ പങ്കാളികള്‍. മൊത്തം വിസ്‌തൃതിയുടെ സു. 3.9 ശ.മാ. വനഭൂമിയാണ്‌ (1998). തടിക്കും വനവിഭവങ്ങള്‍ക്കും രാജ്യത്തിന്റെ സമ്പദ്‌ഘടനയില്‍ ഒരു പ്രധാന സ്ഥാനം ലഭിച്ചിട്ടുണ്ട്‌. കന്നുകാലി വളര്‍ത്തലും മത്സ്യബന്ധനവും ആണ്‌ മറ്റു പ്രധാന ഉപജീവനമാര്‍ഗങ്ങള്‍.

ഇരുമ്പയിര്‌, കല്‍ക്കരി, മാങ്‌ഗനീസ്‌, സ്വര്‍ണം, ക്രാം, ടൈറ്റാനിയം, നിക്കല്‍, മോളിബ്‌ഡിനം, ബോക്‌സൈറ്റ്‌, ചെമ്പ്‌ തുടങ്ങിയ ഖനിജങ്ങള്‍ രാജ്യത്തു നിന്നും ഖനനം ചെയ്യപ്പെടുന്നുണ്ട്‌.

ഗതാഗതം

കസാഖ്‌സ്‌താനിന്റെ ഗതാഗത ശൃംഖല ഈ പ്രദേശത്തെ മുന്‍ സോവിയറ്റ്‌ യൂണിയനുമായി പ്രധാനമായും റഷ്യബന്ധിപ്പിക്കുന്നതിന്‌ പ്രാമുഖ്യം നല്‍കുന്ന തരത്തിലാണ്‌. താരതമ്യേന അവികസിതമായ റോഡ്‌ ശൃംഖലയാണ്‌ രാജ്യത്തുള്ളത്‌. പ്രമുഖ നഗരങ്ങളിലൊന്നായ അല്‍മാ ആത്തയെ മധ്യേഷ്യയിലെ മറ്റു തലസ്ഥാന നഗരങ്ങളുമായും വ്യാവസായിക നഗരങ്ങളുമായും റോഡു മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. 1998ലെ കണക്കനുസരിച്ച്‌ സു. 1,19,390 കി.മീയായിരുന്നു രാജ്യത്തെ റോഡുകളുടെ മൊത്തം ദൈര്‍ഘ്യം; ഇതില്‍ 18,884 കി.മീ. ദേശീയ പാതയാണ്‌.

1991 ലാണ്‌ കസാഖ്‌സ്‌താനെ ചൈനയുമായി ബന്ധിപ്പിക്കുന്ന റെയില്‍പാത നിലവില്‍ വന്നത്‌. 1997ലെ കണക്കുകള്‍പ്രകാരം മൊത്തം 14,400 കി.മീ. റെയില്‍പ്പാതകള്‍ ഉണ്ടായിരുന്നു.

രാജ്യതലസ്ഥാനമായ അല്‍മാട്ടിയിലാണ്‌ രാജ്യത്തെ ഏക അന്താരാഷ്‌ട്ര വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്‌. അഖ്‌താവു (Aktau) ആണ്‌ പ്രധാന തുറമുഖം. മുന്‍ സോവിയറ്റ്‌ യൂണിയനിലെ ബഹിരാകാശപേടക വിക്ഷേപണകേന്ദ്രമായ ബൈക്കനൂര്‍ (Baikonur) ഇപ്പോള്‍ കസാഖ്‌സ്‌താനിലാണ്‌ സ്ഥിതി ചെയ്യുന്നതെങ്കിലും ഇത്‌ റഷ്യയുടെയും കസാഖ്‌സ്‌താനിന്റെയും സംയുക്ത നിയന്ത്രണത്തിലാണ്‌.

ഭരണസംവിധാനം

രാജ്യത്തെ 14 പ്രവിശ്യകളായി വിഭജിച്ചിരിക്കുന്നു. "സുപ്രീം സോവിയറ്റ്‌' (Supreme Soviet) ആണ്‌ നിയമനിര്‍മാണസഭ. അഞ്ചു വര്‍ഷത്തെ കാലാവധിക്കാണ്‌ ഇതിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നത്‌. പ്രധാനമന്ത്രിയെയും മറ്റു വകുപ്പുമന്ത്രിമാരെയും നിയമിക്കുന്നത്‌ പ്രസിഡന്റാണ്‌.

അസ്‌താനയിലുള്ള പ്രസിഡന്‍ഷ്യല്‍ കള്‍ച്ചറല്‍ സെന്റര്‍

1991വരെ കമ്യൂണിസ്റ്റു പാര്‍ട്ടിയായിരുന്നു കസാഖ്‌സ്‌താനിലെ നിയമസാധുതയുള്ള ഏക രാഷ്‌ട്രീയ പാര്‍ട്ടി. 1991 ആഗസ്റ്റിലുണ്ടായ അട്ടിമറിശ്രമം വിഫലമായതിനെത്തുടര്‍ന്ന്‌ ഈ രാഷ്‌ട്രീയപാര്‍ട്ടി നിരോധിക്കപ്പെട്ടു.

1997 ല്‍ അല്‍മാട്ടി(അല്‍മആത്ത)യില്‍ നിന്നും രാജ്യതലസ്ഥാനം അഖ്‌മോള(Agmola)യിലേക്കു മാറ്റി. 1998 മേയിലാണ്‌ അഖ്‌മോള അസ്‌താന(Astana)യെന്നു പുനര്‍നാമകരണം ചെയ്‌തത്‌. മുന്‍ തലസ്ഥാനമായ അല്‍മാട്ടി, ഖ്വാറാഘണ്ടി (Qaraghandu), ഷിംകെന്റ്‌ (Shymkent)എന്നിവ മറ്റു പ്രധാന നഗരങ്ങളാണ്‌.

ചരിത്രം

ശിലായുഗം മുതല്‍ക്കു തന്നെ കസാഖ്‌സ്‌താനില്‍ മനുഷ്യവാസമുണ്ടായിരുന്നതിന്‌ തെളിവുകളുണ്ട്‌. തുടര്‍ന്നും ഇവിടെ മനുഷ്യാധിവാസമുണ്ടായിരുന്നതായി ബാള്‍ഖാഷ്‌ തടാകതീരത്തും പര്‍വതഗഹ്വരങ്ങളിലും കണ്ടെത്തിയിട്ടുള്ള രേഖകള്‍ സൂചിപ്പിക്കുന്നു. എ.ഡി. 6-ാം ശതകത്തില്‍ പ്രഭുത്വവ്യവസ്ഥിതിയുടെ സ്വഭാവവിശേഷങ്ങള്‍ കണ്ടു തുടങ്ങിയ കസാഖ്‌സ്‌താനില്‍ ശക്തമായ ഫ്യൂഡല്‍ സ്റ്റേറ്റുകള്‍ സ്ഥാപിതമായി. 1219 മുതല്‍ മൂന്നു വര്‍ഷക്കാലം കൊണ്ട്‌, മംഗോളിയയിലെ ടാട്ടാര്‍ ജനതയുടെ അധീനതയിലായ ഈ പ്രദേശം ചെങ്കിസ്‌ഖാന്റെ പുത്രന്മാര്‍ പങ്കിട്ടു ഭരണംനടത്തി. 15 മുതല്‍ 18 വരെ ശതകങ്ങളില്‍ കസാഖ്‌ ജനവര്‍ഗം തനിമയാര്‍ന്ന ഒരു ദേശീയത്വം പടുത്തുയര്‍ത്തി. ഇതോടൊപ്പം നാട്ടുരാജാക്കന്മാ(Khans)രുടെ കീഴില്‍ ധാരാളം ചെറുരാജ്യങ്ങള്‍ (Khan-ates) കസാഖ്‌സ്‌താനില്‍ ശക്തി പ്രാപിക്കുകയുണ്ടായി. ഇക്കാലത്ത്‌ പതിന്മടങ്ങ്‌ ശക്തി പ്രാപിച്ച പ്രഭുത്വവ്യവസ്ഥിതിയിന്‍ കീഴില്‍ സമൂഹത്തിലെ താഴ്‌ന്ന വിഭാഗക്കാര്‍ കഠിനമായ പീഡനത്തിന്‌ വിധേയരായി. നാട്ടുരാജ്യങ്ങള്‍ ശിഥിലമാവുകയും സിങ്കിയാങ്‌ തുടങ്ങിയ മേഖലകളില്‍ നിന്ന്‌ ആക്രമണഭീഷണി വര്‍ധിക്കുകയും ചെയ്‌തതിനെത്തുടര്‍ന്ന്‌ റഷ്യയുമായി പല തുറകളിലും സൗഹൃദബന്ധം പുലര്‍ത്തിയിരുന്ന കസാഖുകള്‍ കൂട്ടത്തോടെ റഷ്യന്‍ പൗരത്വം സ്വീകരിച്ചു. സാര്‍ ചക്രവര്‍ത്തിയുടെ ഒത്താശകളോടെ ഇവിടെ തുടര്‍ന്നും ഭരണം നടത്തിപ്പോന്ന ഖാന്മാരില്‍ ചിലര്‍ വധിക്കപ്പെട്ടതിനെത്തുടര്‍ന്ന്‌ കസാഖ്‌സ്‌താന്‍ റഷ്യയോടു ചേര്‍ക്കപ്പെട്ടു.

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ സാര്‍ ചക്രവര്‍ത്തി ഇവിടെ പുതിയൊരു ഭരണസംവിധാനം ഏര്‍പ്പെടുത്തുകയുണ്ടായി. വര്‍ഗത്തലവന്മാരുടെയും മറ്റും അധികാരങ്ങള്‍ വെട്ടിച്ചുരുക്കി പ്രവിശ്യാതല ഭരണക്രമം ഏര്‍പ്പെടുത്തിയെങ്കിലും ഫ്യൂഡല്‍ പ്രഭുക്കന്മാരുടെ സ്വാധീനം സമൂഹത്തില്‍ നിലനിന്നിരുന്നു. ഇവരുടെ പീഡനങ്ങളെ ഭയന്ന്‌ ആയിരക്കണക്കിന്‌ കസാഖുകള്‍ 19-ാം നൂറ്റാണ്ടില്‍ ഇവിടം വിട്ടു പോകുകയുണ്ടായി. 1845ല്‍, അവശേഷിച്ച നാടോടികസാഖുകളടക്കം എല്ലാവരും റഷ്യന്‍ പൗരത്വം സ്വീകരിച്ചു. 1870ല്‍ ഈ പ്രദേശം പൂര്‍ണമായും റഷ്യയുടെ ഭാഗമായിത്തീര്‍ന്നു. 1867-68ല്‍ ഭൂമി മൊത്തത്തില്‍ പൊതുസ്വത്തായി പ്രഖ്യാപിക്കപ്പെട്ടതോടെ റഷ്യ, ഉക്രയിന്‍ തുടങ്ങിയ ഭാഗങ്ങളില്‍ നിന്ന്‌ ധാരാളമായി കര്‍ഷകത്തൊഴിലാളികള്‍ ഇവിടേക്ക്‌ കുടിയേറാന്‍ തുടങ്ങി.

റഷ്യയുടെ ഒരു കോളനിയായി വര്‍ത്തിച്ചുപോന്ന കസാഖ്‌സ്‌താനിലെ പ്രകൃതിസമ്പത്തും മറ്റും ഒക്‌ടോബര്‍ വിപ്ലവം വരെ വന്‍തോതില്‍ ചൂഷണം ചെയ്യപ്പെട്ടിരുന്നു. 19-ാം ശതകത്തിന്റെ അവസാനത്തോടെ പല രാജ്യക്കാരുടെയും മുടക്കുമുതലില്‍ വര്‍ത്തിച്ചിരുന്ന വ്യവസായശാലകളിലെയും മറ്റും അസംതൃപ്‌തരായ തൊഴിലാളികള്‍ 1895ല്‍ സാമ്പത്തികാനുകൂല്യങ്ങള്‍ക്കായി ആദ്യമായി കസാഖ്‌സ്‌താനില്‍ പണിമുടക്ക്‌ സംഘടിപ്പിച്ചു. തുടര്‍ന്ന്‌ ജോലിമുടക്ക്‌ ഒരു സാധാരണ സംഭവമായിത്തീര്‍ന്നു. ഇവിടത്തെ തൊഴില്‍രഹിതരായ കര്‍ഷകത്തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കാണാനായി, റഷ്യയുടെ ഉള്‍ഭാഗങ്ങളില്‍ നിന്ന്‌ ലക്ഷക്കണക്കിന്‌ കൃഷിയിടങ്ങള്‍ കസാഖ്‌സ്‌താനിലേക്കു മാറ്റുകയുണ്ടായി. 1906-1912ലെ കാര്‍ഷിക പരിഷ്‌കരണം കസാഖ്‌സ്‌താനില്‍ റഷ്യാവത്‌കരണം നടത്താനും ചൂഷണത്തിന്റെ ആക്കം കൂട്ടാനും കൂടി ഉദ്ദേശിച്ചുള്ളതായിരുന്നു. (നോ: സോവിയറ്റ്‌ യൂണിയന്‍, ചരിത്രം)

1917 ഫെ.ലെ വിപ്ലവത്തെത്തുടര്‍ന്ന്‌ കസാഖ്‌സ്‌താനിലും റെഡ്‌ഗാര്‍ഡിന്റെ ഘടകങ്ങള്‍ രൂപീകൃതമായി; ബോള്‍ഷെവിക്‌ പാര്‍ട്ടി സമൂഹത്തില്‍ നേതൃത്വം പിടിച്ചെടുത്തു. സമാധാനപരമായി ത്തന്നെ ഇവിടമാകെ സോവിയറ്റ്‌ ശക്തി വ്യാപിച്ചു. ഒക്‌ടോബര്‍ വിപ്ലവത്തെത്തുടര്‍ന്ന്‌ അധികാരത്തില്‍ വന്ന സോവിയറ്റ്‌ സ്റ്റേറ്റ്‌ ഭൂസ്വത്താകെ കണ്ടുകെട്ടി തൊഴിലാളികള്‍ക്കു കൈമാറി; വ്യാവസായിക സ്ഥാപനങ്ങളൊക്കെയും ദേശസാത്‌കരിച്ചു. 1918 ഡി.ല്‍ കസാഖ്‌സ്‌താന്റെ ഒട്ടുമുക്കാലും വൈറ്റ്‌ഗാര്‍ഡിന്റെ അധീനതയിലായി. ലെനിന്റെ നിര്‍ദേശപ്രകാരം മുന്നേറിയ സോവിയറ്റ്‌ സേനയ്‌ക്ക്‌, പ്രഭുത്വശക്തികളുടെ ഒത്താശയോടെ പിടിച്ചുനിന്ന വൈറ്റ്‌ ഗാര്‍ഡുകളെ തകര്‍ത്ത്‌ കസാഖ്‌സ്‌താനെ സ്വതന്ത്രമാക്കാന്‍ കഴിഞ്ഞു (1920). 1920 ആഗ. 26നു കസാഖ്‌സ്‌താനെ റഷ്യയുടെ ഭാഗമാക്കിക്കൊണ്ട്‌ സ്വയംഭരണ കിര്‍ഗിസ്‌ സോവിയറ്റ്‌ സോഷ്യലിസ്റ്റ്‌ റിപ്പബ്ലിക്‌ എന്ന പേരില്‍ ഒരു സോവിയറ്റ്‌ സംസ്ഥാനത്തിന്‌ രൂപം നല്‌കപ്പെട്ടു.

ആഭ്യന്തരയുദ്ധം മൂലം ശിഥിലമായിത്തീര്‍ത്ത സമ്പദ്‌ഘടന സോഷ്യലിസ്റ്റ്‌ പുനര്‍നിര്‍മാണപ്രക്രിയയിലൂടെയും റഷ്യന്‍ സഹായത്തോടെയും ശക്തിയാര്‍ജിച്ചു. സംസ്ഥാനവികസനത്തിന്റെ ഭാഗമായി 1929 മേയില്‍ ആല്‍മ ആത്ത കസാഖ്‌സ്‌താന്റെ തലസ്ഥാനമാക്കപ്പെട്ടു. 1936 ഡി. 5നു കസാഖ്‌സ്‌താന്‍ സ്വയംഭരണാധികാരമുള്ള ഒരു സോവിയറ്റ്‌ റിപ്പബ്ലിക്‌ ആയി മാറി. 1991 ഡി.ല്‍ ഒരു സ്വതന്ത്ര റിപ്പബ്ലിക്കായിമാറിയ കസാഖ്‌സ്‌താന്‍ "കോമണ്‍വെല്‍ത്ത്‌ ഒഫ്‌ ഇന്‍ഡിപ്പെന്‍ഡന്റ്‌ സ്റ്റേറ്റ്‌സ്‌'ലെ ഒരു അംഗരാഷ്‌ട്രമാണ്‌. 1997 ഡി.ല്‍ തലസ്ഥാനം അല്‍മആത്ത (അല്‍മാട്ടി)യില്‍ നിന്നും അഖ്‌മോളയിലേക്കു മാറ്റി. 1998 മേയില്‍ അഖ്‌മോള നഗരം "അസ്‌താന' എന്നു പുനര്‍നാമകരണം ചെയ്യപ്പെട്ടു.

(ആര്‍. ഗോപി; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍