This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കുന്ദമാല
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കുന്ദമാല
ഒരു സംസ്‌കൃതനാടകം. രാമായണം ഉത്തരകാണ്ഡത്തെ ആസ്‌പദമാക്കി രചിച്ചിട്ടുള്ള ഇതിന്റെ കര്‍ത്താവ് ദിങ്‌നാഗനാണെന്ന് പറയപ്പെടുന്നു. ധീരനാഗനെന്നും ചില കൈയെഴുത്തു പ്രതികളില്‍ കാണുന്നുണ്ട്. ഏതായാലും ഇദ്ദേഹം ബൗദ്ധദാര്‍ശനികനായ ദിങ്‌നാഗനാകാന്‍ തരമില്ല. ഭവഭൂതിയുടെ ഉത്തരരാമചരിതത്തിനു കുന്ദമാലയോടു കടപ്പാടുണ്ട്. ഈ നാടകത്തിന്റെ നിര്‍മിതി ഭവഭൂതിക്കും ഭട്ടനാരായണനും വളരെ മുമ്പ് എ.ഡി. രണ്ടും മൂന്നും ശതകങ്ങളിലായിരിക്കാമെന്നാണ് പണ്ഡിതമതം.
സീത അണിഞ്ഞു കൈവെടിഞ്ഞ കുന്ദ(മുല്ലപ്പൂ)മാല കണ്ടു തിരിച്ചറിഞ്ഞു രാമന്‍ വീണ്ടും സീതയുടെ സമാഗമം കാംക്ഷിക്കുന്നതിനാല്‍ നാടകത്തിന്റെ പേരിനു സാംഗത്യമുണ്ട്. കുന്ദമാലയിലെ നാന്ദി ശിവനെയും ഗണപതിയെയും സ്‌തുതിച്ചുകൊണ്ടുള്ളതാണ്. കാളിദാസന്റെയും ഭാസന്റെയും സ്വാധീനത ആറങ്കമുള്ള ഈ കൃതിയില്‍ പ്രകടമായി കാണാം. വളരെ സരളമായ ശൈലിയിലാണ് ഇതെഴുതിയിട്ടുള്ളത്. രാമായണത്തെ ആസ്‌പദമാക്കി പില്‌ക്കാലത്തു രചിക്കപ്പെട്ടിട്ടുള്ള സംസ്‌കൃത നാടകങ്ങളില്‍ നിന്നു വ്യതിരിക്തമായി കുന്ദമാലയില്‍ വിദൂഷകനെ അവതരിപ്പിച്ചിരിക്കുന്നു. കഥാപാത്രങ്ങളുടെ സ്വഭാവാവിഷ്‌കരണത്തില്‍ കവി ശ്രദ്ധിച്ചിട്ടുണ്ട്. പതിപരിത്യക്തയായ സീതയുടെ ദുഃഖത്തില്‍ പക്ഷിമൃഗാദികളും പങ്കു ചേരുന്നതായി ഇതില്‍ പ്രതിപാദിച്ചിരിക്കുന്നു. ഈ നാടകം പ്രക്ഷകരുടെ ഹൃദയത്തില്‍ സ്ഥായിയായ പ്രഭാവമുളവാക്കുന്നതാണ്. ഈ കൃതി കുന്ദമാല എന്ന പേരില്‍ പ്രൊഫ. എ.വി.ശങ്കരനും മുല്ലപ്പൂമാല എന്ന പേരില്‍ ഡോ. എസ്. കെ. നായരും വിരഹവിരാമം എന്ന പേരില്‍ എം.ആര്‍.വേലുപ്പിള്ള ശാസ്‌ത്രിയും മുല്ലമാല എന്ന പേരില്‍ കിളിമാനൂര്‍ കൃഷ്‌ണവാരിയരും മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്‌തിട്ടുണ്ട്.
(മുതുകുളം ശ്രീധര്‍; സ.പ.)