This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആർഗണ്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:51, 15 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ആർഗണ്‍

Argon

മൂലകപ്പട്ടികയിലെ 18-ാമത്തെ അംഗം; നിഷ്‌ക്രിയവാതകങ്ങളില്‍ (inert gases) അെണുഭാരക്കണക്കില്‍ മൂന്നാമത്തേത്‌; അണുസംഖ്യ 18; അ.ഭാ. 39.948. സിംബല്‍ Ar. സ്ഥിരങ്ങളും അസ്ഥിരങ്ങളും ആയി മൊത്തം എട്ട്‌ ഐസൊടോപ്പുകള്‍ (isotopes) ഉണ്ട്‌. ശുഷ്‌കമായ (dry) വായുവില്‍ ആര്‍ഗന്റെ പരിമാണം ഭാരപരമായി 1.288 ശ.മാ.വും വ്യാപ്‌തപരമായി 0.934 ശ.മാ. വും ആണ്‌. പൊട്ടാസിയം എന്ന ലോഹമൂലകം അടങ്ങിയ ധാതുക്കളിലെ K-40 എന്ന ഐസൊടോപ്പ്‌ റേഡിയോ ആക്‌റ്റിവത മൂലം അപക്ഷയത്തിനു വിധേയമാകുമ്പോള്‍ ഭൂവല്‌കശിലാമണ്ഡലത്തില്‍ (lithosphere) ആര്‍ഗണ്‍ തുടര്‍ച്ചയായി ഉണ്ടാകും. ഇത്‌ ഭൂമിയുടെ മുകള്‍പ്പരപ്പു ഭേദിച്ച്‌ അന്തരീക്ഷത്തിലേക്ക്‌ ചെന്നെത്തുന്നു. ഇപ്രകാരം അന്തരീക്ഷത്തില്‍ എത്തുന്ന ആര്‍ഗന്റെ അളവ്‌ തുലോം ചെറുതാകയാല്‍ ഈ മൂലകത്തിന്റെ പരിമാണം വായുമണ്ഡലത്തില്‍ ഗണ്യമായി വര്‍ധിക്കുന്നില്ല.

ചരിത്രം.

സര്‍ വില്യം
റെയ്‌ലി പ്രഭു

വായുവില്‍ ഏറ്റവും കൂടുതലുള്ളതും ആദ്യം കണ്ടുപിടിച്ചതുമായ നിഷ്‌ക്രിയവാതകം ആര്‍ഗണ്‍ ആണ്‌. 1784-ല്‍ ഇംഗ്ലീഷ്‌ ശാസ്‌ത്രജ്ഞനായ ഹെന്‌റി കാവന്‍ഡിഷ്‌ വായുവിലെ ഘടകങ്ങളെക്കുറിച്ചു പഠിക്കുന്നതിനു ചില പരീക്ഷണങ്ങള്‍ ചെയ്യുകയായിരുന്നു. വായുവിലെ നൈട്രജനെയും ഓക്‌സിജനെയും വൈദ്യുതസ്‌ഫുലിംഗങ്ങള്‍ ഉപയോഗിച്ച്‌ സംയോജിപ്പിച്ച ശേഷം ഉത്‌പന്നമായി ലഭിച്ച നൈട്രജന്റെ ഓക്‌സൈഡിനെ ആല്‍ക്കലിയില്‍ അവശോഷണം ചെയ്യിച്ചു. അപ്പോള്‍ അപ്രതീക്ഷിതമായി ഒരു ചെറിയ കുമിള ആല്‍ക്കലിയില്‍ അലിയാതെ അവശേഷിച്ചു നിന്നത്‌ അദ്ദേഹത്തിന്റെ ദൃഷ്‌ടിയില്‍പെട്ടു. അത്‌ അല്‌പം ചിന്തിക്കാന്‍ വക നല്‌കിയെങ്കിലും ആ അവശിഷ്‌ടവാതകത്തിന്റെ സ്വഭാവങ്ങള്‍ പഠിക്കുവാനും മറ്റും അദ്ദേഹം തയ്യാറായില്ല. 1892-ല്‍ റെയ്‌ലിപ്രഭു നൈട്രജന്റെ ഘനത്വം (density) കണ്ടുപിടിക്കുന്നതിനു ചില പരീക്ഷണങ്ങള്‍ നടത്തുകയുണ്ടായി. അന്തരീക്ഷത്തില്‍നിന്നും രാസയൗഗികങ്ങളില്‍ നിന്നും സംഭരിച്ച നൈട്രജന്റെ ഘനത്വം വേറെ വെറെ കണ്ടുപിടിച്ചപ്പോള്‍ അതിന്റെ മൂല്യങ്ങള്‍ക്കുതമ്മില്‍, പരീക്ഷണപ്രമാദങ്ങളിലും കവിഞ്ഞ വ്യത്യാസം കാണുവാന്‍ ഇടയായി; വ്യത്യാസം 0.5 ശ.മാ.ത്തോളം ഉണ്ടായിരുന്നു. അന്തരീക്ഷനൈട്രജന്‌ കൂടുതല്‍ ഘനത്വം കണ്ടു. ഈ ഭാരക്കൂടുതല്‍ ഉണ്ടാകുവാന്‍ കാരണഭൂതമായ വല്ല പുതിയ മൂലകവും അന്തരീക്ഷനെട്രജനില്‍ കലര്‍ന്നിരിക്കണമെന്ന്‌ അദ്ദേഹം ഊഹിച്ചു. കാവന്‍ഡിഷ്‌ മുമ്പ്‌ നടത്തിയ പരീക്ഷണം ബോധപൂര്‍വം ആവര്‍ത്തിച്ചതിന്റെ ഫലമായി ഒരു ലോഹത്തോടും സംയോജിക്കാത്ത, ക്രിയാശേഷി ഒട്ടുമില്ലാത്ത, ഒരു വാതകമാണ്‌ അവശേഷിക്കുന്നതെന്നു മനസ്സിലാക്കി. സര്‍ വില്യം ക്രൂക്‌സ്‌ എന്ന ശാസ്‌ത്രജ്ഞന്‍ പ്രസ്‌തുത വാതകത്തെ വര്‍ണദര്‍ശകനിരീക്ഷണത്തിന്‌ (Spectroscopical observation) വിധേയമാക്കുകയും നാളതുവരെ പരിചയപ്പെടാത്ത പുതിയ ഒരു മൂലകം ആണ്‌ അതെന്നു സ്ഥാപിക്കുകയും ചെയ്‌തു. നിഷ്‌ക്രിയത്വത്തെ അര്‍ഥമാക്കുന്ന "അര്‍ഗസ്‌' എന്ന ഗ്രീക്കു പദത്തെ ആധാരമാക്കി റെയ്‌ലി പ്രഭു ഈ മൂലകത്തിന്‌ ആര്‍ഗണ്‍ എന്ന പേരിട്ടു. ആര്‍ഗന്റെ ഈ കണ്ടുപിടുത്തം ഒരു പുതിയ ഇനം മൂലകങ്ങളുടെ ഗവേഷണത്തിനു പ്രചോദകമായിത്തീരുകയും ക്രമേണ ഹീലിയം, ക്രിപ്‌ടോണ്‍, നിയോണ്‍, സെനോണ്‍ എന്നിങ്ങനെയുള്ള മറ്റു നിഷ്‌ക്രിയവാതകങ്ങളുടേയും കണ്ടെത്തലിനുകാരണമാവുകയും ചെയ്‌തു. റേഡിയം എന്ന റേഡിയോ ആക്‌റ്റീവ്‌ ലോഹമൂലകത്തിന്റെ അപക്ഷയോത്‌പന്നമായ റേഡോണ്‍ എന്ന റേഡിയോ ആക്‌റ്റീവ്‌ വാതകമൂലകവും ചേര്‍ന്ന്‌ നിഷ്‌ക്രിയമൂലകങ്ങളുടെ ഒരു പ്രത്യേക ഗ്രൂപ്‌ പീരിയോഡിക്‌ പട്ടികയില്‍ സ്ഥാനം പിടിച്ചു. ഈ ഗ്രൂപ്പിന്‌ സീറൊ (Zero) ഗ്രൂപ്‌ എന്നാണ്‌ പേര്‌. നിഷ്‌ക്രിയമൂലകങ്ങളുടെ ഗ്രൂപ്പിന്‌ VIII-B ഗ്രൂപ്‌ എന്നും പേരുണ്ട്‌. ഹീലിയം ഒഴികെയുള്ള മറ്റു നിഷ്‌ക്രിയവാതകങ്ങളുടെ അണുക്കളുടെ ബാഹ്യഷെല്ലിലെ അഷ്‌ട-ഇലക്‌ട്രാണിക വിന്യാസം (eight electron configuration) രസതന്ത്രത്തിന്റെ സൈദ്ധാന്തികവശത്തിലും മൂലകങ്ങളുടെ അണുസംരചനാപഠനത്തിലും പുതിയ പഥങ്ങള്‍ വെട്ടിത്തുറക്കുകയുണ്ടായി. ആര്‍ഗന്റെ കണ്ടുപിടുത്തത്തിന്‌ അത്രയും ചരിത്രപ്രാധാന്യമുണ്ട്‌. 1957-ല്‍ നടന്ന ഒരു രാജ്യാന്തരശാസ്‌ത്രജ്ഞ സമ്മേളനത്തില്‍വച്ച്‌ ആര്‍ഗന്റെ സിംബല്‍ A-യില്‍ നിന്നും Ar-ലേക്കു മാറ്റി.

ഗുണധര്‍മങ്ങള്‍. സാധാരണ താപനിലകളില്‍ ആര്‍ഗണ്‍ നിറമോ മണമോ രുചിയോ ഇല്ലാത്ത, വായുവിനെ അപേക്ഷിച്ച്‌ 1.3976 ഘനത്വമുള്ള ഒരു വാതകമാണ്‌; എന്നാല്‍ താപനില-185.7 ° C വരെ താഴ്‌ത്തിയാല്‍ ഇത്‌ 1.4 ഘനത്വമുള്ളതും വര്‍ണരുചിരഹിതമായതുമായ ഒരു ദ്രവമായി രൂപാന്തരപ്പെടുന്നതു കാണാം. താപനില-189.2 ° C ആക്കിയാല്‍ ഇത്‌ ഖരീഭവിക്കുകയും ചെയ്യും. ആര്‍ഗണ്‍ പരലുകളുടെ നിറം വെളുപ്പാണ്‌. മറ്റുമൂലകങ്ങളുമായി രാസസംയോജനത്തില്‍ ഏര്‍പ്പെടാത്തതുമൂലമാണ്‌ ആര്‍ഗണ്‍ നിഷ്‌ക്രിയമൂലകം (നിഷ്‌ക്രിയവാതകം, താപസമൂലകം, കുലീനമൂലകം) എന്നു വ്യവഹരിക്കപ്പെടുന്നത്‌. അസ്ഥിരങ്ങളായ ചില ആര്‍ഗണ്‍ ബോറോണ്‍ ട്രഫ്‌ളൂറൈഡ്‌ (Ar.BF3) മിശ്രയൗഗികങ്ങളല്ലാതെ സ്ഥിരതയുള്ള ഒരു ആര്‍ഗണ്‍യൗഗികം ഉണ്ടാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ആര്‍ഗന്റെ അണുവില്‍ കേന്ദ്ര(nucleus)ത്തെിനു ചുറ്റും മൂന്ന്‌ ഊര്‍ജതലങ്ങളില്‍ (energy levels) ആെയി 18 ഇലക്‌ട്രാണുകള്‍ 2,8,8 എന്ന കണക്കില്‍ വിന്യസിക്കപ്പെട്ടിട്ടുണ്ട്‌. ബാഹ്യഷെല്ലില്‍ അങ്ങനെ എട്ട്‌ ഇലക്‌ട്രാണ്‍ ഉള്ളതുകൊണ്ടാണ്‌ ആര്‍ഗണും മറ്റും നിഷ്‌ക്രിയമൂലകങ്ങളായിത്തീര്‍ന്നത്‌.

ഉത്‌പാദനം. ആര്‍ഗണ്‍ വന്‍തോതില്‍ ഉത്‌പാദിപ്പിക്കപ്പെടുന്നത്‌ വായുവില്‍നിന്ന്‌ ഓക്‌സിജനും നൈട്രജനും വേര്‍തിരിക്കുന്ന സന്ദര്‍ഭത്തില്‍ത്തന്നെയാണ്‌. ദ്രവീകൃതവായു ആംശികമായി (fractionally) സ്വേദനം ചെയ്യപ്പെടുമ്പോള്‍ ശുദ്ധനൈട്രജന്‍ മുകള്‍പ്പരപ്പിലും ഓക്‌സിജന്‍ താഴെയും അസംസ്‌കൃത ആര്‍ഗണ്‍ മധ്യത്തിലും നില്‌ക്കുന്നു. അതു വേര്‍തിരിച്ച്‌ വീണ്ടും സ്വേദനവിധേയമാക്കുമ്പോള്‍ 99.96 ശ.മാ. പരിശുദ്ധമായ ആര്‍ഗണ്‍ ലഭ്യമാകുന്നതാണ്‌. പരിഷ്‌കൃതപദ്ധതികള്‍ വഴി പ്രതിദിനം 500 ടണ്‍ ഓക്‌സിജന്‌ 25 ടണ്‍ ആര്‍ഗണ്‍ എന്ന കണക്കില്‍ ഈ മൂലകം നിര്‍മിക്കുവാന്‍ കഴിയും. ദ്രവരൂപത്തിലാണ്‌ ഈ നിഷ്‌ക്രിയവാതകം കയറ്റി അയയ്‌ക്കപ്പെടുന്നത്‌.

ഉപയോഗങ്ങള്‍. ആര്‍ഗണ്‍ ഏറ്റവും കൂടുതലായി ഉപയോഗിക്കപ്പെടുന്നത്‌ വൈദ്യുതചാപ-വെല്‍ഡനങ്ങളിലാണ്‌. വെല്‍ഡനവിധേയമായ ലോഹഭാഗങ്ങളില്‍ അന്തരീക്ഷ-ഓക്‌സിജന്‍ പ്രവര്‍ത്തിക്കാതെ കാത്തുസൂക്ഷിക്കുന്നതിന്‌ ഈ വാതകം പ്രയോജനപ്പെടും. എത്ര ഉയര്‍ന്ന താപനിലയിലും ഇത്‌ നിഷ്‌ക്രിയമായിത്തന്നെ ഇരിക്കും. ഉരുകിയതോ ചൂടുകൂടിയതോ ആയ ടൈറ്റാനിയം തുടങ്ങിയ ലോഹങ്ങള്‍ മൂശയില്‍ വാര്‍ത്തുകൊണ്ടിരിക്കുമ്പോള്‍ അന്തരീക്ഷത്തിലെ ഓക്‌സിജനില്‍നിന്നും നൈട്രജനില്‍നിന്നും അവയെ രക്ഷിക്കുവാന്‍ ഈ നിഷ്‌ക്രിയവാതകത്തിനു വിഷമമില്ല. ഉരുകിയ ഉരുക്കിലൂടെ ആര്‍ഗണ്‍ കുമിളിപ്പിച്ച്‌ ഉരുക്കില്‍ വിലയിച്ചുകിടക്കുന്ന ഓക്‌സിജനെ പുറന്തള്ളാവുന്നതാണ്‌; അപ്രകാരം ഗുണമേറിയ ഉരുക്കുസാമഗ്രികള്‍ ഉണ്ടാക്കാം. ആര്‍ഗണ്‍ സര്‍വസാധാരണമായി ഉപയോഗിക്കപ്പെടുന്നത്‌ ഇലക്‌ട്രിക്‌ ബള്‍ബുകളിലും ഫ്‌ളുറസന്റ്‌ (fluorescent) ബേള്‍ബുകളിലും ആണ്‌. ടങ്‌സ്റ്റണ്‍ ഫിലമെന്റിന്റെ ആയുസ്സ്‌ വര്‍ധിപ്പിക്കാന്‍ ഇതിന്‌ കഴിവുണ്ട്‌. നോ: നിഷ്‌ക്രിയവാതകങ്ങള്‍

(ജെ.വി. വിളനിലം; സ.പ.)

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%86%E0%B5%BC%E0%B4%97%E0%B4%A3%E0%B5%8D%E2%80%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍