This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അടുക്കള ഉപകരണങ്ങള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:22, 15 ഫെബ്രുവരി 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 116.68.64.132 (സംവാദം)

അടുക്കള ഉപകരണങ്ങള്‍

ഭക്ഷണം പാകംചെയ്യുന്നതിനും വിളമ്പിക്കഴിക്കുന്നതിനും മറ്റും അടുക്കളയില്‍ ഉപയോഗിക്കുന്ന ഉപകരണങ്ങള്‍. പുരാതനകാലത്തു ചുട്ടെടുക്കുക എന്ന ഒരേ ഒരു രീതിയില്‍ പാചകം ഒതുങ്ങി നിന്നിരുന്നു. അതിന് പാത്രങ്ങളുടെയോ മറ്റുപകരണങ്ങളുടെയോ ആവശ്യം ഉണ്ടായിരുന്നില്ല. ചുടുക, വെള്ളത്തില്‍ വേവിക്കുക, ആവിയില്‍ പുഴുങ്ങുക, പൊരിക്കുക, വറക്കുക എന്നിങ്ങനെ പാചകരീതി വിവിധവും സങ്കീര്‍ണവും ആയതോടെയാണ് പലതരം ഉപകരണങ്ങളും പാത്രങ്ങളും കണ്ടുപിടിക്കപ്പെട്ടത്. എസ്കിമോകള്‍, വ. അമേരിക്കയിലെ അമേരിന്ത്യര്‍ മുതലായവര്‍ പാകംചെയ്യുന്നതിനുള്ള പാത്രമായി ചില മൃഗങ്ങളുടെ കട്ടിയുള്ള ആമാശയം ഉപയോഗിച്ചിരുന്നു. ഇന്തോനേഷ്യയിലും ഏഷ്യയുടെ തെ.കിഴക്കന്‍ പ്രദേശങ്ങളിലും മുളംകുഴലുകളാണ് ഇക്കാര്യത്തിന് ഉപയോഗിച്ചിരുന്നത്. അസ്ഥിരമായ നാടോടി ജീവിതക്രമത്തില്‍ നിന്നും സുസ്ഥിരമായ കാര്‍ഷികജീവിതത്തിലേക്കു മനുഷ്യവര്‍ഗം പുരോഗമിച്ച ആദ്യകാലഘട്ടങ്ങളില്‍തന്നെ കല്ലുകൊണ്ടുള്ള പലതരം ഉപകരണങ്ങള്‍ കണ്ടുപിടിക്കപ്പെട്ടു. അരകല്ല്, തിരികല്ല്, ഉരല്‍ തുടങ്ങിയവയുടെ ആവിര്‍ഭാവം ഇങ്ങനെയാണ് (നോ: അമ്മിക്കല്ല്, അരകല്ല്; ആട്ടുകല്ല്). ഭൂഖനനഗവേഷണങ്ങളുടെ ഫലമായി പുരാതനകാലത്തെ അടുക്കള-ഉപകരണങ്ങളുടെ ഒട്ടേറെ അവശിഷ്ടങ്ങള്‍ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അവയില്‍നിന്നെല്ലാം അന്ന് മനുഷ്യന്‍ ഉപയോഗിച്ചിരുന്ന അടുക്കള-ഉപകരണങ്ങളുടെ രൂപത്തെയും സ്വഭാവത്തെയും പറ്റി വളരെ വിവരങ്ങള്‍ ലഭ്യമായിട്ടുണ്ട്. പൊംപേയ്, ഹെര്‍ക്കുലേനിയം എന്നിവിടങ്ങളില്‍നിന്നും 2000 വര്‍ഷം മുമ്പ് ഉപയോഗിച്ചിരുന്ന ഉപകരണങ്ങളാണ് കണ്ടെടുത്തിട്ടുള്ളത്. കരി ഉപയോഗിച്ചു കത്തിക്കുന്ന അടുപ്പ്, ഉറിപോലെയുള്ള പിച്ചളപ്പാത്രങ്ങള്‍, അടപലക എന്നിവ ഇതില്‍പ്പെടുന്നു. ഗ്രീക്കുകാരും റോമാക്കാരും വളരെയധികം വൈവിധ്യമുള്ള അടുക്കള-ഉപകരണങ്ങള്‍ ഉപയോഗിച്ചിരുന്നു. വാര്‍പ്പിരുമ്പുകൊണ്ടുണ്ടാക്കപ്പെട്ട പാത്രങ്ങള്‍, സോസ്പാന്‍, പൊരിക്കുന്നതിനുള്ള പാത്രങ്ങള്‍, തിളപ്പിക്കുന്നതിനുള്ളവ (double bottomed pots), മണ്ണുകൊണ്ടു നിര്‍മിച്ച സൂപ്പുപാത്രങ്ങള്‍, ബേസിനുകള്‍, വിളമ്പിക്കൊടുക്കുന്നതിനുള്ള വലിയ ഭരണികള്‍ എന്നിവയെല്ലാം ഇങ്ങനെ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. അസീറിയാക്കാരും പേഴ്സ്യാക്കാരും ഊണുമേശ ആകര്‍ഷകമാക്കുന്നതില്‍ വളരെ ശ്രദ്ധിച്ചിരുന്നുവെന്നതിനു മതിയായ തെളിവുകള്‍ പുരാവസ്തുഗവേഷണഫലമായി ലഭിച്ചിട്ടുണ്ട്. 17-ാം ശ.-ത്തോടുകൂടി ഇന്നത്തെ പ്രഷര്‍കുക്കറിനോടു സാദൃശ്യമുള്ള ഇരുമ്പ് സോസ്പാന്‍, മുള്ള് (fork), പലതരം പാത്രങ്ങള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടു. 18-ാം ശ.-ത്തിലാണ് പാകം ചെയ്യാന്‍ കണ്ണാടിപ്പാത്രങ്ങളും ഇനാമല്‍ പൂശിയ പാത്രങ്ങളും ഉപയോഗിച്ചുതുടങ്ങിയത്. 19-ാം ശ. മുതല്‍ അടുക്കളയുടെ സംവിധാനത്തിലും ഉപകരണങ്ങളുടെ നിര്‍മാണത്തിലും ശീഘ്രഗതിയിലുള്ള പുരോഗതിയുണ്ടായി. അടുപ്പില്‍ തീകത്തിച്ച് പാകംചെയ്യുന്നരീതി മാറി ഗ്യാസ് അടുപ്പുകള്‍, വൈദ്യുത-അടുപ്പുകള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടു (നോ: അടുപ്പ്). പഴയ ഉപകരണങ്ങള്‍ പരിഷ്കരിക്കുകയും പുതിയവ കണ്ടുപിടിക്കുകയും ചെയ്തു. തകരം, ചെമ്പ് എന്നിവകൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ക്കുപകരം, അലൂമിനിയം, സ്റ്റീല്‍ എന്നിവകൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ ധാരാളം ഉപയോഗിക്കപ്പെട്ടു. ചൂടുതട്ടിയാല്‍ കേടുവരാത്ത കണ്ണാടിഉപകരണങ്ങള്‍, മണ്‍പാത്രങ്ങള്‍ എന്നിവ കണ്ടുപിടിക്കപ്പെട്ടതോടെ പാകംചെയ്യലും വിളമ്പിക്കൊടുക്കലും ഒരേപാത്രത്തില്‍ തന്നെയാകാമെന്നുവരെ വന്നു.

നിര്‍മാണപദാര്‍ഥം. ലോഹംകൊണ്ടോ, തടികൊണ്ടോ, മണ്ണുകൊണ്ടോ നിര്‍മിച്ച ഉപകരണങ്ങളാണ് സാധാരണ ഉപയോഗിക്കുന്നത്. അടുക്കളയില്‍ അവശ്യം ഉണ്ടായിരിക്കേണ്ട ഉപകരണങ്ങള്‍ താഴെ വിവരിക്കുന്നു: (1 )ലോഹം. ചെമ്പുകലങ്ങള്‍, ഓടുകൊണ്ടുണ്ടാക്കിയ തവികള്‍, ചട്ടുകം, ഉരുളി, കരണ്ടി, മൊന്ത, ചീനച്ചട്ടി, ദോശക്കല്ല്, റൊട്ടി ഉണ്ടാക്കുന്നതിനുള്ള ഇരുമ്പുതവ, അപ്പക്കാര, ചിപ്പിലി, കോരിക, സേവനാഴി, തേങ്കുഴല്‍, ഇഡ്ഡലിപ്പാത്രം, അരിവാള്‍, കറിക്കത്തി, വെട്ടുകത്തി, പര്‍പ്പടകസൂചി, അപ്പക്കോല്‍, അരിപ്പ എന്നിവ. (2)തടി. മത്ത്, ചിരവ, അടപലക, കലം, മരപ്ളാവില, തവി, പല വലുപ്പത്തിലുള്ള മരവികള്‍, ചപ്പാത്തി ഉണ്ടാക്കുന്ന പലക, അതിനുള്ള ഉരുളന്‍തടി മുതലായവ. (3)മണ്ണ്. കുടം, കലം, ചട്ടി, ഭരണി, കല്‍ച്ചട്ടി, വിളമ്പിക്കൊടുക്കുന്നതിനുള്ള പാത്രങ്ങള്‍, അടപ്പുചട്ടി എന്നിവ ഇതില്‍പ്പെടുന്നു. കയര്‍, ഓല എന്നിവകൊണ്ടു നിര്‍മിക്കുന്ന ഉറി, തിരിക, എന്നിവയും, മുള, ഈറ തുടങ്ങിയവകൊണ്ടു നിര്‍മിക്കുന്ന കുട്ട, വട്ടി, മുറം എന്നിവയും അടുക്കള-ഉപകരണങ്ങളില്‍ പെടുന്നു. ആധുനികോപകരണങ്ങള്‍. ഭക്ഷ്യസാധനങ്ങളിലും പാചകരീതിയിലും വൈവിധ്യമുണ്ടായതോടെ നൂതനങ്ങളായ അനവധി അടുക്കള-ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടു. സമയം ലാഭിക്കുക, അപകടങ്ങള്‍ ഒഴിവാക്കുക, ജോലി ലഘൂകരിക്കുക എന്നീ ലക്ഷ്യങ്ങള്‍ വച്ചുകൊണ്ട് പല ഉപയോഗങ്ങള്‍ ഒരേ ഉപകരണംകൊണ്ടു സാധിക്കുന്നതും യന്ത്രസഹായത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ അനവധി അടുക്കള-ഉപകരണങ്ങള്‍ സംവിധാനം ചെയ്യപ്പെട്ടു. ഇവ പ്രധാനമായി വൈദ്യുതികൊണ്ടു പ്രവര്‍ത്തിപ്പിക്കുന്നവയാണ്. കുഴയ്ക്കുന്നതിനും പതപ്പിക്കുന്നതിനും മറ്റുമുള്ള മിക്സറുകള്‍ (mixers), അരയ്ക്കാനും പൊടിയ്ക്കാനും ഉതകുന്ന മിക്സര്‍ ഗ്രൈന്‍ഡര്‍, പച്ചക്കറികള്‍, മാംസം, മത്സ്യം മുതലായവ മുറിക്കാനുപയോഗിക്കുന്ന സൂപ്പര്‍ സ്ളൈസര്‍, ഗ്രേറ്റര്‍, മാവുകുഴക്കാനും പച്ചക്കറികളും മറ്റും അരിയാനും അരയ്ക്കാനും ഉപയോഗിക്കുന്ന ഫുഡ്പ്രോസസര്‍, പഴച്ചാറുകളും പച്ചക്കറി ജ്യൂസുകളും എടുക്കുന്ന ജ്യൂസറുകള്‍, ബ്രഡ് ടോസ്റ്റര്‍, ചപ്പാത്തി മേക്കര്‍, ഗ്രില്ലര്‍, കോഫി മേക്കര്‍, ടീ മേക്കര്‍ എന്നിവ ആധുനിക അടുക്കള ഉപകരണങ്ങളാണ്. ആഹാരപദാര്‍ഥങ്ങള്‍ കേടുവരാതെ സൂക്ഷിക്കുന്നതിനും ഐസ്ക്രീം, പുഡ്ഡിംഗ് മുതലായ ഭക്ഷണങ്ങള്‍ തയ്യാറാക്കുന്നതിനും ഉപയോഗിക്കുന്ന റെഫ്രിജറേറ്റര്‍, ഭക്ഷണപദാര്‍ഥങ്ങള്‍ വേഗത്തില്‍ പാകംചെയ്യാന്‍ സഹായിക്കുന്ന പ്രഷര്‍കുക്കര്‍, മൈക്രോവേവ് അവനുകള്‍, വെള്ളം തിളപ്പിക്കുന്നതിനും മറ്റുമുള്ള ബോയിലറുകള്‍, ആഹാരപദാര്‍ഥങ്ങള്‍ ചൂടുമാറാതെ സൂക്ഷിക്കുന്നതിനുള്ള കാസറോളുകള്‍, തെര്‍മോസ്ഫ്ളാസ്ക്, പാത്രംകഴുകുന്നതിനുള്ള ഉപകരണം (dish washer) എന്നിവയും ആധുനിക അടുക്കളകള്‍ക്ക് അലങ്കാരമാണ്. ആഹാരം വിളമ്പിവയ്ക്കുന്നതിന് പ്രാചീനകാലംതൊട്ടേ ചീനക്കളിമണ്ണുകൊണ്ടു നിര്‍മിച്ചിട്ടുള്ള പലതരം പ്ളേറ്റുകള്‍, കപ്പുകള്‍, സാസറുകള്‍, ഭരണികള്‍, കുടുവന്‍പിഞ്ഞാണങ്ങള്‍ എന്നിവയും, സ്ഫടികനിര്‍മിതമായ കുപ്പികള്‍, ഭരണികള്‍, പ്ളേറ്റുകള്‍, കപ്പുകള്‍, കോപ്പകള്‍, ടംബ്ളറുകള്‍, സാസറുകള്‍ എന്നിവയും, ഇരുമ്പില്‍ നിര്‍മിച്ച് ഇനാമല്‍പൂശിയ പാത്രങ്ങളും ഉപയോഗത്തിലുണ്ടായിരുന്നു. പ്ളാസ്റ്റിക്കില്‍ നിര്‍മിതമായ ഈവക സാധനങ്ങള്‍ ഇന്ന് സുലഭമാണ്. അതുപോലെ അലൂമിനിയം, നിക്കല്‍, വൈറ്റ്മെറ്റല്‍ തുടങ്ങിയ ലോഹങ്ങളില്‍ നിര്‍മിക്കപ്പെട്ട പാത്രങ്ങളും ഉപയോഗത്തിലുണ്ട്. താത്കാലികമായ ഉപയോഗം മാത്രം കരുതി കടലാസു പള്‍പ്പുകൊണ്ടു നിര്‍മിതമായ പ്ളേറ്റുകളും കപ്പുകളും സാസറുകളും ഉപയോഗിച്ചുവരുന്നുണ്ട്.

ഭാരതത്തില്‍. കുടുംബത്തിന്റെ അംഗസംഖ്യയും ജീവിതനിലവാരവും കണക്കിലെടുത്ത് അടുക്കള-ഉപകരണങ്ങളുടെ എണ്ണവും തരവും പാചകവിദഗ്ധന്‍മാര്‍ പ്രത്യേകം ചിട്ടപ്പെടുത്തിയിരുന്നു. ഉപകരണങ്ങള്‍ അവ നിര്‍മിക്കാനുപയോഗിച്ച വസ്തുക്കളുടെ ഗുണദോഷങ്ങള്‍ അറിഞ്ഞശേഷമേ ഉപയോഗിക്കാന്‍ പാടുള്ളു എന്നതും പ്രത്യേകം ശ്രദ്ധിച്ചിരുന്നു. തൈരു കടയുന്നതിനുള്ള മത്ത് കറിവേപ്പിന്റെയോ നാരകത്തിന്റെയോ തടി ഉപയോഗിച്ചും, കലം വയണയുടെ തടികൊണ്ടും ഉണ്ടാക്കിയിരുന്നത് ഇതുകൊണ്ടാണ്. അതുപോലെ ഓരോ ലോഹത്തിനും അതിന്റേതായ ഗുണങ്ങള്‍ ഉണ്ടെന്നും പലതരം ലോഹങ്ങള്‍ മനുഷ്യശരീരത്തെ ഏതുവിധത്തില്‍ ബാധിക്കുന്നുവെന്നും വാഗ്ഭടാചാര്യര്‍ അഷ്ടാംഗഹൃദയത്തില്‍ പ്രസ്താവിച്ചിട്ടുണ്ട്. ഇതനുസരിച്ച് ആരോഗ്യത്തിന് ഏറ്റവും നല്ല ലോഹം സ്വര്‍ണമാണ്. ഇത് ശരീരത്തിന് മാര്‍ദവവും ശക്തിയും പുഷ്ടിയും നല്കുന്നു. വിഷാംശത്തെ നശിപ്പിക്കുകയും ചെയ്യും. രാജാക്കന്‍മാരും പ്രഭുക്കന്‍മാരും ആഹാരം കഴിക്കുന്നതിന് സ്വര്‍ണത്തില്‍ നിര്‍മിച്ച തളികകളും വാല്‍ക്കിണ്ടികളും ഉപയോഗിച്ചിരുന്നത് അവയ്ക്കുള്ള പ്രത്യേകഗുണം മനസ്സിലാക്കിയിട്ടായിരിക്കാം. വാതം, കഫം എന്നിവയ്ക്കു ചെമ്പും; പ്രമേഹം, പാണ്ഡുരോഗം, നേത്രരോഗം, വാതം എന്നിവയ്ക്ക് ഈയവും ഔഷധമാണ്. കഫത്തിനും പിത്തത്തിനും ഈയവും ചെമ്പും ചേര്‍ത്തുണ്ടാക്കുന്ന ഓട് പ്രതിവിധിയാണ്. കൃമിശല്യം, പിത്തം (വിളര്‍ച്ച) എന്നീ രോഗങ്ങളുടെ ശമനത്തിന് ഉരുക്ക് ഫലപ്രദമാണ്. കണ്ണിന്റെ ആരോഗ്യത്തിനും ഉരുക്ക് ആവശ്യമാണ്. ചെമ്പ്, ഓട്, പിച്ചള എന്നീ ലോഹങ്ങളേക്കാള്‍ ഈയം ഗുണമുള്ളതായതുകൊണ്ട് അത്തരം ലോഹങ്ങള്‍കൊണ്ടുണ്ടാക്കിയിട്ടുള്ള പാത്രങ്ങള്‍ വെളുത്തീയം പൂശിയിട്ട് ഉപയോഗിക്കുന്നതുകൊള്ളാം. വാതം, പിത്തം ഇവയ്ക്ക് വെള്ളി ഒരു ഔഷധമാണ്. ഇങ്ങനെ നോക്കുമ്പോള്‍ പാചകം ചെയ്യുന്നതിനും വിളമ്പിക്കൊടുക്കുന്നതിനും വിവിധ ലോഹങ്ങള്‍കൊണ്ടു നിര്‍മിച്ച ഉപകരണങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യകരമാണെന്നു ബോധ്യമാകും.

കേരളത്തില്‍. ആധുനികങ്ങളായ അടുക്കള-ഉപകരണങ്ങള്‍ കേരളത്തിലും വളരെവേഗം പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കുടുംബാംഗങ്ങളുടെ എണ്ണം, ജീവിതരീതി, പാചകരീതി, ധനസ്ഥിതി എന്നിവയിലുള്ള വ്യത്യാസമനുസരിച്ച് നിത്യോപയോഗസാധനങ്ങളിലും വൈവിധ്യം കാണുന്നുണ്ട്. വരുമാനം കുറഞ്ഞവര്‍ മണ്‍പാത്രങ്ങള്‍, അലൂമിനിയംപാത്രങ്ങള്‍, തടികൊണ്ടുതീര്‍ത്ത ഉപകരണങ്ങള്‍ എന്നിവ ഉപയോഗിക്കുമ്പോള്‍, ഇടത്തരം കുടുംബങ്ങളില്‍ പിച്ചള, ചെമ്പ്, ഓട്, സ്റ്റീല്‍ തുടങ്ങിയ ലോഹങ്ങള്‍കൊണ്ടുതീര്‍ത്ത ഉപകരണങ്ങളാണ് ഉപയോഗിക്കുന്നത്. റെഫ്രിജറേറ്റര്‍, വൈദ്യുത-അടുപ്പുകള്‍, വൈദ്യുതികൊണ്ടു പ്രവര്‍ത്തിക്കുന്ന മറ്റുപകരണങ്ങള്‍ എന്നിവ ധനികകുടുംബങ്ങളില്‍ മാത്രമേ ഉപയോഗിക്കാറുള്ളു. ഭക്ഷണം കഴിക്കുന്നതിന് വാഴയിലയാണ് അടുത്തകാലംവരെ ഉപയോഗിച്ചിരുന്നത്. ഇന്നും സദ്യകള്‍ക്ക് വാഴയിലയില്‍തന്നെയാണ് വിളമ്പുന്നത്. നിലത്ത് പായോ തടുക്കോ വിരിച്ച് അതില്‍ ഇരുന്നോ, കുരണ്ടിയിട്ട് അതില്‍ ഇരുന്നോ ഉണ്ണുന്നസമ്പ്രദായമാണ് പണ്ടുമുതലേ കേരളത്തില്‍ നിലവിലിരുന്നത്. ഇന്ന് അത് പാടെ മാറിയിരിക്കുന്നു. ബഞ്ച്, നാല്കാലി, കസേര തുടങ്ങിയ ഇരിപ്പിടങ്ങളിലിരുന്ന് മേശപ്പുറത്ത് പാത്രങ്ങളില്‍ വിളമ്പിവച്ച് ഭക്ഷിക്കുന്ന സമ്പ്രദായം ഇന്ന് സര്‍വസാധാരണമായിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍