This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബ്ദുല്‍ ഹമീദ് II (1842 - 1918)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബ്ദുല്‍ ഹമീദ് II (1842 - 1918)
തുര്‍ക്കിയിലെ 36-ാമത്തെ ഒട്ടോമന്‍ സുല്‍ത്താന്‍. ഒട്ടോമന്‍ സുല്‍ത്താന്‍ അബ്ദുല്‍ മജീദ് I-ന്റെ (1823-61) അഞ്ചാമത്തെ പുത്രനായി 1842 സെപ്. 21-ന് ഇസ്താംബൂളില്‍ ജനിച്ചു. മിഥാത്പാഷയുടെ നേതൃത്വത്തില്‍ യുവതുര്‍ക്കികള്‍ സുല്‍ത്താനായ മുറാദ് V-നെ പുറത്താക്കിയതിനെത്തുടര്‍ന്ന് 1876 സെപ്. 1-ന് അബ്ദുല്‍ ഹമീദ് II സുല്‍ത്താനായി അഭിഷിക്തനായി. ഉടനെതന്നെ ആദ്യത്തെ ഒട്ടോമന്‍ ഭരണഘടന 1876 ഡി. 23-ന് പ്രഖ്യാപിച്ചു. ഇതനുസരിച്ച് ദ്വിമണ്ഡല നിയമസഭ തുര്‍ക്കിക്കുണ്ടായി. ആദ്യത്തെ നിയമസഭ 1877 മാ. 17-ന് അഹമ്മദ് വെഫീക്ക് പാഷായുടെ അധ്യക്ഷതയില്‍ വിളിച്ചുകൂട്ടി.
അബ്ദുല്‍ ഹമീദിന്റെ ഭരണകാലത്ത് തുര്‍ക്കിക്ക് രണ്ടു യുദ്ധങ്ങള്‍ നേരിടേണ്ടിവന്നു. ആദ്യത്തെ യുദ്ധം റഷ്യയുമായും (1877-78) രണ്ടാമത്തേത് ഗ്രീസുമായും (1897 ഏ. 18 മുതല്‍ ജൂണ്‍ 5 വരെ) ആയിരുന്നു. ഈ യുദ്ധങ്ങള്‍ മൂലം തുര്‍ക്കിക്ക് വമ്പിച്ച നാശനഷ്ടങ്ങളുണ്ടായി. ഇതിനെ തുടര്‍ന്ന് നാട്ടില്‍ ഉടനീളം കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. ഈ അവസരം ഉപയോഗിച്ച് യുവതുര്‍ക്കികളും വിപ്ളവം അഴിച്ചുവിട്ടു. തത്ഫലമായി 1909 ഏ. 24-ന് പുതിയൊരു ഭരണഘടന നിലവില്‍വന്നു. നാഷനല്‍ അസംബ്ളി തീരുമാനപ്രകാരം അബ്ദുല്‍ ഹമീദ് II സ്ഥാനത്യാഗം ചെയ്തു. സുല്‍ത്താനെ സലോണിക്കയിലേക്കു നാടുകടത്തി. 1912-ല്‍ ബാള്‍ക്കന്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ഇദ്ദേഹം ബോസ്പറസിലെ 'ബെയ്ലര്‍ബേ'യിലേക്കു തിരിച്ചു. അവിടെവച്ച് 1918 ഫെ. 10-ന് 75-ാമത്തെ വയസ്സില്‍ അന്തരിച്ചു. നോ: ഒട്ടോമന്‍ സാമ്രാജ്യം