This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

എന്‍ഡോസ്‌കോപ്പി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:00, 16 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

എന്‍ഡോസ്‌കോപ്പി

Endoscopy

എന്‍ഡോസ്‌കോപ്പ്‌

ശരീരത്തിന്റെ അവയവങ്ങളുടെ ഉള്‍ഭാഗത്തെയോ കുഴല്‍ ആകൃതിയിലുള്ള ഭാഗങ്ങളെയോ നേരിട്ടു പരിശോധിക്കുന്ന അന്തര്‍ദര്‍ശനവിദ്യ. ഇതിനായി ഉപയോഗിക്കപ്പെടുന്ന അന്തര്‍ദര്‍ശികളെ എന്‍ഡോസ്‌കോപ്പുകള്‍ എന്നുപറയുന്നു. ആധുനികവൈദ്യശാസ്‌ത്രത്തിലെ വൈവിധ്യമാര്‍ന്ന രോഗനിരീക്ഷണോപകരണങ്ങളില്‍ ഒട്ടും അപ്രധാനമല്ലാത്തവയാണ്‌ എന്‍ഡോസ്‌കോപ്പുകള്‍. ഈ ഉപകരണസമുച്ചയത്തിന്റെ സംവിധാനവും കാര്യക്ഷമമായ ഉപയോഗവും ആധുനികശസ്‌ത്രക്രിയകളുടെ ക്ഷമത വര്‍ധിപ്പിക്കുന്നതിന്‌ വളരെ സഹായകമായിട്ടുണ്ട്‌.

മനുഷ്യശരീരത്തില്‍ നിരവധി അവയവങ്ങള്‍ക്ക്‌ ഉള്ളറകളും കുഴലുകളുമുണ്ട്‌. താത്ത്വികമായി അവയെല്ലാം പ്രത്യേകതരം സ്‌കോപ്പുകള്‍ (ദര്‍ശികള്‍)കൊണ്ട്‌ പരിശോധിക്കാവുന്നതാണ്‌. ഉദാഹരണമായി ചില എന്‍ഡോസ്‌കോപ്പുകള്‍ താഴെ പരാമര്‍ശിക്കപ്പെടുന്നു.

അന്നപഥത്തിന്റെ ആദ്യഭാഗമായ ഇസൊഫാഗസില്‍ വ്രണങ്ങളോ, അര്‍ബുദമോ, വികസിതരക്തധമനികളോ ഉണ്ടോയെന്നു നോക്കുവാനുപയോഗിക്കുന്ന ദര്‍ശിയാണ്‌ ഇസൊഫാഗോസ്‌കോപ്പ്‌. ആമാശയത്തിലെ അനേകം രോഗങ്ങളെ നിരീക്ഷിക്കുവാന്‍ പറ്റിയ ഉപകരണമാണ്‌ ഗാസ്റ്റ്രാസ്‌കോപ്പ്‌. അന്നപഥത്തിന്റെ അന്തിമഭാഗമായ ഗുദത്തിലുണ്ടാകുന്ന പല രോഗങ്ങളെയും ശരിക്കു മനസ്സിലാക്കുവാന്‍ ഉപയോഗിക്കുന്ന ഉപകരണമാണ്‌ പ്രാക്‌ടോസ്‌കോപ്പ്‌. പ്രധാന ആശുപത്രികളിലെ ഗാസ്റ്റ്രാ എന്ററോളജി വിഭാഗത്തില്‍ ഈ നവീനോപകരണങ്ങള്‍ പ്രയോജനപ്പെടുത്തിവരുന്നുണ്ട്‌.

ശ്വസനവ്യൂഹത്തിന്റെ ഉള്‍ഭാഗത്തെ രോഗങ്ങള്‍ സാധാരണ വൈദ്യപരിശോധനകൊണ്ട്‌ നിര്‍ണയിക്കുവാന്‍ പ്രയാസമാണ്‌. ഇവയ്‌ക്കായി പ്രത്യേകം ഉപയോഗിക്കുന്ന ഉപകരണങ്ങളാണ്‌ ബ്രാങ്കൊസ്‌കോപ്പ്‌, ലാറിന്‍ഗൊസ്‌കോപ്പ്‌ എന്നിവ. ശ്വാസകോശത്തിന്റെ ആദ്യഭാഗങ്ങളായ ട്രക്കിയ, ബ്രാങ്കസ്‌, ബ്രാങ്കിയോളുകള്‍ എന്നിവയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ബ്രാങ്കൊസ്‌കോപ്പും, ശബ്‌ദതരംഗങ്ങളെ സൃഷ്‌ടിക്കുന്ന ലാറിന്‍ഗ്‌സ്‌ പരിശോധിക്കുന്നതിനു ലാറിന്‍ഗൊസ്‌കോപ്പും സഹായിക്കുന്നു. ഔരസശസ്‌ത്രക്രിയയുടെയും (thoracic surgery) കര്‍ണ-നാസാഗള (E.N.T.) രോഗചികിത്സകളുടെയും രംഗത്തില്‍ ഈ ദര്‍ശികളുടെ പ്രയോജനം കാര്യക്ഷമമാണ്‌. മൂത്രാശയം, പോസ്റ്റേറ്റ്‌ ഗ്രന്ഥി, വൃക്കകളില്‍നിന്നു മൂത്രം മൂത്രാശയത്തിലേക്കു വഹിക്കുന്ന യൂറിറ്റര്‍ എന്നിവയ്‌ക്കുണ്ടാകുന്ന രോഗങ്ങള്‍ എന്നിവ പരിശോധിക്കുവാനുപയോഗിക്കുന്ന ഉപകരണമാണ്‌ സിസ്റ്റൊസ്‌കോപ്പ്‌.

ലാരിംഗോസ്‌കോപ്പി, ഈസോ-ഫാഗോസ്‌കോപ്പി, ബ്രാങ്കോസ്‌കോപ്പി എന്നിവ ഒരുമിച്ചുചെയ്യുന്നതിന്‌ പാനല്‍ഡോസ്‌കോപ്പി അഥവാ ട്രിപ്പിള്‍ എന്‍ഡോസ്‌കോപ്പി എന്നുപറയുന്നു.

ഇപ്പറഞ്ഞ എന്‍ഡോസ്‌കോപ്പുകള്‍ ഇന്ന്‌ നവ്യങ്ങളായ ഫൈബര്‍ഗ്ലാസും മറ്റും ഉപയോഗിച്ചാണ്‌ നിര്‍മിക്കപ്പെടുന്നത്‌. ഈ ഉപകരണങ്ങളില്‍ ഘടിപ്പിച്ചിട്ടുള്ള ചെറിയ ബള്‍ബുകള്‍ ബാറ്ററികളെക്കൊണ്ടു പ്രകാശിപ്പിച്ച്‌ ശരീരത്തിന്റെ ഉള്‍ഭാഗങ്ങളിലെ വൈകല്യങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിക്കുവാന്‍ കഴിയുന്നതാണ്‌. മാത്രമല്ല, ഇവയില്‍ ഘടിപ്പിച്ചിട്ടുള്ള ബ്ലേഡുകൊണ്ടും മറ്റു ചെറിയ ആയുധങ്ങള്‍കൊണ്ടും ആന്തരികാവയവങ്ങളില്‍ നടത്തേണ്ടതായ സൂക്ഷ്‌മസങ്കീര്‍ണശസ്‌ത്രക്രിയകള്‍ നടത്തുവാനും സാധ്യമാണ്‌. അതിനുപുറമേ ഈ അവയവഭാഗങ്ങളുടെ ഛായാഗ്രഹണത്തിനുള്ള റോബോട്ട്‌-ക്യാമറ സംവിധാനവും ഈ ഉപകരണങ്ങളുടെ പ്രയോജനത്തെ വളരെ വര്‍ധിപ്പിച്ചിരിക്കുന്നു.

(ഡോ. കെ. മാധവന്‍കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍