This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇടിമിന്നൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:33, 25 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇടിമിന്നല്‍

വൈദ്യുതാരോപമുള്ള (electrically charged) മേഘങ്ങള്‍ തമ്മിലും മേഘങ്ങളും ഭൂമിയും തമ്മിലും അന്തരീക്ഷത്തിലൂടെ വൈദ്യുതി പ്രവഹിക്കുന്നതുമൂലം ഉണ്ടാകുന്ന അഗ്നിപഥമാണ്‌ മിന്നല്‍; തന്മൂലമുണ്ടാകുന്ന ശബ്‌ദമാണ്‌ ഇടി.

ഭൂമി ആകെ എടുത്താല്‍ ഒരു സെക്കണ്ടില്‍ ശരാശരി 100 എന്ന തോതില്‍ ഭൗമാന്തരീക്ഷത്തില്‍ മിന്നലുകള്‍ ഉണ്ടാകുന്നു. മിന്നല്‍, മനുഷ്യന്‌ നിരോധിക്കാനാവാത്ത ഒരു പ്രതിഭാസമാണ്‌. ശക്തമായ ഒരു മിന്നല്‍പ്പിണരില്‍ അകപ്പെട്ടുപോയാല്‍ രക്ഷപ്രാപിക്കുകയെന്നത്‌ അസാധ്യമാണ്‌. ഇരുപതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധമായപ്പോഴേക്ക്‌ ഒരാള്‍ക്ക്‌ മിന്നലേല്‌ക്കുവാനുള്ള സാധ്യത രണ്ടുലക്ഷത്തില്‍ ഒന്നായി ചുരുങ്ങിയിരിക്കുന്നു. നൂറുകൊല്ലം മുമ്പ്‌ ഈ സാധ്യത നേരെ ഇരട്ടിയായിരുന്നു. വ്യവസായവത്‌കരണവും ബൃഹത്തായ വൈദ്യുതീകരണവുമാണ്‌ ഈ അപകടസാധ്യത കുറയുവാന്‍ സഹായിച്ച ഘടകങ്ങളില്‍ ചിലത്‌.

ജാവ, ദക്ഷിണാഫ്രിക്ക തുടങ്ങി മിന്നലിന്റെ കാര്യത്തില്‍ പ്രകൃത്യാ മുന്‍പന്തിയില്‍ നില്‌ക്കുന്ന പ്രദേശങ്ങളുടെ കൂട്ടത്തിലാണ്‌ കേരളവും. മിന്നലേറ്റ്‌ യു.എസ്സില്‍ പ്രതിവര്‍ഷം 500 പേര്‍ മരിക്കുകയും 1300 പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്യുന്നു. ഇംഗ്ലണ്ടില്‍ 100 പേരാണ്‌ വര്‍ഷംതോറും മിന്നല്‍കൊണ്ടുള്ള മരണത്തിന്നിരയാകുന്നത്‌. മിന്നല്‍കൊണ്ട്‌ കേരളത്തില്‍ മാത്രം കൊല്ലംതോറും 100 പേര്‍ മരിക്കുകയും ഏതാണ്ട്‌ 500 പേര്‍ക്ക്‌ പരിക്കേല്‌ക്കുകയും ചെയ്യുന്നുണ്ട്‌. മിന്നല്‍ കൊണ്ടുണ്ടാവുന്ന കാട്ടുതീയും മറ്റു നാശനഷ്‌ടങ്ങളും ഗുരുതരമാണ്‌. യു.എസ്സില്‍ ഓരോ വര്‍ഷവും 10,000-ത്തിലധികം കാട്ടുതീകള്‍ക്ക്‌ മിന്നല്‍ കാരണമാവുന്നു. ചിലപ്പോള്‍ യാത്രാവിമാനങ്ങള്‍ മിന്നലിനിരയാകുന്നു. മിന്നലിന്‌ ഒരു പ്രവാഹപാതയായി വിമാനം വര്‍ത്തിക്കുകയും വാല്‍ മുതലായ കൂര്‍ത്ത അറ്റങ്ങളിലൂടെ വൈദ്യുതി കടന്നുപോകുമ്പോള്‍ കൂടുതല്‍ അപകടങ്ങള്‍ക്കിരയാവുകയും ചെയ്യുന്നു. ചില സന്ദര്‍ഭങ്ങളില്‍ മിന്നല്‍ ഉണ്ടാകുവാന്‍ മേഘങ്ങളുടെ സാമീപ്യംമൂലം വിമാനങ്ങള്‍തന്നെ കാരണമാകുന്നു. വൈദ്യുതാരോപിതമായ മേഘത്തില്‍പ്പെട്ടാല്‍ വിമാനങ്ങള്‍ക്ക്‌ അനുഭവപ്പെടുന്ന വിക്ഷുബ്‌ധി (ൗേൃയൗഹമിരല) മിന്നല്‍ പ്രവാഹത്തെക്കാള്‍ കൂടുതല്‍ അപകടകരമാണ്‌. ഇടിമിന്നലപകടങ്ങള്‍ക്ക്‌ നേരിട്ടുള്ള പാതം തന്നെ വേണമെന്നില്ല. ഇടിയുടെ ശബ്‌ദ(സമ്മര്‍ദ)വീചികള്‍പോലും അപകടകരമാണ്‌.

ഇടിമിന്നല്‍ ഉണ്ടാവുന്നവിധം. അദ്‌ഭുതകരമായ ഈ പ്രതിഭാസത്തിന്‌ തികച്ചും തൃപ്‌തികരമായ ഒരു ശാസ്‌ത്രീയവിശദീകരണം ഇന്നുവരെ നല്‌കാന്‍ കഴിഞ്ഞിട്ടില്ല. മേഘങ്ങളില്‍ വൈദ്യുതാരോപം ഉണ്ടാകുന്നതെങ്ങനെ എന്ന്‌ ഇപ്പോഴും വ്യക്തമായി അറിവായിട്ടില്ല. അര ഡസനോളം സിദ്ധാന്തങ്ങള്‍ ഉന്നയിക്കപ്പെട്ടിട്ടുണ്ട്‌. ഇവയില്‍ ഒന്നുപോലും പരിപൂര്‍ണവിശദീകരണം നല്‌കുന്നില്ലെങ്കിലും ജി.സി. സിംസണും (1927) സി.റ്റി.ആര്‍. വില്‍സണും (1929) ഉന്നയിച്ച ആശയങ്ങളും അവയുടെ പരിഷ്‌കരണങ്ങളും ആണ്‌ ഇന്ന്‌ കൂടുതല്‍ സ്വീകാര്യമായിരിക്കുന്നത്‌.

ചൂടും ഈര്‍പ്പവുമുള്ള വായു ഭൂതലത്തില്‍നിന്നും മേല്‌പോട്ട്‌ ഉയര്‍ന്നുപോകുന്തോറും അതു വികസിക്കുകയും അതോടൊപ്പം തണുക്കുകയും ചെയ്യുന്നു. തന്മൂലം അതിലുള്ള ജലാംശം ഘനീഭവിക്കുന്നു. ഇങ്ങനെയാണ്‌ മേഘങ്ങള്‍ രൂപംകൊള്ളുന്നത്‌. മേഘങ്ങളെ പലവിധത്തില്‍ തരംതിരിച്ചിരിക്കുന്നു. അവയുടെ സ്വഭാവം നിര്‍ണയിക്കുന്നത്‌ മേല്‌പോട്ടുള്ള വായുപ്രവാഹത്തിന്റെ പ്രകൃതമാണ്‌. ഉദാഹരണമായി, ചെറിയതോതിലുള്ള സംവഹനം(convection)മൂലം വീശിയെറിഞ്ഞ വലയുടെ രൂപത്തിലുള്ള മേഘങ്ങളുണ്ടാകുന്നു. ഘനീഭവനപ്രക്രിയയുടെ തുടക്കം ഖരപദാര്‍ഥങ്ങളുടെ സൂക്ഷ്‌മ കണികകള്‍ക്കുമേലായിരിക്കും. വായുവില്‍ ഘനസെന്റിമീറ്ററിന്‌ ഏതാണ്ട്‌ 100 വീതം ഇത്തരം കണികകള്‍ ഉണ്ടായെന്നു വരാം. വായുപ്രവാഹത്തിലടങ്ങിയ ജലാംശമത്രയും ഈ കണികകള്‍ക്കു വീതിക്കുമ്പോള്‍ ഏതാണ്ട്‌ 50 മൈക്രാണ്‍ (മില്ലി മീറ്ററിന്റെ ആയിരത്തിലൊരംശം) വ്യാസമുള്ള വെള്ളത്തുള്ളികള്‍ രൂപപ്പെടുന്നു. ഇവ മേഘങ്ങളുടെ അടിത്തട്ടില്‍നിന്നും പതുക്കെ താഴോട്ട്‌ വീഴുമെങ്കിലും ഉടന്‍തന്നെ ബാഷ്‌പീകരിക്കപ്പെടുന്നു. വലിയ തുള്ളികളാണെങ്കിലേ ഭൂമിയിലെത്തൂ. ഭൂമിയില്‍ മഴയായി വീഴുന്ന തുള്ളികളുടെ ഏറ്റവും ചുരുങ്ങിയ വ്യാസം 300 മൈക്രാണ്‍ ആയിരിക്കും; പെരുമഴയാണെങ്കില്‍ 5000 മൈക്രാണും. മഴത്തുള്ളികളുണ്ടാകാന്‍ വേറെയും ചില സാഹചര്യങ്ങള്‍ ആവശ്യമാണ്‌.

ആയിരക്കണക്കിന്‌ ടണ്‍ ജലാംശം ഉള്‍ക്കൊള്ളുന്ന കൂറ്റന്‍ സഞ്ചയങ്ങളാണ്‌ വലിയ വര്‍ഷമേഘങ്ങളായി രൂപംകൊള്ളുക. അവയുടെ ഉള്ളില്‍ ഒരു കുഴലിലൂടെയെന്നപോലെ സെക്കണ്ടില്‍ ഏകദേശം 30 മീ. വേഗത്തില്‍ മേല്‌പോട്ടുയരുന്ന ചില വായുപ്രവാഹം ഉണ്ടാവുന്നു. ഈ വായുസ്‌തംഭത്തിലെ ജലാംശം പെട്ടെന്ന്‌ ഘനീഭവിക്കുമെങ്കിലും ജലബിന്ദുക്കള്‍ പിന്നെയും ഉയരത്തിലേക്ക്‌ തള്ളപ്പെടും. അവ കൂടുതല്‍ തണുത്ത്‌ ആലിപ്പഴം പോലുള്ള കട്ടകള്‍ ഉണ്ടാകുന്നു. പക്ഷേ, അവയ്‌ക്ക്‌ താഴോട്ടുവീഴാന്‍ സാധ്യമല്ല. മേല്‌പോട്ട്‌ വീശി ഉയരുന്ന വായുസ്‌തംഭത്തിനു മുകളില്‍ പീച്ചാംകുഴലിനു മുകളിലെ ഘനംകുറഞ്ഞ പന്തുപോലെ അവ തത്തിക്കളിക്കും. മേഘത്തിന്റെ മുകള്‍ഭാഗത്തെത്തുമ്പോള്‍ വായു സ്‌തംഭത്തിന്റെ ശക്തി ക്ഷയിക്കുന്നതിനാല്‍ മഞ്ഞുക്കട്ടകള്‍ എടുത്തെറിയപ്പെടുകയും പലഭാഗത്തുകൂടെ താഴോട്ടു വീഴുകയും ചെയ്യുന്നു. ഈ പ്രക്രിയയോടൊന്നിച്ചുതന്നെ മേഘത്തിനുള്ളില്‍ മറ്റു ചില മാറ്റങ്ങളും സംഭവിക്കുന്നു. വൈദ്യുതാരോപമുള്ള കണികകളുടെ വേര്‍തിരിയലാണത്‌. മേഘത്തിന്റെ മുകള്‍ഭാഗത്ത്‌ ധനവൈദ്യുതാരോപവും അടിഭാഗത്ത്‌ ഋണവൈദ്യുതാരോപവും സഞ്ചയിക്കപ്പെടുന്നു. ഈ പ്രക്രിയ മനസ്സിലാക്കുവാന്‍ അന്തരീക്ഷത്തിലെ സ്ഥിരവൈദ്യുത മണ്ഡലത്തെയാണ്‌ വില്‍സണ്‍ സിദ്ധാന്തം ആശ്രയിക്കുന്നത്‌. ഈ മണ്ഡലം സദിശമാണ്‌. കീഴോട്ട്‌ ധനാത്മകത സങ്കല്‌പിക്കുന്നു (ഭൂമി ഋണമെന്നര്‍ഥം). ഭുപ്രതലത്തില്‍ ഈ മണ്ഡലത്തിന്റെ അളവ്‌ ഒരു സെ.മീറ്ററിന്‌ ഒരു വോള്‍ട്ട്‌ എന്ന തോതിലാണ്‌. 10,000 മീ. ഉയരമാവുമ്പോഴേക്ക്‌ ഇത്‌ ക്രമേണ കുറഞ്ഞുവന്ന്‌ ഏതാണ്ട്‌ 0.02 വോള്‍ട്ട്‌/സെ.മീ. ആവുന്നു. ഇത്തരമൊരു മണ്ഡലത്തില്‍ വിദ്യുത്‌പ്രരണംമൂലം, താരതമ്യേന വലിയൊരു മഴത്തുള്ളി(2 മി.മീ. വ്യാസം)യുടെ മുകള്‍ഭാഗം ഋണാത്മകവും അടിഭാഗം ധനാത്മകവുമായിത്തീരുന്നു (ചി. 1). ഗുരുത്വബലത്താല്‍ താഴോട്ടുവരുന്ന കണികകളുടെ പ്രവേഗം സെക്കണ്ടില്‍ 5.90 മീ. വരും. മഴത്തുള്ളികളിലൂടെ മന്ദഗതിയില്‍ നീങ്ങുന്ന അയോണിനെ സംബന്ധിച്ച്‌ ഒരു വിവേചനപ്രക്രിയ നടക്കുന്നു. മേഘത്തിന്റെ അടിഭാഗത്ത്‌ ഋണ അയോണുകള്‍ ആകര്‍ഷിക്കപ്പെടുകയും ധനഅയോണുകള്‍ വികര്‍ഷിക്കപ്പെടുകയും ചെയ്യുന്നു. ഇത്തരമൊരു വിവേചനം മുകള്‍ഭാഗത്തു നടക്കുന്നില്ല. ഈ കാരണത്താല്‍ വെള്ളത്തുള്ളി ഋണാരോപം സഞ്ചയിക്കുന്നു. ഋണഅയോണുകള്‍ വീണു കഴിയുമ്പോള്‍ ബാക്കിയുള്ള അയോണുകള്‍ ഗണ്യമാംവിധം ധനാത്മകമായിത്തീരുന്നു. ചെറിയ തുള്ളികള്‍ കുറഞ്ഞ വേഗത്തിലാണ്‌ ഉയര്‍ന്നുവരിക. ആകയാല്‍ വൈദ്യുതമണ്ഡലത്തിന്റെ സ്വാധീനത്തില്‍ ഇറങ്ങിക്കൊണ്ടിരിക്കുന്ന വലിയ തുള്ളികളുടെ പ്രവേഗവും ഇതും തുല്യമാവുമ്പോള്‍ ധനഅയോണുകളുമായുള്ള ഏറ്റുമുട്ടലുകള്‍ നിമിത്തം ചെറിയ കണികകള്‍ക്കും ധനാരോപം ലഭ്യമാകാന്‍ കാരണമാകും.

ചിത്രം 1 1. വൈദ്യുതബലരേഖകള്‍ 2. വെള്ളത്തുള്ളി 3. ഋണഅയോണ്‍
]]

ക്രമരഹിതമായി വിതരണം ചെയ്യപ്പെടുന്നതിനാല്‍ ആരോപരഹിതമായിരിക്കുന്ന സ്‌പേസ്‌ചാര്‍ജ്‌ ഇക്കാരണത്താല്‍ വേര്‍തിരിയുന്നു. അങ്ങനെ മേഘത്തിന്റെ കീഴ്‌ഭാഗങ്ങളിലേക്ക്‌ വലിയ തുള്ളികള്‍ ഋണാരോപമെത്തിക്കുമ്പോള്‍ ചെറുതുള്ളികള്‍ മുകള്‍ഭാഗത്ത്‌ ധനാരോപം നിലനിര്‍ത്തുന്നു. മേഘത്തിനുമുകളില്‍ ധനാരോപവും അടിവശത്ത്‌ ഋണാരോപവും സഞ്ചയിക്കപ്പെടുന്നുവെന്നു സമര്‍ഥിക്കുന്നതിനു വില്‍സന്റെ സിദ്ധാന്തം കാണുന്ന ന്യായമിതാണ്‌. ജെ.പി.ഗോട്ട്‌ (1935) ഈ പരികല്‌പന പരീക്ഷണംമൂലം ശരിവച്ചിട്ടുണ്ട്‌. 1970-75 കാലത്ത്‌ ഡെറാം സര്‍വകലാശാലയിലെ ഒരു സംഘം ഗവേഷകര്‍ മഴവെള്ളത്തിനു സമമായ (കാര്‍ബണ്‍ഡയോക്‌സൈഡ്‌ ഉള്‍ക്കൊണ്ട ശുദ്ധജലം) വെള്ളമുപയോഗിച്ച്‌, മേഘങ്ങളില്‍ നിലനില്‌ക്കുന്നുവെന്നു മനസ്സിലാക്കപ്പെട്ട സാഹചര്യങ്ങളില്‍ നടത്തിയ പരീക്ഷണങ്ങള്‍ താഴെപറയുന്നു; (1) മേഘങ്ങളിലേതുപോലുള്ള സാഹചര്യങ്ങളില്‍, കണികകളിലെ വൈദ്യുതാരോപത്തെ നിയന്ത്രിക്കുന്ന ഒരു മുഖ്യ ഘടകമാണ്‌ ശീതീകരണനിരക്ക്‌. (2) വായുപ്രവാഹത്തിലെ ഗാഢശീതികരണത്തിനു വിധേയമായ കണികകള്‍ ഉരുകുന്നതനുസരിച്ച്‌ വൈദ്യുതാരോപവും വര്‍ധിക്കുന്നു. (3) അടുക്കുകളായിരൂപപ്പെടുന്ന കണികകളില്‍ അവ ഉരുകുമ്പോള്‍ വൈദ്യുതാരോപത്തിന്റെ അളവിലും സ്വഭാവത്തിലും ഗണ്യമായ മാറ്റങ്ങളുണ്ടാവാം.

ചിത്രം 2 1. മേഘം 2. സ്റ്റെപ്‌ഡ്‌ ലീഡര്‍ 3. പൈലറ്റ്‌ സ്‌ട്രീമര്‍ 4. റിട്ടേണ്‍ സ്‌ട്രീമര്‍ 5. ഡാര്‍ട്‌ ലീഡര്‍ 6. ഭൂമി

സിംപ്‌സന്റെ സിദ്ധാന്തപ്രകാരം മേഘത്തിന്റെ ശീര്‍ഷത്തില്‍ മാത്രമേ ധനാരോപമുള്ളൂ. പക്ഷേ അത്‌ ഗാഢമാണ്‌. മറ്റിടങ്ങള്‍ ഋണാരോപിതമാണ്‌. പിന്നീടുള്ള പരീക്ഷണങ്ങള്‍ വില്‍സണ്‍സിദ്ധാന്തത്തെ 90 ശ.മാ. ശരിവച്ചതായി കാണുന്നു. തുള്ളികളുടെ വിച്ഛിന്നനം കൊണ്ടുണ്ടാവുന്ന വൈദ്യുതീകരണമോ ആരോപബിന്ദുക്കളുടെ വിവേചനാപരമായ ആകര്‍ഷണമോ, പൂജ്യം ഡിഗ്രിക്കു താഴെയുള്ള അവസ്ഥയില്‍ ഐസ്‌ക്രിസ്റ്റലുകളും ശക്തിയായ കാറ്റും തമ്മിലുള്ള പ്രതിപ്രവര്‍ത്തനം കൊണ്ടുണ്ടാകുന്ന വൈദ്യുതീകരണമോ ആണ്‌ എല്ലാ സിദ്ധാന്തങ്ങളിലും ഉപയോഗിച്ചിട്ടുള്ള പരികല്‌പനങ്ങള്‍. ഇവയെല്ലാംതന്നെ ഈ പ്രക്രിയയില്‍ സംഭവിക്കുന്നുവെന്നും വരാവുന്നതാണ്‌. മേഘങ്ങളിലെ വൈദ്യുതാരോപങ്ങള്‍ വേര്‍പെട്ടുകഴിയുമ്പോള്‍ വൈദ്യുതപ്രരണാതത്ത്വമനുസരിച്ച്‌ ഭൂമിയിലും ചില മാറ്റങ്ങള്‍ സംഭവിക്കുന്നു. മേഘത്തിന്റെ അടിഭാഗത്തുള്ള വൈദ്യുതാരോപത്തിനു തുല്യമെങ്കിലും വിപരീതമായ വൈദ്യുതാരോപം ഭൂമിയില്‍ പ്രതിഫലിക്കുന്നു. മേഘത്തിന്റെ നീക്കമനുസരിച്ച്‌ ഈ ആരോപം ഭൂബന്ധമുള്ള എല്ലാ വസ്‌തുക്കളിലൂടെയും കയറിയിങ്ങുന്നു. ഇവയ്‌ക്കിടയിലെ വൈദ്യുതമണ്ഡലം വേണ്ടത്ര ശക്തി പ്രാപിക്കുമ്പോള്‍ മേഘത്തില്‍നിന്നും ഭൂമിയിലേക്ക്‌ "പ്ലാസ്‌മ'യുടെ ഒരു പാത തുറക്കപ്പെടുന്നു. ഇതിന്റെ വേഗം സെക്കണ്ടില്‍ 150 കി.മീറ്ററില്‍ അധികമായിരിക്കും. ഭൂമിയും മേഘവും തമ്മിലും, ചിലപ്പോള്‍ മേഘങ്ങള്‍ തമ്മിലും വൈദ്യുതി ഒഴുകാവുന്ന ഒരു വഴി തുറക്കുകയാണ്‌ ഇതുകൊണ്ടു സാധിക്കുന്നത്‌. ഇതിനെ "പൈലറ്റ്‌ സ്‌ട്രീമര്‍' എന്നു പറയുന്നു. ഇത്‌ സമീപസ്ഥ വായുവിനെ അയണീകരിക്കുന്നതിനാല്‍ "സ്റ്റെപ്‌ഡ്‌ ലീഡര്‍' എന്നു വിളിക്കുന്ന തീനാളങ്ങള്‍ക്കു കാരണമാകുന്നു. നമുക്കു കാണാന്‍ കഴിയുന്ന ആദ്യത്തെ മിന്നല്‍ സൂചനയാണിത്‌. 50 മീ. നീളംവരുന്ന തട്ടുകളുടെ ഒരു ശൃംഖലയായതുകൊണ്ടാണ്‌ ഇതിന്‌, "പടിപടിയായ' എന്നര്‍ഥമുള്ള ഈ പേര്‌ വന്നത്‌. പാര്‍ശ്വങ്ങളിലേക്കുള്ള ഈ കൈവഴികള്‍ പൈലറ്റ്‌ സ്‌ട്രീമറിനെ ഒരു കുന്തമുനയെന്നപോലെ ആകാശം ഭേദിക്കുവാനുപയോഗിക്കുന്നു. അത്‌ ഭൂമിയെ സ്‌പര്‍ശിക്കുന്നതോടെ മേഘത്തില്‍നിന്നു ഭൂമിയിലേക്ക്‌ രോധനം നഷ്‌ടപ്പെട്ട വായുവിന്റെ (അയണീകരിച്ച) ഒരു പാത ഒരുക്കപ്പെടുന്നു. മുഖ്യവൈദ്യുതപ്രവാഹം സെക്കണ്ടില്‍ 45,000 കി.മീ. വേഗത്തില്‍ ഭൂമിയില്‍നിന്ന്‌ മേഘത്തെ ലക്ഷ്യമാക്കി ഉയരുന്നു. ഈ പ്രവാഹത്തിന്‌ ഒട്ടേറെ ശാഖകളുണ്ടാവും. 15,000-30,000ബ്ബഇ താപനിലയുള്ള ഈ മിന്നല്‍ (റിട്ടേണ്‍ സ്‌ട്രീമര്‍) അന്തരീക്ഷവായുവിനെ ശ്വേതതപ്‌തമാക്കിത്തീര്‍ക്കുന്നു. അതിനാല്‍ സാധാരണയായി 0.0005 മുതല്‍ 0.5 സെക്കണ്ടുവരെ നീണ്ടുനില്‌ക്കുന്ന ഈ പിണറുകള്‍ കച്ചഞ്ചിപ്പിക്കുന്ന പ്രകാശത്തോടെ നമുക്കു കാണാം. ചിലപ്പോള്‍ ഒരു മിന്നല്‍ അനവധി മിന്നലുകള്‍ക്ക്‌ വഴിതെളിക്കുകയും ചെയ്യും. മേഘങ്ങളുടെ അടിഭാഗത്തുള്ള ഋണാരോപം (ഭൂമിയില്‍ നിന്നുള്ള പ്രവാഹം വഴി) ലയിച്ചുതീരുമ്പോള്‍ മേഘത്തിന്റെ മറ്റുഭാഗങ്ങളില്‍ നിന്നുള്ള ഋണഅയോണുകള്‍ "ഡാര്‍ട്‌ ലീഡര്‍' എന്ന ഒരു തുടര്‍പിണറിനു കാരണമാകുന്നു. എല്ലാ മിന്നലുകളിലും ഈ ഘട്ടം ഉണ്ടായിരിക്കണമെന്നില്ലെങ്കിലും ഒരേമിന്നലിനു നാല്‌പതോളം തവണ വെട്ടിക്കൊണ്ടിരിക്കാന്‍ കഴിഞ്ഞേക്കുമെന്ന്‌ ടി.ഇ.അലിബോണ്‍, ബി.എഫ്‌.ജെ. ഷോണ്‍ലാന്‍ഡ്‌ എന്നിവര്‍ (1931) തെളിയിച്ചിട്ടുണ്ട്‌. ഇത്രയും ഉയര്‍ന്ന ചൂടുകാരണം (സൂര്യോപരിതലത്തിലേതിന്റെ അഞ്ചിരട്ടി) അന്തരീക്ഷവായുവിന്റെ മര്‍ദം ഏതാണ്ട്‌ 300 മടങ്ങോളം വര്‍ധിക്കുന്നു. തന്മൂലം സമീപ വായുവിലുണ്ടാകുന്ന സ്‌ഫോടനമാണ്‌ നാം ഇടിനാദമായി കേള്‍ക്കുന്നത്‌. ഇടിനാദത്തിന്റെ ശരാശരി നിലവാരം 200 കി. ഗ്രാം ടി.എന്‍.ടിയുടെ സ്‌ഫോടനത്തിനു സമമായിരിക്കുമെന്നു കണക്കാക്കപ്പെട്ടിരിക്കുന്നു. ശബ്‌ദവീചികള്‍ പ്രകാശത്തെക്കാള്‍ താരതമ്യേന കുറഞ്ഞവേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ മിന്നല്‍ കണ്ടുകഴിഞ്ഞശേഷമേ ഇടിനാദം നാം കേള്‍ക്കുന്നുള്ളൂ. വായുവില്‍ സൃഷ്‌ടിക്കപ്പെടുന്ന ഈ മര്‍ദവീചികള്‍ക്ക്‌ വാഹനങ്ങളെ അടിതെറ്റിക്കുവാനും ചുമരുകളെയും അതുപോലുള്ള മറ്റുനിര്‍മിതികളെയും തറപറ്റിക്കാനും കഴിയും. മിന്നലിന്റെ വൈദ്യുതസ്വഭാവത്തിനും താപപ്രഭാവത്തിനും മാത്രമല്ല, ഇടിയുടെ മര്‍ദവീചികള്‍ക്കും മനുഷ്യനും മറ്റുജീവജാലങ്ങള്‍ക്കും അപകടംവരുത്തി വയ്‌ക്കുവാന്‍ കഴിയും. എല്ലാ മിന്നലുകളും ഒരേതരം അപകടങ്ങളല്ല വരുത്തിവയ്‌ക്കുക എന്നും നിരീക്ഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്‌.

(വി.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍