This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ആന്റിമെറ്റബൊളൈറ്റുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:49, 7 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ആന്റിമെറ്റബൊളൈറ്റുകള്‍

Antimetabolites

ജീവികളുടെ ശരീരത്തില്‍ നടക്കുന്ന ചയാപചയങ്ങളില്‍-മെറ്റബോളിസത്തില്‍-പങ്കുചേരുന്ന പദാര്‍ഥങ്ങളെ (മെറ്റബൊളൈറ്റുകള്‍) അവയുടെ സാധാരണ പ്രവര്‍ത്തനങ്ങളില്‍നിന്നും തടയുന്ന രാസവസ്‌തുക്കള്‍. എന്‍സൈമുകള്‍, അവശ്യ-അമിനൊഅമ്ലങ്ങള്‍, ഹോര്‍മോണുകള്‍, വിറ്റാമിനുകള്‍, കാര്‍ബൊഹൈഡ്രറ്റുകള്‍, പ്യൂറിനുകള്‍, പിരിമിഡിനുകള്‍ എന്നിവയെല്ലാം മെറ്റബൊളൈറ്റുകള്‍ക്കു ദൃഷ്‌ടാന്തങ്ങളാണ്‌. ഇവയ്‌ക്കെല്ലാം അതാതിന്റേതായ ആന്റിമെറ്റബൊളൈറ്റുകള്‍ ഉള്ളതായി കണ്ടെത്തിയിട്ടുണ്ട്‌. ആന്റിമെറ്റബൊളൈറ്റുകളുടെ പ്രവര്‍ത്തനം വിശദീകരിക്കുന്ന സിദ്ധാന്തം ആന്റിമെറ്റബൊളൈറ്റ്‌ സിദ്ധാന്തം അഥവാ വുഡ്‌സ്‌-ഫില്‍ഡെസ്‌ സിദ്ധാന്തം (Woods-Fildes Theory) എന്നറിയപ്പെടുന്നു. ഒന്നു രണ്ടുദാഹരണങ്ങള്‍ കൊണ്ട്‌ ഈ സിദ്ധാന്തം വിശദമാക്കാം. ഒരു ബാക്‌റ്റീരിയയുടെ കാര്യം എടുക്കുക. അതിന്‌ അവശ്യം ഉപയോഗപ്പെടുത്തേണ്ടതായ ഒരു മെറ്റബൊളൈറ്റ്‌ ആണ്‌ പാരാ അമിനൊബന്‍സോയിക്‌ അമ്ലം(Para Amino Benzoic Acid) . സൗകര്യത്തിനുവേണ്ടി ഈ പദാര്‍ഥത്തെ "പാബ' (PABA) എന്ന ചുരുക്കപ്പേരുകൊണ്ട്‌ വ്യവഹരിച്ചുവരുന്നു. സള്‍ഫാനിലമൈഡ്‌ (ഒരു സള്‍ഫാ മരുന്ന്‌) എന്ന ഒരു രാസപദാര്‍ഥം ഈ ബാക്‌റ്റീരിയയുടെ മെറ്റബോളിസത്തെ തടസ്സപ്പെടുത്തുന്നതായി തെളിഞ്ഞിട്ടുണ്ട്‌. അതായത്‌ സള്‍ഫാനിലമൈഡ്‌ പാബയുടെ ആന്റിമെറ്റബൊളൈറ്റ്‌ ആണ്‌. രാസരചനാപരമായി ഈ രണ്ടിന്റെയും തന്മാത്രകളെ ഇപ്രകാരം പ്രതിനിധാനം ചെയ്യാം:

ഒറ്റനോട്ടത്തില്‍ത്തന്നെ ഈ രണ്ടിന്റെയും തന്മാത്രകളുടെ സംരചനകള്‍ക്ക്‌ രൂപസാദൃശ്യമുള്ളതായിക്കാണാം. ബാക്‌റ്റീരിയ പാബയ്‌ക്കു പകരം ഒരു സള്‍ഫാനിലമൈഡ്‌ തന്മാത്രയുമായി സന്ധിച്ചു എന്നിരിക്കട്ടെ. രൂപസാദൃശ്യം അത്രമാത്രം ഉള്ളതുകൊണ്ട്‌, ആ അല്‌പജീവി, പാബയാണെന്നുള്ള വിചാരത്താല്‍ സള്‍ഫാനിലമൈഡ്‌ തന്മാത്രയെ സ്വീകരിക്കുന്നു. അങ്ങനെ അവശ്യ മെറ്റബൊളൈറ്റ്‌ ആയ പാരാഅമിനൊ ബെന്‍സോയിക്‌ അമ്ലത്തിന്റെ പ്രവര്‍ത്തനവും പ്രയോജനവും അതിനു നഷ്‌ടപ്പെടുന്നു. ഒരു അവശ്യമെറ്റബൊളൈറ്റിന്റെ അഭാവം ആ ജീവിയെ മാരകമായി ബാധിക്കുകയും ചെയ്യുന്നു. ഇപ്രകാരമാണ്‌ ഒരു ആന്റിമെറ്റബൊളൈറ്റിന്റെ പ്രവര്‍ത്തനം എന്നതാണ്‌ ആന്റിമെറ്റബോളൈറ്റ്‌ സിദ്ധാന്തം പറയുന്നത്‌. സള്‍ഫാ മരുന്നുകള്‍ രോഗിയുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്‌ രോഗകാരണങ്ങളായ അണുജീവികള്‍ക്ക്‌ ആന്റിമെറ്റബൊളൈറ്റുകളായിട്ടാണ്‌. ഒരു എന്‍സൈമിന്റെ വിഷയത്തില്‍ ആന്റിമെറ്റബൊളൈറ്റ്‌ പ്രവര്‍ത്തിക്കുന്നത്‌ എങ്ങനെ എന്നു നോക്കാം. സാധാരണമായി എന്‍സൈമുകള്‍ കാര്യദ്രവ്യ(substrate)ങ്ങളുമായി ആദ്യം പ്രവര്‍ത്തിച്ച്‌ എന്‍സൈം-സബ്‌സ്റ്റ്രാറ്റ്‌-കോംപ്ലശ്ശെക്‌സ്‌ ഉണ്ടാവുകയും ഉടന്‍ തന്നെ ഈ കോംപ്ലശ്ശെക്‌സ്‌ വിയോജിച്ച്‌ നിര്‍ദിഷ്‌ട-വ്യുത്‌പന്നങ്ങളുണ്ടാവുകയും എന്‍സൈം അതേപടി തിരിച്ചു ലഭ്യമാവുകയും ചെയ്യും: എന്‍സൈം+സബ്‌ട്രാറ്റ്‌→എന്‍സൈം-സബ്‌സ്‌ട്രാറ്റ്‌ കോംപ്ലശ്ശെക്‌സ്‌ →നിര്‍ദിഷ്‌ട-വ്യുത്‌പന്നങ്ങള്‍+എന്‍സൈം. എന്നാല്‍ ഈ എന്‍സൈമിന്റെ മുമ്പില്‍ സബ്‌സ്‌ട്രാറ്റിനു പകരം ആന്റിമെറ്റബൊളൈറ്റ്‌ വന്നുപെട്ടു എന്നിരിക്കട്ടെ. സബ്‌സ്‌ട്രാറ്റിനും ആന്റിമെറ്റബൊളൈറ്റിനും തമ്മിലുള്ള രൂപസാദൃശ്യം എന്‍സൈം-ആന്റിമെറ്റബൊളൈറ്റ്‌-കോംപ്ലശ്ശെക്‌സ്‌ ഉണ്ടാക്കുന്നു. ഇത്‌ വിഘടനവിധേയമല്ലാത്തതിനാല്‍ എന്‍സൈം തന്മാത്ര അങ്ങനെ കുടുങ്ങിക്കിടക്കുകയും അതിന്റെ സാധാരണ പ്രവര്‍ത്തനം സ്‌തംഭിക്കുകയും ചെയ്യും.

ഓരോ രോഗാണുജീവിക്കും അതിന്റേതായ ചില ആന്റിമെറ്റബൊളൈറ്റുകള്‍ ഉള്ളതുകൊണ്ട്‌ ഇവയെക്കുറിച്ചുള്ള പഠനവും ഗവേഷണവും ചികിത്സാരംഗത്തു പുതിയ മരുന്നുകള്‍ ആവിഷ്‌കരിക്കുവാന്‍ ശാസ്‌ത്രജ്ഞരെ സഹായിച്ചിട്ടുണ്ട്‌, സഹായിക്കുന്നുമുണ്ട്‌. മാത്രമല്ല, ജന്തുശരീരത്തില്‍ പൊതുവേ നടക്കുന്ന രാസപ്രക്രിയകള്‍ മനസ്സിലാക്കുന്നതിനും ജീവകങ്ങള്‍ മുതലായവയുടെ ശരീരക്രിയാങ്ങകമായ പ്രവര്‍ത്തനങ്ങളുടെ രീതിയെക്കുറിച്ചു നിഷ്‌കൃഷ്‌ടമായി അറിയുന്നതിനും അതു വളരെ പ്രയോജനപ്പെട്ടിട്ടുണ്ട്‌. ആന്റിട്യൂമര്‍ ചികിത്സയില്‍ ആന്റിമെറ്റബൊളൈറ്റുകള്‍ പ്രയോഗിക്കപ്പെട്ടുവരുന്നു. ആന്റികാന്‍സര്‍ മരുന്നുകള്‍, പ്രശാന്തകങ്ങള്‍ (tranquilizers), ക്ഷയരോഗനിയന്ത്രണത്തിന്‌ പേരുകേട്ട ഐസൊ നിക്കൊട്ടിന്‍ ഹൈഡ്രസൈഡ്‌ എന്നിവയെല്ലാം ആന്റിമെറ്റബൊളൈറ്റുകളാണ്‌. ആന്റിബയോട്ടിക്കുകളും അങ്ങനെ തന്നെ. കാര്‍ഷികരംഗത്ത്‌ കീടനാശിനികളും കളനാശിനികളും ആയി പ്രയോഗിക്കപ്പെടുന്ന ഡി.ഡി.ടി, ഗാമേക്‌സന്‍, ചില കാര്‍ബണിക്‌ ഫോസ്‌ഫേറ്റുകള്‍ മുതലായവയെല്ലാം അതാതു കീടങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ആന്റിമെറ്റബൊളൈറ്റുകള്‍ ആണ്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍