This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഇന്റർനാഷണൽ ഫൊണെറ്റിക്‌ ലിപി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:47, 10 സെപ്റ്റംബര്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഇന്റര്‍നാഷണല്‍ ഫൊണെറ്റിക്‌ ലിപി

ഇന്റര്‍നാഷണല്‍ ഫൊണെറ്റിക്‌ അസോസിയേഷന്റെ സംഭാവനയാണ്‌ ഐ.പി.എ. എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഇന്റര്‍നാഷണല്‍ ഫൊണെറ്റിക്‌ ആല്‍ഫബെറ്റ്‌ (അന്താരാഷ്‌ട്രീയസ്വനവര്‍ണമാല). അറിയപ്പെടുന്ന എല്ലാ ലോകഭാഷകളിലെയും ശബ്‌ദങ്ങള്‍ രേഖപ്പെടുത്താവുന്ന രീതിയിലാണ്‌ ഇതിന്റെ സംവിധാനം. ലിപികളില്ലാത്ത ഭാഷകള്‍ രേഖപ്പെടുത്തുക, വിദേശഭാഷകള്‍ പഠിക്കുന്നവര്‍ക്കുവേണ്ടി പദങ്ങളുടെ ഉച്ചാരണം രേഖപ്പെടുത്തുക തുടങ്ങിയ പ്രായോഗികാവശ്യങ്ങള്‍ നിറവേറ്റുകയാണ്‌ ഐ.പി.എ.യുടെ ലക്ഷ്യം.

ഇതിലെ ചിഹ്നങ്ങള്‍ രൂപപ്പെടുത്തിയിരിക്കുന്നത്‌ റോമന്‍ലിപിയുടെ അടിസ്ഥാനത്തിലാണ്‌. റോമന്‍ ലിപി പോരെന്നു തോന്നുമ്പോള്‍ മാത്രമേ മറ്റു ലിപികള്‍ സ്വീകരിക്കാവൂ എന്നതാണ്‌ ഇന്റര്‍നാഷണല്‍ ഫൊണെറ്റിക്‌ അസോസിയേഷന്റെ തത്ത്വം. പുതിയ ലിപികള്‍ സ്വീകരിക്കേണ്ടിവന്നാല്‍ ആ ലിപികള്‍ റോമന്‍ ലിപികളുടെ മാതൃകയില്‍ത്തന്നെ രൂപപ്പെടുത്താനും അസോസിയേഷന്‍ ശ്രദ്ധിച്ചിട്ടുണ്ട്‌. ഭാഷാശബ്‌ദ ശാസ്‌ത്രത്തിന്റെ (phonetics) വീക്ഷണത്തിലൂടെയുള്ള ഔചിത്യം മാത്രമല്ല, മനഃശാസ്‌ത്രം, അധ്യാപനപ്രശ്‌നങ്ങള്‍, അച്ചടിയുടെയും കൈയെഴുത്തിന്റെയും സൗകര്യം എന്നിവകൂടി ലിപികളുടെ തെരഞ്ഞെടുപ്പില്‍ പരിഗണിക്കപ്പെട്ടിട്ടുണ്ട്‌.

ഇവിടെ കൊടുത്തിരിക്കുന്ന ഐ.പി.എ. ചാര്‍ട്ടില്‍ വ്യഞ്‌ജനങ്ങളെ ഉച്ചാരണരീതിയനുസരിച്ച്‌ എട്ട്‌ ആയും ഉച്ചാരണ സ്ഥാനമനുസരിച്ച്‌ 11 ആയുമാണ്‌ വിഭജിച്ചിരിക്കുന്നത്‌. മുകളില്‍ ഇടത്തുനിന്നു വലത്തോട്ട്‌ ഉച്ചാരണസ്ഥാനവും (Bilabial, labiodental...etc.) ഇടതുവശത്ത്‌ മുകളില്‍നിന്നു താഴോട്ട്‌ ഉച്ചാരണരീതിയും (Plosive, Nasal etc.) രേഖപ്പെടുത്തിയിരിക്കുന്നു. ഒരേ കോളത്തില്‍ രണ്ടു ലിപികള്‍ കൊടുത്തിട്ടുള്ളതില്‍ ആദ്യത്തേത്‌ ശ്വാസി(voiceless)യും രണ്ടാമത്തേത്‌ നാദി(voiced)യുമാണ്‌. p (പ)യുടെ ഉച്ചാരണസ്ഥാനം ഓഷ്‌ഠ്യവും ഉച്ചാരണരീതി സ്‌പര്‍ശവുമാണ്‌. ഇതിനുപുറമേ ഇത്‌ ശ്വാസിയുമാണ്‌. അതുകൊണ്ട്‌ ചാര്‍ട്ടില്‍നിന് p (പ) ശ്വാസിയായ ഓഷ്‌ഠ്യസ്‌പര്‍ശമാണെന്നും, b (ബ) നാദിയായ ഓഷ്‌ഠ്യസ്‌പര്‍ശമാണെന്നും മനസ്സിലാക്കാം. ഇതിലെ 20 സ്വരങ്ങളെ നാക്കിന്റെ സ്ഥാനമനുസരിച്ച്‌ (Front, central, back) മൂന്നായും വായയുടെ തുറക്കലുനസരിച്ച്‌ (close, half close, open)മൂന്നായും വിഭജിച്ചിരിക്കുന്നു. ഒരേ കോളത്തില്‍ രണ്ടു സ്വരങ്ങളുള്ളതില്‍ ആദ്യത്തേത്‌ അവര്‍ത്തുലിത (unsounded) സ്വരവും രണ്ടാമത്തേത്‌ വര്‍ത്തുലിത (sounded)സ്വരവുമായി കണക്കാക്കണം. മലയാളത്തിലെ വായു (VA: JU) കാല്‌ (KA: LU) എന്നീ പദങ്ങളിലെ അവസാനത്തെ ഉകാരം യഥാക്രമം വര്‍ത്തുലിതവും അവര്‍ത്തുലിതവുമാണ്‌. ഏതെങ്കിലും രണ്ടു വ്യത്യസ്‌ത ശബ്‌ദങ്ങള്‍ ഒരേ ഭാഷയില്‍ത്തന്നെ വരികയില്ലെങ്കില്‍ ആ രണ്ടു ശബ്‌ദങ്ങള്‍ക്കും കൂടി ഒരേ ലിപിതന്നെയാണ്‌ കൊടുത്തിരിക്കുന്നത്‌; (l, j) എന്നിവ നോക്കുക.

Vol3_163_1.jpg

ഇത്രയും ലിപികളല്ലാതെ വളരെയധികം ഉപചിഹ്നങ്ങളും ഐ.പി.എ.യില്‍ കൊടുത്തിട്ടുണ്ട്‌. സൂക്ഷ്‌മമായ ഉച്ചാരണവ്യത്യാസങ്ങളെ വേര്‍തിരിച്ചുകാണിക്കാനും ദീര്‍ഘം, ഈണം (into-nation), സ്വനിമ(phoneme)ത്തിന്റെ ഉപസ്വനങ്ങള്‍ (allophones) എന്നിവ രേഖപ്പെടുത്താനും ഉപചിഹ്നങ്ങള്‍ക്കേ കഴിയൂ. ചിലപ്പോള്‍, കൂടുതല്‍ ചിഹ്നങ്ങളുടെ ആവശ്യം ഒരു ഉപചിഹ്നം കൊണ്ടു നിറവേറ്റപ്പെടാം. ഭാഷാഭേദങ്ങളെയും ഭാഷയുടെ ചരിത്രാത്മകവും താരതമ്യാത്മകവുമായ ഭാവങ്ങളെയും കുറിച്ചുള്ള പഠനങ്ങള്‍ക്ക്‌ സൂക്ഷ്‌മമായ രേഖപ്പെടുത്തലുകള്‍ ആവശ്യമാണ്‌.

ഒരേ ഭാഷയിലെ പദങ്ങളെ വേര്‍തിരിക്കാനുപയോഗിക്കുന്ന ശബ്‌ദങ്ങള്‍ക്ക്‌ ഉപചിഹ്നങ്ങളൊന്നും കൂടാത്ത പ്രത്യേക ലിപികള്‍തന്നെയാണ്‌ ഐ.പി.എ. സ്വീകരിച്ചിരിക്കുന്നത്‌. "വല', "വള' എന്നീ മലയാളപദങ്ങളിലെ "ല'യ്‌ക്കും "ള'യ്‌ക്കും പ്രത്യേക ലിപികള്‍ തന്നെ വേണം; കാരണം ഈ രണ്ടു ശബ്‌ദങ്ങളാണ്‌ "വല'യെയും "വള'യെയും അര്‍ഥവ്യത്യാസമുള്ള രണ്ടു പ്രത്യേക പദങ്ങളാക്കുന്നത്‌. "ല'യും "ള'യും മലയാളത്തില്‍ പ്രത്യേക സ്വനിമങ്ങളാണ്‌. വളരെ സാദൃശ്യമുള്ള രണ്ടു ശബ്‌ദങ്ങള്‍, അവ ഒരു ഭാഷയില്‍ രണ്ടു വാക്കുകളെ വ്യത്യാസപ്പെടുത്താതിരിക്കുന്നുവെങ്കില്‍ ഈ രണ്ടു ശബ്‌ദങ്ങള്‍ക്കും കൂടി ഒരേ ഒരു ലിപി മാത്രമേ ഐ.പി.എ.യില്‍ കാണുകയൂള്ളൂ.

പല ഭാഷകളിലുമുള്ള ഒരേ ശബ്‌ദത്തിന്‌ അതതു ഭാഷകളില്‍ ഒരേ ഐ.പി.എ. ലിപി തന്നെ ഉപയോഗിക്കണമെന്നില്ല; ഓരോ ഭാഷയുടെയും ശബ്‌ദഘടനയനുസരിച്ച്‌ ലിപികള്‍ തെരഞ്ഞെടുക്കാം. ഒരു ഭാഷയില്‍ ശ, ഷ, സ ഈ മൂന്നു വ്യഞ്‌ജനങ്ങളുമുണ്ടെങ്കില്‍ അവയ്‌ക്ക്‌ യഥാക്രമം ∫ .ട.ട എന്നീ മൂന്നു ഐ.പി.എ. ലിപികളും ഉപയോഗിക്കാം. പക്ഷേ, മറ്റൊരു ഭാഷയില്‍ ഈ മൂന്നു ശബ്‌ദങ്ങള്‍ക്കുപകരം "ശ' മാത്രമേ ഉള്ളൂവെങ്കില്‍ ∫ യ്‌ക്കു പകരം, കൂടുതല്‍ പരിചിതമായ 'S' എന്ന ചിഹ്നം ഉപയോഗിക്കുന്നതാണുത്തമം. 'S' എന്ന ലിപി ഒരു ഭാഷയില്‍ "സ'യ്‌ക്കു വേണ്ടിയും മറ്റൊരു ഭാഷയില്‍ "ശ'യ്‌ക്കു വേണ്ടിയും ഉപയോഗിക്കുന്നത്‌ ഓരോ ഭാഷയുടെയും സൗകര്യമനുസരിച്ചു ശരിയാണ്‌. ഐ.പി.എ. പൂര്‍ണമോ ദോഷരഹിതമോ ആണെന്ന്‌ അസോസിയേഷന്‍ അവകാശപ്പെടുന്നില്ല. അപഗ്രഥിക്കപ്പെടാത്ത എത്രയോ ഭാഷകള്‍ ലോകത്തുണ്ട്‌. അവയെക്കുറിച്ചു പഠിക്കുമ്പോള്‍ അവയിലെ പുതിയ ശബ്‌ദങ്ങള്‍ക്കുവേണ്ടി ഐ.പി.എ. വീണ്ടും പരിഷ്‌കരിക്കേണ്ടിവരും. നോ. ഇന്റര്‍നാഷണല്‍ ഫൊണെറ്റിക്‌ അസോസിയേഷന്‍

(ഡോ. സോമശേഖരന്‍നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍