This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാരിക്കേച്ചറും കാര്‍ട്ടൂണും

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:46, 28 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാരിക്കേച്ചറും കാര്‍ട്ടൂണും

Caricature and Cartoon

വ്യക്തികളെയോ സംഭവങ്ങളെയോ ആക്ഷേപരൂപേണ ചിത്രീകരിച്ചവതരിപ്പിക്കുന്ന ഹാസ്യചിത്രങ്ങളുടെ രണ്ട്‌ വിഭാഗങ്ങള്‍. ഇവയ്‌ക്ക്‌, വൈജാത്യങ്ങളെക്കാളേറെ സമാനതകളാണുള്ളത്‌. കാരിക്കേച്ചര്‍ വ്യക്തികളെ അതിശയോക്തി കലര്‍ത്തി ചിത്രീകരിച്ച്‌ വിഷയമവതരിപ്പിക്കുമ്പോള്‍, കാര്‍ട്ടൂണ്‍ വ്യക്തികള്‍ക്കു പുറമേ സമൂഹത്തെയും സംഭവങ്ങളെയും കൂടി വിഷയമാക്കാറുണ്ട്‌. മറ്റൊരുതലത്തില്‍ പറഞ്ഞാല്‍, കാരിക്കേച്ചറിന്റെ വിപുലരൂപ(extendend form)മാണ്‌ കാര്‍ട്ടൂണുകള്‍. ഈ രണ്ട്‌ ചിത്രരൂപങ്ങളുടെ ചരിത്രവും അതാണ്‌ സാക്ഷ്യപ്പെടുത്തുന്നത്‌.

കാഴ്‌ചയില്‍ ലളിതമെന്ന്‌ തോന്നിക്കുമെങ്കിലും തീര്‍ത്തും ഫലപ്രദമായ വിനിമയോപകരണങ്ങളാണ്‌ (Communication Tool) കാരിക്കേച്ചറുകളും കാര്‍ട്ടൂണുകളും. ആധുനിക അച്ചടി മാധ്യമങ്ങള്‍ പരിശോധിച്ചാല്‍ ഇക്കാര്യം ബോധ്യമാകും. ദൃശ്യമാധ്യങ്ങളുമായുള്ള അവയുടെ കിടമത്സരത്തിന്റെ ഭാഗമായി അച്ചടിമാധ്യമങ്ങള്‍ കുറേക്കൂടി ദൃശ്യവത്‌കരിക്കാന്‍ (Visualise) ശ്രമിക്കുന്നതിന്റെ ഭാഗമായിട്ടു കൂടിയാണ്‌ ഈ പ്രവണത കണ്ടുവരുന്നത്‌. ഇതുകൂടാതെ കേവല ചിത്രകല എന്നതിനുപുറമേ ഇവയ്‌ക്ക്‌ ചരിത്രപരമായും സാമൂഹികമായും രാഷ്‌ട്രീയമായും കലാപരമായിത്തന്നെയും മറ്റു ചില വശങ്ങള്‍ കൂടി കൈവന്നതോടെ കാരിക്കേച്ചറുകളുടെയും കാര്‍ട്ടൂണുകളുടെയും പ്രാധാന്യവും പരിഗണനയും കൂടിവന്നതായി കാണാവുന്നതാണ്‌.

മിക്ക കാര്‍ട്ടൂണിസ്റ്റുകളും കാരിക്കേച്ചറിസ്റ്റുകള്‍ കൂടിയായിരുന്നു; മറിച്ചും. പ്രഗല്‌ഭരായ ചിത്രകാരന്മാരാണ്‌ ആദ്യഘട്ടത്തില്‍ കാരിക്കേച്ചറുകള്‍ വരച്ചിരിക്കുന്നത്‌. ഉദാ. ലിയനാര്‍ഡോ ഡാവിഞ്ചി, കരാച്ചി, ബെര്‍ണിനി. എന്നാല്‍ പിന്നീട്‌ ചിത്രകലയുടെ സങ്കീര്‍ണങ്ങളായ സങ്കേതങ്ങളുമായി ബന്ധമില്ലാത്തവര്‍പോലും കാരിക്കേച്ചര്‍കാര്‍ട്ടൂണ്‍ രചനകളില്‍ വിജയിച്ചിട്ടുണ്ട്‌. ഈ മേഖലയിലേക്ക്‌ പ്രാഫഷണല്‍ ചിത്രകാരന്മാരും സാമൂഹ്യ രാഷ്‌ട്രീയ വിഷയങ്ങളില്‍ അവഗാഹമുള്ള ചിത്രകാരന്മാരും കടന്നുവന്നത്‌ ഈ രംഗത്തിന്‌ കൂടുതല്‍ ഉണര്‍വുപകരാന്‍ കാരണമാക്കി. ഇതിന്റെ സാങ്കേതിക രംഗത്തെ വളര്‍ച്ച, ഈ ചിത്രകലയുടെ വികാസ പ്രക്രിയയില്‍ കാരിക്കേച്ചറിഌം കാര്‍ട്ടൂണിഌം ശേഷം, കാര്‍ട്ടൂണ്‍ ചലച്ചിത്രത്തില്‍ (ആനിമേഷന്‍ ചിത്രങ്ങള്‍) എത്തിനില്‍ക്കുന്നു.

കാരിക്കേച്ചര്‍. ചിരിക്കാന്‍ വക നല്‌കത്തക്കവണ്ണം രൂപഭാവവിശേഷങ്ങള്‍ക്ക്‌ അമിതമായ പ്രാധാന്യം നല്‌കി അല്‌പം അതിശയോക്തി കലര്‍ത്തി വരയ്‌ക്കുന്ന ചിത്രങ്ങളാണ്‌ കാരിക്കേച്ചറുകള്‍. കാരിക്കേച്ചറിനെ വ്യക്തിയുടെ ഹാസ്യചിത്രീകരണം എന്ന്‌ സാമാന്യമായി ഭാഷാന്തരണം ചെയ്യാം.

അതിശയോക്തി കലര്‍ന്ന വിശദാംശങ്ങള്‍ നിറയ്‌ക്കുക എന്ന അര്‍ഥം വരുന്ന കാരിക്കേര്‍ (caricare) എന്ന ഇറ്റാലിയന്‍ ക്രിയാരൂപത്തില്‍ നിന്നാണ്‌ "കാരിക്കേച്ചര്‍' എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. ഈ സംജ്ഞയുടെ നിഷ്‌പത്തിക്ക്‌ സ്വഭാവം എന്ന അര്‍ഥമുള്ള കരാറ്റേറെ (carattere) എന്ന ഇറ്റാലിയന്‍ ശബ്‌ദത്തിന്റെയും മുഖം എന്നര്‍ഥം വരുന്ന കാറ (cara) എന്ന സ്‌പാനിഷ്‌ പദത്തിന്റെയും സ്വാധീനത ഉണ്ടായിരിക്കാമെന്നു കരുതാവുന്നതാണ്‌.

എന്‍ഗ്രവറായ മോസിനി 1646ല്‍ പ്രസിദ്ധീകരിച്ച ഡൈവേഴ്‌സ്‌ ഫിഗര്‍ എന്ന പുസ്‌തകത്തിലാണ്‌ "കാരിക്കേച്ചര്‍' എന്ന പദം ആദ്യമായി പ്രയോഗിച്ചു കാണുന്നത്‌. യാഥാര്‍ഥ്യങ്ങളിലേക്ക്‌ ആഴ്‌ന്നിറങ്ങുക (penitrating the realities)എന്ന അര്‍ഥത്തിലാണ്‌ ഈ ഗ്രന്ഥത്തില്‍ ഈ പദം ഉപയോഗിച്ചു കാണുന്നത്‌. കാരിക്കേച്ചര്‍ ഇറ്റലിയില്‍ നിന്ന്‌ ആദ്യം ഫ്രാന്‍സിലും പിന്നീട്‌ ഇംഗ്ലണ്ടിലും എത്തിയെന്നാണ്‌ അതിന്റെ ചരിത്രം വിശദമാക്കുന്നത്‌. 17-ാം ശതകത്തിലെ ഇറ്റാലിയന്‍ കാരിക്കേച്ചറിസ്റ്റും ചിത്രകാരനുമായിരുന്ന ഗിയോവന്നി ബെര്‍ണിനി (1598-1689) 1665ല്‍ ഫ്രാന്‍സില്‍ എത്തിയതു വഴിയാണ്‌ കാരിക്കേച്ചര്‍ ഫ്രാന്‍സില്‍ പ്രചരിച്ചു തുടങ്ങിയത്‌. ചിത്രരചനയുടെ ആദ്യഘട്ടങ്ങളില്‍ ചിത്രങ്ങളില്‍ ഹാസ്യം കലര്‍ത്തുക നിഷിദ്ധമായിരുന്നു. ചിത്രകലയുടെ വിശുദ്ധിക്കു ഹാസ്യം കളങ്കമുണ്ടാക്കുമെന്നായിരുന്നു അന്നത്തെ ചിത്രകലാചിന്തകരുടെ ധാരണ.

"ദ്‌ പ്ലം പുഡ്ഡിങ്‌ ഇന്‍ ഡെയ്‌ഞ്ചർ'-ഗിൽറേയുടെ കാരിക്കേച്ചർ

കാലക്രമേണ ഈ ധാരണയ്‌ക്കു മാറ്റമുണ്ടാകുകയും ഹാസ്യത്തിഌം കൂടിയുള്ള ഒരു മാധ്യമമായി ചിത്രകല വികസിക്കുകയും ചെയ്‌തതോടെയാണ്‌ കാരിക്കേച്ചര്‍ ആവിര്‍ഭവിച്ചത്‌. ഹാസ്യം ലക്ഷ്യമാക്കി വരയ്‌ക്കുന്ന കാരിക്കേച്ചറുകളില്‍ ചിത്രകാരന്‍ ചിലപ്പോള്‍ കഥാപുരുഷന്റെ ശരീരഭാഗങ്ങള്‍ക്ക്‌ അതിശയോക്തി കലര്‍ത്തിയിരിക്കും. മുഖം, താടിയെല്ല്‌, മൂക്ക്‌, പുരികം, കണ്ണ്‌ എന്നിവ വികൃതമാക്കിയോ ശരീരാവയവങ്ങള്‍ക്കു കായ്‌കനികളുടെയോ പക്ഷിമൃഗാദികളുടെയോ രൂപം നല്‌കിയോ മറ്റു ജീവജാലങ്ങളുമായി സാദൃശ്യം ഉണ്ടെങ്കില്‍ അവ പൊലിപ്പിച്ചോ ആണ്‌ ഇത്‌ സാധിക്കുന്നത്‌. രാഷ്‌ട്രീയസാമൂഹ്യസാഹിത്യ രംഗങ്ങളില്‍ പ്രശസ്‌തരായ വ്യക്തികളെ മൃഗത്തിന്റെയോ പക്ഷികളുടെയോ രൂപത്തില്‍ ചിത്രീകരിച്ച്‌ ഹാസ്യാത്മകമാക്കുന്നതിലാണ്‌ കാരിക്കേച്ചറിസ്റ്റിന്റെ വിജയം.

കാരിക്കേച്ചറിനു സമാനമായ ചിത്രണരീതി പ്രാചീനകാലം മുതല്‌ക്കേ ഗ്രീസ്‌, ഇറ്റലി എന്നിവിടങ്ങളില്‍ നിലനിന്നിരുന്നു. പുരാണങ്ങളുടെയും യക്ഷിക്കഥകളുടെയും ചിത്രീകരണത്തില്‍ മനുഷ്യരെ മൃഗങ്ങളെപ്പോലെ വരച്ചിരുന്നുവെന്നതും ശില്‌പങ്ങളില്‍ മനുഷ്യരുടെ രൂപം വികൃതമായി ആലേഖനം ചെയ്‌തിരുന്നുവെന്നതും ഇതിനു തെളിവായി ചൂണ്ടിക്കാണിക്കാം. ആദ്യകാലങ്ങളില്‍ കാരിക്കേച്ചര്‍ കലാരൂപത്തിനു പാശ്ചാത്യ രാഷ്‌ട്രങ്ങളെക്കാള്‍ പ്രാധാന്യമുണ്ടായിരുന്നത്‌ പൗരസ്‌ത്യരാഷ്‌ട്രങ്ങളിലാണ്‌. ഇതിനു തെളിവാണ്‌ ഈ മേഖലയില്‍ ജപ്പാന്റെ ആധിപത്യം. 12-ാം ശതകത്തില്‍ തന്നെ ജപ്പാനില്‍ ഈ കലാരൂപം സമ്പന്നമായിരുന്നു. അവിടത്തെ കാരിക്കേച്ചറിസ്റ്റുകളില്‍ പ്രമുഖരായിരുന്നു തോബസാജോ, മിത്‌സു നാഗ എന്നിവര്‍. ദീര്‍ഘകാലത്തെ ഉപയോഗംകൊണ്ട്‌ നാണയങ്ങള്‍ക്കും സ്‌മാരകമുദ്രകള്‍ക്കും തേയ്‌മാനം സംഭവിക്കുകമൂലം അവയില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്ന പ്രതിരൂപങ്ങള്‍ (രാജാക്കന്മാരുടെയും മറ്റും ശിരസ്സ്‌ എന്നിവ)ക്കുണ്ടായ വൈകൃതവും സമൂഹത്തില്‍ മാന്യതയുള്ള ചില വ്യക്തികളുടെ വൈരൂപ്യവും കാരിക്കേച്ചര്‍ വരയ്‌ക്കുന്നതിന്‌ കലാകാരന്മാര്‍ക്കു നല്ല പ്രചോദനം നല്‌കിയിരിക്കണം. പള്ളികളുടെയും മറ്റും ചുവരുകളില്‍ ഉണ്ടായിരുന്ന വികൃതങ്ങളായ ചിത്രങ്ങളും പ്രതിമകളും ഒരു പരിധിവരെ കാരിക്കേച്ചറിന്റെ ആദ്യകാല സൃഷ്‌ടികള്‍ക്കു പ്രാത്‌സാഹനം നല്‌കിയെന്നു കരുതുന്നതും തെറ്റായിരിക്കുകയില്ല. ഈ പ്രചോദനത്തിന്റെ ഫലമായിട്ടായിരിക്കണം താടിയെല്ലും മൂക്കും മുഖവും വികൃതമാക്കി ലിയൊനാര്‍ഡോ ഡാ വിഞ്ചിയും ആല്‍ബ്രഷ്‌ട്‌ ഡ്യൂറെറും കാരിക്കേച്ചറുകള്‍ സൃഷ്‌ടിച്ചത്‌.

സ്‌പാനിഷ്‌ ക്യാമ്പെയ്‌നിനുള്ള തയ്യാറെടുപ്പ്‌-ക്രൂയിക്ഷാങ്കിന്റെ കാരിക്കേച്ചർ

ആക്ഷേപ ഹാസ്യപ്രധാനങ്ങളായ കാരിക്കേച്ചറുകള്‍ക്ക്‌ തുടക്കം കുറിച്ചത്‌ അഗോസ്റ്റിനോ കരാച്ചി (1557-1602), ബെര്‍ണിനി എന്നിവരാണ്‌. വ്യക്തിയുടെ ഹാസ്യചിത്രീകരണത്തിന്‌ ആരംഭം കുറിച്ചതും കരാച്ചിയായിരുന്നു. നവോത്ഥാനമതനവീകരണ ശൈലികള്‍; ക്ലാസ്സിക്കല്‍, മാനറിസ്റ്റ്‌, ബരോക്‌ ശൈലികള്‍ എന്നിവയുടെ സമ്മേളനസ്ഥലമായിരുന്നു ബൊളോഞ്ഞ കേന്ദ്രമാക്കി കരാച്ചി നടത്തിവന്ന സ്റ്റുഡിയോ. കരാച്ചിയുടെ പണിപ്പുരയിലെ കലാകാരന്മാര്‍ പണിപ്പുരയിലെ തന്നെ അംഗങ്ങളായ ഇതര കലാകാരന്മാരുടെയും തെരുവിലെ വിവിധ തരക്കാരുടെയും കാരിക്കേച്ചറുകള്‍ വരച്ചുവന്നു. വിനോദത്തിഌം ആത്മസംതൃപ്‌തിക്കും വേണ്ടിയായിരുന്നു ഇവര്‍ ഈ രചനയില്‍ ഏര്‍പ്പെട്ടത്‌. കരാച്ചി സ്റ്റുഡിയോയിലെ സൃഷ്‌ടികള്‍ സമാഹരിക്കുന്നതില്‍ കുതുകികളായ കലാഭിജ്ഞര്‍ കാരിക്കേച്ചറുകള്‍ മാത്രം തിരഞ്ഞെടുത്തു ഗ്രന്ഥരൂപത്തിലാക്കി. ഇക്കൂട്ടത്തില്‍ ആദ്യത്തേതാണ്‌ 1646ല്‍ മോസിനി സമ്പാദനം ചെയ്‌ത ഡൈവേഴ്‌സ്‌ ഫിഗര്‍.

ജോലിയിൽ ഏർപ്പെട്ട ജോർജിയന്‍ സർജന്‍-റൗലന്‍ഡ്‌സന്റെ കാരിക്കേച്ചർ

നവോത്ഥാനമതനവീകരണ കാലഘട്ടം കാരിക്കേച്ചറിന്റെ സൃഷ്‌ടിക്കും വളര്‍ച്ചയ്‌ക്കും അനുകൂലമായതായിരുന്നു. മാര്‍ട്ടിന്‍ ലൂഥറിന്റെ കാലം ഇതില്‍ ശ്രദ്ധേയമാണ്‌. പൊതുജനങ്ങളില്‍ വ്യക്തിവിദ്വേഷം ജനിപ്പിക്കുകയായിരുന്നു അക്കാലത്തു കാരിക്കേച്ചറിന്റെ ലക്ഷ്യം. സഭാതലവനായ പോപ്പിനെ ആക്ഷേപിച്ച്‌ അക്കാലങ്ങളില്‍ വരയ്‌ക്കപ്പെട്ട അത്യന്തം അപകീര്‍ത്തികരങ്ങളായ കാരിക്കേച്ചറുകള്‍ ഇതിനുദാഹരണമാണ്‌. നവോത്ഥാന പ്രസ്ഥാനത്തിന്റെ ഈറ്റില്ലമായിരുന്ന ഇറ്റലിയില്‍ അന്നു സാര്‍വത്രികമായിരുന്ന ആഡംബരജീവിതത്തെ പരിഹസിച്ചുകൊണ്ട്‌ വരയ്‌ക്കപ്പെട്ട കാരിക്കേച്ചറുകള്‍ പീറ്റര്‍ ബ്രൂഗെല്‍, ബോഷ്‌ എന്നിവരുടെ ചിത്രരചനാരീതി അനുകരിച്ചുള്ളവയായിരുന്നു. ആദ്യത്തെ പ്രാഫഷണല്‍ കാരിക്കേച്ചറിസ്റ്റ്‌ പീര്‍ ലിയോണ്‍ ഘെസി (1674-1755) ആയിരുന്നു. റോമിലെ പ്രശസ്‌ത വ്യക്തികളുടെയും റോം സന്ദര്‍ശിക്കുന്നവരുടെയും കാരിക്കേച്ചറുകള്‍ വരച്ച്‌ ഉപജീവനം നടത്തിവന്ന ഘെസി, താന്‍ രചിച്ച ഛായാചിത്രങ്ങളൊക്കെയും എന്‍ഗ്രവ്‌ ചെയ്‌തിരുന്നു. ഇതേ കാലത്തെ മറ്റൊരു മികച്ച കാരിക്കേച്ചറിസ്റ്റ്‌ ആയ ഗിയൊവന്നി ബാറ്റിസ്റ്റ ടീപോളോ (1697-1770) അജ്ഞാതരായ വ്യക്തികളുടെ കാരിക്കേച്ചറുകള്‍ വരയ്‌ക്കാനാണ്‌ താത്‌പര്യം കാണിച്ചത്‌.

കാരിക്കേച്ചറിന്റെ വളര്‍ച്ചയുടെ കാലഘട്ടം എന്നു വിശേഷിപ്പിക്കാവുന്ന 18-ാം ശതകത്തിലെ രണ്ടു പ്രമുഖ ഇംഗ്ലീഷ്‌ കാരിക്കേച്ചറിസ്റ്റുകളാണ്‌ ജോര്‍ജ്‌ ടൗണ്‍ഷെന്‍ഡും വില്യം ഹോഗാര്‍തും (1967-1764). ഇവരുടെ ശ്രമഫലമായി കാരിക്കേച്ചര്‍ ഗൗരവമുള്ള ഒരു കലാരൂപമായും വിമര്‍ശനത്തിനുള്ള ശക്തിയേറിയ ഒരു ആയുധമായും വളര്‍ന്നു. ടൗണ്‍ഷെന്‍ഡ്‌ ആണ്‌ രാഷ്‌ട്രീയരംഗത്ത്‌ ആവേശം ജനിപ്പിക്കുന്ന പോര്‍ട്രറ്റ്‌ കാരിക്കേച്ചറിന്റെ (Portrait Caricature) പ്രചാരത്തിനു വഴി തെളിച്ചത്‌. ഹോഗാര്‍ത്തിന്റെ "ലോഡ്‌ ലോവറ്റ്‌' അതിപ്രശസ്‌തമായ ഒരു കാരിക്കേച്ചറായി ഇന്നും കരുതപ്പെട്ടുവരുന്നു.

കാരിക്കേച്ചറിന്റെ വളര്‍ച്ചയിലെ സുവര്‍ണഘട്ടം എന്നു കരുതാവുന്ന 19-ാം ശതകത്തിലെ ആദ്യദശകങ്ങളില്‍, ശ്രദ്ധേയമായ കാരിക്കേച്ചറുകള്‍ രചിച്ചത്‌ തോമസ്‌ റൗലന്‍ഡ്‌സണ്‍ (1756-1827), ജെയിംസ്‌ ഗില്‍റേ (1757-1815) എന്നിവരാണ്‌. എണ്ണച്ചായചിത്രകാരഌം വാട്ടര്‍ കളര്‍ ചിത്രകാരനുമായിരുന്ന റൗലന്‍ഡ്‌സണ്‍ 1781ല്‍ കാരിക്കേച്ചറിലേക്കു തിരിഞ്ഞു. സമൂഹത്തിന്റെ മുഖമുദ്രകളായ സംസ്‌കാരം, വിദ്യാസമ്പന്നത, ആചാരോപചാരങ്ങള്‍ എന്നിവയുടെ മറയിലൊളിഞ്ഞിരിക്കുന്ന നഗ്നസത്യങ്ങള്‍ അനാവരണം ചെയ്യാനാണ്‌ റൗലന്‍ഡ്‌സണ്‍ ശ്രമിച്ചത്‌. 1780 മുതല്‍ കാരിക്കേച്ചര്‍ രചനയിലേര്‍പ്പെട്ട ഗില്‍റേ 1811ല്‍ മനോരോഗിയാകുന്നതുവരെ ആ രംഗത്തുറച്ചു നിന്നു. പ്രതിരൂപാത്മക സൂചനകളിലൂടെ രാഷ്‌ട്രീയരംഗം ആക്ഷേപഹാസ്യത്തിനു വിധേയമാക്കുകയാണ്‌ ഗില്‍റേ ചെയ്‌തത്‌. റഷ്യയിലെ പോള്‍ 1ന്റെ ഹാസ്യചിത്രം ഗില്‍റേയുടെ പ്രമുഖ കാരിക്കേച്ചറുകളില്‍ ഒന്നാണ്‌.

എന്‍ഫോണ്‍സെ ലഫായെറ്റെ'-ഡാമിയേയുടെ രചന

ജീവിതവൈഷമ്യങ്ങളാണ്‌ ജോര്‍ജ്‌ ക്രൂയിക്‌ഷാങ്കിനെ (1792-1878) ബാല്യകാലത്തില്‍ തന്നെ കാരിക്കേച്ചര്‍ രചനയിലെത്തിച്ചത്‌. 13-ാമത്തെ വയസ്സില്‍ പ്രാഫഷണല്‍ കാരിക്കേച്ചറിസ്റ്റായിത്തീര്‍ന്ന ഇദ്ദേഹം 1810കളില്‍ ഒരേ സമയം വിവിധ ഇംഗ്ലീഷ്‌ ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ക്കു കാരിക്കേച്ചറുകള്‍ തയ്യാറാക്കിയിരുന്നു. ബെര്‍ണിനി 1665ല്‍ ഫ്രാന്‍സില്‍ എത്തിച്ച കാരിക്കേച്ചര്‍ സങ്കേതം അടുത്ത രണ്ടു ശതകത്തിനകം ഫ്രാന്‍സില്‍ ആധിപത്യം സ്ഥാപിച്ചു. ഫ്രഞ്ച്‌ കാരിക്കേച്ചറിന്‌ ഉണര്‍വുണ്ടാക്കിയ ഫിലിബെര്‍ ലൂയി, ഡെബൂക്കോര്‍ (1755-1832), ലൂയി ലിയോ പോള്‍ ബോയ്‌ലി (1761-1845), ഷീന്‍ ബാറ്റിസ്റ്റ്‌ ഇസാബെ (1767-1855) എന്നിവര്‍ക്കു ശേഷം ഈ രംഗത്തു വിപ്ലവം സൃഷ്‌ടിച്ചത്‌ ചാള്‍സ്‌ ഫിലിപ്പോണ്‍ (1806-62) ആയിരുന്നു. ഇദ്ദേഹത്തിന്റെ ശ്രമഫലമായാണ്‌ ഫ്രാന്‍സില്‍ കാരിക്കേച്ചറിസ്റ്റുകളുടെ ഒരു നീണ്ട പരമ്പര തന്നെയുണ്ടായത്‌. ഇദ്ദേഹം 1830ല്‍ ലെ കാരിക്കേച്ചര്‍ എന്ന പേരില്‍ ഒരു ഹാസ്യവാരികയും 1832ല്‍ ലെ ചാരിവാരി (Le Charivari) എന്ന പേരില്‍ മറ്റൊരു പ്രസിദ്ധീകരണവും ആരംഭിച്ചു. 1838ല്‍ ഫിലിപ്പോണ്‍ തന്റെ പ്രസിദ്ധീകരണങ്ങളുടെ കൂട്ടത്തിലേക്ക്‌ ല കാരിക്കേച്ചര്‍ പ്രാവിസോയ്‌ര്‍ (La caricature provisoire) എന്ന പേരില്‍ ഒരു പ്രസിദ്ധീകരണം കൂടിചേര്‍ത്തു. ഇത്തരം സംരംഭങ്ങള്‍ യൂറോപ്പിലേക്കും ആരംഭിക്കാന്‍ ഇത്‌ പ്രചോദനമായി. പില്‌ക്കാലത്ത്‌ കാരിക്കേച്ചര്‍ പ്രസിദ്ധീകരണങ്ങളില്‍ ഏറ്റവും പ്രശസ്‌തമായ പഞ്ച്‌ (punch) വാരികയുടെ തുടക്കത്തിഌം ഇത്‌ കാരണമായിത്തീര്‍ന്നു. ലോകത്തെ ആദ്യത്തെ ഹാസ്യചിത്ര വാരികയായ ലെ കാരിക്കേച്ചറില്‍ കൂടി പ്രശസ്‌തി നേടിയ കാരിക്കേച്ചറിസ്റ്റുകള്‍ ആണ്‌ ഹൊണോറെ ഡാമിയേ (1808-79), ഹെന്‌റി മോണിയേ (1805-77), ഗ്രാന്‍വില്‍ എന്നിവര്‍. ലെ കാരിക്കേച്ചറിലെ ചിത്രങ്ങള്‍ ലൂയി ഫിലിപ്പിന്റെ ഗവണ്‍മെന്റിനു തലവേദനയുണ്ടാക്കുന്നവയായിരുന്നു. ലൂയി ഫിലിപ്പിന്റെ രൂപം വികൃതമാക്കി കാരിക്കേച്ചര്‍ വരച്ചതിന്‌ ഫിലിപ്പോണിന്‌ കോടതി കയറേണ്ടതായി വന്നു എന്നുമാത്രമല്ല, വാരികയുടെ പ്രസിദ്ധീകരണം നിര്‍ത്തേണ്ടതായും വന്നു. ഫിലിപ്പോണിന്റെ കാരിക്കേച്ചറിസ്റ്റ്‌ സംഘത്തിലെ പ്രധാനിയായിരുന്ന ഡാമിയേയുടെ രാഷ്‌ട്രീയസാമൂഹ്യ കാരിക്കേച്ചറുകള്‍ ജനങ്ങളില്‍ വിപ്ലവചിന്തയുണര്‍ത്താന്‍ തക്ക കരുത്തുറ്റവയായിരുന്നു. പാരിസില്‍ അക്കാലത്ത്‌ സാര്‍വത്രികമായിരുന്ന അനീതി, കാപട്യം, തട്ടിപ്പ്‌, കൃത്രിമം തുടങ്ങിയ സാമൂഹ്യതിന്മകളെ പച്ചയായി ചിത്രീകരിക്കുകയായിരുന്നു ഇദ്ദേഹം ചെയ്‌തത്‌. ഇദ്ദേഹത്തിന്റെ പല രചനകളും പ്രശസ്‌തങ്ങളാണ്‌. (ഉദാ. Enfonce Lafayette, Le Ventre Legislatif, Album du siege). 1850കള്‍ക്കുശേഷം ഫ്രാന്‍സില്‍ നിന്ന്‌ നിരവധി ഹാസ്യമാസികകള്‍ പുറത്തുവന്നു. (Journal amusant, Le Rire, Le chatnoir, L'assiette au beurre തുടങ്ങിയവ). ഇക്കാലത്ത്‌ പുതിയ കാരിക്കേച്ചര്‍ സങ്കേതങ്ങള്‍ പരീക്ഷിച്ചു വിജയിച്ചവരാണ്‌ ടൂലൂസ്‌ ലാട്രക്‌, കറാങ്‌ ദാഷെ, ഷീന്‍ ലൂയി ഫൊറേങ്‌, തിയോഫില്‍ സ്റ്റൈന്‍ലെങ്‌ എന്നിവര്‍. പ്രഭുവര്‍ഗം, യൂറോപ്പിലെ രാജാക്കന്മാര്‍, രാജാക്കന്മാരുടെ വെപ്പാട്ടികള്‍, അഭിനയരംഗത്തെ വ്യക്തികള്‍, പുത്തന്‍കൂറ്റുകാരായ ബൂര്‍ഷ്വാവര്‍ഗം എന്നിവരായിരുന്നു ഇവരുടെ കഥാപാത്രങ്ങള്‍. സമൂഹത്തിലെ താഴെക്കിടയിലുളളവര്‍ കാരിക്കേച്ചറിസ്റ്റുകളുടെ അനുകമ്പ നേടിയിരുന്നു.

"പുവർ ലിറ്റിൽ ബേർഡ്‌' - ഡോയിലിന്റെ കാരിക്കേച്ചർ

19-ാം ശതകത്തിന്റെ മധ്യകാലത്താണ്‌ കാരിക്കേച്ചറിന്‌ ജര്‍മനിയില്‍ സ്ഥാനമുണ്ടായത്‌. കാസ്‌പര്‍ ബ്രൗണ്‍, ഫ്രീഡ്‌റിഷ്‌ ഷ്‌നൈഡര്‍ എന്നിവര്‍ ചേര്‍ന്ന്‌ 1844ല്‍ ആരംഭിച്ച ഡീ ഫ്‌ളീഗെന്‍ഡെ ബ്‌ളേറ്റര്‍ എന്ന ഹാസ്യമാസികയില്‍ ഫ്രഞ്ച്‌ വാരികയായ ലെ കാരിക്കേച്ചറിലെപോലെ രാഷ്‌ട്രീയ കാരിക്കേച്ചറുകള്‍ക്കായിരുന്നില്ല പ്രാധാന്യം. പകരം; ആചാരോപചാരങ്ങള്‍, ധാര്‍മികപഠനങ്ങള്‍ എന്നിവയാണ്‌ ഇവ വിഷയമാക്കിയിരുന്നത്‌. 1848-49 കാലത്തെ വിപ്ലവത്തിനുശേഷം രാഷ്‌ട്രീയ കാരിക്കേച്ചറുകള്‍ ഇവിടെ രംഗപ്രവേശം ചെയ്‌തു. ഡീ ഫ്‌ളീഗെന്‍ഡെ ബ്‌ളേറ്ററും ബെര്‍ലിനില്‍ നിന്നും പ്രസിദ്ധീകരിച്ചിരുന്ന ക്ലാഡറാഷും (Kladderatsch)മെല്ലാം പിന്നീട്‌ ഈ പാതയിലേക്ക്‌ വന്നു. ജര്‍മന്‍ കാരിക്കേച്ചറിസ്റ്റുകള്‍ രചനയ്‌ക്കു പേന മാത്രമേ ഉപയോഗിച്ചിരുന്നുള്ളുവെന്നതും ശ്രദ്ധേയമാണ്‌. ഫ്രഞ്ചുകാര്‍ പേനയും പെന്‍സിലും വാട്ടര്‍കളറും ഗ്വാഷും ഉപയോഗിച്ചിരുന്നു. ശീര്‍ഷകങ്ങള്‍ ഇല്ലാതെ തന്നെ ആശയം വ്യക്തമാക്കുന്ന തരത്തിലുള്ളവയായിരുന്നു ജര്‍മന്‍ കാരിക്കേച്ചറുകള്‍. ഫ്‌ളീഗെന്‍ഡെ ബ്‌ളേറ്ററിലൂടെ പ്രശസ്‌തരായ കാരിക്കേച്ചറിസ്റ്റുകളില്‍ പ്രമുഖനായ വില്‍ഹെല്‍മ്‌ ബുഷ്‌ (1832-1908) വരച്ചുവന്ന മാക്‌സ്‌ ഉന്‍ഡ്‌ മോറിറ്റ്‌സ്‌ പരമ്പരയാണ്‌ അമേരിക്കന്‍ കോമിക്കുകള്‍ക്കു വഴി തെളിച്ചത്‌. മനുഷ്യ ദൗര്‍ബല്യങ്ങളെ ഇതിവൃത്തമാക്കിക്കൊണ്ടുള്ളവയാണ്‌ ഇതിന്റെ രചനകളിലധികവും. ബുഷിന്റെ സഹപ്രവര്‍ത്തകരായ അഡോള്‍ഫ്‌ ഹെന്‍ഗെലര്‍, എമില്‍ റൈനിക്കെ എന്നിവരും ഈ കലാരൂപത്തിന്റെ വികസനത്തിനു ഗണ്യമായ സംഭാവനകള്‍ നല്‌കിയവരായിരുന്നു.

19-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ ഇംഗ്ലണ്ടില്‍ കാരിക്കേച്ചറിന്‌ അഭൂതപൂര്‍വമായ പുരോഗതി ഉണ്ടായി. ഹെന്‌റി മെയ്‌ഹൂ 1841ല്‍ ആരംഭിച്ച പഞ്ച്‌ എന്ന വാരികയാണ്‌ ഇതിനു വഴിതെളിച്ചത്‌. പഞ്ചിലെ കാരിക്കേച്ചറിസ്റ്റുകളില്‍പ്പെട്ട റിച്ചാര്‍ഡ്‌ ഡോയില്‍, ജോണ്‍ ലീച്ച്‌, ചാള്‍സ്‌ കീന്‍, സര്‍ജോണ്‍ ടെന്നീല്‍ എന്നിവര്‍ ഈ വളര്‍ച്ചയ്‌ക്ക്‌ ആക്കം കൂട്ടി. കാരിക്കേച്ചര്‍ ചിത്രങ്ങള്‍ വളരെ ലളിതങ്ങളായതും ഈ കാലഘട്ടത്തിന്റെ പ്രത്യേകതയാണ്‌. പഞ്ചിന്റെ വിജയത്തോടെയാണ്‌ കാരിക്കേച്ചര്‍ ദിനപത്രങ്ങളിലും മറ്റും അനിവാര്യഘടകമായിത്തീര്‍ന്നത്‌. 19-ാം ശതകത്തിന്റെ അന്ത്യദശകങ്ങളില്‍ ഇംഗ്ലണ്ടില്‍ കാരിക്കേച്ചര്‍ വീണ്ടും സമ്പുഷ്‌ടമായത്‌ ഇറ്റലിക്കാരനായ കാര്‍ലോ പെല്ലെഗ്രിനി (1839-89)യുടെ ആഗമനത്തോടെയാണ്‌. 1864ല്‍ ഇംഗ്ലണ്ടിലെത്തിയ ഇദ്ദേഹം പോര്‍ട്രറ്റ്‌ കാരിക്കേച്ചറിന്റെ സങ്കേതങ്ങള്‍ക്കു പല പരിഷ്‌കാരങ്ങളും വരുത്തുകയുണ്ടായി. "സിംഗെ' എന്ന തൂലികാനാമത്തില്‍ വരച്ചു തുടങ്ങിയ ഇദ്ദേഹം 1868ല്‍ തോമസ്‌ ഗിബ്‌സണ്‍ ബൗള്‍സ്‌ ആരംഭിച്ച വാനിറ്റി ഫെയറില്‍ വരച്ചപ്പോള്‍ "ഏപ്‌' എന്ന തൂലികാനാമം സ്വീകരിച്ചു. വാനിറ്റി ഫെയറിലൂടെ പ്രശസ്‌തി നേടിയവരാണ്‌ "സ്‌പൈ' (സര്‍ ലെസ്‌ലി വാര്‍ഡ്‌), മാക്‌സ്‌ ബീര്‍ബോം (1872-1956) തുടങ്ങിയവര്‍. യെല്ലോ ബുക്‌, സവോയ്‌ എന്നീ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും വരച്ചിരുന്ന ബീര്‍ബോം ആയിരുന്നു അക്കാലത്തെ ഇംഗ്ലീഷ്‌ കാരിക്കേച്ചറിസ്റ്റുകളില്‍ മുന്‍പന്തിയില്‍ നിന്നത്‌. ഇദ്ദേഹം കാരിക്കേച്ചറിനെ അധികരിച്ച്‌ നാലു ഗ്രന്ഥങ്ങള്‍ രചിച്ചിട്ടുണ്ട്‌. ഇതില്‍ ആദ്യത്തേതായ കാരിക്കേച്ചേഴ്‌സ്‌ ഒഫ്‌ ട്വന്റി ഫൈവ്‌ ജെന്റില്‍മെന്‍ എന്ന പുസ്‌തകത്തിന്റെ രചനയ്‌ക്ക്‌ പെല്ലെഗ്രിനിയുടെ പ്രരണയുണ്ടായിരുന്നതായി പറയപ്പെടുന്നു.

അങ്ങിങ്ങായി ചില ഹാസ്യചിത്രങ്ങള്‍ പുറത്തു വന്നതൊഴിച്ചാല്‍ 19-ാം ശതകത്തിന്റെ ഉത്തരാര്‍ധംവരെ കാരിക്കേച്ചറിന്‌ യു.എസ്സില്‍ കാര്യമായ ചലനങ്ങളൊന്നും സൃഷ്‌ടിക്കാന്‍ കഴിഞ്ഞില്ല. ആന്‍ഡ്രൂ ജാക്‌സണ്‍, എബ്രഹാം ലിങ്കണ്‍ എന്നിവരായിരുന്നു ആദ്യകാല യു.എസ്‌. കാരിക്കേച്ചറുകളിലെ കഥാപുരുഷന്മാര്‍. പൊതുജന വിമര്‍ശനത്തിനുള്ള മാധ്യമം എന്ന സ്ഥാനം യു.എസ്സില്‍ കാരിക്കേച്ചറിനുണ്ടായത്‌ തോമസ്‌ നാസ്റ്റ്‌ (1840-1902) ഈ രംഗത്തു കടന്നതോടെയാണ്‌. ഹാര്‍പ്പേഴ്‌സ്‌ വീക്ക്‌ലിയിലെ കാരിക്കേച്ചര്‍ ചിത്രങ്ങളിലൂടെ നാസ്റ്റ്‌ അമേരിക്കന്‍ ആഭ്യന്തര സമരത്തിനു പിന്തുണ നല്‌കി വന്നു. 1876ല്‍ പക്ക്‌ പ്രസിദ്ധീകരണമാരംഭിച്ചതോടെ കാരിക്കേച്ചറിനു യു.എസ്സില്‍ മാന്യമായ സ്ഥാനമുണ്ടായി. പക്കിലൂടെ പ്രശസ്‌തി നേടിയവരാണ്‌ കെപ്ലര്‍, ഗില്ലാം എന്നിവര്‍. ലൈഫ്‌സ്‌ കോമഡി ചിത്രപരമ്പരയിലൂടെ പ്രസിദ്ധനായ ചാള്‍സ്‌ ഡാനാ ഗിബ്‌സന്റെ ടൈപ്പുകളാണ്‌ "ഗിബ്‌സന്‍ ഗേള്‍', "ഗിബ്‌സന്‍ മാന്‍' എന്നിവ.

ഉകിയോ വിദ്യാലയത്തിലെ കലാകാരന്മാര്‍ 18ഉം 19ഉം ശതകങ്ങളില്‍ ജപ്പാനിലെ കാരിക്കേച്ചര്‍ രംഗം സമ്പന്നമാക്കി. ബസാക്കു തഗൂഷി എന്ന ചിത്രകാരന്‍ 19-ാം ശതകത്തിന്റെ അവസാന ദശകങ്ങളില്‍ വരച്ച കാരിക്കേച്ചറുകളാണ്‌ ഇതില്‍ ഏറെ ശ്രദ്ധേയം. മരുമരു ചിന്‍ബം (Marumaru chinbum) എന്ന ഹാസ്യമാസികയുടെ പത്രാധിപരായിരുന്ന ഇദ്ദേഹത്തിന്‌ അക്കാലത്തെ പല രാഷ്‌ട്രീയ നേതാക്കളുമായും നേരിട്ട്‌ ബന്ധമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ തഗൂഷിയുടെ രചനകളില്‍ രാഷ്‌ട്രീയ പ്രമേയങ്ങള്‍ക്ക്‌ പ്രാധാന്യം കൈവന്നതായി കാണാം.

20-ാം ശതകം. ആല്‍ബെര്‍ട്ട്‌ ലാങ്‌ഗെഌം തിയോഡൊര്‍ ഹൈനെയും ചേര്‍ന്ന്‌ 1896ല്‍ മ്യൂണിക്കില്‍ ആരംഭിച്ച സിംപ്‌ളിസിസ്‌ സിമുസ്‌ (Simplicissimus)എന്ന വാരികയില്‍ ഹൈനെയും എഡു വാര്‍ഡ്‌ ത്യോണിയും രചിച്ച കാരിക്കേച്ചറുകള്‍ അന്നത്തെ ജര്‍മന്‍ രാഷ്‌ട്രീയസ്ഥിതിയെ അതിനിശിതമായി വിമര്‍ശിക്കുന്ന തരത്തിലുള്ളതായിരുന്നു. ഫ്‌ളിഗെന്‍ ഡെ ബ്‌ളേറ്ററിലും സിംപ്‌ളിസിസ്‌ സിമൂസ്സിലും കാരിക്കേച്ചര്‍ വരച്ചിരുന്ന ജോര്‍ജെ ഗ്രാസെയുടെ "എക്കെഹോമൊ' പരമ്പരയെ വെല്ലാന്‍ കഴിയുന്ന കാരിക്കേച്ചറുകള്‍ ഉണ്ടായിട്ടില്ല എന്നു തന്നെ പറയാം. ഇക്കാലത്തു പ്രശസ്‌തനായ മറ്റൊരു ജര്‍മന്‍ കാരിക്കേച്ചറിസ്‌റ്റാണ്‌ ഒലാഫ്‌ ഗുല്‍ബ്രാന്‍സണ്‍ (1873-1958).

ഒന്നാം ലോകയുദ്ധകാലത്തെ മികച്ച കാരിക്കേച്ചറിസ്റ്റ്‌ സ്‌കോട്ട്‌ലന്‍ഡിലെ ബ്രൂസ്‌ ബെയിണ്‍സ്‌ ഫാദര്‍ ആയിരുന്നു. സഖ്യകക്ഷികളോട്‌ ആഭിമുഖ്യമുണ്ടായിരുന്നവര്‍ക്കു സുപരിചിതങ്ങളായിരുന്നു ഇദ്ദേഹത്തിന്റെ "ഓള്‍ഡ്‌ ബില്‍', "ദി ബെറ്റര്‍ ഓള്‍' എന്നീ പരമ്പരകള്‍.

ഒന്നാം ലോകയുദ്ധാനന്തരം കാരിക്കേച്ചര്‍ മേഖലയില്‍ പല മാറ്റങ്ങളും സംഭവിച്ചു. സ്വാഭാവികമായും കാലാനുഗതമായി സംഭവിച്ച സാങ്കേതിക മാറ്റങ്ങളായിരുന്നു ഇവയില്‍ മുഖ്യം. യുദ്ധാനന്തരം രാജ്യങ്ങള്‍ തമ്മിലുള്ള അന്താരാഷ്‌ട്ര ബന്ധങ്ങള്‍ക്ക്‌ പുതിയ മാനം കൈവന്നതോടെ അത്‌ കാരിക്കേച്ചറുകളിലും പ്രതിഫലിച്ചു. അതുവരെ കൈകാര്യം ചെയ്‌തിരുന്ന പ്രാദേശിക വിഷയങ്ങളില്‍ നിന്നും മാറി, അന്താരാഷ്‌ട്ര വിഷയങ്ങള്‍ കൂടി കാരിക്കേച്ചറുകളില്‍ വിഷയീഭവിച്ചു. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ പലപ്പോഴും കാരിക്കേച്ചറുകള്‍ പര്യാപ്‌തമായിരുന്നില്ല. ഇക്കാരണത്താല്‍ കാരിക്കേച്ചറുകളെ കാര്‍ട്ടൂണുകള്‍ പകരംവയ്‌ക്കാന്‍ തുടങ്ങി. കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങളും മറ്റും രൂപപ്പെട്ടതും ഏതാണ്ട്‌ ഇതേ കാലഘട്ടത്തിലാണ്‌.

"ഗിബ്‌സണ്‍ഗേള്‍'-ഗിബ്‌സന്റെ കാരിക്കേച്ചർ

പൊതുവായ ഈ തളര്‍ച്ചയ്‌ക്കിടയിലും കാരിക്കേച്ചര്‍ കലയില്‍ ഗണ്യമായ സംഭാവനകള്‍ നല്‌കാന്‍ ശ്രമിച്ചവരാണ്‌ ഫ്രാന്‍സിലെ ആന്‍ദ്ര റൂവെര്‍ (1879-1962), ഇംഗ്ലണ്ടിലെ ക്വിസ്‌ (പോവിസ്‌ ഇവാന്‍സ്‌), ആബ്രി ഹാമ്മണ്ട്‌, ബോഹന്‍ ലിഞ്ച്‌, ഡേവിഡ്‌ ലോ എന്നിവര്‍. രണ്ടാം ലോകയുദ്ധകാലത്ത്‌ വരച്ച കാരിക്കേച്ചറുകളിലൂടെ ഈ രംഗത്തെ അതികായന്‍ എന്ന പദവിക്കു ലോ അര്‍ഹനായി. നോ. ലോ, ഡേവിഡ്‌യു.എസ്സിലെ റാല്‍ഫ്‌ ബര്‍ട്ടന്‍ കോമിക്കുചിത്രങ്ങളോടൊപ്പം കാരിക്കേച്ചറുകളും വരച്ചിരുന്നു.

മെക്‌സിക്കോയിലെ മിഗുയെല്‍ കോവാറുബിയാസിന്റെ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിക്കാന്‍ വാനിറ്റി ഫെയര്‍ എന്ന യു.എസ്‌. മാസികയെ പ്രരിപ്പിച്ചത്‌ ബര്‍ട്ടന്‍ ആയിരുന്നു. "കലണ്ടര്‍ കാരിക്കേച്ചറു'കളിലൂടെ പ്രസിദ്ധി നേടിയ അമേരിക്കന്‍ കാരിക്കേച്ചറിസ്റ്റാണ്‌ ഫ്‌ളോറന്‍സിയോ മോളിനാ കാംപോസ്‌. കാരിക്കേച്ചറിന്റെ മാതൃകയില്‍ വരച്ച "ഫൗസ്റ്റോ' ചിത്രങ്ങളും ഇദ്ദേഹത്തെ ശ്രദ്ധേയനാക്കാന്‍ സഹായിച്ചിട്ടുണ്ട്‌. രണ്ടാം ലോകയുദ്ധകാലത്ത്‌ ഏറ്റവും പ്രശസ്‌തി നേടിയ അമേരിക്കന്‍ കാരിക്കേച്ചറിസ്റ്റാണ്‌ ബില്‍ മാള്‍ഡിന്‍. അമേരിക്കയിലെ പ്രശസ്‌തരായ കാരിക്കേച്ചറിസ്റ്റുകള്‍ ഹിര്‍ഷ്‌ ഫെല്‍ഡ്‌ (ന്യൂയോര്‍ക്ക്‌ ടൈംസ്‌), ഡിങ്‌ (ജെ. എന്‍. ഡാര്‍ലിങ്‌) (ദെ മൊയ്‌നാ രജിസ്റ്റര്‍), ഡാനിയല്‍ ഫിറ്റ്‌സ്‌പാട്രിക്ക്‌ (സെയ്‌ന്റ്‌ ലൂയി പോസ്റ്റ്‌ ഡിസ്‌പാച്ച്‌), എഡ്‌മണ്ട്‌ ഡഫി (ബാള്‍ട്ടിമോര്‍ സണ്‍), ഡേവിഡ്‌ ലെവിന്‍ (ദ്‌ ന്യൂയോര്‍ക്ക്‌ റിവ്യൂ ഒഫ്‌ ബുക്‌സ്‌) എന്നിവരാണ്‌. ലെവിന്റെ കാരിക്കേച്ചറുകള്‍ക്ക്‌ ഫ്രാന്‍സിലും വലിയ പ്രചാരമുണ്ട്‌. രാഷ്‌ട്രീയേതര കാരിക്കേച്ചറുകളുടെ രചനയില്‍ ന്യൂയോര്‍ക്കറിലെ ജെയിംസ്‌ തുര്‍ബറിനെ അതിശയിക്കാന്‍ പ്രാപ്‌തിയുള്ള ആരും തന്നെ യു.എസ്സിലുണ്ടായിട്ടില്ല.

നാക്‌ കള്‍ച്ചർ-എഡുവാർഡ്‌ ത്യോണിയുടെ കാരിക്കേച്ചർ

20-ാം ശതകത്തില്‍ കമ്യൂണിസ്റ്റ്‌ രാഷ്‌ട്രങ്ങളില്‍ നിന്നും കാരിക്കേച്ചറിന്‌ പ്രാമുഖ്യമുള്ള പല ഹാസ്യമാസികകളും പ്രസിദ്ധീകരിക്കപ്പെട്ടു തുടങ്ങി. ക്രാകൊഡില്‍ (റഷ്യ), ലുഡാസ്‌മത്യി (ഹംഗറി), ഡിക്കോബ്രാസ്‌, റോഹാക്ക്‌ (ചെക്കോസ്ലോവാക്കിയ), സ്റ്റൂര്‍ഷെല്‍ (ബള്‍ഗേറിയ), ഓയ്‌ ളെന്‍സ്‌പീഗല്‍ (പൂര്‍വജര്‍മനി) എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു. പൂര്‍വജര്‍മനിയിലെ ഡ്രാഫ്‌റ്റ്‌സ്‌മാനായ ഹെന്‌റി ബ്യൂട്ട്‌നെറും പോളണ്ടിലെ കാര്‍ട്ടൂണ്‍ ചലച്ചിത്രകാരനായ യാന്‍ ലെനികയും അപൂര്‍വമായി കാരിക്കേച്ചറുകള്‍ വരയ്‌ക്കാറുണ്ട്‌. പാശ്ചാത്യരാഷ്‌ട്രങ്ങളില്‍ നിന്ന്‌ പ്രസിദ്ധീകരിക്കപ്പെടുന്ന മികച്ച ആക്ഷേപ ഹാസ്യമാസികകളാണ്‌ നേബെല്‍സ്‌ പാള്‍ട്ടെര്‍ (സ്വിറ്റ്‌ സര്‍ലന്‍ഡ്‌), പ്രവറ്റ്‌ ഐ (ഇംഗ്ലണ്ട്‌), ലെ കനാര്‍ദെന്‍ ഷൈന്‍ (ഫ്രാന്‍സ്‌) തുടങ്ങിയവ. ക്യൂബയിലെ ന്യൂയെസ്‌ എന്ന കാരിക്കേച്ചറിസ്റ്റിന്റെ രചനകള്‍ ശ്രദ്ധേയങ്ങളാണ്‌. ഫ്രഞ്ച്‌ കാര്‍ട്ടൂണിസ്റ്റായ സിനേ ആരംഭിച്ച മാസക്കര്‍ എന്ന പത്രം എസ്റ്റാബ്ലിഷ്‌മെന്റിന്‌ എതിരായുള്ളതായിരുന്നു. ഇതു കുറച്ചുകാലമേ പ്രസിദ്ധീകരണം തുടര്‍ന്നുള്ളൂ.

"റിപ്പബ്ലിക്കന്‍ ഓട്ടോമേറ്റന്‍'-ജോർജ്‌ ഗ്രാസെയുടെ കാരിക്കേച്ചർ

20-ാം ശതകത്തില്‍, ഏഷ്യയില്‍ കാരിക്കേച്ചറിന്‌ ഏറ്റവും പ്രാധാന്യം നല്‍കിയത്‌ ജപ്പാനായിരുന്നു. കെലിചി സുയാമ (keiichi suyama), മസാമ യനാസെ (masama yanase) തുടങ്ങിയ കാരിക്കേച്ചറിസ്റ്റുകളുടെ രചനകള്‍ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. പൊതുവേ ഇടതു കാഴ്‌ചപ്പാടുള്ളവരായിരുന്ന ഇവരുടെ രചനകളിലധികവും ടോക്കിയോ പക്ക്‌ (Tokyo puck), നാപ്പ്‌ (Nap) എന്നീ മാസികകളിലാണ്‌ പ്രസിദ്ധീകൃതമായത്‌. ജപ്പാനിലെ തൊഴിലാളി വര്‍ഗത്തോട്‌ അനുഭാവം പുലര്‍ത്തുന്ന തരത്തിലായിരുന്നു യനാസെയുടെ രചനകള്‍. 1932ല്‍ ജപ്പാന്‍ സര്‍ക്കാര്‍ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി ഇദ്ദേഹത്തിന്റെ കാരിക്കേച്ചര്‍ രചനയ്‌ക്ക്‌ വിലക്കേര്‍പ്പെടുത്തി. തുടര്‍ന്ന്‌ ഇദ്ദേഹം എണ്ണഛായാ ചിത്രരചനയിലേക്ക്‌ തിരിഞ്ഞു.

കാര്‍ട്ടൂണ്‍. കടലാസ്‌ എന്നര്‍ഥമുള്ള കാര്‍ട്ടോണ്‍ (cartone) എന്ന ഇറ്റാലിയന്‍ പദത്തില്‍ നിന്നാണ്‌ ഹാസ്യചിത്രം എന്നര്‍ഥം വരുന്ന "കാര്‍ട്ടൂണ്‍' എന്ന ഇംഗ്ലീഷ്‌ പദം നിഷ്‌പന്നമായിട്ടുള്ളത്‌. വലിയ കാന്‍വാസ്‌, ചിത്ര യവനിക, ഫ്രസ്‌കൊ എന്നിവയിലേക്കു പകര്‍ത്തുന്നതിനുവേണ്ടി മാതൃകകളാക്കി തയ്യാറാക്കുന്ന രേഖാചിത്രങ്ങള്‍ എന്നാണ്‌ ആദ്യകാലങ്ങളില്‍ കാര്‍ട്ടൂണ്‍ എന്ന സംജ്ഞകൊണ്ട്‌ അര്‍ഥമാക്കിയിരുന്നത്‌. ഹാസ്യചിത്രം എന്ന പദത്തേക്കാളേറെ "കാര്‍ട്ടൂണ്‍' എന്ന ഇംഗ്ലീഷ്‌ പദത്തിനാണ്‌ മലയാളഭാഷയിലും പത്രപ്രവര്‍ത്തനരംഗത്തും പ്രചാരമുള്ളത്‌.

പ്രതിരൂപാത്മകമോ പ്രതീകാത്മകമോ വ്യാംഗ്യാത്മകമോ ആയ സൂചനകളില്‍ കൂടി വ്യക്തികളെയോ സംഭവങ്ങളെയോ പരിഹസിക്കുകയാണ്‌ കാര്‍ട്ടൂണിസ്റ്റ്‌ ചെയ്യുന്നത്‌. ആക്ഷേപഹാസ്യപരമോ നര്‍മോക്തിപരമോ ആയ കാര്‍ട്ടൂണ്‍ ചിത്രങ്ങളുടെ പൊതുവായ ലക്ഷ്യം സാമൂഹ്യനന്മയാണെങ്കിലും രാഷ്‌ട്രീയപൊതുകാര്യസംഭവങ്ങളുടെ നേര്‍ക്ക്‌ ബഹുജനശ്രദ്ധ ആകര്‍ഷിക്കാന്‍ വേണ്ടി വരയ്‌ക്കുമ്പോള്‍ പലപ്പോഴും അവ ക്രൂരമാകാറുണ്ടെന്നു കാണാം. കാര്‍ട്ടൂണ്‍ മേഖല ഇപ്പോള്‍ ഫാഷന്‍, കായികരംഗം, അഭിനയരംഗം എന്നിവയിലേക്കും തിരിഞ്ഞിട്ടുണ്ട്‌. ചിത്രകലയില്‍ നിന്നു വ്യത്യസ്‌തമായി കാര്‍ട്ടൂണില്‍ സാങ്കേതികത്വത്തിനല്ല പ്രാധാന്യം, മറിച്ച്‌ ആശയത്തിഌം ഉദ്ദേശ്യത്തിനുമാണ്‌. ചുരുങ്ങിയ സംവേദന ചേരുവകള്‍ (communication elements) ഉപയോഗിച്ച്‌ വലിയ ഒരു ആശയത്തെ പ്രദാനം ചെയ്യാന്‍ കഴിയുന്നു എന്നതാണ്‌ കാര്‍ട്ടൂണിനെ ഇതര ചിത്രകലാരൂപങ്ങളില്‍ നിന്നും വ്യതിരിക്തമാക്കുന്ന പ്രധാന ഘടകം.

ഒരു കലാകാരന്‍ തന്റെ വീക്ഷണത്തിലൂടെ ജീവിതത്തെ കണ്ട്‌ അത്‌ വരകളിലൂടെ കാര്‍ട്ടൂണില്‍ ആവിഷ്‌കരിക്കുകയാണ്‌ ചെയ്യുന്നത്‌. വായനക്കാരെ പൊട്ടിച്ചിരിപ്പിക്കുവാന്‍ കഴിയുന്നതിനേക്കാളേറെ അവരുടെ ബുദ്ധിയെ പ്രകോപിപ്പിക്കാന്‍ കഴിയുന്നതില്‍ ആണ്‌ കാര്‍ട്ടൂണിസ്റ്റിന്റെ വിജയം. ഇതിന്‌ സമൂഹം, രാഷ്‌ട്രീയ സംവിധാനം, സാധാരണക്കാരന്റെ പ്രശ്‌നങ്ങള്‍ എന്നിവയെക്കുറിച്ച്‌ ആഴത്തിലുള്ള അറിവും രാഷ്‌ട്രീയമായ ഉള്‍ക്കാഴ്‌ചയും കൂടിയേ കഴിയൂ. സഹിഷ്‌ണുതയുടെയും നര്‍മബോധത്തിന്റെയും ഒരു അന്തരീക്ഷം ഉണ്ടാകുന്നതുവഴി സമാധാനപരമായ സാമൂഹ്യ പരിവര്‍ത്തനം സാധ്യമാക്കുന്ന കാര്‍ട്ടൂണിസ്റ്റിന്റെ രചനയുടെ പശ്ചാത്തലം മിക്കപ്പോഴും നാടോടിപ്പാട്ടുകളിലെ വരികള്‍, പുരാണകഥാസന്ദര്‍ഭങ്ങള്‍, ലളിതങ്ങളായ കാവ്യാലങ്കാരങ്ങള്‍ തുടങ്ങിയവയായിരിക്കും. ഈ പശ്ചാത്തലത്തില്‍ രചിക്കപ്പെടുന്ന കാര്‍ട്ടൂണുകളില്‍ നിന്ന്‌ നിര്‍ഗളിക്കുന്ന ആക്ഷേപഹാസ്യം ശക്തമായ സാമൂഹ്യവിമര്‍ശനമായി മാറുന്നു. കാര്‍ട്ടൂണുകളെ മധുരം പുരട്ടിയ കയ്‌പുഗുളികകളോടുപമിക്കാം. കാര്‍ട്ടൂണില്‍ ഒളിഞ്ഞിരിക്കുന്ന കയ്‌പുള്ള ഭാഗം ആരെ ഉദ്ദേശിച്ചാണോ പ്രയോഗിച്ചത്‌ അവര്‍ക്കു മനസ്സിലാക്കാന്‍ കഴിഞ്ഞാലേ കാര്‍ട്ടൂണിന്റെ ലക്ഷ്യം വിജയിക്കുകയുള്ളൂ.

കാരിക്കേച്ചറില്‍നിന്നും വികാസം പ്രാപിച്ച കാര്‍ട്ടൂണ്‍ ഇന്ന്‌ കേവലമായ ഒരു ചിത്രകലാരൂപമല്ല. ഒരു സംഭവത്തെ ഹാസ്യാത്മകമായി ചിത്രീകരിക്കുക എന്നതിനപ്പുറം അതിന്റെ സാമൂഹികവും രാഷ്‌ട്രീയവും സാംസ്‌കാരികവുമായ വശങ്ങളിലേക്കുകൂടി ശ്രദ്ധക്ഷണിക്കാന്‍ ഇന്ന്‌ കാര്‍ട്ടൂണുകള്‍ പര്യാപ്‌തമാണ്‌. അതുകൊണ്ടുതന്നെ, ഇന്നുള്ള സംവേദന മാധ്യമങ്ങളിലൊക്കെയും കാര്‍ട്ടൂണുകള്‍ അതീവ പ്രാധാന്യത്തോടെ ഇടം പിടിച്ചിരിക്കുന്നതായി കാണാം. ഒരു കാര്യത്തെ എളുപ്പത്തിലും കൂടുതല്‍ കാര്യക്ഷമമായും അവതരിപ്പിക്കാന്‍ കഴിയുന്നു എന്നതും ഇതിനു കാരണമാണ്‌. കാര്‍ട്ടൂണുകളെ തരംതിരിക്കുക പ്രയാസകരമാണെങ്കിലും അവ കൈകാര്യം ചെയ്യുന്ന പ്രമേയങ്ങളുടെ സ്വഭാവമനുസരിച്ച്‌ എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ (രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍), മ്യൂസിക്‌ കാര്‍ട്ടൂണ്‍, സ്‌പോര്‍ട്‌സ്‌ കാര്‍ട്ടൂണ്‍ എന്നിങ്ങനെയൊക്കെ തരംതിരിച്ചിട്ടുണ്ട്‌. എങ്കിലും, പലപ്പോഴും അവ വിഷയാന്തരങ്ങളായിട്ടാണ്‌ അവതരിപ്പിക്കപ്പെടാറുള്ളത്‌. ഒരു മാധ്യമത്തില്‍ കാര്‍ട്ടൂണുകള്‍ക്ക്‌ നല്‌കുന്ന സ്ഥലം സമയം എന്നിവയെ (പോക്കറ്റ്‌ കാര്‍ട്ടൂണ്‍, പ്രം ടൈം കാര്‍ട്ടൂണ്‍ എന്നിവ ഉദാഹരണം) അടിസ്ഥാനമാക്കിയും കാര്‍ട്ടൂണുകളെ തരംതിരിച്ചിരിക്കുന്നത്‌ അവയ്‌ക്ക്‌ ഇന്ന്‌ കൈവന്നിട്ടുള്ള പ്രാധാന്യത്തെക്കൂടി കാണിക്കുന്നു. ഇതിനുപുറമേ കാര്‍ട്ടൂണുകള്‍ക്ക്‌ ഇന്ന്‌ കാണുന്ന അര്‍ഥവ്യാപ്‌തി നേടിക്കൊടുക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച മറ്റൊരു ഘടകം അതിന്റെ സാങ്കേതിക രംഗത്തുണ്ടായ വളര്‍ച്ചയാണ്‌. വരപ്പുകളുടെ നീണ്ട ശൃംഖല ചേര്‍ത്ത്‌ നിര്‍മിക്കുന്ന ചിത്രകഥയും ദൃശ്യമാധ്യമരംഗത്തെ നൂതന സംവേദന മാര്‍ഗങ്ങളിലൊന്നായ ആനിമേഷന്‍ ചിത്രവുമെല്ലാം നിയതാര്‍ഥത്തില്‍ കാര്‍ട്ടൂണുകളല്ലെങ്കിലും ഈ കലാരൂപത്തിന്‌ സംഭവിച്ച സാങ്കേതിക വളര്‍ച്ചയുടെ ഉപോത്‌പന്നങ്ങളായി ഇവയെ പരിഗണിക്കാവുന്നതാണ്‌.

ചരിത്രം. കാരിക്കേച്ചറില്‍നിന്ന്‌ വികാസം പ്രാപിച്ച കാര്‍ട്ടൂണ്‍ കലാരൂപത്തിന്‌ തുടക്കം കുറിച്ചത്‌ ഫ്‌ളാന്‍ഡേഴ്‌സിലെ പീറ്റര്‍ ബ്രൂഗെല്‍ ദി എല്‍ഡെര്‍ (1520-69) ആണ്‌. മതനവീകരണനവോത്ഥാന പ്രസ്ഥാനങ്ങളുടെ കാലത്ത്‌ ബ്രൂഗെലിന്റെ കാര്‍ട്ടൂണുകള്‍ക്ക്‌ വലിയ പ്രശസ്‌തിയുണ്ടായിരുന്നു. ഇദ്ദേഹത്തെ പിന്തുടര്‍ന്നുകൊണ്ട്‌ പല കലാകാരന്മാരും കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിലേക്കു കടന്നു വരുകയുണ്ടായി. എന്നാല്‍ അധികാരി വര്‍ഗത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള ലേഖനങ്ങളും ചിത്രങ്ങളും പ്രസിദ്ധീകരിക്കുന്നത്‌ 17-ാം നൂറ്റാണ്ടോടെ നിഷിദ്ധമായിത്തീര്‍ന്നു. തുടര്‍ന്ന്‌ ഇറ്റലിയിലെയും ഫ്രാന്‍സിലെയും പ്രമുഖന്മാര്‍ പോലും തങ്ങളുടെ പേരു വയ്‌ക്കാതെയാണ്‌ ചിത്രങ്ങള്‍ വരച്ചിരുന്നത്‌. 17-ാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ഈ സ്ഥിതിക്കു സാരമായ വ്യത്യാസമുണ്ടായി. നെതര്‍ലന്‍ഡ്‌സില്‍ കാര്‍ട്ടൂണുകളുടെ വളര്‍ച്ചയ്‌ക്കു വേണ്ട പ്രാത്സാഹനം ലഭിച്ചു. ഡച്ച്‌ ഹാസ്യചിത്രകാരന്മാരില്‍ പ്രമുഖനായിരുന്ന റൊമെയ്‌ന്‍ ഡെ ഹൂഗെ (1645-1708) കാര്‍ട്ടൂണിസ്റ്റ്‌ എന്ന നിലയില്‍ ശ്രദ്ധേയനാണ്‌. ഇംഗ്ലണ്ടിലെ വില്യം ഒഫ്‌ ഓറഞ്ച്‌ (വില്യം III) പോലും ഇദ്ദേഹത്തിന്റെ സേവനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഫ്രാന്‍സിലെ ലൂയി XIVമനുമായി നിരന്തരം സമരത്തില്‍ ഏര്‍പ്പെട്ടിരുന്ന വില്യം, ലൂയിക്കെതിരായി കാര്‍ട്ടൂണുകള്‍ വരയ്‌ക്കാന്‍ ഡെ ഹൂഗിനെ ചുമതലപ്പെടുത്തിയിരുന്നു. ഇംഗ്ലണ്ടിലെ രാഷ്‌ട്രീയരംഗത്തെ ചില സുപ്രധാന സംഭവങ്ങള്‍ (പ്രത്യേകിച്ച്‌ രാജകീയ വാഴ്‌ചയുടെ പുനഃപ്രതിഷ്‌ഠ, സൗത്ത്‌ സീ കമ്പനിയുടെ പരാജയം തുടങ്ങിയവ) ഇക്കാലത്ത്‌ കാര്‍ട്ടൂണുകള്‍ക്കു വിഷയമായി.

ഇംഗ്ലണ്ടിലെ വില്യം ഹോഗാര്‍ത്‌ (1697-1764), ജെയിംസ്‌ ഗില്‍റേ (1757-1815), തോമസ്‌ റൗലന്‍ഡ്‌സണ്‍ (1756-1827) എന്നിവരാണ്‌ കാര്‍ട്ടൂണ്‍ കലാരൂപത്തിന്‌ ഉണര്‍വ്‌ നല്‌കിയ ആദ്യകാല ഇംഗ്ലീഷ്‌ ചിത്രകാരന്മാര്‍. സര്‍ഗശക്തിയുള്ള ഒരുന്നത കലാകാരനായിരുന്നു ഹോഗാര്‍ത്‌. അന്ന്‌ ഇംഗ്ലണ്ടില്‍ നടമാടിയിരുന്ന ധാര്‍മികാധഃപതനത്തില്‍ ധര്‍മരോഷംകൊണ്ടാണ്‌ അനശ്വരമൂല്യം ഉള്‍ക്കൊള്ളുന്ന കലാസൃഷ്‌ടികളുടെ രചനയില്‍ വ്യാപൃതനാകാതെ ഇദ്ദേഹം കാര്‍ട്ടൂണ്‍ മേഖലയിലേക്കു ശ്രദ്ധതിരിച്ചത്‌. എന്നാല്‍ ഭ്രമാത്മകമായി പ്രതീകാത്മകസൂചനകള്‍ വിനിയോഗിച്ച്‌ ഹോഗാര്‍ത്‌ രചിച്ച കാര്‍ട്ടൂണുകള്‍ അദ്ദേഹത്തെ അനശ്വരനാക്കി. ബ്രൂഗെലിന്റെ ചുവടുപിടിച്ചുകൊണ്ട്‌ ഗില്‍റേ വരച്ച കാര്‍ട്ടൂണുകള്‍ക്ക്‌ ആധുനിക കാര്‍ട്ടൂണുകളോട്‌ അതിയായ സാദൃശ്യമുണ്ട്‌. ഗില്‍റേ രാഷ്‌ട്രീയ കാര്‍ട്ടൂണില്‍ ആധിപത്യം പുലര്‍ത്തി. ഗില്‍റേയുടെ കഥാപുരുഷന്മാര്‍ ജോര്‍ജ്‌ III, വില്യം പിറ്റ്‌ ദ്‌ യങ്ങര്‍, ചാള്‍സ്‌ ജെയിംസ്‌ ഫോക്‌സ്‌, റിച്ചാര്‍ഡ്‌ ഷെറിഡന്‍, ലോഡ്‌ നോര്‍ത്ത്‌, എഡ്‌മണ്ട്‌ ബര്‍ക്ക്‌ എന്നിവര്‍ ആയിരുന്നു. രാജകുടുംബാംഗങ്ങളുടെ ജീവിതരീതിയെയും ഇദ്ദേഹം തന്റെ കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിച്ചിരുന്നു. സ്വാതന്ത്യ്രദാഹിയായിരുന്ന ഗില്‍റേ ഫ്രഞ്ചുവിപ്ലവത്തെ ഒരു പരിധിവരെ അനുകൂലിച്ചിരുന്നുവെങ്കിലും ലൂയി XVIമനെ തൂക്കിക്കൊന്നതും അതു കഴിഞ്ഞുള്ള ഭീകര ഭരണവും ഇഷ്‌ടപ്പെട്ടിരുന്നില്ല. നെപ്പോളിയന്‍ കാര്‍ട്ടൂണിലെ കഥാപുരുഷന്‍ എന്ന നിലയിലും ഗില്‍റേ അതിന്റെ സൃഷ്‌ടാവ്‌ എന്ന നിലയിലും നെപ്പോളിയന്‍ ബോണപ്പാര്‍ട്ടും ഗില്‍റേയും ഒരേ കാലത്ത്‌ ശ്രദ്ധേയരായിത്തീര്‍ന്നു.

ചെറുമീനുകളെ തിന്നുന്ന മത്സ്യങ്ങള്‍-പീറ്റർ ബ്രൂഗെലിന്റെ കാർട്ടൂണ്‍

ഹോഗാര്‍ത്തിന്റെ സ്വാധീനത റൗലന്‍ഡ്‌സണിന്റെ രചനകളില്‍ പ്രകടമായിരുന്നു. ആദ്യകാലത്ത്‌ കാരിക്കേച്ചറിസ്റ്റ്‌ ആയിരുന്നു റൗലന്‍ഡ്‌സണ്‍. സാമൂഹ്യ കാര്‍ട്ടൂണുകളില്‍ ആധിപത്യം പുലര്‍ത്തി വന്ന ഇദ്ദേഹം സമൂഹത്തിലെ എല്ലാത്തരക്കാരെയും തന്റെ കാര്‍ട്ടൂണുകള്‍ക്കു വിഷയമാക്കി.

ഫ്രഞ്ചുവിപ്ലവവും തുടര്‍ന്നുണ്ടായ സാഹചര്യങ്ങളും അജ്ഞാതനാമാക്കളായി വര്‍ത്തിക്കുവാന്‍ കാര്‍ട്ടൂണിസ്റ്റുകളെ നിര്‍ബന്ധിതരാക്കി. ഈ വിലക്കുകള്‍ക്കിടയിലും കാര്‍ട്ടൂണുകള്‍ക്ക്‌ വമ്പിച്ച പ്രചാരം സിദ്ധിച്ചു. ഫ്രഞ്ചുവിപ്ലവത്തിനുശേഷം പ്രശസ്‌തരായവരില്‍ മുന്‍നിരക്കാരന്‍ ഇംഗ്ലണ്ടിലെ ജോര്‍ജ്‌ ക്രൂയിക്‌ഷാങ്ക്‌ ആയിരുന്നു. ഇദ്ദേഹം തന്റെ കഥാപാത്രങ്ങള്‍ക്കു വലിയ തലയും വികൃതമായ വേഷവും നല്‌കി. ഇക്കാലത്തെ മറ്റൊരു മികച്ച ഇംഗ്ലീഷ്‌ കാര്‍ട്ടൂണിസ്റ്റ്‌ "എച്ച്‌ബി' എന്ന തൂലികാനാമത്തില്‍ വരച്ചിരുന്ന ജോണ്‍ ഡോയില്‍ (1798-1868) ആയിരുന്നു. ഗില്‍റേക്കും റൗലന്‍ഡ്‌സണിഌം ശേഷം കാര്‍ട്ടൂണിന്റെ കേന്ദ്രം ഫ്രാന്‍സിലേക്കു മാറി.

സിംഹവും ചുണ്ടെലിയും-ജോണ്‍ ഡോയിലിന്റെ കാർട്ടൂണ്‍

ഫിലിപ്പോണ്‍ ആരംഭിച്ച ലെ കാരിക്കേച്ചര്‍, ലെ ചാരിവാരി എന്നീ പ്രസിദ്ധീകരണങ്ങളിലൂടെ പുറത്തുവന്ന കാര്‍ട്ടൂണുകളാണ്‌ ലൂയി ഫിലിപ്പ്‌ രാജാവിന്റെ പതനത്തിനു വഴിതെളിച്ചത്‌. ഇക്കാലത്തെ പ്രമുഖ ഫ്രഞ്ച്‌ കാര്‍ട്ടൂണിസ്റ്റുകള്‍ ഡാമിയേ, ഗ്രാന്‍വില്‍, ചാള്‍സ്‌ ജോസഫ്‌, ട്രവീദെ വില്ലെ എന്നിവര്‍ ആയിരുന്നു. ഒരു രാഷ്‌ട്രീയക്കാരനേക്കാളേറെ കലാകാരഌം വികാരജീവിയുമായിരുന്ന ഡാമിയേ ഓരോ വ്യക്തിയുടെയും പ്രത്യേക സ്വഭാവങ്ങള്‍ മനസ്സിലാക്കി അതു കാര്‍ട്ടൂണിലേക്കു പകര്‍ത്തിയിരുന്നു. കഥാപാത്രത്തോടു വളരെ സാദൃശ്യമുള്ള രീതിയില്‍ കാര്‍ട്ടൂണ്‍ വരയ്‌ക്കുന്നതില്‍ പ്രാഗല്‌ഭ്യം നേടിയ ഫ്രഞ്ചു കാര്‍ട്ടൂണിസ്റ്റുകള്‍ ഇംഗ്ലണ്ടിലെ രാഷ്‌ട്രീയരംഗത്തെ സംഭവങ്ങളും കൈകാര്യം ചെയ്‌തിരുന്നു. ലണ്ടനിലെ ചാരിവാരിയായിരുന്നു 1841 ജൂല. 17നു ഇംഗ്ലണ്ടില്‍ ആരംഭിച്ച പഞ്ച്‌ എന്ന സചിത്രഹാസ്യവാരിക. പഞ്ചിന്റെ പ്രസിദ്ധീകരണം മുതല്‌ക്കാണ്‌ കാര്‍ട്ടൂണിസ്റ്റിന്‌ ഇന്ന്‌ കാണുന്ന പ്രാധാന്യവും അര്‍ഥവ്യാപ്‌തിയും കൈവന്നത്‌. ചിത്രകാരനായ എബ്‌നര്‍ ലാന്‍ഡല്‍സും എഴുത്തുകാരനായ ഹെന്‌റി മെഹ്യുവുമാണ്‌ പഞ്ചിന്റെ സ്ഥാപകര്‍. ജോണ്‍ ലീച്ച്‌, കീന്‍ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകളായിരുന്നു തുടക്കത്തില്‍ പഞ്ചിനുവേണ്ടി രചനയിലേര്‍പ്പെട്ടത്‌. രചനയ്‌ക്കായി ഇവര്‍ സ്വീകരിച്ച പ്രമേയങ്ങള്‍ പലപ്പോഴും സെന്‍സര്‍ഷിപ്പിനു വിധേയമായി സ്ഥാപനം അടച്ചുപൂട്ടുന്നതിലേക്കുവരെ വഴിവച്ചിട്ടുണ്ട്‌. പലപ്പോഴും സാമ്പത്തിക പരാധീനതകളും പഞ്ചിന്റെ പ്രസിദ്ധീകരണത്തിന്‌ തടസ്സമായി. ഇംഗ്ലണ്ടിലെ പാര്‍ലമെന്റ്‌ കെട്ടിടത്തിന്റെ (വെസ്റ്റ്‌ മിനിസ്റ്റര്‍ കൊട്ടാരം) പുതുക്കിപ്പണി നടന്നിരുന്ന കാലത്ത്‌ (1843) ചുവരുകള്‍ മോടിപിടിപ്പിക്കാനുള്ള ഫ്രസ്‌കോകള്‍ക്കുള്ള രൂപരേഖ തിരഞ്ഞെടുക്കുന്നതിന്‌ വിക്‌ടോറിയ രാജ്ഞിയുടെ ഭര്‍ത്താവായ ആല്‍ബെര്‍ട്ട്‌ രാജകുമാരന്‍ ഒരു കാര്‍ട്ടൂണ്‍ ചിത്രരചനാമത്സരം തന്നെ ഏര്‍പ്പെടുത്തുകയുണ്ടായി. ചിത്രകാരന്മാര്‍ മഹത്തായ ഉദ്ദേശ്യത്തോടെ ചിത്രങ്ങള്‍ വരച്ചുവെങ്കിലും അവ അക്ഷരാര്‍ഥത്തില്‍ പരിഹാസ്യങ്ങളായിരുന്നു. മത്സരത്തിലേക്ക്‌ അയയ്‌ക്കപ്പെട്ട ചിത്രങ്ങളെ ആക്ഷേപിച്ചുകൊണ്ട്‌ ജോണ്‍ ലീച്ച്‌ വരച്ച അനുകരണ ഹാസ്യചിത്രങ്ങള്‍ പഞ്ച്‌ പ്രസിദ്ധീകരിച്ചു. പിന്നീട്‌ ഇത്തരം ചിത്രങ്ങള്‍ പഞ്ചിലെ സ്ഥിരം പംക്തികളായി. കത്തോലിക്കര്‍ക്കും ജൂതന്മാര്‍ക്കും എതിരായ കാര്‍ട്ടൂണുകള്‍ വരച്ച്‌ അവരുടെ വിരോധവും നെപ്പോളിയന്‍ കകക, റഷ്യയിലെ നിക്കോളസ്‌ ക എന്നിവരുടെ വികൃതങ്ങളായ രൂപങ്ങള്‍ വരച്ച്‌ വിദേശരാഷ്‌ട്രങ്ങളുടെ വിരോധവും സമ്പാദിക്കാന്‍ കഴിഞ്ഞ ലീച്ചിന്റെ ശ്രദ്ധ പിന്നീട്‌ സാമൂഹ്യനര്‍മോക്തികളിലായി. ലീച്ചിന്റെ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചതിന്റെ ഫലമായി പഞ്ചിനു ഫ്രാന്‍സിലും റഷ്യയിലും വിലക്കു കല്‌പിക്കപ്പെട്ടു. കാര്‍ട്ടൂണിന്റെ ആധുനിക നിര്‍വചനത്തോടു നീതി പുലര്‍ത്തിയ ആദ്യത്തെ കാര്‍ട്ടൂണിസ്റ്റ്‌ ജോണ്‍ ലീച്ച്‌ ആയിരുന്നുവെന്ന്‌ നിസ്സംശയം പറയാം. ലീച്ചിന്റെ സമകാലികനായ ജോണ്‍ ടെന്നീലിന്റെ പ്രമുഖമായ രചനയാണ്‌ പഞ്ചില്‍ പ്രസിദ്ധീകരിച്ച ഡ്രാപ്പിങ്‌ ദ്‌ പൈലറ്റ്‌ എന്ന ചിത്രം. ജര്‍മന്‍ ചക്രവര്‍ത്തിയായ വില്യം II, ചാന്‍സലറായിരുന്ന ബിസ്‌മാര്‍ക്കിനെ പിരിച്ചുവിട്ടതിനെ ചൊല്ലി വരച്ച ഈ കാര്‍ട്ടൂണ്‍ 19-ാം ശതകത്തിലെ മികച്ച രാഷ്‌ട്രീയ കാര്‍ട്ടൂണുകളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു. 19-ാം ശതകത്തിന്റെ അന്ത്യദശകങ്ങളിലും 20-ാം ശതകത്തിന്റെ ആരംഭത്തിലും ശ്രദ്ധേയരായ ഇംഗ്ലീഷ്‌ കാര്‍ട്ടൂണിസ്റ്റുകളാണ്‌ ഹാരിഫര്‍ണിസ്‌, ലിന്‍ലി സാംബോണ്‍, ബെര്‍ണാഡ്‌ പാട്രിജ്‌, ലെനാര്‍ഡ്‌ റാവെന്‍ഹില്‍, കീല്‍, ദു മൊറിയര്‍ എന്നിവര്‍.

ആന്‍ഡ്രൂജോണ്‍സിനെ വിമർശിക്കുന്ന തോമസ്‌ നാസ്റ്റിന്റെ കാർട്ടൂണ്‍

ലെ ചാരിവാരി, പഞ്ച്‌ എന്നീ കാലിക പ്രസിദ്ധീകരണങ്ങളുടെ വിജയം കാര്‍ട്ടൂണ്‍ കലാരൂപത്തിന്‌ തനതായ ഒരു മേല്‍വിലാസം ഉണ്ടാക്കാന്‍ സഹായകമായി. കാലിക പ്രസിദ്ധീകരണങ്ങളുടെ വിജയവും പ്രചാരവും അവയില്‍ ഉള്‍പ്പെടുത്തുന്ന കാര്‍ട്ടൂണുകളെ ആശ്രയിച്ചിരിക്കുന്നു എന്നു പറയുന്നതാവും കൂടുതല്‍ ശരി. ദിനപത്രങ്ങളിലെ പത്രാധിപക്കുറിപ്പുകള്‍ക്കു സമാനമായോ, അതിനൊരനുബന്ധമായോ അതിലുപരിയായോ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ വളര്‍ന്നു. സമൂഹത്തില്‍ നിലനിന്നിരുന്ന അസമത്വങ്ങള്‍ ബഹുജനശ്രദ്ധയില്‍ കൊണ്ടുവരുന്നതിനുള്ള ശക്തിയായ മാധ്യമവും മറ്റൊന്നായിരുന്നില്ല. ഫിലിപ്പോണിന്റെ വിജയത്തില്‍ നിന്നു പ്രചോദനംകൊണ്ടാണ്‌ ജര്‍മനിയില്‍ നിന്നു ചില കാര്‍ട്ടൂണ്‍ മാസികകള്‍ പ്രസിദ്ധീകരിക്കപ്പെട്ടത്‌. 1848ല്‍ ബര്‍ലിനില്‍ നിന്നു പുറത്തുവന്ന ക്‌ളാഡെ റഡാഷ്‌, 1845ല്‍ മ്യൂണിക്കില്‍ നിന്നു പ്രസിദ്ധീകരിച്ച ഡീ ഫ്‌ളീഗെന്‍ഡെബ്‌ളേറ്റെര്‍, പിന്നീട്‌ മ്യൂണിക്കില്‍ നിന്നു തന്നെ പ്രസിദ്ധീകരിച്ച പുണ്‍ഷ്‌, സിംപ്‌ളിസിസ്‌സിമുസ്‌ എന്നിവ ഇക്കൂട്ടത്തില്‍പ്പെടുന്നു.

സിംപ്‌ളിസിസ്‌സിമുസ്സിലൂടെ പ്രശസ്‌തന്മാരായ ഒലാഫ്‌ ഗുല്‍ബ്രാന്‍സണ്‍, ബ്രൂണോ പാര്‍ക്ക്‌, തോമസ്‌ തിയൊഡോര്‍ ഹൈനെ എന്നിവരുടെ കാര്‍ട്ടൂണുകള്‍ മ്യൂണിക്കിന്‌ യൂറോപ്യന്‍ രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ കേന്ദ്രം എന്ന പദവി നേടിക്കൊടുക്കത്തക്കവിധം ഉജ്ജ്വലങ്ങളായിരുന്നു. റഷ്യയും ജപ്പാഌം തമ്മിലുള്ള യുദ്ധം; ദക്ഷിണാഫ്രിക്കന്‍, ബാള്‍ക്കന്‍ യുദ്ധങ്ങള്‍; സാമ്രാജ്യ മത്സരങ്ങള്‍ എന്നിവ കാര്‍ട്ടൂണുകളുടെ വിഷയപരിധി വിപുലമാക്കി. വിക്‌ടോറിയ രാജ്ഞിയെയും അവരുടെ പുത്രനായ എഡ്വേര്‍ഡ്‌ രാജകുമാരനെയും കേന്ദ്രമാക്കി കാര്‍ട്ടൂണ്‍ വരച്ചവരാണ്‌ ജര്‍മനിയിലെ കുണ്‍സേ, ഫൈനിംഗെര്‍, എന്‍ഗെര്‍ട്ട്‌, ഗേര്‍ട്ടെ എന്നിവര്‍.

യൂറോപ്യന്‍ ശൈലിയെ അനുകരിക്കുന്ന യു.എസ്‌. രീതിക്കു വിരാമം വന്നത്‌ അമേരിക്കന്‍ ആഭ്യന്തര സമരകാലത്താണ്‌. ആഭ്യന്തര സമരത്തെക്കുറിച്ചുള്ള ജനവികാരങ്ങള്‍ കാര്‍ട്ടൂണില്‍ പകര്‍ത്തിയതു വഴി ശ്രദ്ധേയനായ തോമസ്‌ നാസ്റ്റ്‌ ഡെമോക്രാറ്റിക്‌ പാര്‍ട്ടിയെ പ്രതിനിധാനം ചെയ്യുന്ന കഴുത, റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ആന തുടങ്ങിയവയെ കാര്‍ട്ടൂണിലൂടെ അവതരിപ്പിച്ച്‌ താന്‍ ഈ മേഖലയിലെ മുടിചൂടാമന്നനാണെന്നു തെളിയിച്ചു. ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണ്‍ പ്രഹരങ്ങള്‍ക്കു വിധേയരായ ചിലരാണ്‌ ആന്‍ഡ്രൂ ജോണ്‍സണ്‍, ഗ്രീലി തുടങ്ങിയവര്‍. 1876ലെ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ കാര്‍ട്ടൂണിസ്റ്റെന്ന നിലയിലുള്ള സേവനത്തിനു റിപ്പബ്ലിക്കന്‍ നാഷണല്‍ കമ്മിറ്റി ഇദ്ദേഹത്തിനു 10,000 ഡോളര്‍ വാഗ്‌ദാനം ചെയ്‌തെങ്കിലും നാസ്റ്റ്‌ അതു വേണ്ടെന്നു വയ്‌ക്കുകയാണുണ്ടായത്‌.

നാസ്റ്റിന്റെ പിന്‍ഗാമികളായി കാര്‍ട്ടൂണ്‍ രംഗത്തെത്തിയത്‌ ഒ.ജി. ബുഷ്‌, ജോസഫ്‌ കെപ്‌ളര്‍, ബെണ്‍ഹാഡ്‌ ഗില്ലാം എന്നിവരായിരുന്നു. 1876ല്‍ ആരംഭിച്ച പക്ക്‌ എന്ന ഹാസ്യചിത്ര പ്രസിദ്ധീകരണം സ്ഥാപകനായ കെപ്‌ളറുള്‍പ്പെടെ പലരുടെയും രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ പ്രസിദ്ധീകരണം കൊണ്ട്‌ പ്രശസ്‌തമായി. ഡെമോക്രാറ്റിക്‌ കക്ഷിയോടു കൂറുപുലര്‍ത്തിയിരുന്ന പക്കിനെതിരായി റിപ്പബ്ലിക്കന്‍ കക്ഷിയോടു ചായ്‌വുള്ള ജഡ്‌ജ്‌ പുറത്തുവന്നു. പക്കിലും ജഡ്‌ജിലും മാറിമാറി വരയ്‌ക്കുന്നയാളായിരുന്നു ഗില്ലാം. ഇദ്ദേഹം പക്കിലെ ശക്തങ്ങളായ കാര്‍ട്ടൂണുകളിലൂടെ ക്ലീവ്‌ലാന്‍ഡിനെയും ഡെമോക്രാറ്റിക്‌ കക്ഷിയെയും അനുകൂലിക്കുകയും അതുപോലെതന്നെ നിഷ്‌കരുണങ്ങളായ കാര്‍ട്ടുണുകള്‍ ജഡ്‌ജില്‍ വരച്ച്‌ അവരെ എതിര്‍ക്കുകയും ചെയ്‌തിരുന്നു. ക്ലീവ്‌ലാന്‍ഡ്‌ബ്ലെയിന്‍ പ്രസിഡന്റ്‌ മത്സരത്തെ അധികരിച്ച്‌ ഗില്ലാം രചിച്ച "ടാറ്റൂഡ്‌ മാന്‍' കാര്‍ട്ടൂണുകളും ന്യൂയോര്‍ക്ക്‌ വേള്‍ഡില്‍ വാള്‍ട്ട്‌ മക്‌ഡ്യൂഗല്‍ വരച്ച "ബെല്‍ ഷാസ്‌സര്‍സ്‌ ഫീസ്റ്റ്‌ എന്ന കാര്‍ട്ടൂണും റവ. സാമുവല്‍ ബര്‍ച്ചാഡിന്റെ കാര്‍ട്ടൂണും തെരഞ്ഞെടുപ്പു ഫലങ്ങളെ മാറ്റിമറിക്കത്തക്കവിധം പൊതുജനശ്രദ്ധ ആകര്‍ഷിക്കാന്‍ പര്യാപ്‌തമായിരുന്നു.

20-ാം ശതകം. ശൃംഖലാപത്രങ്ങളുടെ എല്ലാ പതിപ്പുകള്‍ക്കും ഒരേ കാര്‍ട്ടൂണ്‍ ഒരേ സമയം പ്രസിദ്ധീകരിക്കാന്‍ തക്ക സാങ്കേതിക സൗകര്യങ്ങള്‍ ഉണ്ടായത്‌ 20-ാം ശതകത്തിലാണ്‌. ഇതിന്റെ ഫലമായി എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ ഒരു സ്ഥിരം പംക്തിയായി. ദിനപത്രങ്ങള്‍ എണ്ണത്തില്‍ കൂടിയെന്നു മാത്രമല്ല, അവയില്‍ മിക്കതിലും കാര്‍ട്ടൂണുകള്‍ സ്ഥിരമായി ഉള്‍പ്പെടുത്തുകയും ചെയ്‌തു. പത്രമുടമകളുടെ ഇഷ്‌ടാനിഷ്‌ടങ്ങള്‍ക്കു വിധേയമായി രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ വരയ്‌ക്കാന്‍ തയ്യാറാകുന്ന കാര്‍ട്ടൂണിസ്റ്റുകളുടെ എണ്ണത്തിലും കുറവുണ്ടായിരുന്നില്ല.

എഡിറ്റോറിയല്‍ കാര്‍ട്ടൂണ്‍ രംഗത്തു വൈദഗ്‌ധ്യം നേടിയവരാണ്‌ ഹോമര്‍ ഡാവന്‍പോര്‍ട്ട്‌, ഒ. സിസാറേ, ഫ്രഡറിക്‌ ഓപ്പര്‍ എന്നിവര്‍. അമേരിക്കന്‍ എഡിറ്റോറിയല്‍ കാര്‍ട്ടൂണിസ്റ്റുകളില്‍ ചോക്കുകൊണ്ട്‌ വരയ്‌ക്കുന്ന ശൈലി പരീക്ഷിച്ചുവിജയിച്ചവരാണ്‌ റോളിന്‍ കിര്‍ബി, ഡാനിയല്‍ ആര്‍. ഫിറ്റ്‌സ്‌പാട്രിക്‌ എന്നിവര്‍. കിര്‍ബി മൂന്നുതവണ പുലിറ്റ്‌സര്‍ സമ്മാനം കരസ്ഥമാക്കി. ഫിറ്റ്‌സ്‌ പാട്രിക്‌ രണ്ടുപ്രാവശ്യം ഈ പുരസ്‌കാരം നേടിയിട്ടുണ്ട്‌.

ഒന്നാം ലോകയുദ്ധവാര്‍ത്തകളും സംഭവങ്ങളും അധികരിച്ചിട്ടുള്ള കാര്‍ട്ടൂണ്‍ വരച്ചു പ്രസിദ്ധരായവരാണ്‌ "ഡിങ്‌' എന്ന തൂലികാനാമത്തില്‍ വരച്ചിരുന്ന ജെ.എന്‍. ഡാര്‍ലിങ്‌ (ഇദ്ദേഹം രണ്ടുതവണ പുലിറ്റ്‌സര്‍ സമ്മാനം കരസ്ഥമാക്കി), ടി. ബ്രൗണ്‍, രണ്ടുതവണ പുലിറ്റ്‌സര്‍ പുരസ്‌കാരം വാങ്ങിയ നെല്‍സണ്‍ ഹാര്‍ഡിങ്‌, ഹരോള്‍ഡ്‌ ടാല്‍ബര്‍ട്ട്‌, കാരി ഓര്‍, എഡ്‌മണ്ട്‌ ഡഫി, ഹെര്‍ബ്‌ളോക്ക്‌ (ഹെര്‍ബര്‍ട്ട്‌ എല്‍. ബ്ലോക്ക്‌) എന്നിവര്‍. ഒന്നാം ലോകയുദ്ധകാലത്തെ ഏറ്റവും മികച്ച രാഷ്‌ട്രീയ കാര്‍ട്ടൂണിസ്റ്റ്‌ ഡച്ചുകാരനായ ലൂയി റേമേക്കേഴ്‌സ്‌ ആയിരുന്നു.

"ഫ്രാന്‍സിലേക്കുള്ള പാലം'-ജെ.എന്‍. ഡാർലിങിന്റെ കാർട്ടൂണ്‍

"എഫ്‌സിജി' എന്ന തൂലികാനാമത്തില്‍ പ്രസിദ്ധനായ ഫ്രാന്‍സിസ്‌ കരൂതേഴ്‌സ്‌ ഗൂള്‍ഡ്‌ ആയിരുന്നു ബ്രിട്ടനിലെ പ്രമുഖ ദിനപത്ര കാര്‍ട്ടൂണിസ്റ്റ്‌. ജോസഫ്‌ ചേംബര്‍ലെയിന്റെ സാമ്രാജ്യത്വ നയങ്ങളെ അതിനിശിതമായി വിമര്‍ശിക്കുന്നതായിരുന്നു എഫ്‌സിജിയുടെ കാര്‍ട്ടൂണുകള്‍. ബ്രിട്ടീഷ്‌ സാമൂഹ്യരാഷ്‌ട്രീയ നയങ്ങളെ ആക്ഷേപിച്ചുകൊണ്ട്‌ വരയ്‌ക്കുന്ന വില്‍ഡൈസന്‍ തന്റെ "കള്‍ച്ചര്‍ കാര്‍ട്ടൂണുകള്‍' വഴി ജര്‍മന്‍ സൈനികമേധാവിത്വത്തെയും എതിര്‍ത്തിരുന്നു.

"20-ാം നൂറ്റാണ്ടിലെ കാര്‍ട്ടൂണിസ്റ്റ്‌' എന്ന പദവിക്കര്‍ഹനായത്‌ ന്യൂസിലന്‍ഡില്‍ ജനിച്ച ഡേവിഡ്‌ ലോ ആണ്‌. നാസിസത്തെ എതിര്‍ത്തുകൊണ്ട്‌ ലോ വരച്ച കാര്‍ട്ടൂണുകള്‍ അദ്ദേഹത്തെ പ്രശസ്‌തിയുടെ ഉന്നതതലങ്ങളിലെത്തിച്ചു.

ഒക്‌ടോബര്‍ വിപ്ലവാനന്തരം സോവിയറ്റ്‌ യൂണിയഌം കാര്‍ട്ടൂണ്‍ ഒരു പ്രചരണമാധ്യമമായി തിരഞ്ഞെടുത്തു. പ്രാവ്‌ദയിലെ ഡെനിയും ഇസ്‌വെസ്‌തിയയിലെ ബോറിസ്‌ എഫിമോവും വരച്ച കാര്‍ട്ടൂണുകള്‍ ശ്രദ്ധേയങ്ങളാണ്‌. പില്‌ക്കാലത്ത്‌ പ്രാവ്‌ദയുടെ ആഭിമുഖ്യത്തില്‍ മ്യൂണിക്കിലെ സിംപ്ലിസിസ്‌സിമൂസ്സിനോടു സാദൃശ്യമുള്ള ക്രാകൊഡില്‍ എന്ന ഹാസ്യമാസികയും റഷ്യയില്‍ നിന്നു പ്രസിദ്ധീകരിച്ചു.

20-ാം ശതകത്തിന്റെ ആദ്യപകുതിയെ പഞ്ചിന്റെ സുവര്‍ണകാലമായി പരിഗണിക്കാവുന്നതാണ്‌. പ്രസിദ്ധീകരണത്തിന്റെ ആദ്യ ദശകങ്ങളില്‍ നിരവധി പ്രതിസന്ധികളെ അതിജീവിച്ച ഈ പ്രസിദ്ധീകരണം 20-ാം ശതകത്തില്‍ ഇംഗ്ലണ്ടിന്റെ ദേശീയജനകീയ സ്ഥാപനമായി മാറുകയായിരുന്നു. ഇംഗ്ലണ്ടിലെ കാര്‍ട്ടൂണിസ്റ്റുകളുടെ പൊതുവേദിയായി ഇക്കാലത്ത്‌ പഞ്ച്‌ മാറി. പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റായ മാല്‍ക്കം മാഗെരിഡ്സ് 1953ല്‍ പഞ്ചിന്റെ പത്രാധിപസ്ഥാനം ഏറ്റെടുത്തതോടെ അതിന്റെ കെട്ടിലും മട്ടിലും പ്രകടമായ മാറ്റം വന്നു. ഇതോടെ പഞ്ച്‌ ലോകനിലവാരത്തില്‍ അറിയപ്പെടുന്ന ഒരു ഹാസ്യമാസികയായി. ഹോഫ്‌ നങ്‌, ബ്രാക്‌ബങ്‌, ക്വന്‍റീന്‍ ബ്ലേക്ക്‌, ഹ്യൂസണ്‍ തുടങ്ങിയ പ്രശസ്‌ത കാര്‍ട്ടൂണിസ്റ്റുകളെല്ലാം ഇക്കാലത്ത്‌ പഞ്ചില്‍ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. എന്നാല്‍ 20-ാം ശതകത്തിന്റെ അന്ത്യദശകങ്ങളില്‍ സാമ്പത്തികമായി തകര്‍ന്നു തുടങ്ങിയ ഈ സ്ഥാപനം 1992ല്‍ താത്‌കാലികമായി അടച്ചുപൂട്ടി. പിന്നീട്‌ 1996ല്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയെങ്കിലും 2002ല്‍ എന്നന്നേക്കുമായി പഞ്ച്‌ പ്രസിദ്ധീകരണം നിലച്ചു. രണ്ടാം ലോകയുദ്ധാനന്തരം രാഷ്‌ട്രീയ കാര്‍ട്ടൂണുകളുടെ ഒരു വേലിയേറ്റം തന്നെയുണ്ടായി. ലണ്ടന്‍ ടൈംസില്‍ 1966 മേയ്‌ മുതല്‍ എല്ലാ ദിവസവും ഓരോ രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ ചേര്‍ത്തുവന്നു. ന്യൂസ്‌ ക്രാണിക്കിളില്‍ വരച്ചുവന്ന വിക്കി (വിക്‌ടര്‍ വൈസ്‌), പഞ്ചിലെ നോര്‍മന്‍ മാന്‍സ്‌ബ്രിഡ്‌ജ്‌, ഡെയ്‌ലി മെയിലിലെ ലെസ്‌ലീ ഇല്ലിങ്‌വര്‍ത്‌, ഡെയ്‌ലി എക്‌സ്‌പ്രസ്സിലെ കുമ്മിങ്‌സ്‌ എന്നിവരുടെ കാര്‍ട്ടൂണുകള്‍ അതിപ്രശസ്‌തങ്ങളാണ്‌. വിക്കിക്ക്‌ മൂന്നു തവണ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ചിട്ടുണ്ട്‌.

ലൂയി റേമേക്കേഴ്‌സ്‌ വരച്ച ഒരു കാർട്ടൂണ്‍

1940കളിലും 50കളിലും യു.എസ്സില്‍ ആധിപത്യം സ്ഥാപിച്ച ഹെര്‍ബ്‌ളോക്ക്‌ (വാഷിങ്‌ടണ്‍ പോസ്റ്റ്‌) ദേശീയതലത്തില്‍ പ്രസിദ്ധനായി. ഹെര്‍ബ്‌ളോക്ക്‌ രണ്ടുതവണ പുലിറ്റ്‌സര്‍ സമ്മാനം നേടുകയുണ്ടായി. 20-ാം ശതകത്തിന്റെ ഉത്തരാര്‍ധത്തില്‍ പ്രസിദ്ധരായ മറ്റു അമേരിക്കന്‍ കാര്‍ട്ടൂണിസ്റ്റുകള്‍ ബില്‍ മാള്‍ഡിന്‍ (ഷിക്കാഗോ സണ്‍ ടൈംസ്‌), പാട്രിക്‌ ഒലിഫന്റ്‌ (ഡെന്‍വെര്‍ പോസ്റ്റ്‌), പാള്‍ കോണ്‍റാഡ്‌ (ലോസ്‌ ഏഞ്ചല്‍സ്‌ ടൈംസ്‌), ഗിബ്‌ക്രാക്കറ്റ്‌ (വാഷിങ്‌ടണ്‍ സ്റ്റാര്‍) തുടങ്ങിയവരാണ്‌. [[ചിത്രം:Vol5p212_HerBlock-10-22-64-WashPost-Cartoon_thumb[1].jpg|thumb|ഹെർബ്‌ളോക്കിന്റെ കാർട്ടൂണ്‍]] 20-ാം ശതകത്തിന്റെ അന്ത്യദശകങ്ങളില്‍ ജൂള്‍സ്‌ ഫീവര്‍, ജാക്ക്‌ ഹഗ്ഗിന്‍സ്‌, ജിം ബര്‍ഗ്‌നര്‍, ജിം മോറിസ്‌ തുടങ്ങിയ കാര്‍ട്ടൂണിസ്റ്റുകളാണ്‌ എഡിറ്റോറിയല്‍ കാര്‍ട്ടൂണിനെ കൂടുതല്‍ സജീവമാക്കിയത്‌. ഈ സമയത്തുതന്നെ രണ്ട്‌ കാര്‍ട്ടൂണ്‍ മാസികകളും പ്രസിദ്ധീകരിച്ചുതുടങ്ങി. ഫണ്ണിടൈംസ്‌ (1985), ഹ്യൂമര്‍ ടൈംസ്‌ (1991) എന്നിവ. കാര്‍ട്ടൂണ്‍ മാസികകളില്‍ ഇന്ന്‌ ഏറ്റവും പ്രചാരത്തിലുള്ള മാസികകളാണിവ.

ഡേവിഡ്‌ ലോയുടെ നാസി വിരുദ്ധ കാർട്ടൂണ്‍

സ്റ്റീഫന്‍ പി. ബ്രം, മൈക്കള്‍ റാമിറസ്‌, വാള്‍ട്ട്‌ ഹാന്‍ഡല്‍മാന്‍ തുടങ്ങിയവരാണ്‌ 20-ാം ശതകത്തിലെ ശ്രദ്ധേയരായ കാര്‍ട്ടൂണിസ്റ്റുകള്‍. മൂവരും വിവിധ വര്‍ഷങ്ങളില്‍ പുലിറ്റ്‌സര്‍ പുരസ്‌കാരം നേടിയിട്ടുണ്ട്‌. കാര്‍ട്ടൂണ്‍ രചനയില്‍ ഇന്നും എഡിറ്റോറിയല്‍ കാര്‍ട്ടൂണിനാണ്‌ കൂടുതല്‍ പ്രാധാന്യം. മ്യൂസിക്‌ കാര്‍ട്ടൂണ്‍ പോലുള്ള പരീക്ഷണങ്ങള്‍ അച്ചടി മാധ്യമങ്ങളില്‍തന്നെ ഇന്ന്‌ ഇംഗ്ലണ്ടിലും മറ്റും നടത്തുന്നുണ്ടെങ്കിലും അതെല്ലാം കേവല വിനോദത്തിനപ്പുറം പോയിട്ടില്ല. അതേസമയം, ഇംഗ്ലണ്ടില്‍ ഇത്‌ പ്രമറി വിദ്യാര്‍ഥികളെ പഠിപ്പിക്കുന്നതിനുള്ള ഒരു ഉപാധിയായി സ്വീകരിച്ചിട്ടുണ്ട്‌. കാര്‍ട്ടൂണ്‍ കലാരംഗത്തെ പുതിയ പരീക്ഷണങ്ങളുടെ ഫലമായാണ്‌ കാര്‍ട്ടൂണ്‍ ചലച്ചിത്രങ്ങള്‍ രൂപംകൊണ്ടത്‌. നോ. കാര്‍ട്ടൂണ്‍ ചലച്ചിത്രം

ഇന്ത്യ. ഇന്ത്യന്‍ പത്രപ്രവര്‍ത്തനരംഗത്ത്‌ രാഷ്‌ട്രീയ ഹാസ്യചിത്രരചനയ്‌ക്കു ഒട്ടും പ്രചാരമില്ലാതെയിരുന്ന കാലത്ത്‌ അതിനു തുടക്കം കുറിച്ചത്‌ കേരളീയനായ കെ. ശങ്കരപ്പിള്ള എന്ന ശങ്കര്‍ (1902-1989) ആയിരുന്നു. 1932ല്‍ ഇദ്ദേഹം ഹിന്ദുസ്ഥാന്‍ ടൈംസിലെ മുഴുവന്‍ സമയ കാര്‍ട്ടൂണിസ്റ്റായി ജോലിയില്‍ പ്രവേശിച്ചതോടെ ശങ്കറും പത്രവും ഒരുപോലെ വളരുകയുണ്ടായി. ഇക്കാലത്ത്‌ ഇദ്ദേഹം അമേരിക്കന്‍ പ്രസിഡന്റുമാര്‍, ബ്രിട്ടീഷ്‌ പ്രധാനമന്ത്രിമാര്‍ തുടങ്ങി ലോകപ്രശസ്‌തരായ ഒട്ടേറെ രാഷ്‌ട്രീയ നേതാക്കളെ തന്റെ കാര്‍ട്ടൂണുകളിലൂടെ വിമര്‍ശിച്ചിരുന്നു. തുടക്കം മുതല്‍ തന്നെ ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ പ്രത്യേക സ്‌നേഹവാത്സല്യങ്ങള്‍ ഇദ്ദേഹത്തിന്‌ ലഭിച്ചിരുന്നു. ഹിന്ദുസ്ഥാന്‍ ടൈംസ്‌ വിട്ട (1946) ശേഷം ശങ്കര്‍ കുറച്ചുകാലം ഇന്ത്യന്‍ ന്യൂസ്‌ ക്രാണിക്കിള്‍ എന്നൊരു പ്രസിദ്ധീകരണം നടത്തിയിരുന്നു. ഈ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്നു പ്രസിദ്ധീകരിക്കപ്പെട്ട പല ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും ശ്രദ്ധേയമായ രാഷ്‌ട്രീയസാമൂഹ്യ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയെങ്കിലും 1949ല്‍ ശങ്കര്‍ ആരംഭിച്ച ശങ്കേഴ്‌സ്‌ വീക്ക്‌ലിയുടെ പ്രസിദ്ധീകരണത്തോടെയാണ്‌ ഇന്ത്യയില്‍ കാര്‍ട്ടൂണ്‍ കാരിക്കേച്ചര്‍ കലാരൂപങ്ങളുടെ വളര്‍ച്ച ആരംഭിക്കുന്നത്‌. 1975ല്‍ ഇതിന്റെ പ്രസിദ്ധീകരണം നിലച്ചു.

ലോകപ്രശസ്‌ത കാര്‍ട്ടൂണിസ്റ്റായ ഡേവിഡ്‌ ലോയുടെ ശൈലി ഉള്‍ക്കൊണ്ട്‌ ശങ്കര്‍ രചിച്ച കാര്‍ട്ടൂണുകള്‍ ഇദ്ദേഹത്തെ ഈ മേഖലയിലെ ഒരു ഇതിഹാസപുരുഷനാക്കിത്തീര്‍ത്തു. ദേശീയവും അന്താരാഷ്‌ട്രീയവുമായ വിഷയങ്ങളെ അധികരിച്ച്‌ രചിച്ച കാര്‍ട്ടൂണുകളാണ്‌ ഇദ്ദേഹത്തെ ഇന്ത്യയിലെ "രാഷ്‌ട്രീയ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റെ പിതാവ്‌' എന്ന പദവിക്കര്‍ഹനാക്കിയത്‌. "മാര്‍ച്ച്‌ ഒഫ്‌ ടൈം' എന്ന സ്ഥിരം പംക്തിയിലൂടെയും അല്ലാതെയും ഇദ്ദേഹം രചിച്ച കാര്‍ട്ടൂണുകളും "മാന്‍ ഒഫ്‌ ദ്‌ വീക്ക്‌' എന്ന പംക്തിയില്‍ വരച്ച കാരിക്കേച്ചറുകളും ലോകപ്രശസ്‌തങ്ങളാണ്‌. കാര്‍ട്ടൂണ്‍ കലാരൂപത്തിന്റെ വളര്‍ച്ചയ്‌ക്കു പ്രരണ നല്‌കിയ ശങ്കേഴ്‌സ്‌ വീക്ക്‌ലിയിലൂടെയാണ്‌ ഇന്ത്യയിലെ മിക്ക കാര്‍ട്ടൂണിസ്റ്റുകളും പ്രശസ്‌തരായത്‌. പദ്‌മശ്രീ (1956), പദ്‌മഭൂഷണ്‍ (1966) പദ്‌മവിഭൂഷണ്‍ (1976) എന്നീ ബഹുമതികള്‍ നല്‌കി രാഷ്‌ട്രം ഇദ്ദേഹത്തെ ആദരിച്ചു. 1989 ഡിസംബര്‍ 26ന്‌ 87-ാം വയസ്സില്‍ ആ കാര്‍ട്ടൂണ്‍ കുലപതി അന്തരിച്ചു. ശങ്കറിന്റെ സ്‌മരണക്കായി കമ്പിത്തപാല്‍ വകുപ്പ്‌ 1991ല്‍ രണ്ട്‌ സ്റ്റാമ്പുകള്‍ പുറത്തിറക്കി. ശങ്കേഴ്‌സ്‌ വീക്ക്‌ലിയിലൂടെ ജവാഹര്‍ലാല്‍ നെഹ്‌റുവിനെ കഥാപാത്രമാക്കിയ ആയിരത്തഞ്ഞൂറോളം കാര്‍ട്ടൂണുകള്‍ തെരഞ്ഞെടുത്ത്‌ ദല്‍ഹിയിലെ ചില്‍ഡ്രന്‍സ്‌ ബുക്ക്‌ ട്രസ്റ്റ്‌ ഡോണ്‍ട്‌ സ്‌പെയര്‍ മീ ശങ്കര്‍ (Don't spare me Sankar) എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

ഇന്ത്യയിലെ പ്രമുഖ ദിനപത്രങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലും വരയ്‌ക്കുന്ന മിക്ക കാര്‍ട്ടൂണിസ്റ്റുകളും ലോകപ്രശസ്‌തി നേടിയവരാണ്‌. ഇല്ലസ്‌ട്രറ്റഡ്‌ വീക്ക്‌ലിയിലെ "പേഴ്‌സണാലിറ്റീസ്‌' എന്ന പംക്തിയും ടൈംസ്‌ ഒഫ്‌ ഇന്ത്യയിലെ "യു സെഡ്‌ ഇറ്റ്‌' എന്ന പോക്കറ്റ്‌ കാര്‍ട്ടൂണും കൈകാര്യം ചെയ്‌തിരുന്ന ലക്ഷ്‌മണിന്‌ (1924) ഇന്ത്യന്‍ കാര്‍ട്ടൂണിസ്റ്റുകളുടെ മുന്‍നിരയില്‍ സ്ഥാനമുണ്ട്‌.

സമകാലിക സംഭവങ്ങളെ സംബന്ധിച്ച സാധാരണക്കാരന്‍ പ്രകടിപ്പിക്കുന്ന നിഷ്‌ക്കളങ്കമായ പ്രതികരണമാണ്‌ ഇദ്ദേഹത്തിന്റെ "യു സെഡ്‌ ഇറ്റ്‌' പരമ്പരയെ രസകരമാക്കുന്നത്‌. ജീവിതവുമായി മല്ലിടുന്ന ഈ സാധാരണക്കാരന്റെ നര്‍മോക്തികള്‍ക്ക്‌ പല തലങ്ങളില്‍ ലക്ഷ്‌മണ്‍ അര്‍ഥം നല്‍കുന്നു. 1984ല്‍ പത്രപ്രവര്‍ത്തകര്‍ക്കുള്ള രമണ്‍ മഗ്‌സസെ അവാര്‍ഡ്‌ ലോകത്താദ്യമായി നേടിയ കാര്‍ട്ടൂണിസ്റ്റ്‌ എന്ന ബഹുമതിക്കര്‍ഹനായ ലക്ഷ്‌മണ്‍, തന്റെ ജ്യേഷ്‌ഠനായ ആര്‍.കെ. നാരായണന്‍ അക്ഷരങ്ങളിലൂടെ അനശ്വരമാക്കിയ സാധാരണക്കാരുടെ ജീവിതം രേഖാചിത്രങ്ങളിലൂടെ ഇദ്ദേഹം സാക്ഷാത്‌കരിച്ചു. രാഷ്‌ട്രം പദ്‌മഭൂഷണ്‍, പദ്‌മവിഭൂഷണ്‍ ബഹുമതികള്‍ നല്‌കി ഇദ്ദേഹത്തെ ആദരിച്ചു.

ഇന്ത്യയില്‍ പോക്കറ്റ്‌ കാര്‍ട്ടൂണിന്‌ തുടക്കംകുറിച്ച സാമുവല്‍ (1925), ശങ്കറിന്റെ കളരിയില്‍ പയറ്റിത്തെളിഞ്ഞയാളാണ്‌. മദ്രാസ്‌ സ്‌കൂള്‍ ഒഫ്‌ ആര്‍ട്‌സില്‍ നിന്ന്‌ ചിത്രകല അഭ്യസിച്ച സാമുവലിന്റെ വരകള്‍ക്ക്‌ ഹൃദ്യമായ കലാഭംഗിയുണ്ട്‌. ഇന്ത്യന്‍ എക്‌സ്‌പ്രസിലും ടൈംസ്‌ ഓഫ്‌ ഇന്ത്യയിലും അദ്ദേഹം കാര്‍ട്ടൂണുകള്‍ വരച്ചു. നാഷണല്‍ ഹൊറാള്‍ഡില്‍ വന്നുകൊണ്ടിരുന്ന ബാബുജി എന്ന പോക്കറ്റ്‌ കാര്‍ട്ടൂണില്‍ സാമുവലിന്റെ കൈമുദ്ര പതിഞ്ഞ്‌ കാണാം.

നോവലിസ്റ്റെന്ന നിലയ്‌ക്ക്‌ കേന്ദ്രകേരള സാഹിത്യ അക്കാദമി അവാര്‍ഡുകളും എഴുത്തച്ഛന്‍ പുരസ്‌കാരവും ആന്ധ്ര സര്‍ക്കാരിന്റെ "ആയുഷ്‌കാല നേട്ടങ്ങള്‍ക്കുള്ള' സമ്മാനവും പദ്‌മഭൂഷണ്‍ ബഹുമതിയും (2003), സഹൃദയരുടെ അംഗീകാരവും നേടിയ ഒ.വി. വിജയന്റെ (1930-2005) കഥാപാത്രങ്ങളെപ്പോലെ മിഴിവും രസനീയതയും വഹിക്കുന്നവയാണ്‌ അദ്ദേഹത്തിന്റെ രേഖാചിത്രങ്ങളും കാര്‍ട്ടൂണുകളും കാരിക്കേച്ചറുകളും.

ലക്ഷ്‌മണ്‍ന്റെ പോക്കറ്റ്‌ കാർട്ടൂണ്‍

ആദ്യകാലത്ത്‌ ഫാര്‍ ഈസ്റ്റേണ്‍ എക്കണോമിസ്റ്റ്‌ (ഹോങ്‌കോങ്‌), പൊളിറ്റിക്കല്‍ അറ്റ്‌ലസ്‌, ഹിന്ദു, മാതൃഭൂമി എന്നീ പ്രസിദ്ധീകരണങ്ങള്‍ക്കുവേണ്ടി കാര്‍ട്ടൂണ്‍ വരച്ചു. കാര്‍ട്ടൂണുകളെ ബുദ്ധിപരമായ തലത്തിലേക്കുയര്‍ത്താന്‍ വിജയന്‍ ശ്രമിച്ചു. പിന്നീട്‌ കുട്ടി, അബു, പുരി എന്നിവരോടൊപ്പം ശങ്കേഴ്‌സ്‌ വീക്കിലിയില്‍ പ്രവര്‍ത്തിക്കുമ്പോഴാണ്‌ തനതായ ശൈലി വിജയന്‍ കരുപ്പിടിപ്പിച്ചതും വളര്‍ത്തിയെടുത്തതും. അല്‌പം വരകള്‍കൊണ്ട്‌ ഗഹനമായ ആശയങ്ങള്‍ അഭിവ്യഞ്‌ജിപ്പിക്കുകയാണ്‌ ഈ കാര്‍ട്ടൂണുകളുടെ ദൗത്യം. വരകളുടെ അര്‍ഥം വിവരിക്കുന്ന വരികള്‍ക്കുമുണ്ട്‌ ചിന്താമാധുര്യവും മൂര്‍ച്ചയും. വിജയന്റെ ആന്തരിക വ്യക്തിത്വം രൂപപ്പെടുത്തിയ തത്ത്വശാസ്‌ത്രങ്ങളും, ജ്ഞാനവിജ്ഞാനങ്ങളും രാഷ്‌ട്രീയ ചലനങ്ങളും കാര്‍ട്ടൂണുകളില്‍ അദ്ദേഹം സംക്ഷേപിക്കുന്നു. അതിനാല്‍ അവയ്‌ക്ക്‌ ഒരേ സമയം സമകാലിക സ്വഭാവവും സാര്‍വലൗകിക പ്രസക്തിയും കൈവരുന്നു. ഇന്ത്യാ റ്റുഡെ വാരികയില്‍ "ബോഡിലൈന്‍' വരയ്‌ക്കുന്ന രവിശങ്കറെ വിജയന്റെ രചനാശൈലിയും ആശയകല്‌പനകളും സ്വാധീനിച്ചിട്ടുണ്ട്‌. രവിശങ്കറിന്റെ സുതാര്യവും ഋജുവും ഹാസ്യലോലവുമായ കാര്‍ട്ടൂണുകള്‍ വായനക്കാരുടെ മാറിവരുന്ന രസവാസനകളെ തൃപ്‌തിപ്പെടുത്താന്‍ ശ്രമിക്കുന്നു.

"ഗ്രാന്‍ഡ്‌പാ അറ്റ്‌ പ്ലേ' - ശങ്കറിന്റെ കാർട്ടൂണ്‍

കുട്ടി (1921-2011) എന്ന ശങ്കരന്‍കുട്ടിനായര്‍ ശങ്കേഴ്‌സ്‌ വീക്ക്‌ലിയുടെ പണിപ്പുരയില്‍ കരുത്താര്‍ജിച്ച ഒരു പ്രമുഖ കാര്‍ട്ടൂണിസ്റ്റാണ്‌. ഈ ഒറ്റപ്പാലത്തുകാരന്‍ വരയുടെ കലയ്‌ക്ക്‌ തുടക്കം കുറിച്ചത്‌ സഞ്‌ജയന്റെ വിശ്വരൂപം മാസികയിലാണ്‌. നെഹ്‌റു എഡിറ്റ്‌ ചെയ്‌ത നാഷനല്‍ ഹെറാള്‍ഡിലും (ലഖ്‌നൗ), ദിനപത്രമായ ആജ്‌കല്‍ലും സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി ജോലിചെയ്‌തു.

ബോംബെ ക്രാണിക്കിളിലും ബ്ലിറ്റ്‌സിലും ശങ്കേഴ്‌സ്‌ വീക്കിലിയിലും പ്രസിദ്ധീകരിച്ച കാര്‍ട്ടൂണുകളിലൂടെ, കാര്‍ട്ടൂണ്‍ ലോകത്ത്‌ മുന്നണിയിലെത്തിയ അബുഎബ്രഹാം (1924 2002) ധ്വന്യാത്മകമായ സറ്റയറിലൂടെ മൂര്‍ച്ചയേറിയ രാഷ്‌ട്രീയ സാമൂഹ്യ വിമര്‍ശനം നടത്തി. 1969ല്‍ ഇന്ത്യന്‍ എക്‌സ്‌പ്രസ്സില്‍ ചേര്‍ന്ന അബു ആ പത്രത്തില്‍ വരച്ച "പ്രവറ്റ്‌ വ്യൂ' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലെ രണ്ടുകഥാപാത്രങ്ങള്‍ ഇന്ത്യന്‍ ജീവിതരംഗത്തിലെ സജീവ പ്രതിനിധികളാണ്‌. ലണ്ടനിലെ ഒബ്‌സര്‍വറിലും ഗാര്‍ഡിയനിലും കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. അബു ഓണ്‍ ബംഗ്ലാദേശ്‌, ഗയിംസ്‌ ഓഫ്‌ എമര്‍ജന്‍സി, അറൈവല്‍സ്‌ ആന്റ്‌ ഡിപ്പാര്‍ച്ചേഴ്‌സ്‌ എന്നീ ഗ്രന്ഥങ്ങളും അബുവിന്റേതായിട്ടുണ്ട്‌. 1972ലും 78ലും രാജ്യസഭാംഗമായിരുന്നു. ജീവിതസായാഹ്നത്തില്‍ തിരുവനന്തപുരത്ത്‌ സ്ഥിരതാമസമാക്കിയപ്പോള്‍ സമകാലിക രാഷ്‌ട്രീയ സാമൂഹ്യപ്രശ്‌നങ്ങളെ സ്‌പര്‍ശിച്ച്‌ "മേമ്പൊടി' എന്ന കാര്‍ട്ടൂണ്‍ പരമ്പര (ആനയും കാക്കയും) മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചു. 2002 ഡിസംബര്‍ ഒന്നിന്‌ മരിക്കുന്നതുവരെ വരയുടെയും എഴുത്തിന്റെയും ലോകത്ത്‌ അബു സജീവമായിരുന്നു.

കൊല്ലത്തുനിന്ന്‌ പ്രസിദ്ധീകരിച്ചിരുന്ന ജനയുഗത്തില്‍ 1961ല്‍ കിട്ടുമ്മാന്‍ എന്ന മലയാളത്തിലെ ആദ്യത്തെ പോക്കറ്റ്‌ കാര്‍ട്ടൂണ്‍ രചനയ്‌ക്ക്‌ സി.ജെ. യേശുദാസന്‍ (1938 )തുടക്കം കുറിച്ചു. പിന്നീട്‌ ദല്‍ഹിയില്‍ ശങ്കേഴ്‌സ്‌ വീക്കിലിയില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ച കര്‍മനിരതമായ ആറുവര്‍ഷ (1963-69) മായിരുന്നു വരകളുടെ വിന്യാസരീതിയും ആശയപ്രകാശന മാര്‍ഗങ്ങളും സൂക്ഷ്‌മധ്വനികളും പഠിക്കാന്‍ അദ്ദേഹത്തെ സഹായിച്ചത്‌. നാട്ടില്‍ തിരിച്ചെത്തിയ യേശുദാസന്‍, "പഞ്ചിന്റെ' മാതൃകയില്‍ അസാധു, കട്‌കട്‌, ടക്‌ടക്‌ എന്നീ കാര്‍ട്ടൂണ്‍ വിനോദമാസികകള്‍ 1973 മുതല്‍ 85 വരെ നടത്തി. സമകാലിക രാഷ്‌ട്രീയസാമൂഹ്യ സംഭവങ്ങളെയും പൊതുപ്രവര്‍ത്തകരുടെ പറച്ചിലും പ്രവൃത്തിയുമായുള്ള പൊരുത്തക്കേടുകളെയും ആക്ഷേപഹാസ്യത്തിലൂടെ അവതരിപ്പിച്ച ഈ പ്രസിദ്ധീകരണങ്ങള്‍ മലയാളിയുടെ നൈസര്‍ഗികമായ നര്‍മബോധത്തെ പൊലിപ്പിച്ചു. 1985ല്‍ അദ്ദേഹം മലയാള മനോരമയില്‍ ചേര്‍ന്നു. യേശുദാസന്റെ ചിന്തയും ചിരിയും ഉണര്‍ത്തുന്ന പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ തുടര്‍ച്ചയായി ഈ പത്രത്തില്‍ വന്നുകൊണ്ടിരിക്കുന്നു. മിക്ക കാര്‍ട്ടൂണുകളും വാര്‍ത്തകളുടെ വ്യാംഗ്യാര്‍ഥത്തിലേക്ക്‌ വായനക്കാരെ കൂട്ടിക്കൊണ്ടുപോകുന്നു. ഗാന്ധിജിക്കും നെഹ്‌റുവിഌം കൃഷ്‌ണമേനോഌം കൃപലാനിക്കും ഇന്ദിരാഗാന്ധിക്കും കാമരാജിഌം മറ്റും കാര്‍ട്ടൂണിസ്റ്റ്‌ ശങ്കര്‍ ആസ്വാദ്യകരമായ കാര്‍ട്ടൂണ്‍ വ്യക്തിത്വം നല്‍കിയതുപോലെ, യേശുദാസന്‍, ഇ.എം.എസ്‌. നമ്പൂതിരിപ്പാടിഌം നായനാര്‍ക്കും കരുണാകരഌം എ.കെ. ആന്റണിക്കും മറ്റും നര്‍മസുന്ദരമായ കാര്‍ട്ടൂണ്‍ വ്യക്തിത്വം നല്‍കിയിട്ടുണ്ട്‌. യേശുദാസന്റെ വരകള്‍ പലപ്പോഴും വാക്കുകള്‍ കൊണ്ടുള്ള വിശദീകരണം ആവശ്യമില്ലാത്തത്ര സ്വയംപര്യാപ്‌തമാണ്‌. മനോരമയിലെ പോക്കറ്റ്‌ കാര്‍ട്ടുണുകളായ കുഞ്ചുക്കുറുപ്പും പൊന്നമ്മ സൂപ്രണ്ടും പ്രതികരിക്കാന്‍ വേദിയില്ലാത്ത മിണ്ടാജനങ്ങളുടെ ചിന്തകളും വിഹ്വലതകളും പ്രകാശിപ്പിക്കുന്നു. ദ്‌ വീക്ക്‌ എന്ന ഇംഗ്ലീഷ്‌ വാരികയിലെ "ഫസ്റ്റ്‌ പഞ്ച്‌' കാര്‍ട്ടൂണ്‍ പംക്തിയും ശ്രദ്ധേയമാണ്‌.

കേരളത്തിലെ കാര്‍ട്ടൂണ്‍ അക്കാദമിയുടെ സ്ഥാപകാംഗവും ചെയര്‍മാനുമായി അദ്ദേഹം പ്രവര്‍ത്തിച്ചു. കേരളത്തിലെ മാധ്യമലോകത്ത്‌ കാര്‍ട്ടൂണിന്‌ പ്രമുഖസ്ഥാനം നല്‍കി ഈ ശാഖയെ അന്താരാഷ്‌ട്ര നിലവാരത്തിലേക്കുയര്‍ത്തിയതില്‍ ലളിതകലാ അക്കാദമിയുടെ മുന്‍ ചെയര്‍മാന്‍ കൂടിയായ യേശുദാസന്റെ സംഭാവന വളരെ വലുതാണ്‌. 1924ല്‍ ഹരിപ്പാട്‌ജനിച്ച കേരളവര്‍മ (കെ.വി) അമ്പതുകളില്‍, കമ്മ്യൂണിസ്റ്റ്‌ പാര്‍ട്ടി പ്രസിദ്ധീകരണമായ ക്രാസ്‌ റോഡ്‌സില്‍ കാര്‍ട്ടൂണ്‍ വരച്ച്‌ തുടക്കം കുറിച്ചെങ്കിലും പിന്നീട്‌ ശങ്കേഴ്‌സ്‌ വീക്കിലിയിലെ ഊഴക്കാലത്താണ്‌ (1953-59) സ്വന്തമായ വിന്യാസശൈലിയും ആശയപരമായ കാഴ്‌ചപ്പാടും വികസിപ്പിച്ചെടുത്തത്‌. ഹിന്ദുസ്ഥാന്‍ ടൈംസിലും ഇന്ത്യന്‍ എക്‌സ്‌പ്രസ്സിലും ഈസ്റ്റേണ്‍ എക്കണോമിസ്റ്റിലും അദ്ദേഹം തുടര്‍ച്ചയായി കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇംഗ്ലീഷിലും ഇതര ഭാഷാ പ്രസിദ്ധീകരണങ്ങളിലും ഒരേസമയം പ്രത്യക്ഷപ്പെട്ട "കെ.വി'യുടെ ഭാരത്‌ദര്‍സന്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടു. 1960ല്‍ പുറത്തുവന്ന "ക്രസി കാര്‍ട്ടൂണ്‍സ്‌' (crazy cartoons)എന്ന രാഷ്‌ട്രീയ സറ്റയര്‍ പുതിയ പരീക്ഷണമായിരുന്നു.

ഡെക്കാണ്‍ ഹെറാള്‍ഡിലെ "മിസ്റ്റര്‍ സിറ്റിസണ്‍' എന്ന പോക്കറ്റ്‌ കാര്‍ട്ടൂണിലൂടെ പ്രസിദ്ധനായ കര്‍ണാടകക്കാരനായ മൂര്‍ത്തി (വെങ്കിടഗിരി രാമമൂര്‍ത്തി 1934 ) യുടെ കാര്‍ട്ടൂണുകളുടെ ഒരു സവിശേഷത വരകളിലെ മിതത്വമാണ്‌. വിദ്യാര്‍ഥിയായിരിക്കുന്ന കാലത്തുതന്നെ കിഡി എന്ന മാസികയില്‍ കാര്‍ട്ടൂണ്‍ വരച്ചുവന്ന മൂര്‍ത്തി ബിരുദം നേടിയശേഷം ഡെക്കാണ്‍ ഹെറാള്‍ഡ്‌ പത്രശൃംഖലയില്‍ കാര്‍ട്ടൂണിസ്റ്റായി. ഇദ്ദേഹത്തിന്റെ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ ഡെക്കാണ്‍ ഹെറാള്‍ഡിലും പ്രജാവാണിയിലും പ്രസിദ്ധീകരിക്കപ്പെട്ടു. കാര്‍ട്ടൂണ്‍ I, കാര്‍ട്ടൂണ്‍ II, മിസ്റ്റര്‍ സിറ്റിസണ്‍ എന്നീ ഗ്രന്ഥങ്ങള്‍ മൂര്‍ത്തിയുടെ കാര്‍ട്ടൂണുകളുടെ സമാഹാരങ്ങളാണ്‌.

സ്റ്റേറ്റ്‌സ്‌മാന്‍ ദിനപത്രത്തിലെ "ഔട്ട്‌ ഒഫ്‌ മൈ മൈന്‍ഡ്‌' എന്ന പരമ്പരയിലൂടെ പ്രസിദ്ധിനേടിയ കാര്‍ട്ടൂണിസ്റ്റാണ്‌ കാശ്‌മീര്‍കാരനായ സുധീര്‍ധര്‍ (1934). ആകാശവാണി, എയര്‍ ഇന്ത്യ എന്നിവിടങ്ങളില്‍ ഉദ്യോഗത്തിലിരിക്കുമ്പോള്‍ത്തന്നെ ഇദ്ദേഹം സാഹിത്യരചനയിലും ഇടയ്‌ക്കിടെ കാര്‍ട്ടൂണ്‍ രചനയിലും ഏര്‍പ്പെട്ടിരുന്നു. ധര്‍ പിന്നീട്‌ ഉദ്യോഗം രാജിവച്ച്‌ ഫ്രീലാന്‍സ്‌ ജേര്‍ണലിസ്റ്റായി. സ്റ്റേറ്റ്‌സ്‌മാനിന്റെ മൂന്നാം പേജ്‌ കാര്‍ട്ടൂണിസ്റ്റായിരുന്നു ധര്‍. പത്രത്തിന്റെ ഡല്‍ഹി റസിഡന്റ്‌ എഡിറ്ററായ ഇവാന്‍ ചാള്‍ട്ടന്റെ പ്രാത്സാഹനത്തോടെയാണ്‌ ധറിന്‌ ഒന്നാം പേജ്‌ കാര്‍ട്ടൂണിസ്റ്റായി ഉയരാന്‍ കഴിഞ്ഞത്‌. ഒന്നാം പേജുകാരനായപ്പോഴത്തെ ആദ്യത്തെ സൃഷ്‌ടിയാണ്‌ ഇദ്ദേഹത്തിന്റെ "ഔട്ട്‌ ഒഫ്‌ മൈ മൈന്‍ഡ്‌' പരമ്പര. ഈ കാര്‍ട്ടൂണുകള്‍ സമാഹരിച്ച്‌ പുസ്‌തകരൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌. സ്റ്റേറ്റ്‌സ്‌മാനിലെ ഉദ്യോഗം രാജിവച്ച്‌ ഹിന്ദുസ്ഥാന്‍ ടൈംസിലെത്തിയ ധര്‍ "ദിസ്‌ ഈസ്‌ ഇറ്റ്‌' എന്ന ശീര്‍ഷകത്തില്‍ വരച്ചുതുടങ്ങി. വാഷിങ്‌ടണ്‍ പോസ്റ്റ്‌, സാറ്റര്‍ഡേ റിവ്യ, ഡീ വെല്‍റ്റ്‌ തുടങ്ങിയ വിദേശപത്രങ്ങള്‍ ധറിന്റെ കാര്‍ട്ടൂണുകള്‍ പ്രസിദ്ധീകരിച്ചിരുന്നു.

വിട്ടുവീഴ്‌ചയില്ലാത്ത സമീപനമുള്ള കാര്‍ട്ടൂണിസ്റ്റാണ്‌ പഞ്ചാബുകാരനായ രാജീന്ദര്‍പുരി (1934 ). ഇദ്ദേഹത്തിന്റെ ആദ്യത്തെ കാര്‍ട്ടൂണും ശങ്കേഴ്‌സ്‌ വീക്ക്‌ലിയിലൂടെയാണ്‌ വെളിച്ചം കണ്ടത്‌. ശങ്കേഴ്‌സ്‌ വീക്ക്‌ലി, ഹിന്ദുസ്ഥാന്‍ എന്നീ പത്രങ്ങളില്‍ സേവനമനുഷ്‌ഠിച്ച ശേഷം വിദേശത്തെത്തിയ പുരി രണ്ടുവര്‍ഷക്കാലം (1957-59) മാഞ്ചസ്റ്റര്‍ ഗാര്‍ഡിയന്‍, ഗ്ലാസ്‌ഗോ ഹെറാള്‍ഡ്‌ എന്നീ ഇംഗ്ലീഷ്‌ പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. 1959ല്‍ ഇന്ത്യയില്‍ മടങ്ങിയെത്തിയ പുരി കുറേക്കാലം ഹിന്ദുസ്ഥാന്‍ ടൈംസ്‌, ലോക്‌, സ്റ്റേറ്റ്‌സ്‌മാന്‍ എന്നീ പത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റായിരുന്നു. രണ്ടുവര്‍ഷത്തോളം സ്വന്തമായി സ്റ്റെര്‍ എന്ന പേരില്‍ ഒരു പത്രം നടത്തുകയും ചെയ്‌തു. "പൊളിറ്റിക്കല്‍ കാര്‍ട്ടൂണിസ്റ്റ്‌' എന്ന നിലയില്‍ പ്രസിദ്ധിനേടിയ പുരി രാഷ്‌ട്രീയത്തിലേക്കു തിരിഞ്ഞതോടെ കാര്‍ട്ടൂണ്‍ രചന നിര്‍ത്തി. ഇദ്ദേഹം തന്റെ ഇന്ത്യ 1969 എ ക്രസിസ്‌ ഒഫ്‌ കോണ്‍ഷ്യന്‍സ്‌ എന്ന ഗ്രന്ഥത്തില്‍ ഒരു കാര്‍ട്ടൂണിസ്റ്റിന്റെ സൂക്ഷ്‌മദൃഷ്‌ടിയോടെയാണ്‌ രാഷ്‌ട്രീയ സ്ഥിതിഗതികള്‍ വിശകലനം ചെയ്യുന്നത്‌.

നാഗ്‌പൂര്‍കാരനായ ഇര്‍ഫാന്‍ ഹുസൈന്‍ (1964-99) ഔട്ട്‌ലുക്കില്‍ പ്രസിദ്ധീകരിച്ച ശക്തമായ കാര്‍ട്ടൂണുകളിലൂടെ വിവാദം സൃഷ്‌ടിക്കുകയും തുടര്‍ന്ന്‌ ദുരൂഹസാഹചര്യത്തില്‍ കൊല്ലപ്പെടുകയും ചെയ്‌ത കാര്‍ട്ടൂണ്‍ കലാകാരനായിരുന്നു. രേഖാചിത്രങ്ങള്‍ വായനക്കാരെ രസിപ്പിച്ചാല്‍ മാത്രം പോരാ അവരുടെ മനഃസാക്ഷിയെ പിടിച്ച്‌ കുലുക്കുകയും ചിന്തിപ്പിക്കുകയും ചെയ്യണമെന്ന പക്ഷക്കാരനായിരുന്നു ഇര്‍ഫാന്‍ ഹുസൈന്‍.

ടൈംസ്‌ ഒഫ്‌ ഇന്ത്യ ശൃംഖലയില്‍ ദീര്‍ഘകാലം സേവനമനുഷ്‌ഠിച്ച മറിയോ ജോവോ റൊസാറിയോ ഡി ബ്രിട്ടോ മിറാന്‍ഡ (1939-2011) ഗോവക്കാരനാണ്‌. ഫ്രീലാന്‍സര്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന മറിയോ, പിന്നീട്‌ ടൈംസ്‌ ഒഫ്‌ ഇന്ത്യയില്‍ ചേര്‍ന്നു. ഇദ്ദേഹത്തിന്റെ കാര്‍ട്ടൂണുകള്‍ സമാഹരിച്ച്‌ ഗോവ വിത്ത്‌ ലവ്‌, സ്‌കെച്ച്‌ ബുക്ക്‌, എ ലിറ്റില്‍ വേള്‍ഡ്‌ ഒഫ്‌ ഹ്യൂമര്‍, ലാഫ്‌ ഇറ്റ്‌ ഒഫ്‌ തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകൃതമായിട്ടുണ്ട്‌.

1947 മുതല്‍ ബ്‌ളീറ്റ്‌സ്‌ ഇല്ലസ്റ്റ്രറ്റഡ്‌ വീക്കിലി, ടൈംസ്‌ ഓഫ്‌ ഇന്ത്യ, ഹിന്ദു, ഇന്ത്യന്‍ എക്‌സ്‌പ്രസ്സ്‌ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ഫ്രീലാന്‍സറായി ചിന്തോദ്ദീപകവും പ്രസാദസുന്ദരവുമായ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന മാന്നാറുകാരനായ രവീന്ദ്രന്‍ (1924-2003) തനതായ ഒരു ശൈലിയുടെ ഉടമയായിരുന്നു. 1960ല്‍ അമേരിക്കയിലെ പീപ്പിള്‍സ്‌ റ്റു പീപ്പിള്‍സ്‌ മത്സരത്തില്‍ രവീന്ദ്രന്റെ കാര്‍ട്ടൂണാണ്‌ സമ്മാനം നേടിയത്‌.

ദേശീയാടിസ്ഥാനത്തില്‍ പ്രശസ്‌തിനേടിയ മറ്റു കാര്‍ട്ടൂണിസ്റ്റുകള്‍ വാസു (ദ്‌ മെയില്‍), പ്രകാശ്‌ (ശങ്കേഴ്‌സ്‌ വീക്ക്‌ലി), റാത്ത്‌ (സ്വരാജ്യ), ജോംടണ്‍ (ഹിന്ദു), ഉണ്ണി (ഹിന്ദു), ചാറ്റര്‍ജി (ബ്‌ളിറ്റ്‌സ്‌), വിഷ്‌ണു (ശങ്കേഴ്‌സ്‌ വീക്ക്‌ലി), വിക്കി പട്ടേല്‍ തുടങ്ങിയവരാണ്‌.

ഇന്ത്യയിലെ ഇംഗ്ലീഷ്‌ഭാഷാദിനപത്രങ്ങളും കാലിക പ്രസിദ്ധീകരണങ്ങളും രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ക്കൊപ്പം സാമൂഹ്യകാര്‍ട്ടൂണുകള്‍ക്കും പ്രാധാന്യം നല്‌കിവരുന്നുണ്ട്‌. ഇന്ത്യന്‍ എക്‌സ്‌പ്രസ്‌, ടൈംസ്‌ ഒഫ്‌ ഇന്ത്യ, ഹിന്ദു, അമൃത്‌ബസാര്‍ പത്രിക, ആനന്ദബസാര്‍ പത്രിക തുടങ്ങിയ പത്രശൃംഖലകളിലെ പ്രസിദ്ധീകരണങ്ങളിലെല്ലാം സാമൂഹ്യകാര്‍ട്ടൂണുകള്‍ക്ക്‌ സമുന്നതമായ സ്ഥാനമുണ്ട്‌. തമിഴ്‌ദിനപത്രങ്ങളിലും കാലിക പ്രസിദ്ധീകരണങ്ങളിലും കാര്‍ട്ടൂണ്‍ ധാരാളമായി പ്രസിദ്ധീകരിക്കുന്നുണ്ട്‌.

ഇന്ത്യയില്‍ കാര്‍ട്ടൂണിസ്റ്റുകളുടെ പൊതുവേദിയായി അറിയപ്പെടുന്നത്‌ ബാംഗ്ലൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌ ഒഫ്‌ കാര്‍ട്ടൂണിങ്‌ ആണ്‌. പ്രശസ്‌തരായ കാര്‍ട്ടൂണിസ്റ്റുകളുടെ രചനകളുടെ പ്രദര്‍ശനം, ഇന്ത്യയില്‍ കാര്‍ട്ടൂണിന്റെ ചരിത്രഗവേഷണം തുടങ്ങിയ കാര്യങ്ങളാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌ പ്രധാനമായും ലക്ഷ്യമിടുന്നത്‌. ഇന്ത്യയിലെ മുഴുവന്‍ കാര്‍ട്ടൂണിസ്റ്റുകളെയും അവരുടെ രചനകളെയും ഉള്‍ക്കൊള്ളിച്ചുള്ള ഒരു വെര്‍ച്വല്‍ എന്‍സൈക്ലോപീഡിയയുടെ നിര്‍മാണത്തിലാണ്‌ ഇന്‍സ്റ്റിറ്റ്യൂട്ട്‌.

കേരളം. മലയാള പ്രസിദ്ധീകരണങ്ങളില്‍ കാര്‍ട്ടൂണുകള്‍ക്ക്‌ വളരെക്കാലം മുന്‍പേ പ്രചാരമുണ്ടായിരുന്നു. ഹാസ്യത്തെപ്പറ്റിയും ഹാസ്യചിത്രരചനയുടെ സങ്കേതങ്ങളെക്കുറിച്ചും അഗാധ ജ്ഞാനമുണ്ടായിരുന്ന സഞ്‌ജയന്‍ (എം.ആര്‍. നായര്‍) ആണ്‌ ഇതിന്‌ മുന്‍കൈയെടുത്തത്‌. സഞ്‌ജയന്റെ സഞ്‌ജയന്‍, വിശ്വരൂപം എന്നീ കാലിക പ്രസിദ്ധീകരണങ്ങളിലൂടെയാണ്‌ മലയാളത്തിലെ ആദ്യകാല കാര്‍ട്ടൂണുകള്‍ പുറത്തുവന്നത്‌. കേരളത്തില്‍ കാര്‍ട്ടൂണ്‍ രചനയില്‍ ആദ്യകാലത്തു പേരെടുത്ത ഒരാളാണ്‌ വത്സന്‍. ഡോളര്‍ പെരുപ്പത്തെ അധികരിച്ചുള്ള വത്സന്റെ ഒരു രചന (പഞ്ചറായ ബലൂണ്‍ ഊതിവീര്‍പ്പിക്കാന്‍ ശ്രമിക്കുന്ന ഒരു അമേരിക്കക്കാരന്റെ ചിത്രം) പ്രമുഖമായ ഒന്നാണ്‌. സഞ്‌ജയന്‍, വിശ്വരൂപം എന്നിവയിലെ കാര്‍ട്ടൂണിസ്റ്റുകളില്‍ ഒരാളായിരുന്ന എം. ഭാസ്‌കരഌം അതിപ്രശസ്‌തങ്ങളായ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്‌. ഇതിലൊന്നാണ്‌ സര്‍ സി.പി. രാമസ്വാമി അയ്യരും സര്‍ ആര്‍.കെ. ഷണ്‍മുഖം ചെട്ടിയും തമ്മില്‍ നടത്തിയ വിദ്യുച്ഛക്തിക്കരാറിനെ ആസ്‌പദമാക്കിയുള്ള കാര്‍ട്ടൂണ്‍. മലയാള മനോരമ ആഴ്‌ചപ്പതിപ്പില്‍ "ബോബഌം മോളിയും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയിലൂടെ സാമൂഹികവും രാഷ്‌ട്രീയവുമായ എല്ലാ ദൈനംദിന പ്രശ്‌നങ്ങളിലെയും താളപ്പിഴകള്‍ ഹാസ്യാത്മകമായി കൈകാര്യം ചെയ്യുന്ന ടോംസ്‌ ജനപ്രീതി നേടിയ മികച്ച കാര്‍ട്ടൂണിസ്റ്റാണ്‌.

രാജീന്ദർപുരി വരച്ച കാർട്ടൂണ്‍

മൂന്ന്‌ പതിറ്റാണ്ടുകാലം മനോരമ ആഴ്‌ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചിരുന്ന ബോബന്റെയും മോളിയുടെയും ലോകം രേഖാചിത്രങ്ങളുടെ അനന്തസാധ്യതകള്‍ വെളിവാക്കിത്തന്ന പരമ്പരയായിരുന്നു. രണ്ട്‌ കുട്ടികളുടെ കുസൃതികളിലൂടെ റ്റോംസ്‌ നിര്‍വഹിച്ച സാമൂഹ്യവിമര്‍ശനം ഉല്ലസിപ്പിക്കുകയും ഉദ്‌ബോധിപ്പിക്കുകയും ചെയ്യുന്നതായിരുന്നു. മനോരമയില്‍ നിന്ന്‌ പിരിഞ്ഞ ശേഷം അദ്ദേഹം ആരംഭിച്ച റ്റോംസ്‌ പബ്ലിക്കേഷന്‍സിലൂടെ "ബോബഌം മോളിയും' തുടര്‍ന്നും പ്രസിദ്ധീകരിക്കപ്പെടുന്നു. മാതൃഭൂമി വാരികയില്‍ അരവിന്ദന്‍ വരച്ചിരുന്ന "ചെറിയ മനുഷ്യരും വലിയ ലോകവും' എന്ന കാര്‍ട്ടൂണ്‍ പരമ്പരയും എടുത്തുപറയത്തക്ക പ്രാധാന്യമുള്ളതാണ്‌.

മലയാള ഭാഷാദിനപത്രങ്ങളും കാലിക പ്രസിദ്ധീകരണങ്ങളും കാര്‍ട്ടൂണിന്‌ അര്‍ഹമായ പ്രാത്സാഹനം നല്‌കുന്നുണ്ട്‌. പോക്കറ്റ്‌ കാര്‍ട്ടൂണ്‍പംക്തി സ്ഥിരമായി ചേര്‍ക്കുന്ന മലയാള മനോരമ (കുഞ്ചുക്കുറുപ്പ്‌), മാതൃഭൂമി (കുഞ്ഞമ്മാവന്‍), ജനയുഗം (ഐ.ടി.ബോയ്‌) തുടങ്ങിയ പത്രങ്ങള്‍ രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ക്കും പ്രാധാന്യം നല്‌കുന്നുണ്ട്‌. സ്റ്റ്രിപ്പ്‌ കാര്‍ട്ടൂണുകള്‍, കാര്‍ട്ടൂണ്‍ കഥകള്‍ എന്നിവയ്‌ക്കു പ്രാധാന്യം നല്‌കുന്ന നിരവധി കാലിക പ്രസിദ്ധീകരണങ്ങള്‍ മലയാളത്തിലുണ്ട്‌. കേരളത്തില്‍നിന്നു പുറപ്പെടുന്ന ചില ഹാസ്യചിത്രമാസികകള്‍ പ്രാധാന്യം അര്‍ഹിക്കുന്നവയാണ്‌.

ഇന്ത്യയിലെ ഏറ്റവും പ്രശസ്‌തിയാര്‍ജിച്ച കാര്‍ട്ടൂണിസ്റ്റുകളില്‍ പലരും കേരളീയരാണെന്നത്‌ പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എല്ലാം കാണുകയും എല്ലാം കേള്‍ക്കുകയും പക്വതയോടും നര്‍മത്തോടും പ്രതികരിക്കുകയും ചെയ്യുന്ന മാതൃഭൂമി ദിനപത്രത്തിലെ പോക്കറ്റ്‌ കാര്‍ട്ടൂണ്‍ കാരണവരായ കുഞ്ഞമ്മാന്‌ രൂപവും പ്രാണഌം മൊഴികളും കൊടുത്ത ബി.എം. ഗഫൂര്‍ (1942-2003) ചടുലമായ വരകളിലൂടെ വായനക്കാരെ രസിപ്പിച്ച കാര്‍ട്ടൂണിസ്‌റ്റാണ്‌. മദ്രാസ്‌ ഫൈന്‍ ആര്‍ട്‌സ്‌ കോളജില്‍ നിന്ന്‌ ചിത്രരചന അഭ്യസിച്ച ശേഷം ചന്ദ്രിക ദിനപത്രത്തിലായിരുന്നു ഗഫൂറിന്റെ തുടക്കം. കുറച്ചുകാലം ശങ്കേഴ്‌സ്‌ വീക്കിലിയിലും സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ചു. പിന്നീട്‌ ദേശാഭിമാനിയിലും കട്ട്‌കട്ട്‌ കാര്‍ട്ടൂണ്‍ മാസികയിലും വരച്ചു. 1980 മുതല്‍ 2003 ഡിസംബറില്‍ മരിക്കുന്നതുവരെ മാതൃഭൂമിയിലെ കാര്‍ട്ടൂണിസ്റ്റായി പ്രവര്‍ത്തിച്ച കാലമാണ്‌ അദ്ദേഹത്തെ പ്രശസ്‌തനാക്കിയത്‌.

ടോംസിന്റെ കാർട്ടൂണ്‍

"പാച്ചുവും കോവാലഌം', "മിസ്റ്റര്‍ കുഞ്ചു' തുടങ്ങിയ രസകരമായ പരമ്പരകള്‍ വരച്ചു രംഗത്തേക്കു വന്ന പി.കെ. മന്ത്രി (1933-1984) തനിനിറം ദിനപത്രത്തിലെ രാഷ്‌ട്രീയ കാര്‍ട്ടൂണുകളിലൂടെ ജനശ്രദ്ധ നേടി. ചില കാര്‍ട്ടൂണുകള്‍ വിവാദം സൃഷ്‌ടിക്കുകയും സര്‍ക്കാരുദ്യോഗത്തില്‍ നിന്ന്‌ അദ്ദേഹത്തിന്‌ പുറത്തുപോകേണ്ടിവരികയും ചെയ്‌തു. എന്നാല്‍ 1984ല്‍ മരിക്കുന്നതുവരെ വരകളിലൂടെയുള്ള തുറന്ന വിമര്‍ശനം പി.കെ. മന്ത്രി തുടര്‍ന്നു. പുതിയ തലമുറയിലെ ശ്രദ്ധേയരായ കാര്‍ട്ടൂണിസ്റ്റുകളില്‍ വരകളുടെ വിന്യാസത്തിലും വിഷ്വലൈസ്‌ ചെയ്യുന്ന പ്രമേയത്തിന്റെ സാരള്യത്തിലും മൗലികത്വം പ്രകടമാക്കുന്ന കലാകാരനാണ്‌ ഗോപീകൃഷ്‌ണന്‍. മാതൃഭൂമിയിലെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായ ഇദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ കാര്‍ട്ടൂണുകള്‍ സമകാലിക സംഭവങ്ങളുടെയും പൊതുജീവിതത്തിലെ പ്രസിദ്ധ വ്യക്തികളുടെയും യഥാര്‍ഥ സ്വത്വം പരിഹാസത്തിന്റെ മുള്ളുകൊണ്ട്‌ മെല്ലെകീറി അനാവരണം ചെയ്യുന്നവയാണ്‌. കേരള കൗമുദിയില്‍ കാര്‍ട്ടൂണുകള്‍ വരച്ചിരുന്ന ആദ്യകാലത്തുതന്നെ ഈ തിക്കോടിക്കാരന്റെ രചനാകുശലത പ്രകടമായിരുന്നു. 1977 മുതല്‍ 28 വര്‍ഷമായി കുങ്കുമം വാരികയില്‍ (ഇപ്പോള്‍ മാസിക) "സാക്ഷി' എന്ന കാര്‍ട്ടൂണ്‍ പംക്തി കൈകാര്യം ചെയ്യുന്ന പി.വി. കൃഷ്‌ണന്റെ (1943 ) കാര്‍ട്ടൂണുകള്‍ സാമൂഹ്യരാഷ്‌ട്രീയ പ്രശ്‌നങ്ങളോടുള്ള ശക്തമായ പ്രതികരണമാണ്‌. അല്‌പം വരകള്‍ കൊണ്ട്‌ അധികം ധ്വനിപ്പിക്കാന്‍ കൃഷ്‌ണനു കഴിയുന്നു. മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ രണ്ടുവര്‍ഷം വരച്ച "കുട്ടന്‍ കണ്ടതും കേട്ടതും' എന്ന പരമ്പരയും വായനക്കാരെ ആകര്‍ഷിച്ചു. ഗവ: പബ്ലിക്‌ റിലേഷന്‍സ്‌ വകുപ്പില്‍ മൂന്ന്‌ ദശകക്കാലം ഡിസൈനറായി പ്രവര്‍ത്തിച്ച അനുഭവം കാര്‍ട്ടൂണ്‍ വിഷയങ്ങള്‍ക്ക്‌ വൈവിധ്യം നല്‌കാന്‍ അദ്ദേഹത്തെ സഹായിച്ചു. ഇപ്പോള്‍ മാതൃഭൂമിയില്‍ അദ്ദേഹം വരയ്‌ക്കുന്ന കാര്‍ട്ടൂണുകള്‍ സമകാലിക രാഷ്‌ട്രീയ സംഭവങ്ങളെഉപഹാസപൂര്‍വം വ്യാഖ്യാനിക്കുന്നവയാണ്‌.

1947 മുതല്‍ 14 വര്‍ഷക്കാലം മലയാളരാജ്യം വാരികയില്‍ "ഭാനു മേനോന്‍' എന്ന കാര്‍ട്ടൂണ്‍ പരമ്പരവരച്ച്‌ പ്രസിദ്ധനായ ശിവറാം കേരളത്തിലെ കാര്‍ട്ടൂണ്‍ പ്രസ്ഥാനത്തിന്റെ അഗ്രഗാമിയായിരുന്നു. പോക്കറ്റ്‌ കാര്‍ട്ടൂണ്‍, സാമൂഹ്യ കാര്‍ട്ടൂണ്‍ എന്നിവയില്‍ അദ്ദേഹം പല പരീക്ഷണങ്ങളും നടത്തി. കേരളത്തിലെ കാര്‍ട്ടൂണ്‍ അക്കാദമിക്ക്‌ രൂപം നല്‌കിയ ശിവറാം 1995 സെപ്‌തംബറില്‍ എഴുപത്തേഴാം വയസ്സില്‍ മരിക്കുന്നതുവരെ തന്റെ കാര്‍ട്ടൂണ്‍ കഥാപാത്രങ്ങള്‍ക്ക്‌ വിശ്രമം നല്‌കിയിരുന്നില്ല.

സഞ്‌ജയന്റെ വിശ്വരൂപം മാസികയില്‍ വരച്ചിരുന്ന എം. ഭാസ്‌കരഌം (1909-43) വിനോദമാസികകളില്‍ കാര്‍ട്ടൂണ്‍ സൃഷ്‌ടികള്‍ രചിച്ചിരുന്ന നര്‍മദരാഘവന്‍ നായരും (1918-81) "അകവും പുറവും' എന്ന ഹൃദ്യമായ കാര്‍ട്ടൂണ്‍ പംക്തി കൈകാര്യം ചെയ്‌തിരുന്ന ഏ.എസ്‌. നായരും (1936-88) ഇംഗ്ലീഷിലും മലയാളത്തിലും തമിഴിലും ഉള്ള ആനുകാലികങ്ങളില്‍ ഇടയ്‌ക്കിടെ കാര്‍ട്ടൂണ്‍ വരച്ചിരുന്ന മലയാറ്റൂര്‍ രാമകൃഷ്‌ണഌം (1927-97) കാര്‍ട്ടൂണ്‍ കലയ്‌ക്ക്‌ കരുത്തേകിയവരാണ്‌. 1977 മുതല്‍ കുറേക്കാലം ഹിന്ദുവില്‍ കാര്‍ട്ടൂണിസ്റ്റായിരുന്ന ഉണ്ണി (ഇ. പത്മനാഭന്‍ ഉണ്ണി), ഇപ്പോള്‍ ആ പത്രത്തില്‍ വരയ്‌ക്കുന്ന കേശവും സുരേന്ദ്രയും, മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍ വീക്ഷണവിശേഷം എന്ന കാര്‍ട്ടൂണ്‍ പംക്തിയിലും അറുപതുകളില്‍ ജനയുഗം പത്രത്തിലും വരച്ചിരുന്ന വടക്കന്‍ പറവൂരുകാരനായ കെ. പി. തോമസ്‌, ഇന്ത്യാ ടുഡേയിലും ഇന്‍ഡ്യന്‍ എക്‌സ്‌പ്രസ്സിലും കാര്‍ട്ടൂണ്‍ വരച്ചിരുന്ന തിരുവല്ലക്കാരന്‍ അജിത്‌ നൈനാന്‍, മലയാളത്തിലെ ആനുകാലികങ്ങളില്‍ വരയ്‌ക്കാറുള്ള ദിനമലര്‍ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റ്‌ ഇ.വി. പീറ്റര്‍, പോല്‍ കല്ലാനോട്‌, രജീന്ദ്രകുമാര്‍, നാഥന്‍, മോനായി, ജോഷിജോര്‍ജ്‌, എസ്‌.മോഹന്‍, പ്രസന്നന്‍, ബാലു, എം.എസ്‌. മോഹനചന്ദ്രന്‍, ഹരികുമാര്‍, എം.കെ. സീരി, ഉണ്ണികൃഷ്‌ണന്‍, കെ.വി.എം. ഉണ്ണി, സുധീര്‍ നാഥ്‌, സുകുമാര്‍, സുജിത്ത്‌ (കേരളകൗമുദി), വേണു (വേണുഗോപാല്‍), രാജുനായര്‍ (രാജു പീറ്റര്‍ദീപികയിലെ കാര്‍ട്ടൂണിസ്റ്റ്‌), ശത്രു (ജെയിംസ്‌മംഗളം ദിനപത്രത്തില്‍ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റായിരുന്നു), ജി. ഹരി തുടങ്ങിയവര്‍ ആനുകാലികങ്ങളിലെ കാര്‍ട്ടൂണ്‍ പംക്തികള്‍ സമ്പന്നമാക്കിക്കൊണ്ടിരിക്കുന്നു. നാഷണല്‍ ഹെറാള്‍ഡിലെ പരേഷ്‌നാഥും ഹിന്ദുസ്ഥാന്‍ ടൈംസിലെ സുധീര്‍ തൈലാംഗും ഈ രംഗത്തെ മികച്ച വാഗ്‌ദാനങ്ങളാണ്‌.

പരേഷ്‌നാഥ്‌ വരച്ച കാർട്ടൂണ്‍

ഇന്ത്യന്‍ കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ രംഗം വളരെയധികം വികസിതമായിട്ടുണ്ടെങ്കിലും ശങ്കേഴ്‌സ്‌ വീക്ക്‌ലിയുടെ പ്രസിദ്ധീകരണം നിലച്ചതോടെ (1975) കാര്‍ട്ടൂണിസ്റ്റുകളുടെ പരിശീലനത്തിനുള്ള ഒരു കേന്ദ്രം ഇല്ലാതായി എന്നു പറയാം. വിദേശങ്ങളിലെപ്പോലെ സര്‍ക്കാര്‍ തലത്തിലും സ്വകാര്യമേഖലയിലും കാര്‍ട്ടൂണ്‍ രചനയ്‌ക്കു പരിശീലനം നല്‌കുന്ന സ്ഥാപനങ്ങള്‍ ഇന്ത്യയില്‍ ഉണ്ടാകേണ്ടത്‌ കാര്‍ട്ടൂണിന്റെ വളര്‍ച്ചയ്‌ക്ക്‌ അത്യാവശ്യമാണ്‌. പത്രസ്ഥാപനങ്ങളിലെ സ്റ്റാഫ്‌ കാര്‍ട്ടൂണിസ്റ്റുകളും ആനുകാലികങ്ങളില്‍ വരയ്‌ക്കുന്ന ഫ്രീലാന്‍സ്‌ കാര്‍ട്ടൂണിസ്റ്റുകളും ചേര്‍ന്ന്‌ 1982ല്‍ കേരള കാര്‍ട്ടൂണ്‍ അക്കാദമി എന്ന ഒരു അനൗദ്യോഗികസംഘടന കേരളത്തില്‍ രൂപീകരിച്ചിട്ടുണ്ട്‌. കാര്‍ട്ടൂണ്‍ ശില്‌പശാലകളും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കുക, സെമിനാറുകളും കാര്‍ട്ടൂണ്‍കാരിക്കേച്ചര്‍ രചനാമത്സരങ്ങളും നടത്തുക, തുടങ്ങിയവയാണ്‌ അക്കാദമിയുടെ പ്രധാന പ്രവര്‍ത്തനങ്ങള്‍. ശിവറാം രചിച്ച കാര്‍ട്ടൂണ്‍ ബാലപാഠങ്ങള്‍ എന്ന കൃതി അക്കാദമി പ്രസിദ്ധീകരിച്ചു. കാര്‍ട്ടൂണ്‍ പത്രികയും ഈ സംഘടന പ്രസിദ്ധീകരിക്കുന്നുണ്ട്‌.

(തോട്ടം രാജശേഖരന്‍; സ.പ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍