This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അതിരപ്പള്ളി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:43, 11 മാര്‍ച്ച് 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അതിരപ്പള്ളി

തൃശൂര്‍ ജില്ലയിലെ ഒരു ജലപാതം. ചാലക്കുടിയില്‍ നിന്ന് സു. 30 കി.മീ. ദൂരെയായി സ്ഥിതിചെയ്യുന്ന അതിരപ്പള്ളി ജലപാതം സംസ്ഥാനത്തെ ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ്. സു. 24 മീ. ഉയരത്തില്‍ നിന്നും താഴേക്കുപതിക്കുന്ന ഈ ജലപാതം ചാലക്കുടി നദിയിലേയ്ക്കാണ് ചെന്നു ചേരുന്നത്.

അതിരപ്പള്ളി വെള്ളച്ചട്ടം

ഷോളയാര്‍ വനാതിര്‍ത്തിയില്‍ സമുദ്രനിരപ്പില്‍ നിന്ന് സു. 300 മീ. ഉയരത്തിലാണ് അതിരപ്പള്ളി ജലപാതത്തിന്റെ സ്ഥാനം. അതിരപ്പള്ളിയും സു. അഞ്ച് കി.മീ അകലെ സ്ഥിതിചെയ്യുന്ന വാഴച്ചാല്‍ ജലപാതവും വിനോദസഞ്ചാരികളുടെ ഒരു പ്രധാന ആകര്‍ഷണമാണ്. നിബിഢവനങ്ങളുടെ പശ്ചാത്തലത്തില്‍, കിഴുക്കാംതൂക്കായ പാറക്കെട്ടുകളില്‍ നിന്നും താഴേയ്ക്ക് നിപതിക്കുന്ന ജലപാതം സന്ദര്‍ശകര്‍ക്ക് നയനാനന്ദകരമായ കാഴ്ച പ്രദാനം ചെയ്യുന്നു. നെടുമ്പാശ്ശേരിയാണ് ഏറ്റവും അടുത്തുള്ള (55 കി.മീ) വിമാനത്താവളം; ചാലക്കുടി അടുത്ത റെയില്‍വേ സ്റ്റേഷനും (33 കി.മീ.).

അതിരപ്പള്ളി ജലപാതത്തിന് ഇരു പാര്‍ശ്വങ്ങളിലുമായി സ്ഥിതിചെയ്യുന്ന നിബിഢ വനങ്ങള്‍ അപൂര്‍വ ജൈവസമ്പത്തിന്റെ കലവറയാണ്. ഇരുള്‍, ഇലവ്, വെണ്‍തേക്ക്, മരുത്, വേങ്ങ, കാഞ്ഞിരം, മരോട്ടി, തേക്ക്, വീട്ടി തുടങ്ങിയ വാണിജ്യപ്രാധാന്യമുള്ള നിരവധി വൃക്ഷങ്ങള്‍ ഇവിടെ വളരുന്നു. വേഴാമ്പല്‍, വാനമ്പാടി, കൃഷ്ണപ്പരുന്ത്, മാടത്ത, കാട്ടിലക്കിളി, ശരപക്ഷി തുടങ്ങിയ നിരവധി പക്ഷികളുടെയും ആന, കാട്ടുപോത്ത്, വെരുക്, കടുവ, കരിങ്കുരങ്ങ്, സിംഹവാലന്‍ കുരങ്ങ്, കുട്ടിതേവാങ്ക് തുടങ്ങിയ ജന്തുക്കളുടെയും വിവിധയിനം ചിത്രശലഭങ്ങളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ വനങ്ങള്‍. കാടര്‍, മലയര്‍, തുടങ്ങിയ ആദിവാസിവിഭാഗങ്ങള്‍ ഇവിടത്തെ വനങ്ങളില്‍ നിവസിക്കുന്നു.

വാഴച്ചാല്‍ ജലപാതത്തിന് സു. 400 മീ. മുകളിലായി ജലവൈദ്യുതോര്‍ജ്ജ ഉത്പാദനം ലക്ഷ്യമാക്കി നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്ന അതിരപ്പള്ളി അണക്കെട്ടിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഇവിടുത്തെ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുമെന്ന പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അനിശ്ചിതാവസ്ഥയിലാണ്. (കെ. ജി. മോഹന്‍ലാല്‍, സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍