This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അനലാശ്മം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:54, 8 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

അനലാശ്മം

Flint

ഒരിനം ശില. ഗൂഢക്രിസ്റ്റലീയ (crypto crystalline) സിലിക്കയുടെ സാന്ദ്രമായ സംഘടനയാണ് ഇതിനുള്ളത്. ഇതിനെക്കുറിക്കാന്‍ 'ഫ്ളിന്റ്' എന്ന ആംഗലപദം തന്നെ സാധാരണ ഉപയോഗിക്കാറുണ്ട്. തവിട്ടു മുതല്‍ കറുപ്പുവരെ വിവിധ നിറങ്ങളില്‍ അതാര്യമായ വസ്തു; അപക്ഷയത്തിനു വിധേയമാവുമ്പോള്‍ മഞ്ഞയോ ഇളം തവിട്ടോ ആയിത്തീരുന്നു. കണ്ണാടി, ഇരുമ്പ് എന്നിവയെക്കാളും കടുപ്പമുള്ള പദാര്‍ഥം; കാഠിന്യം ഏഴ്. അല്പമാത്രമായി മാലിന്യങ്ങള്‍ കലര്‍ന്നു കാണുന്നു. അവ മിക്കവാറും കാര്‍ബണ്‍മയം ആയിരിക്കും.


വിവിധ വലുപ്പങ്ങളിലുള്ള പര്‍വകങ്ങളായാണ് (nodules) ഇവ കണ്ടുവരുന്നത്. മീറ്ററുകളോളം വ്യാസമുള്ള ദീര്‍ഘവൃത്തജ (ellipsoid)ങ്ങളായോ, ഉരുണ്ട് സാരണീബദ്ധമായോ (tabular) അവസ്ഥിതമാവാം. ഡോളമൈറ്റ്, ചുണ്ണാമ്പുകല്ല് എന്നിവയുമായി ഇടകലര്‍ന്നാണ് സാധാരണ കാണാറുള്ളത്. നദീതടങ്ങളില്‍ ഉരുളന്‍ കല്ലുകളുടെ രൂപത്തില്‍ ധാരാളമായി ഉണ്ടായിരിക്കും. അടരുകളായിട്ടാണ് അവസ്ഥിതിയെങ്കില്‍ അവ സമീപശിലാസ്തരങ്ങള്‍ക്കു സമാന്തരമായിരിക്കും.

തീവ്രമായ അപരദനത്തെ അതിജീവിച്ച അനലാശ്മഖണ്ങ്ങള്‍

കുഴിച്ചെടുക്കുമ്പോള്‍ അധികം ഉറപ്പില്ലാത്തതായി കണ്ടുവരുന്ന ഈ ശില വായുസമ്പര്‍ക്കംകൊണ്ട് ക്രമേണ ദൃഢമായിത്തീരുന്നു. ശംഖാഭമായ(conchoidal) പൊട്ടല്‍ (fracture) ഉണ്ടായിരിക്കും. കനം കുറഞ്ഞ അലകുകളായി അടര്‍ത്തി മാറ്റാം. ഈ അലകുകളുടെ അരികുകള്‍ മൂര്‍ച്ചയുള്ളതായിരിക്കും. നന്നായി ചൂടാക്കിയ ഫ്ളിന്റ് പെട്ടെന്ന് വെള്ളത്തിലിട്ടാല്‍ വെള്ളനിറത്തിലുള്ള ക്വാര്‍ട്ട്സായി രൂപാന്തരപ്പെടുന്നു.


ശിലായുഗത്തിലെ മനുഷ്യന്‍ ആയുധങ്ങള്‍ക്കും മറ്റുപകരണങ്ങള്‍ക്കും ഫ്ളിന്റ് ഉപയോഗപ്പെടുത്തിയിരുന്നു. ചീളികളായി അടര്‍ത്തിയെടുക്കുന്നതിനും കൂര്‍പ്പിക്കുന്നതിനുമുള്ള സൌകര്യംകൊണ്ടാണ് ഇത്തരത്തില്‍ പ്രയോജകീഭവിച്ചത്. അനലാശ്മ നിര്‍മിതമായ കുന്തങ്ങളും ശരങ്ങളും മറ്റുപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. തീയുണ്ടാക്കുന്നതിനും ഫ്ളിന്റ് കഷണങ്ങളാണ് ഉപയോഗിച്ചിരുന്നത്. 17-ഉം 18-ഉം 19-ഉം ശ.-ങ്ങളില്‍ തോക്കുകളിലെ കാഞ്ചികള്‍ക്കായി ഫ്ളിന്റ് ഉപയോഗിച്ചിരുന്നു. ഫ്ളിന്റു കൊണ്ടുള്ള കല്‍ച്ചട്ടികള്‍ ഇന്നും പ്രചാരത്തിലുണ്ട്. കളിമണ്‍ വ്യവസായം, പെയിന്റ് നിര്‍മാണം എന്നിവയില്‍ ഒരസംസ്കൃതവസ്തുവായി ഫ്ളിന്റ് ഉപയോഗിച്ചുവരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍