This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍, സി.എന്‍. (1940 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:16, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുണാകരന്‍, സി.എന്‍. (1940 - )

സി.എന്‍. കരുണാകരന്‍

അന്തര്‍ദേശീയ ശ്രദ്ധ നേടിയ കേരളീയ ചിത്രകാരന്‍. 1940ല്‍ തൃശൂര്‍ ജില്ലയിലെ ബ്രഹ്മകുളത്ത്‌ ജനനം. മദ്രാസ്‌ ഗവണ്‍മെന്റ്‌ സ്‌കൂള്‍ ഒഫ്‌ ആര്‍ട്‌സ്‌ ആന്‍ഡ്‌ ക്രാഫ്‌റ്റിസില്‍ നിന്ന്‌ ഡിസൈനിങ്ങില്‍ ഡിപ്ലോമ നേടി. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ആര്‍ട്ട്‌ ഗ്യാലറി 1973ല്‍ അദ്ദേഹം ആരംഭിച്ചെങ്കിലും 1977ല്‍ അതിന്റെ പ്രവര്‍ത്തനം നിലച്ചു. "ഒക്ര' എന്ന പേരില്‍ കൊച്ചിയില്‍ ഇദ്ദേഹം ഒരു ആര്‍ട്ട്‌ ഗ്യാലറി നടത്തിവരുന്നു. ഓയിലും, അക്രിലികുമാണ്‌ ഇദ്ദേഹത്തിന്റെ ഇഷ്‌ട മാധ്യമങ്ങള്‍. ചുമര്‍ ചിത്രകലയിലെ രേഖാരൂപ സമ്പ്രദായം സ്വീകരിച്ചുകൊണ്ട്‌ തനതായ ചിത്രമെഴുത്ത്‌ ശൈലി സി.എന്‍. വികസിപ്പിച്ചെടുത്തിട്ടുണ്ട്‌. അദ്ദേഹത്തിന്റെ മിക്കവാറും ചിത്രങ്ങള്‍ ഇതിന്‌ ഉദാഹരണങ്ങളാണ്‌. മനു‌ഷ്യ, അര്‍ധ മനു‌ഷ്യ, മൃഗരൂപങ്ങള്‍, പൊതുവില്‍ ഇദ്ദേഹത്തിന്റെ ചിത്രങ്ങളില്‍ ഉപയോഗിക്കുന്നു. "ജീവിത വൃക്ഷം' ഈ ചിത്രങ്ങളിലെ നിത്യ സാന്നിധ്യവുമാണ്‌.

സി.എന്‍. കരുണാകരന്റെ ഒരു പെയിന്റിങ്‌

അറുപതുകളിലും, എഴുപതുകളിലും ആധുനികതാവാദ സമീപനങ്ങള്‍ ചിത്രമെഴുത്ത്‌ ശൈലികളില്‍ സജീവമായിരുന്നു. ഭാരതീയവും, അതിഭൗതികവുമായ രചനാരീതിയെന്ന്‌ പുകഴ്‌പെറ്റ കെ.സി.എസ്സിന്റെ ചിത്രങ്ങള്‍ ഇക്കാലത്തിന്റെ സംഭാവനയായിരുന്നു. എന്നാല്‍ അദ്ദേഹത്തിലും മറ്റും നിലനിന്ന താന്ത്രിക്‌ രീതികളെ വിച്ഛേദിക്കുകയും, ചുവര്‍ചിത്ര പാരമ്പര്യങ്ങളില്‍ നിന്ന്‌ ഊര്‍ജമുള്‍ക്കൊണ്ടുകൊണ്ട്‌ തന്റേതായ ശൈലി രൂപപ്പെടുത്തിയെടുക്കുകയുമായിരുന്നു സി.എന്‍. ചെയ്‌തത്‌. ആധുനികതാവാദ സമീപനങ്ങളെ പൂര്‍ണമായും നിരാകരിക്കാത്തതും, അതേ ചട്ടക്കൂടിനകത്ത്‌ തന്നെ നിലനില്‍ക്കുന്നതുമാണ്‌ ഇദ്ദേഹത്തിന്റെയും രചനകള്‍. ഇക്കാരണത്താലാണ്‌ യൂറോപ്യന്‍ രചനാശൈലിയെ കയ്യൊഴിഞ്ഞ്‌ "ഭാരതീയ' ശൈലി പിന്തുടരുന്ന ചിത്രകാരനായി സി.എന്‍.നെ ചില നിരൂപകര്‍ വിലയിരുത്തുന്നത്‌. എസ്‌. ശ്രീനിവാസലു, ജമിനിറോയ്‌ തുടങ്ങിയവരുടെ ശക്തമായ സ്വാധീനങ്ങള്‍ ഇദ്ദേഹത്തിന്റെ കലയില്‍ നിലനില്‍ക്കുന്നതായി വിലയിരുത്തപ്പെടുന്നു. അന്യവത്‌കരിക്കപ്പെട്ട (alienated)മനുഷ്യ ജീവിതമാണ്‌ ചിത്രങ്ങളിലേതെന്ന്‌ നിരൂപക പക്ഷമുണ്ട്‌.

സി.എന്‍. കരുണാകരന്റെ ഒരു പെയിന്റിങ്‌

ഭാരതീയ പാരമ്പര്യത്തിലെ കീഴാള ചിത്രരചനാ രീതിയോടല്ല, വരേണ്യ പാരമ്പര്യത്തോടാണ്‌ സി.എന്‍.ന്റെ ചിത്രങ്ങള്‍ ആഭിമുഖ്യം പുലര്‍ത്തുന്നതെന്നും, സാമൂഹിക വിമര്‍ശനത്തിന്റെ ഉള്ളടക്കമില്ലാത്ത അരാഷ്ട്രീയമായ ഒരു തലം ഇദ്ദേഹത്തിന്റെ ചിത്രങ്ങള്‍ക്കുണ്ടെന്നും വിലയിരുത്തപ്പെട്ടിട്ടുണ്ട്‌. വര്‍ണാഭമായ ആലങ്കാരികത (decorative)യും പ്രസന്നമായ ജീവലോകവും ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ സ്ഥിരം സ്വഭാവമാണ്‌. 1956ല്‍ മദ്രാസ്‌ ഗവണ്‍മെന്റിന്റെ സ്വര്‍ണ മെഡല്‍, മദ്രാസ്‌ ലളിതകലാ അക്കാദമി അവാര്‍ഡ്‌ (1964), കേരള ലളിതകലാ അക്കാദമി അവാര്‍ഡ്‌ (1971, 72, 75) തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഇന്ത്യയിലും വിദേശത്തുമായി നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുള്ള ഇദ്ദേഹം, നിരവധി സിനിമകള്‍ക്ക്‌ കലാസംവിധാനം നിര്‍വഹിച്ചിട്ടുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍