This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരുണാകരന്, കെ. (1918 2010)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കരുണാകരന്, കെ. (1918-2010)
കേരളത്തിലെ മുന്‍മുഖ്യമന്ത്രി. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ കേരളത്തിലെ മുതിര്‍ന്ന നേതാക്കളിലൊരാളായ കരുണാകരന് നാല് തവണ മുഖ്യമന്ത്രിയായും ഒരിക്കല്‍ നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള കേന്ദ്രമന്ത്രിസഭയില്‍ വ്യവസായ വകുപ്പുമന്ത്രിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. കണ്ണൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ യഥാര്‍ഥ പേര് കണ്ണോത്ത് കരുണാകരന് മാരാര്‍ എന്നാണ്.
1918 ജൂല. 5ന് കണ്ണൂര്‍ ജില്ലയിലെ ചിറയ്ക്കലില്‍ ജനിച്ചു. പ്രാഥമികവിദ്യാഭ്യാസത്തിഌശേഷം തൃശൂര്‍ ആര്‍ട്സ് കോളജില്‍ നിന്നും ചിത്രകലയില്‍ ഡിപ്ലോമ ബിരുദം കരസ്ഥമാക്കി. വിദ്യാര്‍ഥിയായിരുന്ന കാലത്തുതന്നെ, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിലൂടെ, സജീവ രാഷ്ട്രീയത്തില്‍ പ്രവേശിച്ച ഇദ്ദേഹം, സ്വാതന്ത്യ്രസമരത്തില്‍ പങ്കെടുത്ത് നിരവധി തവണ ജയില്വാസമഌഭവിച്ചിട്ടുണ്ട്. പനമ്പിള്ളി ഗോവിന്ദമേനോന്, സി.കെ. ഗോവിന്ദന് നായര്‍ എന്നിവരായിരുന്നു ഇദ്ദേഹത്തിന്റെ രാഷ്ട്രീയ മാര്‍ഗദര്‍ശികള്‍.
കൊച്ചീ രാജ്യപ്രജാമണ്ഡലം രൂപീകൃതമായതു മുതല്‍ കരുണാകരന് അതിലെ സജീവ പ്രവര്‍ത്തകനായിരുന്നു. അഖിലേന്ത്യാ നാട്ടുരാജ്യപ്രജാ സമ്മേളനത്തില്‍ കൊച്ചിയുടെ പ്രതിനിധിയായി ഇദ്ദേഹം പങ്കെടുത്തു. ട്രഡ് യൂണിയന് പ്രസ്ഥാനത്തിലെ ശക്തനായ നേതാവായിരുന്ന കരുണാകരന്, ഐ.എന്‍.ടി.യു.സി. (ഇന്ത്യന്‍ നാഷണല്‍ ട്രഡ് യൂണിയന് കോണ്‍ഗ്രസ്) യുടെ കേരളത്തിലെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. 1957ല്‍ അന്താരാഷ്ട്ര തൊഴില്‍ സംഘടനയിലേക്കുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തില്‍ അംഗമായിരുന്നു. റബ്ബര്‍ ബോര്‍ഡിന്റെ ഉപാധ്യക്ഷനായും ഇദ്ദേഹം സേവനമഌഷ്ഠിച്ചിട്ടുണ്ട്.
1945 മുതല്‍ കരുണാകരന് പാലമെന്ററി രാഷ്ട്രീയത്തില്‍ സജീവമായി പങ്കുകൊണ്ടു. 1945-47 കാലത്ത് തൃശൂര്‍ മുനിസിപ്പല്‍ കൗണ്‍സില്‍ അംഗമായി 1948-49ല്‍ കൊച്ചി നിയമസഭയിലും 1952-54ല്‍ തിരുകൊച്ചി നിയമസഭയിലും ഇദ്ദേഹം അംഗമായിരുന്നു. ഐക്യകേരളപ്പിറവിക്കുശേഷം നടന്ന പ്രഥമ നിയമസഭാതെരഞ്ഞെടുപ്പില്‍ ഡോ. എ.എം. മേനോനെതിരേ തൃശൂരില്‍ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട്, 1965ലാണ് ഇദ്ദേഹം ആദ്യമായി കേരള നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. തുടര്‍ന്ന്, 1995 വരെ തുടര്‍ച്ചയായി നിയമസഭാംഗമായിരുന്നു. 1967ല്‍ കോണ്‍ഗ്രസ്സിന്റെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുക്കപ്പെട്ട കരുണാകരന് കമ്യൂണിസ്റ്റു വിരുദ്ധ ഐക്യമുന്നണിക്ക് രൂപം നല്കുന്നതില് നേതൃത്വപരമായ പങ്കുവഹിച്ചു. 1970-77 കാലഘട്ടത്തില്‍ കരുണാകരന് കേരളത്തിന്റെ ആഭ്യന്തരമന്ത്രിയായിരുന്നു. ഇക്കാലത്ത് തന്നെയാണ് (1975) രാജ്യത്ത് അടിയന്തിരവാസ്ഥ പ്രഖ്യാപിക്കുന്നതും. അടിയന്തിരാവസ്ഥക്കാലത്ത് ഇദ്ദേഹം കൈക്കൊണ്ട പല നടപടികളും പീന്നീട് വലിയ വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. അന്ന് കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥിയായിരുന്ന രാജനെ നക്സല്‍ എന്ന് ആരോപിച്ച് അറസ്റ്റു ചെയ്തതും കക്കയം പോലീസ് ക്യാമ്പിലെ മര്‍ദനത്തിന്റെ ഫലമായി മരിച്ചതും അടിയന്തിരാവസ്ഥയ്ക്കുശേഷമാണ് പുറംലോകം അറിയുന്നത്. തുടര്‍ന്ന് രാജന്റെ പിതാവായ ഈച്ചരവാര്യര്‍ സമര്‍പ്പിച്ച ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍, ആഭ്യന്തരവകുപ്പ് മന്ത്രിയായ കരുണാകരന് കള്ള സത്യവാങ്മൂലം നല്കി എന്ന കേരള ഹൈക്കോടതിയുടെ പരാമര്‍ശത്തെത്തുടര്‍ന്ന് കരുണാകരന് ആഭ്യന്തരമന്ത്രിസ്ഥാനം രാജി വയ്ക്കേണ്ടിവന്നു. എന്നാല്‍, ഇദ്ദേഹം തന്റെ രാഷ്ട്രീയ ഇച്ഛാശക്തികൊണ്ടും ഉറച്ച നിലപാടുകള്മൂലവും ഈ പ്രതിസന്ധികളെയെല്ലാം അതിജീവിച്ചു. 1977 (മാ. 25 ഏ. 25), 1981-82, 1982-87, 1991-95 എന്നീ കാലയളവുകളിലാണ് ഇദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രിസ്ഥാനം അലങ്കരിച്ചത്. 1967-69, 1978-79, 1980-81, 1987-91 എന്നീ വര്‍ഷങ്ങളില്‍ നിയമസഭയിലെ പ്രതിപക്ഷ നേതാവുമായി. ഈ സമയത്ത്, ഇദ്ദേഹം കെ.പി.സി.സി. എക്സിക്യൂട്ടീവിലും, എ.ഐ.സി.സി.യുടെ പ്രവര്‍ത്തക സമിതിയിലും അംഗമായിരുന്നു. 1995ല്‍ മുഖ്യമന്ത്രിപദം ഒഴിഞ്ഞ കരുണാകരന് ആ വര്‍ഷം തന്നെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെടുകയും തുടര്‍ന്ന് കേന്ദ്ര വ്യവസായവകുപ്പു മന്ത്രിയായി ചുമതലയേല്‍ക്കുകയും ചെയ്തു. 1996ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 1998ല്‍ തിരുവനന്തപുരത്തുനിന്നും ലോക് സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട്, 2003ല്‍ വീണ്ടും രാജ്യസഭയിലെത്തി. കോണ്‍ഗ്രസ് നേതൃത്വവുമായുണ്ടായ അഭിപ്രായഭിന്നതകളെത്തുടര്‍ന്ന് 2005ല്‍ കോണ്ഗ്രസ്വിട്ട കരുണാകരന്, ആ വര്‍ഷം മേയ് 1ന് നാഷണല്‍ കോണ്‍ഗ്രസ് (ഇന്ദിര) എന്ന പുതിയ പാര്‍ട്ടി രൂപീകരിച്ചു. ഇതിനെത്തുടര്‍ന്ന് ഇദ്ദേഹം രാജ്യസഭാംഗത്വം രാജിവെച്ചു. പിന്നീട്, പാര്‍ട്ടിയുടെ പേര്, ഡെമോക്രാറ്റിക് ഇന്ദിരാ കോണ്‍ഗ്രസ് (കരുണാകരന്) ധഡി.ഐ.സി. (കെ)പ എന്നാക്കി. 2006ല്‍ കേരള നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യു.ഡി.എഫിനൊപ്പം മത്സരിച്ച പാര്‍ട്ടിക്ക് കാര്യമായ നേട്ടങ്ങളൊന്നും കൈവരിക്കാനായില്ല. പിന്നീട് നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ (എന്‍.സി.പി.) ഡി.ഐ.സി.(കെ) ലയിച്ചു. 2007 ഡി. 10ന് എന്‍.സി.പി. യില്‍നിന്നും ഇദ്ദേഹം മാതൃസംഘടനയില്‍ തിരിച്ചെത്തി. തുടര്‍ന്ന് എ.ഐ.സി.സി.യുടെ നിര്‍വാഹക സമിതി അംഗമായി.
ഭാര്യ കല്യാണിക്കുട്ടി 1994ല്‍ അന്തരിച്ചു. മുന്‍ എം.പി. കെ. മുരളീധരന് മകനും ശ്രീമതി പത്മജാ വേണുഗോപാല്‍ മകളുമാണ്. കരുണാകരന്റെ ജീവചരിത്രം പ്രതിപാദിക്കുന്ന ഏതാഌം കൃതികള്‍ പുറത്തിറങ്ങിയിട്ടുണ്ട്. സനല്‍ പി. തോമസിന്റെ "ലീഡര്‍' ആണ് ഇതിലൊന്ന്. പ്രമുഖ മാധ്യമ പ്രവര്ത്തകന് എം.പി. സുരേന്ദ്രന്റെ സഹായത്തോടെ "പതറാതെ മുന്നോട്ട്' എന്ന ആത്മകഥയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.
2010 ഡിസംബര്‍ 23 ന് ഇദ്ദേഹം അന്തരിച്ചു.