This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കല്യാണവസന്തം
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കല്യാണവസന്തം
കര്‍ണാടകസംഗീതത്തിലെ ഒരു ജന്യരാഗം. 21-ാമത്തെ മേളകര്‍ത്താരാഗമായ കീരവാണിയുടെ ജന്യമായ ഇത് ഒരു ഉപാംഗരാഗമാണ്. ആരോഹണം സഗമധനിസ അവരോഹണം സനിധപമഗരിസ ഒരു ഔഡവസമ്പൂര്‍ണരാഗമായ ഇതില്‍ ഷഡ്‌ജം, പഞ്ചമം എന്നീ സ്വരങ്ങള്‍ക്കു പുറമേ സാധാരണഗാന്ധാരം, ശുദ്ധമധ്യമം, ശുദ്ധധൈവതം, കാകലിനിഷാദം, ചതുഃശ്രുതി ഋഷഭം എന്നീ സ്വരങ്ങളും പ്രയോഗിക്കാറുണ്ട്. ചതുഃശ്രുതി ഋഷഭം, സാധാരണ ഗാന്ധാരം എന്നിവ ഇതിലെ രാഗച്ഛായാസ്വരങ്ങളാണ്. സഗഗമമധധനി, നിനിസസ ധധനിനിസ എന്നീ ജണ്ടവരിശപ്രയോഗങ്ങള്‍ ഈ രാഗത്തിന്റെ സംഗീതാത്‌മകത വര്‍ധിപ്പിക്കുന്നു.
ത്യാഗരാജസ്വാമികളുടെ കാലഘട്ടത്തില്‍ പ്രചാരത്തില്‍ വന്ന ഈ രാഗം ഇന്ന് സംഗീതക്കച്ചേരികളില്‍ പ്രചുരപ്രചാരം നേടിയിരിക്കുന്നു. ത്യാഗരാജകൃതികളായ "നാദലോലുഡെ', "കനുലതാകനി' എന്നീ കൃതികളും പുരന്ദരദാസരുടെ "ഇനും ദയഭാരദേ' എന്ന ദേവര്‍നാമായും ഈ രാഗത്തില്‍ രചിക്കപ്പെട്ടിട്ടുള്ളതാണ്.
ഹിന്ദുസ്ഥാനി സംഗീതത്തിലെ "ചന്ദ്രകാന്ത്' എന്ന രാഗത്തിന് കല്യാണവസന്തത്തിനോട് സാദൃശ്യമുണ്ട്. ഹരികേശനല്ലൂര്‍ മുത്തയ്യഭാഗവതരുടെ സംഗീതകല്‌പദ്രുമം എന്ന ഗ്രന്ഥത്തില്‍ ഖരഹരപ്രിയ (22-ാം മേളം) യില്‍ നിന്ന് ആവിര്‍ഭവിച്ചതാണ് കല്യാണവസന്തം എന്ന ഒരു പരാമര്‍ശം കാണുന്നു. ഇതില്‍ ആരോഹണാവരോഹണം ഇപ്രകാരമാണ്: സഗമപധനിസസധസനിപമഗരിസ.
ഗമകപ്രധാനവും രക്തിപ്രധാനവുമായ ഒരു രാഗമാണിത്.