This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കാരറ്റ് .
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കാരറ്റ് .
Carrot
ഏപ്പിയേസീ സസ്യകുടുംബത്തില്‍പ്പെടുന്ന ഒരു സസ്യം. ശാ.നാ. ഡോക്കസ് കരോട്ട (Daucus carota). കാരറ്റിന്റെ ജന്മദേശം യൂറോപ്പും ഏഷ്യയുടെ തെക്കുപടിഞ്ഞാറന്‍ പ്രദേശങ്ങളുമാണ്. ഇന്ത്യയിലുടനീളം പച്ചക്കറിവിളയായി ഇത് കൃഷി ചെയ്‌തുവരുന്നു. തായ്‌വേര് ഉരുണ്ടു തടിച്ച് കിഴങ്ങായിത്തീരുന്ന ഒരു ദ്വിവര്‍ഷിസസ്യമാണിത്. കിഴങ്ങുകള്‍ക്ക് ചുവപ്പു കലര്‍ന്ന ഓറഞ്ച് മഞ്ഞ നിറമാണ്. കിഴങ്ങുകളുടെ നിറക്കൂടുതല്‍ ഗുണക്കൂടുതലിനെ സൂചിപ്പിക്കുന്നു.
ഏകദേശം ഒരു മീറ്റര്‍ വരെ ഉയരത്തില്‍ വളരുന്ന കാരറ്റിന് പിച്ഛകസംയുക്തപത്രം ആണുള്ളത്. പര്‍ണകങ്ങള്‍ തീരെ വീതി കുറഞ്ഞവയാണ്. ചെറിയ വെള്ളനിറമുള്ള പൂക്കള്‍ പുഷ്‌പച്ഛത്ര (umbel) രീതിയിലുള്ള പൂങ്കുലകളായി ക്രമീകരിച്ചിരിക്കുന്നു. മെറികാര്‍പ്പ് ആണ് ഫലം.
തണുപ്പുള്ള പ്രദേശങ്ങളാണ് കാരറ്റുകൃഷിക്ക് ഉത്തമമെങ്കിലും ചൂടുപ്രദേശങ്ങളിലും ഇതു വളരാറുണ്ട്. നല്ല നീര്‍വാര്‍ച്ചയും ഇളക്കവുമുള്ള മണല്‍ കലര്‍ന്ന പശിമരാശിമണ്ണാണ് കൃഷിക്ക് അനുയോജ്യം. വളക്കൂറുള്ള മണ്ണില്‍ വളരുമ്പോള്‍ കിഴങ്ങുകള്‍ക്കു നല്ല വലുപ്പവും നിറവും ഉണ്ടായിരിക്കും.
ഓറഞ്ച്, ബ്ലാക്ക് എന്നീ നാടന്‍ കാരറ്റിനങ്ങള്‍ക്കു പുറമേ ഇമ്പരേറ്റര്‍, നാന്റെസ് (Nantes), ചാന്റ്‌നി (Chantney), ടെന്‍ഡര്‍ സ്വീറ്റ്, ഓക്‌സ്‌ഹാര്‍ട്ട് എന്‍. 29 (Ox heart N. 29,) ഗോള്‍ഡന്‍ ഹാര്‍ട്ട്, പൂസാകേസര്‍ എന്നീ മെച്ചപ്പെട്ട ഇനങ്ങള്‍കൂടി ഇന്ത്യയില്‍ കൃഷി ചെയ്‌തുവരുന്നു.
മലമ്പ്രദേശങ്ങളില്‍ മാര്‍ച്ച് മുതല്‍ ജൂലൈ വരെയും സമതലങ്ങളില്‍ ആഗസ്റ്റ് മുതല്‍ നവംബര്‍ വരെയും കാരറ്റ് കൃഷി ചെയ്‌തുവരുന്നു. വരിയായി വരമ്പുകോരി നടുകയോ നിരപ്പാക്കിയ സ്ഥലത്തു വാരി വിതയ്‌ക്കുകയോ ചെയ്യാം. ഒരു ഹെക്‌ടര്‍ സ്ഥലത്തേക്കു 78 കിലോഗ്രാം വിത്തു മതിയാകും. ഒരു ഹെക്‌ടര്‍ സ്ഥലത്തു 2025 ടണ്‍ കമ്പോസ്റ്റും 4045 കിലോഗ്രാം നൈട്രജന്‍, 4050 കിലോഗ്രാം ഫോസ്‌ഫറസ്, 75 കിലോഗ്രാം പൊട്ടാഷ് ഇവ ചെടിക്കു ലഭിക്കത്തക്കവിധം മറ്റു വളങ്ങളും നല്‌കേണ്ടതുണ്ട്. കിഴങ്ങിന് ഏകദേശം 2.54 സെ.മീ. വ്യാസം ആകുമ്പോള്‍ വിളവെടുക്കാം. ഒരു ഹെക്‌ടര്‍ സ്ഥലത്തു നിന്ന് 150350 ക്വിന്റല്‍ കിഴങ്ങ് ലഭിക്കും.
കാരറ്റിന്റെ വേരിഌം കിഴങ്ങിഌം ഔഷധ ഗുണമുണ്ട്. വേരില്‍ കാര്‍ബോഹൈഡ്രറ്റ്, ബാഷ്‌പശീലതൈലങ്ങള്‍, മലീക് അമ്ലം, കരോട്ടിന്‍, ഹൈഡ്രാകരോട്ടിന്‍, പെക്‌റ്റിന്‍, ലിഗ്‌നിന്‍, ആല്‍ബുമിന്‍ എന്നിവ അടങ്ങിയിരിക്കുന്നു. കല്ലടപ്പ്, വൃക്കരോഗങ്ങള്‍, വീക്കം എന്നിവയ്‌ക്ക് ഇതിന്റെ വേര് ഔഷധമാണ്. സുഗന്ധമുള്ളതും ഉത്തേജകവുമായ വിത്തുകള്‍ക്ക് വാജീകരണശക്തിയുണ്ട്. നീര്‍വീക്കത്തിനു ഔഷധമായി കാരറ്റ് ഉപയോഗിക്കാം. പച്ചയായി കഴിക്കുന്നതു വിരശല്യത്തിനു ഉത്തമമാണ്. ശരീരകാന്തി വര്‍ധിപ്പിക്കുന്നതിഌം കാരറ്റിനു കഴിവുണ്ട്.
കാരറ്റുകിഴങ്ങില്‍ 10.6 ശതമാനം കാര്‍ബോഹൈഡ്രറ്റ്, 0.2. ശതമാനം കൊഴുപ്പ്, 1 ശതമാനം പ്രാട്ടീന്‍ ഇവ അടങ്ങിയിരിക്കുന്നു. ജീവകംഎ യുടെ മുഖ്യസ്രാതസ്സായ കരോട്ടിഌം ഒരു നല്ല അളവില്‍ തയാമിന്‍, റിബോഫ്‌ളാവിന്‍ എന്നിവയും കാരറ്റില്‍ ഉണ്ട്. ഇരുമ്പിന്റെ അംശവും ധാരാളമുണ്ട്. പച്ചയായും പാകം ചെയ്‌തും കാരറ്റ് ഭക്ഷിക്കാം, ഹല്‍വ, സൂപ്പ്, സാലഡ്, അച്ചാര്‍, ജ്യൂസ്, പുഡിങ് എന്നീ വിഭവങ്ങളും കാരറ്റുകൊണ്ട് തയ്യാറാക്കുന്നുണ്ട്. വിശപ്പു വര്‍ധിപ്പിക്കാന്‍ കഴിവുള്ള "കാന്‍സി' എന്ന പാനീയം കാരറ്റില്‍ നിന്നു നിര്‍മിക്കാറുണ്ട്. കുതിരകള്‍ക്കു പ്രിയങ്കരമായ ആഹാരമാണ് കാരറ്റിന്റെ ഇല.