This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
കരണ്ടുതീനികള്‍
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
കരണ്ടുതീനികള്‍
Rodents
സസ്‌തനി വര്‍ഗത്തിലെ, റോഡന്‍ഷ്യ(Rodentia) എന്ന ഓര്‍ഡറില്‍പ്പെടുന്ന ജന്തുക്കള്‍. മൂവായിരത്തോളം സ്‌പീഷീസുകളുണ്ട്. നിലവിലുള്ള സസ്‌തനികളില്‍ അംഗസംഖ്യാപരമായി പകുതിയിലേറെയും കരണ്ടുതീനികളാണ്. സസ്‌തനിവര്‍ഗ(class: Mammalia)ത്തില്‍പ്പെടുന്ന ജന്തുകുടുംബങ്ങളുടെ നാലിലൊന്നും, ജനുസുകളുടെ 35 ശ.മാ.വും, സ്‌പീഷീസുകളില്‍ പകുതിയും ഇവയാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.
റോഡന്‍ഷ്യയെ പൊതുവേ മയോമോര്‍ഫ (Myomorpha) (ഉദാ. എലി, ചുണ്ടെലി, ജെര്‍ബില്‍), സയൂറോമോര്‍ഫ (Sciuromorpha) (ഉദാ. അണ്ണാന്‍, മലയണ്ണാന്‍, ബീവര്‍), ഹിസ്‌ട്രിക്കോമോര്‍ഫ(Hi stricomorpha)(ഉദാ. മുള്ളന്‍പന്നി) എന്നിങ്ങനെ മൂന്ന് ഉപ ഓര്‍ഡറുകളായി വിഭജിച്ചിട്ടുണ്ട്. ഇവയില്‍ മയോമോര്‍ഫുകള്‍ (എലി വിഭാഗം) ആണ് അംഗസംഖ്യയില്‍ ഏറ്റവും കൂടുതല്‍, ഹിസ്‌ട്രിക്കോമോര്‍ഫുകള്‍ (മുള്ളന്‍ പന്നി വിഭാഗം) ഏറ്റവും വിരളവും.
ബീവറുകളൊഴികെയെല്ലാം പൊതുവേ കരജീവികളാണ്. അവയില്‍ത്തന്നെ മിക്കവയും സസ്യഭോജികളായ ചെറുജീവികളും. നാസികാഗ്രം മുതല്‍ വാലറ്റംവരെ 7.5 സെ.മീ. മാത്രം നീളവും 20 ഗ്രാം മാത്രം തൂക്കവുമുള്ള ചുണ്ടെലികളാണിവയില്‍ ഏറ്റവും ചെറുത്. തെക്കേ അമേരിക്കയില്‍ കണ്ടുവരുന്ന കാപിബാറ (capibara) ഏറ്റവും വലുതും. ഹൈഡ്രാകോറസ് ഹൈഡ്രാകോറിസ് (Hydrochoerus hydrochocris) എന്ന ശാസ്‌ത്രനാമത്തില്‍ അറിയപ്പെടുന്ന കാപിബാറകള്‍ക്ക് 1.3 മീ. നീളവും 50 കി.ഗ്രാം. വരെ തൂക്കവും സാധാരണമാണ്. ഉറുഗ്വെയില്‍നിന്നു കണ്ടെടുക്കപ്പെട്ട ഒരു ഫോസ്സിലിന് കാളത്തലയോളം വലുപ്പമുള്ള തലയും കാട്ടുപന്നിയുടേതിന്റെയത്ര വലുപ്പമുള്ള ഉടലും ഉള്ളതായി രേഖപ്പെടുത്തിയിട്ടുണ്ട്. കാപിബാറയും അഗൗട്ടി(Agouti)യും പുല്ലുകാര്‍ന്നുതിന്നു ജീവിക്കുന്നവയാണ് (grazers). മിക്ക കരണ്ടുതീനികളും സസ്യഭോജികളാണ്. പുല്ലും, ഫലങ്ങളും, സസ്യമുകുളങ്ങളും, വിത്തുകളും, കിഴങ്ങുകളുമെല്ലാമാണ് ഇവയുടെ ആഹാരം. എലികളും അണ്ണാന്മാരും മറ്റും ചിലപ്പോള്‍ മുട്ടകളും ഷട്‌പദങ്ങളും മറ്റും ആഹാരമാക്കാറുണ്ട്. ഏതാനും ചില കരണ്ടുതീനിയിനങ്ങള്‍ തീര്‍ത്തും മാംസാഹാരികളുമാണ്.
ശാരീരിക സവിശേഷതകള്‍. ജീവിതരീതിയിലും ആകാരത്തിലും വളരെ വൈവിധ്യമുണ്ടെങ്കിലും ദന്തനിരയുടെ ഘടനയിലും പ്രവര്‍ത്തനത്തിലും കാണുന്ന പ്രകടമായ സവിശേഷതകളാണ് കരണ്ടുതീനികളെ മറ്റു സസ്‌തനികളില്‍ നിന്ന് വ്യത്യസ്‌തരാക്കുന്നത്. മുകളിലത്തെയും താഴത്തെയും ഹനുക്കളുടെ (jaws) മുന്‍ ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഓരോ ജോടി ഉളിപ്പല്ലുകളാണ് ഇവയുടെ കരണ്ടുതീനി സ്വഭാവത്തിനുപോത്‌ബലകം. മുന്‍ഭാഗത്തുമാത്രം ഇനാമലോടുകൂടിയ ഈ പല്ലുകള്‍ തുടര്‍ച്ചയായി വളര്‍ന്നുകൊണ്ടേയിരിക്കുന്നതിനാല്‍ തേയ്‌മാനത്താല്‍ അവ ചെറുതാകുന്നില്ലെന്നു മാത്രമല്ല, കരണ്ടുതീറ്റയിലൂടെ കാര്യമായി തേയ്‌മാനം സംഭവിക്കാത്തപക്ഷം നീളം ക്രമാതീതമായി വര്‍ധിച്ച് മോണയിലേക്കുതന്നെ ആഴ്‌ന്നിറങ്ങി ജീവിക്കു മരണകാരണമായി ഭവിക്കുകയും ചെയ്യും.
ഉളിപ്പല്ലുകള്‍ക്കു പിന്നിലായി മോണയില്‍ പല്ലില്ലാത്ത ഒരു ശൂന്യഭാഗവും ഇതിനു ഡയാസ്റ്റെമ(diastema)എന്നാണു പേര് അതിനും പിന്നിലായി ഏതാനും (രണ്ടു മുതല്‍ അഞ്ചു വരെ) അണപ്പല്ലുകളും ചേര്‍ന്നാല്‍ കരണ്ടുതീനികളുടെ ദന്തനിര പൂര്‍ണമായി. ഉളിപ്പല്ലുകള്‍ ആഹാരം കാര്‍ന്നെടുക്കാനും അണപ്പല്ലുകള്‍ അതു ചവച്ചരയ്‌ക്കാനും സഹായിക്കുന്നു. കാര്‍ന്നെടുക്കുന്ന ആഹാരം താത്‌കാലികമായി കവിളില്‍ സംഭരിക്കാന്‍ ഡയാസ്റ്റെമ പ്രയോജനപ്പെടുന്നു. ഉളിപ്പല്ലുകള്‍ ഉപയോഗിച്ച് ആഹാരം കാര്‍ന്നെടുക്കുമ്പോള്‍ അണപ്പല്ലുകള്‍ തമ്മില്‍ ചേരാതെയും അണപ്പല്ലുകളുപയോഗിച്ച് ആഹാരം ചവച്ചരയ്‌ക്കുമ്പോള്‍ ഉളിപ്പല്ലുകള്‍ തമ്മില്‍ ചേരാതെയും വരത്തക്കവിധത്തിലാണ് ഹനുക്കളുടെ പ്രവര്‍ത്തനം. സന്ദര്‍ഭോചിതമായി കീഴ്‌ത്താടി മുമ്പോട്ടോ പിമ്പോട്ടോ നീക്കിയാണ് ജന്തു ഇത് സാധിക്കുന്നത്.
പൊതുവേ നാല്‍ക്കാലികളാണെങ്കിലും മുന്‍പിന്‍ കാലുകളുടെ ഘടന വ്യത്യസ്‌തമാണ്. പിന്‍കാലുകളെയപേക്ഷിച്ചു മുന്‍കാലുകള്‍ക്കു പൊതുവേ നീളം കുറവാണ്. വിരലുകളില്‍ നീണ്ട നഖങ്ങളുണ്ട്. മുന്‍കാലുകളുടെ വിരലുകള്‍ക്ക് ചുറ്റിപ്പിടിക്കാവുന്ന ഘടനയാണ് (prehensile). കംഗാരു എലികളിലും മറ്റും പിന്‍കാലുകള്‍ വലുപ്പമേറി എടുത്തു ചാടാനുപയുക്തമായ വിധത്തില്‍ ബലവത്തായി കാണപ്പെടുന്നു. തുരന്നുജീവിക്കുന്നവയിലാകട്ടെ മുന്‍കാലുകള്‍ തുരക്കാന്‍ പാകത്തിനു ബലിഷ്‌ഠവുമാണ്. ജലജീവികളായ ബീവറുകളുടെ കാലുകള്‍ താറാവിന്‍ കാലുപോലെ തുഴകളായി രൂപാന്തരം പ്രാപിച്ചിട്ടുണ്ട്. മലയണ്ണാനിലാകട്ടെ, മുന്‍, പിന്‍ കാലുകള്‍ക്കിടയില്‍ രൂപപ്പെട്ടിരിക്കുന്ന ചര്‍മപാളികള്‍ പട്ടംകണക്കെ വായുവില്‍ ഒഴുകി നീങ്ങാന്‍ (glide)സഹായകരമാണ്. കരണ്ടുതീനികളില്‍ പൊതുവേ കേള്‍വിശക്തിയും ഘ്രാണശക്തിയും സുവികസിതമാണ്. മുള്ളന്‍പന്നിയുടെ മുള്ളുകള്‍ അതിന്റെ പ്രതിരോധായുധമാണ്.
വൈവിധ്യവും വിതരണവും. മുള്ളന്‍പന്നി, മലയണ്ണാന്‍, ബീവര്‍ മുതലായ ചില വന്യജീവികളും ഉള്‍പ്പെടുന്നുണ്ടെങ്കിലും മനുഷ്യന്റെ ആവാസമേഖലയെ സ്വന്തം വംശവര്‍ധനയ്‌ക്കായി ഫലപ്രദമായി ഉപയോഗിക്കുന്ന ഒരു ജന്തുവിഭാഗമാണു കരണ്ടുതീനികള്‍. എലികളും ചുണ്ടെലികളും മറ്റും മനുഷ്യനോടൊപ്പം പത്തേമാരികളിലും കപ്പലുകളിലുമായി ലോകമെമ്പാടും വ്യാപിച്ചിട്ടുണ്ട്. ഇവയും അണ്ണാന്മാരും മനുഷ്യന്റെ കൃഷിയിടങ്ങളിലും കളപ്പുരകളിലും മറ്റും സര്‍വസാധാരണമാണ്. മനുഷ്യനുമുമ്പ് ആസ്റ്റ്രലിയന്‍ ഭൂഖണ്‌ഡത്തില്‍ എത്തി പാര്‍പ്പുറപ്പിച്ച പ്ലാസെന്റല്‍ സസ്‌തനി വിഭാഗങ്ങള്‍ വവ്വാലുകളും കരണ്ടുതീനികളും മാത്രമാണെന്നു മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ട്.
ജലജീവികളായ ബീവറുകളും മണ്ണില്‍ തുരന്നുണ്ടാക്കുന്ന മാളങ്ങളില്‍ കഴിയുന്ന എലികളും വൃക്ഷശിഖരങ്ങളിലും പൊത്തുകളിലും കൂടുകൂട്ടുന്ന അണ്ണാന്മാരും ഉള്‍പ്പെടുന്ന വൈവിധ്യമേറിയൊരു ജന്തുവിഭാഗമാണ് കരണ്ടുതീനികള്‍. ജെര്‍ബിലുകളെപ്പോലെ ചിലവയുടെ മാളങ്ങള്‍ക്കു വളരെ വിപുലമായ ഘടനയുണ്ട്. "പ്രയ്‌റി നായ്‌ക്കള്‍' (Prairie dogs) എന്നറിയപ്പെടുന്ന ജീവികള്‍ വന്‍ കോളനികളായാണു കഴിയുന്നത്. എന്നാല്‍ "കസ്‌തൂരി എലി'(musk rat)കളും മറ്റും ഒറ്റപ്പെട്ടു ജീവിക്കുന്നവയാണ്. ശൈത്യ മേഖലകളില്‍ കഴിയുന്ന ഹാംസ്റ്റെറും (Hamster)മറ്റും ശിശിര സുഷുപ്‌തി(Libernation)നിര്‍വഹിക്കാറുണ്ട്.
ബീവറുകള്‍, കാപിബാറകള്‍ മുതലായ ശരീര വലുപ്പം കൂടുതലുള്ള കരണ്ടുതീനികള്‍ വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രമേ പ്രജനനം നടത്താറുള്ളു. എന്നാല്‍ ചെറിയ ഇനങ്ങള്‍ വര്‍ഷത്തില്‍ പല പ്രാവശ്യം ചിലതു 13 പ്രാവശ്യം വരെ പ്രത്യുത്‌പാദനം നടത്താം. ജനിച്ച് അഞ്ച് ആഴ്‌ച പ്രായമെത്തുമ്പോഴേക്ക് പ്രത്യുത്‌പാദനശേഷിയെത്തുന്ന ഇനങ്ങളും ഇവയില്‍ ഉണ്ട്. അതുപോലെ, ഗര്‍ഭകാലം ഏതാനും ആഴ്‌ചകള്‍ മാത്രം ദീര്‍ഘിക്കുന്ന എലികള്‍ മുതല്‍ അത് മാസങ്ങളോളം നീണ്ടുനില്‌ക്കുന്ന വന്‍ ജീവികള്‍ വരെ കരണ്ടുതീനികളില്‍ ഉള്‍പ്പെടുന്നുണ്ട്. (വീട്ടെലിക്ക് ഇത് മൂന്നോ നാലോ ആഴ്‌ചയും അണ്ണാന് അഞ്ചോ, ആറോ ആഴ്‌ചയുമാണെങ്കില്‍ മുള്ളന്‍പന്നിക്ക് ഏഴുമാസവും ബീവറിന് നാലു മാസവുമാണെന്നു കണക്കാക്കപ്പെട്ടിട്ടുണ്ട്.)
ധാന്യങ്ങളും കിഴങ്ങുവര്‍ഗങ്ങളും പഴങ്ങളും മറ്റും വ്യാപകമായി തിന്നുനശിപ്പിക്കുന്ന വന്‍ വിനാശകാരിയായ ഒരു ജന്തുവിഭാഗമാണു കരണ്ടുതീനികള്‍. കളപ്പുരകളിലും മറ്റും ശേഖരിക്കപ്പെട്ടിട്ടുള്ള ധാന്യങ്ങളില്‍ എലികളും മറ്റും തിന്നുനശിപ്പിക്കുന്നതിന്റെ അനേകം മടങ്ങ് അവയുടെ കാഷ്‌ഠവും മറ്റും വീണു മലിനപ്പെട്ട് ഉപയോഗശൂന്യമായി ഭവിക്കാറുണ്ട്. അതിനാല്‍ ദേശീയ ഭക്ഷ്യവിഭവ സമാഹരണ പദ്ധതികളില്‍ ഇവയെ ചെറുക്കാനുതകുന്ന തന്ത്രങ്ങളും പ്രധാനമാണ്. പ്ലേഗും എലിപ്പനിയും പോലുള്ള മാരകമായ പല രോഗങ്ങളും പരത്തുന്നതില്‍ ഇവയ്‌ക്കുള്ള പങ്ക് സുവിദിതമായതിനാല്‍ പൊതുജനാരോഗ്യ പദ്ധതികളിലും ഇവയ്‌ക്കു ചെറുതല്ലാത്ത സ്ഥാനമുണ്ട്.
എന്നാല്‍ ഇതു ചിത്രത്തിന്റെ ഒരു വശം മാത്രമേ ആകുന്നുള്ളു. പല കരണ്ടുതീനികളും പ്രകൃതിക്കും മനുഷ്യനും പ്രയോജനകാരികളാണെന്നു സമ്മതിച്ചേതീരു. ചുള്ളിക്കമ്പുകളും മറ്റും പെറുക്കിക്കൂട്ടി അരുവികളില്‍ അണകെട്ടുന്ന ബീവറുകള്‍ കാട്ടരുവികളുടെ അനര്‍ഗളമായ ഒഴുക്കു തടയുന്നതിലൂടെ മണ്ണൊലിപ്പു ചെറുത്ത് വന്യാവാസ വ്യവസ്ഥയെ പരിപോഷിപ്പിക്കുകയാണു ചെയ്യുന്നത്. പഴങ്ങളുടെയും വിത്തുകളുടെയും വിതരണത്തിലൂടെ അണ്ണാനുകളും മറ്റും സസ്യപ്രജനനത്തിലും വ്യാപനത്തിലും പ്രധാന പങ്കു വഹിക്കുന്നുണ്ട്. തുരപ്പനെലികളും മറ്റും പരോക്ഷമായി മണ്ണിലെ വായുസഞ്ചാരം വര്‍ധിപ്പിക്കുന്നതിലൂടെ കര്‍ഷകര്‍ക്കു പ്രയോജനകാരികളാണ്. വിളകള്‍ക്കു വിനാശകാരികളായ പലതരം ക്ഷുദ്രകീടങ്ങളെയും ലാര്‍വകളെയും ഉന്മൂലനം ചെയ്യുന്നതില്‍ ചല കരണ്ടുതീനികള്‍ക്കും പങ്കുണ്ട്. പലതരം വന്യമൃഗങ്ങളും, പക്ഷികളും ഉരഗങ്ങളും ഇവയെ ഇരയാക്കാറുമുണ്ട്. ഗിനിപ്പന്നികളെയും വെള്ളെലികളെയും മറ്റും ഗവേഷണശാലകളില്‍ പരീക്ഷണ ജന്തുക്കളായും വീടുകളില്‍ കൗതുകജീവികളായും സംരക്ഷിച്ചു വളര്‍ത്താറുണ്ട്. മനുഷ്യന്റെയും എലികളുടെയും ചയാപചയ പ്രക്രിയകളിലുള്ള സാദൃശ്യം, മനുഷ്യരിലുപയോഗിക്കേണ്ട പല പുതിയ മരുന്നുകളുടെയും മറ്റും ആദ്യ പരീക്ഷണങ്ങള്‍ അവയില്‍ നടത്താന്‍ ശാസ്‌ത്രജ്ഞന്മാരെ പ്രരിപ്പിക്കുന്ന ഒരു പ്രധാന ഘടകമാണ്. ബീവറുകളുടെയും മറ്റും രോമനിബിഡമായ ചര്‍മം തണുപ്പുരാജ്യങ്ങളില്‍ വസ്‌ത്രനിര്‍മാണത്തിനു വ്യാപകമായുപയോഗിക്കാറുണ്ട്.
(ഫിലിപ്പോസ് ജോണ്‍)