This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാര്‍ബസോള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:31, 7 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാര്‍ബസോള്‍

Carbazole

അരോമാറ്റിക ഹെറ്റ്‌റോസൈക്ലിക കാര്‍ബണിക സംയുക്തം. ഡൈബന്‍സോ പൈറോള്‍, 9അസഫ്‌ളൂറിന്‍ എന്നീ പേരുകളുള്ള കാര്‍ബസോളിന്റെ തന്മാത്രാ ഫോര്‍മുല C12H9N ആണ്‌. തന്മാത്രാ ഭാരം 167.2; രണ്ട്‌ ബെന്‍സീന്‍ റിങുകള്‍ ഒരു പൈറോള്‍ റിങുമായി സംയോജിച്ചിരിക്കുന്ന ഘടനയാണ്‌ ഇവയ്‌ക്കുള്ളത്‌.

സ്‌ട്രിക്‌നോസ്‌ ആല്‍ക്കലോയ്‌ഡുകളിലും ചില ചായങ്ങളിലും കാര്‍ബസോള്‍ കാണപ്പെടുന്നു. കോള്‍ട്ടാര്‍ സ്വേദനത്തിലെ "ആന്ത്രസീന്‍ ഓയില്‍' അംശത്തില്‍നിന്ന്‌ ഇത്‌ വേര്‍തിരിച്ചെടുക്കാം. സംശ്ലേഷണത്തിന്‌ പല മാര്‍ഗങ്ങളുണ്ട്‌: ഡൈഫിനൈല്‍ അമീന്‍ ചൂടുള്ള കുഴലില്‍ കൂടികടത്തിവിട്ടും ഡൈഫിനൈല്‍ അമീന്‍ സള്‍ഫര്‍ ക്ലോറൈഡുമായി പ്രതിപ്രവര്‍ത്തിച്ചുകിട്ടുന്ന "തയോഡൈഫിനൈല്‍ അമീന്‍' 240ºC ല്‍ കോപ്പറുമായി പ്രതിപ്രവര്‍ത്തിപ്പിച്ചും ഇതുത്‌പാദിപ്പിക്കാം. കൂടാതെ, സൈക്ലോഹെക്‌സനോണും ഫിനൈല്‍ ഹൈഡ്രസീഌം കൂടി കലര്‍ത്തിക്കിട്ടുന്ന 1, 2, 3, 4 ടെട്രാഹൈഡ്രാ കാര്‍ബസോളില്‍നിന്ന്‌ നിര്‍മിക്കുന്നതാണ്‌ മറ്റൊരു രീതി. ഓര്‍തോ അമിനോഡൈഫിനൈല്‍ അമീനില്‍നിന്ന്‌ ശുഷ്‌കസ്വേദനം നടത്തിയും (ഗ്രബ്‌അള്‍മാന്‍ സംശ്ലേഷണം) ബ്രൂസിഌം സിങ്ക്‌ പൊടിയും കൂടി ചേര്‍ത്ത്‌ സ്വേദനം നടത്തിയും കാര്‍ബസോള്‍ നിര്‍മിക്കാം.

നിറമില്ലാത്ത, ജലത്തില്‍ അലേയമായ മോണോക്ലിനിക്‌ പരലുകളായിട്ടാണ്‌ ഇവ കാണപ്പെടുന്നത്‌. ദ്രവണാങ്കം 246ºC. ക്വഥനാങ്കം 355ºC. ഇതിനു ഉത്‌പനസ്വഭാവമുണ്ട്‌. അള്‍ട്രാവയലറ്റ്‌ പ്രകാശത്തില്‍ തുറന്നുവച്ചാല്‍ ശക്തമായ സ്‌ഫുരദീപ്‌തി (fluorescence) യും നീണ്ടുനില്‌ക്കുന്ന അനുദീപ്‌തി (phosphorescence) യും കാണിക്കും. 35 മില്ലിലിറ്റര്‍ ഈഥര്‍, 20 മില്ലിലിറ്റര്‍ ബന്‍സീന്‍, 135 മില്ലിലിറ്റര്‍ ആല്‍ക്കഹോള്‍ എന്നിവയില്‍ ഒരു ഗ്രാം കാര്‍ബസോള്‍ ലയിക്കും. പെട്രാളിയം ഈഥര്‍ ക്ലോറിനീകൃത ഹൈഡ്രാകാര്‍ബണുകള്‍, അസറ്റിക്‌ അമ്ലം എന്നിവയില്‍ വളരെ ചെറിയ തോതില്‍ ലയിക്കും. പൊട്ടാഷുമായി ഉരുക്കിയാല്‍ പൊട്ടാസ്യം ലവണം കിട്ടും; ഇതില്‍ പൊട്ടാസ്യം, നൈട്രജനോടു ഘടിപ്പിച്ചിരിക്കുന്നു. കാര്‍ബസോള്‍ താപം, അമ്ലം, ക്ഷാരം എന്നിവയെ പ്രതിരോധിക്കുന്നു. ഇത്‌ നൈട്രഷന്‍, സള്‍ഫോണേഷന്‍, ഹാലജനേഷന്‍, ഫ്രിഡല്‍ക്രാഫ്‌റ്റ്‌ അസൈലേഷന്‍ തുടങ്ങിയ രാസപ്രക്രിയകള്‍ക്കു വിധേയമാകുന്നുണ്ട്‌. കാര്‍ബസോള്‍ തന്മാത്രയില്‍ 9-ാം സ്ഥാനത്തുള്ള ഹൈഡ്രജന്‍ നേരിയതോതില്‍ അമ്ലത്വമുള്ളതാണ്‌. ഇതിനെ ലോഹങ്ങള്‍ വിസ്ഥാപനം ചെയ്യുന്നു.

കാര്‍ബസോളും വ്യുത്‌പന്നങ്ങളും ഔഷധങ്ങള്‍, ചായങ്ങള്‍, വര്‍ണകങ്ങള്‍, കാര്‍ഷിക രാസവസ്‌തുക്കള്‍ തുടങ്ങി ഒട്ടനവധി കാര്‍ബണിക സംയുക്തങ്ങളുടെ സംശ്ലേഷണത്തില്‍ മധ്യവര്‍ത്തിയായി ഉപയോഗിക്കുന്നു. ആന്ത്രാക്യുനോണ്‍ ചായങ്ങളില്‍ ഒരു സുപ്രധാന മാധ്യമികമായി ഇതുപയോഗിക്കുന്നു. അള്‍ട്രാവയലറ്റ്‌ പ്രകാശമുപയോഗിച്ചെടുക്കേണ്ട ഫോട്ടോകള്‍ക്കുള്ള ഫിലിമുകളില്‍ ഉപയോഗിക്കുന്ന എമള്‍ഷന്‍, കാര്‍ബസോള്‍ കൊണ്ടാണുണ്ടാക്കുന്നത്‌. ഫോട്ടോസെന്‍സിറ്റൈസിങ്‌ ഏജന്റായും ഉപയോഗിക്കുന്നു. ലിഗ്നിന്‍ കാര്‍ബോഹൈഡ്രറ്റുകള്‍, ഫോര്‍മാല്‍ഡിഹൈഡ്‌ എന്നിവയ്‌ക്ക്‌ അഭികര്‍മകമായും ഇതുപയോഗിക്കുന്നു.

(എ. സലാഹുദ്ദീന്‍ കുഞ്ഞ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍