This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കട്ടില്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:54, 31 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കട്ടില്‍

കിടക്കുന്നതിനുള്ള ഉപകരണം. ഉണങ്ങിയ പുല്ലോ, ഇലകളോ, മൃഗത്തോലോ വിരിച്ചാണ്‌ പ്രാചീന മനുഷ്യന്‍ കിടന്നിരുന്നത്‌. നാഗരികതയുടെ വികാസത്തോടെ ഈ സ്‌ഥിതിക്കു മാറ്റമുണ്ടാകുകയും ക്രമേണ കട്ടിലുണ്ടാക്കാന്‍ പഠിക്കുകയും ചെയ്‌തു. ആദ്യമായി കട്ടിലുകള്‍ ഉപയോഗത്തില്‍ വന്നത്‌ എന്നാണെന്നു കൃത്യമായി പറയാന്‍ രേഖകളില്ല. ഇന്ന്‌ സൂക്ഷിക്കപ്പെട്ടിട്ടുള്ള ഏറ്റവും പുരാതനമായ കട്ടില്‍ ഈജിപ്‌തില്‍ നിന്നു കണ്ടെടുത്തിട്ടുള്ളതാണ്‌.

64 ഔഷധത്തടികള്‍ ചേർത്ത്‌ നിർമിച്ച ചപ്രമഞ്ചം-പത്മനാഭപുരം കൊട്ടാരം

ആധുനികരീതിയില്‍ പണിത കട്ടിലുകളോടു വളരെ സാദൃശ്യമുള്ള ഈ കട്ടില്‍ ബി.സി. 3000ത്തോടടുത്ത കാലത്ത്‌ നിര്‍മിക്കപ്പെട്ടതായിരിക്കുമെന്നു കരുതുന്നു. തുതന്‍ഖാമന്റെ ശവകുടീരത്തില്‍ നിന്നു കണ്ടെടുത്ത മറ്റെ-ാരു കട്ടിലും ലഭ്യമായിട്ടുണ്ട്‌. തടികൊണ്ടു നിര്‍മിച്ചിരുന്ന ഈ കട്ടിലിന്‌ അസാധാരണമായ നീളമുണ്ട്‌. ഇതിന്റെ കാലിന്റെ ഭാഗത്താണ്‌ അഴികളും ചട്ടവും ഘടിപ്പിച്ചിരിക്കുന്നത്‌. പുരാതന ഗ്രീക്കുകാരും റോമാക്കരും വളരെ കുറച്ച്‌ ഗൃഹോപകരണങ്ങളേ ഉപയോഗിച്ചിരുന്നുള്ളൂ. അക്കൂട്ടത്തില്‍ പ്രമുഖസ്ഥാനം കട്ടിലിനു ലഭിച്ചിരുന്നു. ഗ്രീക്കുകാര്‍ ലളിതമായ തടിമഞ്ചങ്ങളാണ്‌ ഉപയോഗിച്ചിരുന്നതെങ്കില്‍ റോമാക്കാര്‍ കൊത്തുപണികള്‍കൊണ്ട്‌ ആകര്‍ഷകമാക്കിയ കട്ടിലുകള്‍ക്ക്‌ കൂടുതല്‍ പ്രാധാന്യം നല്‌കിയിരുന്നു. മുത്താഴത്തിനുശേഷമുള്ള ലഘുവിശ്രമത്തിനായി മാത്രം പ്രത്യേകതരം കട്ടിലുകള്‍ റോമാക്കാര്‍ ഉപയോഗിച്ചിരുന്നു.

മധ്യകാല യൂറോപ്പില്‍ സമ്പന്നര്‍ക്കു മാത്രമുള്ള ഒരു സുഖഭോഗവസ്‌തുവായിരുന്നു കട്ടില്‍. കട്ടില്‍ സ്വന്തമാക്കാന്‍ കഴിയാത്ത സാധാരണക്കാര്‍ കച്ചിയോ ഉണങ്ങിയ പുല്ലോ നിലത്തു വിരിച്ചാണ്‌ ഉറങ്ങിയിരുന്നത്‌. ഭാരതത്തിലെയും സ്ഥിതി മറിച്ചായിരുന്നില്ല. തഴ, പുല്ല്‌, ഓല തുടങ്ങിയവകൊണ്ടു നെയ്‌ത പായ്‌ ആയിരുന്നു കിടക്കാന്‍ ഉപയോഗിച്ചു വന്നത്‌.

മധ്യകാലഘട്ടത്തില്‍ ഫ്രാന്‍സിലെ രാജാക്കന്മാര്‍ രാജസദസ്സില്‍ എഴുന്നള്ളിയിരിക്കാന്‍ ഉപയോഗിച്ചിരുന്ന കട്ടിലുകള്‍ "ല്‌ ദ്‌ ജസ്റ്റിസ്‌' അഥവാ "നീതിമഞ്ചം' എന്നറിയപ്പെട്ടിരുന്നു. തത്‌സമയം രാജകുമാരന്മാര്‍ സ്റ്റൂളുകളില്‍ ഇരിക്കുകയും ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ നില്‌ക്കുകയും അതിലും താഴേക്കിടയിലുള്ളവര്‍ മുട്ടുകുത്തി നില്‌ക്കുകയും ചെയ്യണമെന്നായിരുന്നു നിയമം. ലൂയി X ന്റെ കാലം മുതല്‍ക്കാണ്‌ ഈ അനുശാസനം ആരംഭിച്ചത്‌. പ്രത്യേക അവസരങ്ങളിലെ ഉപയോഗത്തിനായി രാജാക്കന്മാരും പ്രഭുക്കന്മാരും "ല്‌ ദ്‌ പരാഡ്‌' (ദേശീയമഞ്ചം) നിര്‍മിച്ചു സൂക്ഷിച്ചുവന്നു. കാലം ചെയ്‌ത രാജാവിന്റെ ശരീരം ഇതിലാണ്‌ കിടത്തേണ്ടിയിരുന്നത്‌. രാജാവ്‌ ഉപയോഗിച്ചിരുന്ന ഇത്തരം കട്ടിലുകളെ അള്‍ത്താരയ്‌ക്കു സമമായിക്കരുതി ഫ്രഞ്ചുകാര്‍ വണങ്ങിയിരുന്നു. അതിമനോഹരമായി സംവിധാനം ചെയ്യപ്പെട്ടതായിരുന്നു നെപ്പോളിയന്‍െറ ഭാര്യ ജോസഫൈന്‍െറ കിടക്ക. പദ്‌മനാഭപുരം കൊട്ടാരത്തിലുള്ള തൂക്കുമഞ്ചങ്ങളും കട്ടിലുകളും ദാരുശില്‌പരചനകള്‍ കൊണ്ടു കമനീയങ്ങളാണ്‌. മാര്‍ത്താണ്ഡവര്‍മ മഹാരാജാവ്‌ ഉപയോഗിച്ചിരുന്നതും 64 ഔഷധത്തടികള്‍ ചേര്‍ത്തു നിര്‍മിച്ചതുമായ കട്ടില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. അരോഗാവസ്ഥ നിലനിര്‍ത്താനായിരുന്നത്ര രാജാവ്‌ ഈ കട്ടില്‍ ഉപയോഗിച്ചിരുന്നത്‌.

കല്ലിൽ കടഞ്ഞെടുത്ത കട്ടിൽ-പത്മനാഭപുരം കൊട്ടാരം

സമ്പന്നഗൃഹങ്ങളിലെ കാരണവന്മാരുടെ കട്ടിലുകളും പ്രത്യേകരീതിയില്‍ തന്നെയായിരുന്നു നിര്‍മിച്ചിരുന്നത്‌. അവയ്‌ക്കും "ബഹുമാന്യത' കല്‌പിക്കപ്പെട്ടിരുന്നു. ഒസ്യത്തിലും മറ്റും ഈ കട്ടിലിന്റെ കാര്യം പ്രത്യേകം സൂചിപ്പിക്കാറുണ്ടായിരുന്നു. പാശ്‌ചാത്യര്‍ കട്ടിലുകളുടെ തടിപ്പണിയെക്കാള്‍ പ്രാധാന്യം നല്‌കിയിരുന്നത്‌ അവയുടെ മേല്‍ക്കട്ടിയിലെ സില്‍ക്കുമറകള്‍ക്കും പാര്‍ശ്വങ്ങളിലെ തൊങ്ങലുകള്‍ക്കുമായിരുന്നു. തണുപ്പ്‌ അകറ്റാന്‍ ഇവ ആവശ്യമായിരുന്നു. സ്വര്‍ണനൂലുകൊണ്ട്‌ നെയ്‌ത മറകളും അതിമനോഹരങ്ങളായ തുന്നല്‍പ്പണികള്‍ കൊണ്ടു വര്‍ണശബളമാക്കിയ വെല്‍വെറ്റു മറകളും തൂവലുകള്‍ നിറച്ച പട്ടുമെത്തകളും ഉപയോഗിക്കപ്പെട്ടിരുന്നു. വളരെ വലുപ്പമുള്ള കട്ടിലുകള്‍ 15-ാം ശ.ത്തിലാണ്‌ രൂപം കൊണ്ടത്‌. കൂടുതല്‍ പേര്‍ക്ക്‌ ഒന്നിച്ചുപയോഗിക്കത്തക്ക രീതിയിലായിരുന്നു അവ നിര്‍മിച്ചിരുന്നത്‌. 240 സെ.മീ. നീളവും 210 സെ.മീ. വീതിയുമായിരുന്നു സാധാരണ അളവ്‌. 50ഓളം പേര്‍ക്കു കിടക്കാവുന്ന ഭീമാകാരങ്ങളായ കട്ടിലുകള്‍ ബ്രസല്‍സിലെ ചില ഹോട്ടലുകളില്‍ 1520 നോടടുത്ത കാലത്ത്‌ കാണുകയുണ്ടായി എന്ന്‌ ആല്‍ബ്രഷ്‌ത്‌ ഡൂറര്‍ തന്റെ യാത്രാവിവരണത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.

തൂക്ക്‌ മഞ്ചം-പത്മനാഭപുരം കൊട്ടാരം

16-ാം ശ.ത്തോടെ കട്ടിലുകള്‍ക്കു പ്രചുരപ്രചാരം സിദ്ധിച്ചു. പെട്ടിപോലെ ചുറ്റും അടയ്‌ക്കാവുന്ന കട്ടിലുകള്‍ കുട്ടികള്‍ക്കു വേണ്ടി നിര്‍മിക്കപ്പെട്ടു. മറ്റു ഗൃഹോപകരണങ്ങളുടെ നിര്‍മാണത്തില്‍ "ഫാഷന്‍'വരുത്തിയ പരിവര്‍ത്തനങ്ങള്‍ കട്ടിലുകള്‍ക്കും ബാധകമായി. പല തരത്തിലുള്ള തടികള്‍ ഉപയോഗത്തിലെത്തി. ഓക്‌തടി വാല്‍നട്ടിഌം അത്‌ പിന്നീട്‌ മഹാഗണി, ഈട്ടി എന്നിവയ്‌ക്കും വഴിമാറിക്കൊടുത്തു. കയറ്റുകട്ടിലും ഇരുമ്പുകട്ടിലും ചൂരല്‍ക്കട്ടിലും പ്രചാരത്തില്‍ വന്നു. 17-ാം ശ.ത്തില്‍ വളരെ പൊക്കമുള്ള കട്ടിലുകളാണ്‌ ഉപയോഗിച്ചിരുന്നത്‌. അവയുടെ മേലാപ്പ്‌ മുറിയുടെ മച്ചിനെ ചുംബിച്ചിരുന്നു. കെട്ടിടനിര്‍മാണത്തില്‍ വ്യതിയാനങ്ങള്‍ പ്രത്യക്ഷപ്പെട്ടതോടെ മച്ചിന്റെ ഉയരം വളരെ കുറഞ്ഞുവന്നു; അതോടെ കട്ടിലിന്റെ ഉയരവും. ആധുനികകാലത്ത്‌, നിലത്തു നിന്നു 75 സെ.മീ.ല്‍ കൂടുതല്‍ ഉയരമുള്ള കട്ടിലുകള്‍ നിര്‍മിക്കാറില്ല. മാത്രമല്ല, പ്രത്യേകം ശയനമുറികള്‍ നിര്‍മിക്കപ്പെടുകയും എയര്‍കണ്ടീഷനിങ്‌ പ്രചാരത്തില്‍ വരികയും ചെയ്‌തതോടെ കട്ടിലുകള്‍ക്ക്‌ മറകള്‍ ഉപയോഗിച്ചിരുന്ന പതിവ്‌ ഉപേക്ഷിക്കപ്പെട്ടു. ആധുനിക കാലത്ത്‌ ആഡംബരത്തെക്കാള്‍ ഉപയുക്തതയ്‌ക്കാണ്‌ കൂടുതല്‍ ശ്രദ്ധനല്‌കിവരുന്നത്‌. കട്ടിലിന്‍െറ അടിഭാഗത്ത്‌ തടിവച്ച്‌ മറച്ചു ഷെല്‍ഫുകള്‍ നിര്‍മിക്കുന്ന പതിവ്‌ ഇന്ന്‌ പ്രചാരത്തിലായിട്ടുണ്ട്‌.

ആവശ്യമില്ലാത്ത സമയത്ത്‌ കട്ടില്‍ മടക്കി ഭിത്തിക്കുള്ളിലേക്കു തള്ളിക്കയറ്റി വയ്‌ക്കത്തക്ക സംവിധാനവും ഇപ്പോള്‍ ഉണ്ട്‌. പകല്‍ ഇരിക്കാഌം രാത്രിയില്‍ കിടക്കാഌം ഉപയോഗിക്കുന്നതിനുവേണ്ടിയുള്ള "സോഫാ കം ബെഡും', "ദിവാഌം' ആധുനികമാണ്‌. പ്രത്യേകം സംവിധാനം ചെയ്യപ്പെട്ട "ഓര്‍ത്തോ പീഡിക്‌' കട്ടിലുകള്‍ ആശുപത്രികളില്‍ ഉപയോഗപ്പെടുത്തുന്നു. ലളിതമായ കട്ടിലുകളാണ്‌ ആധുനികകാലത്ത്‌ ഉപയോഗിക്കാറുള്ളത്‌. ഡബിള്‍ (188 സെ.മീ x137 സെ.മീ.), ഇണക്കട്ടില്‍ (ട്വിന്‍ ബെഡ്‌ 188 സെ.മീ x99 സെ.മീ.), ക്വീന്‍ സൈസ്‌ (200 സെ.മീ x 150 സെ.മീ.) കിങ്‌ സൈസ്‌ (200 സെ.മീ.x 198 സെ.മീ.) ഇങ്ങനെ പല അളവുകളിലുള്ള കട്ടിലുകളും ഉണ്ട്‌. ഇവയില്‍ സ്‌പ്രിങ്‌ ഘടിപ്പിച്ചു പുറമേ റബ്ബര്‍ കിടക്കയും ഇട്ട്‌ കൂടുതല്‍ സുഖപ്രദമാക്കുന്നു. പഴയ കാലത്തെ തൂക്കുമഞ്ചങ്ങളും ഇപ്പോള്‍ ഉപയോഗത്തിലുണ്ട്‌.

കിടപ്പിലാവുക എന്ന അര്‍ഥത്തില്‍ "കട്ടിലടങ്ങുക' എന്നും, വശപ്പെടുത്തുക എന്ന അര്‍ഥത്തില്‍ "കട്ടില്‍ക്കാലില്‍ കെട്ടിയിടുക' എന്നും മറ്റും ചില പ്രയോഗങ്ങള്‍ കട്ടില്‍ എന്ന പദം ചേര്‍ത്തു ഭാഷയില്‍ ഉപയോഗിക്കാറുണ്ട്‌. പണ്ട്‌ നായന്മാര്‍ ഭാര്യയ്‌ക്കും കുട്ടികള്‍ക്കുമായി നല്‌കിവരുന്ന സ്വത്തിനു "കട്ടില്‍സ്ഥാനം' എന്നു പറയാറുണ്ടായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍