This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഗവ, തൊയൊഹികൊ (1888-1960)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

07:01, 30 ജൂലൈ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കഗവ, തൊയൊഹികൊ (1888-1960)

Kagawa, Toyohiko

ജപ്പാനിലെ സാമൂഹിക പരിഷ്‌കര്‍ത്താവും മതനേതാവും. ജപ്പാന്‍ കാബിനറ്റിലെ ഒരംഗവും ബുദ്ധമതാനു‌യായിയും ആയിരുന്ന, ജൂനിച്ചി കഗവയുടെ പുത്രനായി 1888 ജൂല. 10നു‌ ജപ്പാനിലെ കോബീ (Kobe) യില്‍ ജനിച്ചു. കഗവയ്‌ക്കു 4 വയസ്സുള്ളപ്പോള്‍ മാതാപിതാക്കള്‍ അന്തരിച്ചതിനാല്‍ ചില ബന്ധുക്കളുടെ സംരക്ഷണത്തിലാണ്‌ വളര്‍ന്നത്‌. യൗവനത്തില്‍ ക്രിസ്‌തുമതത്തിലേക്ക്‌ ആകൃഷ്ടനായ ഇദ്ദേഹത്തെ ബന്ധുക്കള്‍ വീട്ടില്‍ നിന്നുപുറത്താക്കി. പിന്നീട്‌ ഒരു ക്രിസ്‌ത്യന്‍ മിഷനില്‍നിന്നു സ്‌കോളര്‍ഷിപ്പ്‌ ലഭിച്ചതിനാല്‍ ടോക്കിയോയിലെ പ്രിസ്‌ബൈറ്റീരിയന്‍ കോളജില്‍ ചേര്‍ന്നു പഠിച്ചു (19051908). വിദ്യാഭ്യാസത്തിനിടയില്‍ ക്ഷയരോഗബാധിതനായി. വിദ്യാഭ്യാസത്തിനു‌ശേഷം ഷിങ്കാവയിലെ ചേരി പ്രദേശത്തിലെ ജനങ്ങളുടെ സേവനത്തില്‍ മുഴുകി കുറെ വര്‍ഷങ്ങള്‍ ഇദ്ദേഹം ചെലവഴിച്ചു. ഇതേക്കുറിച്ചു ബിഫോര്‍ ദി ഡോണ്‍, ദി സൈക്കോളജി ഒഫ്‌ പോവര്‍ട്ടി എന്ന രണ്ടു കൃതികള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌.

തൊയൊഹികൊ കഗവ

1916ല്‍ യു. എസ്സിലെ പ്രിന്‍സ്റ്റന്‍ സര്‍വകലാശാലയില്‍ ചേര്‍ന്നു രണ്ടുവര്‍ഷം പഠിച്ചു. 1918ല്‍ ജപ്പാനില്‍ തിരിച്ചെത്തിയ കഗവ ലേബര്‍ ഫെഡറേഷന്‍ സംഘടിപ്പിക്കാനു‌ള്ള ശ്രമം തുടങ്ങി. പിന്നീടു കര്‍ഷകസംഘടന സ്ഥാപിക്കാന്‍ മുന്‍കൈയെടുത്ത ഇദ്ദേഹം, സംഘടനയുടെ രാഷ്‌ട്രീയസ്വഭാവം കാരണം 1919ലെ കലാപകാലത്ത്‌ അറസ്റ്റ്‌ ചെയ്യപ്പെട്ടു. 1921ലെ കപ്പല്‍ നിര്‍മാണത്തൊഴിലാളി സമരത്തെത്തുടര്‍ന്നു വീണ്ടും ജയിലിലായ കാലത്ത്‌ ക്രാസിങ്‌ ദി ഡെത്ത്‌ ലൈന്‍, ഷൂട്ടിങ്‌ അറ്റ്‌ ദി സണ്‍ എന്നീ നോവലുകള്‍ രചിച്ചു. പുരുഷന്മാര്‍ക്കു സാര്‍വത്രിക വോട്ടവകാശം, ട്രഡ്‌യൂണിയന്‍ പ്രസ്ഥാനത്തിനെതിരെയുള്ള നിയമ ഭേദഗതി തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രവര്‍ത്തനനേട്ടങ്ങളാണ്‌. 1922ല്‍ ജപ്പാനിലുണ്ടായ വന്‍ ഭൂകമ്പത്തെത്തുടര്‍ന്ന്‌ സാമൂഹികസേവനാര്‍ഥം ടോക്കിയോയില്‍ എത്തിയ ഇദ്ദേഹം ഒരു വര്‍ഷത്തിനു‌ള്ളില്‍ അവിടത്തെ ബ്യൂറോ ഒഫ്‌ സോഷ്യല്‍ വെല്‍ഫെയര്‍ പുനഃസംഘടിപ്പിച്ചു. ജപ്പാനിലെ സഹകരണപ്രസ്ഥാനം ഇദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവനയാണ്‌. രണ്ടാം ലോകയുദ്ധ പ്രവര്‍ത്തനങ്ങളെ എതിര്‍ത്ത ഇദ്ദേഹം ജപ്പാനെ ജനാധിപത്യത്തിലേക്കു നയിച്ച സമരത്തിലും പ്രധാന പങ്കു വഹിച്ചു. ഇദ്ദേഹത്തിന്റേതായി 150 ലേറെ കൃതികള്‍ ഉള്ളതില്‍ ക്രസ്റ്റ്‌ ആന്‍ഡ്‌ ജപ്പാന്‍ (1934); ബ്രദര്‍ഹുഡ്‌ ഇക്കണോമിക്‌സ്‌ (1936); ബിഹോള്‍ഡ്‌ ദ്‌ മാന്‍ (1941); ലൗ, ദ്‌ ലാ ഒഫ്‌ ലൈഫ്‌ (1951) എന്നിവയാണ്‌ പ്രശസ്‌തി നേടിയിട്ടുള്ളത്‌. 1960 ഏ. 23നു‌ ടോക്കിയോയില്‍ കഗവ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍