This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാനിങ്‌, ജോര്‍ജ്‌ (1770-1827)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

05:14, 26 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കാനിങ്‌, ജോര്‍ജ്‌ (1770-1827)

Canning George

ജോർജ്‌ കാനിങ്‌

ബ്രിട്ടീഷ്‌ രാജ്യതന്ത്രജ്ഞന്‍. ഒരു അഭിഭാഷകന്റെ പുത്രനായി 1770 ഏ. 11ന്‌ ലണ്ടനില്‍ ജനിച്ചു. ഈറ്റണ്‍, ഓക്‌സ്‌ഫഡ്‌ എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നിര്‍വഹിച്ചു. 1793ല്‍ പാര്‍ലമെന്റ്‌ അംഗമായ ഇദ്ദേഹം തുടര്‍ന്ന്‌ വിദേശകാര്യ വകുപ്പിന്റെ അണ്ടര്‍ സെക്രട്ടറി (1796-99) ആയി. 1800ല്‍ ജൊവാന്‍സ്‌കോട്ടിനെ വിവാഹം ചെയ്‌തു. 1807 മാര്‍ച്ചില്‍ ഇദ്ദേഹം വിദേശകാര്യ സെക്രട്ടറിപദം ഏറ്റെടുത്തു. നെപ്പോളിയന്റെ ആക്രമണത്തെ ചെറുക്കാനായി ഡാനിഷ്‌ കപ്പല്‍പ്പടയെ 1807ല്‍ പിടിച്ചെടുത്തത്‌ ഇദ്ദേഹമാണ്‌. യുദ്ധകാര്യ സെക്രട്ടറി കാസില്‍ റേ(1769-1822)യുമായി ഭിന്നിപ്പുണ്ടായതിനെത്തുടര്‍ന്ന്‌ 1809 സെപ്‌. 9ന്‌ ഇദ്ദേഹം വിദേശകാര്യ സെക്രട്ടറി സ്ഥാനം രാജിവച്ചു. വലിയൊരു വാഗ്മിയായിരുന്ന ഇദ്ദേഹത്തിനു ടോറി കക്ഷിക്കാര്‍ 1812ല്‍ വിദേശകാര്യ സെക്രട്ടറിപദം വാഗ്‌ദാനം ചെയ്‌തുവെങ്കിലും, ഇദ്ദേഹം ചില വ്യവസ്ഥകള്‍ ഉന്നയിച്ചതിനാല്‍ അത്‌ നടപ്പിലായില്ല. ബോര്‍ഡ്‌ ഒഫ്‌ കണ്‍ട്രാള്‍ ഫോര്‍ ഇന്ത്യയുടെ പ്രസിഡന്റ്‌ എന്ന നിലയില്‍ 1816 മുതല്‍ 20 വരെ ഇദ്ദേഹം ക്യാബിനറ്റംഗമായിരുന്നു. 1822 മാര്‍ച്ചില്‍ ഇദ്ദേഹം ഇന്ത്യാ ഗവര്‍ണര്‍ ജനറലായി നിയമിതനായി. കാനിങ്‌ ഇന്ത്യയിലേക്കു പുറപ്പെടുന്നതിനുമുമ്പ്‌ വിദേശകാര്യ സെക്രട്ടറി കാസില്‍ റേ ആത്മഹത്യ ചെയ്‌തതിനെത്തുടര്‍ന്ന്‌ കാനിങ്ങിന്‌ വിദേശകാര്യ സെക്രട്ടറിപദം വീണ്ടും വാഗ്‌ദാനം ചെയ്യപ്പെട്ടു. 1822 മുതല്‍ 27 വരെ ഗവണ്‍മെന്റിലെ ഏറ്റവും ശക്തനായ അംഗം ഇദ്ദേഹമായിരുന്നു. ഗ്രീസ്‌, സ്‌പെയിന്‍, സ്‌പാനിഷ്‌ കോളനികള്‍ എന്നിവിടങ്ങളിലെ വിപ്ലവങ്ങള്‍ എങ്ങനെ നേരിടണമെന്നുള്ളതിനെക്കുറിച്ച്‌ ചിന്തിക്കാന്‍ ചേര്‍ന്ന വന്‍കിട ശക്തികളുടെ (റഷ്യ, ആസ്‌ട്രിയ, ബ്രിട്ടന്‍, ഫ്രാന്‍സ്‌, പ്രഷ്യ) സമ്മേളനത്തില്‍ ഇദ്ദേഹം പ്രമുഖമായ പങ്കുവഹിച്ചു. തുര്‍ക്കി ഭരണത്തിനെതിരായി ഗ്രീക്‌ വിപ്ലവകാരികളെ ഇദ്ദേഹം, റഷ്യയുടെയും ഫ്രാന്‍സിന്റെയും സഹകരണത്തോടെ സഹായിച്ചു. 1827 ഫെബ്രുവരിയില്‍ ലിവര്‍പൂള്‍ പ്രഭു പ്രധാനമന്ത്രി സ്ഥാനം രാജിവച്ചതോടെ, കാനിങ്‌ ബ്രിട്ടീഷ്‌ പ്രധാനമന്ത്രിയായി. 100 ദിവസം മാത്രമേ പ്രധാനമന്ത്രിയായിരിക്കാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞുള്ളൂ.

1827 ആഗ. 8ന്‌ കാനിങ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍