This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒറോസ്‌കോ, ജോസ്‌ ക്‌ളെമന്റ്‌ (1883 - 1949)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:58, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒറോസ്‌കോ, ജോസ്‌ ക്‌ളെമന്റ്‌ (1883 - 1949)

Orozco, jose clemente

ജോസ്‌ ക്‌ളെമന്റ്‌ ഒറോസ്‌കോ

മെക്‌സിക്കന്‍ ചിത്രകാരന്‍. 1883-ല്‍ ജാലിസ്‌കോയിലെ സ്‌പോട്ട്‌ലാനില്‍ ജനിച്ചു. മാതാപിതാക്കളുടെ ആഗ്രഹമനുസരിച്ച്‌ ഒറോസ്‌കോ കാര്‍ഷിക സസ്യവിജ്ഞാനവും (അഗ്രാണമി) വാസ്‌തുവിദ്യാ ചിത്രണവും ഗണിതശാസ്‌ത്രവും മറ്റും അഭ്യസിച്ചുവെങ്കിലും 1908-ഓടുകൂടി ചിത്രകലയില്‍ തത്‌പരനാവുകയും മെക്‌സിക്കോ നഗരത്തിലുള്ള അക്കാദമിയാ സാന്‍ കാര്‍ലോസില്‍ ചേരുകയും ചെയ്‌തു. 1914 വരെ ഇദ്ദേഹം അവിടെ പഠനം നടത്തി. 1915-ല്‍ മെക്‌സിക്കോ നഗരത്തില്‍ തന്റെ ആദ്യത്തെ ചിത്രകലാപ്രദര്‍ശനം സംഘടിപ്പിച്ചു. ചില എണ്ണച്ചായചിത്രങ്ങളും വരപ്പുകളും 23 ജലച്ചായചിത്രങ്ങളും ഈ മേളയില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു. "അശ്രുഗേഹം' എന്നര്‍ഥം വരുന്ന "കസാ ദെ ലഗ്രിമസ്‌' എന്ന പൊതുശീര്‍ഷകം നല്‍കി പ്രദര്‍ശിപ്പിക്കപ്പെട്ട എണ്ണച്ചായചിത്രങ്ങളുടെ പ്രമേയം വേശ്യകളുടെ ജീവിതരംഗങ്ങളായിരുന്നു. സമൂഹത്തിനെതിരെയുള്ള തുറന്നടിച്ച വിമര്‍ശനം ഇദ്ദേഹത്തിന്റെ മിക്ക രചനകളും ഉള്‍ക്കൊണ്ടിരുന്നു. ഈ സ്വഭാവം "മെക്‌സിക്കന്‍ ഗോയാ' എന്ന അപരനാമധേയം ഇദ്ദേഹത്തിനു നേടിക്കൊടുത്തു. 1911-17-ലെ മെക്‌സിക്കന്‍ വിപ്ലവകാലത്ത്‌ ഇത്തരത്തിലുള്ള ധാരാളം ആക്ഷേപഹാസ്യചിത്രങ്ങള്‍ ഇദ്ദേഹം രചിക്കുകയുണ്ടായി. തന്റെ സമകാലീനരായ മെക്‌സിക്കന്‍ ചിത്രകാരന്മാര്‍ യൂറോപ്യന്‍ ചിത്രകാരന്മാരെയും ആസ്‌ടെക്‌ ചിത്രകാരന്മാരെയും അനുകരിച്ചപ്പോള്‍ ഒറോസ്‌കോ 19-ാം നൂറ്റാണ്ടിലെ മെക്‌സിക്കന്‍ ചിത്രകാരന്മാരുടെ ശൈലി പിന്‍തുടരാനാണ്‌ നിശ്ചയിച്ചത്‌. പാരമ്പര്യശൈലി ഉപയോഗിച്ച്‌ പ്രചണ്ഡവും ഇരുണ്ടതുമായ ചിത്രങ്ങളാണ്‌ വിപ്ലവരംഗങ്ങള്‍ ആവിഷ്‌കരിക്കുന്നതിനുവേണ്ടി ഇദ്ദേഹം രചിച്ചത്‌. ഇതിലേക്കു വെള്ളയും കറുപ്പും നിറങ്ങളാണ്‌ മുഖ്യമായി ഉപയോഗിച്ചിരിക്കുന്നത്‌.

"കഥാര്‍സിസ്‌ '- പെയിന്റിംഗ്‌

ചുവര്‍ച്ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ പ്രത്യേകം താത്‌പര്യം ഒറോസ്‌കോ കാണിച്ചിരുന്നു. മെക്‌സിക്കോ നഗരത്തിലുള്ള നാഷണല്‍ പ്രിപ്പറേറ്ററി സ്‌കൂളിന്റെ ചുവരുകളില്‍ ഇദ്ദേഹം ആലേഖനം ചെയ്‌ത "മെറ്റേണിറ്റി' (മാതൃത്വം) ഇക്കൂട്ടത്തില്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 1927-ല്‍ ഒറോസ്‌കോ ന്യൂയോര്‍ക്കിലേക്കുപോയി; അവിടെ "ഡ്രായിങ്‌സ്‌ ഒഫ്‌ ദ്‌ റവല്യൂഷന്‍, എന്ന പേരില്‍ ഒരു ചിത്രകലാപ്രദര്‍ശനം നടത്തി. 1934 വരെ ഇദ്ദേഹം ന്യൂയോര്‍ക്കിലുണ്ടായിരുന്നു. ഇക്കാലത്ത്‌ അവിടെ ചില ചുവര്‍ച്ചിത്രങ്ങള്‍ വരയ്‌ക്കുന്നതില്‍ ഇദ്ദേഹം ഏര്‍പ്പെടുകയുണ്ടായി. ഇക്കൂട്ടത്തില്‍ കാലിഫോര്‍ണിയയിലെ പൊമോണാ കോളജില്‍ വരച്ച "പ്രാമിത്യൂസ്‌' കൂടുതല്‍ പ്രശസ്‌തിനേടി. മെക്‌സിക്കോയില്‍ മടങ്ങിയെത്തിയശേഷവും അനവധി സ്ഥാപനങ്ങളുടെ ഭിത്തികള്‍ സ്വന്തം കരവിരുതുകൊണ്ട്‌ ഇദ്ദേഹം അലങ്കരിച്ചു. പാലസ്‌ ഒഫ്‌ ഫൈന്‍ ആര്‍ട്‌സില്‍ ഇദ്ദേഹം രചിച്ച "കഥാര്‍സിസ്‌' (1934) ഇക്കൂട്ട ത്തില്‍ എടുത്തുപറയത്തക്കതാണ്‌. 1945-ല്‍ ഒറോസ്‌കോ, ആത്മകഥ എഴുതി. 1949-ല്‍ മെക്‌സിക്കോയില്‍ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍