This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒരുപ്പൂ കൃഷി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

08:57, 8 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒരുപ്പൂ കൃഷി

കുട്ടനാടന്‍ പാടശേഖരം

സീസണ്‍ അടിസ്ഥാനമാക്കിയുള്ള ഒരു നെല്‍കൃഷി രീതി. കേരളത്തില്‍ നെല്ല്‌ കൃഷിചെയ്യുന്ന സീസണുകളെ മൂന്നായി തിരിക്കാം. ഇടവപ്പാതിയെ ആശ്രയിച്ചു ചെയ്യുന്ന വിരിപ്പ്‌, തുലാവര്‍ഷത്തെ ആശ്രയിച്ചുള്ള മുണ്ടകന്‍, വേനല്‍ക്കാലത്തെ പുഞ്ച. വിരിപ്പ്‌ ഏപ്രില്‍-മേയില്‍ തുടങ്ങി ആഗസ്റ്റ്‌-സെപ്‌തംബറില്‍ അവസാനിക്കുമ്പോള്‍ മുണ്ടകന്‍ സെപ്‌തംബര്‍-ഒക്‌ടോബറില്‍ തുടങ്ങി ഡിസംബര്‍-ജനുവരിയില്‍ അവസാനിക്കുന്നു. പുഞ്ച ഡിസംബര്‍-ജനുവരിയില്‍ തുടങ്ങി മാര്‍ച്ച്‌-ഏപ്രിലോടെയാണു വിളവെടുക്കുക.

ഈ മൂന്നു സീസണുകളിലും നെല്ലു കൃഷിചെയ്യുന്ന നിലങ്ങള്‍ കേരളത്തില്‍ കുറവാണ്‌. ഇങ്ങനെ ചെയ്യുന്നവ മുപ്പൂ നിലങ്ങളെന്നറിയപ്പെടുന്നു. രണ്ടു സീസണുകള്‍ കൃഷിചെയ്യുന്ന ഇരുപ്പൂ നിലങ്ങളും ഒരു സീസണ്‍ മാത്രം ചെയ്യുന്ന ഒരുപ്പൂ നിലങ്ങളുമാണ്‌ സാധാരണയായി കാണപ്പെടുന്നത്‌. ഒരുപ്പൂ നിലങ്ങള്‍ അഥവാ ഒരുപ്പൂ നെല്‍കൃഷി പൊതുവേ രണ്ടു രീതിയിലാണുള്ളത്‌. വിരിപ്പോ മുണ്ടകനോ മാത്രം കൃഷിചെയ്യുന്ന നിലങ്ങളും പുഞ്ച മാത്രം കൃഷിചെയ്യുന്ന നിലങ്ങളും. പുഞ്ചനെല്‍പ്പാടങ്ങളില്‍ ഏറ്റവും മുഖ്യം ആലപ്പുഴ ജില്ലയിലെ കുട്ടനാടന്‍ നിലങ്ങളാണ്‌. സമുദ്രനിരപ്പില്‍ നിന്ന്‌ താഴെയുള്ള കായല്‍ നിലങ്ങളാണിവ. ഒക്‌ടോബര്‍-നവംബര്‍ മാസത്തില്‍ തുടങ്ങി ഫെബ്രുവരി-മാര്‍ച്ച്‌ മാസത്തിലാണ്‌ കുട്ടനാട്ടിലെ ഒരുപ്പൂനിലങ്ങളില്‍ പുഞ്ച കൃഷിചെയ്യുന്നത്‌. കുട്ടനാട്ടില്‍ത്തന്നെ പുഞ്ചയ്‌ക്കു പുറമേ മേയ്‌-ജൂണ്‍ മുതല്‍ ആഗസ്റ്റ്‌-സെപ്‌തംബര്‍വരെ ഒരു സീസണില്‍ക്കൂടി നെല്‍കൃഷി ചെയ്യുന്ന ഇരുപ്പൂ നിലങ്ങളുമുണ്ട്‌. രണ്ടാമത്തെ കൃഷി കുളപ്പാല എന്നാണറിയപ്പെടുക.

കുട്ടനാട്ടിലെ ഒരുപ്പൂ നിലങ്ങളില്‍ മൈല, ചെമ്പാട്‌ കുറുക, വെണ്ണല്‍, കുരിവെണ്ണല്‍, കൊച്ചുവിത്ത്‌ തുടങ്ങിയ നാടന്‍ നെല്ലിനങ്ങളാണ്‌ പണ്ടുകാലത്തു കൃഷിചെയ്‌തിരുന്നത്‌. ഇന്ന്‌ ജ്യോതി, ഉമ, പവിഴം, ഭാരതി, കാര്‍ത്തിക തുടങ്ങിയവ കൃഷിചെയ്യുന്നു. പെട്ടിയും പറയുമുപയോഗിച്ച്‌ കായല്‍നിലങ്ങളിലെ അധിക വെള്ളം വറ്റിച്ചു മാറ്റിയശേഷമാണു പുഞ്ചകൃഷി തുടങ്ങുക. പണ്ടൊക്കെ താറാവിനെ വിട്ടും ചൂലും പുഴുക്കുട്ടയും ഉപയോഗിച്ചും ചീഞ്ഞ മത്സ്യമെറിഞ്ഞും പന്തം കത്തിച്ചുവച്ചുമൊക്കെയാണ്‌ പുഞ്ചനിലങ്ങളിലെ കീടങ്ങളെ അകറ്റിയിരുന്നത്‌, തികച്ചും ജൈവകൃഷി. പിന്നീട്‌ രാസവളങ്ങളുടെ ഉപയോഗവും രാസകീടനാശിനികളുടെ ഉപയോഗവും വ്യാപകമായി. ഇതിന്റെ പാരിസ്ഥിതികമായ ആഘാതങ്ങള്‍ വെളിപ്പെട്ടതിനെത്തുടര്‍ന്ന്‌ ജൈവകീടനിയന്ത്രണത്തിനു പ്രാധാന്യം നല്‍കികൊണ്ടുള്ള "സംയോജിത കീടരോഗനിയന്ത്രണത്തിലേക്കു' കര്‍ഷകന്‍ തിരിഞ്ഞിട്ടുണ്ട്‌. ഈ രീതിയില്‍ ഏറ്റവും അവശ്യഘട്ടത്തില്‍ മാത്രമേ രാസകീടനാശിനി പ്രയോഗിക്കുകയുള്ളൂ. ഒരു സീസണില്‍ നെല്ലും അതു കഴിഞ്ഞ്‌ നിലങ്ങളില്‍ വെള്ളം കയറ്റി മത്സ്യകൃഷിയും ചെയ്യുന്ന രീതി ഇന്നു കുട്ടനാടന്‍ ഒരുപ്പൂ നിലങ്ങളില്‍ വ്യാപകമായിക്കഴിഞ്ഞു. കേരളത്തിലെ ഒരുപ്പൂ നിലങ്ങളില്‍ പ്രധാനമായ മറ്റൊന്നു കോള്‍നിലങ്ങളാണ്‌. തൃശൂര്‍, മലപ്പുറം ജില്ലകളിലാണു കോള്‍നിലങ്ങള്‍ കാണപ്പെടുന്നത്‌. കായലിനോടു ചേര്‍ന്നുള്ളതാണു കോള്‍ നിലങ്ങള്‍. തുലാവര്‍ഷത്തിന്റെ അവസാനത്തോടെ, നവംബര്‍-ഡിസംബര്‍ മാസത്തില്‍ പാടശേഖരങ്ങളുടെ പുറംബണ്ട്‌ ബലപ്പെടുത്തി വെള്ളം വറ്റിച്ചാണ്‌ മുളപ്പിച്ച വിത്തു വിതയ്‌ക്കുക. കോള്‍നിലങ്ങളില്‍ ദേശാടനപക്ഷികളുമെത്താറുണ്ട്‌. ഒരുപ്പൂകൃഷി ചെയ്യുന്ന മറ്റു പ്രദേശങ്ങളില്‍ പ്രതേ്യകതയുള്ളതാണ്‌ കൂട്ടുമുണ്ടകന്‍. വിരിപ്പിനും മുണ്ടകനും യോജിച്ച വിത്തിനങ്ങള്‍ മൂന്നിനൊന്ന്‌ എന്ന അനുപാതത്തില്‍ കലര്‍ത്തി വിതയ്‌ക്കുന്ന രീതിയാണിത്‌. ഏപ്രില്‍-മേയ്‌ മുതല്‍ ആഗസ്റ്റ്‌-സെപ്‌തംബര്‍ വരെ ഇതുനീളുന്നു.

ആലപ്പുഴ, എറണാകുളം ജില്ലകളില്‍ കാണപ്പെടുന്ന പൊക്കാളിനിലങ്ങളും ഒരുപ്പൂ നിലങ്ങളാണ്‌. ഇടവപ്പാതിയെ ആശ്രയിച്ച്‌ വര്‍ഷത്തില്‍ ഒരു തവണത്തെ നെല്‍കൃഷി മാത്രമാണ്‌ ഇവിടെ ചെയ്യുക. തികച്ചും ജൈവ രീതിയിലാണ്‌ പൊക്കാളികൃഷി നടത്തുന്നത്‌. പൊക്കാളികൃഷിക്കു യോജിച്ച പ്രതേ്യക ഇനങ്ങള്‍ തന്നെയുണ്ട്‌. പൊക്കാളിപ്പാടങ്ങളില്‍ നെല്ലിനൊപ്പം മത്സ്യവും വളരുന്നു. പൊക്കാളിക്കു സമാനമായ ഒരുപ്പൂകൃഷിയാണു കണ്ണൂരെ കൈപ്പാട്‌ നിലങ്ങള്‍. ഇവിടെ നെല്‍കൃഷിക്കു ശേഷം ചെമ്മീന്‍ വളര്‍ത്തുന്നു.

വയനാട്ടിലെ ഒരുപ്പൂകൃഷി ചെയ്യുന്ന കരനിലങ്ങളാണു പള്ള്യാലുകള്‍. പരമ്പരാഗതമായി കരനെല്ലിനങ്ങള്‍ വര്‍ഷത്തില്‍ ഒരുതവണ ഇവിടെ കൃഷിചെയ്യുന്നു. കേരളത്തില്‍ നെല്‍കൃഷിയിലുണ്ടായ ഗണ്യമായ ശോഷണത്തിന്റെ ഫലമായി നിലങ്ങള്‍ തരിശിടുന്ന പ്രവണതയേറിവരുകയാണ്‌. ഇരുപ്പൂനിലങ്ങളും മുപ്പൂനിലങ്ങളും ഒരുപ്പൂ നിലങ്ങളായി മാറുന്നുമുണ്ട്‌.

(ഉണ്ണിക്കൃഷ്‌ണന്‍ നായര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍