This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
അബൂദാബി
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
അബൂദാബി
Abudhabi
മധ്യപൂര്‍വ ദേശത്തെ യുണൈറ്റഡ് അറബ് എമിറേറ്റ്സ് (യു.എ.ഇ) ലെ ഏഴ് അംഗരാഷ്ട്രങ്ങളിലൊന്ന്. മറ്റു ആറ് എമിറേറ്റുകളുടേയും മൊത്തം വിസ്തീര്‍ണത്തിന്റെ ആറുമടങ്ങു വ്യാപ്തിയുള്ള അബൂദാബി പേര്‍ഷ്യന്‍ ഉള്‍ക്കടലിന്റെ തെക്കേ തീരത്ത്, ഖത്തര്‍ ഉപദ്വീപിനും ഹോര്‍മൂസ് കടലിനുമിടയ്ക്കാണു സ്ഥിതി ചെയ്യുന്നത്. തെ. ഉം പ. ഉം അതിര്‍ത്തികള്‍ സൌദി അറേബ്യയുമായും കിഴക്കതിര് ഒമാനുമായും വ. കി. അതിര് ദുബൈയുമായും പങ്കിടുന്നു.
അബൂദാബിയിലെ ഏറ്റവും വലിയ അധിവാസകേന്ദ്രം ഇതേപേരിലുള്ള തുറമുഖനഗരമാണ്. 1971-ല്‍ യു.എ.ഇ. പിറവിയെടുത്തതു മുതല്‍ രാജ്യതലസ്ഥാനമായി വര്‍ത്തിക്കുന്ന അബൂദാബി നഗരത്തോടനുബന്ധിച്ചുള്ള സുസജ്ജവും അത്യാധുനികവുമായ തുറമുഖം പൂര്‍ണമായും മനുഷ്യനിര്‍മിതമാണ്. ഉള്‍ക്കടല്‍ തീരത്ത് ആഴംകുറഞ്ഞ് വിസ്തൃതമായ തിട്ടുകളും ചെറുദ്വീപുകളുടെ സമൂഹങ്ങളും അവിടവിടെയായി കാണാം. യു.എ.ഇ.യിലെ അംഗരാജ്യങ്ങള്‍ക്കിടയില്‍ പെട്രോളിയം ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കപ്പെടുന്നത് അബൂദാബി എമിറേറ്റിലാണ്. ദേശീയവരുമാനത്തിലെ മുക്കാല്‍ പങ്കും നേടിക്കൊടുക്കുന്ന അബൂദാബി ജനസംഖ്യയിലും ഒന്നാംസ്ഥാനത്താണ്.
ഉപ്പളങ്ങളും ചതുപ്പുകളും നിറഞ്ഞ തീരസമതലം ഉള്ളിലേക്കു നീങ്ങുന്തോറും പൊടുന്നനെ വരണ്ട മരുഭൂമിയായി മാറുന്ന, പൊതുവെ സമതലമായ ഭൂപ്രകൃതിയാണ് അബൂദാബിയിയുടേത്. കടലോരമേഖലയില്‍ കടുത്തചൂടും ഉയര്‍ന്ന ആര്‍ദ്രതയും ഉള്ള ഉഷ്ണകാലാവസ്ഥയാണ്. ഉള്ളിലേക്കു നീങ്ങുന്തോറും ആര്‍ദ്രത കുറഞ്ഞ് വരള്‍ച്ച അനുഭവപ്പെടുന്നു. ഉഷ്ണകാലത്ത് ഉള്‍പ്രദേശങ്ങളിലെ താപനില 49°C ആയി വര്‍ധിക്കുന്നത് സാധാരണമാണ്. 10 സെ.മീ.ല്‍ താഴെ മാത്രമുള്ള വര്‍ഷപാതം തീര്‍ത്തും ക്രമരഹിതമാണ്; വര്‍ഷങ്ങളോളം മഴയില്ലാതിരിക്കുന്നതും അപൂര്‍വമല്ല. ശൈത്യകാലാന്ത്യം മുതല്‍ ഉഷ്ണകാലത്തിന്റെ മധ്യത്തോളവും അതിശക്തമായ മണല്‍ക്കാറ്റുകള്‍ ഉണ്ടാവാറുണ്ട്. ഷാമാല്‍ എന്നു വിളിക്കപ്പെടുന്ന ഇവ നന്നെ വിനാശകരങ്ങളാണ്. പ്രതികൂല കാലാവസ്ഥയും മണ്ണിലെ വളക്കുറവും സസ്യവളര്‍ച്ചയെ പോഷിപ്പിക്കുന്നില്ല. എമിറേറ്റിന്റെ ഉള്‍പ്രദേശങ്ങള്‍ പൊതുവെ മരുസ്ഥലങ്ങളാണ്. എന്നാല്‍ ഇടയ്ക്കിടെയുള്ള സസ്യസമൃദ്ധങ്ങളായ മരുപ്പച്ചക (oases)ളില്‍, ഈന്തപ്പനയും കാലികളുടെ പ്രിയഭോജ്യമായ അല്‍ഫാല്‍ഫാപുല്ലും ഇടതൂര്‍ന്നു വളരുന്നു. ഫലവൃക്ഷങ്ങള്‍ ലാഭകരമായി വിളയിക്കുവാനുള്ള സൌകര്യങ്ങളും ഉണ്ട്. സാമാന്യം വ്യാപ്തിയുള്ള അല്‍ അയ്ന്‍ മരുപ്പച്ച അധിവാസകേന്ദ്രവും കാര്‍ഷിക മേഖലയുമായി വികസിച്ചിരിക്കുന്നു.
നാടോടികളായ ഇടയന്മാര്‍ മിക്ക മരുപ്പച്ചകളും മേച്ചില്‍പ്പുറങ്ങളായാണ് ഉപയോഗിച്ചിരുന്നത്. അടുത്ത കാലത്തായി, ഇക്കൂട്ടരെ സ്ഥിരപാര്‍പ്പുകാരാക്കി മാറ്റുന്നതിനും കൃഷിയും കാലിവളര്‍ത്തലും വികസിപ്പിക്കുന്നതിനുമുള്ള ബഹുമുഖപരിപാടികള്‍ പ്രാവര്‍ത്തികമായി വരുന്നു. അല്‍ അയ്ന്‍ മരുപ്പച്ചയില്‍ ഫലവര്‍ഗങ്ങള്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇവിടുത്തെ മാമ്പഴം വിശ്വപ്രശസ്തി ആര്‍ജിച്ചിരിക്കുന്നു. കടലോരമേഖലയിലും കാര്‍ഷികവികസനത്തിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. ആട്, ഒട്ടകം, കന്നുകാലികള്‍ എന്നിവയാണ് പ്രധാന വളര്‍ത്തുമൃഗങ്ങള്‍. അല്‍ അയ്ന്‍ മേഖലയില്‍ ജനവാസം വര്‍ധിച്ചതോടെ കോഴിവളര്‍ത്തല്‍ ഗണ്യമായ തോതില്‍ പുരോഗമിച്ചിരിക്കുന്നു. തീരക്കടലുകള്‍ മത്തി, ചൂര, പോര്‍ജി (porgy), ഗ്രൂപ്പര്‍, സ്രാവ് തുടങ്ങിയവയുടെ കലവറയാണ്; ഇടയ്ക്കിടെയുള്ള തിട്ടുകള്‍ മത്സ്യപ്രജനനത്തിന് ആനുകൂല്യമൊരുക്കുന്നു. ഉള്‍ക്കടലോരങ്ങളില്‍ തിമിംഗലങ്ങള്‍ എത്തിപ്പെടുന്നത് അസാധാരണമല്ല. ആഴക്കടല്‍ മീന്‍പിടുത്തവും മത്സ്യസംസ്കരണവും വികസിച്ചുവരുന്നു.
അബൂദാബിയിലെ ജനങ്ങളില്‍ കേവലം 20 ശ.മാ. മാത്രമാണ് തദ്ദേശീയരായുള്ളത്. ഇറാന്‍ ഉള്‍പ്പെടെയുള്ള ഇതര മുസ്ളീം രാജ്യങ്ങളില്‍ നിന്നു ചേക്കേറിയവര്‍ 10 ശ.മാ.-ത്തോളം വരും. തൊഴില്‍ സമ്പാദനത്തിനായി കുടിയേറിയിട്ടുള്ള വിദേശീയര്‍ക്കാണ് ഭൂരിപക്ഷമുള്ളത്. ഇന്ത്യ, പാകിസ്താന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരുടെ അംഗബലം മൊത്തം ജനസംഖ്യയുടെ പകുതിയിലേറെയാണ്. ഫിലിപ്പീന്‍സ്, ബംഗ്ളാദേശ്, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നുള്ളവരും കുറവല്ല. ഏഷ്യന്‍ വംശജരുമായി തട്ടിച്ചുനോക്കുമ്പോള്‍ യൂറോപ്യര്‍ തുലോം ന്യൂനപക്ഷമാണ്. തൊഴിലുടമാവകാശം തദ്ദേശീയര്‍ക്കുമാത്രമായി നിഷ്കര്‍ഷിച്ചുകൊണ്ട് അവരുടെ ജീവിതനിലവാരവും നാടിന്റെ സാമ്പത്തിക അടിസ്ഥാനവും സുസ്ഥിരമാക്കുന്ന തൊഴില്‍ നയമാണ് യു.എ.ഇ. പിന്തുടരുന്നത്. തദ്ദേശീയരില്‍ ഭൂരിപക്ഷവും സുന്നിവിഭാഗക്കാരായ മുസ്ളീങ്ങളാണ്. അറബി ഔദ്യോഗിക ഭാഷയാണ്.
1958-ലാണ് അബൂദാബിയില്‍ എണ്ണനിക്ഷേപം കണ്ടെത്തിയത്. യു.കെ., ഫ്രാന്‍സ്, ജപ്പാന്‍ എന്നീ രാജ്യങ്ങള്‍ക്കു കൂടി ഭാഗികമായി ഉടമാവകാശമുളള അദ്മാ ഓപ്കോ (അബൂദാബി മറൈന്‍ ഓപ്പറേറ്റിങ് കമ്പനി - Adma Opco) ആണ് എണ്ണ ഉത്പാദനത്തിന്റെ മുഖ്യപങ്കുനിര്‍വഹിക്കുന്നത്. എമിറേറ്റിലെ എല്ലാ എണ്ണ ഉത്പാദകരുടേയും മേല്‍ ഭരണകൂടത്തിന് നിര്‍ണായകമായ നിയന്ത്രണം വ്യവസ്ഥ ചെയ്തിട്ടുണ്ട്. തീരക്കടല്‍ നിക്ഷേപങ്ങളെയാണ് വിദേശീയ ഉടമയിലുള്ള സ്ഥാപനങ്ങള്‍ ഖനനം ചെയ്യുന്നത്; ഇവയിലെ പ്രമുഖ കേന്ദ്രങ്ങള്‍ ഉമ് അഷ് ഷെരീഫ്, അല്‍ മുബാറസ്, അല്‍ ബന്തൂക്ക് എന്നിവിടങ്ങളിലാണ്. അമേരിക്കന്‍ കമ്പനികള്‍ വ്യാപകമായ പര്യവേക്ഷണത്തിലൂടെ പുതിയ നിക്ഷേപങ്ങള്‍ കണ്ടെത്തി, ഖനനം ആരംഭിച്ചിട്ടുണ്ട്. അദ്മാ ഓപ്കോയുടെ നിയന്ത്രണത്തിലുള്ള അല്‍ബന്തൂക്ക് എണ്ണക്കിണറുകളില്‍ നിന്നുള്ള ഉത്പന്നങ്ങളും വരുമാനവും അയല്‍രാജ്യമായ ഖത്തറുമായി പങ്കിടുവാനുള്ള ധാരണ നിലനില്ക്കുന്നുണ്ട്. എണ്ണ ഉത്പാദനത്തില്‍ വിദേശരാജ്യങ്ങള്‍ക്കു നല്കപ്പെട്ടിരുന്ന സൌജന്യങ്ങളും സാങ്കേതിക പങ്കാളിത്തവും ക്രമേണ മരവിപ്പിക്കുന്ന നയമാണ് യു.എ.ഇ. ഇപ്പോള്‍ നടപ്പിലാക്കിവരുന്നത്.
എണ്ണ വിപണനത്തിലൂടെ സ്വരൂപിക്കപ്പെടുന്ന മൂലധനത്തിലെ നല്ലൊരു പങ്ക് കാര്‍ഷികവികസനത്തിനും വ്യവസായവത്കരണത്തിനും വിനിയോഗിക്കുകയെന്ന യു.എ.ഇ. നയം അബൂദാബി എമിറേറ്റിന് ഏറെ ഗുണം ചെയ്യുന്നു. അല്‍ അയ്നിലും പ്രാന്തപ്രദേശങ്ങളിലും കുഴല്‍ക്കിണറുകള്‍ വഴിയുള്ള ജലസേചനം ഫലവര്‍ഗങ്ങളുടേയും കായ്കറികളുടേയും ഗണ്യമായ ഉത്പാദനം സാധ്യമാക്കിയിരിക്കുന്നു. കൂടുതല്‍ ജനങ്ങളെ കാര്‍ഷികവൃത്തിയിലേക്കു തിരിച്ചുവിടാനും ഇതു കാരണമാക്കിയിട്ടുണ്ട്. ഗവ്യോത്പന്നങ്ങളുടെ ഉത്പാദനത്തിലും സാരമായ വര്‍ധനവുണ്ട്. അല്‍ അയ്നിലെ അരിഡ് ലാന്‍ഡ്സ് റിസര്‍ച്ച് സെന്റര്‍ മരുസ്ഥലങ്ങള്‍ കൃഷിയിടങ്ങളാക്കി മാറ്റുന്നതിനുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നു.
പെട്രോളിയത്തെ മാത്രം ആശ്രയിച്ചുള്ള സമ്പദ്ഘടനയില്‍ സമൂലമായ മാറ്റം ലക്ഷ്യമാക്കി വ്യവസായവത്കരണത്തിന് ഊന്നല്‍ നല്കുന്നതിന്റെ ആദ്യപടിയായി പ്രകൃതിവാതകം ഇന്ധനമാക്കി ഒരു വന്‍കിട താപവൈദ്യുതനിലയം അബൂദാബി നഗരത്തില്‍ ആരംഭിച്ചു. ഇവിടെനിന്നുള്ള വൈദ്യുതി അഭ്യന്തര ഉപഭോഗത്തിന് പര്യാപ്തമാവുന്നതിനുപുറമേ അയല്‍ രാജ്യങ്ങള്‍ക്കു വിപണനം ചെയ്യാനും ഉപയുക്തമാകുന്നു. തലസ്ഥാനത്തിന് 224 കി.മീ. തെ. പ. ഉള്ള അല്‍ റുവായിസ് പെട്രോളിയം ശുദ്ധീകരണ ശാലയുടേയും പെട്രോളിയബന്ധിത വ്യവസായസമുച്ചയത്തിന്റേയും ആസ്ഥാനമായി വികസിച്ചിരിക്കുന്നു. ചെറുതും വലുതുമായ നിരവധി വ്യവസായശാലകള്‍ അബൂദാബിയുടെ വിവിധ ഭാഗങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്.
യു.എ.ഇ.ലെ ഇതര കേന്ദ്രങ്ങളിലേക്കും എമിറേറ്റിനുള്ളിലെ അധിവാസ-വ്യവസായ കേന്ദ്രങ്ങളിലേക്കും അബൂദാബിയില്‍ നിന്ന് റോഡുകളുണ്ട്. അബൂദാബിക്കു പുറമേ അല്‍ അയ്നിലും അന്താരാഷ്ട്ര വിമാനത്താവളമുണ്ട്. അബൂദാബി തുറമുഖം കയറ്റിറക്കുകളിലൂടെ സദാ പ്രവര്‍ത്തനോന്മുഖമാണ്. ആരോഗ്യപരിപാലനരംഗത്ത് മികച്ചവികാസം നേടിയിരിക്കുന്ന അബൂദാബിയില്‍ സ്വകാര്യചികിത്സാകേന്ദ്രങ്ങളും സൌജന്യ ചികിത്സാസൌകര്യങ്ങളുള്ള സര്‍ക്കാര്‍ ആശുപത്രികളും ധാരാളമായുണ്ട്. അടുത്തകാലത്തായി അല്‍ അയ്ന്‍ തുടങ്ങിയ മറ്റ് അധിവാസ കേന്ദ്രങ്ങളിലും ചികിത്സാ സൌകര്യങ്ങളില്‍ കാര്യമായ പുരോഗതി കാണാം. വിദ്യാഭ്യാസ സൌകര്യങ്ങളുടെ കാര്യത്തിലും അബൂദാബി പിന്നിലല്ല. സൌജന്യ സാര്‍വത്രിക വിദ്യാഭ്യാസം ഇവിടെ നടപ്പാക്കിയിട്ടുണ്ട്. ഇവിടത്തെ എല്ലാ ജനപദങ്ങളിലും പ്രാഥമിക-മധ്യതല വിദ്യാഭ്യാസ സൌകര്യം ലഭ്യമാണ്. യു.എ.ഇ. സര്‍വകലാശാല (1977)യുടെ ആസ്ഥാനം ഇപ്പോള്‍ അല്‍ അയ്നിലാണ്. അറബി, ഇംഗ്ളീഷ് എന്നീ ഭാഷകളിലുള്ള അനേകം ദിനപ്പത്രങ്ങളും നിരവധി ആനുകാലികങ്ങളും അബൂദാബിയില്‍ നിന്ന് പ്രസിദ്ധീകരിക്കുന്നു. നിരവധി റേഡിയോ-ടെലിവിഷന്‍ കേന്ദ്രങ്ങളും തലസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.
(എന്‍.ജെ.കെ. നായര്‍)