This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.
Reading Problems? see Enabling Malayalam
ഓവന്‍, റോബർട്ട് (1771 - 1858)
സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്
ഓവന്‍, റോബര്‍ട്ട് (1771 - 1858)
Owen, Robert
ബ്രിട്ടീഷ് സോഷ്യലിസ്റ്റ് നേതാവും വ്യവസായ പ്രമുഖനും. 1771 മേയ് 14-ന് മോണ്ട്‌ഗോമറിഷയറിലെ ന്യൂടൗണിൽ ജനിച്ചു. ജന്മസ്ഥലത്തെ വിദ്യാലയങ്ങളിൽ നിന്ന് ആദ്യകാല വിദ്യാഭ്യാസം സമ്പാദിച്ചു. 19-ാമത്തെ വയസ്സിൽ മാഞ്ചസ്റ്ററിൽ ഒരു പരുത്തിമില്ലിന്റെ മാനേജരായി. 500 തൊഴിലാളികള്‍ പണിയെടുത്തിരുന്ന ഈ മില്ലിനെ ബ്രിട്ടനിലെ ഏറ്റവും വലിയ സ്ഥാപനങ്ങളിലൊന്നായി ഉയർത്തിക്കൊണ്ടുവരുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. 1794-ൽ ഈ മില്ലിൽ നിന്നു രാജിവച്ച് കോള്‍ട്ടന്‍(രവീൃഹീേി) ട്വിസ്റ്റ് കമ്പനിയുടെ മാനേജരും പങ്കാളിയുമായി. 1799-ൽ ഇദ്ദേഹവും മറ്റു പങ്കാളികളുമായിച്ചേർന്ന് സ്‌കോട്ട്‌ലന്‍ഡിലെ ഗ്ലാസ്‌ഗോയ്‌ക്കു സമീപമുണ്ടായിരുന്ന ന്യൂ ലാനാർക്ക് മില്ലുകള്‍ വിലയ്‌ക്കുവാങ്ങി. "ന്യൂ ലാനാർക്കി'നെ ഒരു മാതൃകാസ്ഥാപനമാക്കാനായിരുന്നു ഇദ്ദേഹത്തിന്റെ യത്‌നം. കുറഞ്ഞ വിലയ്‌ക്ക് ഭേദപ്പെട്ട ഭക്ഷ്യസാധനങ്ങള്‍ ലഭിക്കാനുതകുന്ന സ്റ്റോറുകള്‍ ഇദ്ദേഹം ആരംഭിച്ചു. 1813-ൽ തന്റെ ചിന്തകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് എ ന്യൂ വ്യൂ ഒഫ് സൊസൈറ്റി, ഓർ എസ്സെയ്‌സ് ഓണ്‍ ദ് പ്രിന്‍സിപ്പിള്‍ ഒഫ് ദ് ഫോർമേഷന്‍ ഒഫ് ദ് ഹ്യൂമന്‍ ക്യാരക്‌റ്റർ എന്ന ലഘുലേഖ ഇദ്ദേഹം പ്രസിദ്ധീകരിച്ചു. റവല്യൂഷന്‍ ഇന്‍ ദ് മൈന്‍ഡ് ആന്‍ഡ് പ്രാക്‌റ്റീസ് ഒഫ് ദ് ഹ്യൂമന്‍ റെയ്‌സ് (1849), ബുക്ക് ഒഫ് ദ് ന്യൂ മോറൽ വേള്‍ഡ് (1826), ആത്മകഥ (1857) തുടങ്ങിയവയാണ് ഓവന്റെ മറ്റു പ്രമുഖകൃതികള്‍. 1816-ൽ തൊഴിലാളികളുടെ കുട്ടികള്‍ക്കായി ഒരു ബാലവിദ്യാലയവും സ്ഥാപിച്ചു. ലാനാർക്ക് മില്ലുകള്‍ വമ്പിച്ച വിജയം കൈവരിച്ചെങ്കിലും ഓവന്റെ ചില പദ്ധതികള്‍ക്ക് ഭീമമായ തുക ചെലവാക്കേണ്ടിവന്നതിനാൽ പങ്കാളികളിൽ ചിലർ അസന്തുഷ്‌ടരായി. അതിനാൽ ഓവന്‍ ഇതിൽനിന്നും പിന്മാറി (1813). വില്യം അലന്‍, ജറമി ബന്‍താം എന്നിവരുമായി ചേർന്ന് പുതിയൊരു സ്ഥാപനം ആരംഭിച്ചു. ലാനാർക്കിലെ വിദ്യാഭ്യാസ സാമൂഹിക സമ്പ്രദായം വമ്പിച്ച വിജയമായിരുന്നു; അവിടത്തെ സ്ഥാപനങ്ങള്‍ക്കും ആഗോളപ്രശസ്‌തി കൈവന്നു. സ്വഭാവം രൂപവത്‌കരിക്കുന്നത് സാഹചര്യങ്ങളും ചുറ്റുപാടുകളുമാണെന്നും ബാല്യം മുതൽക്കേ കുട്ടികളെ നന്മയുടെയും അന്തസ്സിന്റെയും പന്ഥാവിലൂടെ നയിച്ചാൽ അവർ നല്ല പൗരന്മാരായി വളരുമെന്നും ആയിരുന്നു ഓവന്റെ ചിന്ത. ഓവന്റെ സാമ്പത്തിക ദർശനങ്ങള്‍ ബ്രിട്ടനിൽ സോഷ്യലിസത്തിന്റെ വിത്തുപാകി. അധ്വാനമാണ് മൂല്യത്തിന്റെ നിലവാരം നിയന്ത്രിക്കേണ്ടതെന്നായിരുന്നു ഇദ്ദേഹത്തിന്റെ തത്ത്വം. ഇദ്ദേഹത്തിന്റെ നിരന്തര സമരത്തിന്റെ ഫലമായി 1819-ലെ ഫാക്‌ടറിനിയമം രൂപംകൊണ്ടു. 1815-ലെ സന്ധിയെത്തുടർന്ന് യൂറോപ്പിലാകെ സാമ്പത്തികമാന്ദ്യം സംഭവിച്ചിരുന്നു. നിലവിലിരുന്ന സാമൂഹികദൂഷ്യങ്ങള്‍ക്ക് പ്രതിവിധിയായി ഗ്രാമീണ ഐക്യവും സഹകരണവും ഒന്നിച്ചുള്ള ഒരു പദ്ധതി ഓവന്‍ വിഭാവന ചെയ്‌തു. ബാല്യം മുതൽക്കേ ഒരു മതത്തിലും വിശ്വാസമില്ലാതിരുന്ന തന്റേതായ ഒരു മതം പ്രഖ്യാപനം ചെയ്‌തു. തന്മൂലം ഇദ്ദേഹത്തിന് അനേകം ശത്രുക്കളെ നേരിടേണ്ടിവന്നു. 1824-ൽ യു.എസ്സിലെ ഇന്ത്യാനയിൽ റാപൈറ്റ് കോളനി ഇദ്ദേഹം വിലയ്‌ക്കുവാങ്ങി. "ന്യൂ ഹാർമണി' എന്ന് പുനർനാമകരണം ചെയ്‌തു. അവിടെ ഓവന്‍ തന്റെ സോഷ്യലിസ്റ്റ് ആദർശങ്ങള്‍ നടപ്പിലാക്കിത്തുടങ്ങി. പ്രാരംഭകാലത്ത് ഓവന്റെ നേരിട്ടുള്ള നിയന്ത്രണംമൂലം അത് വിജയമായിരുന്നു. എന്നാൽ 1928-ൽ ആ കോളനിതന്നെയില്ലാതായി. ശേഷിച്ച ജീവിതകാലം ഓവന്‍ ബ്രിട്ടനിൽ കഴിച്ചുകൂട്ടി. 1820-നും 30-നും ഇടയ്‌ക്ക് ഓവന്റെ ദൃഷ്‌ടാന്തങ്ങളിലാകൃഷ്‌ടരായി, പല യുവസംഘടനകളും അവിടെ രൂപമെടുത്തിരുന്നു. ബ്രിട്ടനിലെത്തിയ ഇദ്ദേഹത്തെ ഈ സംഘടനകള്‍ ഹാർദമായി സ്വീകരിച്ചു. ബ്രിട്ടീഷ് സഹകരണപ്രസ്ഥാനത്തിന് വമ്പിച്ച മുതൽക്കൂട്ടുണ്ടാക്കാന്‍ ഇക്കാലത്ത് ഇദ്ദേഹത്തിനു സാധിച്ചു. 1858 ന. 17-ന് ന്യൂടൗണിൽ ഓവന്‍ അന്തരിച്ചു. ലണ്ടനിലെ കെന്‍സന്‍ഗ്രീന്‍ സെമിത്തേരിയിൽ റിഫോമേഴ്‌സ് മെമോറിയലിനു സമീപം റോബർട്ട് ഓവന്‍ മെമോറിയൽ സ്ഥിതിചെയ്യുന്നു.