This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ഒനൈഡാ ഇന്ത്യർ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:18, 15 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

ഒനൈഡാ ഇന്ത്യർ

Oneida Indians

ഒരു അമേരിക്കന്‍ ജനവർഗം. ന്യൂയോർക്ക്‌ സംസ്ഥാനത്തെ ഗോത്രസഖ്യമായ ഇറകേ്വായ്‌ലീഗിലെ ഒരു ഘടക ഗോത്രമാണിത്‌. മൊഹാവ്‌ക്ക്‌, ഒനോണ്ടാഗാ, കായുഗാ, സെനെകാ, ടസ്‌കോറിയാ എന്നീ അമേരിന്ത്യന്‍ ജനവർഗങ്ങളായിരുന്നു ഇറകേ്വായ്‌ലീഗിലെ മറ്റ്‌ അംഗഗോത്രങ്ങള്‍. 17-ഉം 18-ഉം നൂറ്റാണ്ടുകളിൽ വടക്കേ അമേരിക്കയുടെ കിഴക്കന്‍ പ്രദേശങ്ങളിലെ ഭരണം നിയന്ത്രിച്ചിരുന്ന ഇറകേ്വായ്‌ലീഗിന്റെ ഭാഗമെന്ന നിലയിൽ ഒനൈഡാ ഇന്ത്യർക്ക്‌ ഗണ്യമായ പങ്കുണ്ടായിരുന്നു. വടക്കേ അമേരിക്കയുടെ മേൽ ആധിപത്യം ഉറപ്പിക്കുന്നതിനുവേണ്ടി ഫ്രഞ്ചുകാരും ബ്രിട്ടീഷുകാരും തമ്മിൽ നടത്തിയ പോരാട്ടത്തിൽ ഒനൈഡാ ഇന്ത്യർ ഇറക്വോയ്‌ലീഗിലെ മറ്റ്‌ അംഗഗോത്രങ്ങളോടൊപ്പം തന്ത്രപ്രധാനമായ പങ്കുവഹിച്ചു.

ന്യൂയോർക്കിലെ ഒനൈഡാ തടാകത്തിന്റെ തീരത്താണ്‌ ഒനൈഡാ ഇന്ത്യർ നിവസിച്ചിരുന്നത്‌. ഇറകേയ്‌ലീഗിലെ മറ്റു ജനവർഗങ്ങളെപ്പോലെ മടിയന്മാരായ ഇവർ ചോളക്കൃഷി ഉപജീവനമാർഗമായി സ്വീകരിച്ചിരുന്നു. പൊതുവേ നീളമുള്ള വീടുകളിലാണ്‌ ഇവർ താമസിച്ചിരുന്നത്‌. ദായക്രമം മരുമക്കത്തായമാണ്‌. ഒനൈഡാ ഇന്ത്യരെ മൂന്നു വംശങ്ങളായി വിഭജിച്ചിട്ടുണ്ട്‌. ഇറക്വോയ്‌ലീഗിൽ ഓരോ വംശത്തിനും മൂന്നു പ്രതിനിധികള്‍വീതം ഉണ്ടായിരുന്നു. ഓരോ വിഭാഗത്തിനും പ്രത്യേകം പ്രാദേശിക കൗണ്‍സിലും തലവനും ഉണ്ടായിരുന്നു. അമേരിക്കന്‍ സ്വാതന്ത്യ്രസമരത്തിൽ ഒനൈഡാ ഇന്ത്യർ ബ്രിട്ടീഷുകാർക്കെതിരായി പടപൊരുതി. യുദ്ധത്തിൽ വമ്പിച്ച നാശനഷ്‌ടങ്ങള്‍ക്കിരയായ ഇവർക്ക്‌ യുദ്ധാനന്തരം യു.എസ്‌. ഗവണ്‍മെന്റ്‌ അർഹമായ നഷ്‌ടപരിഹാരം നല്‌കി. കാലാന്തരത്തിൽ മതപരമായ അഭിപ്രായവ്യത്യാസങ്ങളും വസ്‌തുസംബന്ധമായ അവകാശത്തർക്കങ്ങളുംമൂലം അവർ കലഹിക്കുകയും ഛിന്നഭിന്നരായിത്തീരുകയും ചെയ്‌തു. 1833-ഓടുകൂടി ഇവരിൽ ഒരു വിഭാഗം വിസ്‌കൊണ്‍സിനിലെ ഗ്രീന്‍ബേയിലേക്കു കൂടിയേറുകയും ബാക്കിയുള്ളവർ ന്യൂയോർക്കിലെ ഒനൈഡാ, ഒനോണ്ടാഗോ എന്നീ പ്രദേശങ്ങളിൽ വാസമുറപ്പിക്കുകയും ചെയ്‌തു. കാനഡയിലും യു.എസ്സിലെ വിസ്‌കൊണ്‍സിന്‍, ന്യൂയോർക്ക്‌ തുടങ്ങിയ സംസ്ഥാനങ്ങളിലുമാണ്‌ ഇപ്പോള്‍ ഒനൈഡാ ഇന്ത്യരിൽ അധികവും കേന്ദ്രീകരിക്കപ്പെട്ടിരിക്കുന്നത്‌. വിസ്‌കോണ്‍സിനിൽ 12,000; കാനഡയിൽ 1700; ന്യൂയോർക്കിൽ 500 എന്നിങ്ങനെയാണ്‌ 2000-നുശേഷമുള്ളവരുടെ ജനസംഖ്യ.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍