This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

അഖ്ലാബിദുകള്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:04, 7 ഏപ്രില്‍ 2008-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അഖ്ലാബിദുകള്‍

Aghlabids

എ.ഡി. 9-ാം ശ.-ത്തിന്റെ ആരംഭത്തോടുകൂടി ആഫ്രിക്കയുടെ വ.ഭാഗത്ത്, 'ഇഫ്രിക്ക'യില്‍ (ആധുനിക ടുണീഷ്യ, അള്‍ജീരിയ) ഖൈറുവാന്‍ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന മുസ്ളിം രാജവംശം. ഏകദേശം ഒരു ശതാബ്ദത്തോളം നിലനിന്ന ഈ രാജവംശത്തിന്റെ സ്ഥാപകന്‍ ഇബ്രാഹിം അല്‍ അഖ്ലാബായിരുന്നു.

അബ്ബാസിയ ഖലീഫ ആയിരുന്ന ഹാരുണ്‍ അല്‍ റഷീദിന്റെ (ഹാറുനൂര്‍റഷീദ്) കാലത്ത് (766-809) വ. പടിഞ്ഞാറന്‍ ആഫ്രിക്കയില്‍ രാഷ്ട്രീയ സംഘര്‍ഷം തുടങ്ങി. റഷീദ് നിയോഗിച്ച ഗവര്‍ണര്‍ക്ക് അവിടെ സമാധാനം സ്ഥാപിക്കാന്‍ കഴിഞ്ഞില്ല. ഇബ്രാഹിം അഖ്ലാബ്, തനിക്കും തന്റെ കുടുംബത്തിനും ഗവര്‍ണര്‍ സ്ഥാനം ശാശ്വതമായി നല്‍കുന്നതായാല്‍ കൊല്ലംതോറും 40,000 ദിനാര്‍ കപ്പമായി നല്‍കാമെന്ന് ഹാരുണ്‍അല്‍ റഷീദിനോട് വാഗ്ദാനം ചെയ്തു. അദ്ദേഹം ഈ വാഗ്ദാനം സ്വീകരിച്ചു. അതനുസരിച്ച് ഇബ്രാഹിം ഇഫ്രിക്കയുടെ ഗവര്‍ണറായി നിയമിക്കപ്പെട്ടു. ഈ കാലഘട്ടത്തില്‍ സിസിലി, മാള്‍ട്ട, ആല്‍പ്സിന്റെ വടക്കന്‍ ഭാഗം തുടങ്ങിയ പ്രദേശങ്ങളില്‍ അറബികള്‍ കുടിയേറി പാര്‍ക്കാനും മുസ്ളിം സംസ്കാരം ഈ പ്രദേശങ്ങളില്‍ പ്രചരിക്കാനും തുടങ്ങിയിരുന്നു.

അഖ്ലാബ് വംശസ്ഥാപകനായ ഇബ്രാഹിം (800-812) ഖൈറുവാന്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്ത് അബ്ബാസിയാ എന്ന പട്ടണം സ്ഥാപിച്ചു. ഇബ്രാഹിമിന്റെ കാലശേഷം പുത്രനായ അബുല്‍ അബ്ബാസ് അബ്ദുല്ലാ (812-817) ഭരണാധികാരിയായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് രാജ്യത്തു സമാധാനം നിലനിന്നു. അബ്ദുല്ലായുടെ മരണാനന്തരം സഹോദരനായ അബു മുഹമ്മദ് സിയാദത്തുല്ല (817-838) ഭരണം ഏറ്റെടുത്തു. കര്‍മകുശലനും ഭരണനിപുണനുമായിരുന്ന അദ്ദേഹം വിജ്ഞാനവര്‍ധനവിനും കലകളുടെ പുരോഗതിക്കും പ്രോത്സാഹനം നല്കി. സിയാദത്തുല്ലയുടെ കാലത്തെ പ്രധാനസംഭവം സിസിലി ആക്രമണമായിരുന്നു.

സിയാദത്തുല്ലയുടെ മരണാനന്തരം സഹോദരനായിരുന്ന അബു ഇക്കാല്‍ അഖ്ലാബ് (838-841) ഭരണം ഏറ്റെടുത്തു. അദ്ദേഹത്തിന്റെ ഭരണകാലത്ത് അറബികള്‍ തെക്കന്‍ ഇറ്റലിയില്‍ പ്രവേശിക്കുകയും അവിടത്തെ പല പട്ടണങ്ങളും കൈവശപ്പെടുത്തുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബുല്‍ അബ്ബാസ് മുഹമ്മദ് (841-856) ഭരണാധികാരിയായി. പുതിയ കെട്ടിടങ്ങള്‍ നിര്‍മിക്കുന്നതില്‍ അദ്ദേഹം പ്രത്യേകം ശ്രദ്ധ പതിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്ത് സിസിലി, ഇറ്റലി തുടങ്ങിയ രാജ്യങ്ങളില്‍ വിജയകരമായ ആക്രമണങ്ങള്‍ നടത്തിയിരുന്നു.

ഇഫ്രിക്കയിലെ സുല്‍ത്താനായിരുന്ന അബുല്‍ അബ്ബാസ് മുഹമ്മദ് മരിച്ചപ്പോള്‍ (856) അബു ഇബ്രാഹിം അഹമ്മദ് ഭരണാധികാരിയായി (856-863). അദ്ദേഹം രാജ്യത്ത് സമാധാനം സ്ഥാപിക്കുകയും രാജ്യരക്ഷയ്ക്കായി ധാരാളം കോട്ടകളും കാവല്‍സ്ഥലങ്ങളും പണിയിക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ പുത്രനായ അബു മുഹമ്മദു സിയാദത്തുല്ല (863-864) പിതാവിന്റെ പാരമ്പര്യം നിലനിര്‍ത്തി. പതിനെട്ടുമാസം മാത്രം ഭരിച്ചശേഷം അദ്ദേഹം നിര്യാതനായപ്പോള്‍ സഹോദരനായ അബുല്‍ ഖറാനിക് മുഹമ്മദ് (864-875) ഭരണാധികാരിയായി. അദ്ദേഹത്തിന്റെ ഭരണകാലത്ത് ബൈസാന്തിയന്‍ ഭരണാധികാരികള്‍ സിസിലിയിലെ ചില ഭാഗങ്ങള്‍ പിടിച്ചടക്കി.

വിദേശീയാക്രമണങ്ങള്‍ തടയുവാന്‍ കോട്ടകളും കാവല്‍സ്ഥലങ്ങളും അദ്ദേഹം നിര്‍മിച്ചു. അദ്ദേഹത്തെത്തുടര്‍ന്ന് സഹോദരനായ അബു ഇസ്ഹാക്ക് ഇബ്രാഹിം (875-902) ഭരണാധികാരിയായി. ബാഗ്ദാദിലെ അബ്ബാസിയാ ഖലിഫയായ അല്‍ മുത്താദിദ് (892-902) അദ്ദേഹത്തെ സ്ഥാനഭ്രഷ്ടനാക്കുകയും ഇബ്രാഹിമിന്റെ പുത്രനായ അബുല്‍ അബ്ബാസ് അബ്ദുല്ലയെ (902-903) ഇഫ്രിക്കയിലെ ഭരണാധിപനാക്കുകയും ചെയ്തു. അബുല്‍ അബ്ബാസ് അബ്ദുല്ല ഉറങ്ങിക്കിടക്കുമ്പോള്‍ ഒരടിമയാല്‍ വധിക്കപ്പെട്ടു. തുടര്‍ന്നു പുത്രനായ അബു മുദര്‍സിയാദത്തുല്ല ഭരണാധിപനായി (903-909). അദ്ദേഹമായിരുന്നു, ഇഫ്രിക്കയിലെ അവസാനത്തെ അഖ്ലാബ് ഭരണാധികാരി. തന്റെ രാജ്യം ആക്രമണവിധേയമായപ്പോള്‍, കൈവശപ്പെടുത്താവുന്നത്ര സ്വത്തു സംഭരിച്ചുകൊണ്ട് അദ്ദേഹം ഈജിപ്തിലേക്ക് പലായനം ചെയ്തു; ജറുസലേമില്‍വച്ച് നിര്യാതനായി.

അഖ്ലാബിദു അമീറന്‍മാരുടെ ഭരണകാലം പലതുകൊണ്ടും പ്രാധാന്യം അര്‍ഹിക്കുന്നു. അക്കാലത്തു പണികഴിപ്പിച്ചിട്ടുള്ള കോട്ടകളും ഹര്‍മ്യങ്ങളും വാസ്തുശില്പവിദ്യയ്ക്ക് അവര്‍ നല്കിയ പ്രോത്സാഹനത്തിന് തെളിവുകളാണ്. ശില്പസൌകുമാര്യത്തില്‍ പ്രസിദ്ധി നേടിയ സുസായിലെ പള്ളി പണികഴിപ്പിച്ചത് അബു ഇക്കാല്‍ അഖ്ലാബ് ആയിരുന്നു. അബു ഇബ്രാഹിം അഹമ്മദു പണികഴിപ്പിച്ചിട്ടുള്ള പ്രശസ്തങ്ങളായ പതിനായിരം കോട്ടകളെപ്പറ്റി ഇബ്നുഖാല്‍ ദൂന്‍ എന്ന ചരിത്രകാരന്‍ പരാമര്‍ശിച്ചിട്ടുണ്ട്. ജലവിതരണത്തിന് അഖ്ലാബ് ഭരണാധികാരികള്‍ പരിഷ്കൃത സമ്പ്രദായങ്ങളാണ് സ്വീകരിച്ചിരുന്നത്. അന്നു ശാസ്ത്രത്തിനും സാഹിത്യത്തിനും കലകള്‍ക്കും പ്രത്യേകം പ്രാധാന്യം നല്കപ്പെട്ടിരുന്നു. മെക്ക, മദീന, കെയ്റോ എന്നീ നഗരങ്ങളെപ്പോലെ, അഖ്ലാബിദുകള്‍ പണികഴിപ്പിച്ചിരുന്ന നഗരങ്ങള്‍ക്കും അക്കാലത്ത് പ്രാധാന്യമുണ്ടായിരുന്നു.

(പ്രൊഫ. സയ്യദ് മൊഹിയുദ്ദീന്‍ ഷാ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍